Muslim politics in Kerala
Changes in Muslim politics in Kerala in the last 25 years, and the future of Muslim politics Gokul TNIE

മുസ്ലിം രാഷ്ടീയത്തിന്റെ ചൂണ്ടുപലകകൾ

മുസ്ലിം സമുദായത്തിലെ പുതിയ തലമുറയുമായി അര്‍ത്ഥവത്തായി സംവദിക്കാന്‍ ഭൂതകാലത്തിന്റെ പ്രത്യയശാസ്ത്ര ധാരണകളുമായി ജീവിക്കുന്ന സാമ്പ്രദായിക ഇടതുപക്ഷത്തിനാവുന്നില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. കഴിഞ്ഞ 25 വ‍ർഷത്തിൽ കേരളത്തിലെ മുസ്ലിം രാഷ്ട്രീയത്തിൽ വന്ന മാറ്റങ്ങൾ, മുസ്ലിം രാഷ്ട്രീയത്തി​ന്റെ ഭാവിയെ കുറിച്ചും മുതി‍ർന്ന മാധ്യമ പ്രവ‍ർത്തകനും രാഷ്ട്രീയ നിരീക്ഷനുമായ എം പി പ്രശാന്ത് എഴുതുന്നു
Published on

മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി അടുത്തിടെ ബഹ്‌റൈനില്‍ വെച്ചുനടത്തിയ പ്രസംഗം അതിന്റെ ശൈലി കൊണ്ടും ഉള്ളടക്കം കൊണ്ടും ധാരാളം ചര്‍ച്ചകള്‍ക്ക് വിധേയമായിരുന്നു. എന്തുകൊണ്ടാണ് ഷാജി, ഇങ്ങനെയൊരു പ്രസംഗം നടത്തിയത് എന്നത് പലരെയും ആശ്ചര്യപ്പെടുത്തി യിരുന്നു. മുസ്ലിംലീഗിന്റെയും ഷാജിയുടെ തന്നെയും നയങ്ങളിലുള്ള പ്രധാന വ്യതിയാനമായി ഈ പ്രസംഗം വ്യാഖ്യാനിക്കപ്പെട്ടു.

എന്നാല്‍,ഷാജി പറഞ്ഞത് മുസ്ലിങ്ങള്‍ക്ക് ലഭിക്കേണ്ടിയിരുന്ന ഭരണഘടനാപരമായ അവകാശങ്ങള്‍ തിരിച്ചുപിടിക്കുന്നതി നെക്കുറിച്ചായിരുന്നു. അതാകട്ടെ ആ പാര്‍ട്ടിയുടെ പ്രഖ്യാപിത നയവുമാണ്.

മുസ്ലിങ്ങള്‍ അവരുടെ ഭരണഘടന അവകാശങ്ങളെക്കുറിച്ച് പോലും ഉച്ചത്തില്‍ സംസാരിക്കുന്നത് ഒരു പാതകമാണെന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒരു മുഖ്യധാരാ പാര്‍ട്ടിക്കും ഒഴിഞ്ഞുനില്‍ക്കാന്‍ സാധിക്കുകയില്ല.

Muslim politics in Kerala
മുസ്ലിം ലീഗ് ദേശീയ നേതൃത്വത്തില്‍ ഇതാദ്യമായി വനിതകളും; ജയന്തി രാജനും ഫാത്തിമ മുസഫറും അസിസ്റ്റന്റ് സെക്രട്ടറിമാര്‍

മുസ്ലിംലീഗ് നേതാവ് സി എച്ച് മുഹമ്മദ് കോയ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പറഞ്ഞ കാര്യങ്ങള്‍ വേറെ ഒരു ശൈലിയില്‍ പറയുക മാത്രമാണ് ഷാജി ചെയ്തത്. ഈ ശൈലിയില്‍ വന്ന മാറ്റമാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കിടയില്‍ കേരളത്തിലെ ന്യൂനപക്ഷ രാഷ്ട്രീയത്തില്‍ വന്ന കാതലായ മാറ്റം.

