Archives |'കമ്യൂണിസ്റ്റുകാര്‍ക്ക് കമ്യൂണിസത്തില്‍ വിശ്വാസമുണ്ടെങ്കിലല്ലേ ആ പ്രസ്ഥാനം വളരൂ'
കെപിആര്‍ ഗോപാലന്‍, കാന്തലോട്ട് കുഞ്ഞമ്പു, സുബ്രഹ്മണ്യ ഷേണായി, പി.എം. കുഞ്ഞിരാമന്‍ നമ്പ്യാര്‍ എന്നിവരുമായുള്ള അഭിമുഖത്തെ അടിസ്ഥാനമാക്കി കെ എ ആന്‍റണി എഴുതിയ ലേഖനം. മലയാളം വാരിക ലക്കം ഒന്‍പതില്‍ (1997 ജൂലൈ 11) പ്രസിദ്ധീകരിച്ചത്.
നന്മയുടെ കാലം കഴിഞ്ഞു
കണ്ണൂര്‍ - വടക്കേ മലബാറിന് അതിന്റെ എല്ലാ നന്മകളും നഷ്ടമായിക്കൊണ്ടിരിക്കുന്നു. നേരും നെറിയുമുള്ള, നിഷ്‌ക്കളങ്കരും മനുഷ്യസ്‌നേഹികളുമായ ഒരു ജനത അതൊക്കെ ഇന്ന് പഴയരോര്‍മ മാത്രം.
ഒരു കാലത്ത് മനുഷ്യസ്‌നേഹികളായ കമ്യൂണിസ്റ്റുകാരും ഗാന്ധിയന്മാരും തങ്ങളുടെ വീറുറ്റ സമരങ്ങള്‍ക്ക് വേദി കണ്ടെത്തിയ വടക്കേ മലബാര്‍ ഇന്ന് അക്രമിസംഘങ്ങളുടേയും വിധ്വംസക പ്രവര്‍ത്തകരുടേയും വര്‍ഗീയ വാദികളുടേയും പിടിയിലമര്‍ന്നുകൊണ്ടിരിക്കുന്നു.
ഇടയ്ക്കിടെ പൊട്ടുന്ന ബോംബുകള്‍. അങ്ങിങ്ങായി ഉയരുന്ന ദീനരോദനങ്ങള്‍. ബോംബിനും കൊലക്കത്തിക്കും ഇരയാവുന്ന പൊന്നുമക്കളെ ഓര്‍ത്ത് വിലപിക്കുന്ന അമ്മമാര്‍, സ്‌നേഹിച്ചു കൊതിതീരും മുന്‍പ് ഭര്‍ത്താക്കന്മാരെ നഷ്ടമാകുന്ന ഭാര്യമാര്‍, അച്ഛനു പകരം രക്തസാക്ഷി മണ്ഡപം കാണാന്‍ വിധിക്കപ്പെടുന്ന കുട്ടികള്‍. അതെ, നന്മയാല്‍ സമൃദ്ധമായിരുന്ന വടക്കേ മലബാര്‍ ഇന്നൊരു ചടുലക്കളമായി മാറുകയാണ്.
കല്യാശേരിയിലെ മൊറാഴയില്‍ ഇരുന്നുകൊണ്ട് ഈ മാറ്റങ്ങളൊക്കെ ഒരാള്‍ കാണുന്നുണ്ട്. കഴുമരത്തിനു മുന്‍പില്‍ ശിരസു കുനിക്കാന്‍ വിസമ്മതിച്ച കലാപകാരി. കൈയ്യില്‍ വെറുമൊരു കുറുവടിയുമായി തൊഴിലാളി വര്‍ഗത്തിനുവേണ്ടി പടവെട്ടാന്‍ ഇറങ്ങിപ്പുറപ്പെട്ട കെ.പി.ആര്‍. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കെ.പി.ആര്‍. ഗോപാലന്‍.
