വേണം നമുക്ക് പരിവര്‍ത്തനോന്മുഖ വിദ്യാഭ്യാസം

Two toddlers at an anganwadi in Thevarkad during the Praveshanotsavam
തേവര്‍കാട് അങ്കന്‍വാടിയിലെ പ്രവേശനോത്സവം A Sanesh
Updated on
11 min read

സാമൂഹിക പരിവർത്തനത്തിനുള്ള ഏറ്റവും ഫലപ്രദമായ ഉപകരണമായിട്ടാണ് വിദ്യാഭ്യാസം കണക്കാക്കപ്പെടുന്നത്. വിദ്യാഭ്യാസം സാമൂഹ്യ സാമ്പത്തിക പുരോഗതിയിലേക്ക് നയിക്കുന്നതിനും പട്ടിണിയിൽനിന്ന് സമൂഹത്തെ മോചിപ്പിക്കുന്നതിനുള്ള ഉപകരണമായും (United Nations, 2023; UNICEF, 2021) എല്ലാവരേയും ഉൾക്കൊള്ളുന്ന സമത്വാധിഷ്ഠിതമായ ഒരു സമൂഹം നിർമിക്കുന്നതിനും (UNESCO, 2021) ഏറ്റവും പ്രധാനപ്പെട്ട ഉപകരണമായി ആധുനിക സമൂഹത്തിൽ വിദ്യാഭ്യാസം കണക്കാക്കപ്പെടുന്നു.

ദാരിദ്ര്യ നിർമാർജനത്തിൽ വിദ്യാഭ്യാസത്തിന്റെ പങ്ക് വ്യക്തമാക്കുന്ന ഒരു പഠനം വേൾഡ് ബാങ്ക് മുൻപോട്ട് വയ്ക്കുന്നുണ്ട്. സാമ്പത്തികമായി പിന്നോക്കമുള്ള രാജ്യങ്ങളിലെ കുട്ടികൾക്ക് സ്കൂളുകളിൽ പോകുന്നതിനുള്ള സാഹചര്യം ഒരുക്കിയാൽ 171 മില്യൺ ജനങ്ങൾ കൊടും പട്ടിണിയുടേയും ദാരിദ്ര്യത്തിന്റേയും മഹാ കെടുതികളിൽനിന്നു മോചിപ്പിക്കപ്പെടുമെന്ന് ആ പഠനം സൂചിപ്പിക്കുന്നു (World Bank, 2022).

ഉയർന്ന വിദ്യാഭ്യാസം കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും കൂടുതൽ വരുമാനം സൃഷ്ടിക്കുകയും അങ്ങനെ ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വിടവ് പരമാവധി കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു (OECD, 2018) എന്നും നാം വിശ്വസിക്കുന്നു. സാമൂഹ്യതലത്തിൽ എന്നതുപോലെത്തന്നെ വ്യക്തിതലത്തിലും വിദ്യാഭ്യാസത്തിന്റെ മേന്മകൾ ചോദ്യം ചെയ്യപ്പെടാത്ത യുക്തിയായി നിലനിൽക്കുന്നു. വിമർശനാത്മകതയും സർഗാത്മകതയും കൈമുതലായിട്ടുള്ള മനുഷ്യരെ നിർമിക്കുന്നതിനും വ്യക്തികളെ പ്രബുദ്ധരാക്കി തങ്ങളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് മുന്നോട്ട് വരുന്നതിനുള്ള പ്രധാനപ്പെട്ട ഉപാധിയായും വിദ്യാഭ്യാസം കണക്കാക്കപ്പെടുന്നു. പരിസ്ഥിതി സുസ്ഥിരതയും ലിംഗസമത്വവുംപോലെയുള്ള സാമൂഹികപ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിനുള്ള ശക്തമായ ഉപകരണമായും ജനാധിപത്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനും പരസ്പര സഹകരണത്തിലൂന്നിയ സാമൂഹിക ബന്ധങ്ങൾക്കും വിദ്യാഭ്യാസത്തിന്റെ പങ്ക് ആഗോളതലത്തിൽ തന്നെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

Tiny tots — dressed up in uniforms, carrying a backpack and clutching a water bottle — prepared to enter for the first time the world of formal learning
സ്കൂള്‍ പ്രവേശനോത്സവം Vincent Pulickal

ചോദ്യം ചെയ്യപ്പെടാത്ത സാമൂഹ്യസ്ഥാപനമായി അംഗീകരിക്കപ്പെടുമ്പോഴും പിയറി ബർഡ്യൂയെപ്പോലെയുള്ളവർ അടങ്ങുന്ന പ്രത്യുല്പാദന സിദ്ധാന്തം വിദ്യാഭ്യാസത്തെ ശക്തമായി വിമർശനവിധേയമാക്കുന്നു. സമൂഹത്തിലെ അധികാര ബന്ധങ്ങളെ നിലനിർത്തുന്നതിലും നിലവിലുള്ള അസമത്വം പുനർനിർമിക്കുന്നതിലും വിദ്യാഭ്യാസത്തിനുള്ള പങ്കാണ് പ്രധാനമായും വിമർശനവിധേയമാക്കപ്പെടുന്നത് (Bourdieu, 1986). സാമൂഹികവും സാംസ്കാരികവും പ്രതീകാത്മകവും (symbolic) സാമ്പത്തികവുമായ മൂലധനങ്ങൾ കയ്യാളുന്ന പ്രബല ഗ്രൂപ്പുകൾക്ക് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയും അവർക്ക് സാമൂഹ്യശ്രേണിയിൽ മുകളിലേക്ക് അനായാസം കയറിപ്പോകുന്നതിനുള്ള അവസരങ്ങൾ ഒരുക്കുകയും വഴി അസമത്വങ്ങൾ പുനർനിർമിക്കുന്നതിനുള്ള ഒരു സാമൂഹ്യ ഉപകരണമായി വിദ്യാഭ്യാസം വർത്തിക്കുന്നു എന്നതാണ് പ്രധാന വിമർശനം.

വൈരുദ്ധ്യാത്മകങ്ങളായ ഈ സമീപനങ്ങളെ തുലനം ചെയ്യുമ്പോൾ വിദ്യാഭ്യാസം തുല്യതയ്ക്കും സാമൂഹ്യനീതിക്കുമുള്ള ഒരു പ്രധാനപ്പെട്ട ഉപാധിയാണ് എന്ന കാഴ്ചപ്പാടിന് വലിയ ആധിപത്യം ആധുനിക സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. മഹാരഥന്മാരായ ദാർശനികരുടേയും വിദ്യാഭ്യാസ ചിന്തകളുടേയും പിൻബലം ഈ കാഴ്ചപ്പാടിനുണ്ട്. ഉദാഹരണമായി ഇമ്മാനുവൽ കാന്റിന്റെ ‘ബോധനരീതിശാസ്ത്രത്തെ സംബന്ധിച്ച പ്രഭാഷണങ്ങൾ’ എന്ന പുസ്തകത്തിൽ വിദ്യാഭ്യാസത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. യുക്തിബോധവും ധാർമികശേഷിയും പ്രബുദ്ധതയുമുള്ള പൗരന്മാരെ വികസിപ്പിക്കുന്നതിനുള്ള പ്രധാനപ്പെട്ട ഉപകരണമായാണ് ഇമ്മാനുവൽ കാന്റ് വിദ്യാഭ്യാസത്തെ കണ്ടിരുന്നത് (Kant, 2007). അംബേദ്കറുടെ അദ്ധ്യാപകനായിരുന്നല്ലോ പ്രസിദ്ധ ചിന്തകനായിരുന്ന ജോൺ ഡ്യൂവി. വിമർശനാത്മക ചിന്ത വളർത്തുന്നതിനും പ്രശ്നപരിഹരണശേഷിയുമുള്ള പൗരന്മാരെ നിർമിക്കുന്നത് വഴി വിദ്യാഭ്യാസം ജനാധിപത്യത്തെ കരുത്തുറ്റതാക്കുമെന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചിരുന്നു (Dewy, 2011). അടിച്ചമർത്തലിന്റെ വിവിധ രൂപങ്ങളെ തിരിച്ചറിയുകയും അവയ്ക്കെതിരെ പ്രതികരിക്കുന്നതിനുള്ള പ്രധാനപ്പെട്ട ആയുധമായുമാണ് ആധുനിക ചിന്തകരിൽ ഏറ്റവും പ്രധാനിയായിരുന്ന പൗലോ ഫ്രെയർ വിദ്യാഭ്യാസത്തെ കണ്ടിരുന്നത് (Freire, 2000).

