Dr.KN Raj,Dr.IS Gulati,Dr. MA Oomman
History and present of Kerala: How Kerala evolved Dr.KN Raj, Dr.IS Gulati, Dr. MA Oommanwikipedia fotokannan,GIFT,TNIE

കേരളം: നമ്മൾ വന്ന വഴികൾ, സാമ്പത്തിക ശാസ്ത്രജ്ഞന്മാർ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്ത ചരിത്രം

യുക്തിസഹമായി കാര്യങ്ങൾ വിശകലനം ചെയ്യുന്ന ഒരു സമൂഹം ഇപ്പോൾ കേരളത്തിൽ നിലനിൽക്കുന്നില്ല എന്ന് അദ്ദേഹം പരിതപിക്കുന്നുണ്ട്. ലോകത്തിലെ ഏത് പ്രദേശത്തേക്കാളും മാധ്യമ സാന്ദ്രത ഉണ്ടെങ്കിലും ഇവിടെ സത്യം തമസ്കരിക്കപ്പെടുന്നു.ഒരു സത്യാനന്തര കാലത്താണ് കേരളം ഇപ്പോൾ ജീവിക്കുന്നത്. ഡോ. എം എ ഉമ്മൻ രചിച്ച കേരളം: ചരിത്രം, വർത്തമാനം, ദർശനം എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി ജി സാജൻ എഴുതുന്നു.
Published on

സെക്രട്ടേറിയറ്റിന് മുൻപിൽ പലതരം സമരങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ലോക പ്രശസ്തരായ ഒരു സംഘം സാമ്പത്തിക ശാസ്ത്രജ്ഞന്മാർ സെക്രട്ടേറിയറ്റിനു മുന്നിൽ സത്യഗ്രഹമിരിക്കുമോ? ആർക്കും വിശ്വസിക്കാൻ പറ്റുന്ന ഒരു കാഴ്ച ആയിരുന്നില്ല അത്.

1994 ലാണ് ഡോ. കെ.എൻ. രാജ്, ഐ.എസ്. ഗുലാത്തി, എം.എ. ഉമ്മൻ തുടങ്ങി സെന്റർ ഫോർ ഡെവലപ്പ്മെന്റ് സ്റ്റഡീസിലെ ഭൂരിപക്ഷം അധ്യാപകരും ഗോപിനാഥൻ സാറിനെപ്പോലുള്ള ഗാന്ധിയൻമാരും എം.പി. പരമേശ്വരനും പരിഷത്ത് പ്രവർത്തകരുമെല്ലാം ചേർന്ന് ഒരു പ്രതിഷേധധർണ്ണ നടത്തിയത്.

എന്തിന് വേണ്ടിയായിരുന്നു ആ സമരം എന്നതായിരുന്നു പ്രധാനം. കേരളം നടന്ന വഴികളിൽ നിന്നൊരു ​ഗതിമാറ്റത്തിന് വഴിയൊരുക്കിയ സമരമായിരുന്നു അത്.

Dr.KN Raj,Dr.IS Gulati,Dr. MA Oomman
പ്രേംചന്ദ് എഴുതുന്നു: ചലച്ചിത്രവിതരണത്തിന് വഴിവെട്ടിയ പാവമണി

73, 74 ഭരണഘടനാ ഭേദഗതിക്ക് അനുസൃതമായി കേരളത്തിലെ പഞ്ചായത്തീരാജ്, നഗരപാലിക നിയമങ്ങൾ കാലതാമസമില്ലാതെ പാസ്സാക്കണം എന്നതായിരുന്നു അവരുടെ പ്രധാന ഡിമാൻഡ്. ഈ സമരത്തെ തുടർന്നാണ് ഇ കെ നായനാർ സർക്കാർ അധികാരമേറ്റയുടനെ സമഗ്രമായ നിയമഭേദഗതിക്കു നിർദ്ദേശം സമർപ്പിക്കാൻ സുബ്രതോ സെൻ കമ്മിറ്റിയെ നിയോഗിക്കുന്നതും കേരളത്തിൽ ജനകീയാസൂത്രണം ആരംഭിക്കുന്നതും. സെൻ കമ്മിറ്റിയിൽ അംഗമായിരുന്നു പ്രൊഫ. എം.എ. ഉമ്മൻ. കമ്മിറ്റിയുടെ റിപ്പോർട്ട് ഡ്രാഫ്റ്റ് ചെയ്യുന്നതിൽ ഏറ്റവും വലിയ സംഭാവനയും അദ്ദേഹത്തിന്റേതായിരുന്നു.

