west indies cricket
west indies cricketx

'ഇത്രയും കാലം ഞാന്‍ നിങ്ങളെ ആനന്ദിപ്പിച്ചുവോ!'; കരീബിയന്‍ ക്രിക്കറ്റില്‍ എന്താണ് സംഭവിക്കുന്നത്...?

ക്രിക്കറ്റിന്റെ ജന്മദേശം ഇംഗ്ലണ്ട് ആണെങ്കിലും അത് ആത്മാവിലും സ്വപ്നങ്ങളിലും സ്വത്വത്തിലും ആവാഹിച്ച ജനത കരീബിയന്‍ മണ്ണിലായിരുന്നു. അതിജീവന വഴികളിലെ ആയുധവും വീണ്ടെടുപ്പിന്റെ പോരാട്ടവുമായിരുന്നു അവിടുത്തുകാര്‍ക്ക് ക്രിക്കറ്റ്.
Published on

രിമ്പിന്‍ സത്ത് പുളിപ്പിച്ച് 'റം' ഉണ്ടാക്കാം എന്ന് ലോകത്തെ ആദ്യമായി പഠിപ്പിച്ച രാജ്യത്തിന്റെ പേര് ബാര്‍ബെഡോസ് എന്നാണ്. 17ാം നൂറ്റാണ്ട് മുതല്‍ അവര്‍ റം ഉത്പാദനം തുടങ്ങുന്നുണ്ട്. കരീബിയന്‍ ദ്വീപ് രാഷ്ട്രങ്ങളില്‍ ഒന്നാണ് ബാര്‍ബെഡോസ്. ചാംപ്യന്‍സ് ട്രോഫി ഏകദിന ക്രിക്കറ്റ് പോരാട്ടത്തില്‍ ഇന്ത്യയുടെ പേസ് ഇതിഹാസം ജവഗല്‍ ശ്രീനാഥിന്റെ ആദ്യ ഓവറിലെ ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച ഫിലോ വാലസ് വന്നതും ബാര്‍ബെഡോസില്‍ നിന്നാണ്.

ബാര്‍ബെഡോസ് പോലെ നിരവധി കുഞ്ഞന്‍ ദ്വീപ് രാഷ്ട്രങ്ങള്‍ ചേര്‍ന്നതാണ് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ്. ബര്‍ബെഡോസ് ജമൈക്ക, ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ, ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡ, ഗയാന, ഗ്രെനാഡ അടക്കമുള്ള 15 ഓളം രാജ്യങ്ങള്‍ ക്രിക്കറ്റില്‍ മാത്രം ഒന്നിച്ചുനില്‍ക്കുന്നു. അത്‌ലറ്റിക്‌സിലും ഫുട്‌ബോളിലും എല്ലാം അവര്‍ തനിയെ മത്സരിക്കുന്നു. പ്രപഞ്ചത്തിലെ ഏറ്റവും വേഗമേറിയ മനുഷ്യന്‍ ഉസൈന്‍ ബോള്‍ട്ട് ജമൈക്കന്‍ ജേഴ്‌സിയണിഞ്ഞാണ് ലോക റെക്കോര്‍ഡ് സ്ഥാപിച്ചത്. വിന്‍ഡീസില്‍ ജനിച്ച ഏതൊരു കൗമാരക്കാരനേയും പോലെ ക്രിക്കറ്റ് താരമാകാന്‍ ആഗ്രഹിച്ച് വഴി മാറി അത്‌ലറ്റിക്‌സില്‍ എത്തിയ ആളാണ് ബോള്‍ട്ട്. ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ 2006ലെ ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ കളിച്ചിട്ടുണ്ട്.