image of mahathma gandhi
മഹാത്മാഗാന്ധിസമകാലിക മലയാളം വാരിക

ഗാന്ധിയും മണ്ടേലയും

കൊളോണിയൽ കാലഘട്ടത്തോടുകൂടി വിദ്യാഭ്യാസത്തിൽ ഉള്ള വിശ്വാസവും പ്രതീക്ഷയും വർദ്ധിക്കുകയാണ് ഉണ്ടായത്. കൊളോണിയൽ ഭരണങ്ങൾക്കെതിരെ നടന്ന സമര നായകന്മാരുടെ എല്ലാം തന്നെ ഏറ്റവും പ്രധാനപ്പെട്ട പ്രതീക്ഷയും വിദ്യാഭ്യാസം ആയിരുന്നു. തങ്ങളുടെ പൗരന്മാർ വിദ്യാഭ്യാസത്തിലൂടെ പ്രബുദ്ധത കൈവരിക്കുമെന്നും അങ്ങനെ കൊളോണിയൽ ഭരണകൂടങ്ങൾ തകർന്നുവീഴുമെന്നും പരക്കെ വിശ്വസിക്കപ്പെടുന്നു. 20-ാം നൂറ്റാണ്ടിൽ കൊളോണിയൽ ശക്തിക്കെതിരെ കടുത്ത പോരാട്ടങ്ങൾക്ക് നെടുനായകത്വം വഹിച്ച രണ്ട് പേരാണ് മഹാത്മാഗാന്ധിയും നെൽസണ്‍ മണ്ടേലയും. ദാർശനികർ എന്ന നിലയിലും രാഷ്ട്രീയ, സാമൂഹ്യ പ്രവർത്തകർ എന്ന നിലയിലും ഇവർ രണ്ടുപേരും 20-ാം നൂറ്റാണ്ടിന്റെ സമാനതകളില്ലാത്ത നേതാക്കളാണ്. വിദ്യാഭ്യാസം സമത്വത്തിനുള്ള ഏറ്റവും നല്ല ഉപാധിയാണെന്നുള്ള വിശ്വാസം പങ്കിട്ടവരാണ് ഇവർ രണ്ടുപേരും.

വിദ്യാഭ്യാസത്തിലൂടെ ഇന്ത്യയിലെ നഗരങ്ങളും ഗ്രാമങ്ങള്‍ തമ്മിലുള്ള സാമൂഹ്യ, സാമ്പത്തിക അന്തരം കുറയുമെന്ന് ഗാന്ധി ഉറച്ചു വിശ്വസിച്ചിരുന്നു. അതുപോലെത്തന്നെ തൊഴിൽ വൈദഗ്ദ്ധ്യം ആർജിക്കുന്നതിലൂടെ സ്വാശ്രയത്വം വർദ്ധിക്കും എന്നും അതിലൂടെ പാർശ്വവൽക്കരിക്കപ്പെട്ടവരെ മുൻപോട്ടു കൊണ്ടുവരുന്നതിനും വിദ്യാഭ്യാസം അനിവാര്യമാണെന്ന് ഗാന്ധി വിശ്വസിച്ചിരുന്നു. ലൂയിസ് ഫിഷർ തന്റെ ‘The Life of Mahatma Gandhi’ എന്ന പുസ്തകത്തിൽ “പാവപ്പെട്ടവന്റെ അത്താണിയായും വ്യക്തി നിർമിതിക്കും സാമൂഹ്യപുരോഗതിക്കുമുതകുന്ന രീതിയിൽ നമ്മുടെ വിദ്യാഭ്യാസം പരിവർത്തിക്കപ്പെടേണ്ടതുണ്ട്” എന്ന ഗാന്ധിയുടെ ബോധ്യത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട് (Fischer, 2006). ബി.ആർ. നന്ദ, മഹാത്മാഗാന്ധി ബയോഗ്രാഫി എന്ന പുസ്തകത്തിൽ ഗാന്ധിയുടെ വിദ്യാഭ്യാസ ആശയങ്ങളുടെ അടിത്തറയെക്കുറിച്ച് പറയുന്നുണ്ട്. സാമൂഹികമായ അസമത്വത്തെ തുടച്ചുനീക്കുക എന്നുള്ളതാണ് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ലക്ഷ്യം എന്ന് വിശ്വസിച്ചിരുന്നു (Nanda, 2004). ബി.ആര്‍. നന്ദയുടെ തന്നെ വാക്കുകളിൽ പറഞ്ഞാൽ “Gandhi’s educational plan aimed at the eradication of inequality by imparting knowledge and skills that were relevant to rural India, empowering even the most marginalized sections of society.” ഏതാണ്ട് ഇതേ നിരീക്ഷണം തന്നെയാണ് ആധുനിക ദക്ഷിണ ഏഷ്യൻ ചരിത്രത്തിൽ ആഴത്തിൽ പഠനങ്ങൾ, നിരീക്ഷണങ്ങൾ നടത്തിയിട്ടുള്ള ആളും ഗാന്ധിയുടെ ജീവിതത്തെക്കുറിച്ച് സമഗ്രമായി പഠിക്കുകയും ചെയ്ത ജുഡിത്ത് എം ബ്രൗൺ എന്ന ചരിത്രകാരിയും മുന്നോട്ടുവയ്ക്കുന്നത്. ജാതിയേയും അസ്പർശ്യതയേയും ഉന്മൂലനം ചെയ്യുന്നതിന് സമത്വ അധിഷ്ഠിത സങ്കല്പത്തിന് വലിയ സ്ഥാനമുണ്ടെന്ന് ചൂടിത്തു ബ്രൗൺ, ഗാന്ധിയെക്കുറിച്ചുള്ള In Gandhi: Prisoner of Hop എന്ന പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്. ബ്രൗൺ പറയുന്നത് ഇങ്ങനെയാണ്: “Gandhi’s vision of Nai Talim was revolutionary because it aimed to destroy the very foundations of caste and untouchability through equal opportunities for learning and labor” (Brown, 1989).

ഗാന്ധിയെക്കുറിച്ചും ഗാന്ധിയൻ വിദ്യാഭ്യാസ സങ്കല്പങ്ങളെക്കുറിച്ചും ആഴത്തിലുള്ള ഈ പഠനങ്ങൾ കാണിക്കുന്നത് വിദ്യാഭ്യാസത്തിൽ ഗാന്ധിയുടെ അകമഴിഞ്ഞ വിശ്വാസമാണ്. വ്യക്തിയുടെ വളർച്ചയ്ക്കും സാമൂഹ്യനീതിക്കും സമത്വ അധിഷ്ഠിത സമൂഹ സൃഷ്ടിക്കും വിദ്യാഭ്യാസത്തിന് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും എന്ന് ഗാന്ധി വിശ്വസിച്ചിരുന്നു. നയി തലീം എന്ന വിദ്യാഭ്യാസ പദ്ധതി തന്നെ വിദ്യാർത്ഥികൾ പ്രായോഗിക നൈപുണികൾ ആർജിക്കുന്നതിലൂടെ സമൂഹത്തിൽ രൂഢമൂലമായ അസമത്വത്തെ ഇല്ലാതാക്കി മനുഷ്യന്റെ ആത്മാഭിമാനത്തെ തിരിച്ചുപിടിക്കുന്നതിനുള്ള ഒരു ഉപകരണമായാണ് ഗാന്ധി വിഭാവനം ചെയ്തിരുന്നത്. ഗ്രാമീണ ജീവിതം, ഉല്പാദനപരത, ധാർമികമൂല്യങ്ങൾ എന്നിവ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ലക്ഷ്യമാക്കുന്നതിലൂടെ, ശാക്തീകരണത്തിനും വിമോചനത്തിനുമുള്ള ആധുനിക ഉപകരണമായി വർത്തിക്കാൻ കഴിയുന്ന ഒരു സംവിധാനത്തെയാണ് ഗാന്ധിജി വിഭാവനം ചെയ്തത്.

ഗാന്ധിജിയെപ്പോലെത്തന്നെ വിദ്യാഭ്യാസത്തിൽ വലിയ വിശ്വാസം പുലർത്തിരുന്ന ആളാണ് നെൽസണ്‍ മണ്ടേലയും. ബ്രിട്ടീഷ് കൊളോണിയൽ ആധിപത്യത്തെ ചെറുക്കുന്നതിനുള്ള പ്രധാനപ്പെട്ട ഉപാധിയായും സൗത്ത് ആഫ്രിക്കൻ സമൂഹത്തിലെ സാമൂഹ്യ, സാമ്പത്തിക അസമത്വത്തെ അഭിസംബോധന ചെയ്യുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഉപകരണമായും നെൽസണ്‍ മണ്ടേല വിദ്യാഭ്യാസത്തെ കണക്കാക്കി. കൊളോണിയൽ ശക്തികളോടുള്ള അടിമത്ത മനോഭാവത്തിനും ആഫ്രിക്കൻ ജനതയിൽ രൂഢമൂലമായിരുന്ന നിശ്ശബ്ദതയ്ക്ക് ഉള്ള മറുമരുന്നായും മണ്ടേല വിദ്യാഭ്യാസത്തെ കണക്കാക്കി.