ഞാൻ എം എ ഉമ്മൻ സാറിനെ കാണുന്നത് ജനകീയാസൂത്രണ സമയത്താണ്. പിന്നീട് ഗ്രീൻ കേരള എക്സ്പ്രസ്സ് എന്ന സോഷ്യൽ റിയാലിറ്റി ഷോ കേരളത്തിലെ വികേന്ദ്രീകൃത ആസൂത്രണത്തിന്റെ മാതൃകകൾ അവതരിപ്പിച്ചപ്പോൾ ആ പരിപാടി വളരെ ശ്രദ്ധയോടെ വീക്ഷിച്ച പണ്ഡിതരിൽ ഒരാളായിരുന്നു ഉമ്മൻ സാർ.

“എടോ, ഞങ്ങളുടെ പഠനത്തിൽ നിങ്ങളുടെ പരിപാടിയെക്കുറിച്ച് പ്രത്യേകം എഴുതിയിട്ടുണ്ട്.” എന്ന് ഉമ്മൻ സാർ നേരിട്ട് പറഞ്ഞപ്പോൾ അത് ആ പരിപാടിക്ക് കിട്ടിയ വലിയ പുരസ്കാരമായി എനിക്ക് തോന്നി.

MA OOMMEN
MA OOMMENTNIE File

തൊണ്ണൂറാം വയസ്സിലും നിഷ്‌ഠയോടെ, ആർജവത്തോടെ സ്വന്തം പഠന മേഖലയിൽ പ്രവർത്തിക്കുന്ന പണ്ഡിതരെ കണ്ടെത്തുക എളുപ്പമല്ല. അവരിൽ ഏറ്റവും പ്രമുഖനാണ് ഡോ എം എ ഉമ്മൻ.

ശബ്ദായമാനമായ കേരളത്തിലെ മാധ്യമ രംഗത്ത് താരതമ്യേന നിശബ്ദമായി എന്നാൽ കൃത്യതയോടെ കാര്യങ്ങൾ പഠിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന പ്രധാന പണ്ഡിതരിൽ ഒരാളാണ് ഡോ ഉമ്മൻ. അദ്ദേഹത്തിന്റെ കേരളം: ചരിത്രം, വർത്തമാനം, ദർശനം എന്ന പുസ്തകം കേരളത്തിന്റെ സമകാലിക യാഥാർഥ്യം മനസ്സിലാക്കാൻ ശ്രമിക്കുന്നവർ വളരെ ശ്രദ്ധയോടെ വായിക്കേണ്ട ഒന്നാണ്. കേരള വികസനത്തിന്റെ വ്യത്യസ്തമായ ഏറെ മേഖലകൾ ഈ പുസ്തകത്തിൽ അദ്ദേഹം വിശദമായി എഴുതുന്നു. കേരളത്തിന്റെ സാമ്പത്തിക ചരിത്രവും ബാങ്കിങ്ങും അധികാര വികേന്ദ്രീകരണവും മാത്രമല്ല അസമത്വം, വളർച്ച. ക്ഷേമം എന്നതിനൊപ്പം വികസനത്തിന്റെ ദർശനവും ഇവിടെ പഠനവിധേയമാകുന്നുണ്ട്.

വികേന്ദ്രീകൃത ആസൂത്രണത്തിന്റെ പ്രധാന പഠിതാവ് ആയിരുന്ന ഉമ്മൻ സാറിന്റെ ഏറ്റവും പ്രധാന സംഭാവനകളിലൊന്ന് കേരളത്തിൽ നടന്ന ഭൂപരിഷ്ക്കരണത്തെക്കുറിച്ചുള്ള പഠനമാണ്.

കേരളത്തിലെ മഹാരാജാക്കന്മാരാണ് ഇവിടെ ഭൂപരിഷ്ക്കരണത്തിന് തുടക്കം കുറിച്ചത് എന്ന് ചിലർ വാദിക്കാറുണ്ട്.

