Chichen Itza ,KV Praveen
Chichen Itza is known for its stunning Maya architecture, and its status as one of the New 7 Wonders of the World and a UNESCO World Heritage Site.KV Praveen

സത്യത്തില്‍, മായന്മാര്‍ക്ക് എന്തായിരിക്കും സംഭവിച്ചത്?

ലോകമഹാത്ഭുതങ്ങളായി എണ്ണപ്പെട്ട ഏഴെണ്ണത്തിൽ ഒന്നായ, ലോകപൈതൃക പട്ടികയിൽ സ്ഥാനമുള്ള, ചീച്ചൻ ഇറ്റ്സയിലേക്കുള്ള യാത്ര. മനുഷ്യവികാസ ചരിത്രത്തിലെ നി‍ർണ്ണായകമായ കാലഘട്ടത്തെ അടുത്തുകണ്ടറിഞ്ഞ അനുഭവം നോവലിസ്റ്റും കഥാകൃത്തുമായ കെ വി പ്രവീൺ എഴുതുന്നു.
Published on

“ഇതൊന്നും ഒന്നുമല്ല. ഓഗസ്റ്റില്‍ ഒക്കെ 120 ഡിഗ്രി ഫാരന്‍‌ഹീറ്റ് വരെ പോകും ചൂട്” ഞങ്ങള്‍ പത്തിരുപതു പേരുടെ ഗൈഡ് പറഞ്ഞു. ബസ്സില്‍ നിന്നിറങ്ങിയിട്ട് പത്തു മിനിട്ട് ആവുന്നതെയുളളൂ. പക്ഷെ, തൊലിയൊക്കെ ഇതിനകം തന്നെ പുകഞ്ഞു തുടങ്ങിയിട്ടുണ്ട്.

കുട്ടികള്‍ രണ്ടു പേരും എപ്പോഴാണ് തിരിച്ച് ബസിനകത്തെ തണുപ്പിലേക്ക് തിരിച്ചു പോകാന്‍ ബഹളം കൂട്ടുക എന്നറിയില്ല. വിസിറ്റേഴ്സ് ഓഫീസും കവാടവും ഒക്കെ കടന്ന്, മണ്‍പാതയിലൂടെ നടന്നു തുടങ്ങി. ഇരു വശത്തും വഴിയോരക്കച്ചവടക്കാരുടെ ചെറിയ ടെന്റുകള്‍, കണ്ണെത്തുന്നിടത്തൊക്കെ ചെറുതും വലുതുമായ പാറക്കല്ലുകള്‍, നീണ്ടു മെലിഞ്ഞ മരങ്ങള്‍.

Chichen Itza ,KV Praveen
ലക്ഷദ്വീപിന്റെ രണ്ട് ഇന്റര്‍നെറ്റ് കാലങ്ങള്‍

“ഹൗ ഈസ് മോദിജി?” ഇന്ത്യക്കാരെ കണ്ടിട്ടാവണം ഒരു കച്ചവടക്കാരന്‍ വിളിച്ചു ചോദിക്കുന്നു. കുട്ടികള്‍ ചിരിച്ചു. ഞാന്‍ ഞങ്ങള്‍ക്ക് മുന്‍പ് ഇവിടം സന്ദര്‍ശിച്ചിരിക്കാനിടയുളള നാട്ടുകാരെ ഓര്‍ത്തു.

മരങ്ങള്‍ക്കിടയിലൂടെയുളള നടപ്പായതു കാരണം ഇപ്പോള്‍ വെയില്‍ അത്ര ബാധിക്കുന്നില്ല. ലോകത്തിലെ ഏഴ് അത്ഭുതങ്ങളില്‍ ഒന്നിനെ അടുത്ത് കാണാനുളള നടപ്പാണ്. സപ്താത്ഭുതങ്ങള്‍ ഓരോന്നായി ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. കോളോസിയവും, മാച്ചുപിച്ചുവും, താജ്മഹലും, വന്മതിലും ഒക്കെ വേഗം ഓര്‍മ വരും. പക്ഷേ, റിഡീമറും, പെട്രയും വിട്ടു പോകും. പിന്നെയുളളതാണ് ഇപ്പോള്‍ കാണാന്‍ പോകുന്ന ചീച്ചൻ ഇറ്റ്സ (Chichen Itza).

