രണ്ടുവട്ടം നിരോധിക്കപ്പെട്ട ജമാഅത്തെ ഇസ്ലാമി, ഐ എസ് എസ് വിലക്കിൽ ജനിച്ചുവീണ പിഡിപി; ചരിത്രം ഇങ്ങനെ

വെൽഫെയർ പാർട്ടിയും പി ഡി പി യും രണ്ട് മുന്നണികളെയും പിന്തുണച്ച് രം​ഗത്ത് വന്നതോടെ ഇരുമുന്നണികളും പരസ്പരം പഴിചാരി മുന്നോട്ട് വന്നു. വെൽഫെയർ പാ‍ർട്ടിയെയും ജമാ അത്തെ ഇസ്ലാമിയെയും വിമ‍ർശിച്ച് എൽ ഡി എഫ് രം​ഗത്തു വന്നപ്പോൾ പി ഡി പിയോടും അബ്ദുൾ നാസർ മഅദ്നിയോടും സി പി എം സ്വീകരിച്ച സമീപനവും അവരുടെ രാഷ്ട്രീയ നിലപാടുകളും ഉയർത്തിയാണ് യു ഡി എഫ് രം​ഗത്തു വന്നത്.
by election
Nilambur by election: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ വിവാദങ്ങളും നിരോധനങ്ങളുടെ ചരിത്രവുംപ്രതീകാത്മക ചിത്രം
Updated on
4 min read

സാധാരണ ​ഗതിയിൽ തെരഞ്ഞെടുപ്പ് കാലത്ത് സഖ്യങ്ങൾ സംബന്ധിച്ചും പാർട്ടികൾ തമ്മിലുള്ള ബന്ധത്തെ കുറിച്ചും വിവാദങ്ങളുണ്ടാകുന്നത് സ്വാഭാവികമാണെങ്കിലും നിലമ്പൂരിൽ ഇപ്പോൾ രൂപപ്പെട്ടിരിക്കുന്ന രാഷ്ട്രീയസഖ്യ വിവാദങ്ങൾ ദൂരവ്യാപകമായ ഫലങ്ങളുളവാക്കിയേക്കാം. കോൺ​ഗ്രസ് നിലപാടാണ് വിവാദങ്ങൾക്ക് വഴിയൊരുക്കിയത്. ജമാ അത്തെ ഇസ്ലാമി പിന്തുണയ്ക്കുന്ന വെൽഫെയർ പാർട്ടിയും കോൺ​ഗ്രസും തമ്മിലുള്ള ബന്ധമാണ് വിവാദങ്ങൾക്ക് മൂർച്ച കൂട്ടിയത്. നിലമ്പൂരിലെ എം എൽ എ സ്ഥാനം രാജിവെച്ച പി വി അൻവർ ആദ്യം നിലയുറപ്പിച്ചത് കോൺ​ഗ്രസിനൊപ്പം ആയിരുന്നുവെങ്കിലും പിന്നീട് തെറ്റുകയും അദ്ദേഹം സ്വതന്ത്രനായി മത്സരരം​ഗത്ത് എത്തുകയും ചെയ്തു. അൻവർ സ്വതന്ത്രനായി മത്സരരം​ഗത്തെത്തിയതോടെ വോട്ടിങ്ങിൽ എങ്ങനെയൊക്കെ മാറ്റം വരാം എന്ന ആശങ്ക ഉയർന്നു. യുഡി എഫി​ന്റെ വോട്ടുകൾ അൻവറും പിടിക്കും എന്ന് കെ. മുരളീധര​ന്റെ പ്രസ്താവന ആ ആശങ്കയുടെ പരസ്യപ്പെടുത്തലായിരുന്നു.

പ്രതിപക്ഷം അഭിമാന മത്സരമായി കണ്ട് മണ്ഡലം തിരിച്ചുപിടിക്കാൻ ഇറങ്ങിയിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് കൂടെയാണ് നിലമ്പൂരിലേത് (Nilambur by election). രണ്ടരപ്പതിറ്റാണ്ടിലേറെ കോൺ​ഗ്രസ് സ്വന്തമാക്കി വച്ചിരുന്ന മണ്ഡലമാാണ് 2016ൽ കൈവിട്ടുപോയ നിലമ്പൂ‍ർ. നിലമ്പൂരിൽ വെൽഫെയർ പാ‍‍ർട്ടി പിന്തുണയുമായി രം​ഗത്തെത്തിയതോടെ ചിത്രം വീണ്ടും കുഴഞ്ഞു മറിഞ്ഞു. ജമാ അത്തെ ഇസ്ലാമിയെ അനുകൂലിച്ച് കൊണ്ട് പ്രതിപക്ഷ നേതാവ് നടത്തിയ പ്രസ്താവന, മറ്റ് മുസ്ലിം സംഘടനകൾ, കത്തോലിക്ക വിഭാ​ഗങ്ങൾ എന്നിവരെ പ്രകോപിപ്പിച്ചു. അവർ പ്രത്യക്ഷ പ്രതികരണങ്ങളുമായി രം​ഗത്തു വന്നു. ഇതേ സമയം 2019 മുതൽ തന്നെ യു ഡി എഫിന് പിന്തുണ നൽകുന്ന സംഘടനയാണ് വെൽഫെയർ പാർട്ടി.