എന്താണ് സംഭവിച്ചത് എന്ന് എം എ ഉമ്മൻ എഴുതുന്നു:

Dr.KN Raj,Dr.IS Gulati,Dr. MA Oomman
ട്രാൻസ് ജീവിത ഫ്രെയിമുകള്‍

1788, 1795, 1805 എന്നീ വർഷങ്ങളിൽ ബ്രിട്ടീഷുകാരുമായി തിരുവിതാകൂർ രാജാവ് ചില ഉടമ്പടികൾ ഒപ്പിട്ടു. അതനുസരിച്ച് അവർക്ക് കൊടുക്കേണ്ട കപ്പം പ്രതിവർഷം ഒമ്പത് ലക്ഷത്തോളം രൂപയായിരുന്നു. ഭൂപരിഷ്ക്കരണവും ഭൂനികുതിയുമല്ലാതെ രാജാവിന്റെ മുൻപിൽ മറ്റ് മാർഗങ്ങളൊന്നും ഉണ്ടായിരുന്നില്ല.

മാർത്താണ്ഡവർമ്മ ചുറ്റുപാടുമുള്ള നാടുവാഴികളെയും നാട്ടുപ്രമാണിമാരെയും കീഴടക്കി തിരുവിതാംകൂർ സ്ഥാപിച്ചപ്പോൾ വലിയൊരു പങ്ക് ഭൂമി സർക്കാർ അധീനത്തിൽ ആയി. പണ്ടാരവക ഭൂമി എന്നാണ് ഇത് അറിയപ്പെട്ടത്.

1812 ൽ നിരവധി ക്ഷേത്രങ്ങളുടെ ഭൂസ്വത്തും സർക്കാർ കൈവശപ്പെടുത്തി. അങ്ങനെ ഏതാണ്ട് 80 % വരുന്ന കൃഷിഭൂമി സർക്കാരിന്റെ നേരിട്ട് ഉടമസ്ഥതയിലായി.

പിന്നീട് ഈ കപ്പം അടയ്ക്കാനാണ് ഭൂമികളിലെ കുടിയാന്മാർക്ക് സ്ഥിരാവകാശം നൽകിയത്. പാട്ടവും കരവും കൃത്യമായി കൊടുക്കണം എന്നുമാത്രം. ഭൂമി വാങ്ങാനും വിൽക്കാനുമുള്ള അവകാശവും അവർക്ക് ലഭിച്ചു.

ഇതോടൊപ്പം മറ്റൊരു കാര്യവും ഡോ ഉമ്മൻ ചൂണ്ടിക്കാണിക്കുന്നു.

Book by MA Oommen
എം എ ഉമ്മൻ എഴുതിയ പുസ്തകംFile

ലോകത്ത് മറ്റെവിടെയും കാണാത്ത ഭൂവുടമാ ബന്ധങ്ങളാണ് കേരളത്തിൽ നിലനിന്നിരുന്നത്. യൂറോപ്യൻ ഫ്യൂഡലിസത്തിൽ നിന്നും വിഭിന്നമായി ബ്രാഹ്മണ മേധാവിത്വവും ജാതി വ്യത്യാസവും ജന്മിസമ്പ്രദായവും ഇതിന്റെ മുഖമുദ്രകൾ ആയിരുന്നു.

എന്നാൽ ക്രമേണ ചാതുർവർണ്യത്തിന്റെ ചട്ടക്കൂടിൽ പെടാത്ത സുറിയാനി ക്രിസ്ത്യാനികൾ തിരുവിതാംകൂറിലും മുസ്ലിങ്ങൾ മലബാറിലും ഭൂവുടമകളായി. 1931 ലെ സെൻസസ് പ്രകാരം ബ്രാഹ്മണർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഭൂസ്വത്ത് ഉണ്ടായിരുന്നത് സുറിയാനി ക്രിസ്ത്യാനികൾക്ക് ആയിരുന്നു.

കേരളത്തിലെ ഭൂപരിഷ്‌കരണം സമൂഹത്തിന്റെ താഴെത്തട്ടിൽ എത്തുന്നത് 1957 ൽ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ നിയമ നടപടികളിലൂടെ ആയിരുന്നു.

