'റോൾ' കുറഞ്ഞ് കേരളം, അയൽക്കാർ സൂപ്പർ ഹീറോസ്!

കേരളത്തിലെ സമ്പദ് രം​ഗം എങ്ങോട്ടാണ് സഞ്ചരിക്കുന്നത്. കേരളം വികസനത്തി​ന്റെ പാതയിലാണെന്ന് പറയുമ്പോഴും ദേശീയ തലത്തിലെ കണക്കുകൾ വച്ച് വിലയിരുത്തുമ്പോൾ സംസ്ഥാനത്തി​ന്റെ ജിഡിപി കണക്കുകൾ അത്ര ആശാവഹമല്ല. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്?എം എസ് വിദ്യാനന്ദൻ വിശകലനം ചെയ്യുന്നു.
GDP, Kerala finance
Kerala is the only southern state in the country with a declining share in India's GDP post-liberalisation.Samakalika malayalam
Updated on
3 min read

ഇരുപത്തിയഞ്ചു വർഷങ്ങൾ തികയുന്നു, പുതിയ നൂറ്റാണ്ട് തുടങ്ങിയിട്ട്. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ എവിടെയെത്തി നിൽക്കുന്നു? അയൽ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താൽ നമ്മുടെ സംസ്ഥാനം കാര്യമായ വളർച്ച കൈവരിച്ചില്ലെന്ന് മാത്രമല്ല കുറച്ച് പിന്നാക്കം പോവുകയും ചെയ്‌തു.

ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിൽ (ജി.ഡി.പി) സ്വന്തം പങ്ക് കുറഞ്ഞ ഒരേയൊരു ദക്ഷിണേന്ത്യൻ സംസ്ഥാനം കേരളമാണ്. ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ, 2000-2001 സാമ്പത്തിക വർഷത്തിൽ, ഇന്ത്യയുടെ ജി ഡിപി യിൽ (കറന്റ് പ്രൈസസ്) കേരളത്തിന്റെ വിഹിതം 4.1 ശതമാനമായിരുന്നു. 2023-24 സാമ്പത്തിക വർഷത്തിൽ ഇത് 3.8 ശതമാനമായി കുറഞ്ഞു.

കാർഷിക മേഖലയുടെ തളർച്ചയും, ഉൽപ്പാദന മേഖല കാര്യമായ വളർച്ച കൈവരിക്കാത്തതുമാണ് കേരളത്തിന്റെ സാമ്പത്തിക വളർച്ചയെ പിന്നോട്ട് വലിച്ചതെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ അഭിപ്രായം.

GDP, Kerala finance
കേരളം: നമ്മൾ വന്ന വഴികൾ, സാമ്പത്തിക ശാസ്ത്രജ്ഞന്മാർ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്ത ചരിത്രം

ഉദാരവൽക്കരണത്തിന് ശേഷം വമ്പൻ വളർച്ച നേടിയ സൂപ്പർ ഹീറോകളാണ് കർണാടകയും ആന്ധ്രപ്രദേശും. 1960-61 ൽ ഇന്ത്യൻ ജിഡിപി യിൽ കർണാടകയുടെ വിഹിതം 5.4 ശതമാനമായിരുന്നു. തൊണ്ണൂറുകളിൽ ഉദാരവൽക്കരണം വരെ ഇതു ഏറിയും കുറഞ്ഞുമിരുന്നു. 2000-2001 ആയപ്പോൾ ഇത് 6.2 ശതമാനമായി ഉയർന്നു. 2023-24 ആയപ്പോൾ കർണാടകത്തിന്റെ വിഹിതം 8.2 ശതമാനമായി കുതിച്ചുയർന്നു, രാജ്യത്തെ മൂന്നാം സ്ഥാനത്തുമെത്തി.

കർണാടകത്തെയും തമിഴ്‌നാടിനെയും രാജ്യത്തെ 'പവർ ഹൗസുകൾ' എന്നാണ് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ ജി ഡി പി താരതമ്യ പഠന റിപ്പോർട്ടിൽ വിശേഷിപ്പിച്ചത്. 2023-24 ൽ അവിഭക്ത ആന്ധ്ര പ്രദേശും തെലങ്കാനയും ചേർന്നുള്ള വിഹിതം 9.7 ശതമാനമാണ്. വിഭജനത്തിന് ശേഷമുള്ള കണക്കു നോക്കിയാൽ ഇതിൽ കൂടുതൽ വിഹിതം തെലങ്കാനയുടേതാണ് (ആന്ധ്ര 4.7 ശതമാനം, തെലങ്കാന 4.9 ശതമാനം).

