ഉമ്മൻചാണ്ടിയുടെ ഉപമയും കോൺ​ഗ്രസ്സി​ന്റെ കയറ്റിറക്കങ്ങളും

കഴിഞ്ഞ 25 വർഷത്തിനുള്ളിൽ നിയമസഭയിൽ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം കൂടിയെങ്കിലും ജയിക്കുന്ന സീറ്റുകളുടെ എണ്ണം മൂന്നിലൊന്നായി ചുരുങ്ങിയ പാർട്ടിയായി കോൺ​ഗ്രസ് മാറി.
Congress,
For the Congress in Kerala, the past 25 years have been a dramatic journey of soaring victories and humbling setbacksVincent Pulickal
Updated on
7 min read

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്റെ തന്റെ ആത്മകഥയായ 'കാലം സാക്ഷി ' യില്‍ 2001- 2006 കാലത്തെ യുഡിഎഫ് സര്‍ക്കാറുകളുടെ കാലത്ത്- ഏകെ ആന്റണിയുടെയും തന്റെയും നേതൃത്വത്തിലുള്ള - സംഭവിച്ച സംഘടനാ പിഴവുകളുടെ ഘോഷയാത്രയെ വിശേഷിപ്പിച്ചത് 'വണ്ടേ നീ ചാവുന്നു, വിളക്കും കെടുത്തുന്നു ' എന്നായിരുന്നു.

രാഷ്ട്രീയ കേരളം പുതിയ സഹസ്രാബദത്തിലേക്ക് കാലൂന്നിയ ശേഷം 2001 ല്‍ നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ സംബന്ധിച്ച് സ്വപ്‌നതുല്യമായ നേട്ടങ്ങളുടേതായി. ആകെയുള്ള 140 നിയമസഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യുഡിഫ് 100 സീറ്റുകളോടെ അധികാരത്തില്‍ വന്നു. വിജയിച്ച വിമതനെ (കഴക്കൂട്ടം) കൂടി കൂട്ടി നൂറ് സീറ്റ് മുന്നണി നേടി. 88 സീറ്റില്‍ മല്‍സരിച്ച കോണ്‍ഗ്രസ് മാത്രം 63 എണ്ണം വിജയിച്ചു.

കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഈ നേട്ടത്തെ വിലയിരുത്തുന്നതിനിടെയാണ് ഉമ്മന്‍ചാണ്ടി ഈ പ്രയോഗം നടത്തിയത്. അദ്ദേഹത്തിന്റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നത് 2023 ല്‍ ആണ്. എന്തുകൊണ്ടായിരിക്കും കാല്‍നൂറ്റാണ്ട് അടുത്ത് നില്‍ക്കേ കേരളം കണ്ട ഏറ്റവും പ്രായോഗികവാദികളായ രാഷ്ട്രീയക്കാരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരില്‍ ഒരാള്‍ കോണ്‍ഗ്രസിനെ കുറിച്ച് പ്രചവന സ്വഭാവമുള്ള വാചകം ഉപയോഗിച്ചത്? അത് അറിയണമെങ്കില്‍, അന്നുമുതൽ 2024 നടന്ന തെരഞ്ഞെടുപ്പുകളിലൂടെ ഒന്ന് കണ്ണോടിക്കണം.

Congress,
മുസ്ലിം രാഷ്ടീയത്തിന്റെ ചൂണ്ടുപലകകൾ

കേരളത്തിലെ കോൺ​ഗ്രസിനെ സംബന്ധിച്ച് കഴിഞ്ഞു പോയ 25 വർഷങ്ങൾ വിജയങ്ങളുടെയും തോൽവികളുടെയും മുമ്പില്ലാത്ത ചരിത്രം അടയാളപ്പെടുത്തിയ കാലമാണ്. 2001 ൽ 100 സീറ്റി​ന്റെ തകർപ്പൻ ജയം, പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കഷ്ടിച്ച് രക്ഷപ്പെട്ടു ഒരുതവണ. 2001ലെ മിന്നും ജയത്തി​ന്റെ കണികപോലുമില്ലാതെ അതി​ന്റെ മൂന്നിലൊന്ന് സീറ്റിലേക്ക് ഒതുങ്ങി തുടർച്ചയായി രണ്ട് തോൽവി.

