പോത്തൻ ജോസഫിൽനിന്നാരംഭിച്ച് റ്റി.ജെ.എസിൽ അവസാനിച്ച ആ ഗാലറി: സെബാസ്റ്റ്യന്‍ പോള്‍ എഴുതുന്നു

Image of TJS George with friends
റ്റി.ജെ.എസ്. ജോര്‍ജ് ഏഷ്യാവീക്കിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം Samakalika Malayalam
Updated on
3 min read

സ്വാതന്ത്ര്യപ്രാപ്തിയുടെ ആദ്യകാലത്ത്, അപരിചിതമായ ജനാധിപത്യത്തിലേക്ക് ഇന്ത്യ കടന്ന കാലത്ത്, രാഷ്ട്രത്തിന് സമർത്ഥമായ നേതൃത്വം നൽകിയ ശ്രേഷ്ഠപത്രാധിപശ്രേണിയിലെ അവസാനത്തെ ആൾ റ്റി.ജെ.എസ് ജോർജിന്റെ വേർപാടോടെ നമ്മെ വിട്ടുപിരിഞ്ഞു.

പോത്തൻ ജോസഫിൽനിന്നാരംഭിച്ച് റ്റി.ജെ.എസിൽ അവസാനിച്ച ആ ഗാലറിയിലെ മലയാളികളുടെ സാന്നിധ്യവും പ്രാതിനിധ്യവും ആരിലും അസൂയ ജനിപ്പിക്കുംവിധം സവിശേഷവും വ്യത്യസ്തവുമാണ്.

മലയാളത്തിൽ എഴുതാൻ കഴിയുന്ന അന്താരാഷ്ട്ര അംഗീകാരമുള്ള ഇംഗ്ലീഷ് പത്രാധിപരായിരുന്നു അദ്ദേഹം. ആത്മകഥാംശങ്ങളുള്ള ‘ഘോഷയാത്ര’ എന്ന പുസ്തകത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. മലയാളം മാത്രമല്ല, കേരളവും അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നുവെന്നതിന് തെളിവാണ് ആ പുസ്തകം. സംസ്ഥാന സർക്കാരിന്റെ സ്വദേശാഭിമാനി-കേസരി പുരസ്‌കാരത്തിനുവേണ്ടി ജോർജിനെ പരിഗണിച്ച ജൂറി മുമ്പാകെ ഉയർന്ന സന്ദേഹമായിരുന്നു അദ്ദേഹം മലയാളത്തിൽ പത്രപ്രവർത്തനം നടത്തുന്ന ആൾ അല്ലല്ലോ എന്നത്. അതിനുള്ള മറുപടിയായിരുന്നു അക്കാദമി അവാർഡ്. സാങ്കേതികമായ വൈതരണി മറികടക്കാൻ സമകാലിക മലയാളത്തിന്റെ സാരഥ്യം മതിയാകുമായിരുന്നു. മലയാള മനോരമയിൽ ‘ഒറ്റയാൻ’ എന്ന പംക്തി അദ്ദേഹമെഴുതുമ്പോൾ തർജമ നന്നായിരിക്കുന്നുവെന്ന് വായനക്കാർ അറിയിച്ചിരുന്നതായി തോമസ് ജേക്കബ് പറയുന്നു. ടി.വി.ആർ ഷേണായിയെക്കുറിച്ചും ഇപ്രകാരം പറയുമായിരുന്നു. പക്ഷേ, അത് പരിഭാഷയായിരുന്നു. ശാരദയ്ക്ക് ടി.ആർ. ഓമന എന്ന പോലെ നല്ല പരിഭാഷകൻ ഷേണായിക്കുണ്ടായിരുന്നു. ജോർജിന്റേത് ഡബ്ബിങ്ങ് ആർട്ടിസ്റ്റിന്റെ സേവനം ആവശ്യമില്ലാത്ത ഒറിജിനൽ റിക്കോർഡിങ് ആയിരുന്നു. വിദേശത്തായിരിക്കുമ്പോഴും നാടൻ ആയിരിക്കുകയെന്നത് അദ്ദേഹത്തിന്റെ ശീലമായിരുന്നു.

