ജനറല്‍ കംപാര്‍ട്ട്മെന്റിലെ ടോയ്ലറ്റിന് അരികില്‍ മൂക്കുപൊത്തിയിരുന്ന യാത്രകളിൽ നിന്ന് പ്രൈവറ്റ് ജെറ്റിലേക്ക്
ഇന്ത്യൻ വനിതകളുടെ ലോകകപ്പ് വിജയത്തിന്റെ ആരവങ്ങള്‍ കെട്ടടങ്ങിയിട്ടില്ല. റീലുകളിലും തെരുവോരങ്ങളിലും വീടിന്റെ അകത്തളങ്ങളിലുമെല്ലാം വിജയം ആഘോഷിക്കപ്പെടുന്നു. സെമിയിലെ ജെമീമയുടെ തകർപ്പൻ പ്രകടനവും, ഫൈനലിലെ ഷെഫാലിയുടെ സിനിമ തിരക്കഥയെ വെല്ലുന്ന തിരിച്ചുവരവും, ഹര്‍മന്‍പ്രീത് എന്ന നായികയുടെ തലയെടുപ്പും സ്മൃതി മന്ദാനയുടെ സമാനതകളില്ലാത്ത ഫോമും മുതല്‍ ദീപ്തി ശര്‍മയുടെ അണ്‍സങ് ഹീറോയിസം വരെ ആരാധകരുടെ കളി പറച്ചിലുകളിലെ കാര്യങ്ങളാകുന്നു.
ഇതിനിടെ ഒരു റീല്‍ കണ്ണിലുടക്കി. സര്‍ക്കാറിന്റെ സ്വീകരണം ഏറ്റുവാങ്ങാനായി ഡല്‍ഹിയിലേക്ക് പോകുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം. പ്രൈവറ്റ് ജെറ്റിലാണ് യാത്ര. വിജയാഘോഷം ആകാശത്തും തുടരുകയാണ്. എല്ലാവരും പൊട്ടിച്ചിരിക്കുകയും കഥകള്‍ പറയുകയുമൊക്കെ ചെയ്യുമ്പോള്‍ ക്യാമറ ഒരു നിമിഷം നായിക ഹര്‍മന്‍പ്രീതിലേക്ക് തിരിയുന്നുണ്ട്. ഹര്‍മന്‍ ഒരു വാക്കു പോലും പറയുന്നില്ല. ചിരിയുമില്ല.
എകാന്തതയിലേക്ക് നോക്കിയിരിക്കുന്ന ഹര്‍മന്റെ മനസിലൂടെ എന്തായിരിക്കാം ആ നിമിഷം കടന്നു പോയിട്ടുണ്ടാവുക? തന്റെ മുന്‍ഗാമികള്‍ ട്രെയ്‌നില്‍ മൂക്കുപൊത്തിപ്പിടിച്ചിരുന്ന് നടത്തിയ ആ യാത്രയാകുമോ? പരിശീലനത്തിനായി താന്‍ താണ്ടിയിരുന്ന 30 കിലോമീറ്ററിന്റെ യാത്രകളായിരിക്കുമോ?
കാത്തിരുന്ന് കിട്ടിയ ലോകകപ്പ് കൈയ്യിലെത്തിയപ്പോള്‍ നായിക ഹര്‍മന്‍പ്രീത് കൗറും ഉപനായിക സ്മൃതി മന്ദാനയും നയിക്കുന്ന, ഇന്ത്യന്‍ ടീം നേരെ പോയത് മുന്‍നായികമാരായ മിതാലി രാജിനും ജുലന്‍ ഗോസ്വാമിക്കും അഞ്ജും ചോപ്രയ്ക്കും അരികിലേക്കാണ്. ഇതാ നിങ്ങള്‍ക്കായി ഞങ്ങളത് നേടിയിരിക്കുന്നുവെന്ന് പറഞ്ഞ് ഹര്‍മനും സംഘവും ലോകകപ്പ് അവരുടെ കൈകളിലേക്കാണ് വച്ചു കൊടുത്തത്. മിതാലി ലോകകപ്പിനെ വാരി പുണര്‍ന്നു, ശേഷം ആകാശത്തേക്ക് ഉയര്‍ത്തിപ്പിടിച്ചു. തള്ളക്കോഴി മക്കളെയെന്ന പോലെ, തന്റെ ചിറകിനടയില്‍ കൊണ്ടു നടന്നിരുന്ന ഹര്‍മനേയും സ്മൃതിയേയും ജുലന്‍ ഗോസ്വാമി ഒരിക്കല്‍ കൂടി ചേര്‍ത്തുപിടിച്ചു. ആ കണ്ണുകള്‍ നിറഞ്ഞൊഴുകയായിരുന്നു. അഞ്ജും ചോപ്ര ഹര്‍മനെ കെട്ടിപ്പിടിച്ചു.
