ഹോമിയോപ്പതി അശാസ്ത്രീയമാണെന്ന വാദം ശക്തമാണ്. സോഷ്യൽമീഡിയയിലടക്കം ഇതുസംബന്ധിച്ച പ്രചാരണങ്ങൾ നടക്കുന്നുണ്ട്. ഇതിന്റെ മറുഭാഗം വിശദീകരിക്കുകയാണ് ഹോമിയോപ്പതി ഫിസിഷൻ ആയ ഡോ. രാജേഷ് കുമാർ.
വിക്കിപീഡിയ പരിശോധിച്ചാൽ, ആദ്യ വരിയിൽ തന്നെ ഹോമിയോപ്പതി ഒരു സ്യൂഡോസയൻ്റിഫിക് സംവിധാനമെന്നാണ് പരാമർശിച്ചിട്ടുള്ളത്, ഇതിനോട് എങ്ങനെ പ്രതികരിക്കുന്നു?
ഏതാണ്ട് 220 വർഷങ്ങളുടെ പാരമ്പര്യമുണ്ട് ഹോമിയോപ്പതി ചികിത്സയ്ക്ക്. 1830കളിലാണ് യൂറോപ്പിൽ ഹോമിയോപ്പതിക്ക് പ്രചാരം വർധിച്ചത്. അന്ന് യൂറോപ്പിൽ പടർന്ന് പിടിച്ച കോളറയെ പിടിച്ചുകൊട്ടാൻ അലോപ്പതി ചികിത്സയെക്കാൾ ഫലപ്രദമായത് ഹോമിയോപ്പതി ആയിരുന്നു. ഹോമിയോപ്പതിക്ക് നേരെയുള്ള സംഘടിതമായ ഈ കല്ലേറ്, കാലാകാലങ്ങളായി തുടരുന്നതാണ്.
2005-ൽ ലണ്ടനിലാണ് ഹോമിയോപ്പതിയെ ഹൈജാക്ക് ചെയ്തു കൊണ്ടുള്ള പ്രചാരം പ്രകടമായി വന്നു തുടങ്ങിയത്. അത് പിന്നീട് ഇന്ത്യയിലും എത്തി. സോഷ്യല്‍മീഡിയ വന്നതിന് ശേഷം വേട്ടമൃഗങ്ങളെ അഴിച്ചു വിട്ട് കടിച്ചു കീറുന്ന രീതിയിലുള്ള സൈബര്‍ അറ്റാക്ക് എന്ന തരത്തിലേക്ക് ഇത്തരം ഗ്രൂപ്പുകള്‍ മാറിയിയെന്നും അദ്ദേഹം പറയുന്നു.
ഹോമിയോപ്പതിയിൽ ചികിത്സാരീതി എങ്ങനെയാണ്?
അലോപ്പതിയിൽ രോഗത്തെയാണ് ചികിത്സിക്കുന്നതെങ്കിൽ ഹോമിയോപ്പതിയിൽ ലക്ഷണങ്ങള്‍ക്കാണ് പ്രാധാന്യം. ഒരേ രോഗവുമായി വരുന്നവർക്ക് ഹോമിയോപ്പതിയിൽ ഒരേ മരുന്നു തന്നെ നൽകണമെന്നില്ല. രോഗ ലക്ഷണങ്ങളിൽ വ്യത്യാസമുണ്ടെങ്കിൽ നൽകുന്ന മരുന്നുകളിലും വ്യത്യാസമുണ്ടാകും.
എന്നാൽ രോഗ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നതിൽ ഡോക്ടർമാർക്ക് പാകപ്പിഴവ് സംഭവിച്ചാൽ ഹോമിയോപ്പതി ഫലപ്രദമാകില്ല. അത് പലപ്പോഴും രോഗശാന്തി ലഭിക്കുന്നത് വൈകാനോ, ഇല്ലാതാക്കാനോ കാരണമാകും.
നേര്‍പ്പിക്കും തോറും വീര്യം കൂടുമെന്ന ഹോമിയോപ്പതിയുടെ പൊട്ടൻസി തിയറി ശാസ്ത്രീയമാണോ?