സ്വദേശാഭിമാനിയുടേതിന് സമാനമായ അവസ്ഥയിലൂടെ കടന്നുപോയിട്ടുള്ള പത്രാധിപരായിരുന്നു ജോർജ്. അദ്ദേഹത്തിനു സമ്മാനിച്ചപ്പോഴാണ് സ്വദേശാഭിമാനി-കേസരി പുരസ്‌കാരം മൂല്യവത്തായത്. പട്‌നയിൽ കെ.കെ. ബിർലയുടെ ‘ദ് സേർച് ലൈറ്റ്’ പത്രത്തിന്റെ എഡിറ്ററായിരിക്കെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി അദ്ദേഹത്തെ ജയിലിലടച്ചത്. തിരുവിതാംകൂറിൽ ദിവാനെ വിമർശിച്ച രാമകൃഷ്ണപിള്ളയ്‌ക്കെതിരേയും ആരോപിക്കപ്പെട്ട കുറ്റം രാജ്യദ്രോഹമായിരുന്നു. രാജദ്രോഹവും രാജ്യദ്രോഹവും തമ്മിലുള്ള വ്യത്യാസം രാമകൃഷ്‌ണപിള്ള ചൂണ്ടിക്കാണിച്ചെങ്കിലും ഇന്നെന്നപോലെ അന്നും ആരുമത് ശ്രദ്ധിച്ചില്ല. സർക്കാരിന്റെ നിലനില്‍പ്പിനെ ബാധിക്കുംവിധം ശക്തിയാർജിച്ച വിദ്യാർത്ഥി പ്രക്ഷാഭത്തെ പിന്തുണച്ചുവെന്നതായിരുന്നു ജോർജിന്റെ അറസ്റ്റിനു പിന്നിലുള്ള യഥാർത്ഥ കാരണം. ലക്ഷം എന്നത് അതിശയോക്തിയാകാമെങ്കിലും വമ്പിച്ച ജനാവലി മോചിതനാകുന്ന ജോർജിനെ സ്വീകരിക്കാൻ ഹസാരിബാഗ് ജയിൽ കവാടത്തിലെത്തിയിരുന്നു. തെരുവുകളെ മുദ്രാവാക്യം വിളികളാൽ മുഖരിതമാക്കിയ വിദ്യാർത്ഥികൾ വിജിഗീഷുവിനെപ്പോലെയാണ് അദ്ദേഹത്തെ നഗരത്തിലേക്കാനയിച്ചത്. ബ്രിട്ടീഷ് പാർലമെന്റിൽ അഭിപ്രായപ്രകടനസ്വാതന്ത്ര്യത്തിനും റിപ്പോർട്ടർമാരുടെ സാന്നിധ്യത്തിനുംവേണ്ടി ശബ്ദമുയർത്തി ജയിലിലായ ജോൺ വിൽക്‌സിനുവേണ്ടി ജയിലിനു പുറത്ത് സൈന്യവുമായി ജനം ഏറ്റുമുട്ടിയ സംഭവത്തെയാണ് ജോർജിന്റെ അറസ്റ്റ് അനുസ്മരിപ്പിച്ചത്. വിൽക്‌സിനുവേണ്ടിയുള്ള പ്രതിഷേധം അക്രമാസക്തമായപ്പോൾ സൈന്യത്തിന്റെ വെടിവയ്പിൽ ആറു പേർ കൊല്ലപ്പെട്ടു. പത്രാധിപരുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ജനം നേരിട്ട് ഇടപെട്ട ആദ്യത്തെ സന്ദർഭമായിരുന്നു അത്. ‘ദ് നോർത്ത് ബ്രിട്ടൺ’ എന്ന പത്രത്തിന്റെ എഡിറ്ററായിരുന്നു പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജോൺ വിൽക്‌സ്. ഹസാരിബാഗ് ജയിൽ കവാടത്തിൽ പത്രപ്രവർത്തനത്തിലെ ഇതിഹാസം ജനിച്ചപ്പോൾ മുഖ്യമന്ത്രിയായിരുന്ന കെ.ബി. സഹായിയുടെ രാഷ്ട്രീയജീവിതത്തിന്റെ അന്ത്യം കുറിക്കപ്പെട്ടു. ബിഹാറിലെ കാംപസ് കലാപകാരികളുടെ ചരിത്രം ജയപ്രകാശ് നാരായണനിൽനിന്നല്ല തുടങ്ങുന്നത്. അതിനു പത്തു വർഷം മുമ്പേ അവരുടെ തലമുറയിൽപ്പെട്ട ഒരു പത്രാധിപരിൽനിന്നാണ് അവർ ഊർജം ഉൾക്കൊണ്ടത്. ജയിലിൽ കഴിയുമ്പോൾ ജോർജ് എഴുതിയ ലഘുലേഖ പ്രക്ഷോഭകാരികളുടെ സുവിശേഷമായി. അടുത്ത തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സഹായ് ഹസാരിബാഗിൽ പരാജയപ്പെട്ടു.