അന്നുമിന്നും നിത്യഹരിതമായി വിലസുകയാണ്. തമിഴ്‌നാട്. 1960 കളിൽ തമിഴ്‌നാടിന് ഇന്ത്യൻ ജി ഡിപി യിൽ നാലാം സ്ഥാനമായിരുന്നു. 8.7 ശതമാനമിരുന്നു അന്ന് തമിഴ്നാടി​ന്റെ വിഹിതം. 1990-91 ൽ ഇത് കുറഞ്ഞു 7.1 ശതമാനത്തിലെത്തി. പക്ഷെ ഉദാരവൽക്കരണത്തിന് ശേഷം പിന്നീടങ്ങോട്ട് തമിഴ്നാടിന് നല്ല കാലമായിരുന്നു. 2023-24 ആയപ്പോഴേക്കും 8.9 ശതമാനത്തിലെത്തി. 2023-24 ലെ കണക്കു പ്രകാരം രാജ്യത്ത് രണ്ടാം സ്ഥാനത്താണ്.

Design by Salil Cs

ഇന്ത്യയുടെ ജി ഡി പി യിൽ കേരളമുൾപ്പെടയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആകെ വിഹിതം 2023-24 ൽ 30.6 ശതമാനമാണ്.

1960-61 ൽ 3.4 ശതമാനമുണ്ടായിരുന്ന കേരളത്തിന്റെ ഏറ്റവും മികച്ച സംഭാവന ഈ നൂറ്റാണ്ടിന്റെ ആദ്യമായിരുന്നു; 2000-2001 ലെ 4.1 ശതമാനം. 2023-24 ൽ ഇത് 3.8 ശതമാനമായി കുറഞ്ഞപ്പോൾ കേരളം മാത്രമായി രാജ്യത്തി​ന്റെ സമ്പദ്‌വ്യവസ്ഥയിൽ 'റോൾ' കുറഞ്ഞ ഒരേയൊരു ദക്ഷിണേന്ത്യൻ സംസ്ഥാനം.

"വിഷനറിയായ നേതാക്കളെയാണ് കേരളത്തിന് ആവശ്യം"

കാർഷിക മേഖലയിൽ എന്നും വളർച്ച കൈവരിക്കാനായതാണ് കർണാടകത്തിന്റെയും തെലങ്കാനയുടേയും ഉയർന്ന ജി ഡി പി വളർച്ചയുടെ അടിത്തറയെന്നാണ് സാമ്പത്തിക വിദദ്ധൻ ഡി നാരായണയുടെ അഭിപ്രായം.ഒപ്പം ഉൽപ്പാദന മേഖലയിലും നവ സാങ്കേതികവിദ്യാ മേഖലയിലും മികച്ച മുന്നേറ്റം നടത്താനുമായി. ഇന്ത്യയുടെ ആകെ സോഫ്റ്റ്‌വെയർ കയറ്റുമതിയുടെ 40 ശതമാനവും കർണാടകയിൽ നിന്നാണ്. മഹാരാഷ്ട്രയും തെലങ്കാനയുമാണ് തൊട്ടു പിന്നിൽ.

Finance
Kerala GDPrepresentative image Freepik.com

"കേരളത്തിൽ കാർഷിക മേഖല കനത്ത തിരിച്ചടി നേരിട്ടെന്നു മാത്രമല്ല ഓരോ വർഷവും വിളകളുടെ കൃഷിയും ഉൽപ്പാദനവും കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ഉൽപ്പാദന രംഗത്താവട്ടെ കാര്യമായ വളർച്ചയില്ല. ഇന്ത്യയിലെ ആദ്യ ഐടി പാർക്ക് സ്ഥാപിച്ചത് കേരളത്തിലാണ്. പക്ഷേ, നല്ലൊരു വളർച്ച പിന്നീടുണ്ടായില്ല," അദ്ദേഹം പറഞ്ഞു.

"സോഫ്റ്റ്‌വെയർ എക്സ്പോ‍ർട്ട്സ് വ‍ർഷം ഒരു ലക്ഷം കോടി അടുത്തെത്താറായി എന്നൊക്കെ മേനി പറയുന്ന കേരളം മറ്റു സംസ്ഥാനങ്ങളുടെ വളർച്ച കണ്ടില്ലെന്ന് നടിക്കുകയാണ്. 4.11 ലക്ഷം കോടിയാണ് കർണാടകത്തിന്റെ 2023-24 ലെ കയറ്റുമതി, തെലങ്കാനയുടേത് 1.50 ലക്ഷം കോടിയും."