Dr.KN Raj,Dr.IS Gulati,Dr. MA Oomman
വേണം നമുക്ക് പരിവര്‍ത്തനോന്മുഖ വിദ്യാഭ്യാസം

ഏതാണ്ട് അഞ്ച് ലക്ഷത്തിൽപ്പരം കുടികിടപ്പുകാർക്കും 25 ലക്ഷത്തോളം കുടിയാന്മാർക്കും ഇതുകൊണ്ട് നേരിട്ട് ഗുണമുണ്ടായി. കേരളത്തിലെ വർഗ- വർണ അസമത്വത്തിന്റെ ഭൗതികമായ അടിത്തറ സാരമായി മാറ്റിമറിക്കാൻ ഈ നടപടിയിലൂടെ കഴിഞ്ഞു എന്ന് ഡോ ഉമ്മൻ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ ഇതിൽ ഒഴിവാക്കപ്പെട്ടുപോയ കർഷക തൊഴിലാളികളെക്കുറിച്ചും അദ്ദേഹം എഴുതുന്നുണ്ട്. 1957 ൽ അന്നത്തെ റവന്യു വകുപ്പ് മന്ത്രി ആയിരുന്ന കെ ആർ ഗൗരി പ്രഖ്യാപിച്ചത് 17.5 ലക്ഷം ഏക്കർ മിച്ചഭൂമിയാണ്. എന്നാൽ പന്ത്രണ്ടു വർഷത്തിന് ശേഷം വിതരണം ചെയ്തതാകട്ടെ ഇതിനേക്കാൾ വളരെ കുറവായിരുന്നു.

ഇത്തരത്തിൽ സാമൂഹികമായ ഗുണഫലങ്ങൾ ഉണ്ടായെങ്കിലും കാർഷിക ഉത്പാദന ക്ഷമത കൂട്ടാൻ ഭൂപരിഷ്‌ക്കരണ നടപടികൾ സഹായമായില്ല. അൻപതുകളിൽ മൊത്തം ഉൽപ്പാദനത്തിലുള്ള കൃഷിയുടെ സംഭാവന 54.5% ആയിരുന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിൽ ഏഴ് ശതമാനമായി കുറഞ്ഞു. ഇത് ഭൂപരിഷ്‌കരണം മൂലമാണ് എന്ന് ഡോ ഉമ്മൻ പറയുന്നില്ല. എന്നാൽ ജനകീയ പങ്കാളിത്തത്തോടെ കാർഷിക പ്രവർത്തനങ്ങൾ മുന്നോട്ട് പോകാത്തതിൽ അദ്ദേഹം ഖേദിക്കുന്നുമുണ്ട്.

Dr.KN Raj,Dr.IS Gulati,Dr. MA Oomman
ശിഥിലനിദ്രകളും ദീർഘനിദ്രകളും

കേരളത്തിലെ വ്യാവസായിക രംഗം, ബാങ്കിങ് എന്നിവയെക്കുറിച്ചും ഡോ ഉമ്മൻ ചരിത്രപരമായ ധാരാളം അറിവുകൾ നൽകുന്നുണ്ട്. 1936 ൽ തിരുവിതാംകൂറിൽ 18500 പേർക്ക് ഒരു ബാങ്ക് ഉണ്ടായിരുന്നു എന്ന് അദ്ദേഹം എഴുതുന്നു. അക്കാലത്ത് ഇന്ത്യയിൽ 76000 പേർക്ക് ഒരു ബാങ്ക് ആണ് ഉണ്ടായിരുന്നത്. ഫ്രാൻസിൽ 20000 പേർക്ക് ഒരു ബാങ്കും. കേരളത്തിൽ സ്വാതന്ത്ര്യ ലബ്ധിക്ക് മുൻപേതന്നെ മുതലാളിത്തത്തിന്റെ വളർച്ചയുടെ ഭാഗമായി ബാങ്കിങ് മേഖലയുടെ വളർച്ച ഡോ ഉമ്മൻ വിവരിക്കുന്നുണ്ട്.

കേരള മാതൃക എന്ന പ്രയോഗം അത്യുക്തി ആവാം. എന്നാൽ കേരളത്തിന്റെ വികസനാനുഭവത്തെ പ്രശസ്ത സാമൂഹിക ശാസ്ത്രജ്ഞനായ റോബിൻ ജെഫ്രി രാഷ്ട്രീയം+സ്ത്രീ=ക്ഷേമം എന്ന് വിശേഷിപ്പിക്കുന്നുണ്ട്. ഇതൊരു ലളിതവൽക്കരണം ആണെങ്കിലും കേരളത്തിന്റെ വികസന പാതയെക്കുറിച്ചു സംസാരിക്കാൻ അനുയോജ്യമായ ചട്ടക്കൂട് ഇതാണ് എന്ന് ഡോ എം എ ഉമ്മൻ എഴുതുന്നു.