രാജ്യവ്യാപകമായി മുന്നൂറോളം പത്രപ്രവർത്തകർക്കൊപ്പം കുൽദീപ് നയ്യാർ ജയിലിലായപ്പോൾ പ്രതിഷേധമുണ്ടായില്ല. കാരണം, അന്ന് അടിയന്തരാവസ്ഥയായിരുന്നു. ഹോങ്കോങ്ങിലേക്ക് സ്വയം മാറ്റപ്പെട്ടില്ലായിരുന്നുവെങ്കിൽ റ്റി.ജെ.എസിന് രണ്ടാമത്തെ ജയിൽവാസത്തിനുള്ള അവസരം ഉണ്ടാകുമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നുവെങ്കിൽ ബി.ജി. വർഗീസിനു പകരം റ്റി.ജെ.എസ് ജോർജ് ജനതാ പാർട്ടിയുടെ പരിഗണനയിൽ വരുമായിരുന്നു. ബിഹാറിലെ വിദ്യാർത്ഥികളെപ്പോലെ വ്യക്തികളുടെ മൂല്യം ഉരച്ചറിയാൻ പ്രാപ്തിയില്ലാത്തവരാണ് നമ്മൾ കേരളീയർ എന്നതിനാൽ സ്വർണത്തിനു പകരം ചെമ്പ് ആണ് പ്രതിഷ്ഠിക്കപ്പെടുക. സംഭവ്യമല്ലെങ്കിലും ചില കാര്യങ്ങളുടെ സങ്കല്പനംതന്നെ നിർദോഷമായ പ്രഹർഷത്തിനു കാരണമാകും.

Image of TJS George with N Ram and KN Panicker
എന്‍ റാം, റ്റി.ജെ.എസ്. ജോര്‍ജ്, കെ.എന്‍. പണിക്കര്‍Samakalika Malayalam

മുളമറയെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന രഹസ്യത്തിന്റെ ആവരണത്തിൽ മാവോയുടെ ചൈന ഒറ്റപ്പെട്ട് കഴിഞ്ഞിരുന്നപ്പോൾ ഫാർ ഈസ്റ്റേൺ ഇക്കണോമിക് റിവ്യൂവിന്റെ ലേഖകനെന്ന നിലയിൽ ഹോങ്കോങ്ങിൽ നിലയുറപ്പിച്ചുകൊണ്ട് ചൈനയെ ആധികാരികമായി നിരീക്ഷിക്കാൻ ജോർജിനു കഴിഞ്ഞു. ന്യൂസ് വീക്കിന്റെ മാതൃകയിൽ ഹോങ്കോങ്ങിൽ അദ്ദേഹം ആരംഭിച്ച ഏഷ്യാവീക്ക് നിലവാരത്തിലും പ്രചാരത്തിലും തൃപ്തികരമായ പ്രകടനം കാഴ്ചവച്ചു. കാലത്തിനു മുന്നേയുള്ള പ്രസിദ്ധീകരണമായിരുന്നു അത്. ഇന്നത്തെ പാൻ ഏഷ്യൻ അന്തരീക്ഷത്തിലായിരുന്നുവെങ്കിൽ അതിന് കുറേക്കൂടി സ്വീകാര്യതയുണ്ടാകുമായിരുന്നു. വിയറ്റ്‌നാമിലേക്കുള്ള എന്റെ യാത്രയ്ക്കു മുന്നോടിയായി വായിക്കാൻ പബ്ലിക് ലൈബ്രറിയിൽ പുസ്തകങ്ങൾ തെരഞ്ഞപ്പോൾ കിട്ടിയത് യുദ്ധാനന്തരം വിയറ്റ്‌നാമിൽ യാത്രചെയ്ത് റ്റി.ജെ.എസ് ജോർജ് എഴുതിയ ‘ഹോചിമിന്റെ നാട്ടിൽ’ എന്ന പുസ്തകമായിരുന്നു. ജോർജിന് സുപരിചിതമായ മേഖലയായിരുന്നു ദക്ഷിണപൂർവേഷ്യ. പ്രതിപാദ്യം ഗഹനമാകുമ്പോഴും പ്രതിപാദനം സരസമാക്കാൻ ജോർജിനു കഴിഞ്ഞിരുന്നു.