ഇതിന് പിന്നാലെ എൽ ഡി എഫിന് പിന്തുണ നൽകിക്കൊണ്ട് പി ഡി പി യും രം​ഗത്തെത്തി. കുറച്ചുനാളുകളായി എൽ ഡി എഫിന് അനുകൂല നിലപാട് സ്വീകരിച്ചാണ് പി ഡി പി പ്രവർത്തിക്കുന്നത്. വെൽഫെയർ പാർട്ടിയും പി ഡി പി യും രണ്ട് മുന്നണികളെയും പിന്തുണച്ച് രം​ഗത്ത് വന്നതോടെ ഇരുമുന്നണികളും പരസ്പരം പഴിചാരി മുന്നോട്ട് വന്നു. വെൽഫെയർ പാ‍ർട്ടിയെയും ജമാ അത്തെ ഇസ്ലാമിയെയും വിമ‍ർശിച്ച് എൽ ഡി എഫ് രം​ഗത്തു വന്നപ്പോൾ പി ഡി പിയോടും അബ്ദുൾ നാസർ മഅദ്നിയോടും സി പി എം സ്വീകരിച്ച സമീപനവും അവരുടെ രാഷ്ട്രീയ നിലപാടുകളും ഉയർത്തിയാണ് യു ഡി എഫ് രം​ഗത്തു വന്നത്.

വെൽഫെയർ പാർട്ടിയുടെ ശക്തിയായ ജമാ അത്തെ ഇസ്ലാമിയും പി ഡി പി രൂപീകരിക്കുന്നതിന് മുമ്പ് അബ്ദുൾ നാസർ മഅദ്നി രൂപീകരിച്ച ഇസ്ലാമിക് സേവാ സംഘം ( ഐ എസ് എസ് ) എന്ന സംഘടനയും രാജ്യത്തെ സാമുദായിക ധ്രുവീകരണത്തിന് വഴിയൊരുക്കുമെന്നതി​ന്റെ പേരിൽ നിരോധിക്കപ്പെട്ട സംഘടനകളാണ്. ജമാ അത്തെ ഇസ്ലാമി ദേശീയ തലത്തിൽ രണ്ട് തവണ നിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ഐ എസ് എസ് നിരോധിക്കപ്പെടുകയും പിന്നീട് അത് പിരിച്ചുവിടപ്പെടുകയുമാണ് ഉണ്ടായത്.

ജമാ അത്തെ ഇസ്ലാമിക്ക് മേലുള്ള നിരോധനം സ്വതന്ത്ര ഇന്ത്യയിൽ രണ്ട് തവണയാണ് ഉണ്ടായത്. ആദ്യത്തെ തവണ അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാ​​ഗാന്ധിയാണ് നിരോധനം കൊണ്ടുവന്നത്. ആ‍ർ എസ് എസ്സിനൊപ്പം ജമാ അത്തെ ഇസ്ലാമിയെയും നിരോധിച്ചു. രണ്ടാമത്തെ നിരോധനവും ആ‍ർ എസ് എസ്സിനൊപ്പമായിരന്നു. അത് സംഭവിച്ചത് നരസിംഹറാവു സർക്കാരി​ന്റെ കാലത്താണ്. 1992 ഡിസംബർ ആറിന് ഹിന്ദുത്വ സംഘടനകൾ ബാബറി മസ്ജിദ് തകർത്ത സമയത്താണ് രണ്ടാമത്തെ നിരോധനം നടപ്പിലാക്കിയത്.

ബാബറി മസ്ജിദ് തകർക്കപ്പെട്ടതിനെ തുടർന്ന് 1992 ൽ ആ‍ർ എസ് എസ്സിനും ജമാ അത്തെ ഇസ്ലാമിക്കും നിരോധനം വന്നപ്പോൾ ഇവരുടെ പരോക്ഷ പോഷക സംഘടനകളോ അല്ലെങ്കിൽ ഈ സംഘടനകളുടെ ആശയങ്ങളിൽ പ്രചോദിതരായോ സമാന ആശയങ്ങൾ ഉള്ളതോ ആയ ചില സംഘടനകളെയും നിരോധിച്ചു. ഇതിൽ പ്രധാനപ്പെട്ട സംഘടനകളായിരുന്നു.

ആ‍ർ എസ് എസ് ആശയങ്ങളോട് ചേർന്ന് നിൽക്കുന്ന ബജരം​ഗ് ദൾ, വിശ്വഹിന്ദു പരിഷത്ത് ( വി എച്ച് പി ) എന്നീ സംഘടനകൾക്ക് ഹ്രസ്വകാലത്തേക്ക് നിരോധനം വന്നു.

