Gen Z doing skin care routine Korean skin care Products
Korean skin care ProductsMeta AI Image

കൊറിയൻ സ്കിൻ കെയർ മാജിക് അഥവാ, ജെൻ സി വളർത്തിയ 'സൗന്ദര്യ മാർക്കറ്റ്'

കോവിഡിന് ശേഷമാണ് ഇന്ത്യയിൽ ഈ ട്രെൻഡ് വ്യാപകമാകുന്നത്.
Published on

കോവിഡ് മഹാമാരിക്ക് ശേഷമായിരിക്കും ഒരുപക്ഷെ ഇന്ത്യയിൽ കൊറിയൻ സ്കിൻ കെയർ ഉൽപ്പന്നങ്ങളുടെ ആധിപത്യം ഇത്രയധികം കുതിച്ചുയരുന്നത്. ഇന്ന് ഇന്ത്യയുടെ സ്കിൻ കെയർ ഉൽപ്പന്നങ്ങളുടെ ആകെയുള്ള വിപണിയിൽ ഏതാണ്ട് 16 ശതമാനം കയ്യടക്കി വെച്ചിരിക്കുന്നത് കൊറിയൻ സ്കിൻ കെയർ ബ്രാൻഡുകളാണെന്നാണ് കണക്കുകൾ.

സ്റ്റാറ്റിസ്റ്റ റിപ്പോർട്ട് പ്രകാരം, 2018-ല്‍ കൊറിയയുടെ ഇന്ത്യയിലെ സൗന്ദര്യ വിപണിയുടെ മൂല്യം ഏകദേശം 389 മില്യണ്‍ യുഎസ് ഡോളര്‍ ആയിരുന്നു. 2022 ആയപ്പോഴേക്കും അത് ഏകദേശം 531 മില്യണ്‍ യുഎസ് ഡോളറായി ഉയര്‍ന്നു. 2032-ല്‍ ഇത് 1.3 ബില്യണ്‍ യുഎസ് ഡോളര്‍ കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ കുറച്ചുകാലമായി ആമസോണില്‍ വര്‍ഷംതോറും 75 ശതമാനമാണ് കൊറിയന്‍ സ്‌കിന്‍ കെയര്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന്ന വര്‍ധിക്കുന്നത്. അതില്‍ 45 ശതമാനവും ജെന്‍ സി തലമുറയിലുള്ള ഉപഭോക്താക്കളാണ്.

കോവിഡും ജെൻ സിയും

ഭാഷയുടെയും സംസ്കാരത്തിൻ്റെയും അതിർവരമ്പു കടന്ന് കെ-പോപ്പ് സംഗീതവും കെ-ഡ്രാമയും ഇന്ത്യയിലെ പുതുതലമുറയുടെ കാതും മനവും നിറച്ചു തുടങ്ങിയിട്ട് ഒന്നര ദശകത്തിലേറെയായി. 2010 ഓടെ ഇന്ത്യയിലെ നോർത്ത് ഈസ്റ്റ് പ്രദേശങ്ങളിലായിരുന്നു കൊറിയൻ ചിത്രങ്ങളും സംഗീതവും ആവേശമായി മാറിയിരുന്നത്. 2013 ഓടെ രംഗപ്രവേശം ചെയ്ത ബിടിഎസ് ആണ് കൊറിയൻ സംഗീതത്തെയും കൊറിയൻ കലാ ലോകത്തെയും ജനപ്രിയമാക്കി മാറ്റിയത്. എന്നാൽ, ലോകത്തെ അടച്ചിട്ട കോവിഡ് കാലം കെ-പോപ്പി​ന്റെയും കെ ഡ്രാമയുടെയും സുവർണ്ണ കാലമായി മാറി. അതിരുകൾ ഭേദിച്ച് അവർ പുതുതലമുറയുടെ ലോകത്ത് തരംഗമായി മാറി.

ഈ കൊറിയൻ 'കടന്നുകയറ്റം' കേൾവിയിലും കാഴ്ചയിലും മാത്രം ഒതുങ്ങിനിന്നില്ല, അത് വിപണിയെ തൊട്ടറിയുന്ന സാന്നിദ്ധ്യമായി മാറി. കൊറിയൻ സ്കിൻ കെയർ ഉൽപ്പന്നങ്ങളുടെ വിപണിയുടെ ഗ്രാഫ് ഉയരാൻ തുടങ്ങിയത് ഇവിടെ നിന്നാണ്. 2010 മുതൽ കൊറിയൻ സ്കിൻ കെയർ വിപണി ഇന്ത്യയിൽ ഉണ്ടെങ്കിലും കാര്യമായ ചലനം ഉണ്ടായിരുന്നില്ല.