മായൻ സംസ്കാര കാലത്ത് നിർമ്മിക്കപ്പെട്ട, ഇപ്പോഴത്തെ മെക്സിക്കോയില്‍ സ്ഥിതിചെയുന്ന ചരിത്രനഗരം. ഇരുപതിലധികം മായന്‍ സംസ്കാരാവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുളള ഈ ചരിത്രപ്രദേശത്തിന് ലോകപൈതൃക പട്ടികയിലും സ്ഥാനം ഉണ്ട്.

Chichen Itza
Chichen ItzaKV Praveen

“ഏതാണ്ട് ബി സി 2000 മുതല്‍ ഏ ഡി 900 വരെ ഇപ്പോഴത്തെ മെക്സിക്കോയിലും സമീപ പ്രദേശത്തുമൊക്കെ ജീവിച്ചിരുന്ന ജനതയായിരുന്നു മായന്മാര്‍.” ചരിത്രബോധം കുറഞ്ഞ ഞങ്ങളെ ഓര്‍മിപ്പിക്കാന്‍ ഗൈഡ് പറഞ്ഞു. ഞങ്ങളെ പോലെ വേറെയും കൂട്ടങ്ങള്‍ വഴികാട്ടികളുടെ സഹയത്തോടെ നടക്കുന്നുണ്ട്. ഏതാണ്ട് 25 ലക്ഷം സന്ദര്‍ശകര്‍ ഒരു വര്‍ഷം ഈ പ്രദേശത്ത് വരുന്നുണ്ടെന്നാണ് കണക്ക്. “പരുത്തി, മരച്ചീനി, ചോളം, മധുരക്കിഴങ്ങ്, പയറ്‌വർഗ്ഗങ്ങൾ തുടങ്ങിയവയായിരുന്നു പ്രധാന കൃഷികൾ. അവർ എഴുത്ത് വശമുള്ളവരായിരുന്നു.” മായന്മാരുടെ സുവര്‍ണകാലത്തെ കുറിച്ച് ഗൈഡ് വാചാലനായി.

ഞങ്ങളുടെ നടപ്പു പാത ഇപ്പോള്‍ വിശാലമായ ഒരു മൈതാനത്തിലേക്ക് ചേര്‍ന്നു. വഴിയരികിലെ കടകളിലൊന്നില്‍ കൗതുകം കണ്ടെത്തിയ കുട്ടികളെ ഞാന്‍ മുന്നോട്ട് തളളി നീക്കി. അത്തരം കൗതുകങ്ങള്‍ക്ക് തിരിച്ചു വരുമ്പോള്‍ ധാരാളം സമയം കിട്ടും.

“ഇതായിരുന്നു മായന്മാരുടെ കലണ്ടര്‍!”

1500 വർഷം പഴക്കമുളള, നാലു വശത്തും 91 പടികളും ഏറ്റവും മുകളിലെ പരന്ന പ്രതലവും കൂട്ടി 365 പടികളുളള, പിരമിഡെന്നോ, ഗോപുരമെന്നോ, ഒക്കെ വിളിക്കാവുന്ന മായന്‍ നിര്‍മ്മിതി.

Chichen Itza ,KV Praveen
തോല്‍വി, നിരാശ, കിരീടം... മൈതാനത്തെ ചില ഏകാന്ത മനുഷ്യരും!

വിതയ്ക്കും, കൊയ്ത്തിനും, ഉത്സവങ്ങള്‍ക്കും, മറ്റ് വിശേഷ ദിവസങ്ങള്‍ക്കുമൊക്കെയുളള അവരുടെ സമയഘടികാരം. മായന്മാരുടെ ജീവ സ്രോതസ്സായിരുന്ന സെനോട്ടെ (cenote) എന്നു വിളിക്കുന്ന ജല അറയ്ക്ക് മുകളിലാണ് പിരമിഡ് പണിതിരിക്കുന്നത്. കൂകൂള്‍ക്കാന്‍ (kukulcan) എന്ന സര്‍പ്പമാണ് ആരാധനാ മൂര്‍ത്തി. കൂകൂള്‍ക്കാന്‍ തൂവലുകളുളള സര്‍പ്പമാണ്. മായന്മാരുടെ സൃഷ്ടി-സംഹാര മൂര്‍ത്തി.

“തൂവലുകള്‍ സ്വര്‍ഗത്തെ കുറിക്കുന്നു; സര്‍പ്പം ഭൂമിയേയും.” ഗൈഡ് പറഞ്ഞു. “സര്‍പ്പം ചാക്രികമായ കാലത്തേയും സൂചിപ്പിക്കുന്നു.” രാപ്പകലുകള്‍ സമമായ ദിവസങ്ങളില്‍ (equinox) നിഴലുകള്‍ ഒരു സര്‍പ്പം, പിരമിഡിന്റെ പടവുകള്‍ ഇറങ്ങി വരുന്ന പ്രതീതി സൃഷ്ടിക്കുമത്രെ. “ഇപ്പോഴും നൂറു കണക്കിന് ആളുകള്‍ അത്തരം ദിവസങ്ങളില്‍ പടിയിറങ്ങി വരുന്ന നാഗത്തെ കാണാന്‍ ഇവിടെ തടിച്ചു കൂടാറുണ്ട്” ഗൈഡ് പറഞ്ഞു നിര്‍ത്തി.

താൽപ്പര്യമുണ്ടെങ്കില്‍ ഭൂമിയിലും ആകാശത്തുമായി വിരാജിക്കുന്ന ഒരു നാഗദൈവത്തെ മനസ്സില്‍ കാണാനും, ആദിമ മനുഷ്യന്‍ ഈ കാല പ്രപഞ്ചത്തെ നേരിടാന്‍ കെൽപ്പ് നേടിയ അനേകം വഴികളെപറ്റി ആലോചിക്കാനും ഞങ്ങളെ വിട്ട് ഗൈഡ് തൊണ്ട നനയ്ക്കാന്‍ പിന്‍വാങ്ങി. കലണ്ടര്‍ പിരമിഡിന് ചുറ്റും നടന്ന് ആളുകള്‍ ഫോട്ടോയെടുപ്പ് തുടങ്ങി.

Chichen Itza
Chichen Itza KV Praveen

വെയില്‍ തിളക്കുന്ന പടികള്‍ നോക്കി നിന്നപ്പോള്‍ ചാക്രികമായ സമയത്തെക്കുറിച്ച് വെറുതെ ആലോചിച്ചു. മുന മടങ്ങിയ, നിശ്ചലമായ സമയത്തിന്റെ അമ്പ് (arrow of time) ചിന്തകളില്‍ സജീവമായി നില്‍ക്കാന്‍ ഒരു കാരണം കൂടിയുണ്ടായിരുന്നു. കുറച്ച് ദിവസം മുന്‍പ് വായിച്ചു തീര്‍ത്ത സോള്‍‌വെജ് ബാല്ലെ (Solvej Balle) യുടെ നോവല്‍. ‘How to calculate volume’.

സമയം/കാലം ഒരു നവംബർ 18-ൽ തറഞ്ഞു നിന്നു പോകുന്ന വിചിത്രാവസ്ഥ അഭിമുഖീകരിക്കുകയാണ് ആ നോവലിലെ താര എന്ന കഥാപാത്രം. അപൂർവ്വങ്ങളായ പുരാതന പുസ്തകങ്ങളുടേയും നാണയങ്ങളുടേയും വില്‍പ്പനക്കാരാണ് താരയും ഭർത്താവ് തോമസും. ഒരു തവണ പാരീസിൽ തോമസില്ലാതെ ഒരു ഹോട്ടൽ മുറിയിൽ ഉറക്കമെണീക്കുമ്പോഴാണ് സമയം നിശ്ചലമായത് താര തിരിച്ചറിയുന്നത്.

നവംബർ 19-ലെ പ്രഭാതത്തിനു പകരം 18 അവൾക്കു മുന്നിൽ ഒരു മാറ്റവുമില്ലാത, തലേ ദിവസത്തിന്റെ കോപ്പിയായി ആവർത്തിക്കുന്നു. കൂടുതൽ വിചിത്രമായ അവസ്ഥ, അവളൊഴിച്ച് മറ്റൊരാളും ഇതൊരു പുതിയ ദിവസമല്ലെന്നും 18 അവസാനമില്ലാതെ ആവർത്തിക്കുകയാണെന്നും അറിയുന്നില്ല. അവരെ സംഭവിച്ചിടത്തോളം ആ ദിവസം 18 തന്നെയാണ്. അഥവാ, തലേന്നത്തെ 18-ന്റെ ഓർമകൾ അവർക്ക് നഷ്ടപ്പെട്ടിരിക്കുന്നു. താരയ്ക്കു മാത്രമാണ് സമയത്തിന്റെ ഈ തകിടം മറിച്ചൽ അനുഭവിക്കാൻ കഴിയുന്നത്. മറ്റു മനുഷ്യർ മറവിയുടെ അനുഗ്രഹത്താൽ തങ്ങളുടെ നവംബർ 18 എല്ലാ ദിവസവും പുതിയതു പോലെ ജീവിക്കുന്നു...