പത്രപംക്തിയുടെ ക്ഷണികതയെക്കുറിച്ച് ബോധ്യമുണ്ടായതിനാലാവാം ജോർജ് നല്ല ഗ്രന്ഥകാരനായത്. നാൽപ്പത് കൊല്ലം തുടർച്ചയായി പംക്തിയും എഡിറ്റോറിയലും എഴുതി വായനക്കാരെ വിസ്മയിപ്പിച്ച പോത്തൻ ജോസഫിന്റേതായി നമുക്കിപ്പോൾ വായിക്കാൻ ഒന്നും ലഭ്യമല്ല. ആകെയുള്ളത് ആരാധനയോടെ ജോർജ് എഴുതിയ രണ്ട് പുസ്തകങ്ങളാണ്. അപ്രകാരം മറവിക്ക് കീഴ്‌പെടാൻ തയ്യാറല്ലെന്ന പ്രഖ്യാപനവുമായാണ് ജോർജ് കുറേ നല്ല ജീവചരിത്രഗ്രന്ഥങ്ങൾ രചിച്ചത്. ജീവചരിത്രകാരനെ അറിയുന്നതിന് അയാൾ തെരഞ്ഞെടുക്കുന്ന കഥാപുരുഷനെ ശ്രദ്ധിച്ചാൽ മതിയെന്ന് സാനുമാഷ് പറഞ്ഞിട്ടുണ്ട്. മദർ തെരേസയെക്കുറിച്ച് ഞാനെഴുതിയ പുസ്തകം തെരഞ്ഞെടുപ്പുകാലത്ത് പരിചയപ്പെടുത്തിക്കൊണ്ടാണ് മാഷ് അപ്രകാരം പറഞ്ഞത്. സുബ്ബലക്ഷ്മി മുതൽ നർഗീസ് വരെയും വി.കെ. കൃഷ്‌ണമേനോൻ മുതൽ ലീ ക്വാൻ യൂ വരെയും കഥാപാത്രങ്ങളെ വ്യത്യസ്തതയോടെ ജോർജ് അണിനിരത്തി. പട്‌നയിൽ അറസ്റ്റിലായ ജോർജിനുവേണ്ടി കോടതിയിലെത്തിയത് വി.കെ. കൃഷ്‌ണമേനോനായിരുന്നു. അവർ തമ്മിലുണ്ടായിരുന്ന ഗാഢമായ ബന്ധം പ്രതിഫലിപ്പിക്കുന്നതാണ് മേനോനെക്കുറിച്ച് ജോർജ് എഴുതിയ പുസ്തകം.

പോത്തൻ ജോസഫിന്റേയും ഫ്രാങ്ക് മൊറെയ്‌സിന്റേയും പിൻഗാമിയായി നാല് ദശകക്കാലം ജോർജ് ‘ദ് ന്യൂ ഇന്ത്യൻ എക്‌സ്പ്രസി’ന് സമർത്ഥമായ നേതൃത്വം നൽകി. പോത്തൻ ജോസഫിന്റെ പ്രസിദ്ധമായ പംക്തി ‘ഓവർ എ കപ് ഓഫ് ടീ’ നാൽപ്പത് വർഷം നീണ്ടുനിന്ന പ്രതിദിനപംക്തിയായിരുന്നു. ജോർജിന്റെ പ്രതിവാര പംക്തിയായിരുന്നു ‘പോയിന്റ് ഓഫ് വ്യൂ’. ഇരുപത്തിയഞ്ച് വർഷം എല്ലാ ഞായറാഴ്ചയും അദ്ദേഹം അതെഴുതി. 2022 ജൂൺ പന്ത്രണ്ടിന് വായനക്കാരെ ഞെട്ടിച്ചുകൊണ്ട് അദ്ദേഹത്തിന്റെ പംക്തിയുടെ ശീർഷകം ‘Now is the time to say Goodbye’ എന്നായിരുന്നു. താഴെവച്ച പേന പിന്നീട് അദ്ദേഹം എടുത്തില്ല. എഴുത്തിൽ ഫുൾ സ്റ്റോപ്പിന്റെ പ്രാധാന്യം അറിഞ്ഞ പത്രാധിപരായിരുന്നു എഴുപത്തിയഞ്ച് വർഷം വിരാമമില്ലാതെ തൂലിക ചലിപ്പിച്ച റ്റി.ജെ.എസ്. ജോർജ്. ഇന്നിങ്‌സ് എത്ര നീണ്ടാലും അന്ത്യം അനിവാര്യമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com