ഈ മാറ്റമാകട്ടെ ഷാജി എന്ന വ്യക്തിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. മുസ്ലിം സമുദായത്തില്‍ നിന്നുള്ള ഒട്ടേറെ പ്രഭാഷകരും എഴുത്തുകാരും ഈ ഒരു നിലപാടിലേക്ക്, ശൈലിയിലേക്ക് മാറിയിട്ടുണ്ട്.

ദേശീയതലത്തിലും കേരള രാഷ്ട്രീയത്തിലുമുണ്ടായ പ്രധാനപ്പെട്ട മാറ്റങ്ങളാണ് ഇത്തരത്തിലുള്ള ഒരു ശൈലിയിലേക്ക് അവരെ കൊണ്ടെത്തിച്ചത്.

KM Shaji, Muslim League
കെഎം ഷാജിGokul TNIE
Muslim politics in Kerala
'മുസ്ലിം ലീഗ് എല്‍ഡിഎഫിലേക്ക് പോകുന്നത് ആത്മഹത്യാപരം; സമസ്തയ്ക്ക് കേരളത്തില്‍ വോട്ടുബാങ്കില്ല'

കേവലം ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഒതുങ്ങിനില്‍ക്കേണ്ട ഒരു സംഘടനയല്ല ലീഗെന്നും ആ പാര്‍ട്ടി അതിന്റെ രാഷ്ട്രീയം വീണ്ടെടുക്കേണ്ടതുണ്ടെന്നുമുള്ള ആവശ്യം പുതിയ തലമുറയില്‍ ശക്തമാണ്. ലീഗിന്റെ അടിസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുപോക്കിന്റെ പ്രതിഫലനം കൂടിയാണ് ഷാജിയുടെ പ്രസംഗം.

കോണ്‍ഗ്രസും ലീഗും

കോണ്‍ഗ്രസും ലീഗും തമ്മില്‍ കേരളത്തില്‍ നിലനില്‍ക്കുന്ന ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. യു ഡി എഫില്‍ ഒരു പ്രധാന ഘടക കക്ഷി എന്ന നിലയില്‍ ആ മുന്നണിയുടെ തെരഞ്ഞെടുപ്പ് വിജയങ്ങളില്‍ ലീഗിന് പ്രധാന പങ്കുമുണ്ട്. എന്നാല്‍ കോണ്‍ഗ്രസുമായുള്ള ലീഗിന്റെ ബന്ധം എപ്പോഴും ഒരേ പോലെ സുഖകരമായിരുന്നില്ല.

ബാബ്‌രി മസ്ജിദ് തകര്‍ത്തപ്പോഴുണ്ടായ അസ്വാരസ്യങ്ങള്‍ ലീഗ് പെട്ടെന്ന് പരിഹരിച്ചുവെങ്കിലും ചില പ്രശ്‌നങ്ങള്‍ പലപ്പോഴും തികട്ടി വരാറുണ്ട്. അഞ്ചാം മന്ത്രി വിവാദത്തിലും രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭ തെരഞ്ഞെടുപ്പ് പര്യടന വേളയില്‍ ലീഗിന്റെ പച്ചക്കൊടി മാറ്റിവെക്കാന്‍ നിര്‍ബന്ധിതമായ സാഹചര്യത്തിലും ഇത് പ്രകടമായിരുന്നു.

കോണ്‍ഗ്രസ് ലീഗിന് വിധേയമായി പ്രവര്‍ത്തിക്കുന്നു എന്ന ആരോപണം നിലനില്‍ക്കുമ്പോഴും ഒരു സീറ്റ് അധികം ചോദിക്കാന്‍ പറ്റാത്ത അവസ്ഥ ലീഗിന് മുന്നിലുണ്ടായിരുന്നു. ആര്യാടന്‍ മുഹമ്മദിനെ പോലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ലീഗിന്റെ മതേതരത്വത്തെ നിരന്തരമായി ചോദ്യം ചെയ്തുകൊണ്ടുമിരുന്നു.

Muslim politics in Kerala
ഏക സിവില്‍ കോഡ് സെമിനാര്‍; സിപിഎം ക്ഷണം ചര്‍ച്ച ചെയ്യാന്‍ മുസ്ലിം ലീഗ് യോഗം

ഈ അസ്വസ്ഥതതകളാണ് പല ഘട്ടങ്ങളിലായി അഖിലേന്ത്യാ ലീഗ്, ഇന്ത്യന്‍ നാഷണല്‍ ലീഗ് പോലുള്ള പാര്‍ട്ടികളുടെ രൂപീകരണത്തിലേക്ക് നയിച്ചത്. കഴിഞ്ഞ മാസം ഒരു കോളേജ് തെരഞ്ഞെടുപ്പില്‍ എം എസ് എഫ് പരാജയപ്പെട്ടപ്പോള്‍ അത് മതേതരത്വത്തിന്റെ വിജയമായി കെ എസ് യു പ്രവര്‍ത്തകര്‍ കൊണ്ടാടിയത് കേവലം ഒറ്റപ്പെട്ട സംഭവമായി തള്ളിക്കളയാനാകില്ല.

സിപിഎമ്മും ലീഗും

അതേ സമയം മുഖ്യധാര ഇടതുപക്ഷവും, പ്രത്യേകിച്ച് സിപിഎമ്മും മുസ്ലിംലീഗും തമ്മിലുള്ള ബന്ധം വഷളാകുന്നതാണ് ഈയടുത്ത വര്‍ഷങ്ങളില്‍ നമ്മള്‍ കണ്ടത്.

ലീഗിനെ ആദ്യമായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിനെ കുറിച്ചും മലപ്പുറം ജില്ല രൂപീകരിച്ചതിനെക്കുറിച്ചും വാചാലമാകുന്ന സിപിഎം നേതാക്കള്‍ അടുത്തകാലത്തായി ലീഗിനെ ഒരു വര്‍ഗീയ കക്ഷിയായി ഭംഗ്യന്തരേണ സൂചിപ്പിക്കുന്ന പ്രസംഗങ്ങള്‍ക്ക് പ്രാമുഖ്യം കൊടുത്ത്, ലീഗിനോടുള്ള സിപിഎം നിലപാടില്‍ അടങ്ങിയിരിക്കുന്ന ഇരട്ടത്താപ്പ് കൂടുതല്‍ വ്യക്തമായികൊണ്ടിരിക്കുന്നതാണ് ഇപ്പോള്‍ കാണുന്നത്.

Muslim politics in Kerala
ഏക സിവില്‍ കോഡ് തലയ്ക്ക് മുകളില്‍; മുസ്ലിം സംഘടനകള്‍ ഒന്നിക്കണം;  കാന്തപുരത്തിനെ സ്വാഗതം ചെയ്യുന്നുവെന്ന് മുസ്ലീം ലീഗ്

പലസ്തീന്‍ വിഷയത്തിലും ഏക സിവില്‍ കോഡ് പ്രശ്‌നത്തിലും സംഘടിപ്പിച്ച പരിപാടികളില്‍ ലീഗിനെ ക്ഷണിച്ച സിപിഎം തന്നെയാണ് ഇപ്പോള്‍ ആ പാര്‍ട്ടിയുടെ വര്‍ഗ്ഗീയ ഉള്ളടക്കത്തെ കുറിച്ച് പറയുന്നത്.

ജമാ അത്തെ ഇസ്ലാമിയോടുള്ള സിപിഎം സമീപനത്തിലും ഈ ഇരട്ടത്താപ്പ് പ്രകടമാണ്. ജമാഅത്തിനോട് ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ള ശക്തമായ നിലപാട് സൈദ്ധാന്തികമെന്നതിലുപരി പ്രായോഗിക രാഷ്ട്രീയപരമാണെന്ന് ആര്‍ക്കും ഊഹിക്കാവുന്നതാണ്.

നിരന്തരം മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്ന വെള്ളാപ്പള്ളി നടേശനോട് സിപിഎം പുലര്‍ത്തുന്ന മൃദുസമീപനം മുസ്ലിം സമുദായത്തെ കൂടുതല്‍ പ്രകോപിപ്പിച്ചിട്ടുണ്ട്. വെള്ളാപ്പള്ളിയെ തള്ളിപ്പറയുന്നതിന് പകരം അദ്ദേഹത്തെ വീണ്ടും വീണ്ടും പുകഴ്ത്തുന്നത് സംശയത്തോടുകൂടിയാണ് മുസ്ലിം സമുദായം നോക്കികാണുന്നത്.

Muslim politics in Kerala
'സംബന്ധത്തെക്കാള്‍ എന്തുകൊണ്ടും നല്ലത് വേളിയാണ്!' യുഡിഎഫ്- ജമാഅത്തെ ഇസ്ലാമി ബന്ധത്തെ ട്രോളി കെ ടി ജലീല്‍

സിപിഎമ്മിനെ കാലാകാലങ്ങളായി സഹായിച്ചിട്ടുള്ള കാന്തപുരം വിഭാഗം പോലും ഇക്കാര്യത്തില്‍ അസംതൃപ്തരാണ്. ബഹാവുദ്ദീന്‍ നദ്‌വി, നാസര്‍ ഫൈസി കൂടത്തായി തുടങ്ങിയ പണ്ഡിതന്മാരുടെ ഇടപെടലുകളും സിപിഎമ്മിനോടുള്ള മുസ്ലിം സമുദായത്തിന്റെ നിലപാടിനെ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്.

ഭരണ സ്വാധീനമുപയോഗിച്ച് സിപിഎം അവരുടെ മതവിരുദ്ധ നിലപാടുകള്‍ സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്ന വാദം ശക്തമായി ഉയര്‍ന്നുവരുന്നുണ്ട്. ഇക്കാര്യത്തില്‍ വിവിധ സുന്നി, മുജാഹിദ് സംഘടനകള്‍ക്കിടയില്‍ കൂടുതല്‍ ഐക്യം രൂപപ്പെട്ട് വരികയാണ്.

മുസ്ലിം സമുദായവും ഇടതുപക്ഷവും തമ്മില്‍ ഒരു വിമര്‍ശനാത്മക അന്തരീക്ഷം കേരളത്തില്‍ നിലനിന്നിരുന്നു. ശരീയത്ത് വിവാദകാലത്ത് പോലും അത് വലിയ കോട്ടമില്ലാതെ തുടര്‍ന്നു. എന്നാല്‍, ഇന്ന് ഇടതുപക്ഷത്തിന് മുസ്ലിം സമുദായവുമായി ഒരു സംവാദം നടത്താന്‍ പോലുമുള്ള അന്തരീക്ഷം നിലനില്‍ക്കുന്നില്ല.

Muslim politics in Kerala
ഭരണഘടനയോട് കൂറില്ലാത്ത സംഘടനയെന്ന് ഉമ്മൻ ചാണ്ടി സർക്കാറി​ന്റെ സത്യവാങ്മൂലം; മാറിയോ ജമാ അത്തെ ഇസ്ലാമി

സാമൂഹിക വി‍മർശനത്തിന്റെ തലത്തില്‍ നിന്ന് അത് കേവലം വര്‍ഗീയ പരാമര്‍ശങ്ങളായി പരിണമിക്കുന്നു. ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്നുള്ള ഏത് നീക്കവും വര്‍ഗീയ ചേരിതിരിവിനുള്ള ഉപാധിയായിട്ടാണ് ഇന്ന് സമുദായം കാണുന്നത്.

ടി.കെ. ഹംസയെ പോലുള്ളവര്‍ വാര്‍ദ്ധക്യ സഹജമായ കാരണങ്ങളാല്‍ പൊതുരംഗത്ത് നിന്നും പിന്‍വാങ്ങിയതും ഈ വിടവിന് കാരണമായിട്ടുണ്ട്. ഹംസയെ പോലെ സമുദായത്തിന്റെ ചലനങ്ങള്‍ അറിയുന്ന നേതാക്കള്‍ക്ക് പകരം മുസ്ലിങ്ങളുമായി സംവദിക്കാന്‍ കഴിവില്ലാത്ത പുതിയ ആളുകള്‍ രംഗത്ത് വന്നതും സ്ഥിതി വഷളാക്കിയിട്ടുണ്ട്.

കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തിനുള്ളില്‍ മുസ്ലിം സമുദായം പല രംഗങ്ങളിലും വന്‍കുതിപ്പുകള്‍ നടത്തിയിട്ടുണ്ട്. പൊതുവെ യാഥാസ്ഥിതികരെന്ന് വിളിക്കപ്പെട്ട സുന്നികളുടെ ഭാഗത്ത് നിന്ന് അഭൂതപൂര്‍വ്വമായ മുന്നേറ്റമാണ് വിദ്യാഭ്യാസ രംഗത്ത് ഉണ്ടായിട്ടുള്ളത്. ഇന്ത്യയിലെ വിവിധ കേന്ദ്ര സര്‍വ്വകലാശാലകളിലും വിദേശ സ്ഥാപനങ്ങളിലും ധാരാളം മുസ്ലിം വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയിട്ടുണ്ട്.

Muslim politics in Kerala
വിഡി സതീശന്‍ മുസ്ലിങ്ങള്‍ക്ക് ഫത് വ കൊടുക്കേണ്ട, ജമാ അത്തെ ഇസ്ലാമി ഇസ്ലാം വിരുദ്ധമെന്ന് ഉമര്‍ ഫൈസി മുക്കം

അംബേദ്കറൈറ്റുകളുമായും തീവ്ര ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുമായും സംവാദങ്ങളില്‍ ഏര്‍പ്പെട്ട് വളര്‍ന്നുവരുന്നവരാണിവര്‍. ഈ തലമുറയുമായി അര്‍ത്ഥവത്തായി സംവദിക്കാന്‍ ഭൂതകാലത്തിന്റെ പ്രത്യയശാസ്ത്ര ധാരണകളുമായി ജീവിക്കുന്ന സാമ്പ്രദായിക ഇടതുപക്ഷത്തിനാവുന്നില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.

മുസ്ലിം സമുദായം ഒരു അടഞ്ഞ ഘടനയാണെന്നും അവിടെ പുതുതായി ഒന്നും സംഭവിക്കുന്നില്ലെന്നുമുള്ള മുന്‍ധാരണയിലാണ് പലരും ഇന്ന് സമുദായത്തിന്റെ പ്രശ്‌നങ്ങളെ സമീപിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളുടെ വരവോടുകൂടി ഈ വൈരുദ്ധ്യം കൂടുതല്‍ മൂര്‍ച്ഛിക്കുകയാണുണ്ടായത്. ഇടതുപക്ഷത്തുള്ള മുസ്ലിം സഖാക്കളെ 'മാപ്ലാവ്' എന്നും തിരിച്ച് മുസ്ലിം രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നവരെ 'മൂരികള്‍' എന്നും അധിക്ഷേപിക്കുമ്പോള്‍ ആരോഗ്യകരമായ സംവാദത്തിനുള്ള എല്ലാ വാതിലുകളും അടക്കുകയാണ് ചെയ്യുന്നത്.

