ട്രാൻസ് ജീവിത ഫ്രെയിമുകള്‍

Image of Abhijith
പി. അഭിജിത്ത് ഇ. ഗോകുല്‍
Updated on
9 min read

കാട്ട് റാണി കോട്ടയിലെ കടവുഗൾ ഇല്ലയ്, ഇന്റ് കാവൽ കാക്ക കടവുളയെൻട്രി ഒരുവരുമില്ലയ്...” ‘തായേ കാത്ത തനയൻ’ എന്ന തമിഴ് സിനിമയിൽ കണ്ണദാസന്റെ വരികൾക്കൊത്ത് സരോജദേവി ആടിപ്പാടിയ പാട്ട്.

കോഴിക്കോട് കൃഷ്‌ണമേനോൻ സ്മാരക മ്യൂസിയത്തിലെ സ്‌ക്രീനിൽ പാട്ടിന്റെ താളത്തിനൊത്ത് രേവതി മനോഹരമായി ചുവടുവെയ്ക്കുന്നു. കടുത്ത സങ്കടത്തോടേയും അതിനുമപ്പുറം സ്‌നേഹത്തോടേയുമാണ് പ്രേക്ഷകർ രേവതിയെ സ്‌ക്രീനിൽ കാണുന്നത്.

Image JALSA FUNCTION
ജല്‍സ ചടങ്ങ് photo by |

ട്രാൻസ്ജെന്റർ ജീവിതത്തിൽ അവരനുഭവിച്ച വേദനകൾ മുഴുവൻ രണ്ടു മണിക്കൂറുള്ള ‘ഞാൻ രേവതി’ എന്ന ഡോക്യുമെന്ററി പ്രേക്ഷകനു മുന്നിൽ വരച്ചിടുന്നുണ്ട്. തമിഴ്‌നാട് നാമക്കൽ സ്വദേശിയും ട്രാൻസ്ജെന്റർ ആക്ടിവിസ്റ്റും എഴുത്തുകാരിയും അഭിനേത്രിയുമായ രേവതിയുടെ ജീവിതം സ്‌ക്രീനിൽ അതേ തീവ്രതയോടെ അനുഭവിപ്പിക്കുന്നത് സംവിധായകൻ പി. അഭിജിത്താണ്.

കേരളത്തിൽ ട്രാൻസ്ജെന്റർ കമ്മ്യൂണിറ്റിയുടെ ജീവിതാനുഭവങ്ങൾ തൊട്ടറിഞ്ഞ, അവരുടെ ജീവിതത്തിനൊപ്പം യാത്ര ചെയ്ത, അവരുടെ ഓരോ മാറ്റവും അടയാളപ്പെടുത്തിയ ന്യൂസ് ഫോട്ടോഗ്രാഫറും സിനിമാ-ഡോക്യുമെന്ററി സംവിധായകനുമാണ് കോഴിക്കോട്ടുകാരനായ അഭിജിത്ത്. രണ്ടായിരത്തിന്റെ തുടക്കത്തിൽ ഇരുപതുകളിലായിരുന്ന കാലത്താണ് ട്രാൻസ്ജെന്റർ വ്യക്തികളുടേയും സമൂഹത്തിന്റേയും ജീവിതംതേടി അഭിജിത്ത് യാത്ര തുടങ്ങുന്നത്. ഒരു ഫോട്ടോ ജേർണലിസ്റ്റിന്റെ സ്വാഭാവികമായ കൗതുകവും പരിചിതമില്ലാതിരുന്ന ജീവിതങ്ങളെ പകർത്താനുള്ള ത്വരയും മാത്രമായിരുന്നു തുടക്കത്തിൽ. പിന്നീട് കേരളത്തിലെ ട്രാൻസ്ജെന്റർ സമൂഹത്തിന്റെ ജീവചരിത്രം കൂടിയായി അഭിജിത്തിന്റെ അടയാളപ്പെടുത്തലുകളും ഇടപെടലുകളും. വർഷങ്ങളോളം അവർക്കൊപ്പം സഞ്ചരിച്ചും താമസിച്ചും അടയാളപ്പെടുത്തിയ ഫോട്ടോകളുടെ നിരവധി പ്രദർശനങ്ങൾ അദ്ദേഹം കേരളത്തിലും പുറത്തും നടത്തിയിട്ടുണ്ട്. ഇതേ വിഷയം പ്രമേയമാക്കി ‘അവൾളിലേക്കുള്ള ദൂരം’, ‘എന്നോടൊപ്പം’ എന്നീ ഷോർട്ട് ഡോക്യുമെന്ററികളും ‘അന്തരം’ എന്ന ഫീച്ചർ ഫിലിമും ‘ഞാൻ രേവതി’ എന്ന ലോങ് ഡോക്യുമെന്ററിയും സംവിധാനം ചെയ്തു. കൂടാതെ നിരവധി ട്രാൻസ്‌ജെന്റർ വ്യക്തികളുമായുള്ള അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചു. കേരളത്തിൽ ട്രാൻസ്ജെന്റർ പോളിസി രൂപപ്പെടുത്തുന്നതിലും അഭിജിത്ത് പങ്കുവഹിച്ചിട്ടുണ്ട്. മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി ട്രാൻസ്ജെന്റർ കമ്മ്യൂണിറ്റിയിൽനിന്നും മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടുന്നത് അദ്ദേഹം ഒരുക്കിയ ‘അന്തരം’ സിനിമയിലൂടെയായിരുന്നു. ഒരു സമൂഹത്തിന്റെ മാറ്റത്തിനൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന അഭിജിത്ത് ട്രാൻസ് ജീവിതങ്ങൾ തേടിയുള്ള യാത്രയെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും സംസാരിക്കുന്നു.

Image of Jalsa function
ജല്‍സ ചടങ്ങ്photo by p abhijith

ഒരു യാത്രയുടെ തുടക്കം

തമിഴ്‌നാട്ടിലെ കൂവാഗത്തേക്കായിരുന്നു ആ യാത്ര. പ്രസിദ്ധമായ ട്രാൻസ്ജെന്റർ ഉത്സവമാണ് വില്ലുപുരത്തിനടുത്ത് കള്ളക്കുറിച്ചി ജില്ലയിലെ കൂവാഗത്ത് നടക്കുന്നത്. ട്രാൻസ്ജെന്റർ സമൂഹത്തിൽനിന്നുള്ള ആയിരക്കണക്കിന് ആളുകൾ ഒത്തുചേരുന്ന ഉത്സവം. അഭിജിത്തിന്റേയും ആദ്യ യാത്രയായിരുന്നു അത്. ഫോട്ടോ ജേര്‍ണലിസ്റ്റായി കോഴിക്കോട് സിറാജ് പത്രത്തിൽ ജോലി തുടങ്ങിയ നാളുകളിലായിരുന്നു അത്. സുഹൃത്തും വർത്തമാനം പത്രത്തിലെ ന്യൂസ് ഫോട്ടോഗ്രാഫറുമായിരുന്ന അജിലാലാണ് കൂവാഗം ഫെസ്റ്റിവലിനെക്കുറിച്ച് അഭിജിത്തിനോട് പറയുന്നത്. അദ്ദേഹം ഫോട്ടോ എടുക്കാനായി കൂവാഗത്തേക്ക് പോകുന്നുണ്ട്. കൂടെ വരുന്നോ എന്നു ചോദിച്ചു. അതുവരെ ട്രാൻസ്ജെന്റർ കമ്മ്യൂണിറ്റിയെക്കുറിച്ച് കേട്ടുകേൾവിയിലൂടെയുള്ള പരിചയം മാത്രമാണ് ഉള്ളത്.

