കെമിക്കല്‍ പേടിക്കാര്‍ക്ക് അറിയുമോ ഈ സിദ്ധപാഠങ്ങള്‍?

chemical fear and siddha
കെമിക്കലുകളെ ആര്‍ക്കാണ് പേടി?
Updated on

ഴിഞ്ഞ ദിവസം നടന്നുപോകുംവഴി നാട്ടിന്‍പുറത്തുകാരനായ ഒരു കച്ചവടക്കാരനുമായി സംസാരിക്കാനിടയായി. വഴിയരികില്‍ ഇരിക്കുകയായിരുന്നു അയാള്‍. ഈറ്റകൊണ്ടുണ്ടാക്കിയ ഒരു കൊട്ട അയാളുടെ മുന്‍പിലുണ്ട്. കൊട്ടയില്‍ 'ലൈനിംഗ്' ഇട്ട വര്‍ത്തമാന പത്രക്കടലാസിനു മുകളിലായി നിറയെ വൈക്കോല്‍. വൈക്കോലിനിടയില്‍ കാഷ്ഠവും ചെളിയും പുരണ്ട മുട്ടകള്‍. വൈക്കത്തുനിന്നുമാണ് താന്‍ വരുന്നതെന്ന് ആ വയസ്സന്‍ പറഞ്ഞു. കുറേ താറാമുട്ടകളും കോഴിമുട്ടകളുമായി എറണാകുളം നഗരത്തിലെത്തിയതാണ്.

''നല്ല നാടന്‍ മൊട്ടകളാണ്. ചൈനീസ് അല്ല. കൃത്രിമത്വമില്ല. കെമിക്കലില്ലാത്ത, ഹോര്‍മോണ്‍ കുത്തിവെച്ചുണ്ടാക്കാത്ത ഓര്‍ജിനല്‍ മൊട്ടകള്‍.'' അയാള്‍ തന്റെ ഉല്പന്നത്തെ പരസ്യപ്പെടുത്തുകയാണ്. അതു കേട്ട് എനിക്ക് ചിരി വന്നു. ''ഇപ്പോള്‍ പീടികയില്‍ കിട്ടുന്ന മുട്ടയ്ക്ക് നല്ല വിലയാണ്. എട്ടു രൂപ കോഴിമുട്ടയ്ക്കും പതിമൂന്നോ പതിനാലോ രൂപ താറാമുട്ടയ്ക്കും കൊടുക്കണം. നിങ്ങളിത് എന്തു വിലയ്ക്ക് തരും എന്നു പറയൂ...'' ഞാന്‍ ചോദിച്ചു.

''വിലയൊക്കെ അതുതന്നെ സാറേ... പക്ഷേ, ഇതില്‍ വെഷമൊന്നും ചേറ്ക്കത്തില്ല... സാറിന് എന്താണ് വേണ്ടത്? കോഴിയോ, താറാവോ? എത്രയെണ്ണം വേണം? ഇപ്പോ വാങ്ങിക്കോ സാറേ... ഇനി കിട്ടത്തില്ല... രാസവസ്തുക്കളൊന്നും ചേറ്ക്കാതെ ഒണ്ടാക്കിയതാണ്...'' അയാള്‍ നിര്‍ബന്ധിക്കുകയാണ്.

chemical fear and siddha
'റിട്ടയര്‍ ചെയ്യുന്നില്ല നിങ്ങളിലാരും തന്നെ, മട്ടൊന്നു മാറി തവ സേവനം തുടരാവൂ'

ജൈവക്കൃഷി പ്രേമികളായ നഗര മദ്ധ്യവര്‍ഗത്തിന്റെ കെമിക്കല്‍ പേടി എന്നേയും തീണ്ടിയിട്ടുണ്ടെന്ന ധാരണയിലാകണം അയാള്‍. എന്തായാലും ഞാന്‍ ''താറാവും കോഴിയും ആറെണ്ണം വീതം തരൂ...'' എന്നു പറഞ്ഞു. അപ്പോള്‍ കൂടുതല്‍ വാങ്ങാന്‍ അയാള്‍ നിര്‍ബന്ധിച്ചു. ''അതുമതി'' എന്ന് ഞാന്‍ ഉറപ്പിച്ചു പറഞ്ഞപ്പോള്‍ അയാള്‍ എനിക്കാവശ്യമുള്ളത് ഒരു വര്‍ത്തമാനപത്രക്കീറില്‍ പൊതിഞ്ഞുതന്നു. കനംകുറഞ്ഞ ഒരു പ്ലാസ്റ്റിക് കീസില്‍ അത് നിക്ഷേപിച്ച് എന്റെ കയ്യിലേല്‍പ്പിക്കുമ്പോള്‍ അയാള്‍ ആവര്‍ത്തിച്ചു: ''ഇനി കിട്ടത്തില്ല... രാസവസ്തുക്കളൊന്നും ചേര്‍ക്കാതെ ഒണ്ടാക്കിയതാണ്... ഇപ്പോ വാങ്ങിക്കോ സാറേ...''

