അയ്യപ്പെനെന്തിനാണ് മാറ്റുള്ള തങ്കം? ന്യായീകരിക്കാന്‍ പോറ്റിക്കും ഈ ചോദ്യമാവാം

Image of Sabariamala
ശബരിമലSamakalika Malayalam
Updated on
2 min read

സംഭവത്തിൽനിന്ന് സിനിമയും സിനിമയിൽനിന്ന് ആശയവും രൂപപ്പെടുന്നു. വില്യം വൈലറുടെ ‘ഹൗ ടു സ്റ്റീൽ എ മില്യൺ’ എന്ന കോമഡിച്ചിത്രം സമ്പന്നനാകാൻ ആഗ്രഹിക്കുന്ന ചെറുപ്പകാലത്ത് ഞാനുൾപ്പെടെ പലരേയും സങ്കല്പത്തിൽ മോഷ്ടാക്കളാക്കിയിട്ടുണ്ട്. പാരീസിലെ മ്യൂസിയത്തിൽനിന്ന് വീനസിന്റെ പ്രതിമ അടിച്ചുമാറ്റാൻ ഓഡ്രി ഹെപ്‌ബേണും പീറ്റർ ഒറ്റൂളും ചേർന്നു നടത്തുന്ന വിഫലമായ ശ്രമമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അതീവ സുരക്ഷയുള്ള ലൂവ്ര് മ്യൂസിയത്തിൽനിന്ന് എന്തെങ്കിലും അടിച്ചുമാറ്റുകയെന്നത് അസാധ്യങ്ങളിൽ അസാധ്യമായ കാര്യമാണെന്ന് ഡാൻ ബ്രൗണിന്റെ ഡാവിഞ്ചി കോഡ് വായിച്ചിട്ടുള്ളവർക്കറിയാം. പക്ഷേ, വൈലറുടെ സിനിമ നിരവധി മോഷണാർത്ഥികൾക്ക് പ്രചോദനമായി. ഇന്ത്യൻ പശ്ചാത്തലത്തിൽ അങ്ങനെയൊരു സിനിമയെടുക്കാൻ ഹോളിവുഡ്ഡിന് താല്പര്യമുണ്ടെങ്കിൽ ശബരിമലയിലേയ്ക്ക് സുസ്വാഗതം.

ദിലീപ് അഭിനയിച്ച ‘ക്രേസി ഗോപാലൻ’ എന്ന സിനിമ കണ്ടിട്ടില്ലായിരുന്നുവെങ്കിൽ ശ്രീകോവിലിന്റെ വാതിലും കട്ടിളപ്പടിയുമായി മലയിറങ്ങുന്ന ഉണ്ണിക്കൃഷ്ണൻ പോറ്റി അയഥാർത്ഥ കഥാപാത്രമാകുമായിരുന്നു. ഹരിവരാസനം പാടി നിത്യവും നട അടയ്ക്കുന്ന ദൃശ്യം ടി.വിയിൽ കാണുന്നുണ്ട്. ലോകത്തിന്റെ മുഴുവൻ ശ്രദ്ധ പതിയുന്ന ആ വാതിലും കട്ടിളപ്പടിയും ക്രേസി പോറ്റി ഇളക്കിയെടുത്ത് ഹൈദരാബാദ്, ബംഗളൂരു വഴി ചെന്നൈയിലെത്തിച്ചിട്ട് ദേവസ്വം ബോർഡിൽ ആരും അറിയാതെപോയത് എത്രയോ വിചിത്രമായിരിക്കുന്നു. ശ്രീകോവിലിന്റെ സംരക്ഷകരാണ് ദ്വാരപാലകർ. സ്വർണം പൂശിയിട്ടുണ്ടെങ്കിൽ ദ്വാരപാലകർക്കും രക്ഷയില്ല. ദ്വാരപാലകർ സുരക്ഷിതരല്ലെങ്കിൽ പ്രതിഷ്ഠയുടെ അവസ്ഥ എന്തായിരിക്കും. സ്ത്രീസാന്നിധ്യം ഇഷ്ടപ്പെടാത്ത നൈഷ്ഠിക ബ്രഹ്മചാരിയാണ് ഭഗവാൻ. മലയിലേക്ക് പ്രവേശനമില്ലാത്ത സ്ത്രീകളുടെ സവിധത്തിലേക്ക് ഭഗവാന്റെ ചൈതന്യത്തെ ആവാഹിച്ചെത്തിക്കുന്ന മഹാത്ഭുതത്തെ പ്രണമിക്കാതെ വയ്യ.

സ്വർണത്താൽ ആകൃഷ്ടരാകുന്നവർ എവ്വിധവും അത് സ്വന്തമാക്കും. പല മാർഗങ്ങളിൽ ഒന്നു മാത്രമാണ് അപഹരണം. വിരുതുണ്ടെങ്കിൽ ധനാർജനത്തിന് ഏറ്റവും നല്ല മാർഗം അപഹരണമാണ്. അപഹരണത്തിൽത്തന്നെ ഉത്തമമായത് തട്ടിപ്പാണ്. തട്ടിപ്പിനു വിധേയരാകുകയെന്നത് മലയാളികളുടെ ദേശീയ വിനോദമാണ്. വെർച്വൽ അറസ്റ്റ് എന്നൊരു അറസ്റ്റില്ലെന്ന് എത്രവട്ടം വേണ്ടപ്പെട്ടവർ പറഞ്ഞാലും അക്കൗണ്ട് കാലിയാകുന്നതുവരെ അതിനു വിധേയരാകാൻ മടിയില്ലാത്തവരാണ് മലയാളികൾ. മഹാബലിയെ ചതിയിൽ ചവിട്ടിത്താഴ്ത്തിയ അവതാരം നമുക്ക് ആരാധനാമൂർത്തിയാണ്. അതേ ടെക്‌നിക്കാണ് ശബരിമലയിലും വൈദഗ്ധ്യത്തോടെ പ്രയോഗിക്കുന്നത്. കള്ളൻ തുനിഞ്ഞിറങ്ങിയാൽ ദൈവത്തിനുപോലും തടുക്കാനാവില്ല. അതോ ദൈവവും ഈ കലാപരിപാടി ആസ്വദിക്കുന്നുണ്ടോ?

വിശ്വപ്രസിദ്ധമായ ഈഫൽ ടവർ രണ്ട് പ്രാവശ്യം ആക്രിക്കാർക്ക് വിറ്റയാളാണ് വിക്ടർ ലസ്ടിഗ് എന്ന ഓസ്ട്രിയക്കാരൻ. വിറ്റയാളിനെയല്ല വാങ്ങിയവരെയാണ് നമിക്കേണ്ടത്. ഇന്ത്യയിലെ പെരുങ്കള്ളനായി അറിയപ്പെട്ടിരുന്നത് നട്‌വർ ലാൽ ആയിരുന്നു. പട്‌നാ റെയിൽവെ സ്റ്റേഷൻ കച്ചവടമാക്കി അഡ്വാൻസ് വാങ്ങുന്നതിന് അയാൾക്ക് യാതൊരു പ്രയാസവുമുണ്ടായില്ല. സംരക്ഷകർ അറിഞ്ഞുകൊണ്ടുള്ള അപഹരണത്തെ മോഷണം എന്നു വിളിക്കാമോ എന്നറിയില്ല. ഇരുട്ടിന്റേയും കാടിന്റേയും മറവിൽ സംരക്ഷകർ അറിയാതെ ഉണ്ണിക്കൃഷ്ണൻ പോറ്റി ഒന്നും കടത്തിക്കൊണ്ടു പോയിട്ടില്ല. സംശയിക്കാൻ തുടങ്ങിയാൽ സംശയത്തിന്റെ ദൃഷ്ടി വിജയ് മല്ല്യ വരെ എത്തും. പൂശിയാലും പതിച്ചാലും ചെമ്പെത്ര? സ്വർണമെത്ര? എന്ന് എങ്ങനെ തിരിച്ചറിയാനാകും? ചെമ്പിന് വഞ്ചന, കാപട്യം എന്നുകൂടി അർത്ഥമുണ്ട്. അങ്ങനെയാണല്ലോ ചെമ്പ് തെളിയുക എന്ന പ്രയോഗമുണ്ടായത്. തൂണിലും തുരുമ്പിലും ദൈവമുണ്ടെന്നാണ് സങ്കല്പം. സ്വർണത്തിൽ മാത്രമല്ല, ചെമ്പിലും ദൈവമുണ്ട്. പറ്റുന്നതിലും പറ്റിക്കുന്നതിലും ദൈവമുണ്ട്.

കള്ളൻ മാത്രമല്ല, കള്ളനു കഞ്ഞിവച്ചവരും കേസിൽ പ്രതിയായിട്ടുണ്ട്. കഞ്ഞി കോരിക്കുടിക്കാൻ ഇലക്കുമ്പിൾ കുത്തിക്കൊടുത്തവരും അകത്താകണം. വേലിതന്നെ വിളവ് തിന്നാലോ എന്ന ചോദ്യം ഉത്തരമില്ലാതെ നമ്മുടെ മുന്നിലുണ്ട്. Quis custodiet ipsos custodes എന്ന ചോദ്യം രണ്ടാം നൂറ്റാണ്ടിൽ റോമൻ എഴുത്തുകാരൻ ഡെസിമൂസ് ജൂനിയസ് ജൂവനാലിസ് ചോദിച്ചിട്ടുണ്ട്. കാവലിനു കാവലാര് എന്നാണ് അതിന്റെ അർത്ഥം. സംരക്ഷിക്കപ്പെടേണ്ടത് സ്വർണമായാലും സ്വാതന്ത്ര്യമായാലും ആത്യന്തികമായ ഉറപ്പ് ജനങ്ങളുടെ ജാഗ്രതയാണ്. ഹൈക്കോടതിയുടെ ജാഗരം കളവിന്റെ വഴികളിലേക്ക് തെളിച്ച വെളിച്ചമായി.

വിജയിയുടെ പടയോട്ടത്തിൽ പരാജിതന്റെ സ്ത്രീകൾ മാത്രമല്ല, സ്വർണവും അധിനിവേശത്തിന്റെ ഭാഗമാകും. സാമൂതിരിയുടെ സ്വർണശേഖരം സംരക്ഷണാർത്ഥം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ എത്തിച്ചതായി കേട്ടിട്ടുണ്ട്. സ്വർണത്തിനുവേണ്ടിയാണ്, മതനശീകരണത്തിനുവേണ്ടിയല്ല ക്ഷേത്രങ്ങൾ കൊള്ളയടിക്കപ്പെടുന്നത്. ഭക്തനായ ഉണ്ണിക്കൃഷ്ണൻ പോറ്റിയും ഹിന്ദുമത വിശ്വാസിയല്ലാത്ത വെള്ളത്തൂവൽ സ്റ്റീഫനും ശ്രീകോവിലിനെ സമീപിക്കുന്നത് ഒരേ ഉദ്ദേശ്യത്തോടെയാണ്. ദൈവത്തിന്റെ സ്വത്ത് സംരക്ഷിക്കുന്നതിന് മനുഷ്യന്റെ പാറാവ് വേണമെന്നു വരുന്നതിൽ ചെറിയ തമാശയുണ്ട്. ഭഗവാനെന്തിനാണ് പാറാവ് എന്ന നായനാരുടെ പ്രസിദ്ധമായ ചോദ്യം ഈ തമാശയിൽനിന്നുണ്ടായതാണ്. ശ്രീകോവിലും അൾത്താരയും ദൈവസാന്നിധ്യത്താൽ പവിത്രമായ ഇടങ്ങളാണ്. പടി പതിനെട്ടും ചവിട്ടി ശ്രീകോവിലിനു മുന്നിലെത്തി ക്ഷണനേരത്തെ സ്വാമിദർശനത്തിനുവേണ്ടിയാണ് ഭക്തജനങ്ങൾ പെടാപ്പാടെല്ലാം സഹിക്കുന്നത്. പക്ഷേ, അവിടെ സ്ഥിരമായി ഭഗവദ്‌ സാമീപ്യത്തിൽ കഴിയുന്നവർ പൊൻമുട്ടയിടുന്ന താറാവിനെ പോറ്റുന്നവരാണ്. തങ്കവിഗ്രഹവും തങ്കപ്പാളികളും മാറ്റുരച്ച് അവർ വിലനിർണയം നടത്തുന്നു.