Chichen Itza ,KV Praveen
'റോൾ' കുറഞ്ഞ് കേരളം, അയൽക്കാർ സൂപ്പർ ഹീറോസ്!

“ടൈം ടു ഗോ” ഞങ്ങളെ തെളിച്ചു കൊണ്ടു പോകാന്‍ ഗൈഡ് വീണ്ടും വന്നു. “എന്തു മിടുക്കന്മാരായിരുന്നു, എത്ര നല്ല മനുഷ്യരായിരുന്നു ഈ മായന്മാർ എന്നു നിങ്ങളില്‍ ചിലരെങ്കിലും കരുതുന്നുണ്ടാകും. എങ്കിൽ പിന്നെ ആ മായന്മാർക്കെന്തു പറ്റി, ചരിത്രത്തിൽ? വാട്ട് ഹാപ്പൻഡ് ടു ദ മായന്‍ പീപ്പിൾ?” തന്റെ സ്പാനിഷ് കലർന്ന ഉച്ചാരണത്തിൽ ഗൈഡ് പാതി ഇറുക്കിയ കണ്ണുകളോടെ ചോദിച്ചു.

ഞങ്ങളുടെ കൂട്ടത്തിലെ ഒരു കൊച്ചു പെൺകുട്ടി ആ ചോദ്യം ആവർത്തിച്ചു:

“വാട്ട് ഹാപ്പന്‍ഡ് ടു ദ മായാ പീപ്പ്ൾ?!”

ഞങ്ങളെ ഗൈഡ് തെളിച്ചു കൊണ്ടു പോയത് ഒരു പന്തു കളി സ്ഥലത്തേക്കായിരുന്നു. ദ ഗ്രെയ്റ്റ് ബാൾ കോർട്ട്. രണ്ടറ്റത്തും വിശാലമായ ചുമരുകളുളള, ലോഹ വളയങ്ങൾ പിടിപ്പിച്ച, മൈതാനം. 166x 68 മീറ്റർ വിസ്തൃതിയില്‍ വിശാലമായ ബോൾകോർട്ടാണ്” ഒരു വശത്ത് കളി കാണാൻ വന്നിരിക്കുന്നവര്‍ക്കുളള എടുപ്പുണ്ട്. “സോക്കറിനോട് സാമ്യമുളള, ഭാരമുളള റബർപ്പന്തു കൊണ്ടുളള കളിയായിരുന്നു അവരുടേത്. കൈകൾ ഉപയോഗിക്കുന്നന്ത് നിഷിദ്ധമായിരുന്നു കളിയില്‍. ലോഹവളയത്തിനുള്ളിലൂടെ പന്തിടുന്നവരായിരുന്നു വിജയികൾ. ചുമരില്‍ ആറ് വിജയികൾ തോറ്റവരുടെ അറുത്ത തലകൾ പ്രദർശിപ്പിച്ചു കൊണ്ടു നിൽക്കുന്ന ശിൽപ്പവേല കാണാം. ചുമരിൽ കണ്ട ചിത്രപ്പണികളും വരകളും സൂചിപ്പിക്കുന്നത് തോറ്റവരെ ബലി കൊടുത്തിരുന്നു എന്നാവണം.” ഗൈഡ് പറയുന്നു. ഉയർത്തിക്കെട്ടിയ എടുപ്പിൽ ഒരു ഗ്രാമം കൈയേറി നിൽക്കുന്ന യോദ്ധാക്കളുടെ ചിത്രപ്പണിയുണ്ട്. കടുവകളുടെ മുദ്ര -- temple of the Jaguar