കൊളോണിയൽ ഭരണം അവസാനിപ്പിച്ച് ദക്ഷിണാഫ്രിക്കയിലെ ആദ്യത്തെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് എന്ന നിലയിൽ, മണ്ടേല നയരൂപീകരണത്തിൽ വിദ്യാഭ്യാസത്തിനു വലിയ മുൻഗണനയാണ് നൽകിയത്. അദ്ദേഹത്തിന്റെ സർക്കാർ 1994-ൽ, ജി.ഡി.പിയുടെ ആറ് ശതമാനം വിദ്യാഭ്യാസത്തിനായി നീക്കിവയ്ക്കുകയുണ്ടായി. ദക്ഷിണാഫ്രിക്കയിലെ കൊളോണിയൽ സർക്കാർ വിദ്യാഭ്യാസത്തിൽ നടപ്പിലാക്കിയ ഒരു വേർതിരിവ് നിയമമായിരുന്നു ബന്തു വിദ്യാഭ്യാസ നിയമം (Bantu Education Act, 1953). വെള്ളക്കാരുടെ ഭരണത്തിൻ കീഴിലുള്ള താഴ്ന്ന ജോലികൾക്ക് കറുത്ത വർഗക്കാരെ സജ്ജമാക്കുന്നതിനായി അടിസ്ഥാന സാക്ഷരതയിലും കൈത്തൊഴിൽ പരിശീലനത്തിലും മാത്രമേ അവർക്ക് പഠനത്തിനുള്ള അവസരം ഉണ്ടായിരുന്നുള്ളൂ. ഇതിനായി കറുത്തവർഗക്കാരായ വിദ്യാർത്ഥികൾക്കായി പ്രത്യേകമായി സ്കൂളുകൾ സ്ഥാപിക്കാൻ ബന്തു വിദ്യാഭ്യാസ നിയമം (1953) വിഭാവനം ചെയ്തു. വംശീയശ്രേണി നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ബന്തു വിദ്യാഭ്യാസ നിയമത്തിന്റെ മറവിൽ പാഠ്യപദ്ധതി തയ്യാറാക്കിയത്. അതുവഴി കറുത്തവർഗക്കാരായ വിദ്യാർത്ഥികൾക്ക് ഉയർന്ന അക്കാദമിക് സ്ഥാപനങ്ങളിലേക്കും പ്രൊഫഷണൽ വിഷയങ്ങൾ പഠിപ്പിക്കുന്ന സ്ഥാപനങ്ങളിലേക്കും പ്രവേശനം നിഷേധിക്കപ്പെട്ടു. ഈ നിയമം വ്യാപകമായ പ്രതിരോധത്തിനു കാരണമായി. വർണവിവേചന വിരുദ്ധ പ്രസ്ഥാനങ്ങളുടെ ഏകോപനത്തിനു കാരണമായ ഒരു നിയമം കൂടിയായിരുന്നു ഇത്. അധികാരത്തിൽ വന്ന ഉടൻ തന്നെ ബന്തു വിദ്യാഭ്യാസ നിയമം മണ്ടേലയുടെ സർക്കാർ അസാധു ആക്കുകയുണ്ടായി. അതുവഴി സൗത്താഫ്രിക്കയിലെ സാധാരണക്കാരായ ജനങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കടന്നുവരുന്നതിനുള്ള വലിയ സാധ്യതകൾ മണ്ടേല തുറന്നിട്ടു. ഇതോടൊപ്പം തന്നെ വിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ, അദ്ധ്യാപക പരിശീലനം, പിന്നാക്ക സമൂഹങ്ങളിലെ സ്കൂളുകളിലേക്കുള്ള പ്രവേശനം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള നയങ്ങളും മണ്ടേലയുടെ നേതൃത്വത്തിലുള്ള സർക്കാർ നടപ്പാക്കുകയും ഉണ്ടായി (Mandela, 1995).

വർണവിവേചനത്തിനുശേഷമുള്ള മണ്ടേലയുടെ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ, സമത്വത്തിന്റേയും ദേശീയ പുനർനിർമാണത്തിന്റേയും ആണിക്കല്ലാണ് വിദ്യാഭ്യാസമെന്ന അദ്ദേഹത്തിന്റെ പ്രതിഫലനമാണ്. കൊളോണിയൽ കാലഘട്ടത്തിൽ നിലനിന്നിരുന്ന വിദ്യാഭ്യാസത്തിന്റെ വിവേചനപരമായ ഘടനയെ പൊളിച്ചുമാറ്റി, സ്കൂളുകളിലും അദ്ധ്യാപകരുടെ വിന്യാസത്തിലും അടിസ്ഥാന സൗകര്യങ്ങളിലും മണ്ടേലയുടെ നേതൃത്വത്തിലുള്ള സർക്കാർ വൻതോതിൽ നിക്ഷേപം നടത്തി. വർണവിവേചനം തദ്ദേശീയരായ സൗത്താഫ്രിക്കക്കാർക്ക് വളരെക്കാലമായി നിഷേധിച്ച അവസരങ്ങൾ സൃഷ്ടിക്കാൻ അദ്ദേഹം വളരെ ആത്മാർത്ഥമായി ശ്രമിച്ചു. വിദ്യാഭ്യാസത്തിന് ഇത്ര ശക്തമായി പ്രാധാന്യം നൽകിയതിന് ചില സാമ്പത്തിക വിദഗ്ദ്ധരുടെ വിമർശനംപോലും ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട് മണ്ടേലക്ക് (Stengel, 2010).

ഗാന്ധിയുടേയും മണ്ടേലയുടേയും കാഴ്ചപ്പാടുകൾ സമഗ്രമായി വീക്ഷിച്ചാൽ ചില സാമ്യങ്ങൾ കാണാൻ സാധിക്കും. അതിൽ ഏറ്റവും പ്രധാനമായിട്ടുള്ളത് അവരവരുടെ രാജ്യങ്ങളിൽ നിലനിന്നിരുന്ന സാമൂഹ്യ, സാമ്പത്തിക അസമത്വത്തിനെതിരെയുള്ള ഏറ്റവും പ്രധാനപ്പെട്ട ഉപാധിയായി അവർ വിദ്യാഭ്യാസത്തെ കണക്കാക്കി എന്നുള്ളതാണ്. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനുള്ള ഉപകരണമായും അവർ വിദ്യാഭ്യാസത്തെ കണ്ടിരുന്നു.

Teacher lecturing the students in Government School in Salem district
ക്ലാസ് റൂംSamakalika malayalam vaarika

കേരളം ഊന്നിയ വിദ്യാഭ്യാസം

ഈ ലേഖനം ചർച്ച ചെയ്യുന്നത് വിദ്യാഭ്യാസം സമത്വത്തിനുവേണ്ടിയിട്ടുള്ള ഏറ്റവും ശക്തമായ ആധുനിക സംവിധാനം എന്ന രൂഢമൂലമായ സങ്കല്പം എത്രമാത്രം യുക്തിസഹമാണ് എന്ന് വിലയിരുത്തുന്നതിനുവേണ്ടിയാണ്. ആഗോളതലത്തിലും ദേശീയതലത്തിലും വിദ്യാഭ്യാസം സമത്വത്തിന് എന്ന സങ്കല്പം അടിവരയിട്ട് കാണിക്കുന്നതിനുവേണ്ടിയാണ് നെൽസണ്‍ മണ്ടേലയുടേയും ഗാന്ധിയുടേയും കാര്യങ്ങൾ പരാമർശിച്ചത്. കേരളത്തിന്റെ കാര്യം എടുത്തുനോക്കിയാൽ കാര്യങ്ങൾ ഒട്ടും വ്യത്യസ്തമല്ല എന്നു കാണാൻ സാധിക്കും. 1800-കൾക്ക് മുൻപേ തൊട്ട് തന്നെ കടൽ കടന്നുള്ള വ്യാപാരങ്ങളും കച്ചവടങ്ങളും കേരളത്തിലെ ജനതയെ വിദ്യാസമ്പന്നരാക്കാൻ പ്രാപ്തരാക്കിയിരുന്നു. 1860-ൽ സർക്കാർ ഉദ്യോഗത്തിനു നിശ്ചിത അക്കാദമിക ക്വാളിഫിക്കേഷൻ നിർബന്ധമാക്കിയ മാധവറാവുവിന്റെ ഭരണപരിഷ്കാരത്തോടുകൂടി കേരളത്തിലെ വിവിധ സമുദായ സംഘടനകൾ വിദ്യാഭ്യാസത്തെ തങ്ങളുടെ പ്രധാന പരിഗണന വിഷയമാക്കി മാറ്റുന്നുണ്ട്. നായർ, ഈഴവ സമുദായങ്ങളും വിവിധ ക്രിസ്തീയ വിഭാഗങ്ങളും ഈ കാലഘട്ടം മുതൽക്കേ വിദ്യാഭ്യാസത്തിനു വലിയ പ്രാധാന്യം നൽകുന്നുണ്ട് (Jeffrey, 2023)എന്ന് റോബിൻ ജെഫ്രി സൂചിപ്പിക്കുന്നു.