സെൽഫ് കെയറിന് പ്രാധാന്യം നൽകുന്ന പുതുതലമുറ

പുതിയകാലത്തെ കുട്ടികൾ ആരോഗ്യ സംരക്ഷണത്തെ കുറിച്ചും സെൽഫ് കെയറിനെ കുറിച്ചും നല്ല ബോധ്യമുള്ളവരാണ്. ഡേ കെയർ റുട്ടീൻ, നൈറ്റ് കെയർ റുട്ടീൻ എന്നിങ്ങനെ പലതായി തിരിച്ചാണ് സെൽഫ് കെയർ ദിനചര്യകൾ. സമ്മർദങ്ങളെ മറികടക്കാനും ജീവിതം ആസ്വാദ്യകരമാക്കാനും ഈ സെൽഫ് കെയർ റൂട്ടിൻ തങ്ങളെ സഹായിക്കുന്നുണ്ടെന്ന് ജെൻ സി വിഭാഗത്തിൽപെട്ട ബിരുദ വിദ്യാർഥിനി പറയുന്നു. ഉപയോഗിച്ചവർ നല്ല റിസൽട്ട് ഉണ്ടെന്ന് പറഞ്ഞപ്പോഴാണ് കൊറിയൻ സ്കിൻ കെയർ ഉൽപ്പന്നങ്ങൾ പരീക്ഷിക്കാൻ തീരുമാനിച്ചത്. സ്കിൻ കെയർ ഒരു ആചാരം പോലെയാണ് തങ്ങൾ കാണുന്നതെന്നും വിദ്യാർഥിനി കൂട്ടിച്ചേർക്കുന്നു. വളരെ പെട്ടെന്ന് റിസൽട്ട് പ്രതീക്ഷിച്ച് കൊറിയൻ പ്രൊഡക്സിൻ്റെ പിന്നാലെ പോയാൽ നിരാശ ആയിരിക്കും ഫലം. സ്ഥിരതയാണ് കൊറിയൻ സ്കിൻ കെയറിൻ്റ പ്രധാന സവിശേഷത.  

സൗന്ദര്യവർദ്ധക ബ്രാൻഡുകളുടെ പാരിസ്ഥിതിക ആഘാതത്തെക്കുറിച്ചും ധാർമിക രീതികളെക്കുറിച്ചും ഉപഭോക്താക്കൾ ഇന്ന് കൂടുതൽ ബോധവാന്മാരാണ്. സുസ്ഥിര പാക്കേജിങ്, കൃത്യമായ പരിശോധന, ചേരുവകളുടെ ഉറവിടം എന്നിവ ഉൽപ്പന്നങ്ങൾ വാങ്ങുന്ന തീരുമാനങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. കൂടാതെ ഇവ മൾട്ടിഫങ്ഷണൽ ആണെന്നതും ജനപ്രീതി വർധിപ്പിക്കുന്നു.

മോയ്‌സ്ചറൈസറും സൺസ്‌ക്രീനും ഉപയോഗിക്കുന്നത് മുതൽ 5 സ്റ്റെപ്പ് , 7  സ്റ്റെപ്പ് , 10 സ്റ്റെപ്പ് എന്നിങ്ങനെയാണ് സാധാരണ ഒരു നേരത്തെ സ്കിൻ കെയർ റുട്ടീൻ നീങ്ങുന്നത്.

  • ഓയിൽ ക്ലെൻസർ/ക്ലെൻസിങ് ബാം – ഇതാണ് ചർമസംരക്ഷണത്തിലെ ആദ്യപടി, ഇത് ചർമത്തിലെ സ്വാഭാവിക എണ്ണ നീക്കം ചെയ്യാതെ മേക്കപ്പ്, അഴുക്ക്, മാലിന്യങ്ങൾ എന്നിവ നീക്കം ചെയ്യാൻ സഹായിക്കുന്നു.

  • വാട്ടർ ക്ലെൻസർ – ചർമത്തിലെ അവശേഷിക്കുന്ന അഴുക്ക് കഴുകിക്കളയുന്ന രണ്ടാം ഘട്ടം.

  • എക്സ്ഫോളിയേറ്റർ – ചർമത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്ത് യുവത്വവും തിളക്കവുമുള്ള ചർമം കിട്ടാൻ സഹായിക്കുന്നു.

  • ടോണർ – ചർമത്തിന്റെ PH സന്തുലിതമാക്കാൻ സഹായിക്കുന്നതാണ്. ചർമസംരക്ഷണ ഉൽപ്പന്നങ്ങൾ നന്നായി ആഗിരണം ചെയ്യാനും ഇത് സഹായിക്കും.