Chichen Itza
Chichen Itza KV Praveen

“നിങ്ങള്‍ ഈ മൈതാനത്തിന്റെ ശബ്ദസംവിധാനം ശ്രദ്ധിച്ചോ? ഒരറ്റത്തു നിന്ന് എന്തെങ്കിലും പിറുപിറുത്താൽ പോലും വ്യക്തമായി മറ്റേയറ്റത്ത് കേൾക്കാം.” ഗൈഡ് പറയുന്നു. പക്ഷേ, അടക്കിപ്പിടിച്ച രക്തദാഹമാണ് സത്യത്തില്‍ തിരിച്ചറിയാൻ കഴിയുന്നത്. ക്രൂരതയുടെ, സംഹാരത്തിന്റെ ചരിത്രവേലകൾ. ഇവിടെയും കാണാം തലയോട്ടികൾ. വഴിയോരക്കച്ചവടക്കാരുടെ കൂടാരങ്ങളിലും പെയിന്റടിച്ച് മിനുക്കിയ തലയോട്ടികൾ ശ്രദ്ധിച്ചിരുന്നു. ഇപ്പോൾ വ്യക്തമായി തിരിച്ചറിയാനാവുന്നുണ്ട്. പ്രകൃത്യാരാധകരും, സൂര്യവെളിച്ചം ധ്യാനിച്ചിരുന്ന ശാന്ത സ്വഭാവികളും മാത്രമായിരുന്നില്ല മായന്മാർ. ശത്രുക്കളുടേയും, ബലികൊടുക്കുന്നവരുടേയും, തലയോട്ടികൾ അലങ്കാര വസ്തുക്കളായും, പൂജാവിഭവങ്ങളാായും ഒക്കെ സൂക്ഷിച്ചിരുന്ന ക്രൂരന്മാരുമായിരുന്നു.

അതേ അക്രമ വാസനയാകണം അവരുടെ നാശത്തിനും കാരണമായത് എന്നൂഹിക്കാൻ പ്രയാസമില്ല. ഗൈഡ് പറയുന്നതനുസരിച്ച് പരസ്പരം കൊന്നു വീഴ്ത്താൻ തക്കം നോക്കി നിൽക്കുന്ന പല വിഭാഗങ്ങൾ, അധികാരം പിടിച്ചടക്കാനെത്തുന്ന അയൽ പ്രവിശ്യകൾ. പക്ഷെ, എല്ലാത്തിനും മുകളിൽ നിർണായകമായത് അതേ സൂര്യനായിരുന്നു. ഇപ്പോൾ കൂകൂൾകാൻ പിരമിഡിനു മുകളിൽ കത്തിജ്വലിച്ചു കൊണ്ടിരിക്കൂന്ന സൂര്യനെ ചൂണ്ടി മാർക്കസ് പറഞ്ഞു.

“:വർൾച്ച. കൊടും വരൾച്ച, തങ്ങളുടെ വിലപ്പെട്ട മായൻ കലണ്ടർ പോലും ഉപേക്ഷിച്ച് പലായനം ചെയ്യാൻ, മയന്മാരെ നിർബന്ധിച്ചിരുന്നിരിക്കണം.” പ്രകൃതി, മായന്മാരുടെ ഒരിക്കലും ശോഷിക്കുമെന്ന് കരുതിയിട്ടില്ലാതിരുന്ന നിശ്ചയദാർഢ്യത്തേയും, വീര്യത്തേയും തളർത്തി വറ്റിച്ചിരിക്കണം. ഇനിയൊരു തിരിച്ചു വരവില്ലാത്ത വണ്ണം. പക്ഷെം ഇതെല്ലം, ഊഹങ്ങളാണ്!. അർദ്ധ സത്യങ്ങൾ. സത്യത്തിൽ ചരിത്രത്തിൽ, ആർക്കെന്ത് സംഭവിച്ചുവെന്ന് എങ്ങനെ ഉറപ്പിച്ചു പറയാൻ സാധിക്കും?

Chichen Itza
Chichen ItzaKV Praveen

ഈ പ്രദേശത്തു മുഴുവന്‍, സെനോട്ടെ എന്ന 200 അടിയോളം വ്യാസമുളള, മായന്മാരുടെ തുറന്ന കിണറുകളുണ്ട്. കൂക്കൂള്‍ക്കാന്‍ പിരമിഡിനോടു ചേര്‍ന്നുളള അത്തരമൊരു കിണറില്‍ മായന്മാര്‍ എല്ലാത്തരം വിലപിടിപ്പുളള സാധനങ്ങളും നിക്ഷേപിച്ചിരുന്നുവത്രേ. തങ്ങളുടെ വീരയോദ്ധാക്കളേയും കുഞ്ഞുങ്ങളേയും അടക്കം. ബലിയേക്കാള്‍ ദൈവങ്ങളെ പ്രീതിപ്പെടുത്തുന്ന മറ്റെന്തുണ്ട് അല്ലെങ്കിലും ഈ ചരിത്ര കഥകളില്‍? കൂക്കുള്‍ക്കാനോടടുത്തുളള കിണറുകളില്‍ ഇറങ്ങാനോ നീന്താനോ ഒന്നും അനുവാദമില്ലെങ്കിലും, ഉച്ചഭക്ഷണത്തിനു നിര്‍ത്തിയ ചെറിയ റെസ്റ്റോറന്റിനോട് ചേര്‍ന്നുളളവയില്‍ ഞങ്ങള്‍ പലരും തല നനച്ചു.