കേരളീയ നവോത്ഥാന ചരിത്രത്തിൽ ഏറ്റവും പ്രധാനപ്പെട്ട പങ്കു വഹിച്ച ആളാണ് ശ്രീനാരായണഗുരു. വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്നത് ഗുരുവിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉപദേശങ്ങളിൽ ഒന്നാണ്. ഒരു കാരണവശാലും വ്യക്തിപരമായി മാത്രം എടുക്കേണ്ട ഒരു ഉപദേശം അല്ല അത്. പ്രബുദ്ധത തുല്യതയുള്ള സാമൂഹ്യ ജീവിതത്തിലേക്കുള്ള വാതിലാണ്. നല്ല സമൂഹങ്ങൾ സൃഷ്ടിക്കപ്പെടുന്നത് എല്ലാവർക്കും ഉണ്ണാനും ഉടുക്കാനും ഉണ്ടാകുമ്പോഴും വസിക്കാൻ ഒരിടവും ഉണ്ടാവുമ്പോഴാണ്. തന്നെപ്പോലെത്തന്നെ മറ്റുള്ളവരും മനുഷ്യനാണെന്ന തിരിച്ചറിവും സംസ്ഥാന വർഗത്തെ ഉയർത്തിക്കൊണ്ടു വരുന്നതിനുവേണ്ടി ശാസ്ത്രത്തേയും വിദ്യാഭ്യാസത്തേയും ക്രിയാത്മകമായി ഉപയോഗിക്കാൻ സാധിക്കും എന്ന ബോധ്യവുമാണ് പ്രബുദ്ധതയുടെ രത്നച്ചരുക്കം. വിദ്യാഭ്യാസം നേടി ഒരു വ്യക്തി സ്വന്തംനിലയിൽ ഉയർന്ന് മുകളിലേക്ക് പോകുമ്പോൾ തന്റെ നിലയിലേക്ക് ഉയർന്നുവരാൻ സാധിക്കാത്ത തന്റെ സഹജീവികളോട് അനുതാപം ഇല്ലാത്ത ഒരാളെ പ്രബുദ്ധൻ എന്ന വാക്കുകൊണ്ട് ഗുരു വിവക്ഷിക്കും എന്ന് വിചാരിക്കുന്നില്ല. ഗുരുവിന്റെ പ്രബുദ്ധത വ്യക്തിപരമായതല്ല, മറിച്ച് സാമൂഹ്യപരമായതാണ്. ചുരുക്കിപ്പറഞ്ഞാൽ നാരായണഗുരുവിന്റെ പ്രബുദ്ധത സമത്വസുന്ദരമായ സമൂഹ സൃഷ്ടിക്കുവേണ്ടിയുള്ള ഉപദേശമാണ്.

ജാതിമതഭേദമെന്യേ എല്ലാവർക്കും വിദ്യാഭ്യാസം നൽകുന്നതിനുവേണ്ടി 1904-ൽ ശിവഗിരി വർക്കലയിൽ ഗുരു ഒരു വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കുന്നുണ്ട്. 1913-ലെ ആലുവ അദ്വൈതാശ്രമത്തിന്റെ സ്ഥാപനവുമായി ബന്ധപ്പെട്ട് ഗുരു മുൻപോട്ട് വച്ച ഏറ്റവും പ്രധാനപ്പെട്ട സങ്കല്പം ദൈവത്തിന്റെ മുൻപിൽ എല്ലാവരും സമന്മാരാണ് എന്നുള്ളതാണ്. ഈ സമത്വ സങ്കല്പത്തിൽ ഊന്നിയാണ് അദ്വൈത ആശ്രമത്തിന്റെ ആത്മീയ പഠനപ്രവർത്തനങ്ങൾ മുന്നോട്ട് പോയത്. ശ്രീനാരായണ ധർമപരിപാലന യോഗത്തിന്റെ ഭാഗമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഗുരു പ്രോത്സാഹിപ്പിക്കുന്നതും വിദ്യാഭ്യാസം സാമൂഹ്യ സമത്വത്തെ സാധൂകരിക്കും എന്ന വിശ്വാസത്തിലാണ്. അറിവിനെ വരേണ്യവർഗത്തിന്റെ സ്വകാര്യ സ്വത്തായി കണ്ടിരുന്ന ഒരു കാലഘട്ടത്തിൽനിന്ന് അതിനെ ജനകീയവൽക്കരിക്കുന്നതിൽ ഗുരു വഹിച്ച പങ്ക് കേരള ചരിത്രത്തിൽ മറക്കാൻ സാധിക്കുന്നതല്ല. ഇത്തരത്തിൽ വിജ്ഞാനത്തെ ജനകീയവൽക്കരിക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങൾ അടിസ്ഥാനപരമായി ലക്ഷ്യം വെച്ചിരുന്നത് സമത്വദർശനമായിരുന്നു. ഗുരുവിന്റെ മുഴുവൻ രചനകളേയും ആറ്റിക്കുറുക്കിയെടുത്താൽ കിട്ടുന്നത് സമത്വദർശനമാണ്.

ജാതീയമായി കീഴ്ത്തട്ടുകൾ എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന അരികുവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളെ, ജാത്യാധിഷ്ഠിത അധികാരഘടനയിൽനിന്നു വിമോചിപ്പിക്കുന്നതിന് അയ്യന്‍കാളി ആശ്രയിച്ചതും വിദ്യാഭ്യാസത്തെയാണ്. പെട്ടെന്നൊരു വിപ്ലവത്തിലൂടെ സമത്വം എന്നതായിരുന്നില്ല അയ്യന്‍കാളിയുടെ ദർശനം. മറിച്ച് സമത്വത്തിലേക്ക് എത്തുന്നതിനുള്ള ഉപകരണങ്ങളെ കയ്യെത്തി പിടിക്കുക, അങ്ങനെ ജനാധിപത്യപരമായ രീതിയിൽ സമഭാവനയുള്ള സമൂഹത്തെ നിർമിക്കുക എന്ന ഫാബിയൻ സോഷ്യലിസ്റ്റ് ആശയമാണ് അയ്യന്‍കാളി മുന്നോട്ട് വെച്ചത് എന്നു കാണാം. അന്നത്തെ സമൂഹത്തിൽ നിലനിന്നിരുന്ന ക്ഷേത്രപ്രവേശനം, വസ്ത്രധാരണം, പൊതു ഇടങ്ങൾ എന്നിവയുടെ മാനദണ്ഡങ്ങളെ അയ്യന്‍കാളി വെല്ലുവിളിക്കുന്നുണ്ട്. ഇതിനുവേണ്ടി പണിമുടക്കുകൾ, ബഹുജന പ്രതിഷേധങ്ങൾ, അടിത്തട്ടിൽ ഉള്ളവരെ അണിനിരത്തൽ, വില്ലുവണ്ടി സമരങ്ങൾ എന്നിങ്ങനെ നേരിട്ടുള്ള വിപ്ലവാത്മകമായ പ്രവർത്തനങ്ങളിലും ഇടപെടുന്നുണ്ട് എങ്കിൽ കൂടിയും ഒറ്റയടിക്ക് സാമൂഹ്യഘടനയെ വെല്ലുവിളിക്കുക എന്ന മാർക്സിസ്റ്റ് ദർശനം ആയിരുന്നില്ല. അദ്ദേഹത്തിന്റെ സമരരീതികൾ സാമൂഹ്യഘടനയെ വ്യവസ്ഥാപിതമായ രീതിയിൽ തിരുത്തുന്നതിനുവേണ്ടിയുള്ള ഇടപെടലുകൾ ആയിരുന്നു. അതിൽ ഏറ്റവും പ്രധാനമായി അയ്യന്‍കാളി കണ്ടിരുന്നത് വിദ്യാഭ്യാസമാണ് എന്നുള്ളതാണ് വാസ്തവം.

വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ദളിത് സമൂഹത്തിലെ അംഗങ്ങളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് എത്തിക്കുന്നതിൽ അയ്യന്‍കാളി വിപ്ലവകരമായ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പഞ്ചമി എന്ന ദളിത് പെൺകുട്ടിയെ കഴക്കൂട്ടത്തെ സ്കൂളിലേക്ക് അയക്കുന്നത് ഇതിന്റെ ഭാഗമായാണ്. സവർണറുടെ പ്രതിഷേധങ്ങളുടെ ഭാഗമായി കഴക്കൂട്ടത്തെ പഞ്ചമി പഠിച്ചിരുന്ന സ്കൂൾ അഗ്നിക്ക് ഇരയാക്കപ്പെട്ടു എന്നുള്ളത് കേരള ചരിത്രത്തിന്റെ ഭാഗമാണ്. പഞ്ചമിയെ സ്കൂളിലേക്ക് അയക്കുന്നതും പഞ്ചമി ഇരുന്ന ബെഞ്ചും ഡസ്‌ക് അടക്കം അഗ്നിക്കിരയാക്കുന്നതുമായുള്ള പ്രവർത്തനങ്ങൾ ഒരു കാര്യം വ്യക്തമാക്കുന്നു. അയ്യന്‍കാളിക്ക് വിദ്യാഭ്യാസം സാമൂഹ്യവും സാമ്പത്തികമായി അരികവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനുള്ള മാർഗമാണ് എന്നതുപോലെത്തന്നെ വിദ്യാഭ്യാസത്തിലേക്ക് കടന്നുകയറുന്ന ദളിതർ സവർണറുടെ സ്ഥാനമാനങ്ങൾ കയ്യാളും എന്നുള്ള ഭയം സവർണർക്കും ഉണ്ടായിരുന്നു. അതായത് അയ്യന്‍കാളിയും അദ്ദേഹം പ്രതിനിധാനം ചെയ്ത സമൂഹവും അതേസമയം തന്നെ സവർണരും ഒരേപോലെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ തിരിച്ചറിഞ്ഞിരുന്നു.

Citizens witness light showers in Vijayawada
മഴയെത്തുടര്‍ന്ന് സ്കൂള്‍ വിട്ടു വീട്ടിലേക്ക് മടങ്ങുന്ന കുട്ടികള്‍ Prasant Madugula

വിദ്യാഭ്യാസത്തോടൊപ്പം അസമത്വവും മുന്നോട്ട്

സമത്വത്തെ ഊന്നിക്കൊണ്ട് തന്നെയാണ് ഇന്ത്യൻ ഭരണഘടനയിൽ ആർട്ടിക്കിൾ 45 ഉൾപ്പെടുത്തപ്പെട്ടിരുന്നത്. 14 വയസ്സു വരെയുള്ള എല്ലാ കുട്ടികൾക്കും നിർബന്ധിതവും സൗജന്യവും ആയിട്ടുള്ള വിദ്യാഭ്യാസം ഉറപ്പാക്കണം എന്ന് ആർട്ടിക്കിൾ 45 വിഭാവനം ചെയ്തത് ഒരു സമത്വാധിഷ്ഠിത ലോകത്തെ നിർമിക്കുന്നതിൽ വിദ്യാഭ്യാസത്തിനുള്ള പങ്ക് വളരെ വലുതാണ് എന്ന് കണ്ടുകൊണ്ടാണ്. നെൽസൺ മണ്ടേലയാകട്ടെ, സ്വാതന്ത്ര്യാനന്തര ദക്ഷിണാഫ്രിക്കയിൽ മൊത്തം ഉല്പാദനത്തിന്റെ ആറ് ശതമാനം വിദ്യാഭ്യാസത്തിനുവേണ്ടി നീക്കിവെച്ചത് ഇതേ പ്രത്യാശയിൽ വിശ്വാസം അർപ്പിച്ചുകൊണ്ടാണ്. ഗാന്ധിയും മണ്ടേലയും തങ്ങളുടെ രാജ്യങ്ങളെപ്പറ്റിയുള്ള ഭാവിസങ്കല്പത്തിൽ വിദ്യാഭ്യാസത്തിനു നൽകാൻ സാധിക്കുന്ന സംഭാവനകളെക്കുറിച്ച് വലിയ സ്വപ്നങ്ങൾ കണ്ടിരുന്നു. എന്നിരുന്നാലും ഇന്ത്യയിലേയും ദക്ഷിണാഫ്രിക്കയിലേയും സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ അസമത്വം വർദ്ധിക്കുന്നതാണ് നാം കണ്ടുവരുന്നത്. അസമത്വം വിലയിരുത്തുന്നതിനുവേണ്ടി ഉപയോഗിക്കുന്ന ജിനി കോയഫിഷ്യന്റ് ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലും ഉയർന്ന നിലയിൽ തുടരുന്നു എന്നാണ് ലോകബാങ്കിന്റെ വിവിധ സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നത്.

വേൾഡ് ബാങ്ക് 2022-ൽ പുറത്തുവിട്ട കണക്കനുസരിച്ച് ഇന്ത്യയുടെ 2019-ലെ ജിനി കോയഫിഷ്യന്റെ 35.7 ആണ് (World Bank, 2022). 1991-ലെ സാമ്പത്തിക പരിഷ്കരണങ്ങൾക്കു ശേഷം ഇത് കുത്തനെ ഉയരുന്ന കാഴ്ചയാണ് നാം കാണുന്നത്. 1980-കളിൽ 30 ആയിരുന്നു ജിനി കോയഫിഷ്യന്റെ് 2019-ഓടുകൂടി 35.7-ൽ എത്തിനിൽക്കുന്നു. പ്രത്യേകം എടുത്തു ശ്രദ്ധിക്കേണ്ട ഒരു കാര്യം 1991-നുശേഷം ഇന്ത്യയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണത്തിൽ വലിയ കുതിച്ചു കയറ്റം ഉണ്ടായി എന്നുള്ളതാണ്. വിദ്യാഭ്യാസത്തിനുള്ള സാധ്യതകളും അവസരങ്ങളും വർദ്ധിക്കുമ്പോഴും അസമത്വത്തിന്റെ തോത് നിയന്ത്രണാധീതമായ മുകളിലേക്ക് പോകുന്നത് നാം ‘ഇപ്പോൾ കാണുന്ന തരത്തിലുള്ള വിദ്യാഭ്യാസവും’ സമത്വവും തമ്മിലുള്ള വിപരീത ദിശകളിലേക്കുള്ള സഞ്ചാരം വ്യക്തമാക്കുന്നുണ്ട്. ക്രെഡിറ്റ് സൂസിയുടെ പഠനറിപ്പോർട്ട് ഇന്ത്യയിൽ നിലനിൽക്കുന്ന സാമ്പത്തിക അന്തരത്തിന്റെ ആഴം വ്യക്തമാക്കുന്നു. രാജ്യത്തിന്റെ 60 ശതമാനം സമ്പത്തും 10 ശതമാനം ആൾക്കാരുടെ കൈകളിലേക്ക് ചുരുങ്ങുന്ന ഒരു അവസ്ഥ നിലനിൽക്കുന്നുവെന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നു (Credit Suisse, 2021).

സൗത്ത് ആഫ്രിക്കയുടെ കാര്യത്തിലാവട്ടെ, സാമ്പത്തിക അസമത്വത്തെ സൂചിപ്പിക്കുന്ന ജിനി കോയഫിഷ്യന്റ് 2014-ലെ കണക്കുകൾ അനുസരിച്ച് 63.0 ആണ് (World Bank, 2022). മാത്രമല്ല, കഴിഞ്ഞ രണ്ട് ദശകങ്ങളിലായി സൗത്താഫ്രിക്കയിൽ വിദ്യാഭ്യാസ സാധ്യതകൾ വളരെ വലിയ അളവിൽ വർധിക്കുന്നുവെങ്കിൽപോലും തൊഴിലില്ലായ്മയും അസമത്വവും ഉയരുന്നതായിട്ടാണ് കണക്കുകൾ സൂചിപ്പിക്കുന്നത് (Statistics South Africa, 2024).