കണ്ണും കാതും തേല്‍പ്പിക്കുമ്പോഴും വാര്‍ദ്ധക്യവും രോഗങ്ങളും ആക്രമിക്കുമ്പോഴും തോല്‍ക്കാന്‍ വിസമ്മതിക്കുന്ന ഈ കാതലുള്ള ധിക്കാരി എല്ലാം കാണുകയും അറിയുകയും ചെയ്യുന്നു. ഈ മാറ്റങ്ങളൊക്കെ ലോകമെമ്പാടും ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ ഭാഗം മാത്രമാണെന്ന് വിലയിരുത്തുന്നു.
''ലോകം തന്നെ മാറിക്കൊണ്ടിരിക്കുകയല്ലേ. ആഗോളതലത്തില്‍ കമ്യൂണിസത്തിന് തകര്‍ച്ച നേരിട്ടിരിക്കുന്നു. ഈ മാറ്റം എല്ലായിടത്തും അനുഭവപ്പെടും. സത്യത്തില്‍, കമ്യൂണിസ്റ്റ് വിരുദ്ധരായ മാര്‍പ്പാപ്പയും ദലൈലാമയും ഒരിക്കല്‍ പറഞ്ഞതുപോലെ കമ്യൂണിസത്തിന് മരണമില്ല. കാരണം, അതൊരു മഹത്തായ ആദര്‍ശമാണ്.'' വാക്കുകളെ തടയാനെത്തുന്ന കിതപ്പുകളെ അവഗണിച്ചുകൊണ്ട് കെ.പി.ആര്‍. പറയുന്നു
വയസ്സ് എണ്‍പത്തിയേഴ് കഴിഞ്ഞെങ്കിലും കെ.പി.ആര്‍. ഇന്നും ഗര്‍ജിക്കുന്ന ഒരു സിംഹമാണ്. സ്വന്തം അഭിപ്രായങ്ങള്‍ ഒരു കൂസലും കൂടാതെ ആരോടും വെട്ടിത്തുറന്നു പറയുന്ന പഴയ ശീലം ഇപ്പോഴും വിട്ടിട്ടില്ല.
റിവഷണിസ്റ്റ് ദീനമാണ് കമ്യൂണിസത്തെ തളര്‍ത്തിയതെന്ന് കെ.പി.ആര്‍. വാദിക്കുന്നു. ഇക്കാര്യത്തില്‍ ഗോര്‍ബച്ചേവിനെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. തിരുത്തല്‍വാദം തുടങ്ങിവച്ചത് ക്രൂഷ്‌ചേവാണ്. ക്രൂഷ്‌ചേവില്‍നിന്നും റിവഷണിസ്റ്റ് ദീനം ലോകമാകെ വ്യാപിക്കുകയായിരുന്നു. അതിന്റെ സ്വാധീനം ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും കേരള കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും ഉണ്ടായെന്ന് കെ.പി.ആര്‍.
''സത്യത്തില്‍ കമ്യൂണിസത്തിന് ഒരു തകരാറുമില്ല. ചികിത്സ വേണ്ടത് തിരുത്തല്‍ വാദികള്‍ക്കും അവരുടെ ആശയങ്ങള്‍ക്കുമാണ്'' - കെ.പി.ആര്‍. ഓര്‍മിപ്പിക്കുന്നു.
ഒരുകാലത്ത് ജന്മിത്തത്തിനെതിരെ പടപൊരുതിയ ധീരന്മാരാണ് കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍. ജന്മിത്തം ഉന്മൂലം ചെയ്യാന്‍ അവര്‍ക്കു കഴിഞ്ഞു. ഇതിലൂടെ കൃഷിഭൂമി കര്‍ഷകനു ലഭിച്ചു.
''എന്നാല്‍, ഒന്നാലോചിച്ചാല്‍ സ്വാതന്ത്ര്യസമരവും കേരളത്തിലെ കമ്യൂണിസ്റ്റ് സമരവുമൊക്കെ ഒരുതരം ആഭാസമായിരുന്നു''- ഓര്‍മകളിലേക്ക് പെയ്തിറങ്ങിക്കൊണ്ട് കെ.പി.ആര്‍. പറഞ്ഞു.