ലോറ വുള്‍വര്‍ട്ട് നയിക്കുന്ന ദക്ഷിണാഫ്രിക്കയുടെ ഗോള്‍ഡന്‍ ജനേറഷനെ പരാജയപ്പെടുത്തി ഇന്ത്യ ലോകകപ്പ് നേടുന്നതിന് സാക്ഷ്യം വഹിക്കാന്‍ രണ്ട് പേര്‍ കൂടിയുണ്ടായിരുന്നു ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ആ രാവില്‍. മുന്‍ ഇന്ത്യന്‍ നായികമാരായ ശാന്ത രംഗസ്വാമിയും ഡയാന എഡള്‍ജിയും. ഇന്ത്യയുടെ ആദ്യ നായികയാണ് ശാന്ത രംഗസ്വാമി. ഇന്ത്യയെ ആദ്യ ടെസ്റ്റ് വിജയത്തിലേക്ക് നയിച്ച നായിക. ഇന്ത്യയെ ആദ്യ ലോകകപ്പിലേക്ക് നയിച്ച നായികയാണ് ഡയാന എഡള്‍ജി.
ഇന്ത്യയുടെ ഇന്നത്തെ ലോകകപ്പ് വിജയത്തിനൊരു തട്ടുപൊളിപ്പന്‍ ബോളിവുഡ് പടത്തിന്റെ ചന്തമുണ്ട്. പാടി നടക്കാന്‍ ആവേശം കൊള്ളിക്കുന്ന തിരിച്ചുവരവ് കഥകളുണ്ട്. 2025 ലെ വിശ്വവിജയത്തെ ആഘോഷിക്കുമ്പോള്‍ അതിലേക്കുള്ള തുടക്കത്തിലെത്താന്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും നൂൽ പിടിക്കുന്നത് നേരെ 2017 ലേക്കാണ്. ഫൈനലില്‍ ഇംഗ്ലണ്ടിനോട് തോറ്റുവെങ്കിലും, ഇന്ത്യയില്‍ വനിതാ ക്രിക്കറ്റിനൊരു മേല്‍വിലാസമുണ്ടാക്കിക്കൊടുത്ത ആ ലോകകപ്പിലേക്ക്. അന്ന് മിതാലിക്കും ജുലനുമൊപ്പമുണ്ടായിരുന്നവരില്‍ മൂന്ന് പേര്‍ ഇന്നത്തെ വിജയസംഘത്തിലുമുണ്ട്. ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ദാന, ദീപ്തി ശര്‍മ. എന്നാല്‍ ക്രിക്കറ്റിലെ ഇന്ത്യന്‍ വനിതകളുടെ യാത്രയാരംഭിക്കുന്നത് അതിനും എത്രയോ വര്‍ഷങ്ങള്‍ മുമ്പാണ്.