കേരള മാതൃക എന്ന പ്രയോഗം ആദ്യം നടത്തുന്നത് 1977 ൽ മാൽക്കം ആദിശേഷയ്യ ആണ്. “ദുർലഭമായ ഭക്ഷ്യ ധാന്യങ്ങളുടെ തുല്യമായ വിതരണം, അനീതി അധികമില്ലാത്ത കാർഷിക ബന്ധങ്ങൾ, ജനന നിരക്കിൽ കുറവ്, മെച്ചപ്പെട്ട വേതനം’ എന്നിവയൊക്കെയാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. സാമൂഹികനീതിയെ മുൻനിർത്തിയുള്ള ഒരു രാഷ്ട്രീയ സാമൂഹിക സമത്വ വാദമായിരുന്നു കേരള മോഡൽ എന്ന് ഡോ ഉമ്മൻ എഴുതുന്നു.

കേരളത്തിന്റെ ഏറ്റവും വലിയ പരാജയം തൊഴിലില്ലായ്മ പരിഹരിക്കാൻ കഴിയാത്തതാണ് എന്ന് ഡോ ഉമ്മൻ പറയുന്നു. നമ്മുടെ തൊഴിൽ സേനയുടെ പത്ത് ശതമാനം കേരളത്തിന് പുറത്താണ് തൊഴിലെടുക്കുന്നത്. അതുകൂടി ഇല്ലായിരുന്നെങ്കിൽ കേരളത്തിലെ തൊഴിലില്ലായ്മ ഇപ്പോഴുള്ളതിനേക്കാൾ അതിരൂക്ഷമായേനെ.

Dr.KN Raj,Dr.IS Gulati,Dr. MA Oomman
അയ്യപ്പെനെന്തിനാണ് മാറ്റുള്ള തങ്കം? ന്യായീകരിക്കാന്‍ പോറ്റിക്കും ഈ ചോദ്യമാവാം

വലിയ പ്രതീക്ഷകൾ ഉയർത്തിയ ജനകീയാസൂത്രണം അതിനനുസരിച്ചു പിന്നീട് തുടർന്നില്ലായെന്ന വിമർശനം പ്രൊഫ. എം.എ. ഉമ്മൻ ഉയർത്തുന്നുണ്ട്. കേരളത്തിൽ അധികാരവികേന്ദ്രീകരണം മറ്റു സംസ്ഥാനങ്ങളേക്കാൾ വളരെ മുന്നിൽ നിൽക്കുന്നുവെന്ന് സമ്മതിക്കുമ്പോൾ തന്നെ ഇന്നത്തെ പരിമിതികൾ നിശിതമായിത്തന്നെ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. കുറഞ്ഞ ജനപങ്കാളിത്തം, അഴിമതിയുടെ വർദ്ധനവ്, വേണ്ടത്ര സഫലമാകാത്ത സ്ത്രീ പങ്കാളിത്തം, ഉൽപ്പാദന മേഖലകളിലെ പരാജയം, ജില്ലാതല ആസൂത്രണത്തിന്റെ അഭാവം എന്നിങ്ങനെ വിവിധ പ്രശ്നങ്ങൾ അദ്ദേഹം സൂചിപ്പിക്കുന്നു.

ഈ പരിമിതിയെല്ലാം ഉണ്ടെങ്കിലും 2004-ൽ അഖിലേന്ത്യാതലത്തിൽ ഒരു പഞ്ചായത്ത് മന്ത്രാലയം സ്ഥാപിച്ചപ്പോൾ മന്ത്രി മണിശങ്കർ അയ്യർ പല നടപടികൾക്കും കേരളത്തെയാണ് മാതൃകയായി സ്വീകരിച്ചതെന്ന് എം.എ. ഉമ്മൻ ചൂണ്ടിക്കാണിക്കുന്നുണ്ട്. 2007-ൽ മണിശങ്കർ അയ്യറുടെ നേതൃത്വത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ തദ്ദേശീയ ഭരണ സമ്പ്രദായത്തിന്റെ അനുഭവങ്ങൾ പങ്കുവയ്ക്കാൻ പാകിസ്ഥാൻ സന്ദർശിച്ച സൗഹൃദസംഘത്തിൽ എം.എ. ഉമ്മനും അംഗമായിരുന്നു.