വിപ്ലവം നടക്കണമെങ്കില്‍ മൂന്നു സംഗതികള്‍ വേണം. വിപ്ലവ സാഹചര്യം, വിപ്ലവ പാര്‍ട്ടി, വിപ്ലവം നടത്താന്‍ കെല്‍പ്പുള്ള വിപ്ലവസേന. ഇവ മൂന്നും ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. വെറുമൊരു പിച്ചാത്തിയും കുറുവടിയുമായാണ് കാന്തലോട്ടും ഞാനും അന്ന് വിപ്ലവത്തിനിറങ്ങിപുറപ്പെട്ടത്.
പക്ഷേ, അന്ന് ഞങ്ങള്‍ക്ക് അടങ്ങാത്ത ആവേശമായിരുന്നു. പൊലീസിന്റേയും കോണ്‍ഗ്രസ്സുകാരുടേയും കണ്ണുവെട്ടിച്ചുള്ള ജീവിതം.
ആയിടയ്ക്കാണ് മൊറാഴ സംഭവം. മൊറാഴയിലെ പ്രകടനം ആദ്യം നടത്താന്‍ ഉദ്ദേശിച്ചിരുന്നത് കീച്ചേരിയിലായിരുന്നു. അതു തടയുമെന്ന് അന്ന് വളപട്ടണത്ത് സബ്ബ് ഇന്‍സ്പെക്ടറായിരുന്ന കുട്ടിക്കൃഷ്ണന്‍ നായര്‍ പ്രഖ്യാപിച്ചു. കുഴപ്പം ഒഴിവാക്കാന്‍ വേണ്ടി പ്രകടനം തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട മൊറാഴയിലേക്കു മാറ്റി.
എന്നിട്ടും അയാള്‍ അടങ്ങിയില്ല. കലിതുള്ളിക്കൊണ്ട് അവിടെയും അയാളെത്തി. ലാത്തിച്ചാര്‍ജ് സഹിക്കാതെ വന്നപ്പോള്‍ ജനം തിരിച്ചാക്രമിക്കാന്‍ തുടങ്ങി. നായര്‍ കൊല്ലപ്പെട്ടു. സര്‍ദാര്‍ ചന്ദ്രോത്തും കാന്തലോട്ടും സുബ്രഹ്മണ്യഷേണായിയും ഞാനും ഒളിവില്‍പ്പോയി.
ഒടുവില്‍ മുണ്ടേരിയില്‍ വച്ച് കോണ്‍ഗ്രസ്സുകാരാണ് എന്നെയും ചന്ദ്രോത്തിനേയും കാന്തലോട്ടിനേയും പൊലീസിന് പിടിച്ചുകൊടുത്തത്.
ജയിലിലെ ഭീകര മര്‍ദനങ്ങള്‍ക്ക് തങ്ങളെ തകര്‍ക്കാനായില്ലെന്ന് കെ.പി.ആര്‍. ആവേശപൂര്‍വം ഓര്‍ക്കുന്നു.
വധശിക്ഷയ്ക്കു വിധിക്കപ്പെട്ട കെ.പി.ആര്‍. 1953-ല്‍ വിട്ടയക്കപ്പെട്ടു.
കമ്യൂണിസ്റ്റുകാര്‍ നടത്തിയ കാര്‍ഷിക കലാപങ്ങള്‍ പോലെ തന്നെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും തെറ്റായ സമയത്താണ് നടത്തിയതെന്ന് കെ.പി.ആര്‍. വിശ്വസിക്കുന്നു. സാമ്രാജ്യത്വ ശക്തികള്‍ ഗെയിറ്റിനു വെളിയില്‍ വരെ എത്തിയ സമയത്താണ് സ്വാതന്ത്ര്യസമരത്തിന്റെ പേരും പറഞ്ഞ് നമ്മള്‍ നമ്മുടെ രാജ്യത്തിന്റെ കവാടങ്ങള്‍ അവര്‍ക്കു മുന്‍പില്‍ മലര്‍ക്കെ തുറന്നിട്ടത്.