1983 ലാണ് കപിലിന്റെ ചെകുത്താന്മാര്‍ ഇന്ത്യയ്ക്ക് ആദ്യ ലോകകപ്പ് നേടിത്തരുന്നത്. അതികായന്മാരായ വിന്‍ഡീസ് പടയെ തകര്‍ത്ത് കപിലും സംഘവും നേടിത്തന്ന ആ ലോകകപ്പ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ മാത്രമല്ല ഇന്ത്യയുടെ കായിക ചരിത്രത്തെ തന്നെ രണ്ടായി തിരിച്ചതാണ്. അതിനും അഞ്ച് വര്‍ഷം മുമ്പ് ഇന്ത്യയൊരു വനിതാ ലോകകപ്പിന് വേദിയായി മാറിയിരുന്നു. 1978 ല്‍. അന്ന് ഇന്ത്യയെ നയിച്ചത് ഡയാന എഡള്‍ജിയായിരുന്നു. അതിനും അഞ്ച് വര്‍ഷം മുമ്പ് 1973 ലാണ് ഇന്ത്യയില്‍ വനിതകളുടെ ക്രിക്കറ്റിനായി ഒരു സംഘടനയുണ്ടാകുന്നത്, വിമന്‍സ് ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (WCAI). അതൊരു പേരിനുമാത്രം സംഘടനയായിരുന്നു. വനിതകളുടെ ക്രിക്കറ്റ് ഒരു പ്രൊഫഷണല്‍ ഗെയിം ആയി പോലും അംഗീകരിക്കപ്പെടാതിരുന്ന കാലം. ഡയാനയും ശ്വേതയുമൊക്കെ നേരിടേണ്ടി വന്നത് കളിക്കളത്തിലെ എതിരാളികളെ മാത്രമായിരുന്നില്ല, പെണ്ണുങ്ങളെന്തിന് ക്രിക്കറ്റ് കളിക്കുന്നുവെന്ന് ചോദിച്ചിരുന്ന, അങ്ങനൊരു ടീം ഉണ്ടെന്ന് പോലും അറിയാതിരുന്ന സമൂഹത്തോട് കൂടിയായിരുന്നു.
പ്രൊഫഷണല്‍ സംവിധാനങ്ങളൊന്നും തന്നെ ഇന്ത്യയ്ക്കുണ്ടായിരുന്നില്ല. കളികളും കുറവ്. ഉള്ളപ്പോഴാകട്ടെ മതിയായ പരിശീലനമോ സൗകര്യങ്ങളോയില്ല. സ്വന്തം കാശ് മുടക്കിയായിരുന്നു യാത്രകളെല്ലാം. ട്രെയ്നിലെ ജനറല്‍ കംപാര്‍ട്ട്മെന്റിലെ ടോയ്ലറ്റിന് അരികില്‍ മൂക്കുപൊത്തിയിരുന്നു ചെയ്ത യാത്രകളെക്കുറിച്ച് അവര്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ടാകും. 76-ലാണ് ഇന്ത്യ ആദ്യമായി വിദേശ പര്യടനം നടത്തുന്നത്. ന്യൂസിലാന്‍ഡിലായിരുന്നു അത്. യാത്ര ചെലവിന് പുറമെ താമസസൗകര്യവും താരങ്ങള്‍ തന്നെ കണ്ടെത്തണമായിരുന്നു. ന്യൂസിലാന്‍ഡിലുള്ള ഇന്ത്യക്കാരുടെ വീടുകളിലായിരുന്നു താമസം. അത് പിന്നെ വിദേശ പര്യടനങ്ങളിലൊരു പതിവായി മാറി.
നില്‍ക്കാനൊരു ഇടം പോലുമില്ലാത്തവരെങ്ങനെയാണ് കളി ജയിക്കുക? 1978 മുതല്‍ 1997 വരെയുള്ള ലോകകപ്പുകളിലൊന്നും ഇന്ത്യ ഗ്രൂപ്പ് ഘട്ടം കടന്നില്ല. പക്ഷെ ആദ്യ ലോകകപ്പിന് രണ്ട് പതിറ്റാണ്ടിപ്പുറം 1997 ല്‍ ഇന്ത്യ വീണ്ടും ലോകകപ്പ് വേദിയായി. ഇത്തവണ സെമിയിലുമെത്തി. അപ്പോഴേക്കും കപിലിന്റെ ചെകുത്താന്മാര്‍ നേടിയ വിജയം പുരുഷ ക്രിക്കറ്റില്‍ ഇന്ത്യയെ ലോകത്തെ കരുത്തരാക്കിയിരുന്നു.