കമ്മ്യൂണിസം സമം ലിബറലിസം

കമ്മ്യൂണിസം സമം ലിബറലിസം എന്ന പുതിയ സമവാക്യം ഇതിനിടയില്‍ രൂപപ്പെട്ട് വരുന്നുണ്ട്. കമ്മ്യൂണിസവും ലിബറലിസവും ലൈംഗിക അരാജകത്വമാണ് എന്ന ലളിതയുക്തികള്‍ വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്. സൂഫിവര്യനായ തേനു മുസ്ലിയാര്‍, പുളിക്കല്‍ അങ്ങാടിയില്‍ വെച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചുവന്ന കൊടി അഴിച്ച് തീവെച്ച് നശിപ്പിച്ചുവെന്നും ആ മാതൃകയാണ് ഇന്ന് മുസ്ലിങ്ങള്‍ പിന്തുടരേണ്ടത് എന്നും സൂചിപ്പിക്കുക വഴി മുസ്ലിം പണ്ഡിതര്‍ ഇടതുപക്ഷവുമായുള്ള എല്ലാ സംവാദ സാധ്യതകളുമാണ് കത്തിച്ചുകളയുന്നത്.

Muslim Leage
മുസ്ലിം ലീഗ് നേതാക്കൾGokul TNIE

അതേ സമയം തന്നെ മുസ്ലിം വിരുദ്ധത ആളിക്കത്തിച്ച് മറ്റ് സമുദായങ്ങളുടെ വോട്ട് വാങ്ങി അധികാരത്തില്‍ തുടരാമെന്ന സിപിഎം ധാരണയും കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു.കെ ഇ എൻ കുഞ്ഞഹമ്മദിനെയും പി കെ പോക്കറെയും പോലുള്ള അടിയുറച്ച ഇടതുപക്ഷ ചിന്തകരെപ്പോലും ഉൾക്കൊള്ളാനാവാത്ത വിധത്തിൽ ഇടതുപക്ഷം ചുരുങ്ങിപ്പോയിരിക്കുന്നു.

തങ്ങള്‍ എല്ലാ വശത്തുനിന്നും വളഞ്ഞിട്ടാക്രമിക്കപ്പെടുകയാണ് എന്ന തോന്നല്‍ മുസ്ലിം സമുദായത്തെ കൂടുതല്‍ സ്വയം ചുരുങ്ങലിലേക്ക് നയിക്കുന്നുണ്ട്. മുസ്ലിങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ രാജ്യത്തിന്റെ പലഭാഗത്തും തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുകയാണ്.

എല്ലാ ഭരണഘടന സ്ഥാപനങ്ങളും സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടകള്‍ക്ക് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന ധാരണ ശക്തിപ്പെടുന്ന സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. സംഘപരിവാറിനെതിരെയുള്ള എല്ലാ ചെറുത്തുനില്‍പ്പുകളും ദുര്‍ബലമാകുന്നുവെന്നും ഫാഷിസത്തിനെതിരെ സംസാരിക്കുന്നവര്‍ തന്നെ ഫാഷിസ്റ്റുകളുമായി സന്ധി ചെയ്യുന്നുവെന്നുമുള്ള പ്രതീതി മുസ്ലിം സമുദായത്തെ കൂടുതല്‍ അസ്വസ്ഥമാക്കുന്നുണ്ട്.

Muslim politics in Kerala
ഇത് ശുദ്ധ ഇസ്ലാമോഫോബിയ; അന്നൊന്നും മുഖ്യമന്ത്രിയുടെ ആശങ്ക കണ്ടില്ലല്ലോ? ആര്‍എസ്എസ് ചര്‍ച്ചയില്‍ ജമാഅത്തെ ഇസ്ലാമി

സിപിഎം കേന്ദ്ര ഘടകം യുഎപിഎക്കെതിരെ ശക്തമായ നിലപാടെടുക്കുമ്പോഴും കേരള സര്‍ക്കാര്‍ ആ നിയമം വ്യാപകമായി ഉപയോഗിക്കുന്നത് ആശങ്കകള്‍ വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്. ഏറ്റവുമൊടുവില്‍ പി എം ശ്രീയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഈ ധാരണയെ ഒന്നുകൂടി ബലപ്പെടുത്തുന്നു.