ബ്രിട്ടീഷ്, ഡച്ച്, അമേരിക്കന്‍ അധിനിവേശങ്ങളും അടിമത്തമടക്കമുള്ള മനുഷ്യത്വവിരുദ്ധ സമ്പ്രദായങ്ങളും അതിജീവിച്ചതിന്റെ അനുഭവങ്ങള്‍ പേറുന്ന ജനത കൂടിയാണ് കരീബിയന്‍ ദ്വീപ് രാഷ്ട്രങ്ങളില്‍ ഉള്ളത്. ക്രിക്കറ്റിന്റെ ജന്മദേശം ഇംഗ്ലണ്ട് ആണെങ്കിലും അത് ആത്മാവിലും സ്വപ്നങ്ങളിലും സ്വത്വത്തിലും ആവാഹിച്ച ജനത കരീബിയന്‍ മണ്ണിലായിരുന്നു. അതിജീവന വഴികളിലെ ആയുധവും വീണ്ടെടുപ്പിന്റെ പോരാട്ടവുമായിരുന്നു അവിടുത്തുകാര്‍ക്ക് ക്രിക്കറ്റ്. അതുകൊണ്ടാണ് അവരുടെ ഓരോ കുഞ്ഞു വിജയങ്ങള്‍ പോലും ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്ന ലോകമെമ്പാടുമുള്ള ആരാധകര്‍ ആഘോഷമാക്കുന്നത്.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തിരിച്ചടികളിലൂടെയാണ് ആ ടീം കടന്നു പോകുന്നത്. 2024 ജനുവരി 28നു ​ഗാബയിൽ ഓസ്‌ട്രേലിയയെ വീഴ്ത്തി വിന്‍ഡീസ് ടീം ഒരു ടെസ്റ്റ് മത്സരം വിജയിച്ചപ്പോള്‍ കമന്ററി ബോക്‌സിലുണ്ടായിരുന്ന ഇതിഹാസ താരം ബ്രയാന്‍ ലാറ പൊട്ടിക്കരഞ്ഞാണ് ആ വിജയം നോക്കി കണ്ടത്. ആ കണ്ണുകളില്‍, ഒലിച്ചിറങ്ങിയ കണ്ണീരില്‍ കാണാം വിന്‍ഡീസ് ക്രിക്കറ്റ് കടന്നു പോകുന്ന പരിതാപകരമായ അവസ്ഥയുടെ ആഴവും പരപ്പും. ഷമര്‍ ജോസഫ് നേടിയ 7 വിക്കറ്റ് ബലത്തില്‍ അവര്‍ ജയിക്കുമ്പോള്‍ ലാറയെ പോലൊരു താരത്തിനു കരച്ചിലടക്കാതെ അതു കണ്ടു നില്‍ക്കാന്‍ സാധിക്കാത്തത് കരീബിയന്‍ ക്രിക്കറ്റിന്റെ വന്യമായ സൗന്ദര്യം അയാള്‍ ജന്മം തൊട്ട് അനുഭവിക്കുന്നതു കൊണ്ടുകൂടിയാണ്.

രാഷ്ട്രങ്ങളുടെ ആഭ്യന്തര, രാഷ്ട്രീയ വിയോജിപ്പുകള്‍ നിലനില്‍ക്കുമ്പോഴും ക്രിക്കറ്റിനായി ഒന്നിച്ചു നിന്ന മഹിത ചരിതത്തിന്റെ പേര് കൂടിയാണ് വിന്‍ഡീസ് ക്രിക്കറ്റ്. ക്രിക്കറ്റിനു മാത്രമായി വെസ്റ്റിന്‍ഡീസ് ഒരു പതാക പോലും സൃഷ്ടിച്ചു. ക്രിക്കറ്റ് പിച്ചും മൂന്ന് സ്റ്റംപുകളും ആണ് ആ പതാകയില്‍ ആലേഖനം ചെയ്യപ്പെട്ടത്. അവിടെ ജനിച്ചുവീണ ഓരോ കുഞ്ഞിനും നടന്നു തുടങ്ങുമ്പോള്‍ കൈയില്‍ കളിപ്പാട്ടങ്ങള്‍ക്ക് പകരം മാതാപിതാക്കൾ കൊടുക്കാറുള്ളത് ക്രിക്കറ്റ് ബാറ്റും പന്തുമായിരുന്നു.