ട്രാൻസ്‌ജെന്ററുകൾക്ക് പൊതുസമൂഹത്തിൽ ഒട്ടും ദൃശ്യത ഇല്ലാത്ത കാലമായിരുന്നു അത്. “സാധാരണ എല്ലാ മനുഷ്യരും ചിന്തിച്ചിരുന്നതുപോലെയാണ് ഞാനും ചിന്തിച്ചത്. ട്രെയിനിൽ ആളുകളെ ശല്യം ചെയ്ത് പൈസ വാങ്ങുക, സെക്‌സ് വർക്കിന് പോവുക എന്നതൊക്കെയാണ് അന്ന് കേട്ടതും വിശ്വസിച്ചതും. ഇവരെക്കുറിച്ച് അക്കാലത്തുണ്ടായ പൊതുബോധത്തിനൊപ്പം തന്നെയായിരുന്നു ഞാനും ചിന്തിച്ചത്. അതുകൊണ്ട് തന്നെ കൂവാഗം ഫെസ്റ്റിവലിന് പോവാനും എനിക്ക് താല്പര്യം തോന്നിയില്ല” അഭിജിത്ത് പറയുന്നു. പക്ഷേ, അജിലാലിന്റെ നിർബന്ധത്തിനു വഴങ്ങി കൂവാഗത്തേക്ക് പോയി. ജീവിതത്തിൽ ആദ്യമായി ട്രാൻസ്ജെന്റർ വ്യക്തികളെ നേരിൽ കാണുന്നതും അവിടെവെച്ചാണ്. അതും ഒന്നോ രണ്ടോ പേരല്ല, നൂറുകണക്കിന് മനുഷ്യരെ. ഇവർ ആക്രമിക്കും, പൈസ തട്ടിപ്പറിക്കും എന്നൊക്കെയുള്ള മുൻധാരണയുള്ളതിനാൽ പേടിച്ച് പേടിച്ചാണ് അവരുടെ ഇടയിലൂടെ നടന്നത്. കുറേ ഫോട്ടോകൾ എടുത്തു. ഒരേതരം പടങ്ങൾ ഒഴിവാക്കാനായി രണ്ടുപേരും രണ്ടുവഴി സഞ്ചരിച്ചു. ആ യാത്രയിലാണ് അഭിജിത്ത് ഇവരെ അടുത്ത് പരിചയപ്പെടുന്നതും സംസാരിക്കുന്നതും ആ ജീവിതങ്ങളുടെ പ്രയാസങ്ങളും പരിമിതികളും ആദ്യമായി കേൾക്കുന്നതും. അതുവരെ കേട്ടതൊന്നുമല്ല ജീവിതം എന്ന തിരിച്ചറിവിന്റെ തുടക്കവും കൂടിയായിരുന്നു അത്.

വളരെ കളർഫുള്ളായ ഫെസ്റ്റിവലായതിനാൽ തന്നെ, ഫോട്ടോഗ്രാഫർ എന്ന രീതിയിൽ കുറേയധികം നല്ല ഫോട്ടോകളുമായാണ് മടങ്ങിയത്. തിരിച്ച് കോഴിക്കോടെത്തിയെങ്കിലും ദിവസങ്ങൾ കഴിഞ്ഞിട്ടും കൂവാഗം ഫെസ്റ്റിവലും അവിടെ പരിചയപ്പെട്ടവരും അഭിജിത്തിന്റെ മനസ്സിൽനിന്ന് ഇറങ്ങിപ്പോയില്ല. ആ മനുഷ്യരിൽ തന്നെ കുടുങ്ങിനിന്ന ഒരവസ്ഥ. എങ്ങനെയായിരിക്കും ഇവരുടെ ജീവിതം, ഇവരുടെ വീടുകളിലെ അനുഭവങ്ങൾ എന്നൊക്കെ ചിന്തിക്കാനും കൂടുതൽ അവരെക്കുറിച്ച് അറിയാനുമുള്ള തോന്നലുണ്ടായി. അവരെ തേടിപ്പോകണം എന്ന് മനസ്സ് പറഞ്ഞുകൊണ്ടേയിരുന്നു. കൂടുതലറിയാൻ പുസ്തകങ്ങൾ എന്തെങ്കിലുമുണ്ടോ എന്നന്വേഷിച്ചു. പക്ഷേ, മലയാളത്തിലൊന്നും കാര്യമായി പുസ്തകങ്ങളൊന്നും ഉണ്ടായിരുന്നില്ല. ജെറീന എന്നവർ എഴുതിയ ഒരു പുസ്തകം മാത്രമാണ് ലഭിച്ചത്. ബാംഗ്ലൂരിൽ ട്രാൻസ്ജെന്റർ കമ്മ്യൂണിറ്റി കൂടുതലായി ഉണ്ട് എന്നും അവർക്കായി ‘സംഗമ’ എന്ന സംഘടന അവിടെ പ്രവർത്തിക്കുന്നുണ്ട് എന്നും ആ പുസ്തകത്തിലൂടെ മനസ്സിലാക്കി. അങ്ങനെ ബാംഗ്ലൂരിൽ പോകാൻ തീരുമാനിച്ചു.

ഫോട്ടോഗ്രാഫി എന്നതിലുപരി മനുഷ്യരെന്താണ് എന്നറിയാനുള്ള ജിജ്ഞാസയാണ് തന്നെ നയിച്ചത്. ഫോട്ടോ എടുക്കാനോ എക്‌സിബിഷൻ നടത്താനോ ആലോചിച്ചായിരുന്നില്ല തീർത്തും ആ യാത്ര. അജിലാലിനോട് ഇക്കാര്യം സൂചിപ്പിച്ചെങ്കിലും അദ്ദേഹത്തിനു പോകാൻ താല്പര്യമുണ്ടായിരുന്നില്ല. കൂവാഗം ഫെസ്റ്റിവെൽ കവർ ചെയ്യുക എന്നത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അദ്ദേഹം വരാത്തതോടെ ഒറ്റയ്ക്കുള്ള യാത്രയായതിനാൽ ആദ്യം മടിച്ചെങ്കിലും പിന്നീട് പോകാതിരിക്കാൻ കഴിഞ്ഞില്ല. അങ്ങനെ പുസ്തകത്തിൽ വായിച്ച വിവരങ്ങളുമായി ബാംഗ്ലൂരിലേക്ക്.