ഹോമിയോ മരുന്നുകള്‍ ഉണ്ടാക്കുന്ന രീതിയായ പൊട്ടന്റൈസേഷന്‍ എന്ന പ്രോസസിനെ കളിയാക്കുന്നതിന് വേണ്ടിയുള്ള പ്രചാരണമാണിത്. ഹോമിയോപ്പതിയെ എങ്ങനെയും ജനങ്ങളുടെ മുന്‍പില്‍ കളിയാക്കി നശിപ്പിക്കുക എന്നതാണ് ഇത്തരക്കാരുടെ ഉദ്ദേശം. സസ്യങ്ങളിൽ നിന്നും ധാതുക്കളിൽ നിന്നും എടുക്കുന്ന എക്സ്ട്രാക് ആണ് ഹോമിയോ ചികിത്സയിൽ മരുന്നായി നൽകുന്നത്. ഇവ സ്പിരിറ്റിലാണ് മിക്കവാറും സൂക്ഷിക്കുന്നത്.
ഇതിൽ നിന്ന് ഒന്നോ രണ്ടോ തുള്ളി നേർപ്പിച്ചാണ് ഗുളികകളിൽ ചേർക്കുന്നത്. ഒരു തരി പഞ്ചസാരയിൽ നിന്നാണ് ഒരു ഗുളിക ഉണ്ടാക്കുന്നത്. പഞ്ചസാരയെന്നത് ഇവിടെ ഒരു മീഡിയം മാത്രമാണ്. കൊച്ചു കുഞ്ഞുങ്ങള്‍ക്ക് പോലും കഴിക്കാവുന്ന തരത്തിലാണ് ഹോമിയോ മരുന്നുകള്‍ ഉണ്ടാക്കിയിരിക്കുന്നത്. എന്ന് കരുതി പഞ്ചസാര ഗുളികള്‍ മാത്രമല്ല, പ്രമേഹ രോഗികള്‍ക്കും മധുരം കഴിക്കാൻ പാടില്ലാത്തവർക്കും ആടിൻ്റെ പാൽ ഉപയോഗിച്ചു ഉണ്ടാക്കുന്ന മിൽക്ക് പൗഡറിൽ ചേർത്താണ് മരുന്ന് നൽകുന്നത്.
ഹോമിയോപ്പതി നിരോധിച്ചിട്ടുണ്ടോ?
മറ്റ് രാജ്യങ്ങളിൽ ഹോമിയോപ്പതി നിരോധിച്ചിരിക്കുന്നുവെന്ന വാദം അടിസ്ഥാനരഹിതമാണ്. ലോകത്ത് 42 രാജ്യങ്ങളിൽ നിയമാനുസൃതമായി തന്നെ ഹോമിയോപ്പതി ചികിത്സ ലഭ്യമാണ്.
എന്നാൽ ഇന്‍ഷുറന്‍സ് മേഖലയില്‍ ഹോമിയോപ്പതിക്ക് ഫണ്ടിങ് ഇല്ല. അതുകൊണ്ട് തന്നെ ഹോമിയോ ആശുപത്രികളില്‍ നിങ്ങള്‍ അഡ്മിറ്റ് ആയാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ കിട്ടില്ല.
ആയുവേദത്തില്‍ തന്നെ ഇന്‍ഷുറന്‍സ് കിട്ടി തുടങ്ങിയിട്ട് രണ്ടോ മൂന്നോ വര്‍ഷമേ ആകുന്നുള്ളൂ. അലോപ്പതിയിലാണ് മികച്ച ഇന്‍ഷുറന്‍സ് കിട്ടുന്നത്. കുത്തക ഭീമന്മാരുടെ തൽപര്യമാണ് ഇതിന് പിന്നിൽ.
അലോപ്പതി ചികിത്സയെക്കാള്‍ എത്രയോ മടങ്ങ് ചെലവു കുറവാണ് ഹോമിയോപ്പതിയിൽ. അതുകൊണ്ട് തന്നെ, ഹോമിയോപ്പതിയിൽ ഇൻവെസ്റ്റ് ചെയ്യുന്നത് വലിയ കമ്പനികള്‍ക്ക് നഷ്ടക്കച്ചവടമാണ്. ഒരു ലക്ഷം രൂപ ചെലവിൽ അലോപ്പതിയില്‍ മാറുന്ന രോഗം 1000 രൂപ ചെലവില്‍ ഹോമിയോപ്പതിയില്‍ മാറുമെങ്കില്‍ ആളുകള്‍ ഹോമിയോയെ കൂടുതല്‍ ആശ്രയിച്ചു തുടങ്ങും.
ഹോമിയോപ്പതി നിലനില്‍ക്കുന്നത് പല കുത്തക ഭീമന്മാര്‍ക്കും ഭീഷണിയാണ്. അതുകൊണ്ടാണ് പല വ്യാജ പ്രചാരണങ്ങളും പടച്ചുവിട്ട് ഹോമിയോപ്പതിയെ മോശമാക്കാൻ ശ്രമിക്കുന്നത്.