70കളിലും 80കളുടെ അവസാനം വരെയും ലോക ക്രിക്കറ്റില്‍ അനിഷേധ്യമായി നിലകൊണ്ട വെസ്റ്റിന്‍ഡീസ് ക്രിക്കറ്റിന്റെ ഇന്നത്തെ അവസ്ഥ ദയനീയമാണ്. ഏതൊരു ക്രിക്കറ്റ് ആരാധകന്റേയും ഉള്ളിന്റെ ഉള്ളില്‍ മനോവേദന ഉണ്ടാക്കുന്നത് കൂടിയാണ് ആ സംഘം എത്തിപ്പെട്ട ഇന്നത്തെ സ്ഥിതി.

The Mount Gay Rum visitors centre in Barbados claims to be the world's oldest active rum company, with the earliest confirmed deed from 1703.
1703 മുതൽ ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്ന ബാർബെഡോസിലെ മൗണ്ട് ഗേ റം വിസിറ്റർ സെന്റർ, west indies cricket
Clive Lloyd became the first man to lift the Cricket World Cup
1975ൽ പ്രഥമ ലോകകപ്പ് കിരീടം ഉയർത്തുന്ന ക്ലൈവ് ലോയ്ഡ്, west indies cricket

പതനത്തിന്റെ നാള്‍വഴികള്‍

ഏകദിന ക്രിക്കറ്റില്‍ ആദ്യമായി ലോക ചാംപ്യന്മാരായ ടീമാണ് വെസ്റ്റ് ഇന്‍ഡീസ്. 1975ല്‍ ക്ലൈവ് ലോയ്ഡിന്റെ നേതൃത്വത്തില്‍ അവര്‍ ലോകത്തിന്റെ നെറുകയിലെത്തി ചരിത്രത്തില്‍ പുതിയ അധ്യായം എഴുതി ചേര്‍ത്തു. നാല് വര്‍ഷത്തിനു ശേഷം 1979ല്‍ അതേ നായകന്റെ കീഴില്‍ അവര്‍ കിരീടനേട്ടം ആവര്‍ത്തിച്ചു. 1983ലെ ഫൈനലിലും അവര്‍ എത്തി.

എന്നാല്‍, തുടരെ മൂന്ന് ലോകകപ്പ് ഫൈനലെന്ന അനുപമ നേട്ടവുമായി എത്തിയ കരീബിയന്‍ കരുത്തിനെ വെല്ലുവിളിച്ച് കപിലിന്റെ ചെകുത്താന്‍മാര്‍ ലോര്‍ഡ്‌സിലെ വിഖ്യാതമായി മൈതാനത്തു നില്‍പ്പുണ്ടായിരുന്നു. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇതുപോലൊരു അട്ടിമറി ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ വിന്‍ഡീസിനെ വീഴ്ത്തി കപിലും സംഘവും ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചു.

കൃത്യം പറഞ്ഞാല്‍ ആ തോല്‍വി കരീബിയന്‍ ക്രിക്കറ്റ് സ്വത്വത്തിനേറ്റ കനത്ത അടിയായിരുന്നു. ആ തോല്‍വി ഏല്‍പ്പിച്ച ആഴത്തിലുള്ള മുറിവ് വിന്‍ഡീസ് ക്രിക്കറ്റില്‍ വലിയ ചലനങ്ങളുണ്ടാക്കി. 80കളുടെ അവസാനത്തോടെ വിന്‍ഡീസ് ക്രിക്കറ്റ് തകര്‍ച്ചയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങി. പിന്നീട് ഏകദിന ലോകകപ്പില്‍ വിന്‍ഡീസിനു പറയത്തക്ക നേട്ടങ്ങള്‍ ഒന്നുമില്ല. 1996 ലോകകപ്പില്‍ സെമിയിലെത്തിയത് മാത്രമാണ് അവര്‍ക്ക് ആശ്വസിക്കാന്‍ ഉണ്ടായിരുന്നത്. സമീപ കാലത്ത് ലോകകപ്പ് യോഗ്യത പോലും അവര്‍ക്ക് നേടാന്‍ സാധിക്കാതെയും പോയി.