കോണ്‍ഗ്രസ് നേതാവായിരുന്ന മൗലാന അബുള്‍ കലാം ആസാദ് അക്കാലത്ത് പറഞ്ഞത് ''ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് അല്പം കൂടി കാത്തിരിക്കണം. കാരണം, നാം ഒരുപാട് കാലമായി കാത്തിരിക്കുകയാണ്.'' പക്ഷേ, അദ്ദേഹം പറഞ്ഞത് ആരും ചെവിക്കൊള്ളാന്‍ തയ്യാറായില്ല.
വര്‍ഗീയ ശക്തികളുടെ വളര്‍ച്ചയ്ക്കു പ്രധാനകാരണം കമ്യൂണിസത്തിന്റെ തകര്‍ച്ചയാണെന്ന് കെ.പി.ആര്‍. വിശ്വസിക്കുന്നു. കമ്യൂണിസ്റ്റുകാര്‍ക്ക് കമ്യൂണിസത്തില്‍ വിശ്വാസമുണ്ടെങ്കിലല്ലേ ആ പ്രസ്ഥാനം വളരൂ. കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ ഇന്ന് തലപ്പത്തിരിക്കുന്നത് റിവിഷണിസ്റ്റുകളാണ്. അവര്‍ക്ക് നല്ലൊരു യുവനിരയെ വാര്‍ത്തെടുക്കാനാവില്ല - കെ.പി.ആര്‍. പറയുന്നു.
കെ.പി.ആറിന്റെ വീട്ടില്‍നിന്നും ഒരു വിളിപ്പാടകലെയുള്ള കീച്ചേരിയില്‍ ഇരുന്നുകൊണ്ട് മറ്റൊരു വയോവൃദ്ധനും ഉത്തര മലബാറിന്റെ പുതിയ മുഖം കണ്ട് ആകുലപ്പെടുകയാണ്. അത് മറ്റാരുമല്ല. കെ.പി.ആറിനൊപ്പം വിപ്ലവം നടത്താന്‍ ഇറങ്ങിപ്പുറപ്പെട്ട സാക്ഷാല്‍ കാന്തലോട്ട് കുഞ്ഞമ്പു തന്നെ. അന്നും ഇന്നും ഉത്തര മലബാറിന്റെ കണ്ണും കാതും ഹൃദയവുമൊക്കെയാണ് കെ.പി.ആറും കാന്തലോട്ടും പി.എം. കുഞ്ഞിരാമന്‍ നമ്പ്യാരും സുബ്രഹ്മണ്യഷേണായിയും.
ഒരുകാലത്ത് ചെയ്തതൊക്കെ തെറ്റായിരുന്നുവെന്ന് പരസ്യക്കുമ്പസാരം നടത്തി പാര്‍ട്ടിവിട്ട കാന്തലോട്ട് പക്ഷേ, മനസ്സില്‍ ഇപ്പോഴും കമ്യൂണിസ്റ്റ് ആദര്‍ശങ്ങള്‍ കാത്തുസൂക്ഷിക്കുന്നു.
നാട്ടില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന അസുഖകരമായ മാറ്റങ്ങളെ കമ്യൂണിസ്റ്റുകാരുടെ മാത്രം പിഴവുകളായി അദ്ദേഹം വിലയിരുത്തുന്നു.
''1948-ലെ കല്‍ക്കത്താ തീസീസില്‍ തുടങ്ങി അങ്ങുനിന്നിങ്ങോളം തെറ്റുകള്‍ മാത്രമേ ചെയ്തിട്ടുള്ളൂ. സേലം ജയിലിലെ വെടിവെയ്പുതന്നെ ഏറ്റവും നല്ല ഉദാഹരണം.''