കൊളോണിയൽ ശക്തികളിൽനിന്ന് മോചിതരാക്കപ്പെടുകയും തങ്ങളുടെ ദേശീയ നയങ്ങളിൽ വിദ്യാഭ്യാസത്തിനു വലിയ പ്രാധാന്യം നൽകുകയും ചെയ്തിട്ടും സാമ്പത്തിക അസമത്വം വർദ്ധിക്കുന്നത് നടപ്പിലാക്കപ്പെട്ട വിദ്യാഭ്യാസത്തിന്റെ രീതിയെ ചോദ്യം ചെയ്യുന്നുണ്ട്. വിദ്യാഭ്യാസത്തിന്റെ വർദ്ധനവിനുള്ള തെളിവായി പലപ്പോഴും ചൂണ്ടിക്കാണിക്കപ്പെടാറുള്ള എൻറോൾമെന്റ് റേഷ്യോ ക്രമാനുഗതമായി രണ്ട് രാജ്യങ്ങളിലും വർധിക്കുന്നത് കാണാം. എല്ലാവർക്കും വിദ്യാഭ്യാസം എന്ന സങ്കല്പം ഈ രണ്ടു രാജ്യങ്ങളിലും ഉറപ്പാക്കിയത് എൻ റോൾമെന്റിന്റെ വർദ്ധനവിലൂടെയാണ്. എൻറോൾമെന്റിലൂടെ വിദ്യാഭ്യാസം ഉറപ്പാക്കപ്പെടുന്നുണ്ട് എങ്കിൽ ആ വിദ്യാഭ്യാസം സാമൂഹ്യ സമത്വത്തിനു വഴിയൊരുക്കുന്നില്ല എന്നാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഗാന്ധിയും മണ്ടേലയും അവരുടെ വിദ്യാഭ്യാസ ദർശനങ്ങളിൽ തെറ്റിപ്പോയിരുന്നോ? വിദ്യാഭ്യാസത്തെ ഏറ്റവും പ്രധാനപ്പെട്ട ആയുധമായി ഉയർത്തിക്കാട്ടിയിട്ടും എന്തുകൊണ്ടാണ് ഈ രണ്ടു രാഷ്ട്രങ്ങളിലും സാമൂഹ്യ അസമത്വം വലിയതോതിൽ ഇപ്പോഴും നിലനിൽക്കുന്നത്? ഈ ചോദ്യത്തിന് നാം ഉത്തരം കണ്ടെത്തേണ്ടതുണ്ട്, അത്ര എളുപ്പത്തിൽ സാധിക്കുന്നതല്ല എങ്കിൽപോലും.

വിദ്യാഭ്യാസം സമത്വസുന്ദരമായ സമൂഹത്തിലേക്ക് നയിക്കും എന്നതിനു തെളിവുകളുടെ അഭാവമുണ്ട്. “Reimagining our futures together: A new social contract for education(2021)” എന്ന റിപ്പോർട്ടിൽ യുനെസ്‌കോ ചൂണ്ടിക്കാണിക്കുന്നത് ലോകത്തെ ഒട്ടുമുക്കാൽ അവികസിത രാജ്യങ്ങളും വിദ്യാഭ്യാസത്തിനുവേണ്ടി വലിയ മുതൽമുടക്ക് നടത്തുകയും എല്ലാവർക്കും വിദ്യാഭ്യാസം ഉറപ്പാക്കുകയും ചെയ്യുമ്പോഴും ഈ രാജ്യങ്ങൾ എല്ലാം തന്നെ വികസിച്ച രാജ്യങ്ങളുമായി തുലനം ചെയ്യുമ്പോൾ ഇപ്പോഴും ജി.ഡി.പി വളർച്ചയിലും സാമൂഹ്യ സമത്വത്തിലും വളരെ പിന്നോട്ട് നിൽക്കുന്ന സാഹചര്യം നിലനിൽക്കുന്നു എന്നാണ്. ഇത് ഈ രാജ്യങ്ങളിൽ നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസത്തിന്റെ പരിമിതി ആണോ അതോ വിദ്യാഭ്യാസം, അത് എങ്ങനെ നടപ്പാക്കിയാലും സാമൂഹ്യസമത്വത്തെ ഉറപ്പുനൽകാത്ത ഒന്നാണോ എന്ന സംശയങ്ങൾ ഉയർത്തുന്നുണ്ട്. പിയറി ബോർദ്യു, ഇവാൻ ഇല്ലിച്ച്, പൗലോ ഫ്രയറി തുടങ്ങിയവർ നിലനിൽക്കുന്ന വിദ്യാഭ്യാസം അസമത്വത്തെ പുനരുല്പാദിപ്പിക്കുന്നതിനുള്ള പ്രധാന ഘടകമാണ് എന്ന് വാദിക്കുമ്പോൾ അത് ഘടനാപരമായിത്തന്നെ വിദ്യാഭ്യാസം എന്ന ആശയത്തെ ചോദ്യം ചെയ്യുന്നുണ്ട്. എന്നാൽ, സാമൂഹ്യ അസമത്വം വിദ്യാഭ്യാസത്തിന്റെ ഘടനാപരമായ താല്പര്യമല്ല എന്നും കൃത്യമായ രീതിയിലും ഗുണനിലവാരം ഉള്ള രീതിയിലും നടപ്പാക്കിയാൽ സാമൂഹ്യ അസമത്വം തുടച്ചുനീക്കാൻ സാധിക്കും എന്ന് യുനെസ്‌കോ, യൂണിസെഫ്, വേൾഡ് ബാങ്ക് തുടങ്ങിയ ഏജൻസികൾ പഠനങ്ങളിലൂടെ സ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ട്.

എന്തുതന്നെയായാലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആധുനിക ജീവിതത്തിന്റെ സാമൂഹ്യ വ്യവസ്ഥയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. വിദ്യാഭ്യാസത്തെ ഒഴിച്ചുനിർത്തിക്കൊണ്ടുള്ള സാമൂഹ്യജീവിതം നമുക്കു സ്വപ്നം കാണാൻപോലും സാധിക്കുകയില്ല. എന്നാൽ, സാമ്പത്തികമായും സാമൂഹ്യമായും മുന്നോക്കം നിൽക്കുന്ന രാജ്യങ്ങളിലും അങ്ങനെ അല്ലാത്ത രാജ്യങ്ങളിലും വിദ്യാഭ്യാസം ഒരേ തരത്തിലുള്ള ഫലങ്ങൾ അല്ല ഉളവാക്കുന്നത്. അസമത്വം ആഴത്തിൽ വേരൂന്നിയ സാമൂഹ്യ വ്യവസ്ഥിതിയിൽ നൽകപ്പെടുന്ന ഒരു ഔൺസ് വിദ്യാഭ്യാസം സാമ്പത്തികവും സാമൂഹികവുമായ പുരോഗതി കൈവരിച്ച രാജ്യങ്ങളിൽ നൽകപ്പെടുന്ന അതേ അളവ് വിദ്യാഭ്യാസത്തിൽനിന്നു വ്യത്യസ്തമായിരിക്കും. സാമ്പത്തികവും സാമൂഹ്യവും ഭരണപരവുമായ കാര്യങ്ങൾ എന്നിവയൊക്കെ ഈ വ്യത്യാസത്തെ നിർണയിക്കുന്ന ഘടകങ്ങളാണ്. കാസർകോട് പെരിയയിൽ നൽകപ്പെടുന്ന ഒരു വർഷത്തെ വിദ്യാഭ്യാസവും അമേരിക്കയിലെ അലബാമയിൽ ഒരു സ്കൂളിൽ നൽകപ്പെടുന്ന ഒരു വർഷത്തെ വിദ്യാഭ്യാസവും തീർത്തും വ്യത്യാസപ്പെട്ടിരിക്കും. ഈ രണ്ടു സ്ഥലങ്ങളിലേയും സ്കൂളിങ്ങിന്റെ ഫലം തുല്യമാണ് എന്നു വിശ്വസിക്കുന്നത് യുക്തിക്ക് നിരക്കാത്തതാവും. എല്ലാവരും സ്കൂളിലേക്കെത്തിയിട്ടും പല അവികസിത രാജ്യങ്ങളിലും പ്രത്യക്ഷമായ മാറ്റങ്ങൾ സാമൂഹ്യ, സാമ്പത്തികരംഗത്ത് ഉണ്ടാവുന്നില്ല എന്നുള്ളത് ഇതിനുള്ള തെളിവാണ്. സ്കൂൾ തലത്തിൽ ഉയർന്ന എൻറോൾമെന്റ് റേഷ്യോ ഉള്ള ഏഷ്യൻ രാജ്യങ്ങളായ ശ്രീലങ്ക (92%, in 2022), ബംഗ്ലാദേശ് (94% in 2023), നേപ്പാൾ (91% in 2023) എന്നീ രാജ്യങ്ങൾ എല്ലാവർക്കും വിദ്യാഭ്യാസം എന്ന ആശയം നടപ്പാക്കി വലിയ നേട്ടം കൈവരിച്ചപ്പോഴും ഈ രാജ്യങ്ങൾ തൊഴിലില്ലായ്മയും ഉയർന്ന അസമത്വവും നേരിടുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ആഫ്രിക്കൻ രാജ്യങ്ങളുടെ അവസ്ഥ ഇതിലും ദയനീയമാണ്. റുവാണ്ട (97%), മൾവയ് (Malwai) (91%), എത്യോപ്യ (90%), ടാൻസാനിയ (92%) എന്നീ രാജ്യങ്ങൾ ഉയർന്ന സ്കൂൾ എൻറോൾമെന്റ് റേഷ്യോ നേടിയെങ്കിലും പട്ടിണിയും അസമത്വവും വളരെ ആഴത്തിൽ ഈ രാജ്യങ്ങളിൽ നിലനിൽക്കുന്നു.