1970കളുടെ പകുതി മുതല്‍ 1990കളുടെ ആരംഭം വരെ, വെസ്റ്റ് ഇന്‍ഡീസ് ടീം ടെസ്റ്റിലും ഏകദിനത്തിലും അന്താരാഷ്ട്ര ക്രിക്കറ്റിലെ കരുത്തരായിരുന്നു. എണ്ണം പറഞ്ഞ ക്രിക്കറ്റര്‍മാര്‍ അവിടെ നിന്നുയര്‍ന്നു വന്നു. ഗാരിഫീല്‍ഡ് സോബേഴ്സ്, ലാന്‍സ് ഗിബ്സ്, ജോര്‍ജ്ജ് ഹെഡ്ലി, ബ്രയാന്‍ ലാറ, വിവിയന്‍ റിച്ചാര്‍ഡ്സ്, ക്ലൈവ് ലോയ്ഡ്, മാല്‍ക്കം മാര്‍ഷല്‍, ആല്‍വിന്‍ കാളിചരണ്‍, ആന്‍ഡി റോബര്‍ട്ട്സ്, രോഹന്‍ കന്‍ഹായ്, ഫ്രാങ്ക് വോറല്‍, ക്ലൈഡ് വാല്‍ക്കോട്ട്, എവര്‍ട്ടണ്‍ വീക്കസ്, കര്‍ട്ട്‌ലി ആംബ്രോസ്, മൈക്കല്‍ ഹോള്‍ഡിങ്, കോര്‍ട്ട്നി വാല്‍ഷ്, ജോയല്‍ ഗാര്‍ണര്‍, വെസ് ഹാള്‍ എന്നിവരെല്ലാം ഐസിസി ക്രിക്കറ്റ് ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെട്ടവരാണ്. അത്ര കാമ്പും കഴമ്പുമുള്ള ക്രിക്കറ്റ് സംസ്‌കാരത്തിന്റെ മാന്ത്രിക സാന്നിധ്യമാണ് ലോക ക്രിക്കറ്റിലെ വിന്‍ഡീസ്.

Sir Vivian Richards
വിവിയന്‍ റിച്ചാര്‍ഡ്‌സ്, west indies cricket

കാല്‍പ്പനികന്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ്

പ്രതിരോധ ബാറ്റിങിനെ പൊളിച്ച് വന്യമായ കരുത്തില്‍ റണ്‍സ് അടിച്ചു അടിച്ചുകൂട്ടാം എന്ന് ലോകത്തെ പഠിപ്പിച്ച അതികായനായ സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ്. ടെന്നീസ് ലില്ലിയെയും ഇയാള്‍ ബോതമിനേയും പോലെയുള്ള തീപാറും പന്തുകള്‍ എറിഞ്ഞ പേസര്‍മാരെ ഹെല്‍മറ്റ് പോലും ഇടാതെ സധൈര്യം നേരിട്ട കരീബിയന്‍ കാല്‍പ്പനികനായിരുന്നു വിവിയന്‍ റിച്ചാര്‍ഡ്‌സ്. 90കളുടെ തുടക്കത്തില്‍ കരീബിയന്‍ ക്രിക്കറ്റിന്റെ പതനം കണ്ടുകൊണ്ടാണ് റിച്ചാര്‍ഡ്‌സ് വിരമിക്കുന്നത്.

ഈയടുത്ത് ഇന്ത്യയുമായുള്ള രണ്ടാം ടെസ്റ്റിനിടെ വിന്‍ഡീസ് ടീമുമായി സംസാരിക്കാന്‍ ബ്രയാന്‍ ലാറയ്‌ക്കൊപ്പം വിവിയന്‍ റിച്ചാര്‍ഡ്‌സും ഇന്ത്യയിലെത്തിയിരുന്നു. ഇരുവരുടേയും കൂടിക്കാഴ്ചയ്ക്കു ശേഷം ടെസ്റ്റ് പരമ്പരയില്‍ ആദ്യമായി വിന്‍ഡീസ് ബാറ്റിങ് മെച്ചപ്പെട്ടതായി കാണാം.