ജയിലും സമരരംഗമാണെന്ന ബി.ടി.ആറിന്റെ പ്രമേയമാണ് ഞങ്ങളെ അന്ന് ജയിലില്‍ കലാപമുണ്ടാക്കാന്‍ പ്രേരിപ്പിച്ചത്. വെടിവെയ്പില്‍ 22 പേര്‍ മരിച്ചു. എന്റെ കാലിലും വെടിയേറ്റിരുന്നു. പിന്നീട് ഗണപതി കമ്മത്ത് സേലം ജയിലിലെത്തിയപ്പോഴാണ് ജയിലും സമരരംഗമാണെന്ന ബി.ടി.ആര്‍ പ്രമേയം പണ്ടേതന്നെ പാര്‍ട്ടി നിരാകരിച്ചുവെന്നറിയുന്നത്. ഇക്കാര്യം നേരത്തെ തന്നെ പറഞ്ഞിരുന്നുവെങ്കില്‍ എത്ര നിരപരാധികളുടെ ജീവന്‍ രക്ഷിക്കാമായിരുന്നു? പുന്നപ്രയിലാണ് ഏറ്റവും വലിയ മനുഷ്യക്കുരുതി നടന്നത്. എത്ര പേരെയാണ് അവിടെ പാര്‍ട്ടി കൊലയ്ക്കു കൊടുത്തത്. ഇതൊക്കെ എന്തിനുവേണ്ടിയായിരുന്നു. മാര്‍ക്സ് പറഞ്ഞത് തൊഴിലാളി വര്‍ഗസര്‍വാധിപത്യം ഉണ്ടാവണമെന്നാണ്. വര്‍ഗസമരമെന്നാല്‍ വ്യക്തിവിദ്വേഷത്തിന്റെ സമരമാണെന്ന് കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍ തെറ്റിദ്ധരിച്ചു. അവരിവിടെ നടപ്പിലാക്കിയത് നാടുവാഴിത്തവും നാടുവാഴിത്ത സംസ്‌കാരവുമാണ്. ജാതീയത അതിലെ ഏറ്റവും ഭീകരമായ അവസ്ഥയില്‍ നിലനില്‍ക്കുന്ന ഏക പാര്‍ട്ടി സി.പി.എമ്മാണ്. നായരും നമ്പ്യാരും മാത്രം പാര്‍ട്ടി സെക്രട്ടറിമാരും മുഖ്യമന്ത്രിമാരും ആകുന്നു. കണ്ണൂരിലെ രാഷ്ട്രീയ സംഘട്ടനങ്ങള്‍ തന്നെയെടുക്കൂ. ഇവിടെ കൊല്ലുന്നതും കൊല്ലപ്പെടുന്നതും തീയന്മാര്‍ മാത്രമാണ്. നമ്പ്യാരോ നായരോ കൊല്ലപ്പെടുന്നില്ല.
സി.പി.എം വളര്‍ത്തിക്കൊണ്ടുവന്ന വൃത്തികെട്ട ഒരു രാഷ്ട്രീയ സംസ്‌കാരത്തിന്റെ പ്രതിഫലനമാണ് ഇന്ന് ഉത്തരമലബാറില്‍ കാണുന്ന മാറ്റമെന്ന് കാന്തലോട്ട് ഉറച്ചുവിശ്വസിക്കുന്നു.
എന്നാല്‍, കാതങ്ങള്‍ക്കപ്പുറത്ത് പയ്യന്നൂരടുത്ത് മാവിച്ചേരിയിലെ മകന്റെ വീട്ടിലിരുന്നുകൊണ്ട് കാര്യങ്ങളെ കുറച്ചുകൂടി ശാസ്ത്രീയമായി വിശകലനം ചെയ്യുകയാണ് സുബ്രഹ്മണ്യഷേണായി.
ഷേണായിയെ ഓര്‍മയില്ലേ? പൊലീസിനെ തോല്‍പ്പിക്കുന്ന പരീക്ഷയില്‍ നൂറുശതമാനം വിജയം വരിച്ച ഏക കമ്യൂണിസ്റ്റ് നേതാവ് എ.കെ.ജി പോലും പ്രകീര്‍ത്തിച്ച മനുഷ്യന്‍.
കച്ചവടത്തിനായി കൊങ്ങിണി നാട്ടില്‍നിന്ന് പയ്യന്നൂരിലേക്ക് കുടിയേറിയ ഒരു സമ്പന്ന കുടുംബത്തില്‍ പിറന്ന സുബ്രഹ്മണ്യഷേണായി കമ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായെന്നത് ഒരുപക്ഷേ, ചരിത്രത്തിന്റെ നിയോഗമാവാം.
സമരമുഖങ്ങളില്‍ ഒരു കൊടുങ്കാറ്റായി വളര്‍ന്ന ഷേണായിയെ കലാപകാരിയാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചത് പി. കൃഷ്ണപിള്ളയും കെ.എ. കേരളീയനും ഒളിവില്‍ കഴിയുമ്പോള്‍ തന്നെത്തേടി പൊലീസുകാര്‍ പരക്കം പായുന്നത് നിരത്തുവക്കുകളില്‍നിന്നു നോക്കിക്കണ്ട് ഊറിയൂറി ചിരിക്കുന്നുണ്ടായിരുന്ന മനുഷ്യന്‍. പല പേരുകളില്‍ പല നാടുകളില്‍ പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ വിനിയോഗിക്കപ്പെട്ടയാള്‍.
പ്രായം 83 കഴിഞ്ഞെങ്കിലും ഷേണായിയുടെ മനസ്സിന് ഇന്നും വാര്‍ദ്ധക്യം ബാധിച്ചിട്ടില്ല.
ഉത്തരമലബാറിലെ മാറ്റങ്ങള്‍ ആഗോളാടിസ്ഥാനത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങളുടെ ഭാഗം മാത്രമാണെന്ന് ഷേണായിയും വിലയിരുത്തുന്നു.
കമ്യൂണിസത്തെ തകര്‍ക്കാന്‍ വേണ്ടി സാമ്രാജ്യത്വ ശക്തികള്‍ അനവരതം പ്രയത്‌നിച്ചുകൊണ്ടിരിക്കുകയാണ്. അതിനുവേണ്ടി അവര്‍ വരും തലമുറയെ മസ്തിഷ്‌ക്ക പ്രക്ഷാളനം നടത്തുന്ന കേബിള്‍ ടി.വിയും മറ്റും ഈയൊരു ലക്ഷ്യത്തിനുവേണ്ടിയാണ്. യുവതലമുറയെ നിര്‍വീര്യമാക്കുകയാണ് അവരുടെ ലക്ഷ്യം.
''കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട്. കമ്യൂണിസ്റ്റുകാര്‍ ഈ സമൂഹത്തിന്റെ ഭാഗം തന്നെയാണ്. അപ്പോള്‍ മാറ്റങ്ങള്‍ അവര്‍ക്കും ബാധകം തന്നെ.'' ഷേണായി പറയുന്നു.
പാര്‍ട്ടിയുടെ അല്ലെങ്കില്‍ പ്രസ്ഥാനത്തിന്റെ മാറുന്ന കോലത്തിന് പുതിയ തലമുറയുടെ അനുഭവജ്ഞാനത്തിന്റെ കുറവും ഒരു പരിധിവരെ കാരണമാകുന്നുവെന്ന് ഷേണായി നൂറുവട്ടം സമ്മതിക്കുന്നു.
''അന്ന് ജനങ്ങള്‍ക്കിടയില്‍ ഒരു അടിമബോധം നിലനിന്നിരുന്നു. ജന്മിത്തത്തിനെതിരെ അവരുടെ മനസ്സില്‍ കലാപത്തിന്റെ കനലുകള്‍ കുന്നുകൂടുകയായിരുന്നു. ചാരം മൂടിക്കിടന്ന ഈ കനലുകളെ ഊതി വലിയൊരു തീയാക്കി മാറ്റുക മാത്രമാണ് ഞങ്ങള്‍ ചെയ്തത്. ഇന്നിപ്പോള്‍ കാലം മാറി. വ്യവസ്ഥിതിയും പൊള്ളുന്ന അനുഭവങ്ങള്‍ ഇന്നില്ല. അതു തന്നെയാണ് യുവനിരയുടെ ആവേശക്കുറവിനും കാരണം.
''കഴിഞ്ഞ ദിവസം ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കവെ പണ്ട് ഞാനും എ.കെ.ജിയും പെരിങ്ങോം പൊലീസ് സ്റ്റേഷനിലെ വിടനായ സബ് ഇന്‍സ്പെക്ടര്‍ക്കെതിരെ സമരം നയിക്കാന്‍ പോയ കഥ ഞാന്‍ പറഞ്ഞു. അയാള്‍ ഒരു പെണ്ണിനെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായിരുന്നു കേസ്. അന്ന് ബസില്ല. ഞങ്ങള്‍ രണ്ടുപേരും കാല്‍നടയായാണ് പയ്യന്നൂരില്‍നിന്നും പെരിങ്ങോത്തെത്തി സമരം നടത്തിയത്.
ചിറക്കല്‍ താലൂക്കിന്റെ ആദ്യത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്നു ഞാന്‍. ഏറെ കഷ്ടപ്പെട്ടാണ് കണ്ണൂരില്‍ പാര്‍ട്ടിക്കുവേണ്ടി ഞാന്‍ ഒരു ഓഫീസ് സംഘടിപ്പിച്ചത്.
ഞാന്‍ കുട്ടികളോട് പറഞ്ഞു: അന്നൊക്കെ പാര്‍ട്ടി ഓഫീസും ക്ലബ്ബും കൊടികളുമൊക്കെ വളരെ അപൂര്‍വമായിരുന്നു. ഇന്ന് സ്ഥിതി മാറി. മുട്ടിനു മുട്ടിനു പാര്‍ട്ടി ഓഫീസ്. നാടുനീളെ കൊടികള്‍. വളരെ സന്തോഷമുണ്ട്. പക്ഷേ, മുന്‍വര്‍ഷത്തെ പ്രകടനത്തില്‍ പങ്കെടുത്തവരല്ലാതെ എത്രപേര്‍ പുതിയതായി ഇത്തവണത്തെ പ്രകടനത്തില്‍ വന്നു? ഇത് വലിയൊരു പരാജയമാണ്. പുതിയ നേതൃത്വം കൂടുതല്‍ ജാഗരൂകരാവണം.'' ഷേണായി പറഞ്ഞു.
മലബാറില്‍ അദ്ധ്യാപക സംഘടനയുടെ കരുത്തുറ്റ സാരഥിയായിരുന്നു പി.എം. കുഞ്ഞിരാമന്‍ നമ്പ്യാര്‍ എന്ന പി.എം. തൊണ്ണൂറ്റിനാലുകാരനായ പി.എം. അന്നും ഇന്നും തികഞ്ഞ ഗാന്ധിയന്‍ തന്നെ.
മംഗലാപുരത്ത് സെന്റ് അലോഷ്യസ് കോളജില്‍ പഠിക്കുമ്പോഴാണ് സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിലേക്ക് അദ്ദേഹം എടുത്തുചാടിയത്. കോളജില്‍നിന്നും പുറത്താക്കപ്പെട്ടെങ്കിലും ടീച്ചേഴ്സ് ട്രെയിനിങ്ങ് കഴിഞ്ഞ് അദ്ധ്യാപകനായി. മലബാറില്‍ അന്ന് മാനേജ്‌മെന്റ് സ്‌കൂളുകളില്‍ കടുത്ത പീഡനം നിലനില്‍ക്കുന്ന കാലം. മാനേജര്‍ എന്നാല്‍ കീരിടം വയ്ക്കാത്ത രാജാവ്. മാഷുമ്മാരെ എപ്പോള്‍ വേണമെങ്കിലും പിരിച്ചുവിടാന്‍ അധികാരമുള്ളവര്‍. ജോലി ചെയ്താല്‍ കിട്ടുന്നത് വളരെ തുച്ഛമായ വരുമാനം.