ഇതേസമയം, ലോകസഭയിലെ കണക്കുകളിൽ കോൺ​ഗ്രസിന് നേരെ തിരിച്ചുള്ള ഫലം ലഭിക്കുന്നു. 2004 ൽ വാജ്പേയി സ‍ർക്കാ‍ർ അഞ്ച് വർഷം പൂർത്തിയാക്കിയ ശേഷം നടത്തിയ തെരഞ്ഞെടുപ്പിൽ ദേശിയതലത്തിൽ പ്രതിപക്ഷമായിരുന്ന കോൺ​ഗ്രസ് മറ്റ് പല സംസ്ഥാനങ്ങളിലും വൻവിജയം നേടി. പക്ഷേ കേരളത്തിൽ അമ്പേ പരാജയപ്പെട്ടു. എന്നാൽ, പിന്നാലെ വന്ന 2009 ൽ അവർ നില മെച്ചപ്പെടുത്തി. 2014 ലും ആ നിലയിൽ അവർ മുന്നോട്ട് പോയി. 2019 ൽ യുഡിഎഫ് മൊത്തത്തിൽ 19 സീറ്റ് നേടി. ഒരു കോൺ​ഗ്രസ് സ്ഥാനാർത്ഥി മാത്രമേ പരാജയപ്പെട്ടുള്ളൂ. 2024 ൽ രണ്ട് കോൺ​ഗ്രസ് സ്ഥാനാർത്ഥികൾ പരാജയപ്പെട്ടു ബാക്കി സീറ്റിലെല്ലാം അവർ വിജയിച്ചു.

2019 ലെ ലോകസഭാ സീറ്റിലെ വിജയക്കണക്കും കൊണ്ടാണ് 2021 ലെ നിയമസഭയിലെ മത്സരത്തിന് ഇറങ്ങിയത്. എന്നാൽ കളം മാറിയത് കോൺ​ഗ്രസ് അറിഞ്ഞിരുന്നില്ല. അതിനാൽ മൊത്തം മത്സരിച്ച സീറ്റിൽ മൂന്നിലൊന്ന് പോലും ജയിച്ചില്ല.

Congress
കോൺഗ്രസ് ചുവരെഴുത്ത് BP DEEPU TNIE
Congress,
സിപിഎമ്മിന്റെ പരിണാമദശ കണ്ട കാൽനൂറ്റാണ്ട്

വൻ വിജയത്തിന് പിന്നാലെ പടലപ്പിണക്കങ്ങൾ

2001 മേയ് 17 ന് എകെ ആ​ന്റണി മുഖ്യമന്ത്രിയായി അധികാരമേറ്റു. പക്ഷേ, കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിച്ച കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയെ ഒഴിവാക്കി കരുണാകരന്റ മകന്‍ കെ മുരളീധരനെ പാര്‍ട്ടി പ്രസിഡന്റാക്കുന്ന ചടങ്ങാണ് ഗവര്‍ണ്ണറുടെ ചായസല്‍ക്കാരം പോലും നീട്ടിവെച്ച് മുഖ്യമന്ത്രി പങ്കെടുത്ത ആദ്യ പരിപാടി. അതിന് തൊട്ടുമുമ്പ് വരെ നിലനിന്നിരുന്ന ​ഗ്രൂപ്പ് പോരിന് വിരാമമായി എന്നും ഇനി ഐക്യത്തോടെയുള്ള മുന്നോട്ട് പോക്ക് എന്നുമായിരുന്നു പ്രഖ്യാപനം. എന്നാൽ ഒരു പാര്‍ട്ടി സംഘടനാപരായി എങ്ങനെ കൊഴിഞ്ഞ് പോകുന്നു എന്നതിന്റെ ദൃഷ്ടാന്തം ആയിരുന്നു പിന്നീടുള്ള 25 വര്‍ഷങ്ങളില്‍ അരങ്ങേറിയത്.

2001 ല്‍ അധികാരമൊഴിഞ്ഞ ഇടത്മുന്നണി സര്‍ക്കാറിന്റെ ശേഷിപ്പായ ഒഴിഞ്ഞ ഖജനാവ്, കല്ലുവാതുക്കല്‍ മദ്യ ദുരന്തം, വിദ്യഭ്യാസ രംഗത്തെ പിടിപ്പ് കേട് എന്നിവ യുഡിഎഫിന് നേട്ടമായെങ്കിലും, ഇക്കാലയളവിൽ കേരളത്തിലെ എല്ലാ സാമൂഹിക- സാമുദായിക വിഭാഗങ്ങളുടെയും ഭൂരിപക്ഷ പിന്തുണ ലഭിച്ച ഒടുവിലത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൂടിയായിരുന്നു അത്.

AK Antony ,Senior Congress leader
AK Antony file -TNIE
Congress,
'ഡിയര്‍ മാഡം ഡിക്റ്റേറ്റര്‍... '; ഇന്ദിരയുടെ ഉറക്കം ഞെട്ടിച്ച ശബ്ദം

തന്നെ വീഴ്ത്തുന്നതില്‍ മുഖ്യപങ്കാളിത്തം വഹിച്ച ഉമ്മന്‍ചാണ്ടിയെ മന്ത്രിസഭയില്‍ നിന്ന് കെവി തോമസ് എന്ന കാര്‍ഡിറക്കി വിജയകരമായി വെട്ടിയ കരുണാകരന്റ കളി തുടക്കത്തില്‍ തന്നെ സര്‍ക്കാറിന് മേല്‍ നിഴല്‍ വീഴ്ത്തി. തൊട്ടുപിന്നാലെയായിരുന്നു മോഡേണൈസേഷൻ ​ഗവൺമെ​ന്റ് പ്രോ​ഗ്രാമി​ന്റെ പേരിൽ സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച നടപടിയും അതിനെതിരായ സമരവും സ്വാശ്രയ കോളജ് ആരംഭിച്ചതുമായി ബന്ധപെട്ട് ഉണ്ടായ വിവാദവും നിയമ കുരുക്കും. പിന്നാലെ മാറാട് കലാപവും മുത്തങ്ങ വെടിവെപ്പും സർക്കാർ പ്രതിച്ഛായക്ക് കളങ്കം വരുത്തി.