അടിയന്തര ചികിത്സ ആവശ്യമായ ഘട്ടത്തിൽ ഹോമിയോപ്പതിയെ ആശ്രയിക്കാൻ കഴിയില്ലെന്നത് സത്യമല്ലേ?
അത് ശരിയാണ്. അപകടം, രക്തസ്രാവം പോലുള്ള അടിയന്തര ഘട്ടത്തിൽ ഹോമിയോപ്പതിയെ ആശ്രയിക്കാൻ കഴിയില്ല. അതിന് അലോപ്പതി ചികിത്സയാണ് മികച്ചത്, കാരണം അടിയന്തര ചികിത്സ മേഖല കൂടുതൽ വളർന്നിരിക്കുന്നത് അലോപ്പതിയിലാണ്.
അതേസമയം അലോപ്പതിയിൽ താൽക്കാലിക ശമനം ലഭിക്കുന്ന അലർജി, മൈഗ്രെയിൻ പോലുള്ള വിട്ടുമാറാത്ത രോഗങ്ങള്‍ക്ക് ഹോമിയോപ്പതിയിൽ മികച്ച ചികിത്സയുണ്ട്. വയറിളക്കം, ഛർദ്ദി പോലുള്ള രോഗാവസ്ഥയിൽ ഉടനടി ഫലപ്രദമാകുന്ന മരുന്നുകള്‍ ഹോമിയോപ്പതിയിലുണ്ട്.
1790ൽ ജർമ്മൻ ഫിസിഷനായ ഡോ. ക്രിസ്റ്റിന്‍ ഫ്രഡറിക് സാമുവല്‍ ഹാനിമാന്‍ ആവിഷ്കരിച്ച ഒരു നൂതന ചികിത്സ രീതിയാണ് ഹോമിയോപ്പതി. 'സദൃശം സദൃശത്തെ സുഖപ്പെടുത്തുന്നു' അഥവാ 'like cures likes' എന്നതാണ് ഹോമിയോപ്പതിയുടെ അടിസ്ഥാന തത്വം.
ആധുനിത വൈദ്യശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം ഉണ്ടായിരുന്ന ഡോ. സാമുവേല്‍ ഹാനിമാന്‍ അക്കാലത്ത് നിലനിന്നിരുന്ന ക്രൂരവും പ്രാകൃതവുമായ ചികിത്സരീതികളോട് (അട്ടയെക്കൊണ്ട് കടിപ്പിക്കൽ, പൊള്ളിക്കൽ തുടങ്ങിയ രീതികൾ) നിരന്തരം കലഹിച്ചിരുന്നു.
അതിനിടെയാണ് വില്യം കല്ലന്‍ എഴുതിയ 'മെറ്റീരിയ മെഡിക്ക' എന്ന പുസ്തകത്തിലെ 'ക്വയിന' എന്ന ഔഷധത്തിന്റെ കയ്പ് രസം മലമ്പനി ഭേദമാക്കാന്‍ കാരണമായെന്ന പരാമര്‍ശം അദ്ദേഹം ശ്രദ്ധിക്കുന്നത്.
ഹാനിമാന്‍ ക്വയിന മരുന്ന് സ്വയം കഴിച്ചു നോക്കി. അത്ഭുതമെന്ന് പറയട്ടെ, മലമ്പനിയുടെ ലക്ഷണത്തിന് സമാനമായ ലക്ഷണങ്ങള്‍ അദ്ദേഹത്തില്‍ പ്രത്യക്ഷപ്പെട്ടു. സുഹൃത്തുക്കളിലും കുടുംബാംഗങ്ങളിലും പരീക്ഷിച്ചപ്പോഴും അങ്ങനെ തന്നെ കാണപ്പെട്ടു. ഇതില്‍ നിന്നാണ് ഹോമിയോപ്പതിയുടെ പിറവി.
ആരോഗ്യമുള്ള ഒരു ശരീരത്തില്‍ രോഗസമാനമായ ലക്ഷണങ്ങള്‍ ഉണ്ടാക്കാന്‍ ഒരു വസ്തുവിനുള്ള കഴിവാണ് സമാന ലക്ഷണങ്ങള്‍ ഉള്ള രോഗത്തെ സുഖപ്പെടുത്താന്‍ ആ വസ്തുവിനെ സഹായിക്കുന്നത് എന്ന അടിസ്ഥാന പ്രമാണം നിരവധി പരീക്ഷണങ്ങള്‍ക്ക് ശേഷം അദ്ദേഹം പ്രസിദ്ധീകരിച്ചു.