2003-ൽ കെനിയ സൗജന്യ പ്രാഥമിക വിദ്യാഭ്യാസം എന്ന് ആശയത്തിലേക്കെത്തി. പക്ഷേ, വിദ്യാഭ്യാസ മേഖലയിൽ അനിവാര്യമായിരുന്ന അടിസ്ഥാന സൗകര്യങ്ങളിൽ വലിയ നിക്ഷേപം ഇല്ലാതെയാണ് ഈ തീരുമാനത്തിലേക്ക് എത്തിച്ചേർന്നത്. ഇതിന്റെ ഫലമായി കാണാൻ സാധിച്ചത് തിങ്ങിനിറഞ്ഞ ക്ലാസ്‌മുറികളും കടുത്ത അദ്ധ്യാപക ക്ഷാമവുമാണ്. സ്കൂളുകളിലേക്ക് എത്തുന്ന വിദ്യാർത്ഥികളെ ഈ തിങ്ങിനിറഞ്ഞ ക്ലാസ്‌മുറികൾ മുന്‍പോട്ട് വലിക്കുന്നതിനു കാരണമായി. മാത്രമല്ല, അദ്ധ്യാപക ക്ഷാമം മൂലം പലപ്പോഴും ക്ലാസുകൾ ഒഴിഞ്ഞുകിടക്കുകയും വളരെ കാര്യക്ഷമമായ പഠനബോധന പ്രക്രിയകൾ സ്കൂളുകളിൽ നടപ്പാക്കാൻ സാധിക്കാതെ വരികയും ചെയ്തു. ഇത് കെനിയയുടെ കാര്യം മാത്രമല്ല, ഏതാണ്ട് എല്ലാ വികസിത രാജ്യങ്ങളും നിർബന്ധവും സൗജന്യവുമായി വിദ്യാഭ്യാസം നടപ്പിലാക്കാൻ ശ്രമിച്ചപ്പോൾ ഉണ്ടായ സാഹചര്യങ്ങൾ സമാനമായിരുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ കാര്യവും ഏതാണ്ട് ഇതുപോലെത്തന്നെയായിരുന്നു. ഉദാഹരണമായി ടുണീഷ്യയുടെ കാര്യം എടുക്കാം. അവികസിത രാജ്യങ്ങളുടെ കൂട്ടത്തിൽനിന്ന് ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ മുന്നേറ്റം നടത്താൻ ശ്രമിച്ച രാജ്യങ്ങളിൽ ഒന്നാണ് ടുണീഷ്യ. സർവകലാശാല വിദ്യാഭ്യാസം വലിയതോതിൽ വികസിപ്പിക്കാനുള്ള വലിയ ശ്രമങ്ങൾ ടുണീഷ്യൻ ഗവൺമെന്റ് ഭാഗത്തുനിന്ന് ഉണ്ടാവുകയും ചെയ്തു. ഇതിന്റെ ഫലമായി ധാരാളം ചെറുപ്പക്കാർ ബിരുദം നേടി പുറത്തിറങ്ങുകയും എന്നാൽ, അവർക്കൊന്നും തൊഴിലില്ലാത്ത അവസ്ഥ സംജാതമാവുകയും ചെയ്തു (Breaking with the Past to Unleash Tunisia’s Economic Potential, 2014, https://www.worldbank.org/en/news/press-release/2014/09/17/world-bank-report-breaking-with-past-unleash-tunisia-economic-potential).

മേൽപ്പറഞ്ഞ രാജ്യങ്ങളെ വികസിത രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ വിദ്യാഭ്യാസ സാഹചര്യങ്ങളിൽ വലിയ വ്യത്യാസം കാണാനാകും. താമസസ്ഥലത്തുനിന്ന് സ്കൂളിലേക്കുള്ള ദൂരം, സ്കൂൾ കെട്ടിടങ്ങളുടെ പര്യാപ്തത, ശുചിമുറിയടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ പര്യാപ്തത, യോഗ്യതയുള്ള അദ്ധ്യാപകർ, വിദ്യാലയങ്ങളിൽ പഠിക്കുന്ന ഓരോ കുട്ടിക്കും വേണ്ടി ഗവൺമെന്റ് ചെലവാക്കുന്ന ശരാശരി തുക എന്നിവ അവികസിത രാജ്യങ്ങൾ നേരിടുന്ന പ്രതിസന്ധികളിൽ ചിലതാണ് (UNESCO, 2023). ഉയർന്ന എൻറോൾമെന്റ് നിലനിൽക്കുമ്പോൾ അതോടൊപ്പം തന്നെ വലിയ അളവിൽ കൊഴിഞ്ഞുപോക്കും ഈ രാജ്യങ്ങളിൽ നിലനിൽക്കുന്നു. അങ്ങനെ കൊഴിഞ്ഞുപോകുന്ന കുട്ടികൾ നൈപുണികൾ ആവശ്യമില്ലാത്ത തൊഴിൽ മേഖലകളിലേക്ക് എളുപ്പത്തിൽ ചെന്നെത്തുന്നു. വേതനം ചോദിച്ചു വാങ്ങുന്നതിനുള്ള ഇവരുടെ പ്രാപ്തി വളരെ പരിമിതമാണ്. അതുകൊണ്ടുതന്നെ കുറഞ്ഞ വരുമാനത്തിനും ചൂഷണത്തിനും സ്വന്തം രാജ്യത്തിൽ മാത്രമല്ല, വിദേശത്തടക്കം ഇവർ വിധേയരാക്കപ്പെടുന്നു. എന്നാൽ വികസിത രാജ്യങ്ങളിലാവട്ടെ, നല്ല അടിസ്ഥാന സൗകര്യങ്ങൾ, യോഗ്യതയും ഗുണനിലവാരവുമുള്ള അദ്ധ്യാപകർ, കുറഞ്ഞ അദ്ധ്യാപക വിദ്യാർത്ഥി അനുപാതം, ഉയർന്ന ആളോഹരി വിദ്യാർത്ഥി നിക്ഷേപം, കുറഞ്ഞ കൊഴിഞ്ഞുപോക്ക് എന്നീ അനുകൂല ഘടകങ്ങളുണ്ട്.

സാമൂഹ്യഘടനയിലും ഈ വ്യത്യാസം വലിയ അളവിൽ നിലനിൽക്കുന്നു. അവികസിത രാജ്യങ്ങൾ പട്ടിണി തൊഴിലില്ലായ്മ, വിഭവ അപര്യാപ്തത എന്നിങ്ങനെയുള്ള പ്രതിസന്ധികൾ നേരിടുന്നവയാണ്. ഈ പ്രതിസന്ധികൾ വ്യക്തിഗത തലത്തിൽ ആരോഗ്യപരമായ പ്രശ്നങ്ങൾ, നിരാശതാബോധം അടക്കമുള്ള മാനസിക പ്രശ്നങ്ങൾ, നല്ല മാർഗനിർദേശം നൽകി വഴികാട്ടുന്നതിനും പ്രോത്സാഹനങ്ങൾ ലഭിക്കുന്നതിനുമുള്ള അവസരലഭ്യത എന്നിങ്ങനെ പോകുന്നു.

വിദ്യാഭ്യാസത്തിന്റെ ഫലപ്രാപ്തിയുടെ കാര്യത്തിൽ വികസിത രാജ്യങ്ങളും അവികസിത രാജ്യങ്ങളും തമ്മിലുള്ള ഈ വ്യത്യാസങ്ങൾ പരിഗണിക്കാതിരിക്കാനാവില്ല. അതുകൊണ്ടുതന്നെ വികസിത രാജ്യങ്ങളിൽ ലഭ്യമാകുന്ന ഒരോ ഔൺസ് വിദ്യാഭ്യാസവും അവികസിത രാജ്യങ്ങളുടേതിൽനിന്ന് തീർത്തും വ്യത്യസ്തമായ ഫലപ്രാപ്തിയിലാണ് ചെന്നെത്തുക. ഇതിൽനിന്ന് വ്യക്തമാകുന്നത് വിദ്യാഭ്യാസം അവകാശമായി മാറുകയും സ്കൂൾ തലത്തിലും ഉന്നത വിദ്യാഭ്യാസ തലത്തിലും എൻറോൾമെന്റ് ഉയർത്തുന്നതിനുള്ള വലിയ ശ്രമങ്ങൾ ലോകമെമ്പാടും നടന്നെങ്കിലും അതൊന്നും തന്നെ സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ തുല്യതയുള്ള സമൂഹം എന്ന നിലയിലേക്ക് പരിവർത്തിക്കപ്പെട്ടിട്ടില്ല എന്നതാണ്.

എന്തിനാണീ സമത്വ സമൂഹം?