മകരവിളക്ക് മലമുകളിൽ കൊളുത്തപ്പെടുന്നതാണെന്ന് പ്രസ്താവിക്കപ്പെട്ടതിനുശേഷവും ഭക്തിയുടെ നിറവിലും തീവ്രതയിലും ആ ദിവ്യദർശനത്തിനുവേണ്ടി കണ്ണടച്ചും കൈകൂപ്പിയും നിൽക്കുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. ശരണംവിളിയുടെ സാന്ദ്രതയിൽ അവർ നിമീലിതരാകുമ്പോൾ വേഷപ്രച്ഛന്നരായ അപഹർത്താക്കൾ കൊള്ളമുതലുമായി മലയിറങ്ങുന്നു. വിശ്വാസം, അതല്ലേ എല്ലാം എന്നത് തട്ടിപ്പുകാരെ നിലനിർത്തുന്ന മന്ത്രമാണ്. ശബരിമലയുടെ പ്രസിദ്ധവും എല്ലാവർക്കും നോട്ടം കിട്ടുന്നതുമായ പൂമുഖത്ത് ഇതാണ് സംഭവിച്ചതെങ്കിൽ പിന്നാമ്പുറങ്ങളിൽ എന്തുതന്നെ സംഭവിച്ചിട്ടുണ്ടാകും. ശബരിമലയിൽ ഇങ്ങനെയെങ്കിൽ മറ്റ് ക്ഷേത്രങ്ങളിൽ എന്തായിരിക്കാം സംഭവിക്കുന്നത്.

എല്ലാ തെറ്റിനും ന്യായീകരണമായി ന്യായം കണ്ടെത്തണം. പള്ളിയിലെ സ്വർണക്കുരിശ് മോഷ്ടിച്ച പൊൻകുരിശു തോമയെക്കൊണ്ട് ആരുടേയും മതവികാരം വ്രണപ്പെടുത്താതെ ബഷീർ ചോദിക്കുന്ന ചോദ്യമുണ്ട്: “പള്ളിക്കെന്തിനാ പൊൻകുരിശ്? മിശിഹാ തമ്പുരാനെ ക്രൂശിച്ചത് മരക്കുരിശിലല്ലേ?” എന്നാണ് ചോദ്യത്തിന്റെ വ്യംഗ്യാർത്ഥം. ഉണ്ണിക്കൃഷ്ണൻ പോറ്റിക്കും ന്യായീകരണത്തിനുവേണ്ടി ഈ ചോദ്യം ചോദിക്കാവുന്നതാണ്. അയ്യപ്പനെന്തിനാണ് മാറ്റുള്ള തങ്കം?

മോശയുടെ സിംഹാസനത്തിൽ ആസനസ്ഥനായ പൊലീസ് മേധാവിയെ കുറച്ചുനാൾ മുന്‍പ് കൊച്ചിയിൽ കണ്ടു. ക്ലിയോപാട്രയുടെ കുളിത്തൊട്ടിയിൽ കയറിക്കിടക്കാനും സാങ്കല്പികമായ രതിസുഖം അനുഭവിക്കാനും പ്രമാണിമാർ തയ്യാറായി. തട്ടിപ്പുകാരൻ പറഞ്ഞതെല്ലാം അവർ വിശ്വസിച്ചു. ഉണ്ണിക്കൃഷ്ണൻ പോറ്റിയും മോൻസൻ മാവുങ്കലും സാങ്കല്പികമായെങ്കിലും യോജിക്കുന്ന അവസ്ഥ ആലോചിച്ചു നോക്കുക. അയ്യപ്പൻ പുലിപ്പാൽ കറന്ന പാത്രത്തിൽനിന്ന് കോടീശ്വരൻ പാൽ കുടിക്കുമായിരുന്നു. അന്ത്യഅത്താഴ വേളയിൽ യേശു ചുണ്ടോടുചേർത്ത പാനപാത്രത്തിന് ഐതിഹ്യ പ്രാധാന്യമുണ്ട്. വിശുദ്ധ ചഷകം തേടിയുള്ള അന്വേഷണം സാഹിത്യത്തിലും സിനിമയിലും വിഷയമായിട്ടുണ്ട്. പോറ്റിയും മോൻസനും ചേർന്നാൽ അന്ത്യഅത്താഴത്തിലെ ചഷകം കിട്ടിയില്ലെങ്കിലും കാനായിലെ കല്യാണത്തിന് യേശു ഉപയോഗിച്ച പാനപാത്രമെങ്കിലും തേടിപ്പിടിച്ച് തരും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com