Kuvaagam Festival
കൂവാഗം ഫെസ്റ്റിവല്‍പി. അഭിജിത്ത്

ബാംഗ്ലൂർ ദിനങ്ങൾ

‘സംഗമ’യുടെ ഓഫീസ് തപ്പിപ്പിടിച്ച് അവിടെയെത്തി. റെക്‌സ് എന്നൊരാളായിരുന്നു അന്നതിന്റെ ചാർജ്. അടുത്തിടെ അദ്ദേഹം മരിച്ചുപോയി. ട്രാൻസ്ജെന്റർ കമ്മ്യൂണിറ്റിയിൽപ്പെട്ട ആളായിരുന്നു അദ്ദേഹവും. അദ്ദേഹവുമായി സംസാരിച്ചെങ്കിലും കൂടുതൽ ആളുകളെ ബന്ധപ്പെടുത്താനോ മറ്റോ അദ്ദേഹത്തിന് താല്പര്യമുണ്ടായില്ല. പത്രങ്ങളിൽനിന്ന് നിരവധിപേർ വരികയും റിപ്പോർട്ടുകളും ഫോട്ടോകളും എടുക്കുന്നുണ്ടെങ്കിലും കമ്മ്യൂണിറ്റിക്ക് വലിയ മാറ്റമൊന്നും അതുണ്ടാക്കിയിട്ടില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇവരുടെ ജീവിതം അറിയാനാണ് വന്നത് എന്നുപറഞ്ഞാൽ ഏതുരീതിയിൽ എടുക്കും എന്നറിയാത്തതിനാൽ ഫോട്ടോഗ്രാഫ് ചെയ്യാനാണ് എന്നായിരുന്നു അദ്ദേഹത്തോട് പറഞ്ഞതും. അദ്ദേഹം പൊയ്‌ക്കോ എന്നു പറഞ്ഞിട്ടും കുറേസമയം ഞാൻ അവിടെത്തന്നെ ചുറ്റിപ്പറ്റി നിന്നു. പക്ഷേ, അദ്ദേഹം വഴങ്ങിയില്ല. തിരിച്ച് റൂമിലെത്തി. പിറ്റേന്ന് രാവിലെത്തന്നെ വീണ്ടും പോയി. ഞാൻ ഒഴിഞ്ഞുപോകില്ല എന്ന് അദ്ദേഹത്തിന് മനസ്സിലായതോടെ മലയാളിയായ ജെറീനയെ പരിചയപ്പെടുത്തിത്തരാം എന്നുപറഞ്ഞു. അങ്ങനെ ജെറീനയെ കാത്തിരിക്കുമ്പോൾ സൗമ്യ എന്ന കർണാടക സ്വദേശിയെ പരിചയപ്പെട്ടു. അവരോടും കാര്യം പറഞ്ഞു. അവർ എന്നെ അവരുടെ വീട്ടിലേക്ക് ക്ഷണിച്ചു. എനിക്ക് സ്ഥലമൊന്നും വലിയ നിശ്ചയമില്ല. അവർ തന്നെ ഒരു ഓട്ടോ വിളിച്ച് ഡ്രൈവറോട് സ്ഥലം പറഞ്ഞുകൊടുത്തു. അവർ സ്‌കൂട്ടറിൽ പിന്നാലെ വന്നു. പണ്ട് തൊട്ടേ കേട്ട കഥകളൊക്കെ വെച്ച് പേടിയും ടെൻഷനും ഒക്കെ തോന്നിയിരുന്നു അവരുടെ വീട്ടിലേക്ക് പോകുമ്പോൾ. പക്ഷേ, ഒരു വിശ്വാസത്തിൽ അങ്ങനെ പോയി. ഒരു മുറിയും ഹാളും അടുക്കളയുമുള്ള ചെറിയ ഒരു വീടാണ്. അടുക്കളയിൽ പെൺവേഷത്തിൽ ഒരാൾ പാചകം ചെയ്യുന്നു. അന്നുവരെ കേട്ടത് ആണുങ്ങൾ സെക്‌സ്‌വർക്കിനായി രാത്രിയാവുമ്പോൾ പെൺവേഷം കെട്ടിയിറങ്ങുന്നതാണ് എന്നാണ്. അങ്ങനെയല്ല എന്ന് നേരിട്ട് ബോധ്യപ്പെടുന്നത് ആ വീട്ടിൽ പോയപ്പോഴാണ്. വേറൊരാളും കൂടിയുണ്ടായിരുന്നു. രണ്ടുമണിക്കൂറോളം ഞങ്ങൾ സംസാരിച്ചു. എനിക്ക് ഭക്ഷണം തന്നു. കുറേ ഫോട്ടോസും എടുത്തു. മടങ്ങുമ്പോൾ അതേ ഓട്ടോക്കാരനെത്തന്നെ വിളിച്ച് എന്നെ റൂമിലെത്തിക്കാനും പറഞ്ഞു. അങ്ങോട്ടും ഇങ്ങോട്ടും വന്ന ഓട്ടോ പൈസയും അവർ തന്നെ കൊടുത്തു. എന്റെ മനസ്സിൽ അതുവരെയുണ്ടായിരുന്ന എല്ലാ ധാരണകളും തകിടംമറിഞ്ഞു.

പിറ്റേന്ന് ജെറീനയേയും കണ്ടു. ഹൾസൂറിലായിരുന്നു അത്. അവിടെ ഒരു ഹമാമും ഇവർക്ക് താമസിക്കാൻ മുറിയുമുണ്ടായിരുന്നു. ഹമാം എന്നാൽ കുളിപ്പുര എന്നാണ് മലയാളത്തിൽ. ലോറി ഡ്രൈവർമാരൊക്കെ കുളിക്കാൻ വന്നിരുന്ന സ്ഥലമാണ്. അതിന്റെ ഭാഗമായി സെക്‌സ്‌വർക്കും നടക്കും. നഗരത്തിന് നടുവിൽ തന്നെയുള്ള ഒരു സ്ഥലമാണ്. അവിടെ ജെറീനയുമായി സംസാരിക്കുമ്പോഴാണ് ആദ്യമായി രേവതിയെ പരിചയപ്പെടുന്നത്. തമിഴിൽ ‘ഉണർവും ഉരുവമും’ എന്ന പുസ്തകം എഴുതിയ ആളാണ് എന്നാണ് പരിചയപ്പെടുത്തിയത്. ട്രാൻസ്ജെന്റർ വ്യക്തികളുടെ അനുഭവങ്ങളാണ് പുസ്തകത്തിൽ. സംസാരത്തിനിടയിൽ പുതിയ പുസ്തകം എഴുതുന്നതിനെക്കുറിച്ചും അവർ പറഞ്ഞു. അതാണ് പിന്നീട് വന്ന ‘ട്രൂത്ത് എബൗട്ട് മീ’ എന്ന അവരുടെ ആത്മകഥ. ഞാനതൊക്കെ കേട്ടു. അവർ ഇത്ര വലിയ ആക്ടിവിസ്റ്റായി മാറുമെന്നോ പുസ്തകം ഇത്രയധികം വായിക്കപ്പെടുമെന്നോ അന്ന് കരുതിയിരുന്നില്ല. ഇവരൊക്കെ പുസ്തകം എഴുതുമോ എന്നൊക്കെയായിരുന്നു ആ സമയത്തെ ബാലിശമായ ചിന്തകൾ.