Brian Lara
ബ്രയാൻ ചാൾസ് ലാറ, west indies cricket

തുള വീണ കപ്പലിന്റെ കപ്പിത്താന്‍

ബ്രയാൻ ചാൾസ് ലാറ, നീണ്ട 19 വര്‍ഷക്കാലം വിന്‍ഡീസ് ക്രിക്കറ്റിനെ ലോകത്തിന്റെ ആവേശം ആക്കി നിര്‍ത്തിയ ഇതിഹാസം. ഇടം കൈ ബാറ്റിങ്ങിന്റെ സമസ്ത പാഠങ്ങളും ആവാഹിച്ച മാന്ത്രിക സാന്നിധ്യമായിരുന്നു ലാറ. ട്രിനിഡാഡിന്റെ ചുവന്ന സൂര്യന്‍ കത്തി ജ്വലിക്കുന്നതായിരുന്നു ഒരുകാലത്ത് കരീബിയന്‍ ജനതയുടെ ആനന്ദം. അയാള്‍ കരീബിയന്‍ ക്രിക്കറ്റിനെ തന്നലാവും വിധം നയിച്ചു. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന്റെ റെക്കോര്‍ഡ് ഇന്നും ലാറയുടെ പേരിലാണ്. ഇംഗ്ലണ്ടിനെതിരെ നേടിയ 400 റണ്‍സ്.

പക്ഷേ, ലാറയ്ക്കും വിന്‍ഡീസ് ക്രിക്കറ്റിനെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. തുളവീണ കപ്പലിന്റെ കപ്പിത്താനായി അയാള്‍ ടീമിനെ നയിച്ചു. കൊളോണിയല്‍ കാലത്തെ കൊളോസസിനെ പോലെ. 19 വര്‍ഷം നീണ്ട കരിയറില്‍ ഒരേയൊരു തവണ മാത്രമാണ് അയാള്‍ ഐസിസി ട്രോഫി ഉയര്‍ത്തിയത്. 2004ലെ ചാമ്പ്യന്‍സ് ട്രോഫി. അമ്പരപ്പിക്കുന്ന ചില ടെസ്റ്റ് വിജയങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ആ കരിയര്‍ മറ്റ് നേട്ടങ്ങള്‍ ഒന്നുമില്ലാതെ അപൂര്‍ണമായി തന്നെ അവസാനിച്ചു.

വിരമിക്കുമ്പോള്‍ ലാറ ഒറ്റ ചോദ്യമാണ് ലോകത്തോട് ചോദിച്ചത്. 'ഇത്രയും കാലം ഞാന്‍ നിങ്ങളെ ആനന്ദിപ്പിച്ചുവോ'- അയാള്‍ ധ്യാനാത്മകമായി ക്രിക്കറ്റിനെ വ്യാഖ്യാനിച്ച കരീബിയന്‍ ആനന്ദമായിരുന്നു. അയാള്‍ക്ക് ക്രിക്കറ്റായിരുന്നു ആനന്ദം.