വിഷനറിയായ നേതാക്കളെയാണ് കേരളത്തിന് ആവശ്യം, ഹൈദരാബാദിനെ ഐ ടി പവർ ഹൗസാക്കിയ ചന്ദ്രബാബു നായിഡുവിനെ പോലെ. സ്ഥല ലഭ്യതയിലെ കുറവ് വൻകിട വ്യവസായങ്ങൾ കേരളത്തിൽ ചുവടുറപ്പിക്കാത്തതിന് ഒരു കാരണമാണ്. പ്രതികൂലമായ പൊതുബോധവും ഉൽപ്പാദന മേഖല വളരാത്തതിന് ഒരു കാരണമാണ് .

GDP, Kerala finance
കേരളം: മുന്നേറ്റത്തിന്റെ മിഴിവും പ്രതിസന്ധികളുടെ നിഴലും

കർണാടകയിലും തെലങ്കാനയിലുമൊക്കെ 'വികസന വിരോധികളുടെ' എണ്ണം കുറവായതും ആ സംസ്ഥാനങ്ങൾക്ക് ഗുണം ചെയ്യുന്നുണ്ടെന്ന് നാരായണ അഭിപ്രായപ്പെട്ടു.

"ജനങ്ങൾക്ക് പൊതുവിൽ വികസന വിഷയങ്ങളോട് താൽപ്പര്യവും പിന്തുണയുമുണ്ട്. പുതിയ വൻകിട പദ്ധതികൾ വരുമ്പോൾ ചെറിയ നിയമലംഘനങ്ങൾ പെരുപ്പിച്ച് കാണിക്കുന്ന പ്രവണത അവിടങ്ങളിലില്ല. അവിടങ്ങളിൽ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ബിസിനസുകാരെ ബഹുമാനിക്കുന്നു. ചൂഷകനായ മുതലാളിയായല്ല, തൊഴിൽ ദാതാവായാണ് അവരെ കാണുന്നത്," നാരായണ പറഞ്ഞു.

വളരുന്നെന്ന് സംസ്ഥാനം

കേരളത്തിന്റെ ഭൂവിസ്‌തൃതി വെച്ച് നോക്കുമ്പോൾ സംസ്ഥാനത്തിന് രാജ്യത്തി​ന്റെ ജി ഡി പി യിലുള്ള പങ്ക് കുറവല്ലെന്നാണ് സംസ്ഥാന സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിന്റെ അഭിപ്രായം. 2011-12 മുതൽ 2023-24 വരെയുള്ള കാലം വിശകലനം ചെയ്യുന്ന വകുപ്പിന്റെ റിപ്പോർട്ടിലാണ് ഈ പരാമർശമുള്ളത്.

"രാജ്യത്തി​ന്റെ ആകെ ഭൂവിസ്തൃതിയിൽ 1.18 ശതമാനം മാത്രമുള്ള കേരളത്തിന് രാജ്യത്തിൻറെ സാമ്പത്തിക മേഖലയിലെ സംഭാവന വലുതാണ്, 3.88 ശതമാനം," റിപ്പോർട്ടിൽ പറയുന്നു. പ്രസ്തുത പതിറ്റാണ്ടിൽ സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനം തുടർച്ചയായ വളർച്ച നേടി. 2011-12 ൽ 3,64,047.88 കോടി രൂപയായിരുന്നത് (കറന്റ് പ്രൈസസ്) 2023-24 ആയപ്പോഴേക്കും 11,46,108.67 കോടി രൂപയായി വളർന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

GDP, Kerala finance
കൊറിയൻ സ്കിൻ കെയർ മാജിക് അഥവാ, ജെൻ സി വളർത്തിയ 'സൗന്ദര്യ മാർക്കറ്റ്'

2021 -22 ൽ കേരളത്തിന്റെ നോമിനൽ ജി എസ് ഡി പി 19.8 ശതമാനം വളർച്ച നേടി. വളർച്ചാ നിരക്കിൽ രാജ്യത്ത് ഏഴാം സ്ഥാനത്താണ് കേരളം. റിയൽ ജി എസ് ഡി പി യുടെ ആ വർഷത്തെ വളർച്ച നിരക്ക് 11.78 ശതമാനമാണ്. വളർച്ചാ നിരക്കിൽ രാജ്യത്ത് നാലാം സ്ഥാനം.

ടെർഷ്യറി സെക്ടറിലെ (സേവന മേഖലയിലെ) വളർച്ചാ നിരക്ക് 22.21 ശതമാനം നേടി വളർച്ചാനിരക്കിൽ രാജ്യത്ത് രണ്ടാം സ്ഥാനത്താണ്. സംസ്ഥാനത്തിന്റെ ആകെ ഉത്പ്പാദനത്തിന്റെ 63.7 ശതമാനവും ഈ മേഖലയുടെ സംഭാവനയാണ്.

Summary

Kerala’s GDP share had increased from 3.4 percent in 1960-61 to a peak of 4.1 percent in 2000-01 but has since drifted down to 3.8 percent in 2023-24. It is the only southern state that seems to be losing share.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com