പിന്നീടും അവരെ കാണാൻ ബാംഗ്ലൂരിൽ പോയി. ഈ പടങ്ങളൊക്കെ എടുത്ത് നിങ്ങളെന്താണ് ചെയ്യുന്നത് എന്ന് ഒരിക്കൽ എന്നോട് ചോദിച്ചു. സത്യത്തിൽ ഞാനൊന്നും ചെയ്തിരുന്നില്ല. ഇതൊക്കെ എവിടെയങ്കിലും എക്‌സിബിറ്റ് ചെയ്തൂടെ എന്ന് ജെറീനയാണ് ആദ്യം എന്നോട് ചോദിച്ചത്. അപ്പോഴാണ് ഞാനും അത് ചിന്തിച്ചത്. ആ സമയത്ത് ഞാൻ ശ്രദ്ധിച്ച മറ്റൊരു കാര്യം ആദിവാസി, ദളിത്, ന്യൂനപക്ഷ, സ്ത്രീ വിഷയങ്ങളൊക്കെ പൊതുസമൂഹത്തിൽ ചർച്ചയാവുന്നുണ്ടെങ്കിലും ട്രാൻസ്ജെന്റർ വിഷയം അങ്ങനെ വരാറില്ല. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളോ സംഘടനകളോ ഒന്നും ആ വിഷയങ്ങൾ ചർച്ചയ്‌ക്കെടുക്കാറില്ല. മൈത്രേയനും ജയശ്രീയുമൊക്കെയാണ് ഈ വിഷയങ്ങളെ കാര്യമായി അക്കാലത്ത് അഡ്രസ് ചെയ്തിരുന്ന ആളുകൾ. എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി നടത്തുന്ന ചില പരിപാടികളൊഴിച്ചാൽ ഈ സമൂഹം എന്താണ് എന്നോ എങ്ങനെയാണ് എന്നോ പൊതുസമൂഹത്തിൽ എത്തിക്കാനോ മുഖ്യധാരയിലേക്കെത്തിക്കാനോ ഉള്ള ഒരു പരിപാടിയും നടക്കാറില്ല. ആ സമയത്താണ് ഈ എക്‌സിബിഷന്റെ ആശയവും വരുന്നത്. അത് അത്യാവശ്യമാണ് എന്നൊരു തോന്നൽ കൂടിയുണ്ടായി. ഞാനെടുത്ത പടങ്ങൾ പ്രദർശിപ്പിക്കാൻ മാത്രം ഉള്ളതാണോ എന്നൊരു ചിന്ത ഉണ്ടായിരുന്നു. അന്ന് ഇരുപത്തിയാറ് വയസ്സുള്ള ഒരാളാണ് ഞാൻ. പൊതുവെ ഉൾവലിയൽ സ്വഭാവവും ആത്മവിശ്വാസക്കുറവും ഉണ്ട്. അന്നൊക്കെ വലിയ വലിയ ഫോട്ടോഗ്രാഫർമാരാണ് എക്‌സിബിഷൻ വെയ്ക്കുന്നത്. അതിന്റെയിടയിൽ ഞാനെങ്ങനെ എന്നൊക്കെയാണ് ആലോചിച്ചത്. അതും ഇങ്ങനെയൊരു പ്രമേയവും. ആളുകൾ എങ്ങനെ സ്വീകരിക്കും എന്ന ആശങ്ക വേറെയും. ചില സുഹൃത്തുക്കളെ കാണിച്ച് അഭിപ്രായം ചോദിച്ചു. അങ്ങനെയാണ് ആദ്യമായി ട്രാൻസ്ജെന്റർ ജീവിതങ്ങൾ ഒപ്പിയെടുത്ത ചിത്രങ്ങൾ കോഴിക്കോട് പ്രദർശിപ്പിക്കുന്നത്.

Image of Kuvaagam Festival
കുവാഗം ഫെസ്റ്റിവല്‍പി. അഭിജിത്ത്

കോഴിക്കോട്ടെ ചിത്രപ്രദർശനം

2007-ൽ കോഴിക്കോട് ഇൻഡോർ സ്‌റ്റേഡിയത്തിലായിരുന്നു ഫോട്ടോ പ്രദർശനം. എം.ടി. വാസുദേവൻ നായരെയായിരുന്നു ഉദ്ഘാടകനായി കണ്ടത്. ഈ വിഷയത്തെക്കുറിച്ച് ധാരണയുള്ള ഒരാൾ ഉദ്ഘാടനം ചെയ്യണം എന്നതുകൊണ്ടായിരുന്നു എം.ടിയെ സമീപിച്ചത്. ക്ഷണിക്കാൻ പോയ ദിവസം ട്രാൻസ്ജെന്റർ വിഷയമായി ഇറങ്ങിയ സിനിമകളേയും പുസ്തകങ്ങളേയും കുറിച്ച് എം.ടി. ധാരാളമായി സംസാരിച്ചത് അഭിജിത്ത് ഓർക്കുന്നു. ഉദ്ഘാടനം ചെയ്യാൻ എം.ടി. തയ്യാറായതുമാണ്. പക്ഷേ, അതേ ഡേറ്റിന് എം.ടിക്ക് ഡൽഹിയിൽ എഴുത്തുകാരുടെ പരിപാടിയിൽ പങ്കെടുക്കേണ്ടതുണ്ടായിരുന്നു. എക്‌സിബിഷന്റെ തീയതി മാറ്റിവെയ്ക്കുകയാണെങ്കിൽ ഉദ്ഘാടനത്തിനെത്താം എന്നും അദ്ദേഹം സമ്മതിച്ചു. പക്ഷേ, ചില സാങ്കേതിക കാരണങ്ങളാൽ എക്‌സിബിഷന്റ ഡേറ്റ് മാറ്റാൻ കഴിയാത്തതിനാൽ പിന്നീട് ഉദ്ഘാടകനായി എത്തിയത് നാടകപ്രവർത്തകനും ചിത്രകാരനുമായ വാസുപ്രദീപായിരുന്നു. എഴുപതിലധികം ഫോട്ടോകൾ അന്ന് പ്രദർശനത്തിനു വെച്ചിരുന്നു.

പ്രതീക്ഷകൾ തെറ്റിച്ച് എക്‌സിബിഷൻ വലിയ വിജയമായി. വലിയ മാധ്യമ ശ്രദ്ധയും കിട്ടി. രേവതിയും ജെറീനയുമടക്കമുള്ളവരും എക്‌സിബിഷൻ കാണാനെത്തി. അക്കാലത്ത് കോഴിക്കോട് ട്രാൻസ്ജെന്റർമാരെ വളരെ അപൂർവമായേ പുറത്തുകാണാറുള്ളൂ. തിയേറ്റർ പരിസരങ്ങളിലൊക്കെ രാത്രിസമയങ്ങളിൽ ഉണ്ടാകാറുണ്ട്. അത്തരം ഇടങ്ങളിലോ ആ സമയങ്ങളിലോ ഇവരെ തിരഞ്ഞുപോകാൻ അഭിജിത്ത് തയ്യാറായിട്ടുമില്ല. എക്‌സിബിഷന് ബാംഗ്ലൂരിൽ നിന്നെത്തിയ രേവതിയേയും ജെറീനയേയും പാളയത്തുവെച്ച് അന്ന് ആളുകൾ വളഞ്ഞതും അഭിജിത്തിന്റെ ഓർമയിലുണ്ട്.

എക്‌സിബിഷന് ശേഷം കോഴിക്കോട് നളന്ദയിൽ ഒരുക്കം എന്ന പേരിൽ ട്രാൻസ്ജെന്റർമാരുടെ ഒരു പരിപാടി നടന്നിരുന്നു. അവിടെവെച്ചാണ് ശീതൾ ശ്യാമിനേയും ദീപ്‌തിയേയുമെല്ലാം ആദ്യമായി പരിചയപ്പെടുന്നത്. അന്നെടുത്ത ഫോട്ടോകളിൽനിന്ന് അവർക്കൊക്കെ ഒരുപാട് രൂപമാറ്റങ്ങൾ സംഭവിച്ചു. യഥാർത്ഥത്തിൽ കേരളത്തിലെ ട്രാൻസ്ജെന്റർമാരുടെ മാറ്റം അഭിജിത്തിന്റെ ഫോട്ടോകളിലൂടെ സഞ്ചരിച്ചാൽ തന്നെ മനസ്സിലാക്കിയെടുക്കാം. കോഴിക്കോടിന് ശേഷം തിരുവനന്തപുരത്തും കേരളത്തിലെ വിവിധ കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലും ഫോട്ടോപ്രദർശനം നടന്നു.