കുടുംബശ്രീയെക്കുറിച്ച് സൂക്ഷ്മമായി പഠിക്കാൻ ശ്രമിച്ച പണ്ഡിതൻമാരിൽ ഒരാളാണ് എം.എ. ഉമ്മൻ. 2009-ൽ ഇടതുപക്ഷ സർക്കാർ നാലാം ധനകാര്യ കമ്മീഷന്റെ അധ്യക്ഷനായി അദ്ദേഹത്തെ നിയമിച്ചു. തളർന്നുപോയ വികേന്ദ്രീകരണ പരിശ്രമങ്ങൾക്ക് കൈത്താങ്ങായത് ഡോ ഉമ്മന്റെ ഇടപെടൽ ആയിരുന്നു എന്ന് ഡോ തോമസ് ഐസക് അഭിപ്രായപ്പെട്ടിട്ടുണ്ട്. ദീർഘനാൾ കേരള സർവ്വകലാശാലയിലും ഐഎംജിയിലും ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലും അധ്യാപകനും ഗവേഷകനുമായിരുന്ന പ്രൊഫ. എം.എ. ഉമ്മൻ കേരള പഠനങ്ങൾക്കു സാമൂഹിക സാമ്പത്തിക നീതിയിലൂന്നിയ ഒരു ദിശാബോധം സംഭാവന ചെയ്തിട്ടുണ്ട് എന്ന് ഡോ തോമസ് ഐസക് പറയുന്നു.

Dr.KN Raj,Dr.IS Gulati,Dr. MA Oomman
കെ.കെ. കൊച്ച്; അടിത്തട്ടിലേക്ക് തുറന്ന വാതിൽ

ഈ സമാഹാരത്തിലെ ഏറ്റവും പ്രൗഢമായ ലേഖനം വികസനത്തിന്റെ ദർശനം: എൺപത് പിന്നിട്ട ഒരു ധനശാസ്ത്ര അധ്യാപകന്റെ അനുഭവങ്ങൾ എന്നതാണ്. വികസനം എന്നാൽ മൊത്തം ആഭ്യന്തര ഉൽപ്പാദനം, ആളോഹരി വരുമാനം, വളർച്ചാനിരക്ക് എന്നിവ മാത്രമായി കാണുന്നതിൽ വലിയ അപകടമുണ്ട് എന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അതിന് പകരം മാനവിക വികസന സൂചികകളാണ് ഉപയോഗിക്കേണ്ടത്. വികസിതം എന്ന് ലോകം കരുതുന്ന അമേരിക്കയിൽ 16 % ജനങ്ങൾ ദരിദ്രരാണ്. മൂല്യവത്തായ കാര്യങ്ങൾ ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യത്തിന്റെ നിഷേധമാണ് ദാരിദ്ര്യം എന്ന അമർത്യ സെന്നിന്റെ വരികൾ അദ്ദേഹം ഈ അധ്യായത്തിന്റെ തുടക്കത്തിൽ തന്നെ ഉദ്ധരിക്കുന്നുണ്ട്. സ്വാതന്ത്ര്യം, സമത്വം, സാമൂഹികമായ ഉൾച്ചേർക്കൽ, അന്തസ്സ് എന്നിവയെ വിപുലീകരിക്കുന്ന നിരന്തര പ്രക്രിയയാണ് വികസനം.

യുക്തിസഹമായി കാര്യങ്ങൾ വിശകലനം ചെയ്യുന്ന ഒരു സമൂഹം ഇപ്പോൾ കേരളത്തിൽ നിലനിൽക്കുന്നില്ല എന്ന് അദ്ദേഹം പരിതപിക്കുന്നുണ്ട്. ലോകത്തിലെ ഏത് പ്രദേശത്തേക്കാളും മാധ്യമ സാന്ദ്രത ഉണ്ടെങ്കിലും ഇവിടെ സത്യം തമസ്കരിക്കപ്പെടുന്നു.ഒരു സത്യാനന്തര കാലത്താണ് കേരളം ഇപ്പോൾ ജീവിക്കുന്നത്. കേരളത്തിന്റെ വികസന ചർച്ചകളിൽ ഡോ ഉമ്മന്റെ കാഴ്ചപ്പാടുകൾ ശ്രദ്ധയോടെ കേൾക്കാനുള്ള കഴിവ് ഒരു സമൂഹം എന്ന നിലക്ക് നമ്മൾ ആർജ്ജിച്ചെടുക്കേണ്ടതായിട്ടാണിരിക്കുന്നത്. ആ പരിശ്രമത്തിന് ഏറെ സഹായകമാവും ഈ പുസ്തകം

കേരള ശാസ്ത്ര സാഹിത്യ പരിഷത്താണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Summary

Sajan Gopalan, referencing the book Kerala: History, Present, Vision by M.A. Oommen, writes about Kerala's evolution

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com