കല്‍പ്പടവുകള്‍ ഒരു പാട് കുത്തനെ ഇറങ്ങണം അകത്തെത്താന്‍. ഓരോ പടിയോടൊപ്പം ശബ്ദവും തണുപ്പും മാറി വരുന്നു. ലൈഫ് ജാക്കറ്റ് ഇട്ട് ഒട്ടും മടിയില്ലാതെ ചാടിയ കുട്ടികള്‍ക്കൊപ്പം ഞാനും കൂടി. മരപ്ലാറ്റ്ഫോമില്‍ നിന്ന് കയറില്‍ തൂങ്ങിയാടി വെളളത്തിലെക്ക് ചാടണം. നീല നിറമുളള വെളളം. അസാധരണമായ തണുപ്പ്. ഏതോ ബലിത്തട്ടിലേക്ക് ആഴ്ന്നു പോകും പോലെ മുങ്ങിപ്പൊങ്ങിയപ്പോള്‍ മുകളിലെ സുഷിരത്തിലൂടെ ഊര്‍ന്നിറങ്ങുന്ന വെയില്‍ കിണറിലെ വെളളത്തിന്റെ ഒരു ഭാഗം മാത്രം വെളിച്ചത്തിന്റെ നീലക്കണ്ണാടിയാക്കി മാറ്റിയിരിക്കുന്നു.

ദേഹമൊക്കെ തുടച്ച് വേഷം മാറിയപ്പോഴേക്ക് വിശപ്പ് മൂര്‍ച്ഛിച്ചു. നാലു വശത്തും തുറന്ന ഒരു ഹാളാണ് റെസ്റ്റോറന്റ്. മരബെഞ്ചുകളും ഡസ്കുകളും പ്രൈമറി സ്കൂളുകളുടെ ഓര്‍മ കൊണ്ടു വന്നു. കുട്ടികളോട് അതിനെക്കുറിച്ച് എന്തോ പറയാന്‍ തുനിഞ്ഞെങ്കിലും അവര്‍ ഭക്ഷണത്തിനുളള ക്യൂവില്‍ ചേര്‍ന്നിരുന്നു. കുറച്ചു നേരം മരബെഞ്ചില്‍ തനിച്ച് ഇരുന്നു.

Chichen Itza ,KV Praveen
കാട്ടുപന്നികളെങ്ങനെ നാട്ടിലെത്തി?

സെനോട്ടെയുടെ തണുപ്പിലെക്ക് ആരോ എടുത്തു ചാടുന്ന ശബ്ദം കേള്‍ക്കാം. ഒരിക്കലും വറ്റാത്ത വെളളമുണ്ടെന്ന് തോന്നിച്ച ഈ കിണറുകള്‍ ഒന്നും അന്തമായ നിക്ഷേപങ്ങളല്ല എന്ന് മായന്മാരും തിരിച്ചറിഞ്ഞിരിക്കണം. അവരുടെ വിലപ്പെട്ടതെല്ലാം ഉപേക്ഷിച്ച് പലായനം ചെയ്യുമ്പോള്‍.

മനുഷ്യകുലത്തിന്റെ അവസാന നാളുകള്‍ ഭാവന ചെയ്യുന്ന ഹിറോഷി കാവാകാമിയുടെ Under the eye of the big bird നോവലിലും മനുഷ്യ കുലത്തിന്റെ അവസാനം തമ്മിലടിയും രോഗങ്ങളും കാരണമാണ്. മനുഷ്യർ എന്തു മാത്രം നിസ്സാരരാണ് എന്ന് നോവൽ സൂചിപ്പിക്കുന്നുണ്ട്. ഭൂമി മനുഷ്യനെ ഗൗനിക്കുന്നേയില്ല. ഭൂമിയെ സംബന്ധിച്ചിടത്തോളം മനുഷ്യൻ ഒരു പൊടി മാത്രമാണ്. ഭൂമിയെ ചിലപ്പോൾ ഒന്നു തോണ്ടാൻ, അലോസരപ്പെടുത്താന്‍(irritate) മനുഷ്യന് കഴിയുന്നു എന്നു മാത്രം!