രാസവസ്തുക്കളെ എനിക്ക് പേടിയില്ലെന്നു പറഞ്ഞപ്പോള്‍ അയാള്‍ അദ്ഭുതത്തോടെ കണ്ണുമിഴിച്ചു. അയാള്‍ക്ക് അതിന്റെ കാരണമറിയേണ്ടിയിരുന്നു എന്ന് ആ നോട്ടം വ്യക്തമാക്കി ''അണ്ഡത്തിലുള്ളതെല്ലാം പിണ്ഡത്തിലുമുണ്ട്...'' എന്ന് അപ്പോള്‍ ചെറുചിരിയോടെ ഞാന്‍ പ്രതിവചിച്ചത് അയാള്‍ക്ക് മനസ്സിലായിട്ടുണ്ടാകില്ല എന്ന് ഉറപ്പ്. അന്നേരം അയാള്‍ പകച്ചുകൊണ്ട് എന്റെ മുഖത്തേക്കു നോക്കുന്നതും കണ്ടു. ഞാന്‍ മുന്നോട്ടു നടന്നു. 'We're made of star-stuff. We are a way for the cosmos to know itself.' എന്ന കാള്‍സാഗന്റെ വാചകം അന്നേരം ഓര്‍മ വന്നു. ഈ ലോകവും നമ്മളുമെല്ലാം നക്ഷത്രധൂളികളാല്‍ നിര്‍മിക്കപ്പെട്ടവയാണ്. വാട്‌സ്ആപ് യൂണിവേഴ്‌സിറ്റികളിലെ കേശവന്‍ മാമന്മാരുടെ ഭാഷയില്‍ പറഞ്ഞാല്‍ എല്ലാം 'കെമിക്കല്‍' ആണ്.

carl sagan
കാള്‍ സാഗന്‍file

സാഗന്‍ തന്റെ പ്രശസ്തമായ 'കോസ്മോസ്' എന്ന പുസ്തകത്തിലാണ് ആദ്യം ഇങ്ങനെ എഴുതിയത്. 1980-ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിലെ 'ദ ഷോര്‍സ് ഒഫ് ദ കോസ്മിക് ഓഷ്യന്‍' എന്ന ആദ്യ അദ്ധ്യായത്തില്‍. പുസ്തകത്തോടൊപ്പം തന്നെ സംപ്രേഷണം ചെയ്യപ്പെട്ട ലോകപ്രശസ്തമായ ടെലിവിഷന്‍ പരമ്പരയുടെ ആദ്യ എപ്പിസോഡിലും ഈ വാചകങ്ങള്‍ അദ്ദേഹം നേരിട്ട് പറയുന്നുണ്ട്.

എന്നാല്‍, അണ്ഡത്തിലുമുള്ളതേ പിണ്ഡത്തിലുമുള്ളൂ എന്ന് പറഞ്ഞത് സാഗനല്ല. ഒരു സിദ്ധ സന്ന്യാസിയാണ്. എന്നാല്‍, സാഗന്റെ ആ ഉദ്ധരണിക്കും ഈ വാചകത്തിനും ഏതാണ്ട് ഒരേ അര്‍ത്ഥമാണ് എന്നെനിക്ക് തോന്നിയിട്ടുണ്ട്.

'അണ്ഡത്തിലുളളതേ പിണ്ഡത്തിലുമുള്ളൂ' എന്ന ചൊല്ലിലെ അണ്ഡം വൈക്കത്തുനിന്നും ഉള്ള കൊട്ടയിലുള്ള അണ്ഡം ('മൊട്ട') അല്ല. അത് ആ കൊട്ടയിലൊതുങ്ങാത്ത ബ്രഹ്മാണ്ഡമാണ്. പ്രപഞ്ചമാണ്. പ്രപഞ്ചത്തിലുള്ളത് തന്നെയാണ് മനുഷ്യശരീരത്തിലുമുള്ളത് എന്നതാണ് സിദ്ധദര്‍ശനത്തിലെ പ്രധാന തത്ത്വം. ആ നിലയ്ക്ക് കൊട്ടയിലുള്ളതും അണ്ഡമായിട്ടുള്ളതും ഒന്നാണെന്നു പറയാം. പ്രപഞ്ചത്തെ മനസ്സിലാക്കാന്‍ സ്വന്തം ശരീരത്തെ അറിഞ്ഞാല്‍ മതി എന്നായിരുന്നു സിദ്ധ മതം.

chemical fear and siddha
പുതുയുഗ ഹിന്ദു മണ്ഡലം വരവറിയിക്കുമ്പോൾ ഓർക്കാൻ ചില കാര്യങ്ങൾ

ശബരിമല പ്രശ്‌നത്തിന്റെ കാലത്താണ് സിദ്ധമതത്തെക്കുറിച്ച് കൂടുതല്‍ അറിയണമെന്ന് തോന്നിയത്. ഭൗതികമായ ആഗ്രഹങ്ങളെല്ലാം ഉപേക്ഷിച്ച്, പ്രപഞ്ചവും താനും ഒന്നാണെന്ന അണ്ഡ-പിണ്ഡ ബോധത്തിലേക്ക് എത്തിയ ഒരു സിദ്ധയോഗിയാണ് അയ്യപ്പന്‍ എന്ന് ഒരു ഗുരുസ്വാമി പറയുന്നത് കേട്ടതാണ് നിമിത്തം. അന്ന് അദ്ദേഹം എന്നോട് സംസാരിച്ചത് ഏറേയും മെറ്റാഫിസിക്‌സിന്റെ വക്കത്തിരുന്നാണ്. എന്നാല്‍, അതില്‍ ചരിത്രാംശവും തത്ത്വചിന്തയുമൊക്കെ ഉണ്ടായിരുന്നു.