  • എസെൻസ് – ചർമത്തിന് ജലാംശം നൽകുന്നതിനും ആരോഗ്യകരമായ തിളക്കമുള്ള ചർമം നൽകുന്നതിനും സഹായിക്കുന്നു.

  • സെറം – ചർമത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന ഒരു ഉൽപ്പന്നമാണിത്.

  • ഷീറ്റ് മാസ്ക് – ചർമത്തിൽ ആഴത്തിൽ ജലാംശം കിട്ടാൻ ഇത് പ്രയോ​ഗനം ചെയ്യും.

  • മോയ്‌സ്ചറൈസർ – ചർമം ഈർപ്പമുള്ളതാക്കി നിർത്താൻ സഹായിക്കുന്നു.

  • ഐ ക്രീം - കണ്ണുകൾക്ക് ജലാംശം നൽകുന്നു

  • സൺസ്ക്രീൻ - സൂര്യന്റെ യുവി രശ്മികളിൽ നിന്ന് ചർമത്തെ സംരക്ഷിക്കുന്നു.

എന്നാൽ കൊറിയൻ സ്കിൻ കെയർ ഉൽപ്പന്നങ്ങൾ വലിയ മാജിക്ക് ഒന്നും ഉണ്ടാക്കില്ലെന്നാണ് കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റായ ഡോ. ഫൈസൽ എംഎം പറയുന്നത്.

പുതുതലമുറ ധാരാളം ചർമ പ്രശ്നങ്ങളുമായി ക്ലിനിക്കിൽ വരാറുണ്ട് എന്നാൽ അങ്ങോട്ടേക്ക് എന്തെങ്കിലും പ്രൊഡക്ടസ് നിർദേശിക്കുന്നതിന് മുൻപ് തന്നെ അവർ ഗൂഗിൾ അല്ലെങ്കിൽ സോഷ്യൽ മീഡിയ നോക്കി ഇങ്ങോട്ടേക്ക് പ്രോഡക്ടസ് ആവശ്യപ്പെടും.

ഇതിൽ മനസിലാക്കേണ്ട ഒരു പ്രധാന കാര്യം, കൊറിയൻ സ്കിൻ ഉൽപ്പന്നങ്ങൾ ഉപയോഗിച്ച്  നമ്മൾക്ക് അവരെ പോലെ ഗ്ലാസ് സ്കിൻ വേണമെന്ന് നിർബന്ധം പിടിച്ചാൽ അത് നടക്കണമെന്നില്ല.

കാരണം ഇന്ത്യക്കാരുടെ ചർമത്തിൻ്റെ ഘടന കൊറിയക്കാരിൽ നിന്ന് വ്യത്യസ്തമാണ്. മാത്രമല്ല കാലാവസ്ഥ, ജനിതകം എന്നിവയൊക്കെ വ്യത്യസ്തമാണ്.

കൂടാതെ ഇങ്ങനെ ലയറായി ഉൽപന്നങ്ങൾ ചർമത്തിൽ പുരട്ടുന്നത് ചർമത്തിലെ സുഷിരങ്ങൾ അടഞ്ഞു പോകാനും അത് കൂടുതൽ ചർമ പ്രശ്നങ്ങളിലേക്ക് നയിക്കാനും കാരണമാകുമെന്നും അദ്ദേഹം മുന്നറിപ്പ് നൽകുന്നു.

നമ്മുടെ ചർമത്തിൻ്റെ തരം കൃത്യമായി അറിയാതെ സോഷ്യൽ മീഡിയ ഹൈപ്പിൽ വീണാൽ അത് ചർമത്തെ കൂടുതൽ പ്രശ്നത്തിലാക്കുകയേയുള്ളൂ. ചർമസംരക്ഷണം എന്നതിനെക്കാൾ കുട്ടികൾക്ക് ഇതൊരു വൈബ് ആണ്. ഇതിന് പുറമെ പിയർഗ്രൂപ്പ് പ്രഷറും ഉണ്ട്. ദിവസത്തിൽ നടക്കുന്ന ഓരോ സംഭവങ്ങളും സോഷ്യൽ മീഡിയയിൽ കണ്ടൻ്റ് ആക്കുന്ന ന്യൂ ജെന്നിന് സ്കിൻ കെയർ റൂട്ടിൻ വളരെ പ്രധാനപ്പെട്ടതാണ്.