സമത്വത്തിനും സാമൂഹ്യനീതിക്കും ഉള്ള ഒരു വലിയ ഉപകരണമായി വിദ്യാഭ്യാസത്തെ കണ്ടവരാണ് നാം. നമ്മുടെ ഈ സ്വപ്നങ്ങളെ വിദ്യാഭ്യാസം പൂർണമായി സാക്ഷാല്‍ക്കരിക്കുന്നില്ല എന്നാണ് വിദ്യാഭ്യാസത്തിന്റെ ചരിത്രം നമുക്കു കാട്ടിത്തരുന്നത്. അതുമാത്രമല്ല, നിലനിൽക്കുന്ന അസമത്വത്തെ പുനരുല്പാദിപ്പിക്കുന്നതിനുള്ള ഒരു പ്രധാനപ്പെട്ട ഉപകരണമായിക്കൂടി വിദ്യാഭ്യാസം പ്രവർത്തിക്കുന്നു എന്നുള്ള തിരിച്ചറിവ് ഞെട്ടിക്കുന്നതാണ്. സമത്വം സാധ്യമാക്കുന്നതിനുവേണ്ടി ഉപയോഗിക്കപ്പെട്ട ഉപകരണം അസമത്വത്തിന്റെ പുനരുല്പാദനത്തിനു കാരണമാകുന്നു! സമൂഹം പുരോഗമിക്കുന്നുണ്ടല്ലോ പിന്നെന്തിനാണ് സമത്വം? ഭക്ഷ്യ സാധനങ്ങളുടെയടക്കം വിഭവലഭ്യത കൂടുന്നു, മനുഷ്യന്റെ ആയുർദൈർഘ്യം കൂടുന്നു, പുതിയ സാങ്കേതികവിദ്യകൾ, ജീവിതസൗകര്യങ്ങൾ എന്നിവ വർദ്ധിക്കുന്നു. ഇത് മനുഷ്യരാശിയുടെ പുരോഗതിയായി കാണാമല്ലോ. സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്നവർക്കുപോലും ഇതിന്റെ പ്രയോജനങ്ങൾ കുറച്ചൊക്കെ ലഭ്യമാണുതാനും. അങ്ങനെ വരുമ്പോൾ വീണ്ടും സമത്വം എന്ന ഉട്ടോപ്യൻ വാദത്തിലേക്ക് ചുരുങ്ങുന്നത് എന്തിനാണ്? വളരെ പ്രസക്തമായ ഒരു ചോദ്യമാണിത്. കാലങ്ങളായി നാം ഉത്തരം കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇത്തരം ഉത്തരങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ആനുകാലികമായ കൂട്ടിച്ചേർക്കപ്പെട്ട വളരെ പ്രസക്തമായ ഒരു ഉത്തരം മാത്രം ഇവിടെ ചേർക്കാം. Wilkinson and Pickett (2010) നടത്തി ഒരു പഠനത്തിലൂടെയാണ് അത് പുറത്തുവരുന്നത്. The Spirit Level: Why Equality Is Better for Everyone എന്ന പുസ്തകത്തിലൂടെ നല്ല സാമ്പത്തിക അസമത്വമുള്ള പ്രദേശങ്ങളിൽ മനശ്ശാസ്ത്രപരമായ പ്രശ്നങ്ങളും അസ്വസ്ഥതയും കൂടുകയും ചെയ്യുന്നതായി കണ്ടെത്തുകയും സാമ്പത്തിക സമത്വമുള്ള പ്രദേശങ്ങളിൽ കൂടുതൽ സന്തോഷവും സമാധാനവും ഉണ്ടാവുകയും ചെയ്യുന്നു എന്നു കണ്ടെത്തിയിട്ടുണ്ട്. യു.കെയിലെ രണ്ട് കൗണ്ടികൾ തമ്മിലുള്ള താരതമ്യത്തിലൂടെയാണ് ഇവർ ഈ കാര്യം പുറത്തുകൊണ്ടുവരുന്നത്. അസമത്വം നിലനിൽക്കുന്ന കൗണ്ടിയിലെ സമ്പന്നർക്കിടയിൽ ഉല്‍ക്കണ്ഠയും മത്സരാത്മകതയും വലിയ മാനസിക ക്ലേശങ്ങളും വളർന്നുവരുന്നത് ഇവർ നിരീക്ഷിക്കുന്നുണ്ട്. ഇതിനെ സമ്പന്നർ നേരിടുന്ന വിരോധാഭാസം (Paradox of the rich: The Wealthy is most unhappy) എന്നാണ് വിൽകിൻസണും പിക്കറ്റും വിളിക്കുന്നത്.

സമത്വത്തിനും സാമൂഹ്യനീതിക്കുമുള്ള ഉപകരണമെന്ന നിലയിൽ നാം ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസത്തിന്റെ പങ്ക് പുനഃപരിശോധിക്കേണ്ടതുണ്ട്. ഈ ആശയങ്ങൾക്കായുള്ള ഉപകരണമെന്ന നിലയിൽ വിദ്യാഭ്യാസം പ്രായോഗികമായി പരിവർത്തനം ചെയ്യപ്പെടേണ്ടതുണ്ട്. എൻറോൾമെന്റ് വർദ്ധിച്ചതുകൊണ്ട് മാത്രം ഇത് സാധ്യമാകില്ല. ഇന്ത്യയെപ്പോലുള്ള സാംസ്കാരിക വൈവിദ്ധ്യമുള്ള സമൂഹങ്ങളിൽ, ബോധന രീതിയിൽ ബഹുസ്വരതയെ സ്വാംശീകരിക്കുക, സമൂഹത്തിന്റെ ഘടനയിൽ നിലനിൽക്കുന്ന അസമത്വങ്ങളെ അഭിസംബോധന ചെയ്യുക, എല്ലാ പഠിതാക്കൾക്കും അന്തസ്സും നീതിയും ഉറപ്പാക്കുന്ന സംവിധാനങ്ങൾ വിദ്യാഭ്യാസത്തിന്റെ ഭാഗമായി രൂപപ്പെടുത്തുക എന്നതാണ് ഇതിനർത്ഥം. നമുക്ക് അല്പംകൂടി കാത്തിരിക്കാം, ഗാന്ധിയേയും മണ്ടേലയേയും ശരിയാണെന്ന് തെളിയിക്കപ്പെടാൻ ഇനിയും സമയം ആവിശ്യമായേക്കാം! 

References:

Bourdieu, P. (1986). Forms of Capital. In n Handbook of Theory and Research for the Sociology of Education (pp. 241-258). Greenwood Press. https://home.iitk.ac.in/~amman/soc748/bourdieu_forms_of_capital.pdf

Brown, J. M. (1989). Gandhi: Prisoner of Hope. Yale University Press.

Credit Suisse. (2021). Global wealth report 2021. Credit Suisse Research Institute.

Dewy, J. (2011). Democracy and education. Simon & Brown.

Education Act, B. (1953). Bantu Education Act, Act No. 47 of 1953. https://sahistory.org.za/archive/bantu-education-act-act-no-47-1953

Fischer, L. (2006). Life Of Mahatma Gandhi. HarperCollins.

Freire, P. (2000). Pedagogy of the oppressed. Continuum.

Jeffrey, R. (2023). The Decline of Nair Dominance: Society and Politics in Travancore 1847-1908. Manohar Publishers and Distributors.

Kant, I. (2007). Lectures on pedagogy. In Anthropology, history, and education (pp. 434-485). Cambridge University Press.

Mandela, N. (1995). A Long Walk to Freedom. Abacus.

Nanda, B. R. (2004). In Search of Gandhi: Essays and Reflections. Oxford University Press.

OECD. (2018). Education at a Glance 2018: OECD Indicators. OECD. https://doi.org/10.1787/eag-2018-en

Statistics South Africa. (2024). Quarterly labour force survey - Q1 2024. Quarterly labour force survey - Q1 2024. http://www.statssa.gov.za

Stengel, R. (2010). Mandela’s Way: Fifteen Lessons on Life, Love, and Courage. Random House Audio Publishing Group. UNESCO. (2021). Education for Sustainable Development: A roadmap. UNESCO. https://unesdoc.unesco.org/ark:/48223/pf0000374802

UNICEF. (2021). UNICEF Education Strategy 2019-2030: Every child learns. UNICEF. https://www.unicef.org/reports/education-strategy-2019-2030

United Nations. (2023). The Sustainable Development Goals Report 2023. United Nations Department of Economic and Social Affairs. https://unstats.un.org/sdgs/report/2023/

World Bank. (2022). Ending learning poverty: What will it take? World Bank. https://www.worldbank.org/en/topic/education/publication/ending-learning-poverty-what-will-it-take

World Bank. (2022). Gini index | Data. World Bank Data. Retrieved July 13, 2025, from https://data.worldbank.org/indicator/SI.POV.GINI

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com