ഗ്രീക്ക് ഭാഷയിൽ സാമ്യം അഥവാ സദൃശം എന്ന അര്‍ഥം വരുന്ന 'homoeo' എന്ന വാക്കും സഹനം അഥവാ ക്ലേശം എന്ന അര്‍ഥം വരുന്ന 'pathos' എന്ന വാക്കും കൂട്ടിച്ചേര്‍ത്ത് 'homoeopathy' എന്ന് പുതിയ ചികിത്സ സമ്പ്രദായത്തിന് അദ്ദേഹം പേരു നൽകി. സൗമ്യവും വേദനയില്ലാത്തതുമായ ചികിത്സാരീതി പിന്നീട് യൂറോപ്പിലും അമേരിക്കയിലും കൂടുതൽ പ്രചാരം നേടി.
എന്നാൽ ശാസ്ത്രീയ തെളിവുകളോ പഠനങ്ങളോ ഹോമിയോപ്പതി ചികിത്സയെ പിന്തുണയ്ക്കുന്നില്ല. 2015ൽ ഓസ്ട്രേലിയയിലെ നാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ റിസർച്ച് കൗൺസിൽ (NHMRC), ഏതെങ്കിലും ആരോഗ്യ അവസ്ഥയ്ക്ക് ഹോമിയോപ്പതി ഫലപ്രദമാണെന്നതിന് വിശ്വസനീയമായ തെളിവുകളില്ലെന്ന് പ്രസ്താവന പുറത്തിറക്കിയിരുന്നു.
ഹോമിയോപ്പതി മരുന്നുകൾ നിർദ്ദിഷ്ട ആന്റിബോഡിയെയോ രോഗാണുക്കളെ ചെറുക്കുന്ന കോശ രൂപീകരണത്തെയോ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും, കൂടാതെ പരമ്പരാഗത വാക്സിനുകൾക്ക് സ്വീകാര്യമായ ഒരു ബദലുമല്ലെന്നും ആ പ്രസ്താനയിൽ പറയുന്നു.
ഹോമിയോപ്പതിക്ക് ഇന്ത്യയിൽ സ്വീകാര്യത കിട്ടുന്നത് 1839ന് ശേഷമാണ്. അന്ന് പഞ്ചാബ് പ്രവിശ്യയിലെ മഹാരാജാവ് രഞ്ജിത്ത് സിങ്ങിനെ ഏറെ നാളായി അലട്ടിയ രോഗം, ഡോ. ജോണ്‍ മാര്‍ട്ടിന്‍ ഹോണിങ് ബെര്‍ഗെയുടെ ചികിത്സയിൽ മുക്തമായതോടെ ഹോമിയോപ്പതിയിൽ ആളുകൾ വിശ്വസിച്ചു തുടങ്ങി. 1943 ല്‍ ബംഗാള്‍ സര്‍ക്കാര്‍ ഹോമിയോപ്പതിക്ക് ആദ്യമായി ഒരു അധ്യയന വിഭാഗം ആരംഭിച്ചു.
യൂറോപ്പിൽ ഹോമിയോപ്പതിയുടെ പ്രഭാവം കെട്ടടങ്ങിയ ഇരുപതാം നൂറ്റാണ്ടിലാണ് ക്രിസ്ത്യന്‍ മിഷിനറിമാരിലൂടെ ഹോമിയോപ്പതിയുടെ പ്രചാരണം കേരളത്തിൽ ആരംഭിക്കുന്നത്.
1920 ല്‍ തെക്കന്‍ തിരുവിതാംകൂറില്‍ പടര്‍ന്നു പിടിച്ച കോളറ ഫലപ്രദമായി നിയന്ത്രിക്കാന്‍ ഹോമിയോപ്പതി മരുന്നുകള്‍ കൊണ്ട് സാധിച്ചതോടെ അന്നത്തെ രാജാവ് ശ്രീ മൂലം തിരുനാളിന് ഈ വൈദ്യശാസ്ത്ര വിഭാഗത്തോട് വലിയ മതിപ്പുണ്ടായി.
ശ്രീ മൂലം പ്രജാസഭയില്‍ അംഗമായിരുന്ന ഡോ. എംഎന്‍ പിള്ള 1928 ല്‍ സഭയില്‍ അവതരിപ്പിച്ച പ്രമേയം പാസ്സായതോടെ ഹോമിയോപ്പതിക്ക് ഔദ്യോഗിക അംഗീകാരമായി. 1958 ല്‍ ആദ്യ ഗവ.ഹോമിയോ ഡിസ്പെന്‍സറി തിരുവനന്തപുരത്ത് ആരംഭിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates