ലക്ഷദ്വീപിന്റെ രണ്ട് ഇന്റര്‍നെറ്റ് കാലങ്ങള്‍
രണ്ട് മാസം മുമ്പ് ലക്ഷദ്വീപിലെ കവരത്തിയിലേക്ക് സ്ഥലം മാറ്റമായി വരുമ്പോള്‍ രണ്ടായിരത്തിന്റെ ആദ്യവര്‍ഷങ്ങളിലെ കല്‍പ്പേനി ദ്വീപായിരുന്നു എന്റെ മനസ്സില്‍. തൂവെള്ള നിറമുള്ള പൂഴിമണല്‍ നിറഞ്ഞ ഭൂപ്രകൃതിയില്‍ തെങ്ങുകള്‍ക്കിടയിലെ കഷ്ടിച്ച് ഒന്നരമീറ്റര്‍ വീതിയുള്ള കോണ്‍ക്രീറ്റ് റോഡിലൂടെ സാറ്റലൈറ്റ് എര്‍ത്ത് സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നതിന്റെ ഓര്‍മ്മ അതിന്റെ സൂക്ഷ്മാംശങ്ങള്‍ വിട്ടുപോകാതെ എന്റെ മനസ്സിലുണ്ടായിരുന്നു.
ഞാനന്ന് എത്തിച്ചേര്‍ന്നത് ഒരു ദ്വീപ്, പുറം ലോകവുമായി സംവദിച്ചിരുന്നതിന്റെ ജീവനാഡിയിലേക്കായിരുന്നു. ഒരു കോണ്‍ക്രീറ്റ് കെട്ടിടവും അതിനടുത്ത് ആകാശത്തേക്ക് കുട തുറന്ന് നില്‍ക്കുന്ന ആന്റിനയുമായിരുന്നു എന്റെ ആദ്യ കാഴ്ച.
ആ ആന്റിനയാണ് ബഹിരാകാശത്ത് കറങ്ങുന്ന സാറ്റലൈറ്റില്‍ നിന്നുള്ള നിന്നുള്ള തരംഗങ്ങളെ പിടിച്ചെടുക്കുകയും ഭൂമിയില്‍ നിന്ന് അയക്കുന്ന തരംഗങ്ങള്‍ തിരിച്ചയക്കുകയും ചെയ്തിരുന്നത്. ഈ തരംഗങ്ങളില്‍ ആളുകളുടെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ സന്നിവേശിപ്പിച്ചിരുന്നു.
ആദ്യ സന്ദര്‍ശനത്തില്‍ ഇവിടെ എന്നെ അമ്പരപ്പിച്ച ചിലതുണ്ടായിരുന്നു. അതില്‍ പ്രധാനം ദ്വീപിലെ ജനങ്ങളുടെ സമയം പതിയെയാണ് സഞ്ചരിക്കുന്നത് എന്ന അറിവായിരുന്നു. ആളുകള്‍ ഒട്ടും തിരക്കുള്ളവരായിരുന്നില്ല. എവിടേക്കെങ്കിലും ഓടിച്ചെന്ന് തീര്‍ത്ത് പോരാവുന്ന കാര്യങ്ങള്‍ ഒന്നും അവര്‍ക്ക് മുന്നില്‍ ഇല്ലായിരുന്നു. ചെയ്യുന്ന ജോലികള്‍ അവധാനതയോടെ, ഒരു ധ്യാനം പോലെയാണ് അവര്‍ ചെയ്ത് തീര്‍ത്തത്.
വളരെ പതിയ സഞ്ചരിക്കുന്ന ഒരു ജൈവക്ലോക്കിനെ പിന്‍തുടര്‍ന്ന് മന്ദതാളത്തില്‍ ജീവിക്കുന്ന മനുഷ്യരായിരുന്നു എനിക്കു ചുറ്റും. അതില്‍ ഡോക്ടര്‍മാരും നഴ്സുമാരും എന്‍ജിനിയര്‍മാരും സര്‍ക്കാര്‍ ജോലിക്കാരും മീന്‍പിടുത്തക്കാരും തുടങ്ങി ജീവിതത്തിന്റെ എല്ലാ തുറകളില്‍പ്പെട്ടവരും ഉണ്ടായിരുന്നു. അവരുടെ പൊതു സവിശേഷത ഒരു ചൂണ്ടക്കൊളുത്തില്‍ മീന്‍ കൊത്തുന്നതിനായി മണിക്കൂറുകള്‍ കാത്തിരിക്കുന്നവരുടെ തീക്ഷ്ണമായ ക്ഷമ ആയിരുന്നു. സാവധാനം ഞാനും അവരില്‍ ഒരാളായി മാറി.
പൊതുവേയുള്ള ഈ മന്ദതാളത്തിന് അനേകം കാരണങ്ങള്‍ ഉണ്ട്. അതില്‍ ഏറ്റവും പ്രധാനം പരിമിതമായ സ്ഥലം തന്നെയാണ്. ഓരോ ദിശയിലും മൂന്നോ നാലോ കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കടല്‍ത്തീരത്ത് ചെന്ന് അവസാനിക്കും. വലിയ ദ്വീപുകളാണെങ്കില്‍ ഏഴോ എട്ടോ കിലോമീറ്റര്‍ പരമാവധി സഞ്ചരിക്കാം. അതില്‍ പലയിടത്തും വീതി കുറഞ്ഞ്, രണ്ട് വശവും കടല്‍ കാണാം. ചുരുക്കത്തില്‍ ദീപിലെ ആളുകള്‍ക്ക് ഒരുപാട് ദൂരം സഞ്ചരിക്കാന്‍ സാധിക്കില്ല.
പരിമിത വിഭവങ്ങള്‍ മാത്രമാണ് ഇവിടെയുള്ളത്. കുതിച്ച് പായുന്ന വാഹനങ്ങളും ലക്ഷ്യത്തിലെത്താന്‍ പാതിയുറക്കത്തില്‍ യാത്ര ചെയ്യുന്നവരും ഈ ഭൂപ്രദേശത്തിന് അപരിചിതമാണ്. വന്‍കരകളില്‍ ബസ്സും കാറും തീവണ്ടിയും വിമാനവും കയറി ഒരിടത്ത് നിന്ന് മറ്റൊരു ഇടത്തേക്ക് ഓടിക്കിതച്ചെത്തി കാര്യങ്ങള്‍ ചെയ്തുതീര്‍ക്കുന്നവര്‍ അടിസ്ഥാനപരമായി ഈ ദ്വീപിലെ മനുഷ്യരെക്കാള്‍ അധികം ഒന്നും നേടുന്നില്ല. ഓടി നടക്കുന്നതിന്റെ പിരിമുറുക്കവും സംഘര്‍ഷവും അവരെ കൂടുതല്‍ തളര്‍ത്തുന്നു എന്ന് മാത്രം.
അക്കാലത്ത് ടെലിഫോണ്‍ കോളുകള്‍ ആണ് ആശയവിനിമയത്തിന് പ്രധാനമായും ഉപയോഗിച്ചിരുന്നത്. അക്കാലത്തെ ടെലിഫോണ്‍ കോളുകളുടെ കൗതുകകരമായ ഒരു പ്രത്യേകത സംഭാഷണങ്ങള്‍ക്കിടയില്‍ സാങ്കേതികവിദ്യ തിരുകിക്കയറ്റുന്ന ഇടവേളകളായിരുന്നു.
മുപ്പത്തിരണ്ടായിരം കിലോമീറ്റര്‍ അകലെ ബഹിരാകാശത്ത് ഭ്രമണം ചെയ്യുന്ന സാറ്റലൈറ്റിലേക്ക് മൈക്രോവേവ് തരംഗം സഞ്ചരിച്ച് അത്രയും ദൂരം തിരിച്ച് സഞ്ചരിച്ച് ഭൂമിയിലെ മറ്റൊരു സ്റ്റേഷനില്‍ എത്തുന്നതിന് ഇടയിലുള്ള സമയം ഏതാണ്ട് 240 മില്ലി സെക്കന്റ് വരും. മനുഷ്യരുടെ സംഭാഷണത്തിനിടയ്ക്ക് ഈ ഇടവേള ഒരല്‍പ്പം കൂടുതലാണ്. അതിന്റെ കുഴപ്പം, ദ്വീപില്‍ നിന്ന് ഫോണിലൂടെ സംസാരിക്കുന്നതിനിടയ്ക്ക് ഒരാള്‍ ഒന്നു നിര്‍ത്തിയാല്‍, സംഭാഷണം അവസാനിപ്പിച്ചു എന്ന് തെറ്റിദ്ധരിച്ച് മറുവശത്തുള്ളയാള്‍ സംസാരിച്ച് തുടങ്ങും. അങ്ങനെ ടെലിഫോണ്‍ കോളുകള്‍ക്കിടയില്‍ സംഭാഷണങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടല്‍ സാധാരണമായിരുന്നു.
ഇന്റര്‍നെറ്റിന്റെ കാര്യം അതിലേറെ വിചിത്രമായിരുന്നു. ഞാന്‍ അവിടെ എത്തിയ 2003 നും അഞ്ചാറ് വര്‍ഷം മുമ്പ് വന്‍കരയില്‍ (കേരളത്തില്‍) ലഭിച്ചുകൊണ്ടിരുന്ന വേഗതയേ അവിടെ അക്കാലത്ത് ഇന്റര്‍നെറ്റില്‍ കിട്ടിയിരുന്നുള്ളൂ. അത്രയും തന്നെയില്ല. വേണമെങ്കില്‍ ഒരു ആമവേഗം എന്ന് പറയാം. ഒരു വെബ് പേജിലെ അക്ഷരങ്ങള്‍ തെളിഞ്ഞ് വരാന്‍ ഏതാനും മിനിറ്റുകള്‍ വേണം. ചിത്രങ്ങളാണെങ്കില്‍ അതിലും പതിയെ മാത്രമേ സ്‌ക്രീനിലെത്തുകയുള്ളൂ. ചിത്രത്തിന്റെ മുകള്‍ഭാഗത്ത് ഏതാനും വരകള്‍ പ്രത്യക്ഷപ്പെടും. പിന്നെയത് താഴേക്ക് പടരും. ചിലപ്പോള്‍ താഴെ നിന്നോ ഇടയിലെവിടെയെങ്കിലും നിന്നോ ചിത്രത്തിന്റെ ഭാഗമായ വരകള്‍ തെളിയും. അങ്ങനെ അഞ്ചോ പത്തോ മിനിറ്റുകള്‍ കൊണ്ട് ഒരു ചിത്രം പൂര്‍ത്തിയാകും.
അതായത് അന്ന് അവിടെ ഇന്റര്‍നെറ്റ് ലഭിച്ചിരുന്നത് കാലത്തിനും പിറകെയായിരുന്നു. കാത്തിരിപ്പിന്റെ ശീലവും കിട്ടുന്നതുകൊണ്ട് തൃപ്തിപ്പെടാനുള്ള മനസ്സുമുള്ള ദ്വീപ്‌വാസികളെ ഇന്റര്‍നെറ്റിന്റെ മന്ദവേഗം ഒട്ടും മുഷിപ്പിച്ചില്ല. ഇരയിട്ട് മീനിനെ കാത്തിരിക്കുന്ന നിശ്ചലതയോടെ അവര്‍ അതിനെയും സ്വീകരിച്ചു.
രണ്ടായിരത്തി നാലിലാണ് മൊബൈല്‍ ഫോണ്‍ ദ്വീപില്‍ എത്തുന്നത്. അതിന്റെ വരവ് ടെലിഫോണ്‍ എക്സ്ചേഞ്ചിന് മുന്നില്‍ ആള്‍ക്കൂട്ടം സൃഷ്ടിച്ചു. ഏതാനും ദിവസം അത് ദ്വീപുകളെ ചലനാത്മകമാക്കി. നിരന്തരം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യരുള്ള, ചലനാത്മകമായ സമൂഹത്തില്‍ മൊബൈല്‍ ഫോണ്‍ വലിയ സൗകര്യങ്ങളാണ് നല്‍കുന്നത്.
സ്വീകരണ മുറിയിലെ മേശപ്പുറത്ത് ചങ്ങലയ്ക്കിട്ട വളര്‍ത്തു മൃഗത്തെ പോലെ കിടന്നിരുന്ന പഴയ ലാന്‍ഡ് ഫോണിലെ സാധാരണമായ ആദ്യ ചോദ്യം ' ആരാണ് സംസാരിക്കുന്നത്?' എന്നതായിരുന്നു. മിക്കവാറും ടെലിഫോണ്‍ എടുക്കുന്നയാള്‍ ആരാണ് എന്ന് പറഞ്ഞു കൊണ്ടാവും സംഭാഷണം തുടങ്ങുക. എന്നാല്‍ മൊബൈല്‍ ഫോണ്‍ വന്നതോടെ ആദ്യ ചോദ്യം 'താങ്കളിപ്പോള്‍ എവിടെയാണ്' എന്നതായി മാറി. അത്രയധികം ദൂരങ്ങള്‍ ഇല്ലാത്ത ദ്വീപില്‍ ജീവിക്കുന്നവരെ സംബന്ധിച്ചിടത്തോളം എവിടെയാണ് എന്ന് ചോദ്യവും അത്ര പ്രസക്തമായിരുന്നില്ല. അതിനാല്‍ ദ്വീപുകാര്‍ക്ക് മൊബൈല്‍ ഫോണ്‍ വ്യത്യസ്തമായ ഒരുനുഭവമായിരുന്നു. അത് മറ്റാര്‍ക്കും ലഭിക്കാനിടയില്ലാത്തതുമായിരുന്നു.
മൊബൈല്‍ ഫോണ്‍ സിഗ്നല്‍ ഗ്രാമപ്രദേശങ്ങളിലും മറ്റും രണ്ടോ മൂന്നോ കിലോമീറ്റര്‍ ദൂരെ വരെ കിട്ടുമായിരുന്ന കാലമാണത്. ചുറ്റുപാടും കടല്‍ മാത്രമുള്ള ദ്വീപിലെ മൊബൈല്‍ ഫോണ്‍ ആന്റിനകള്‍ മൈക്രോവേവ് തരംഗങ്ങളെ അനേകം കിലോമീറ്ററുകള്‍ അകലേയക്ക് അയച്ചുകൊണ്ടിരുന്നു. കടലിന്റെ അപാരതയില്‍ മൊബൈല്‍ തരംഗങ്ങള്‍ ആകാവുന്നത്ര ദൂരത്തേക്ക് സഞ്ചരിച്ചുകൊണ്ടിരുന്നു. മത്സ്യബന്ധനം നടത്തുന്നവര്‍ക്കും ബോട്ടിലും മറ്റും പോകുന്നവര്‍ക്കും അത് വലിയൊരു സൗകര്യമായിരുന്നു.
ദ്വീപിന് ചുറ്റുമുള്ള മൊബൈല്‍ ഫോണ്‍ സിഗ്നലിന്റെ അദൃശ്യവലയം അവര്‍ക്ക് അതുവരെ ഇല്ലാതിരുന്ന സുരക്ഷിതത്വ ബോധം നല്‍കി. കൊച്ചിയില്‍ നിന്ന് കപ്പലില്‍ വരുമ്പോഴാണ് രസകരമായ മറ്റൊരു കാര്യം സംഭവിക്കാറുള്ളത്. ദ്വീപ് നമ്മുടെ ദൃഷ്ടിയില്‍ പെടുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പ് ഫോണിലേക്ക് എസ്എംഎസ് വരാന്‍ തുടങ്ങും. അപ്പോള്‍ കപ്പല്‍ ഏതാണ്ട് ദ്വീപില്‍ എത്താറായി എന്ന് യാത്രക്കാര്‍ ആശ്വസിക്കും. പിന്നെയും മണിക്കൂറുകള്‍ കഴിഞ്ഞാണ് തീരം കാണാന്‍ തുടങ്ങുന്നതും കപ്പലില്‍ നിന്ന് ഇറങ്ങാന്‍ സാധിക്കുന്നതും.
വന്‍കരയില്‍ ഇന്റര്‍നെറ്റ് ഡേറ്റാവേഗം പടിപടിയായി കൂടിക്കൊണ്ടിരിന്നു. പണ്ട് ഫോണ്‍കോളുകള്‍ക്ക് ഉപയോഗിച്ചിരുന്ന കോപ്പര്‍ കേബിളുകള്‍ വഴിയായിരുന്നു ഇന്റര്‍നെറ്റ് ലഭിച്ചിരുന്നതെങ്കില്‍ സാവധാനം ഫൈബര്‍ കേബിളുകള്‍ വീടുകളില്‍ എത്തിത്തുടങ്ങി. 2010ന് ശേഷം വന്‍കരയിലെ ഇന്റര്‍നെറ്റ് വേഗത 100 എംബി പിഎസ്സിലേക്കും മറ്റും ഉയരാന്‍ തുടങ്ങി. എന്നാല്‍ 2024 വരെ ദ്വീപു ജനത മന്ദവേഗത്തിലുള്ള ഇന്റര്‍നെറ്റിന് മുന്നില്‍ ധ്യാനനിരതരായി ഇരിക്കേണ്ടി വന്നു. അതിന്റെ പ്രധാനകാരണം വന്‍കരയുമായി ദ്വീപുകള്‍ക്കുള്ള ഒരേയൊരു വാര്‍ത്താവിനിയമബന്ധം സാറ്റലൈറ്റ് ആയിരുന്നു എന്നതാണ്.
സാറ്റലൈറ്റുകള്‍ വഴിയുള്ള ഓരോ മെഗാബൈറ്റ് വേഗതയും കോടികളുടെ ബാധ്യതയുള്ളതായിരുന്നു. മാത്രമല്ല, സാറ്റലൈറ്റിന് കൈകാര്യം ചെയ്യാവുന്ന ഡേറ്റാ വേഗത പരിമിതവും തടസ്സങ്ങള്‍ ഏറെയുള്ളതുമായിരുന്നു. സാറ്റലൈറ്റുകളെ ആശ്രയിക്കുമ്പോള്‍ മേഘാവൃതമായ കാലാവസ്ഥയും അന്തരീക്ഷത്തിലെ ബാഷ്പസാന്ദ്രതയും മറ്റും ലഭ്യമായ ഡേറ്റാ വേഗത കുറയാന്‍ കാരണമാകും.