പണ്ട് എയര്‍ ഇന്ത്യയോട് കടം പറഞ്ഞ് ലോകകപ്പിന് പോയ ടീം സമ്പന്നതയിലേക്ക് കുതിക്കുകയായിരുന്നു. ക്രിക്കറ്റ് ഇന്ത്യയിലൊരു മതമായി മാറിയിരുന്നു. അതിന്റെ ദൈവമായി സച്ചിന്‍ അവതാരപ്പിറവിയെടുത്തിരുന്നു. എന്നാൽ, 1997 ലും ഇന്ത്യന്‍ വനിതകളുടെ ലോകകപ്പ് മത്സരങ്ങള്‍ ആളൊഴിഞ്ഞ ഗ്യാലറികള്‍ക്ക് മുമ്പില്‍ തന്നെയായിരുന്നു. അന്നൊക്കെ നമ്മളെവിടെയായിരുന്നു?
2017 ല്‍ ഇന്ത്യയെ ഫൈനലിലെത്തിച്ച മിതാലി രാജ് അതിന് മുമ്പും ആ നേട്ടം സ്വന്തമാക്കിയിരുന്നു. 2005 ല്‍. ഗാംഗുലിയുടെ നേതൃത്വത്തിലുള്ള പുരുഷന്മാരുടെ ഫൈനലില്‍ ഓസ്ട്രേലിയയോട് പരാജയപ്പെട്ടതിന് രണ്ടു വര്‍ഷമിപ്പുറം. അന്ന് ഇന്ത്യന്‍ ക്രിക്കറ്റിന്റെ നല്ലകാലം. അന്നും പക്ഷേ, വനതികളുടെ ക്രിക്കറ്റ് പടിക്ക് പുറത്തായിരുന്നു.
2006 ല്‍ മാത്രമാണ് വനിതകളുടെ ക്രിക്കറ്റ് ടീം ബിസിസിഐയുടെ കീഴിലേക്ക് വരുന്നത്. അതും ഐസിസിയുടെ നിയമത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി. 2005ല്‍ ഇന്ത്യ ലോകകപ്പ് കളിക്കാന്‍ ഒരുങ്ങുമ്പോഴും ഇന്ത്യയ്ക്ക് സ്പോണ്‍സര്‍മാരുണ്ടായിരുന്നില്ല. അന്നും മിതാലിയും കൂട്ടുകാരും സഞ്ചരിച്ചിരുന്നത് ജനറല്‍ കംപാര്‍ട്ട്മെന്റിലായിരുന്നു. മതിയായ പരിശീലനമോ, സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. ഭക്ഷണം പോലും!
2005 ല്‍ ലോകകപ്പിന് പോകാനുള്ള പണം ഇന്ത്യന്‍ ടീമിന് കണ്ടെത്തി നല്‍കുന്നത് നടി മന്ദിര ബേദിയാണ്. ബോളിവുഡ് നടിയായ മന്ദിര ഇന്ത്യയിലെ ആദ്യ വനിതാ സ്പോര്‍ട്സ് അവതാരകരിൽ ഒരാളായിരുന്നു. പേരുകേട്ട ക്രിക്കറ്റ് ഇതിഹാസങ്ങളടക്കം തന്നെ അധിക്ഷേപിച്ചതിന്റെ അനുഭവങ്ങളുണ്ട് മന്ദിരയ്ക്ക്. പെണ്ണായതു കൊണ്ട് മാത്രം താന്‍ നേരിടേണ്ടി വന്ന അവഹേളനങ്ങള്‍ ഇന്നും അവര്‍ മറന്നുകാണില്ല. അതുകൊണ്ട് മിതാലിയുടേയും സംഘത്തിന്റേയും ഉള്ളിടിപ്പ് അവര്‍ക്ക് മനസിലാകുമായിരുന്നു.