2003 സെപ്റ്റംബര്‍ മൂന്നിന് നടന്ന ഏറണാകുളം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വതന്ത്രന് അനുകൂലമായി കരുണാകരന്‍ സ്വീകരിച്ച പരസ്യ അനുകൂല നിലപാട് ആദ്യ പ്രഹരമേൽപ്പിച്ചു. കരുണാകരനെ സമാശ്വസിപ്പിക്കാന്‍ മുരളീധരനെ മന്ത്രിസഭയില്‍ എടുത്തു. പക്ഷേ, വടക്കാഞ്ചേരി ഉപതെരഞ്ഞെടുപ്പില്‍ ജനം മുഖം തിരിച്ചതോടെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച് തോല്‍ക്കുന്ന സംസ്ഥാനത്തെ ആദ്യ രാഷ്ട്രീയക്കാരനായി മുരളീധരൻ. ആ റെക്കോര്‍ഡ് ഇനിയും തിരുത്തപെട്ടിട്ടുമില്ല.

K. Muraleedharan
കെ മുരളീധരന്‍File
Congress,
എല്ലാം വിരല്‍ത്തുമ്പില്‍, ആന്‍ഡ്രോയിഡ് പിറന്ന കഥ ഇങ്ങനെ...

ലീഡറുടെ വിമത നീക്കങ്ങൾ,പുതിയ പാർട്ടി

വന്‍ഭൂരിപക്ഷത്തില്‍ അധികാരമേറ്റ സര്‍ക്കാറിനെ നയിക്കുന്ന കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങളും ഭരണത്തിലെ പിഴവുകളും കേരളത്തിലെ രാഷ്ട്രീയ, സാമൂഹിക മേഖലയിലും പ്രതിഫലിക്കുന്നുണ്ടായിരുന്നു. വെറും മൂന്ന് വര്‍ഷത്തിന് ശേഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ - 2004 മേയില്‍- 20 ല്‍ 19 സീറ്റിലും യു.ഡിഎഫ് തോറ്റു. കോണ്‍ഗ്രസിന് ഒരൊറ്റ എം.പി പോലും ലോക്‌സഭയില്‍ കേരളത്തില്‍ നിന്നുണ്ടായില്ല.

തുടര്‍ന്ന് ഓഗസ്റ്റ് 29 ന് ആന്റണി നാടകീയമായി രാജി പ്രഖ്യാപിച്ചു. 2004 ഓഗസ്റ്റ് 31 ന് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി പുതിയ മന്ത്രിസഭ അധികാരമേറ്റു. 20 മാസം മുന്നിലുണ്ടായിരുന്ന സര്‍ക്കാറിനെ കാത്ത് ഐസ്‌ക്രീം കേസ് (പികെ കുഞ്ഞാലിക്കുട്ടിയുടെ രാജി). ലോകായുകത കേസില്‍ ഇടപെട്ടതിന് കെകെ രാമചന്ദ്രന്‍ മാസ്റ്ററും ഹൈക്കോടതി പരാമര്‍ശത്തിന് കെപി വിശ്വനാഥനും രാജിവെക്കേണ്ടി വന്നു.

ഇതിനൊപ്പമായിരുന്നു കരുണാകരന്റെ വിമത നിക്കം മൂന്ന് മേഖലാ റാലികള്‍ പ്രഖ്യാപിച്ച ലീഡ‍ർ, അവ സര്‍ക്കാര്‍ നിരോധിച്ചാല്‍, നിരോധനത്തിന് എതിരെ റാലി നടത്തും എന്ന് പ്രഖ്യാപിച്ചു. 2005 ഫെബ്രുവരി എട്ടിലെ കോഴിക്കോട്ടെ ആദ്യ റാലിക്ക് മുന്നോടിയായി മുരളീധരന്‍ യുഡിഎഫ് ഏകോപന സമിതിയില്‍ നിന്ന് രാജിവെച്ചു. പിന്നാലെ നേതൃത്വം മുരളിയെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് സസ്‌പെന്‍ഡ് ചെയ്തു. ആന്റണി ഇതിന് എതിരായിരുന്നുവെങ്കിലും നേതൃത്വം വഴങ്ങിയില്ല. റാലയില്‍ 16 എംഎല്‍എമാരാണ് പങ്കെടുത്തത്.

മാര്‍ച്ച് 21 ന് കൊച്ചിയില്‍ 13 എംഎല്‍എമാരെ അണിനിരത്തി രണ്ടാം റാലി നടത്തി. ഏപ്രില്‍ 10 ന് മുരളീധരനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. തിരുവനന്തപുരത്ത് ഒന്‍പത് എംഎല്‍എമാരെ അണിനരിത്തി മൂന്നാം റാലി നടത്തിയതോടെ കോണ്‍ഗ്രസ് പിളര്‍പ്പിന്റെ ചരിത്രസന്ധിയിലാണെന്ന് ഏവര്‍ക്കും ബോധ്യപ്പെട്ടു.

karunakaran, oomen chandy , Thennala balakrishnapillai
karunakaran, oomen chandy and Thennala balakrishnapillai TNIE file

2005 മേയ് ഒന്നിന് തൃശൂരില്‍ വെച്ച് കരുണാകരന്‍, കെ മുരളീധരന്‍ അധ്യക്ഷനായി പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു- നാഷണല്‍ കോണ്‍ഗ്രസ് (ഇന്ദിര). പക്ഷേ, തെരഞ്ഞെടുപ്പ് കമീഷന്‍ ഉടക്കിട്ടതോടെ ഡെമോക്രാറ്റിക്ക് ഇന്ദിരാകോണ്‍ഗ്രസ് (കരുണാകരന്‍) - ഡിഐസി എന്ന പുതിയ പേരിട്ടു. തുടന്ന് ജൂണില്‍ നടന്ന കൂത്തുപറമ്പ്, അഴിക്കോട് നിയമസഭാ ഉപതെരഞ്ഞെടുപ്പിലും നവംബറിലെ തിരുവനന്തപുരം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലും യുഡിഎഫ് തോറ്റു. ഘടകക്ഷികളായ കേരളാ കോണ്‍ഗ്രസ്സിലെ ജേക്കബ്, ആര്‍ ബാലകൃഷ്ണ പിള്ള ​ഗ്രൂപ്പുകൾ മുന്നണി വിട്ടു. ഒടുവില്‍ കൈവശം വച്ചിരുന്ന വജ്രായുധം ഉമ്മൻചാണ്ടി പ്രയോ​ഗിച്ചു. എസ്എന്‍സി- ലാവലിന്‍ കേസ് സിബിഐ അന്വേഷണത്തിന് വിട്ടുകൊണ്ടാണ് 2006 ല്‍ കോണ്‍ഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്.

2001 ലെ 63 സീറ്റില്‍ നിന്നും 2006 ൽ കോണ്‍ഗ്രസിന്റെ എംഎല്‍എമാരുടെ എണ്ണം 24 ആയി ചുരുങ്ങി. പിന്നീട് നടന്ന ഒരു നിയമസഭാ തെരഞ്ഞെടുപ്പിലും 2011 ല്‍ കഷ്ടിച്ച് ജയിച്ചുവെങ്കിലും കോണ്‍ഗ്രസിന് ഉയിര്‍പ്പ് ഉണ്ടായിട്ടേയില്ല. 2011 ൽ കോൺഗ്രസ് അധികാരത്തിലെത്തിയെങ്കിലും ജയിച്ചതിനേക്കാളെ സീറ്റിൽ തോൽക്കുകയാണ് സംഭവിച്ചത്. മത്സരിച്ച 81 സീറ്റിൽ 43 സീറ്റിൽ പരാജയപ്പെടുകയും 38 സീറ്റിൽ വിജയിച്ചു.

കോണ്‍ഗ്രസിന്റെ സംഘടനാപരവും രാഷ്ട്രീയവുമായ തകര്‍ച്ചയാണ് 2006 ലെ തെരഞ്ഞെടുപ്പ് ഫലം വിളിച്ചോതിയത്. കെ കരുണാകരന്‍ കോണ്‍ഗ്രസ് വിട്ടതോടെ അണികളില്‍ ബഹുഭൂരിപക്ഷം വരുന്ന ഐ ഗ്രൂപ്പ് അണികള്‍ ഒന്നുകില്‍ നിശബ്ദ്ധരാവുകയോ പാര്‍ട്ടി വിടുകയോ പ്രവര്‍ത്തനം അവസാനിപ്പിക്കുകയോ ചെയ്തു. നേതാക്കള്‍ ഭൂരിഭാഗവും വിധേയത്വം മാറ്റി സരുക്ഷിതരായി എങ്കിലും ഏതാണ്ട് 60 ശതമാനത്തിന് അടുത്ത് വരുന്ന അണികളാണ് ഛിന്നഭിന്നമായത്. ഐ വിഭാഗത്തിലെ പ്രവര്‍ത്തകര്‍ ഭൂരിഭാ​ഗവും സാമുദായികമായി ഹിന്ദുവിഭാ​ഗങ്ങളിൽ നിന്നുള്ളവരായിരുന്നു. അവരില്‍ മിക്കവരും പിന്നീട് ബിജെപിയിലാണ് അഭയം തേടിയത്.

Congress,
കേരളം: മുന്നേറ്റത്തിന്റെ മിഴിവും പ്രതിസന്ധികളുടെ നിഴലും

സംഘടനാപരാമയി ബലഹീനമായതിനൊപ്പം കോണ്‍​​ഗ്രസിന്റെ സാമൂഹിക ഘടനയ്ക്കും വലിയ ആഘാതമായിരുന്നു പിളര്‍പ്പ് സമ്മാനിച്ചത്. നായര്‍ സമുദായത്തിലെ 60 ശതമാനവും ഈഴവ സമുദായത്തിലെ 40 മുതല്‍ 50 ശതമാനം വരെയും വോട്ടും ലഭിച്ചിരുന്ന കോണ്‍ഗ്രസിനെ ഈ രണ്ട് ശക്തമായ സമുദായങ്ങളും കൈയൊഴിയുന്നത് കൂടിയാണ് 2006 മുതല്‍ കണ്ടത്. ‌

2007 ല്‍ ആളും അമ്പാരിയും ഇല്ലാതെ കെ കരുണാകരന്‍ കോണ്‍ഗ്രസില്‍ തിരിച്ച് എത്തിയെങ്കിലും പാര്‍ട്ടിയുടെ രാഷ്ട്രീയ ജാതകം അപ്പോഴേക്കും എഴുതപ്പെട്ടിരുന്നു. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയം വെറും സാങ്കേതികമായിരുന്നു. വോട്ടെണ്ണല്‍ മുതല്‍ മാറി മറിഞ്ഞ ലീഡ് നിലയ്ക്കൊടുവില്‍ വെറും നാല് വോട്ടിന്റെ ഭൂരിപക്ഷത്തില്‍ - യുഡിഎഫ് 72; എല്‍ഡിഎഫ് 68- ഉമ്മന്‍ചാണ്ടി വീണ്ടും മുഖ്യമന്ത്രിയായി. കോണ്‍ഗ്രസിന് 38 എംഎല്‍എമാരാണ് ഉണ്ടായിരുന്നതെങ്കില്‍ പ്രതിപക്ഷത്തെ സിപിഎമ്മിന് 45 എംഎല്‍എമാര്‍ ഉണ്ടായിരുന്നു.

ഇതിടനിടയിൽ മുസ്ലിം ലീഗുമായി ബന്ധപെട്ട് ഉയര്‍ന്ന് വന്ന അഞ്ചാം മന്ത്രി സ്ഥാനം ഉള്‍പ്പടെ കോണ്‍ഗ്രസിന്റെ മേല്‍ ന്യൂനപക്ഷ പ്രീണനം എന്ന ചാപ്പ കുത്തുകകൂടി ചെയ്തതോടെ തെക്കന്‍ കേരളത്തിൽ കോൺ​ഗ്രസി​ന്റെ ഹിന്ദു അനുകൂല ഘടകത്തിന് ഇടിവുണ്ടായി. ഇതിനിടയിൽ സി പി എമ്മി​ന്റെ എം എൽ എ ആയ ശെൽവരാജിനെ അടർത്തിയെടുക്കാൻ ഉമ്മൻ ചാണ്ടിക്ക് സാധിച്ചു. സിപിഎമ്മിൽ നിന്നും എം എൽ എ സ്ഥാനവും രാജിവെച്ച ശെൽവരാജ് കോൺ​ഗ്രസ് പിന്തുണയുള്ള സ്ഥാനാ‍ർത്ഥിയായി ഉപതെരഞ്ഞെടുപ്പിൽ നെയ്യാറ്റിൻ കരയിൽ മത്സരിച്ചു. 2012 ജൂണില്‍ പിറവം, നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പുകള്‍ വിജയിച്ചെങ്കിലും അഞ്ചാം മന്ത്രി വിവാദം കോണ്‍ഗ്രസിന് മേല്‍ ഭൂരിപക്ഷ സമുദായങ്ങൾക്കും ക്രൈസ്തവ സമുദായങ്ങൾക്കും അകൽച്ച ഉണ്ടാക്കുന്നതിന് ഒരു കാരണമായി.

Oommen Chandy, congress
Oommen ChandyFile
Congress,
Archive |'കേരളത്തില്‍ മലയാളിക്കു ജീവിക്കാന്‍ കഴിയാത്ത ചുറ്റുപാട് ഉണ്ടാക്കിയത് മാര്‍ക്സിസ്റ്റു പാര്‍ട്ടിയാണ്'

താക്കോൽ സ്ഥാനവും ബാർ കോഴ വിവാദവും

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി മന്ത്രിസഭയിലെ താക്കോല്‍ സ്ഥാനത്തേക്ക് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ കൊണ്ടുവരാത്തതില്‍ അവസാന മുന്നറിയിപ്പ് നല്‍കിയത് ഇരുട്ടടിയായി. 2014 ജനുവരി ഒന്നിന് രമേശിനെ ആഭ്യന്തര മന്ത്രിയായി സര്‍ക്കാറിന്റെ ഭാഗമാക്കി. ഇതിനിടയില്‍ ബാര്‍ കോഴ വിവാദത്തില്‍ പെട്ട് ഹൈക്കോടതിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് ധനമന്ത്രി കെഎം മാണി 2015 നവംബര്‍ 10 ന് രാജി വെച്ച് മന്ത്രിസഭയില്‍ നിന്ന് പുറത്ത്‌പോയി. ടൈറ്റാനിയം അഴിമതി. പാറ്റൂര്‍ ഭൂമി കേസുകള്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് എതിരായ ആരോപണങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടി

എന്നാല്‍ 2013 ജൂണോടെ പുറത്ത് വന്നുതുടങ്ങിയ സോളാര്‍ വിവാദം ഒടുവില്‍ മുഖ്യമന്ത്രിയെയും അദ്ദോഹത്തിന്റെ ഓഫീസിനെയും വരെ പ്രതികൂട്ടില്‍ നിര്‍ത്തുന്ന നിലയില്‍ എത്തി. സോളാര്‍ വിവാദത്തില്‍ ഒരു അന്വേഷണ കമ്മിഷന് മുന്നില്‍ ആദ്യമായി ഒരു മുഖ്യമന്ത്രി മണിക്കൂറുകള്‍ മൊഴി നല്‍കുന്നതിനും കേരളം സാക്ഷിയായി.

പതിറ്റാണ്ടുകളിലേറെ യുഡിഎഫിന്റെ നെടും തൂണായിരുന്ന കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് മുന്നണി വിട്ട സാഹചര്യത്തില്‍ കൂടിയാണ് 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് നേരിട്ടത്. 87 സീറ്റില്‍ മല്‍സരിച്ച കോണ്‍ഗ്രസ് 21 സീറ്റുകളില്‍ മാത്രമാണ് വിജയിച്ചത്. നേമം സീറ്റില്‍ ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ഘടകക്ഷിക്ക് അവസരം ഒരുക്കിയ കോണ്‍ഗ്രസ് കേരളത്തില്‍ ആദ്യയമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒരു എംഎല്‍എയെ സമ്മാനിച്ചുവെന്ന ദുഷ്‌പേര് കൂടി തെരഞ്ഞെടുപ്പ് ഫലം സമ്മാനിച്ചു.

Congress,
'ഇത്രയും കാലം ഞാന്‍ നിങ്ങളെ ആനന്ദിപ്പിച്ചുവോ!'; കരീബിയന്‍ ക്രിക്കറ്റില്‍ എന്താണ് സംഭവിക്കുന്നത്...?

തെരഞ്ഞെടുപ്പ് തോല്‍വിയോടെ ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ചതോടെ രമേശ് ചെന്നിത്തല പുതിയ പ്രതിപക്ഷ നേതാവായി. മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ട് കോവിഡ് കാല നടപടികളിലും രണ്ട് വെള്ളപൊക്കങ്ങൾക്ക് ശേഷമുള്ള നിവാരണ പ്രവര്‍ത്തനങ്ങളിലും സ്വര്‍ണ്ണ കടത്തിലും ആരോപണം ഉയര്‍ത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ആയപ്പോഴേക്ക് മനക്കോട്ടകള്‍ കെട്ടി. ചിലര്‍ സത്യപ്രതിജ്ഞക്കുള്ള സമയം വരെ കുറിച്ചു.

പക്ഷേ 2021 നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിനെ ഞെട്ടിച്ചു. മത്സരിച്ച 93 സീറ്റില്‍ 22 സീറ്റില്‍ മാത്രം വിജയം. ചരിത്രത്തിലാദ്യമായി എൽ ഡി എഫിന് കേരളത്തിലൊരു തുട‍ർഭരണം. രാഷ്ട്രീയവും സംഘടനാപരവും ആയി പാപ്പരായ ഒരു പാര്‍ട്ടിയാണ് തങ്ങളുടെ കൈവശമുള്ളതെന്ന സത്യം കോൺ​ഗ്രസ് നേതാക്കളെ ബോധ്യപ്പെടുത്തുന്നതായിരുന്നു ഈ പ്രകടനം.

2001 ന് ശേഷം ഉണ്ടായ പിളര്‍പ്പ് സംഘടനാപരമായി കോണ്‍ഗ്രസിനെ തളര്‍ത്തി. അതിനെ പുനരുജ്ജീവിപ്പിക്കുന്ന നില സ്വീകരിക്കാന്‍ ദേശീയ, സംസ്ഥാന നേതൃത്വങ്ങള്‍ക്കും കഴിഞ്ഞില്ല. തുടര്‍ച്ചയായ ഒരു ദശകം അധികാരത്തില്‍ നിന്ന് മാറ്റിനി‍ർത്തപ്പെട്ട കോണ്‍ഗ്രസിന് സാധാരണ പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സ്ഥാപനങ്ങളും തദ്ദേശ സ്ഥാപനങ്ങളും കൈമോശം വന്നതോടെ കേന്ദ്രത്തിലെ തുടര്‍ച്ചയായ ഭരണത്തിന്റെ തണലില്‍ ബിജെപിയും സംസ്ഥാന ഭരണത്തില്‍ സിപിഎമ്മും ഉയര്‍ത്തുന്ന വെല്ലുവിളി പ്രവചനാതീതം ആണ്.

Ramesh Chennithala, Congress
Ramesh ChennithalaTNIE

കോൺഗ്രസിനെ കൈവിട്ട സമുദായങ്ങൾ

ഒരിക്കല്‍ കോണ്‍ഗ്രസ് നേതാക്കളുടെ കൈവള്ളയില്‍ നിന്നിരുന്ന സമുദായങ്ങളും സംഘടനകളും ഇന്ന് അവർക്കൊപ്പമില്ല. അവരിൽ നല്ലൊരു വിഭാ​ഗം സി പി എമ്മിനോടാണ് അടുപ്പം കാണിക്കുന്നത്. കോൺ​ഗ്രസിൽ നിന്നകന്ന ഹിന്ദു സമുദായ വിഭാഗങ്ങളിൽ ഒരുഭാഗത്തെ തങ്ങൾക്കൊപ്പം നിർത്താൻ ബി ജെ പിക്ക് സാധിച്ചിട്ടുണ്ട്.

ഇവരെയൊന്നും തങ്ങൾക്കൊപ്പം തിരിച്ചു കൊണ്ടുവരാൻ കഴിയാത്ത കോണ്‍ഗ്രസിന്, മധ്യകേരളത്തിലും മലബാറിലെ കുടിയേറ്റ മേഖലകളിലും ക്രൈസ്തവ സമുദായത്തിൽ നിന്നുള്ള പിന്തുണയിലും വലിയ വെല്ലുവിളിയാണ് ഉണ്ടാകുന്നത് പുതുതുയി ഉടലെടുത്ത ദേശിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഈ വിഭാ​ഗങ്ങൾ തങ്ങളില്‍ നിന്ന് അകലുന്നത് നിസഹായരായി കാണേണ്ട അവസ്ഥയിലാണിപ്പോൾ കോൺ​ഗ്രസ്. ഈ സാഹചര്യം മനസ്സിലാക്കണമെങ്കിൽ ഈ കണക്കുകളിൽ കൂടി ഒന്ന് സഞ്ചരിക്കണം.

Congress
congress vincent pulickal TNIE

2001 ലെ നിയമസഭയിലേക്ക് കോൺഗ്രസ് അധികാരത്തിൽവരുമ്പോൾ കോൺഗ്രസിന് ലഭിച്ച വോട്ടുകളുടെ എണ്ണം 88 സീറ്റുകളിൽ നിന്നായി 49,40,883 ആയിരുന്നു. അതായത് 31.4% വോട്ട്. എന്നാൽ, 2021 ൽ 91 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് ലഭിച്ചത് 52,33,429 വോട്ട്, 25.2 ശതമാനം.

ഇതിനിടയിൽ കടന്നുപോയ മൂന്ന് തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് ലഭിച്ച വോട്ട് കണക്ക് ഇങ്ങനെയാണ്: 2011 ൽ 81 സീറ്റിൽ നിന്നായി 46,10,328 വോട്ട് ( 26.4% ) 2016ൽ 87 സീറ്റിൽ മത്സരിച്ചപ്പോൾ ലഭിച്ചത് 47,94,793 വോട്ട് (23.8%) 2021 ൽ മത്സരിച്ച സീറ്റുകളുടെ എണ്ണം 93 ആയി ഉയർന്നു. അപ്പോൾ ലഭിച്ചത് 52,33,429 വോട്ട് (25.2%) എന്നിങ്ങനെയാണ്. അതായത് മത്സരിക്കുന്ന സീറ്റിന്റെ എണ്ണം കൂടിയിട്ടും നിയമസഭയിൽ കോൺഗ്രസിന് കാര്യമായ മുന്നേറ്റം സാധിക്കുന്നില്ല എന്നാണ്.

ലോകസഭയിലെ കണക്കുകളിൽ കോൺഗ്രസ് എല്ലാ സീറ്റിലും തോറ്റ 2004 ൽ 17 സീറ്റുകളിൽ നിന്നായി 48,46,637 വോട്ട്(32.1%) നേടി. 2009 ൽ 17 സീറ്റിൽ നിന്നായി 64,34,486 വോട്ട് (40.1%)കരസ്ഥാമാക്കാൻ സാധിച്ചു. 2014ൽ 15 സീറ്റിൽ മത്സരിച്ചപ്പോൾ 55,90,285 വോട്ടും(31.5%) 2019 ൽ 16 സീറ്റിൽ മത്സരിച്ച് 75,96,610വോട്ടുമായി (37.5%) കോൺഗ്രസിന് കുതിച്ചുകയറ്റം കാണാം.

Congress,
കേരളം: നമ്മൾ വന്ന വഴികൾ, സാമ്പത്തിക ശാസ്ത്രജ്ഞന്മാർ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്ത ചരിത്രം

എന്നാൽ തൊട്ടുപിന്നാലെ വന്ന നിയമസഭയിൽ അടിപതറി. 2024 ൽ 16 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് 70,03,971 വോട്ട് (35.3%) ലഭിച്ചത്. അതായത് ലോകസഭയിൽ മുന്നേറിയ കോൺഗ്രസിന് നിയമസഭയിൽ അതിനനുസരിച്ചുള്ള പ്രകടനം കാഴ്ചവെക്കാൻ സാധിക്കുന്നില്ല എന്നതാണ്.

പ്രധാനമായും ദേശീയ തലത്തിൽ ബിജെപിക്ക് ബദലായി കേരളത്തിൽ കോൺഗ്രസിനെ കാണാൻ സാധിക്കുന്നതുകൊണ്ടോ, അല്ലെങ്കിൽ ദേശീയ തലത്തിൽ കൂടുതൽ സീറ്റുകൾ കോൺഗ്രസിന് ലഭിച്ചാൽ അവർ അധികാരത്തിൽ വരുമെന്നോ ഉള്ള പ്രതീക്ഷയോ ആണ് ഇതിന് കാരണം.

സി പി എമ്മിന് അങ്ങനെയൊരു സാധ്യത ആരും കൽപ്പിക്കുന്നില്ല. അതുകൊണ്ടു തന്നെ ബി ജെപി വിരുദ്ധ വോട്ടുകളുടെ ഏകോപനം ലോകസഭയിൽ കോൺഗ്രസിന് അനുകൂലമായി ഉണ്ടാകുന്നതാണ്. അതാകാം 2019 ലും 2024 ലും കോൺഗ്രസിന് അനുകൂലമായി മാറിയിട്ടുണ്ടാകുക.

Congress,
Archive|ഈ ദൈവവും തോല്‍ക്കുമോ? സുകുമാര്‍ അഴീക്കോട് എഴുതിയ ലേഖനം

അതിൽ സംസ്ഥാന സർക്കാരിനെതിരായ വികാരവും അലയടിച്ചിട്ടുണ്ടാകും. നിയമസഭയിൽ അവ‍ർക്ക് ആ ആനുകൂല്യം ലഭിക്കുന്നില്ല. സിപിഎം വിരുദ്ധ വോട്ടുകൾക്ക്, അല്ലെങ്കിൽ നിലവിലത്തെ സാഹചര്യത്തിലെ ഭരണവിരുദ്ധ വോട്ടുകൾക്ക് കോൺ​ഗ്രസ് മാത്രമല്ല,വോട്ട‍‍ർമാ‍ർക്ക് മറ്റൊരു ചോയിസ് ആയി ബി ജെപിയും വന്നതോടെ കോൺ​ഗ്രസിന് തിരിച്ചടിയായി. ദേശീയതലത്തിൽ കോൺഗ്രസിന് അനുകൂലമായി വോട്ട് ചെയ്യുന്ന പലരും നിയമസഭാ തെരഞ്ഞെടുപ്പ് വരുമ്പോൾ ഇടതുപക്ഷത്തേക്ക് മാറുന്നതും കാണാം.

നിര്‍ണ്ണായകമായ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കേ മൂന്നിലധികം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികള്‍ തമ്മിലടിക്കുന്നതും ഹൈക്കമാന്‍ഡ് പ്രതിനിധി പോലും പുതിയ ഗ്രൂപ്പ് ഉണ്ടാക്കി സംഘടന പിടിക്കുന്നതുമാണ് കോൺ​ഗ്രസിൽ തെളിഞ്ഞു നിൽക്കുന്ന ചിത്രം.

അതുകൊണ്ടു തന്നെ പാർട്ടി എന്ന നിലയിൽ കോൺഗ്രസ് ഇന്ന് നേരിടുന്ന പ്രതിസന്ധിയെ പ്രവചന സ്വഭാവത്തോടെ വിശേഷിപ്പിച്ച ഉമ്മൻചാണ്ടിയുടെ വാക്കുകൾ ആർക്കും തള്ളിക്കളയനാകില്ല എന്നതിലേക്കാണ് ഈ കണക്കുകളും കോൺ​ഗ്രസിലെ സംഭവവികാസങ്ങളും വിരൽ ചൂണ്ടുന്നത്.

Summary

For the Indian National Congress in Kerala, the past 25 years have been a dramatic journey of soaring victories and humbling setbacks. It was a period unlike any other in its long political history.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com