സമുദ്രാന്തര കേബിളുകള്‍ 2024 ലാണ് ലക്ഷദ്വീപില്‍ എത്തുന്നത്. കൊച്ചിയിലെ പറവൂരില്‍ നിന്ന് പുറപ്പെടുന്ന സമുദ്രാന്തര ഒപ്റ്റിക്കല്‍ കേബിളുകള്‍ ദ്വീപുകളെ പരസ്പരം ബന്ധിപ്പിക്കുന്നു. കൊച്ചി ലക്ഷദ്വീപ് ഐലന്റ് സബ്മറൈന്‍ കേബിള്‍ ( കെ എല്‍ ഐ എന്ന് ചുരുക്കരൂപം) എന്ന് വിളിക്കുന്ന ഫൈബര്‍ കേബിള്‍ ശൃംഖല കടലിനടിയില്‍ കേബിളുകള്‍ സ്ഥാപിച്ച് ഓരോ ദ്വീപുകളിലും വന്നു കയറുന്നു. ശരാശരി 250 കിലോമീറ്റര്‍ അകലെ കിടക്കുന്ന ദ്വീപുകള്‍ വന്‍കരയുമായി ബന്ധപ്പെടാന്‍ പുതിയ മാധ്യമത്തെ ആശ്രയിച്ചതോടെ ഈ രംഗത്ത് ഒരു കുതിച്ചുചാട്ടം തന്നെയുണ്ടായി.
ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകളുടെ ഒരു പ്രത്യേകത ഒരു ഫൈബര്‍ നാരിലൂടെ എത്ര ബാന്‍ഡ് വിഡ്ത്ത് വേണമെങ്കിലും കടത്തിവിടാന്‍ സാധിക്കും എന്നതാണ്. ഈ ഫൈബര്‍ നാരുകളുമായി ബന്ധപ്പെടുത്തുന്ന ഉപകരണത്തിന്റെ ശേഷി വര്‍ദ്ധിക്കുംതോറും ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ അത്രയും ഡേറ്റ കടത്തിവിടുന്നു.
ഇന്ത്യയിലെ നഗരങ്ങള്‍ തമ്മിലും മറ്റ് ലോകരാജ്യങ്ങള്‍ തമ്മിലും ഡേറ്റാകൈമാറ്റം നടക്കുന്നത് ഭൂമിയില്‍, കടലിലും കരയിലുമായി വിന്യസിച്ചിട്ടുള്ള ലക്ഷക്കണക്കിന് കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ വഴിയാണ്. ദ്വീപില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ എത്തിയതോടെ സാറ്റലൈറ്റ് സൃഷ്ടിച്ചിരുന്ന ഡേറ്റാ കൈമാറ്റത്തിലെ കുപ്പിക്കഴുത്ത് ഇല്ലാതായി. പകരം വന്‍കരയിലെ ഒരു ഗ്രാമത്തിന്റെ ഭാഗം പോലെ ദ്വീപ് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. വന്‍കരയില്‍ ലഭ്യമായ ഇന്റര്‍നെറ്റ് വേഗതയായ നൂറും ഇരുന്നൂറും മുന്നൂറും മെഗാബൈറ്റ് വേഗത ദ്വീപുകളിലും ലഭിക്കാന്‍ തുടങ്ങി.
മൊബൈല്‍ ഫോണ്‍ ടവറുകളുടെ കാര്യത്തില്‍ നാലാം തലമുറ സാങ്കേതിക വിദ്യയും അഞ്ചാം തലമുറ വേഗതയും ദ്വീപുകളില്‍ സാധ്യമായി. വാര്‍ത്താവിനിമയ സംവിധാനത്തിന്റെ കാര്യത്തില്‍ കേരളത്തിലെ ഏതോ ഗ്രാമത്തില്‍ എത്തിയതായേ എനിക്കിപ്പോള്‍ തോന്നുന്നുള്ളൂ. നഗരത്തിലെ എല്ലാ ടെലികോം സൗകര്യങ്ങളും ലഭിക്കുന്ന മറ്റൊരു ഗ്രാമം മാത്രമാണ് ഇന്ന് ലക്ഷദ്വീപ്.