ഈ ആശങ്കകള്‍ മുസ്ലിങ്ങളെ ഒരു സമുദായമെന്ന നിലയില്‍ കൂടുതല്‍ ചേര്‍ന്നുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. മുമ്പ് പരസ്പരം ചേരിതിരിഞ്ഞ് യുദ്ധം ചെയ്തവര്‍ ഇന്ന് ഒരു മേശക്ക് ചുറ്റുമിരിക്കാന്‍ സന്നദ്ധരാവുന്നു. മുസ്ലിം ലീഗ്, ജമാ അത്തെ ഇസ്ലാമിയോട് കാണിക്കുന്ന മൃദുസമീപനം ഈ മാറ്റത്തിന്റെ ഒരു ഉദാഹരണമാണ്.

Muslim politics in Kerala
രണ്ടുവട്ടം നിരോധിക്കപ്പെട്ട ജമാഅത്തെ ഇസ്ലാമി, ഐ എസ് എസ് വിലക്കിൽ ജനിച്ചുവീണ പിഡിപി; ചരിത്രം ഇങ്ങനെ
Panakkad Sayyid Sadiq Ali Shihab Thangal
പാണക്കാട് സയ്യിദ് സാദ്ദിഖലി ശിഹാബ് തങ്ങള്‍Gokul TNIE

കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ ഛിദ്രതയ്ക്കുള്ള ഒരു പ്രധാന കാരണം കര്‍മ്മ ശാസ്ത്ര പ്രശ്‌നങ്ങളിലുള്ള തുറന്ന സംവാദങ്ങളായിരുന്നു. സമുദായത്തിന്റെ സമയവും ഊര്‍ജ്ജവും വളരെയധികം അപഹരിച്ച ഒരു പ്രശ്‌നമായിരുന്നു മുടിനാരിഴ കീറി പരിശോധിക്കുന്ന ഇത്തരം സംവാദങ്ങള്‍. എന്നാല്‍ ഇന്ന് കുറച്ച് മുജാഹിദ് ഗ്രൂപ്പുകളൊഴിച്ച് മറ്റാരും ഇത്തരം സംവാദങ്ങളില്‍ ഏര്‍പ്പെടുന്നില്ല.

വിവിധ സംഘടനകളുടെ ഒരു പൊതു പ്ലാറ്റ്‌ഫോം എന്ന നിലയില്‍ ലീഗിന്റെ പ്രാധാന്യം കൂടിവരുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്. പാണക്കാട് സയ്യിദ് സാദ്ദിഖലി ശിഹാബ് തങ്ങള്‍ അടക്കമുള്ള ലീഗ് നേതാക്കള്‍ പതിവിന് വിപരീതമായി മുജാഹിദ്, ജമാ അത്ത് വേദികളില്‍ പ്രത്യക്ഷരാവുന്നു.

കാലാകാലങ്ങളായി ലീഗിനെ പിന്തുണക്കുന്ന ചില വിഭാഗങ്ങള്‍ ഇതിനെ എതിര്‍ക്കുന്നുണ്ടെങ്കിലും അതൊക്കെ അവഗണിച്ച് ലീഗ് മുന്നോട്ട് പോവുകയാണ്. സാദിഖലി തങ്ങളെ മുസ്ലിം ഉമ്മത്തിന്റെ മൊത്തത്തിലുള്ള നായകനായി അവതരിപ്പിക്കാനുള്ള ശ്രമങ്ങളും നടന്നുവരുന്നു.

അങ്ങനെ പുറമെ നിന്നുള്ള രക്ഷകരെ കാത്തിരിക്കുന്നതിന് പകരം സ്വയം ശാക്തീകരിക്കുകയാണ് ഏറ്റവും നല്ല വഴി എന്ന് കേരളത്തിലെ മുസ്ലിം സമുദായം പതുക്കെ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്.

Summary

Changes in Muslim politics in Kerala in the last 25 years, and the future of Muslim politics

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com