അതേസമയം, പല ഘട്ടങ്ങളായുള്ള കൊറിയൻ സ്കിൻ കെയർ ദിനചര്യ ഉപഭോക്താക്കളിൽ മാനസികമായ ഒരു ആശ്വാസം നൽകാൻ സഹായിക്കുന്നതാണെന്ന ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയ മഞ്ജു ടികെ പറയുന്നു. വെളുത്തിരിക്കുന്നത്, പാടുകളില്ലാത്ത സ്കിൻ, ടാൻ ഇല്ലാത്ത സ്കിൻ ഇതൊക്കെ സാമൂഹിക അംഗീകാരമായി മാറുന്നു എന്ന് ധ്വനിപ്പിക്കുന്ന പരസ്യങ്ങളും പുതിയകാലം സോഷ്യൽ മീഡിയ കെ- ട്രെൻഡും (സംഗീതം, സീരീസ്, സ്കിൻ കെയർ തുടങ്ങിയവ) ചേർന്ന് രൂപപ്പെടുത്തുന്ന സൗന്ദര്യ സങ്കൽപ്പവും ജെൻ സി തലമുറയെ വല്ലാതെ സ്വാധീനിക്കുന്നുണ്ട്.

ഇതിന് പിന്നിൽ സൗന്ദര്യം = വിജയവും ആത്മവിശ്വാസവും എന്ന കോഗ്നിറ്റീവ് ബയസുണ്ട്. ഇത് ഒരു നിർമിത ബോധമാണ്. നമ്മുടെ നാടിൻ്റെ കാലാവസ്ഥ നമ്മുടെ ജനിതക പ്രത്യേകതകൾ എന്നിവയനുസരിക്കുന്നതാണ് നമ്മുടെ സ്കിൻ എന്ന് പലപ്പോഴും മറക്കുന്നു. അതിനാൽ ചിലർക്ക് ഇത് ശരീര പ്രതിച്ഛായയെ സംബന്ധിച്ച ആകുലതയും സമ്മർദ്ദവും ഉണ്ടാക്കും.

മനശാസ്ത്രപരമായി ഇത് “Appearance-based self-worth” എന്നറിയപ്പെടുന്നു. സാമൂഹിക പ്രതീക്ഷയും സമ്പ്രദായവും (Social comparison) കെ ട്രെൻഡിൻ്റെ ഭാഗമായി കൊറിയൻ താരങ്ങൾ, ഇൻഫ്ലുവൻസർമാർ തുടങ്ങിയവരെ വച്ച് ആളുകൾ താരതമ്യം ചെയ്ത് തുടങ്ങി. ഇത് “Social Comparison Theory” (Festinger, 1954) അനുസരിച്ച് — ആളുകൾ തങ്ങളുടെ മൂല്യം മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നതിനാൽ സ്വയം സംതൃപ്തി കുറയാം. അതിനാൽ സ്കിൻ കെയർ ചിലർക്കായി ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള ശ്രമം ആയി മാറുന്നു.

സൗന്ദര്യത്തിന്റെ തത്ത്വചിന്ത (philosophy of balance), കൊറിയൻ സൗന്ദര്യശാസ്ത്രത്തിൽ യിൻ-യാങ് സമതുലനം പോലുള്ള ആശയങ്ങൾ കാണാം. ചർമം അകത്തു നിന്ന് ശാന്തമായിരിക്കണം എന്ന ആശയം. ഇത് ശാന്തമായ സംതൃപ്തമായ മനസ്സിന്റെ ഭാഗമായാണ് ചർമസൗന്ദര്യം എന്ന് കാണുന്നു. അതിനാൽ കൊറിയൻ സ്കിൻകെയർ ചിലപ്പോൾ മാനസിക-ശാരീരിക സമതുലനം (psychosomatic balance) നിലനിർത്താനുള്ള മാർഗമായി കാണപ്പെടുന്നു. Identity & Emotional Regulation സ്കിൻകെയർ പ്രക്രിയയിൽ പലരും സ്വയം തിരിച്ചറിയലിനെയും (self-identity) വൈകാരിക നിയന്ത്രണത്തിനെയും (emotional regulation) ഉൾപ്പെടുത്തുന്നു. അത് അവർക്ക് സുരക്ഷിതത്വബോധവും നൽകുന്നു. സെൽഫ് ലൗ എന്നാൽ ശരീരം നോക്കലാണ് എന്ന ഒരു ബോധം നിലവിലുണ്ട്. അത് ആഹാരം, വ്യായാമം, സോഷ്യലൈസേഷൻ, ഉറക്കം, കൺട്രോൾഡ് സ്ക്രീൻ ടൈം, മീ ടൈം എല്ലാം ചേർന്നതാണെന്നും സൈക്കോളജിസ്റ്റ് പറയുന്നു.

Summary

Korean Skin Care products and Gen Z

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com