താന്‍ ബ്രാൻഡ് അംബാസിഡറായ ഡയമണ്ട് നിര്‍മാതാക്കളോട് തനിക്ക് പ്രതിഫലമായി ഒന്നും വേണ്ടെന്നും ആ തുകയത്രയും ഇന്ത്യന്‍ വനിത ടീമിന് നല്‍കണമെന്നും മന്ദിര ബേദി ആവശ്യപ്പെട്ടു. അക്കാലത്ത് തന്നെ തേടി വന്ന പരസ്യങ്ങളുടെയെല്ലാം പ്രതിഫലം അവര്‍ ഇന്ത്യന്‍ ടീമിനായി മാറ്റിവച്ചു. ഫൈനലിലെത്തിയെങ്കിലും അന്നും മിതാലിയുടെ ടീം വിജയിച്ചില്ല. കാലം പിന്നെയുമൊഴുകി. ഇതിനിടെ പല വിജയങ്ങളും പരാജയങ്ങളും വന്നുപോയി. വിജയങ്ങള്‍ ആഘോഷിക്കാനോ പരാജയങ്ങളില്‍ ചേര്‍ത്തുപിടിക്കാനോ ആരുമുണ്ടായില്ല.
2007 ലും 2011 ലും ഇന്ത്യയുടെ പുരുഷന്മാര്‍ ലോകകപ്പ് നേടി. ആദ്യം ട്വന്റി-20യിലും പിന്നീട് ഏകദിനത്തിലും. ഇതിനിടെ ലോകക്രിക്കറ്റിനെ തന്നെ ഇന്ത്യയുടെ കൈക്കുമ്പിളിലേക്ക് എത്തിച്ച ഐപിഎല്ലും പിറന്നിരുന്നു. പക്ഷെ അപ്പോഴൊന്നും നമ്മളാരും വനിതകളുടെ ക്രിക്കറ്റിനെക്കുറിച്ച് ചിന്തിച്ചതു പോലുമില്ല. ആളൊഴിഞ്ഞ പ്രസ് മീറ്റില്‍ നിന്നും മിതാലി ഇറങ്ങിപ്പോകുന്നതും ഈ കാലത്താണ്.
അവഗണനകള്‍ ഒരുനാള്‍ മിതാലി രാജിന്റെ വിഖ്യാതമായ ശാന്തതയേയും ഭേദിച്ചു. 2017 ലെ ലോകകപ്പിന് മുന്നോടിയായുള്ള പ്രസ് മീറ്റില്‍. ആരാണ് ഇഷ്ടപ്പെട്ട പുരുഷ ക്രിക്കറ്റ് താരമെന്ന ചോദ്യത്തിന് മുന്നില്‍ മിതാലിയ്ക്ക് നിയന്ത്രണം നഷ്ടമായി. ഈ ചോദ്യം നിങ്ങള്‍ ഏതെങ്കിലും പുരുഷ താരത്തോട് ചോദിക്കുമോ? എന്നായിരുന്നു മിതാലിയുടെ മറുചോദ്യം. മിതാലിയുടെ അന്നത്തെ മറുപടി കുറഞ്ഞപക്ഷം മാധ്യമങ്ങളെയെങ്കിലും വനിതാ ലോകകപ്പ് ശ്രദ്ധിക്കാന്‍ പ്രേരിപ്പിച്ചുവെന്നത് വസ്തുതയാണ്. ആ ലോകകപ്പിലാണ് ഹര്‍മന്‍പ്രീത് സെമിയില്‍ വെറും വയറ്റില്‍ ഓസ്ട്രേലിയയ്ക്കെതിരെ 171 റണ്‍സ് നേടുന്നത്. കപിലിന്റെ 83 ലെ സെമിഫൈനല്‍ ഇന്നിങ്സിനോടാണ് ഹര്‍മന്റെ അന്നത്തെ ബാറ്റിങ് ഉപമിക്കപ്പെട്ടത്.