niverse Boss, Chris Gayle
ക്രിസ് ഗെയ്ല്‍, west indies cricket

പെട്ടെന്നു ഒരു ദിവസം അവർ ഇറങ്ങിപ്പോയി

കരീബിയന്‍ ദ്വീപ് രാഷ്ട്രങ്ങളിലെ യുവാക്കള്‍ ക്രിക്കറ്റിനു പകരം അമേരിക്കന്‍ ബാസ്‌കറ്റ് ബോളില്‍ ആകൃഷ്ടരായി കളം മാറിക്കൊണ്ടിരുന്ന കാലത്താണ് കുട്ടി ക്രിക്കറ്റിന്റെ വരവ്. ആ ഫോര്‍മാറ്റ് കരീബിയന്‍ ക്രിക്കറ്റിനെയും അടിമുടി സ്വാധീനിക്കുന്നതാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് കടന്നപ്പോള്‍ കണ്ടത്. ടെസ്റ്റിലും ഏകദിനത്തിലും എല്ലാം ഈ ഫോര്‍മാറ്റിന്റെ സ്വാധീനം താരങ്ങളുടെ കളിയിലും പ്രകടമായി. പ്രത്യേകിച്ച് ബാറ്റിങില്‍. ടെസ്റ്റിലെ പ്രതിരോധ ബാറ്റിങിന്റെ ക്ഷമയും കൗശലവും പല വിന്‍ഡീസ് താരങ്ങള്‍ക്കും കൈമോശം വന്നു. ഇടയ്ക്കിടെ ചില താരങ്ങള്‍ ഉയരുന്നത് മാറ്റി നിര്‍ത്തിയാല്‍ ശൂന്യമായിരുന്നു അവരുടെ ആവനാഴി. ഓര്‍ക്കണം പേസ്, സ്പിന്‍ ഭേദമില്ലാതെ ലോകത്തെ കിടു ബൗളര്‍മാരെ മുഴുവന്‍ ക്ഷമയുടെ നെല്ലിപ്പലക കാണിച്ചു ബാറ്റു വീശി തെളിഞ്ഞ ശിവ്‌നാരയ്ന്‍ ചന്ദര്‍പോള്‍ വാണ ടീമായിരുന്നു വിന്‍ഡീസ്.

ഒരിടയ്ക്ക് വിന്‍ഡീസ് ടി20 ക്രിക്കറ്റിലെ അതികായരായിരുന്നു. 2012ലും 2016ലും അവര്‍ ടി20 ലോകകപ്പ് നേടി. 2012 ലോകകപ്പ് നേടിയ താരങ്ങളില്‍ പലരും പിന്നീട് ദേശീയ ടീമിനായി കളിക്കാതെ മാറിനിന്നു. സാമ്പത്തിക പ്രതിസന്ധി വിന്‍ഡീസ് ക്രിക്കറ്റിനെ അപ്പോഴേക്കും കാര്യമായിത്തന്നെ ഉലച്ചു തുടങ്ങിയിരുന്നു. മതിയായ പ്രതിഫലം കിട്ടുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് താരങ്ങള്‍ ദേശീയ ടീമിനായി കളിക്കാന്‍ വിസമ്മതിച്ചത്.

ഇന്ന് ലോകത്തെ വിവിധ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗുകളിലെ വിന്‍ഡീസ് താരങ്ങളുടെ സാന്നിധ്യം മാത്രം നോക്കിയാല്‍ മതി പ്രതിസന്ധികളുടെ ആഴം മനസിലാക്കാന്‍. സുനില്‍ നരെയ്ന്‍ അപൂര്‍വ സിദ്ധികള്‍ പ്രകടിപ്പിച്ച ഒരു സ്പിന്നറായിരുന്നു. നല്ല പ്രായത്തില്‍ തന്നെ താരം അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കി. ലോകത്തെ വിവിധ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗുകളില്‍ നിറ സാന്നിധ്യമാണ് ഇപ്പോള്‍ നരെയ്ന്‍. താരം പല ടീമുകളേയും നയിക്കുന്നു. പല ടീമുകള്‍ക്കുമായി ഓപ്പണര്‍ വരെ ആകുന്നു.

യുനിവേഴ്‌സ് ബോസ് ക്രിസ് ഗെയ്ല്‍, ജയിക്കാന്‍ 19 റണ്‍സ് വേണ്ടപ്പോള്‍ തുടരെ നാല് പന്തുകള്‍ സിക്‌സര്‍ തൂക്കി അസമാന്യ പ്രകടനത്തിലൂടെ വിന്‍ഡീസിനു ലോകകപ്പ് സമ്മാനിച്ച കാര്‍ലോസ് ബ്രാത്‌വെയ്റ്റ്, ഇതിഹാസങ്ങളായ ഡ്വെയ്ന്‍ ബ്രാവോ, പൊള്ളാര്‍ഡ്, 23ാം വയസില്‍ വിന്‍ഡീസ് നായകനായ ജാസന്‍ ഹോള്‍ഡര്‍... ഒട്ടേറെ പേര്‍ ഇടയ്ക്കിടെ ടീമില്‍ വന്നു മിന്നും പ്രകടനങ്ങള്‍ പുറത്തെടുത്തു. പെട്ടെന്നു ഒരു ദിവസം ഇറങ്ങിപ്പോയി.