എയ്ഞ്ചൽ ഗ്ലാഡിയും കുടുംബത്തിലെ മാറ്റവും

ട്രാൻസ്ജെന്റർ ജീവിതത്തെ അറിയാനും അടയാളപ്പെടുത്താനുമുള്ള യാത്രയിൽ ആദ്യകാലത്തൊക്കെ കുടുംബവും കൂട്ടുകാരും അഭിജിത്തിന്റെ താല്പര്യത്തിനെതിരായിരുന്നു. അഭിജിത്തിന്റെ ചിന്തകളെ ഉൾക്കൊള്ളാൻ അക്കാലത്തൊന്നും അവർക്ക് കഴിഞ്ഞിരുന്നില്ല. ആദ്യകാലത്തൊക്കെ കളിയാക്കലുകളായിരുന്നു നേരിടേണ്ടിവന്നത്. ട്രാൻസ്‌ജെന്ററുകളോട് വേറെന്തോ താല്പര്യമുള്ളതുകൊണ്ടാണ് അതിനു പിന്നാലെ പോകുന്നത് എന്ന് പറഞ്ഞവരുണ്ട്. പിന്നീടാണ് ആളുകൾ അംഗീകരിക്കാനും ഉൾകൊള്ളാനും തുടങ്ങിയത്.

സിറാജിൽനിന്നും മാധ്യമത്തിലെത്തിയപ്പോഴാണ് മദ്രാസ് യൂണിവേഴ്‌സിറ്റിയിൽനിന്നും അവിടെ ഇന്റേൺഷിപ്പിനെത്തിയ മിസ്ഹബിനെ പരിചയപ്പെടുന്നത്. ജമാഅത്തെ ഇസ്‌ലാമിയുടെ സ്റ്റുഡന്റ്‌സ് വിങ്ങിന്റെ പ്രവർത്തകൻ കൂടിയായിരുന്നു മിസ്ഹബ്. മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്ന ട്രാൻസ്‌ജെന്ററായ സുഹൃത്ത് എയ്ഞ്ചൽ ഗ്ലാഡിയെക്കുറിച്ച് മിസ്ഹബ് അഭിജിത്തിനോട് പറയുന്നത് ആ സമയത്താണ്. ഉന്നതവിദ്യാഭ്യാസം ചെയ്യുന്ന ട്രാൻസ്‌വുമൺ എന്നത് അഭിജിത്തിനും കൗതുകമായി. അതുവരെ കണ്ടതും കേട്ടതും ചെറിയ പ്രായത്തിൽ തന്നെ വീടുവിട്ടിറങ്ങേണ്ടിവരികയും പഠനത്തിൽനിന്ന് പുറത്താകുകയും വിവിധ തൊഴിലുകൾ ചെയ്ത് ജീവിതം കഴിച്ചുകൂട്ടുകയും ചെയ്തുപോരുന്ന ആളുകളെയായിരുന്നു. ഇന്റേൺഷിപ്പിന് ശേഷം മിസഹബ് മദ്രാസിലേക്ക് തിരിച്ചുപോയി. ചെന്നൈയിൽ നടക്കുന്ന മിസ് ട്രാൻസ്ജെന്റർ മത്സരത്തിന് പോകാൻ തീരുമാനിച്ച അഭിജിത്ത് മിസ്ഹബിനെ വിളിച്ച് ചെന്നൈയിലേക്ക് വരുന്ന കാര്യം സൂചിപ്പിച്ചു. ചെന്നൈയിൽ ഒരു മുസ്‌ലിം പള്ളിയോട് ചേർന്നുള്ള മുറിയിലാണ് മിസ്ഹബ് താമസിച്ചിരുന്നത്. അഭിജിത്തിനും അവിടെ താമസമൊരുക്കി. എയ്ഞ്ചൽ ഗ്ലാഡിയെ പരിചയപ്പെടുക എന്ന ലക്ഷ്യവുമുണ്ടായിരുന്നു. മത്സരം നടക്കുന്ന സ്ഥലത്ത് അവർ എത്തുമെന്നറിയച്ചതിനെത്തുടർന്ന് ഇരുവരും അങ്ങോട്ടുപോയി. അവിടെവെച്ച് മിസ്ഹബ് എയ്ഞ്ചൽ ഗ്ലാഡിയെ പരിചയപ്പെടുത്തി. (മിസ്ഹബ് അടുത്തിടെ മരിച്ചുപോയി. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത സവിശേഷതകളുള്ള വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്ന് അഭിജിത്ത് ഓർക്കുന്നു).

ചെന്നൈയിൽനിന്ന് ഒന്നരമണിക്കൂറോളം ദൂരെ ഒരു ചേരിപ്രദേശത്തായിരുന്നു ഗ്ലാഡിയുടെ താമസം. അവർ വീട്ടിലേക്ക് ക്ഷണിച്ചത് പ്രകാരം പിറ്റേന്ന് അവിടേക്കു പോയി. ചെറിയ ഒരു ഒറ്റമുറി വീട്ടിലായിരുന്നു ഗ്ലാഡിയുടെ താമസം. സ്വദേശമായ തഞ്ചാവൂരിൽനിന്നും വീടുവിട്ടിറങ്ങി ഇവിടെ താമസിച്ച് പഠിക്കുകയാണ്. തൊട്ടടുത്തുള്ള കുട്ടികൾക്ക് ട്യൂഷനെടുത്താണ് ജീവിതം മുന്നോട്ടുപോകുന്നത്. കുറേ ഫോട്ടോസ് എടുത്ത് അഭിജിത്ത് മടങ്ങി. പിന്നീട് ഒരിക്കൽ കോഴിക്കോട്ടേക്ക് വരാൻ അവർക്ക് താല്പര്യമുണ്ടെന്നറിയിച്ചു. അങ്ങനെ അവർ കോഴിക്കോട്ടെത്തി. വീട്ടിലേക്ക് കൂട്ടിവരുന്നതിനെ വീട്ടുകാർ എതിർത്തു. അയൽക്കാർ എന്തുവിചാരിക്കും എന്ന ആശങ്കയും അമ്മയും ഭാര്യയും പങ്കുവെച്ചു. എന്നാൽ, എതിർപ്പുകളെ വകവെയ്ക്കാതെ ഗ്ലാഡിയെ വീട്ടിലേക്ക് കൊണ്ടുവന്നു. പക്ഷേ, രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് തിരിച്ചുപോകുമ്പോഴേക്കും വീട്ടിലെ ഒരംഗത്തെപ്പോലെയായി അവർ മാറിയിരുന്നു. അയൽവാസികളോടും ഇതൊരു ട്രാൻസ്‌വുമണാണ് എന്ന് പറഞ്ഞുതന്നെയായിരുന്നു അഭിജിത്ത് അവരെ പരിചയപ്പെടുത്തിയത്. അവരെ കൂടുതൽ അറിയാനും ഉൾക്കൊള്ളാനും കഴിയണം എന്ന ഉദ്ദേശത്തിൽ തന്നെയായിരുന്നു അങ്ങനെ പറഞ്ഞതും. ഗ്ലാഡിയുടെ വരവ് കുടുംബത്തിലുണ്ടാക്കിയ മാറ്റം വലുതായിരുന്നു. പിന്നീടുള്ള യാത്രയിൽ വീട്ടുകാരുടെ പൂർണ പിന്തുണയും സഹകരണവും കിട്ടാൻ ഗ്ലാഡിയുടെ വരവിലൂടെ കഴിഞ്ഞു എന്ന് അഭിജിത്ത് പറയുന്നു.

ട്രാൻസ്ജെന്റർ പോളിസി

2010-ലാണ് ഈ ഫോട്ടോകളെല്ലാം ചേർത്ത് പുസ്തകം പുറത്തിറക്കുന്നത്. മാധ്യമത്തിലെ സഹപ്രവർത്തകനും ഡിസൈനറുമായ എം.എ. ഷാനവാസായിരുന്നു പുസ്തകം ഡിസൈൻ ചെയ്തത്. ‘ഹിജഡ’ എന്നാണ് പുസ്തകത്തിന്റെ പേര്. അന്ന് ട്രാൻസ്ജെന്റർ എന്ന പദം ഉപയോഗിക്കാറില്ലായിരുന്നു എന്നും ഹിജഡ എന്നുപറഞ്ഞാലെ ആളുകൾക്ക് മനസ്സിലാവുകയുള്ളൂ എന്നും അഭിജിത്ത് പറയുന്നു. ടെർമിനോളജിയിൽ വലിയ മാറ്റങ്ങൾ ഓരോ കാലത്തും സംഭവിക്കുന്നുണ്ടായിരുന്നു.

യാത്ര പിന്നീടും തുടർന്നു. പുതിയ പുതിയ ആളുകളെ പരിചയപ്പെട്ടു. അവരുടെ ജീവിതത്തിലെ വിവിധ മുഹൂർത്തങ്ങൾ പകർത്തി. അവർക്ക് വിശ്വസിക്കാൻ പറ്റുന്ന ഒരാൾ എന്ന നിലയിലാകാൻ അഭിജിത്തിന് കഴിഞ്ഞു. പുതിയ ഫോട്ടോകൾ കൂടി ഉൾപ്പെടുത്തി 2013-ൽ തിരുവനന്തപുരത്ത് വീണ്ടും ഒരു ഫോട്ടോ എക്‌സിബിഷൻ നടത്തി. അതിനും വലിയ മാധ്യമ ശ്രദ്ധ കിട്ടി. അതിലൂടെ ട്രാൻസ്ജെന്റർ കമ്മ്യൂണിറ്റിക്ക് കിട്ടുന്ന വിസിബിലിറ്റിയാണ് അഭിജിത്തിനെ കൂടുതൽ പ്രചോദിപ്പിച്ചത്. എം.കെ. മുനീറായിരുന്നു അന്ന് സാമൂഹ്യക്ഷേമ മന്ത്രി. അദ്ദേഹവും പ്രദർശനം കാണാനെത്തി. കേരളത്തിലെ ട്രാൻസ്ജെന്റർ സമൂഹത്തെക്കുറിച്ചും അവരുടെ കേരളത്തിലെ അവസ്ഥയെക്കുറിച്ചും അദ്ദേഹം ചോദിച്ചു. ട്രാൻസ്ജെന്ററുകളെക്കുറിച്ച് സംസ്ഥാനാടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ വിവരങ്ങൾ ചോദിച്ച സമയം കൂടിയായിരുന്നു അത്. സർവേയ്ക്ക് സഹകരിക്കാമോ എന്ന് മന്ത്രി അഭിജിത്തിനോട് ചോദിച്ചു. അതുമായി ബന്ധപ്പെട്ടുള്ള എൻ.ജി.ഒ പ്രവർത്തകനായ ചില്ല അനിലിനെ അഭിജിത്ത് നിർദേശിച്ചു.

2015-ലാണ് ട്രാൻസ് എന്ന പേരിൽ ഫോട്ടോ ഡോക്യുമെന്ററി ചെയ്തത്. തിരുവനന്തപുരത്ത് അത് പ്രദർശിപ്പിച്ചു. എം.കെ. മുനീർ തന്നെയായിരുന്നു അതിഥി. കേരളത്തിൽ ട്രാൻസ്ജെന്റർ നയം നടപ്പാക്കുമെന്ന് ആ വേദിയിലാണ് മന്ത്രി എം.കെ. മുനീർ പ്രഖ്യാപിച്ചത്. അന്നത് വലിയ വാർത്തയായിരുന്നു. കുറച്ച് മാസങ്ങൾക്കുള്ളിൽ തന്നെ പോളിസി നിലവിൽ വന്നു. “യു.ഡി.എഫ്. സർക്കാരാണ് കേരളത്തിൽ ട്രാൻസ്ജെന്റർ പോളിസി കൊണ്ടുവന്നത്. മുസ്‌ലിംലീഗിന്റെ മന്ത്രിയായ എം.കെ. മുനീർ യാതൊരു പരിമിതികളുമില്ലാതെ ഇത്രയും പുരോഗമനപരമായ ഒരുനയം കൊണ്ടുവന്നു എന്നത് വലിയ കാര്യമായിട്ടാണ് ഞാൻ കാണുന്നത്. അങ്ങനെയൊരു നയത്തിന്റെ രൂപീകരണത്തിന് ആ ഫോട്ടോ എക്‌സിബിഷനും കാരണമായി എന്നത് സന്തോഷമുള്ള കാര്യമാണ്. ചില്ല അനിലും രേഷ്‌മ തോമസുമാണ് ട്രാൻസ്ജെന്റർ പോളിസിയുടെ കരട് തയ്യാറാക്കിയത്”- അഭിജിത്ത് പറയുന്നു. കേരളത്തിൽ ഈ സമൂഹത്തിന് കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിച്ചത് സർക്കാർ തലത്തിൽ ഈ പോളിസി വന്നതിനു ശേഷമാണ്. എം.കെ. മുനീറിനു ശേഷം സാമൂഹ്യക്ഷേമവകുപ്പ് കൈകാര്യം ചെയ്ത കെ.കെ. ശൈലജയുടെ കാലത്താണ് ട്രാൻസ്ജെൻഡർ സെൽ രൂപീകരിക്കുന്നതും ട്രാൻസ്ജെന്റർ വ്യക്തിയായ ശ്യാമ എസ്. പ്രഭയെ നോഡൽ ഓഫീസറായി നിയമിക്കുന്നതും. മന്ത്രി ആർ. ബിന്ദുവും നിരവധി പദ്ധതികൾ സർക്കാർ തലത്തിൽ കൊണ്ടുവന്നു.

poster
അന്തരം Samakalika Malayalam

സിനിമയിലേക്ക്

സിനിമയായിരുന്നു ചെറുപ്പം മുതലേ ഉള്ള ആഗ്രഹം. പക്ഷേ, പല കാരണങ്ങൾകൊണ്ട് ആ മേഖലയിൽ എത്തിപ്പെടാൻ കഴിഞ്ഞില്ല. ഫോട്ടോ ഡോക്യുമെന്ററി എഡിറ്റ് ചെയ്ത സുഹൃത്ത് ജിൽജിത്താണ് ഡോക്യുമെന്ററി ചെയ്യുന്നതിനെക്കുറിച്ച് സംസാരിച്ചത്. മലയാളത്തിൽ ആ വിഷയത്തിൽ അധികം ഡോക്യുമെന്ററികളൊന്നും വന്നിട്ടുമില്ല. 2013-ൽ ഡി.സി. ബുക്‌സിന്റെ ‘പച്ചക്കുതിര’ മാസികയിൽ കേരളത്തിൽനിന്നുള്ള ഒരു ട്രാൻസ്ജെന്ററിന്റെ ഇൻർവ്യൂ ചെയ്തുതരാമോ എന്ന് ചോദിച്ചിരുന്നു. സൂര്യയുടെ ഇന്റർവ്യൂ ആയിരുന്നു അന്ന് പച്ചക്കുതിരയ്ക്ക് വേണ്ടി ചെയ്തത്. സൂര്യ ഇവിടെത്തന്നെ പോരാടി തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തി ആ രീതിയിൽ വസ്ത്രധാരണം ചെയ്ത് തിരുവനന്തപുരം നഗരത്തിൽ തന്നെ ജീവിച്ച ഒരാളായിരുന്നു. അന്ന് അങ്ങനെയുള്ള ആളുകൾ വളരെ കുറവായിരുന്നു. സൂര്യയേയും കേരളത്തിൽ നിൽക്കാൻ കഴിയാതെ ബാംഗ്ലൂരിൽ അഭയം തേടിയ ഹരിണിയേയും ചേർത്തുകൊണ്ടായിരുന്നു ആദ്യ ഡോക്യുമെന്ററി ‘അവളിലേക്കുള്ള ദൂരം’ ഒരുക്കിയത്. മീഡിയവണ്ണിലെ റോബിനായിരുന്നു ക്യാമറ.

അരമണിക്കൂർ ദൈർഘ്യമുള്ള ഷോർട്ട് ഡോക്യുമെന്ററിയായിരുന്നു. ഐ.ഡി.എസ്.എഫ്.എഫ്.കെയിൽ മത്സരവിഭാഗത്തിൽ ആ ഡോക്യുമെന്ററി ഉൾപ്പെട്ടു. വിവിധ ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കുകയും വിബ്‌ജിയോർ മേളയിലടക്കം അവാർഡുകൾ നേടുകയും ചെയ്തു. അതിന്റെ ആദ്യപ്രദർശനം ഉദ്ഘാടനം ചെയ്തത് മന്ത്രി തോമസ് ഐസക് ആയിരുന്നു. ഡോക്യുമെന്ററി കണ്ട ശേഷം ട്രാൻസ്ജെന്ററുകൾക്ക് പഠിക്കാൻ സ്‌കോളർഷിപ്പുകൾ ഏർപ്പെടുത്തുമെന്നും വീടുവെയ്ക്കാൻ സഹായം ലഭ്യമാക്കുമെന്നും ആ വേദിയിൽ അദ്ദേഹം പ്രഖ്യാപിച്ചു.

2017-ൽ അഞ്ച് ട്രാൻസ്‌മെൻ ആളുകളുടെ ജീവിതത്തെ അടിസ്ഥാനമാക്കി തിരുവനന്തപുരത്ത് വീണ്ടും ഫോട്ടോ എക്‌സിബിഷൻ ഒരുക്കി. ശശി തരൂരായിരുന്നു ഉദ്ഘാടകൻ. അതുവരെ ട്രാൻസ്‌വുമണിനെക്കുറിച്ചായിരുന്നു ചർച്ചകൾ അധികം വന്നത്. ട്രാൻസ്‌മെൻ എന്നത് അധികം പുറത്തേക്ക് വന്നിരുന്നില്ല. അവരെക്കുറിച്ച് പൊതുസമൂഹത്തിൽ എത്തിക്കുക എന്ന ഉദ്ദേശ്യമായിരുന്നു ആ പ്രദർശനം. കേരളത്തിൽ പലയിടത്തും ആ പ്രദർശനം നടത്തി. 2019-ൽ ട്രാൻസ്‌ജെന്ററായ ആളുകളുടെ മാതാപിതാക്കളുടെ ആംഗിളിൽനിന്നുള്ള ഒരു ഡോക്യുമെന്ററി ‘എന്നോടൊപ്പം’ ചെയ്തു. സൂര്യയെ വിവാഹം ചെയ്ത ഇഷാൻ, മിയ ശിവറാം എന്നീ രണ്ടുപേരുടെ മാതാപിതാക്കളായിരുന്നു അതിൽ. ഓട്ടോഡ്രൈവറായിരുന്നു ഇഷാന്റെ പിതാവ്. മത്സ്യത്തൊഴിലാളിയുടെ മകളായിരുന്നു മിയ. അവർക്കെന്ത് പറയാനുണ്ട് എന്ന അന്വേഷണമായിരുന്നു ‘എന്നോടൊപ്പം’. അജയ് മധു ആണ് ക്യാമറമാൻ.

2021-ൽ ‘അന്തരം’ എന്ന ഫീച്ചർഫിലിമിലേക്കെത്തി. അതിൽ നായികയായ നേഹയ്ക്ക് സംസ്ഥാന ചലച്ചിത്ര അവാർഡും ലഭിച്ചു. സംസ്ഥാന ചലച്ചിത്ര അവാർഡ് നേടുന്ന ആദ്യ ട്രാൻസ്ജെന്റർ വ്യക്തി കൂടിയാണ് നേഹ. “ഭയങ്കര ടാലന്റഡ് ആയിട്ടുള്ള വ്യക്തികളാണ് കമ്മ്യൂണിറ്റിയിലുള്ളത്. പക്ഷേ, അതിപ്പോഴും ശരിയായ രീതിയിൽ ഉപയോഗപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ട്രാൻസ്‌മാൻ ആയിട്ടുള്ള വിഹാൻ പീതാംബരൻ എന്ന നടനും അന്തരത്തിൽ അഭിനയിച്ചിട്ടുണ്ട്. ട്രാൻസ് ക്യാരക്ടറുകൾ അവർ തന്നെ ചെയ്യണം എന്ന നിർബന്ധം കൂടിയുണ്ടായിരുന്നു. പലപ്പോഴും കണ്ടുവരുന്നത് ട്രാൻസ്ജെന്റർ ക്യാരക്ടറുകൾ നടന്മാർ ആ വേഷത്തിലേക്ക് മാറി ചെയ്യുന്നതാണ്. ‘ഞാൻ മേരിക്കുട്ടി’യിൽ ജയസൂര്യ, ‘അവനവിലോന’യിൽ സന്തോഷ് കീഴാറ്റൂർ, അങ്ങനെ സിനിമകളെടുത്തുനോക്കിയാൽ നമുക്കത് മനസ്സിലാകും. ട്രാൻസ്ജെന്റർ റോളുകളെങ്കിലും അവർക്കുതന്നെ കൊടുക്കാൻ തയ്യാറാകണം. കുറേ അന്വേഷണത്തിനൊടുവിലാണ് നേഹയെ കണ്ടെത്തിയത്. നേഹ തമിഴ്‌നാട് സ്വദേശിയാണ്. മറ്റൊരു കൗതുകം ഉണ്ടായത് നേരത്തെ പറഞ്ഞ എയ്ഞ്ചൽ ഗ്ലാഡിയുടെ മകളായിരുന്നു നേഹ എന്നതാണ്. ട്രാൻസ്‌ജെന്ററുകൾക്കിടയിൽ അമ്മ-മകൾ റിലേഷൻഷിപ്പുകൾ ഉണ്ടാവും. അങ്ങനെ എയ്ഞ്ചൽ വളർത്തിയ കുട്ടിയാണ് നേഹ. അത് ഞാൻ പിന്നീടാണ് അറിഞ്ഞതും. വിജയ് സേതുപതിയടക്കമുള്ളവർക്കൊപ്പം അഭിനയിക്കാനുള്ള അവസരം പിന്നീട് നേഹയ്ക്ക് കിട്ടി എന്നതും സന്തോഷം. സിനിമ സാമ്പത്തികമായി എനിക്ക് നഷ്ടമാണ്. പക്ഷേ, കമ്മ്യൂണിറ്റിക്കിടയിൽ നേഹയിലൂടെ വലിയ മാറ്റം ഉണ്ടാക്കാൻ കഴിഞ്ഞു എന്നതാണ് സംതൃപ്തി. മുഹമ്മദ് ആണ് ‘അന്തര’ത്തിന്റേയും ‘ഞാൻ രേവതി’യുടേയും ക്യാമറ ചെയ്തത്. മുഹമ്മദിന്റെ പ്രേരണയിലായിരുന്നു ‘അന്തരം’ എന്ന ഫീച്ചർ ഫിലിം ചെയ്യാൻ ധൈര്യം കിട്ടിയത്. തിരക്കഥ ഷാനവാസിന്റേതായിരുന്നു. തിരുവനന്തപുരം സ്വദേശിയായ അമൽജിത്താണ് അഭിജിത്തിന്റെ എല്ലാ ഡോക്യുമെന്റികളുടേയും സിനിമയുടേയും എഡിറ്റർ.

കോഴിക്കോട് സെന്റ് ജോസഫ്‌സ് ബോയ്‌സ് ഹയർസെക്കന്ററി സ്‌കൂളിൽ ഒപ്പം പഠിച്ച ജോജോ ജോൺ ജോസഫ്, ജോമിൻ വി. ജിയോ, പോൾ കൊള്ളാന്നൂർ എന്നിവരായിരുന്നു ‘അന്തര’ത്തിന് സാമ്പത്തിക സഹായം നൽകിയത്. എഡിറ്റർ അമൽജിത്തിന്റെ അമ്മ രേണുക അയ്യപ്പനും അഭിജിത്തിന്റെ ഭാര്യ ശോഭിലയും നിർമാണത്തിൽ പങ്കാളികളായി. ജസ്റ്റിൻ ജോസഫും മഹീപ് ഹരിദാസും സഹനിർമാതാക്കളായി എത്തിയതോടെ അന്തരം യാഥാർത്ഥ്യമായി. തിരുവനന്തപുരത്തെ ഫോട്ടോ ജേർണലിസ്റ്റായ ശിവജിയാണ് ആദ്യത്തെ രണ്ട് ഡോക്യുമെന്ററികൾക്ക് കൂടെ ഉണ്ടായതും പോസ്റ്ററുകൾ ഡിസൈൻ ചെയ്തതും.

രേവതിയുടെ ആത്മകഥ വായിച്ചപ്പോഴാണ് അത് ഡോക്യുമെന്ററിയായി ചെയ്യണം എന്ന ചിന്ത വന്നത്. പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളും വ്യക്തികളും എങ്ങനെയായിരിക്കുമെന്നും കാണണം എന്നുമുള്ള തോന്നലുകൾ കൂടിയാണ് ഡോക്യുമെന്ററിയിലേക്ക് എത്തിച്ചത്. നാടകവും ജീവിതവും ഇഴചേരുന്ന ഫോമിലാണ് ‘ഞാൻ രേവതി’ ഒരുക്കിയത്. രേവതിയുടെ ജീവിതത്തിലൂടെ ട്രാൻസ് കമ്മ്യൂണിറ്റിയുടെ ജീവിതം തന്നെ പ്രേക്ഷകരെ അനുഭവിപ്പിക്കാൻ ഡോക്യുമെന്ററിക്ക് കഴിയുന്നുണ്ട്. ഭാര്യ ശോഭില ആണ് പ്രൊഡ്യൂസർ. ഐ.ഡി.എസ്.എഫ്.എഫ്.കെ, ചെന്നൈ ഇന്റർനാഷണൽ ക്വിയർ ഫിലിം ഫെസ്റ്റിവൽ, മുംബൈ കാഷിഷ് പ്രൈഡ് ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിൽ പ്രദർശിപ്പിച്ച ‘ഞാൻ രേവതി’ കാനഡയിൽ ഒക്ടോബറിൽ നടക്കുന്ന വാൻകുവർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഷിംല ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ഡോക്യുമെന്ററി പ്രദർശിപ്പിക്കും.

എം.കെ. മുനീർ ട്രാൻസ്ജെന്റർ പോളിസി പ്രഖ്യാപിക്കുന്ന വേദിയിൽ അന്ന് കൂടെയുണ്ടായിരുന്നത് രേവതിയും എയ്ഞ്ചൽ ഗ്ലാഡിയുമായിരുന്നു. രണ്ടുപേരും മലയാളികളല്ല. അതിനൊക്കെ ശേഷമാണ് മലയാളികൾ പൊതുഇടങ്ങളിൽ വന്നുതുടങ്ങിയത്. ട്രാൻസ്ജെന്ററുകളെക്കുറിച്ച് ഇപ്പോൾ സമൂഹത്തിന് അറിയാം, കൂടെ യാത്ര ചെയ്യുന്നുണ്ട്. ജോലി ചെയ്യുന്നുണ്ട്. സ്വീകരിക്കപ്പെടുന്നുണ്ട്. ഈ യാത്ര തുടങ്ങുമ്പോൾ അഭിജിത്ത് ആഗ്രഹിച്ചത് അതായിരുന്നു.

“ഏതൊരു മനുഷ്യനെപ്പോലെയും അവർ സമൂഹത്തിൽ സഞ്ചരിക്കുകയും പദവികളിൽ എത്തുകയും ചെയ്യുന്ന ഒരുകാലം. അതിലേക്ക് എത്തിക്കൊണ്ടിരിക്കുന്നുണ്ട്, ഇപ്പോഴും പൂർണമായിട്ടില്ലെങ്കിലും. പാഠ്യപദ്ധതിയിൽത്തന്നെ ഉൾപ്പെടുത്തി ചെറിയ പ്രായത്തിൽത്തന്നെ ഈ കമ്മ്യൂണിറ്റിയെ അറിയാനും പരിചയപ്പെടാനും ഉള്ള അവസരങ്ങൾ ഉണ്ടായാലേ പൂർണമായ മാറ്റം സാധ്യമാകൂ. വർഷങ്ങളായി കേരളത്തിലെ ട്രാൻസ്ജെന്റർ വ്യക്തികൾ നടത്തിയ പോരാട്ടത്തിന്റെ ഫലമാണ് ഇത്രയെങ്കിലും അവർക്ക് കിട്ടുന്ന ദൃശ്യത. ആ പോരാട്ടത്തിൽ ഫോട്ടോകളിലൂടെയും ഡോക്യുമെന്ററികളിലൂടെയും സിനിമയിലൂടെയും അവരെ പിന്തുണയ്ക്കാനും കൂടെ നിൽക്കാനും കഴിഞ്ഞതിൽ സന്തോഷമുണ്ട്”- അഭിജിത്ത് പറയുന്നു. ഫോട്ടോ പ്രദർശനവും സിനിമയും എഴുത്തുമായി അഭിജിത്തിന്റെ യാത്രകളും തുടരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com