ആ ലോകകപ്പ് പരാജയപ്പെട്ടുവെങ്കിലും മിതാലിയും സംഘവും ഇന്ത്യയില്‍ പറന്നിറങ്ങുമ്പോള്‍ സ്വീകരിക്കാനായി എയര്‍പോര്‍ട്ടില്‍ ആരാധകരുണ്ടായിരുന്നു. വഴിനീളെ അവരുടെ വരവും കാത്തു നില്‍ക്കുന്നവരുണ്ടായിരുന്നു. 2004 ല്‍ ആരംഭിച്ച കരിയറില്‍ മിതാലി ആദ്യമായിട്ടാണ് അതുപോലൊരു സ്വീകരണത്തിന് സാക്ഷ്യം വഹിക്കുന്നത്. പിന്നീടുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റേയും ലോക വനിത ക്രിക്കറ്റിന്റേയും ഉയര്‍ച്ചയും വളര്‍ച്ചയുമെല്ലാം നമ്മളുടെ കണ്‍മുന്നിലുണ്ട്. അതിന്ന് ഒരു ലോകകപ്പ് വിജയത്തിലേക്ക് പരിണമിച്ചിരിക്കുകയാണ്.
പോകാന്‍ നമുക്കേറെ ദൂരം ഇനിയുമുണ്ട്. ഈ വിജയം ആഘോഷിക്കപ്പെടണം. മറ്റേതൊരു വിജയത്തേക്കാളും മുകളിലായി തന്നെ. കാരണം ഇത് ഒരു ടീമിന്റെയോ ഒരു ടൂര്‍ണമെന്റിന്റെയോ മാത്രം വിജയമല്ല. വര്‍ഷങ്ങളായുള്ള സ്ത്രീകളുടെ പോരാട്ടത്തിന്റെ വിജയമാണ്. അപ്പോള്‍ അതിനായി വെയിലു കൊണ്ടവരേയും മഴ നനഞ്ഞവരേയും നമ്മള്‍ ഓര്‍ക്കണം. ഒപ്പം, നമ്മളിതുവരെ എവിടെയായിരുന്നുവെന്നും.
ദീപ്തി ശര്‍മയുടെ പന്തില്‍ ഇന്ത്യന്‍ നായിക ഹര്‍മന്‍പ്രീതിന്റെ കയ്യിലൊരു ക്യാച്ച് നല്‍കി അവസാന ദക്ഷിണാഫ്രിക്കന്‍ ബാറ്ററും മടങ്ങുന്നു. വിശ്വ വിജയത്തിന്റെ ആഹ്ലാദത്തില്‍, ഇരു കൈകളും വിടര്‍ത്തി ഹര്‍മന്‍ ഓടുകയാണ്. ആദ്യം ഓടി അരികിലെത്തിയ റിച്ച ഘോഷിനേയും രേണുക സിങ്ങിനേയും ദീപ്തിയേയും ഹര്‍മന്‍ വാരിപ്പുണരുമ്പോള്‍ ഇഷാന്‍ ബിഷപ്പിന്റെ കമന്ററി ഇങ്ങനെയായിരുന്നു: '' A Victory that will ignite the nation and will create a legacy for generations of young women to follow''.
ഈ വിജയം ബാറ്റും പന്തുമെടുക്കാന്‍ ഒരുപാട് പെണ്‍കുട്ടികളെ പ്രേരിപ്പിക്കും. പതിവിന് വിപരീതമായി, കുറച്ചെങ്കിലും അച്ഛനമ്മമാരെങ്കിലും പെണ്‍പിള്ളേരുടെ കളിയല്ല ക്രിക്കറ്റ് എന്ന് വിലക്കാതെ കൂടെ നില്‍ക്കും. ഹര്‍മനും സ്മൃതിക്കും ദീപ്തിക്കും ജെമീമക്കും ഷെഫാലിക്കുമെല്ലാം പിന്‍ഗാമികളുണ്ടാകും.
The Indian women's cricket team has overcome a history of severe neglect to achieve its World Cup victory
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