കറുപ്പു വസ്ത്രം ധരിച്ച്, മാംസാഹാരം ഉപേക്ഷിച്ച്, ബ്രഹ്മചര്യം പാലിച്ച് പ്രകൃതിയോടിണങ്ങി ജീവിക്കുന്ന വ്രതകാലം യഥാര്‍ത്ഥത്തില്‍ ഒരു സാധാരണ മനുഷ്യനെ ഒരു സിദ്ധയോഗിയാക്കി മാറ്റാനുള്ള പരിശീലനമാണെന്ന് അദ്ദേഹം എന്നോടു പറഞ്ഞു. കാല്‍മുട്ടുകള്‍ ചേര്‍ത്തുവെച്ച് അതിനു ചുറ്റും യോഗപ്പട്ട കെട്ടി ധ്യാനത്തില്‍ ഇരിക്കുന്ന ഒരു തികഞ്ഞ യോഗിയാണത്രേ അവിടത്തെ പ്രതിഷ്ഠ. സിദ്ധന്മാരും നാഥ് യോഗിമാരും തങ്ങളുടെ ആന്തരിക ധ്യാനത്തിനായി സ്വീകരിച്ചിരുന്ന അതേ ഇരിപ്പ്. സിദ്ധന്മാരും നാഥ് യോഗി മാരും സൂഫിവര്യന്മാരും തമ്മില്‍ ദാര്‍ശനികമായ വലിയ അടുപ്പമുണ്ടെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. സിദ്ധന്മാരുടെ അണ്ഡ-പിണ്ഡ തത്ത്വവും സൂഫികളുടെ 'വഹ്ദത്തുല്‍ വുജൂദ്' എന്ന തത്ത്വവും തമ്മിലുള്ള വലിയ സാമ്യം ഇതിന് വലിയ തെളിവാണ് എന്നും കേട്ടിട്ടുണ്ട്. നാഥ് യോഗിമാരും സൂഫികളും തമ്മിലുണ്ടായിരുന്ന അഗാധമായ വിനിമയങ്ങളാണ് ഈ ബന്ധത്തിന്റെ മറ്റൊരു തലം. ഇന്ത്യയിലെത്തിയ സൂഫി സന്ന്യാസിമാര്‍ക്ക് ഏറ്റവും വേഗത്തില്‍ ആശയവിനിമയം നടത്താന്‍ കഴിഞ്ഞത് നാഥ് പാരമ്പര്യത്തിലുള്ള യോഗിമാരുമായാണ്. ശ്വാസ നിയന്ത്രണത്തിലൂടേയും ധ്യാനത്തിലൂടേയും നാഥ് യോഗിമാരും സിദ്ധന്മാരും തങ്ങളുടെ ശരീരത്തേയും മനസ്സിനേയും നിയന്ത്രിച്ചപ്പോള്‍, അതേ ശ്വാസക്രിയകളെ സൂഫികള്‍ തങ്ങളുടെ ആത്മീയ പരിശീലനങ്ങളിലേക്ക് ഉള്‍ച്ചേര്‍ത്തുവത്രേ. ഇസ്ലാമിലെ അല്‍-ഖിദ്‌റിനെ അമരനായ ഒരു പുണ്യപുരുഷനായി സൂഫികള്‍ കണ്ടപ്പോള്‍, അതേ ഖിദ്‌റിനെ നാഥ് യോഗിമാര്‍ അറിവിന്റേയും ജലത്തിന്റേയും ദേവതയായി തങ്ങളുടെ പാരമ്പര്യത്തിന്റെ ഭാഗമാക്കി മാറ്റിയെന്നും വായിച്ചിട്ടുണ്ട്.

മനുഷ്യനെ പ്രപഞ്ചത്തിന്റെ ഒരു സമ്പൂര്‍ണ രൂപമായി കണ്ട സിദ്ധന്മാരുടേയും നാഥ് യോഗികളുടേയും കാഴ്ചപ്പാട്, സൂഫിസത്തിലെ 'ഇന്‍സാന്‍ അല്‍ കാമില്‍' അഥവാ സമ്പൂര്‍ണനായ മനുഷ്യന്‍ എന്ന ദര്‍ശനവുമായി വളരെ അടുത്തു നില്‍ക്കുന്നതാണ് എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മതപരമോ ജാതീയമോ എല്ലാ ഭേദചിന്തകളേയും വെല്ലുവിളിച്ചവരായിരുന്നു നാഥ് യോഗികള്‍. ആനുഷംഗികമായി പറയട്ടേ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാഥ് ഓര്‍ഡറില്‍പ്പെട്ടയാളാണ് എന്നത് വൈരുദ്ധ്യം നിറഞ്ഞ മറ്റൊരു കാര്യം.

bhogar
ഭോഗര്‍ ചിത്രകാരന്റെ ഭാവനയില്‍ social media

സിദ്ധന്മാര്‍ തങ്ങളുടെ കവിതകളിലൂടെ (സിദ്ധര്‍ പാടല്‍കള്‍) വൈദിക യാഗങ്ങള്‍, വിഗ്രഹാരാധന, ജാതി-വര്‍ണ വ്യവസ്ഥകള്‍ എന്നിവയെ അതിരൂക്ഷമായി പരിഹസിച്ചിട്ടുണ്ട്. ദൈവത്തെ പുറത്തുള്ള ക്ഷേത്രങ്ങളിലല്ല, സ്വന്തം ഉള്ളിലാണ് തിരയേണ്ടതെന്ന് അവര്‍ വാദിച്ചിരുന്നു. സിദ്ധന്മാരും നാഥ് യോഗിമാരുമൊക്കെ രസതന്ത്രത്തിലും ആയുര്‍വേദത്തിലും വലിയ അറിവുള്ളവരായിരുന്നു. യോഗയിലൂടേയും രസവിദ്യകളിലൂടേയും ശരീരത്തെ വാര്‍ദ്ധക്യത്തില്‍നിന്നും മരണത്തില്‍നിന്നും മോചിപ്പിച്ച് പൂര്‍ണതയിലെത്തിക്കാമെന്നായിരുന്നു അവരുടെ വിശ്വാസം. മനുഷ്യശരീരത്തേയും പ്രപഞ്ചത്തേയും വേറിട്ടു കാണാത്ത സിദ്ധ യോഗീ ദര്‍ശനത്തിന്റെ പ്രത്യക്ഷീകരണമാണ് ശബരിമലയിലെ 18 പടികള്‍ എന്ന് ആ ഗുരുസ്വാമി പറഞ്ഞതും പുതിയ ഒരു അറിവായിരുന്നു.

തമിഴ് സിദ്ധ പാരമ്പര്യത്തിലെ പ്രമുഖരായ 18 സിദ്ധന്മാരെയാണത്രേ ഈ 18 പടികള്‍ പ്രതിനിധീകരിക്കുന്നത്. അഗസ്ത്യര്‍, ഭോഗര്‍, തിരുമൂലര്‍ തുടങ്ങിയ 18 യോഗീശ്വരന്മാരുടെ ചൈതന്യം കുടികൊള്ളുന്ന പടികള്‍ ചവിട്ടിക്കയറി വേണം പരമമായ സത്യത്തിലേക്ക് എത്താന്‍. ആ പരമമായ സത്യമാകട്ടെ 'അത് നീ തന്നെയാകുന്നു' എന്നതും. ഈ 18 പടികള്‍ മനുഷ്യശരീരത്തിലേയും മനസ്സിലേയും വിവിധ അവസ്ഥകളേയും നാഡീചക്രങ്ങളേയും സൂചിപ്പിക്കുന്നതാണെന്നും സിദ്ധമതം പറയുന്നു.

ഗുരുസ്വാമി ആ സന്ദര്‍ഭത്തില്‍ സിദ്ധമതത്തെ കുറിച്ചും ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളെ കുറിച്ചും ഒരുപാട് സംസാരിച്ചു. ''പ്രപഞ്ചത്തില്‍നിന്നും വേറിട്ടവളാണോ രജസ്വലയാകുന്ന സ്ത്രീയും'' എന്ന എന്റെ ചോദ്യത്തിനും അപ്പോള്‍ മറുപടി കിട്ടുകയുണ്ടായി. എന്തായാലും അതിവിടെ കുറിക്കുന്നില്ല. ''ആരോടും അത് പറയരുത്'' എന്നദ്ദേഹം എന്നോടു പറഞ്ഞിട്ടുണ്ടോ എന്നൊന്നും ചോദിക്കേണ്ടതില്ല.

chemical fear and siddha
''അടിക്ക് മോനേ... ചുമര്‍ തകര്‍ക്കൂ... തകര്‍ത്തുകളയൂ...'; കാതില്‍ ഇന്നും മാഞ്ഞിട്ടില്ല, ആ ശബ്ദം

സിദ്ധയോഗികളെക്കുറിച്ച് എനിക്കറിയാന്‍ കഴിഞ്ഞതില്‍ ഏറ്റവും രസകരമായി തോന്നിയത് ഭോഗനാരെക്കുറിച്ചുള്ള കാര്യങ്ങളാണ്. തമിഴകത്തെ 18 സിദ്ധന്മാരില്‍ വെച്ച് ഏറ്റവും നിഗൂഢവും വ്യവസ്ഥാവിരുദ്ധവുമായ ജീവിതം നയിച്ചിരുന്ന ആളാണത്രേ ഭോഗര്‍ എന്ന ഭോഗനാര്‍ അഥവാ ഭോഗനാഥര്‍. കാവിയുടുത്ത് കണ്ണടച്ചിരിക്കുന്ന ഒരു സന്ന്യാസിയായിരുന്നില്ല അദ്ദേഹം. മറിച്ച് പ്രകൃതിയിലെ ഏറ്റവും മാരകമായ വിഷങ്ങളില്‍ താല്‍പ്പര്യപ്പെട്ട ഒരു 'ശാസ്ത്രജ്ഞ'നായിരുന്നു. രസതന്ത്രത്തിലും വൈദ്യത്തിലും ആയോധനകലകളിലും അഗാധമായ അറിവുണ്ടായിരുന്ന ഭോഗരുടെ ജീവിതം ഐതിഹ്യങ്ങളും ശാസ്ത്രവും കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു വിചിത്രകഥയാണ്. അദ്ദേഹം ചൈനയില്‍ പോയി രസതന്ത്രവും വൈദ്യവും പഠിപ്പിച്ചിരുന്നു എന്നതാണ് മറ്റൊരു കഥ. ചൈനീസ് തത്ത്വചിന്തകനായ ലാവോത്സുവും ഭോഗരും ഒരാള്‍ തന്നെയാണെന്നു വരെ വാദിക്കുന്നവരുണ്ട്. 'ബോ-യാങ്' എന്ന പേരില്‍ അക്കാലത്ത് ചൈനയില്‍ ജീവിച്ചിരുന്ന യോഗി ഭോഗര്‍ തന്നെയായിരുന്നു എന്നും പറയുന്നു. യോഗവിദ്യയിലൂടെ പരകായപ്രവേശനത്തിനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും അങ്ങനെയാണ് അദ്ദേഹം ചൈനയില്‍ ജീവിച്ചതെന്നും ഐതിഹ്യമുണ്ട്.

ഭോഗനാര്‍ അഥവാ ഭോഗനാഥര്‍ എഴുതിയ ഏഴായിരം എന്നൊരു പ്രാചീനഗ്രന്ഥത്തില്‍ മനുഷ്യശരീരത്തിലെ നാഡീവ്യൂഹങ്ങളെക്കുറിച്ചും പ്രപഞ്ചഘടനയെക്കുറിച്ചും മാത്രമല്ല, ആകാശത്തിലൂടെ പറക്കാന്‍ കഴിയുന്ന യന്ത്രങ്ങളെക്കുറിച്ചും വളരെ വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. ചില കുറിപ്പുകള്‍ പ്രകാരം, കാറ്റിന്റെ ഗതിയേയും യന്ത്രശാസ്ത്രത്തേയും കുറിച്ചുള്ള അറിവുകള്‍ വെച്ച് ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് അതിവേഗം സഞ്ചരിക്കാന്‍ കഴിയുന്ന ഒരുതരം ആകാശവാഹനം അദ്ദേഹം സ്വന്തമായി നിര്‍മിച്ചിരുന്നുവെന്നും വ്യാഖ്യാനമുണ്ട്. ആധുനികശാസ്ത്ര ദൃഷ്ടിയില്‍ ഇതെല്ലാം ഏറെക്കുറേ പ്രാക്തന ഭാവനയുടെ ലീലാവിലാസങ്ങളെന്ന് എഴുതിത്തള്ളപ്പെടുന്നുവെങ്കിലും ഇന്ത്യയുടെ ചരിത്രത്തില്‍, വിശേഷിച്ചും ദക്ഷിണേന്ത്യയുടെ ഭൂതകാലത്തില്‍ വളര്‍ന്നുവന്ന ശാസ്ത്രാഭിമുഖ്യത്തിന് നിദര്‍ശനങ്ങളാണ്. ആധുനിക ചരിത്രകാരന്‍മാര്‍ പഴയ ഇന്ത്യയില്‍ ജീവിച്ചിരുന്ന ഒരു ആല്‍കെമിസ്റ്റ് ആയാണ് ഭോഗനാരെ വിലയിരുത്തുന്നത്.

പശ്ചിമഘട്ട പ്രദേശങ്ങളിലെ മലനിരകളിലെ ആരാധനാലയങ്ങളുമായുള്ള സിദ്ധമതത്തിന്റെ ബന്ധമാണ് കൗതുകകരമായ മറ്റൊരു കാര്യം. ശബരിമലയും ബാബാ ബുധന്‍ ഗിരിയുമെല്ലാം ഈ പട്ടികയിലുള്‍പ്പെടുന്നു. പളനിയിലെ മുരുകവിഗ്രഹം നിര്‍മിച്ചത് ഭോഗനാരാണ് എന്നാണ് ഐതിഹ്യം. നവപാഷാണ വിഗ്രഹം എന്നാണ് അതിനെ വിളിക്കുന്നത്. ഒന്‍പത് തരം വിഷങ്ങളെക്കൊണ്ട് നിര്‍മിച്ചതാണ് ഈ വിഗ്രഹമെന്നാണ് പറയുന്നത്. ഈ വിഗ്രഹത്തെ അഭിഷേകം ചെയ്ത പ്രസാദം കഴിച്ചിട്ട് 'കെമിക്കലുകളെ' ഭയക്കുന്നവന്‍ കഴമ്പ് കളഞ്ഞിട്ട് പഴത്തിന്റെ തൊണ്ട് തിന്നുന്നവനാണ്. വിഷമെന്നു പറയാവുന്ന ഒന്നു ലോകത്തില്ലെന്നും സന്ദര്‍ഭവും അനുപാതവുമാണ് ദോഷമായി തീരുന്നതെന്നുള്ള, ആത്യന്തികമായി അണ്ഡത്തിലുള്ളത് തന്നെയാണ് പിണ്ഡത്തിലും ഉള്ളത് എന്ന ദര്‍ശനമാണ് ആ കഴമ്പ്.

ആത്മാവിനെ പാവനവും ശരീരത്തെ പാപഫലമോ പതിതമോ ആയി കരുതുന്ന ആത്മീയ പാരമ്പര്യത്തിന് എതിരെയുള്ള ഒരു ദര്‍ശനമാണ് സിദ്ധമതത്തിന്റേത്. ആയുര്‍വേദം ഉള്‍പ്പെടെയുള്ള ഇന്ത്യനെന്നു പറയാവുന്ന എല്ലാ വൈദ്യശാസ്ത്രപാരമ്പര്യങ്ങളിലും സിദ്ധസ്വാധീനമുണ്ട്. ആര്‍സെനിക്, മെര്‍ക്കുറി, ലെഡ് തുടങ്ങിയ മാരകമായ ലോഹങ്ങള്‍ ആയുര്‍വേദ മരുന്നുകളില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ടെന്ന് ആയുര്‍വേദത്തിന്റെ വിമര്‍ശകര്‍ ചൂണ്ടിക്കാട്ടാറുണ്ട്. എന്നാല്‍, അവ ശോധനയ്ക്ക് വിധേയമാക്കിയാണ് ഉപയോഗിക്കുന്നതെന്ന് മറുപടിയും കേട്ടിട്ടുണ്ട്. എന്തായാലും സിദ്ധമതം ശരീരത്തെ അധിഷ്ഠാനമാക്കിയാണ് മരണം ഉള്‍പ്പെടെയുള്ള മനുഷ്യ ദുഃഖങ്ങള്‍ക്ക് മരുന്നന്വേഷിച്ചത്. അതേസമയം, ബുദ്ധദര്‍ശനം തന്നെയോ സിദ്ധദര്‍ശനം എന്നും ചിലപ്പോള്‍ തോന്നാറുണ്ട്. ശരീരത്തോടുള്ള ധനാത്മകമായ കാഴ്ചപ്പാടും നശ്വരതയെക്കുറിച്ചുള്ള വേവലാതികളുമൊക്കെ ഈ രണ്ട് ദര്‍ശനങ്ങള്‍ക്കും പൊതുവായുള്ളതാണ്.

sreenarayana guru
നാരായണ ​ഗുരു

നാരായണഗുരുവിനെ കുറിച്ച് വയലാര്‍ രാമവര്‍മ എഴുതിയ കവിതയില്‍ ''മരണം, മരണം എന്നെപ്പോഴും മനുഷ്യനെ ഓര്‍മിപ്പിക്കുന്ന മതത്തെ'' ജീവിതത്തെക്കുറിച്ചുള്ള പറച്ചിലുകൊണ്ട് നടുക്കിക്കളഞ്ഞ ഒരു ദാര്‍ശനികനെക്കുറിച്ച് പറയുന്നുണ്ട്. നാരായണ ഗുരുവാണത്. ഗുരുവിന് ശരീരത്തെ പരുവപ്പെടുത്തി അനശ്വരതയിലേക്ക് കടന്നുപോകാം എന്ന മൗഢ്യമുണ്ടായിരുന്നില്ല എന്നാണ് എനിക്ക് മനസ്സിലായിട്ടുള്ളത്. ഹഠയോഗത്തിന്റെ പ്രയോജനങ്ങളെക്കുറിച്ച് വാചാലനായ ആളോട് ''വിരേചനത്തിന് ആവണക്കെണ്ണയായാലും മതി'' എന്ന ഗുരുവിന്റെ മറുപടി പ്രസിദ്ധമാണ്. തന്റെ ആദ്യകാലങ്ങളില്‍ മരുത്വാമലയിലും മറ്റും കഠിനമായ തപസ്സും യോഗാഭ്യാസവും അനുഷ്ഠിച്ചയാളായിരുന്നത്രേ നാരായണഗുരു. സംസ്‌കൃതത്തിലെന്നപോലെ സിദ്ധവൈദ്യത്തിലും അദ്ദേഹത്തിനു നല്ല അവഗാഹമുണ്ടായിരുന്നു എന്നും പറയുന്നു. എന്നാല്‍, അദ്ദേഹത്തിനു മുന്‍പില്‍ ഉരുക്കഴിക്കേണ്ട വിഷമപ്രശ്‌നങ്ങള്‍ വ്യക്തിപരവും സാമൂഹികവുമായ മനുഷ്യജീവിതത്തിന്റേതായിരുന്നു. പ്രപഞ്ചവുമായുള്ള അവന്റെ ബന്ധത്തിന്റേതായിരുന്നു എന്നപോലെത്തന്നെ.

ആത്മാവിനെപ്പോലെ തന്നെ ശരീരവും പവിത്രമാണെന്നു വിശ്വസിച്ചവരാണ് സിദ്ധന്മാര്‍. പ്രകൃതിദത്തമായ മരുന്നുകള്‍, രസതന്ത്ര കൂട്ടുകള്‍, യോഗ എന്നിവ വഴി ശരീരത്തെ രോഗങ്ങളില്‍നിന്നും വാര്‍ദ്ധക്യത്തില്‍നിന്നും മോചിപ്പിച്ച് അമരത്വം (മരണമില്ലാത്ത അവസ്ഥ) നേടുക എന്നതായിരുന്നു അവരുടെ പ്രധാന ലക്ഷ്യമെന്നാണ് മനസ്സിലാകുന്നത്. നേരത്തെ സൂചിപ്പിച്ചപോലെ ശരീരത്തെ മായയായിക്കണ്ട് അതിന്റെ നിലനില്‍പ്പിനെ അവഗണിക്കുക എന്നതായിരുന്നില്ല സിദ്ധമതത്തിന്റെ രീതി. എന്നാല്‍, നശ്വരത ആ മതത്തിനും ഒരു മുഖ്യപ്രശ്‌നമായിരുന്നു.