കഴിഞ്ഞ വര്‍ഷം ഇവിടെ വാര്‍ത്താവിനിമയ സംവിധാനത്തിന്റെ കാര്യത്തില്‍ വലിയൊരു കുതിച്ചു ചാട്ടമുണ്ടായി എന്നതൊഴിച്ചാല്‍ മറ്റ് കാര്യങ്ങളിലെല്ലാം സ്വാഭാവികമായ വളര്‍ച്ച മാത്രമാണുണ്ടായത്. പരിമിതമായ സ്ഥലം, കുറഞ്ഞ ദൂരങ്ങള്‍, വിഭവങ്ങളുടെ ലഭ്യത കുറവ്, കാലാവസ്ഥ സൃഷ്ടിക്കുന്ന അനിശ്ചിതത്വങ്ങള്‍ ഇവയെല്ലാം പഴയതുപോലെ തുടര്‍ന്നുകൊണ്ടിരിക്കുന്നു.
വന്‍കരകയില്‍ നിന്ന് ജോലിക്കായെത്തുന്ന എന്നെപ്പോലുള്ളവരും വളരെ പെട്ടെന്ന് ഈ അവസ്ഥകളുമായി പൊരുത്തപ്പെടാന്‍ തുടങ്ങും. ആ പൊരുത്തപ്പെടലിന്റെ ഉദാഹരണത്തിന് കാലത്ത് ആറുമണിക്ക് വരാനിരിക്കുന്ന കപ്പലിന് വേണ്ടി പുലര്‍ച്ചെ അഞ്ചുമണിക്ക് തയ്യാറായി വരുന്ന യാത്രക്കാരെ പരിഗണിക്കാം. കടല്‍ ക്ഷോഭിച്ചതിനാല്‍ വൈകിട്ടേ കപ്പല്‍ എത്താന്‍ ഇടയുള്ളൂ എന്ന വാര്‍ത്ത വരുന്നു എന്നിരിക്കട്ടെ. യാത്രക്കാര്‍ യാതൊരു മുഷിപ്പുമില്ലാതെ വൈകിട്ട് വരെ കാത്തിരിക്കും.
വൈകിട്ടാവും കപ്പല്‍ അന്ന് എത്താന്‍ ഇടയില്ല എന്ന സന്ദേശം ലഭിക്കുക. സാരമില്ല കപ്പല്‍ നാളെ വരുമല്ലോ എന്ന് മനസ്സില്‍ കരുതി യാത്രക്കാര്‍ വീട്ടിലേക്ക് തിരിച്ചുപോകും. അടുത്ത ദിവസം ഇതേ പ്രക്രിയ ആവര്‍ത്തിച്ചാലും അവര്‍ക്ക് അസ്വാഭാവികമായി ഒന്നും തോന്നുകയില്ല.
ഈ സംതൃപ്തി ഇവരുടെ ജീവിതത്തിലെ മിക്ക ഘടകങ്ങളിലും കാണാം. പൊതുവില്‍ വിജയവും പരാജയവും അത്രയ്ക്കൊന്നും അവരെ ബാധിക്കുന്നില്ല. എന്തെങ്കിലും നേടിയെടുക്കാനുള്ള ഓട്ടം സാധാരണയായി ഇവിടുത്തെ ജനങ്ങളില്‍ കാണാന്‍ സാധിക്കില്ല. ഈ ശാന്ത മനസ്സുള്ള മനുഷ്യരിലേക്കാണ് ഇന്റര്‍നെറ്റ് അതിവേഗത കടന്നുവന്നത്.
എന്റെ ആദ്യത്തെ ജോലിക്കാലത്ത് വാര്‍ത്തകള്‍ അറിയാന്‍ ദൂരദര്‍ശനും പത്രങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. കേരളത്തില്‍ നിന്നുള്ള പത്രങ്ങള്‍ കപ്പലില്‍ വരും. കപ്പലുകള്‍ വരുന്നതിന്റെ ഇടവേളകള്‍ക്കനുസരിച്ച് പത്തും പതിനഞ്ചും ദിവസത്തെ പത്രങ്ങള്‍ ഒന്നിച്ചാണ് ലഭിക്കുക. എന്നാല്‍ വേഗതയേറിയ ഇന്റര്‍നെറ്റ് വളരെ പെട്ടെന്ന് ഇവിടുത്തെ ലോകം വിശാലമാക്കി. അന്യദേശങ്ങളില്‍ നിന്ന് ഇവിടെ വന്ന് ജോലി ചെയ്യുന്നവര്‍ക്ക് മുമ്പൊക്കെ വളരെ ഏകാന്തത അനുഭവിച്ചിരുന്നു. അതിപ്പോള്‍ തീരേ ഇല്ലാതായിരിക്കുന്നു. റീലുകളും സോഷ്യല്‍ മീഡിയയും ഇവിടുത്തെ ആളുകളെ ഒരു തുരുത്തില്‍ നിന്നും വലിയ ലോകത്തേക്ക് കൊണ്ടു ചെന്നെത്തിക്കുന്നു. പുതിയ വേഗങ്ങള്‍ ജനങ്ങളെ മുഖ്യധാരയില്‍ എത്തിക്കാനും പ്രാപ്തമാക്കി.