Daren Sammy
ഡാരന്‍ സമ്മി, west indies cricket

സെന്റ് ലൂഷക്കാരന്റെ നിയോ​ഗം

വിന്‍ഡീസിന്റെ 2016ലെ ലോകകപ്പ് നേട്ടവും ശ്രദ്ധേയമായിരുന്നു. പല താരങ്ങളും ഈ ലോകകപ്പിനായി മാത്രം ദേശീയ ടീമില്‍ ഒരിക്കല്‍ കൂടി ഒന്നിച്ചു. അവര്‍ വീണ്ടും ലോക ചാമ്പ്യന്മാരുമായി. ക്ലൈവ് ലോയ്ഡിന് ശേഷം രണ്ട് ലോകകപ്പ് നേട്ടങ്ങളിലേക്ക് നയിച്ച ക്യാപ്റ്റന്‍ എന്ന പെരുമ സെന്റ് ലൂഷക്കാരനായ ഡാരന്‍ സമ്മി സ്വന്തമാക്കി.

9 വര്‍ഷങ്ങള്‍ക്കു മുന്‍പ് സമ്മി രണ്ടാം തവണയും ലോകകപ്പ് നേടിയ ശേഷം ലോകത്തോടു വിളിച്ചു പറഞ്ഞ കാര്യങ്ങള്‍ വിന്‍ഡീസ് ക്രിക്കറ്റിനു സംഭവിച്ചു കൊണ്ടിരുന്ന തിരിച്ചടികളുടെ ആഴം വ്യക്തമാക്കുന്നതായിരുന്നു. 9 വര്‍ഷങ്ങള്‍ക്കിപ്പുറം പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങളില്‍ വിന്‍ഡീസ് ക്രിക്കറ്റ് ആടിയുലയുമ്പോള്‍ സമ്മി മുഖ്യ പരിശീലകനായി ടീമിനൊപ്പമുണ്ട്. കാലത്തിന്റെ കാവ്യനീതിയെന്നു അതിനെ വിളിക്കാം. നിരാശതയുടെ കവലയില്‍ പ്രജ്ഞയറ്റു നിന്നു പോയ ഒരു ജനതയെ ക്രിക്കറ്റ് വസന്തത്തിന്റെ ഇടിമുഴക്കം കേള്‍പ്പിച്ച നായകനാണ് സമ്മി. കരീബിയന്‍ ക്രിക്കറ്റില്‍ മാറ്റത്തിന്റെ ചാലക ശക്തിയാകാനുള്ള നിയോഗവും അദ്ദേഹത്തിനാകട്ടെ.

ഈയടുത്ത് വിന്‍ഡീസ് ക്രിക്കറ്റിലെ വിവിയന്‍ റിച്ചാര്‍ഡ്‌സ്, ലാറ, രാംനരേഷ് സര്‍വന്‍ അടക്കമുള്ള ഇതിഹാസങ്ങള്‍ ഒന്നിച്ചിരുന്നു തകര്‍ച്ച ഗൗരവമായി തന്നെ ചര്‍ച്ച ചെയ്തതു പ്രതീക്ഷയുടെ പുതുനാമ്പാണ്. അതു തളിര്‍ത്ത് പുതിയ വസന്തങ്ങള്‍ തീര്‍ക്കട്ടെ എന്നാശിക്കാം. കാലിപ്‌സോ സംഗീതത്തിന്റെ മാസ്മരികതയില്‍ ക്രിക്കറ്റ് മൈതാനങ്ങള്‍ക്ക് ഇനിയും മയങ്ങാന്‍ സാധിക്കട്ടെ.