നമ്മള്‍ തന്നെയാണ് നമ്മുടെ സ്വന്തം വിധിയുടെ യജമാനന്മാര്‍ എന്നു പറയാറുണ്ട്. എന്നാല്‍, മരണം എന്നത് നമുക്കു കീഴ്പ്പെടുത്താനൊക്കാത്ത അലംഘനീയമായ മറ്റാരുടേയോ തീര്‍പ്പായി തുടരുകയും ചെയ്യുന്നു. മനുഷ്യന്‍ മരണത്തിനു മുന്നില്‍ അശക്തനല്ല എന്നു തെളിയിക്കാനും, പ്രപഞ്ചത്തില്‍ തങ്ങളുടെ അടയാളം എന്നെന്നേക്കുമായി പതിപ്പിക്കാനും ഫറവോമാര്‍ നടത്തിയ ഏറ്റവും വലിയ 'അമരത്വ പദ്ധതി'കളാണ് ഈജിപ്തിലെ പിരമിഡുകള്‍. ഏണസ്റ്റ് ബെക്കറ് എഴുതിയതും 1972-ല്‍ പ്രസിദ്ധീകൃതമായതുമായ ഒരു പുസ്തകമുണ്ട്. 'ദ ഡിനയല്‍ ഒഫ് ഡെത്ത്' (The Denial of Death-മരണനിഷേധം) എന്നാണ് ആ പുസ്തകത്തിന്റെ പേര്. മനുഷ്യസമൂഹം ആവിഷ്‌കരിച്ചു നടപ്പാക്കിയ വിവിധ അമരത്വപദ്ധതികളെക്കുറിച്ച് ഈ പുസ്തകത്തില്‍ വിശദമാക്കുന്നുണ്ട്. നമ്മുടെ വ്യവസ്ഥിതികളും ആചാരങ്ങളും മരണഭയത്തെ മറച്ചുവെക്കാനുള്ള വലിയൊരു സാംസ്‌കാരിക കവചം മാത്രമാണെന്നാണ് ഈ പുസ്തകം സമര്‍ത്ഥിക്കുന്നത്. മരണമെന്ന അനിവാര്യതയെ നേരിട്ട് അഭിമുഖീകരിക്കാന്‍ കഴിയാത്തതുകൊണ്ട് മനുഷ്യന്‍ താന്‍ ജീവിക്കുന്ന സമൂഹത്തില്‍ തന്റേതായ അടയാളങ്ങള്‍ അവശേഷിപ്പിക്കാന്‍ നിരന്തരം ശ്രമിക്കുന്നു. ഇതിനെ ബെക്കര്‍ 'അമരത്വ പദ്ധതികള്‍' (Immortality Projects) അല്ലെങ്കില്‍ 'കൗസ സുയി' (Causa sui- സ്വയംഭൂ സിദ്ധാന്തം) എന്നാണ് വിശേഷിപ്പിക്കുന്നത്. കല, സാഹിത്യം, മതം, രാഷ്ട്രീയം, വലിയ ബിസിനസ്സ് സാമ്രാജ്യങ്ങള്‍ തുടങ്ങിയവയെല്ലാം മനുഷ്യര്‍ ഏതെങ്കിലും തരത്തില്‍ അമരത്വത്തിനുവേണ്ടി നടപ്പാക്കുന്ന പദ്ധതികളാണ്. ശരീരം നശ്വരമെങ്കിലും ആത്മാവ് നിലനില്‍ക്കും എന്നു വിശ്വസിക്കാന്‍ തുനിയുന്നത് ഇതിന്റെ ഭാഗമാണ്. ഭൂമിയില്‍ ഓര്‍മിക്കപ്പെടാനായി നിര്‍മിച്ചെടുക്കുന്ന യശസ്സ് ഉള്‍പ്പെടെയുള്ള എല്ലാം അമരത്വത്തിനുവേണ്ടിയള്ള സംവിധാനങ്ങളാണ്. താന്‍ വെറുമൊരു നിസ്സാര ജീവിയല്ലെന്നും തനിക്കുപരിയായി നില്‍ക്കുന്ന ശാശ്വതമായ ഒന്നിന്റെ ഭാഗമാണെന്നും സ്വയം വിശ്വസിപ്പിക്കാനാണ് മനുഷ്യന്‍ ഇതിലൂടെ ശ്രമിക്കുന്നത്.