ടെകീല ടേസ്റ്റിങ്ങും, കരകൗശല വസ്തുക്കളുടെ കടകളും, നാടന്‍ പഴവര്‍ഗങ്ങളും, കാലപ്പഴക്കം നിര്‍ണയിക്കാനാവത്ത ഒരു ദേവാലയവും ഒക്കെയുളള ഒരു ടൗണ്‍ സ്ക്വയറില്‍ ബസ് നിന്നു. ചീച്ചന്‍ ഇറ്റ്സയുടെ ചൂടും, സിനോട്ടെയുടെ തണുപ്പും സമൃദ്ധമായ ഉച്ചഭക്ഷണവും കാരണം ഉറക്കം പിടിച്ച പലരേയും സഹയാത്രികര്‍ തട്ടിയുണര്‍ത്തി. അവര്‍ കണ്ണു തിരുമ്മി ഈ മെസ്ക്സിക്കന്‍ ചെറുപട്ടണവും അപരിചിതമായ തെരുവുകളും നോക്കി. പിന്നെ, കടകളിലേക്കിറങ്ങി.

Chichen Itza ,KV Praveen
Archives |'കമ്യൂണിസ്റ്റുകാര്‍ക്ക് കമ്യൂണിസത്തില്‍ വിശ്വാസമുണ്ടെങ്കിലല്ലേ ആ പ്രസ്ഥാനം വളരൂ'

അമിതമായ വില ഈടാക്കുന്ന കരകൗശല സാധനങ്ങളുടെ കടയില്‍ അധികം സമയം വേണ്ടി വന്നില്ല. നേരത്തെ ചീച്ചന്‍ ഇറ്റ്സയിലെ പാവം പിടിച്ച കടകളില്‍ കണ്ട അതേ സാധനങ്ങളുടെ കുറേക്കൂടി ഛായം പൂശിയ മാതൃകകള്‍. ടെകീല രുചിക്കുന്നിടത്തു ആളുകളുടെ തിരക്കുണ്ട്. കുഞ്ഞ് ഗ്ലാസുകളില്‍ അവരോടൊപ്പം കൂടാം. രുചിച്ചു നോക്കാം കുറച്ചു തുളളികള്‍ ഗ്ലാസില്‍ വാങ്ങാം.

ഒരൊറ്റ കറുത്ത മുടി പോലുമില്ലാതെ നരച്ച തലയുളള യുവതി പല കുപ്പികള്‍ തുറക്കുന്നു. അതിന്റെ സവിശേഷ രുചിയെ ക്കുറിച്ച് ചുരുക്കം വാക്കുകളില്‍ വിവരിക്കുന്നു. സ്പാനിഷിലും ഇംഗ്ലീഷിലും, ഊനോ, ദേസ്, ത്രീസ്, എന്നിങ്ങനെ അക്കങ്ങള്‍ മാത്രം തിരിച്ചറിയാം. കാപ്പിയുടെ, നാരങ്ങയുടെ, പച്ച മുളകിന്റെ, തേനിന്റെ, ഏതോ ലോഹത്തിന്റെ, എന്നിങ്ങനെ പല തരം രുചിഭേദങ്ങള്‍ നാവില്‍ മാറി മറിഞ്ഞു.

പുറത്തിറങ്ങി. സൈക്കിളുകളും, കാല്‍ നട യാത്രക്കാരും, കുതിരവണ്ടികളുമുളള തെരുവു മുറിച്ച് കടന്ന്, സൂര്യകാന്തിയെ വെല്ലുന്ന മഞ്ഞ നിറമുളള പഴുത്ത മാങ്ങകള്‍ മുറിച്ച് ഒരു പ്ലാസ്റ്റിക് കപ്പില്‍ വാങ്ങി. പാര്‍ക്കിലെ തണലില്‍ ഒരു മരബെഞ്ചില്‍ ഇരുന്നു. കാറ്റ്, പാര്‍ക്കിലെ ആളുകളുടെ സ്പാനിഷ് സംസാരം, കുട്ടികളുടെ ചിരി. മരങ്ങള്‍ക്കിടയിലൂടെ ഊര്‍ന്നു വീഴുന്ന വെളിച്ചം. തൊട്ടുടുത്ത ആ പ്രാചീന ദേവാലയം. അതിന്റെ ഗോപുരങ്ങളിലൊന്നിലെ കൂറ്റന്‍ മണികള്‍ കാണാം. ഇപ്പോള്‍ അവിടെ ആരാധനയൊന്നുമില്ല സ്ഥിരമായി. വര്‍ഷത്തില്‍ ഏതോ ഒരു വിശേഷ ദിവസമേ സന്ദര്‍ശകര്‍ക്ക് പ്രവേശനം തന്നെയുളളൂ.