Daren Sammy
2012, 2016 ടി20 ലോകകപ്പ് കിരീടങ്ങളുമായി ഡാരൻ സമ്മി, west indies cricket

'ആ രാത്രി മുതല്‍ വിജയി ഏകനാണ്'

'ദൈവത്തിനു നന്ദി. അദ്ദേഹമില്ലാതെ ഒരു കാര്യവും ഞങ്ങള്‍ക്കു സാധ്യമാകില്ല. ഞങ്ങളുടെ ടീമില്‍ ഒരു പാസ്റ്ററുണ്ട്. ആന്ദ്ര ഫ്‌ളെച്ചര്‍. അദ്ദേഹം എപ്പോഴും പ്രാര്‍ഥിക്കും.

ഈ ലോകകപ്പ് നേട്ടം ഞങ്ങള്‍ ഏറെക്കാലം മനസില്‍ താലോലിക്കും. ഞങ്ങള്‍ കരീബിയന്‍ ജനത ക്രിക്കറ്റില്‍ ഏറെ പ്രതീക്ഷയുള്ളവരാണ്. ടി20യിലെ മികവ് ഏകദിനത്തിലും ടെസ്റ്റിലും തുടരാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ ലോകകപ്പിനു ഞങ്ങള്‍ വരുമോ എന്നു പോലും പല ക്രിക്കറ്റ് വിദഗ്ധരും സംശയിച്ചിരുന്നു. പല പ്രശ്‌നങ്ങള്‍ ഞങ്ങള്‍ നേരിട്ടു. വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനു ടീമിനോടു താത്പര്യമില്ല. മാധ്യമങ്ങള്‍ ടീമിനെ വിശേഷിപ്പിച്ചത് തലച്ചോറില്ലാവത്തവര്‍ എന്നാണ്. ആ വിമര്‍ശനങ്ങള്‍ ടീമിനെ കരുത്തുറ്റ സംഘമാക്കുകയാണുണ്ടായത്.

എല്ലാ പ്രശ്‌നങ്ങള്‍ക്കും നടുവില്‍ നിന്നു കൊണ്ടു മികച്ച കാണികളെ സാക്ഷികളാക്കി ഏറ്റവും മികച്ച ക്രിക്കറ്റ് കളിച്ച എന്റെ ടീമിലെ എല്ലാ സഹ അംഗങ്ങളോടും തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ട്. മികച്ച രീതിയില്‍ കളി പറഞ്ഞു തന്ന സമര്‍ഥനായ കോച്ച് ഫില്‍ സിമ്മണ്‍സിനും നന്ദി.

ഗ്രെനാഡ പ്രധാനമന്ത്രി കീത്ത് മിച്ചല്‍ പ്രചോദിപ്പിക്കുന്ന സന്ദേശം ഞങ്ങള്‍ക്കയച്ചു. എന്നാല്‍ ഇത്തരത്തിലൊരു ആശംസ ഞങ്ങളുടെ ക്രിക്കറ്റ് ബോര്‍ഡില്‍ നിന്നു ലഭിച്ചില്ല. അതില്‍ വേദനയുണ്ട്.

ഞങ്ങള്‍ക്ക് ഇനിയും ഒരുമിച്ചു കളിക്കാന്‍ സാധിക്കുമെന്നു കരുതുന്നില്ല. ഏകദിന ടീമിലേക്ക് ഞങ്ങളാരും തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല. ഇനി എന്നാണ് വിന്‍ഡീസ് ജേഴ്‌സിയില്‍ ടി20 കളിക്കുക എന്നതും ഞങ്ങള്‍ക്ക് തീര്‍ച്ചയില്ല. ഈ ലോകകപ്പ് കരീബിയന്‍ ജനതയ്ക്കു സമര്‍പ്പിക്കുന്നു. അതെ, വിന്‍ഡീസ് ചാംപ്യന്‍മാരാണ്!

(2016ലെ ടി20 ലോകകപ്പ് നേടിയ ശേഷം ഡാരന്‍ സമ്മി പറഞ്ഞത്)

Summary

west indies cricket: The West Indies cricket team, nicknamed the Windies, is a men's cricket team representing the West Indies a group of countries and territories in the Caribbean region.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com