ആരോഗ്യം തകരുകയോ അതിനു ഭീഷണി ഉണ്ടാകുകയോ ചെയ്താല്‍ നാം മരണത്തോടടുക്കുകയാണ് എന്ന് പൊതുവെ കരുതാറുണ്ട്. 'കെമിക്കലു'കളോടുള്ള ഭയം ആരോഗ്യത്തിനു അവ ഭീഷണിയാണ് എന്ന കാഴ്ചപ്പാടില്‍നിന്നും ഉണ്ടാകുന്നതാണ്. ഭൂമിയില്‍ ജീവന്റെ ആദ്യനാളുകളില്‍, ശാസ്ത്രലോകം 'മഹത്തായ ഓക്‌സിജന്‍ ദുരന്തം' (Great Oxidation Event) എന്നോ ഓക്‌സിജന്‍ ഹോളോകോസ്റ്റ് എന്നോ വിളിക്കുന്ന ആ കാലഘട്ടത്തില്‍ ജീവരൂപങ്ങള്‍ക്ക് ഓക്‌സിജന്‍ ഒരു വിഷവസ്തുവായിരുന്നുവത്രേ. ഓക്‌സിജന്റെ സാന്നിദ്ധ്യം ഉള്ള എന്തിനേയും അവര്‍ 'കെമിക്കല്‍' എന്നു പേരിട്ടു വിളിച്ചിരിക്കാം. ഏകദേശം 240 കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഭൂമിയില്‍ സയനോബാക്ടീരിയകള്‍ വ്യാപകമായി പ്രകാശസംശ്ലേഷണം വഴി ഓക്‌സിജന്‍ പുറത്തുവിടാന്‍ തുടങ്ങിയ കാലത്ത്, അന്നു ജീവിച്ചിരുന്ന ഭൂരിഭാഗം അനെയ്‌റോബിക് (ഓക്‌സിജന്‍ ഇല്ലാതെ ജീവിക്കുന്ന) ജീവികള്‍ക്കും അതു താങ്ങാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു. അവയുടെ ശരീരഘടനയ്ക്ക് ഓക്‌സിജന്‍ അത്രമേല്‍ മാരകമായ ഒരു വിഷമായിരുന്നു. ജീവന്റെ നിലനില്‍പ്പിന് ഹാനികരമായ, കോശങ്ങളെ നശിപ്പിക്കുന്ന ഒരു 'ഭീകര കെമിക്കല്‍' ആയിത്തന്നെയാകാം അവ ഓക്‌സിജനെ കണ്ടിട്ടുണ്ടാവുക. ഈ ഓക്‌സിജന്‍ പ്രളയത്തെ അതിജീവിക്കാന്‍ കഴിയാതെ അന്ന് ഭൂമിയിലുണ്ടായിരുന്ന ജീവരൂപങ്ങളില്‍ വലിയൊരു പങ്ക് വംശനാശം സംഭവിച്ചു പോവുകയാണുണ്ടായത്.

chemical fear and siddha
അറിയണം, അഭയാര്‍ഥികളുടെ ഈ വിജയഗാഥ

ഇന്ന് നമ്മള്‍ നിര്‍മിതവും കൃത്രിമവുമായ പദാര്‍ത്ഥങ്ങളെ 'കെമിക്കല്‍' എന്നു വിളിച്ച് ഭയപ്പെടുകയും പ്രകൃതിദത്തമായതിനെ ശുദ്ധമെന്നു കരുതുകയും ചെയ്യുന്നു. എന്നാല്‍, ഭൂമിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത പ്രതിഭാസങ്ങളിലൊന്ന് അക്കാലത്തെ ജീവനെയപ്പാടെ തുടച്ചുനീക്കാന്‍ പോന്ന ഒരു രാസദുരന്തമായിരുന്നു എന്നത് പരിണാമത്തിന്റെ വലിയൊരു കാവ്യനീതിയാണ്. അന്ന് ആ 'വിഷത്തെ' പ്രതിരോധിച്ച്, അതിനെ ആന്തരികമായി മെരുക്കിയെടുക്കാന്‍ പഠിച്ച കോശങ്ങളില്‍നിന്നാണ് നാമുള്‍പ്പെടെയുള്ള ഇന്നത്തെ സകല ജീവജാലങ്ങളും പരിണമിച്ചുണ്ടായത്.

മരിക്കാതിരിക്കാനുള്ള മനുഷ്യന്റെ ഉദ്യമങ്ങള്‍ ഇന്നും തുടരുന്നുണ്ട്. എന്നാല്‍, മരണം ഇന്നും ജീവജാലങ്ങളെ പിടിവിടാതെ പിന്തുടരുകയും ചെയ്യുന്നു. ''മരിക്കാതിരിക്കാന്‍ ആഗ്രഹിക്കാതിരിക്കുകയും ആരോഗ്യത്തോടെ ഇരിക്കാന്‍ ആഗ്രഹിക്കുകയും ആകാം'' എന്നാണ് സിദ്ധമതവിശ്വാസിയായ ആ ഗുരുസ്വാമി അന്നെന്നോട് പറഞ്ഞത്. അതദ്ദേഹം സ്വശരീരത്തിലും ജീവിതത്തിലും നടത്തിയ അന്വേഷണങ്ങളില്‍നിന്നും മനസ്സിലാക്കിയ തത്ത്വമാണെന്നും പറഞ്ഞു. ശരിയാകാം. പക്ഷേ, അപ്പോഴും ആരോഗ്യം എന്നത് കൂടുതല്‍ ചിന്തകള്‍ ആവശ്യപ്പെടുന്ന ഒന്നായി തുടരുന്നു. വിശേഷിച്ചും രോഗമെന്നത് സാമൂഹികമാനങ്ങളുള്ളതും ചുറ്റുപാടുകളാല്‍ സ്വാധീനിക്കപ്പെട്ട് സൃഷ്ടിക്കപ്പെടുന്ന ഒന്നു കൂടി ആയതിനാല്‍.

Summary

Satish Suryan column on chemophobia and theory of siddha

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com