Chichen Itza ,KV Praveen
'സി​ഗരറ്റ് പിടിക്കാൻ പോലും അറിയില്ല, എന്നിട്ടും ഞാൻ അറിയാമെന്ന് പറ‍ഞ്ഞു; പ്രണവ് ചിൽ ആണ്': ഡീയസ് ഈറെ വിശേഷങ്ങളുമായി അരുൺ അജികുമാർ

മായന്മാരെ കീഴടക്കിയ സ്പാനിഷുകാര്‍ ആദ്യം ചെയ്തത് മായന്മാര്‍ക്ക് ദേവാലയത്തിനകത്തേക്കുളള സന്ദ‍ർശനം നിഷേധിക്കുകയായിരുന്നു. മതില്‍ക്കെട്ടിനു പുറത്തു നിന്ന്, തങ്ങള്‍ കെട്ടിയുണ്ടാക്കിയ ആരാധനാസ്ഥലം അന്യര്‍ കൈയടക്കിയതിന്റെ വേദനയോടെ, തങ്ങളുടെ ദൈവത്തോട് മായന്മാര്‍ പ്രാര്‍ത്ഥിച്ചിരിക്കണം. പ്രതാപികളും, ക്രൂരന്മാരും ധിഷണാ‍ശാലികളുമായിരുന്ന തങ്ങളുടെ വിധിയില്‍ വിലപിച്ചിരുന്നിരിക്കണം. ഒരു ഞൊടിയിട കൊണ്ട് ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിയുന്ന പ്രപഞ്ചത്തിന്റെ ലീലാവിലാസങ്ങളെക്കുറിച്ച് ഒരു പക്ഷെ വിസ്മയിച്ചുമിരുന്നിരിക്കാം.

കുറെ നേരം ബെഞ്ചില്‍ അങ്ങനെ ഇരുന്നപ്പോല്‍ കണ്ണുകള്‍ അടഞ്ഞ് പോകുന്നതു പോലെ തോന്നി. കുസൃതിയായ ഒരു കൊച്ചു കുട്ടി പാര്‍ക്കിനു പുറത്തേക്ക് പാഞ്ഞു പോയി. അച്ഛനും അമ്മയും തങ്ങളുടെ കൈയിലെ സകല സാധനങ്ങളും താഴെയിട്ട് അതിന് പിന്നാലെ ഓടി, റോഡിലെത്തും മുന്‍പ് വാരിയെടുത്തു. സ്വാതന്ത്ര്യനിഷേധത്തില്‍ പ്രതിഷേധിച്ച് കുഞ്ഞ് സര്‍വ്വ ശക്തിയുമെടുത്ത് കരയാന്‍ തുടങ്ങി. കുറച്ചു നേരത്തേക്ക് എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടായി. പക്ഷേ, അധികം വൈകാതെ അവന്‍ തന്റെ പാലു കുപ്പിയില്‍ സന്തോഷം കണ്ടെത്തി ശാന്തനായി.

Chichen Itza ,KV Praveen
'ഡിയര്‍ മാഡം ഡിക്റ്റേറ്റര്‍... '; ഇന്ദിരയുടെ ഉറക്കം ഞെട്ടിച്ച ശബ്ദം

ബസില്‍ ഒപ്പമുണ്ടായിരുന്ന ആ കുടുംബം ഇപ്പോള്‍ എന്റെ അയല്‍പ്പക്കത്തുളള മരബെഞ്ചില്‍ സ്ഥലം പിടിച്ചു. മാങ്ങയുടെ മധുരത്തിലും ആ പെണ്‍കുട്ടിയുടെ സംശയം തീര്‍ന്നില്ല.

ദേവാലയത്തിന്റെ ഏറ്റവും മുകളിലെ പ്രതലത്തിലെ സിംഹ പ്രതിമയിലേക്ക് നോക്കിക്കൊണ്ട് അവള്‍ അച്ഛനോട് ചോദിക്കുന്നു:

“വാട്ട് ഹാപ്പന്‍ഡ് ടു ദ മായാ പീപ്പിള്‍ ഡാഡി?”

അതെ. സത്യത്തില്‍, മായന്മാര്‍ക്ക് എന്തായിരിക്കും സംഭവിച്ചത്?

Summary

Travelogue to Chichen Itza, a UNESCO World Heritage Site and one of the New Seven Wonders of the World.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com