അദ്ധ്യാപകരുടെ ആദ്യ സംഘടന മലബാര്‍ എയിഡഡ് സ്‌കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ ഉണ്ടാക്കാന്‍ പി.എമ്മിനെ പ്രേരിപ്പിച്ച ഘടകങ്ങള്‍ ഇവയാണ്.
അദ്ധ്യാപക സംഘടനാ പ്രവര്‍ത്തനത്തോടൊപ്പം കോണ്‍ഗ്രസ് പ്രവര്‍ത്തനവും പി.എം. തുടര്‍ന്നു. ഉപ്പുസത്യഗ്രഹം, അറസ്റ്റ്, ജയില്‍വാസം. വിവിധ കാലയളവിലായി ആറുവര്‍ഷം കാരാഗൃഹവാസം.
സോഷ്യലിസ്റ്റ് കോണ്‍ഗ്രസ്സുകാരനായിരുന്ന പി.എം പക്ഷേ, അന്നും ഇന്നും കടുത്ത സി.പി.എം വിമര്‍ശകനാണ്. ഇന്നാട്ടിലെ മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും കാരണക്കാര്‍ മാര്‍ക്സിസ്റ്റുകാരാണെന്ന് പി.എം. കരുതുന്നു.
''സി.പി.എമ്മിന്റെ കടുംപിടുത്തമാണ് മുഴുവന്‍ കുഴപ്പങ്ങള്‍ക്കും കാരണം. കോണ്‍ഗ്രസ്സുകാര്‍ കേമന്മാരാണെന്ന് ഞാന്‍ പറയുന്നില്ല. മൊത്തത്തില്‍ ഒരു മൂല്യച്യുതി സംഭവിച്ചിരിക്കുന്നു. അന്നൊക്കെ ത്യാഗത്തിന്റെ കാലമായിരുന്നു. ഇന്നാവട്ടെ സുഖലോലുപതയുടെ കാലവും. സേവനം സ്വയം സേവയായി മാറിയിരിക്കുന്നു.''
ഭരണാധികാരികളുടെ മൂല്യത്തകര്‍ച്ച മൊത്തം സമൂഹത്തെ ബാധിക്കും. അതുതന്നെയാണ് ഉത്തര മലബാറിലും നാമിപ്പോള്‍ കാണുന്ന മാറ്റത്തിനു കാരണം. കോണ്‍ഗ്രസ്സിന്റെ കാര്യം തന്നെ എടുക്കൂ. ഗാന്ധിജിയുടെ നിലപാടുകളും ആദര്‍ശങ്ങളും എന്നേ അവസാനിച്ചു. നിലവിലുള്ള ചുറ്റുപാടുകളെക്കുറിച്ച് വളരുന്ന തലമുറയ്ക്ക് വെറുപ്പും മടുപ്പും മാത്രമാണുള്ളത്. അധികാരം മാത്രം ലക്ഷ്യം വച്ചുള്ള ഈ പോക്ക് കൂടുതല്‍ വിപത്തുകള്‍ വരുത്തിവയ്ക്കും. പി.എം. പറയുന്നു.
എല്ലാ നന്മകളും അവസാനിച്ചിട്ടില്ലെന്നും നന്മ നിറഞ്ഞ ആ പഴയകാലം ഉത്തര മലബാറിന് തിരിച്ചുകിട്ടാന്‍ നേതാക്കള്‍ മനസ്സുവച്ചാല്‍ മാത്രം മതിയെന്നും പി.എം. ഉറച്ചുവിശ്വസിക്കുന്നു.
About North kerala politics and the views of KPR Gopalan, Kanthalott Kunjambu, Subrahmanya Shenoy, PM Kunjiraman
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