മൊബൈല്‍ ഫോണില്‍ ഇന്റര്‍നെറ്റ് ലഭ്യമായതോടെ യഥാര്‍ത്ഥലോകത്തോടൊപ്പം വിര്‍ച്വല്‍ ലോകം കൂടി അനുഭവിക്കാന്‍ തുടങ്ങി. അത് ലക്ഷദ്വീപിലെ മാത്രം കാര്യമല്ല. ലോകത്തെല്ലായിടത്തും മനുഷ്യര്‍ അവര്‍ ജീവിക്കുന്ന ഭൗതിക ലോകത്തിന്റെ പരിമിതിയെ അയഥാര്‍ത്ഥലോകത്തിന്റെ സാന്നിധ്യം കൊണ്ട് മറികടക്കുന്നു.
സോഷ്യല്‍ മീഡിയ സൗഹൃദങ്ങള്‍ ഇവിടെയും സാധാരണമാണ്. ലക്ഷദ്വീപിനെ കേന്ദ്രീകരിച്ച് പോസ്റ്റുകളിടുന്ന വ്ളോഗര്‍മാരും ഇവിടുത്തെ പ്രശ്നങ്ങളില്‍ ഇടപെടുന്ന ചെറുപ്പക്കാരായ ആക്ടിവിസ്റ്റുകളും ഇന്റര്‍നെറ്റിന്റെ വ്യാപനത്തില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊള്ളുന്നവരാണ്.
പൊതുവില്‍ ലക്ഷദ്വീപ് എന്ന് കേള്‍ക്കുമ്പോള്‍ നാം ഒറ്റ സ്ഥലമായാണ് കാണുന്നത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഇന്ത്യയുടെ മാപ്പ് വരച്ച് കഴിഞ്ഞ് അറബിക്കടലില്‍ ഏതാനും ചില കുത്തുകളിട്ടാണ് ലക്ഷദ്വീപിനെ അടയാളപ്പെടുത്തിക്കൊണ്ടിരുന്നത്.
ഇരുപത് വര്‍ഷം മുമ്പ് ഞങ്ങള്‍ ആറ് പേര്‍ക്ക് വ്യത്യസ്തമായ ഏഴ് ദ്വീപുകളിലാണ് പോസ്റ്റിങ്ങ് കിട്ടിയിരുന്നത്. അന്ന് കപ്പല്‍ കയറുന്നതിന് മുമ്പ് ഞങ്ങള്‍ ഒരു തീരുമാനമെടുത്തു. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഏതെങ്കിലും ഒരു ദ്വീപില്‍ ഒത്തുകൂടണം. അങ്ങനെ എല്ലാവരും ഇവിടുത്തെ ജോലിക്കാലം ആഹ്ലാദകരമാക്കണം.ഇവ ഓരോന്നും കൊച്ചിയില്‍ നിന്ന് 300 മുതല്‍ 480 കിലോമീറ്റര്‍ വരെ ദൂരെയാണെന്ന് ഇവിടെയെത്തിയപ്പോഴാണ് മനസ്സിലായത്. ആള്‍ത്താമസമുള്ള ദ്വീപുകള്‍ തമ്മില്‍ ശരാശരി 100 കിലോമീറ്റര്‍ ദൂരമുണ്ട്. ഏകദേശ ധാരണയ്ക്ക് വേണ്ടിയാണ് ഈ കണക്ക് പറഞ്ഞത്.
480 കിലോമീറ്റര്‍ എന്നത്, കണ്ണൂരില്‍ നിന്ന് തിരുവനന്തപുരം വരെയുള്ള ദൂരമാണെന്നുകൂടി ഓര്‍ക്കുക.എല്ലാ ആഴ്ചയിലും ഒന്നിച്ച് കൂടാന്‍ തീരുമാനിച്ച ഞങ്ങള്‍ക്ക് ഇവിടെ വച്ച് ഒരിക്കല്‍ പോലും ഒന്നിച്ച് കാണാനായില്ല. മാത്രമല്ല മിക്കവരും ജോലി ചെയ്യുന്ന ദ്വീപ് ഒഴിച്ച് ഒന്നോ രണ്ടോ ദ്വീപുകള്‍മാത്രമേ അധികമായി കണ്ടതുള്ളൂ.
ഈ കാര്യങ്ങള്‍ ഇവിടുത്തെ ജനങ്ങളെ സംബന്ധിച്ചും ഒരു യാഥാര്‍ത്ഥ്യമാണ്. പൊതുവില്‍ ഒരേ സംസ്‌കാരം പിന്തുടരുന്നവരെങ്കിലും അനേകം വ്യത്യാസങ്ങള്‍ ഓരോ ദ്വീപുകാര്‍ക്കും ഇടയിലുണ്ട്. അവര്‍ മറ്റ് ദ്വീപുകളില്‍ അപൂര്‍വമായേ പോകാറുള്ളൂ. മറ്റ് ദ്വീപുകളേക്കാള്‍ കേരളമുമായാണ് ഇവര്‍ കൂടുതല്‍ ബന്ധപ്പെടുന്നത്.
ഭക്ഷണത്തിന്റെ കാര്യത്തിലും ജീവനോപാധിയുടെ കാര്യത്തിലും ഭാഷയിലുമെല്ലാം നേരിയ വ്യത്യാസങ്ങളുണ്ട്. ഇന്റര്‍നെറ്റ് വ്യാപകമായതോടെ ഈ അതിര്‍വരമ്പുകള്‍ അതിവേഗം അലിഞ്ഞില്ലാതായിക്കൊണ്ടിരിക്കുന്നു. അതിന്റെ ആദ്യപടിയാണ് ഭക്ഷണങ്ങളുടെ വ്യാപനം. മറ്റ് ദ്വീപുകളിലെ ഭക്ഷണങ്ങളും കേരളത്തില്‍ ലഭ്യമായ ഭക്ഷണങ്ങളും ഓരോ ദ്വീപുകളിലും പരീക്ഷിക്കപ്പെടുന്നു. ആളുകള്‍ രുചികളുടെ കൈമാറ്റത്തിലൂടെ സാമൂഹികബന്ധത്തിന്റെ ഊഷ്മളത അനുഭവിക്കുന്നു.
പൊതുവില്‍ ഇന്റര്‍നെറ്റ് ലോകത്താകെ സൃഷ്ടിച്ച എല്ലാ മാറ്റങ്ങളും ഇവിടെയും സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇവിടുത്തെ ടൂറിസത്തിന്റെ ത്വരിതവികാസം പോലും ഇന്റര്‍നെറ്റിന്റെ സംഭാവനയാണ്.
വര്‍ഷങ്ങളോളം ഇഴഞ്ഞുകൊണ്ടിരുന്ന ഒരു ആമ പെട്ടെന്നൊരു ദിവസം പറക്കാന്‍ തുടങ്ങിയതിന് സമാനമാണിത് ഇന്റര്‍നെറ്റിന്റെ വേഗത്തിലെ ഈ കുതിച്ചു ചാട്ടം. കഴിഞ്ഞ വര്‍ഷം വരെ ഇവിടുത്തെ വാര്‍ത്താവിനിമയെ സംവിധാനങ്ങള്‍ കാലത്തിന് പിറകിയായിരുന്നെങ്കില്‍ ഇപ്പോള്‍ അത് കാലത്തിനൊപ്പം സഞ്ചരിക്കുന്നു.
നൂറ്റാണ്ടുകളായി ഇവിടുത്തെ ദ്വീപുകള്‍ കരയില്‍ നിന്ന് കിലോമീറ്റര്‍ അകലെ കടലിനാല്‍ വേര്‍പെട്ട് കിടക്കുകയായിരുന്നു. എന്നാല്‍ ഇന്ന് അത് വന്‍കരയുടെ നഗരത്തിനോട് ചേര്‍ന്ന് കിടക്കുന്ന ഒരു ഗ്രാമമായി മാറി.
വിര്‍ച്വല്‍ ലോകത്ത് സ്ഥലങ്ങള്‍ ഒട്ടിച്ചേരുകയും പ്രകൃതി യാഥാര്‍ത്ഥ്യങ്ങളില്‍ ദ്വീപുകള്‍ക്കിടയിലെ കടലിന്റെ ദൂരങ്ങള്‍ നിലനില്‍ക്കുകയും ചെയ്യുമ്പോള്‍, വിചിത്രമായ ഈ അവസ്ഥയിലെ വൈരുദ്ധ്യങ്ങള്‍ ജനങ്ങളെ എങ്ങനെയാണ് സ്വാധീനിക്കുന്നത്? വരുംകാലത്തെ രൂപപ്പെടുത്തുന്നത് ഒരുപക്ഷേ, അവയാകാം.
For the last 25 years how the Lakshadweep changed through the years by the technology, internet speed and mobile phone.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