ജമാ അത്തെ ഇസ്ലാമിക്കൊപ്പം നിരോധിക്കപ്പെട്ട രണ്ട് പ്രധാന സംഘടനകളാണ് ഒന്ന് സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ എന്ന സിമി (SIMI), മറ്റൊന്ന് 1989 ൽ കേരളത്തിൽ അബ്ദുൾ നാസർ മഅദ്നി ചെയർമാനായി രൂപീകരിച്ച ഇസ്ലാമിക് സേവാ സംഘം (ISS) എന്ന സംഘടനയും. . ഐ എസ് എസ് നിരോധിക്കപ്പെട്ടതിനെ തുടർന്ന് മഅദ്നി ഐ എസ് എസ് പിരിച്ചുവിട്ടു. പിന്നീട് 1992 ൽ തന്നെ തെരഞ്ഞെടുപ്പ് രാഷ്ട്രീയ പ്രവർത്തനങ്ങളിലേക്ക് വരുന്നതായി പ്രഖ്യാപിച്ചുകൊണ്ട് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി - പി ഡി പി - എന്ന പാർട്ടി രൂപീകരിച്ചു. അധികാരം അവർണ്ണർക്ക് എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു മഅദ്നി പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത്. പിന്നീട് കോയമ്പത്തൂർ ബോംബ് സ്ഫോടന കേസിൽ പ്രതിയാകുകയും ഒമ്പര വ‍ർഷത്തെ ജയിൽ വാസത്തിന് ശേഷം കുറ്റവിമുക്തനായി പുറത്തുവരുകയും ചെയ്തു. അതിന് ശേഷം ബെം​ഗളുരൂ സ്ഫോടനകേസിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു.

സിമിയുടെ നിരോധനം നീക്കുകയും പിന്നീട് 2001 ൽ വീണ്ടും നിരോധിക്കുകയും ചെയ്തു. 2008ൽ സ്പെഷ്യൽ ട്രൈബ്യൂണൽ സിമിയുടെ നിരോധനം പിൻവലിച്ചുവെങ്കിലും സുരക്ഷാകാരണങ്ങളാൽ സുപ്രീം കോടതി വീണ്ടും സിമിയെ നിരോധിച്ചു. 2019 ൽ സിമിയുടെ നിരോധനം വീണ്ടും നീട്ടി കേന്ദ്ര സർക്കാർ ഉത്തരവിറക്കി.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മറ്റ് രണ്ട് പാർട്ടികളുടെ പിന്നിലുള്ള ശക്തികൾക്കും നിരോധനം നേരിട്ടുണ്ട്. ബി ജെ പി യുടെ ശക്തിയായ ആർ എസ് എസ് മൂന്ന് തവണയാണ് ഇന്ത്യയിൽ നിരോധിക്കപ്പെട്ടത്. ആ‍ർ എസ് എസ്സിനെ ആദ്യമായി നിരോധിക്കുന്നത് ലോകത്തെ തന്നെ ഞെട്ടിച്ച വധത്തെ തുടർന്നാണ്. 1948-ൽ മഹാത്മാഗാന്ധിയുടെ വധത്തിനുശേഷം ആ‍ർ എസ് എസ് നിരോധിക്കപ്പെട്ടു. 1948 ഫെബ്രുവരിയിൽ അന്നത്തെ ആഭ്യന്തരമന്ത്രി സർദാർ വല്ലഭായ് പട്ടേൽ ഒരു സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു, നമ്മുടെ രാജ്യത്ത് പ്രവർത്തിക്കുന്ന വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ശക്തികളെ വേരോടെ പിഴുതെറിയാൻ ഹിന്ദു സംഘടനയെ നിരോധിക്കുകയാണെന്നും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെ അപകടപ്പെടുത്തുകയും അതിന്റെ സൽപ്പേരിന് കളങ്കപ്പെടുത്തുകയുമാണ് അവർ ചെയ്യുന്നതെന്നും പറഞ്ഞു. "സംഘത്തിലെ അംഗങ്ങൾ അനഭിലഷണീയവും അപകടകരവുമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്," സർദാർ പട്ടേൽ തന്റെ പ്രസ്താവനയിൽ പറഞ്ഞു.ഒരു വർഷത്തിനുശേഷം ഇന്ത്യൻ ഭരണഘടനയോടും ദേശീയ പതാകയോടും കൂറ് പ്രകടിപ്പിക്കണമെന്ന വ്യവസ്ഥയിൽ 1949 ജൂലൈ 11 ന് ആർ എസ് എസ്സിന് മേലുണ്ടായിരുന്ന നിരോധനം നീക്കി, ആർ എസ് എസ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടക്കില്ലെന്ന അനൗപചാരിക വ്യവസ്ഥയും ഇതോടൊപ്പം ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു.

ആർ എസ് എസ് രണ്ടാമത് നിരോധിക്കപ്പെടുന്നത് 1975 ൽ ഇന്ദിരാ​ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതോടെയാണ്. അടിയന്തരാവസ്ഥയ്ക്ക് ശേഷം ആ നിരോധനം നീക്കി. മൂന്നാമത്തെ നിരോധനം വരുന്നത് 1992ലാണ്. ബാബറി മസ്ജിദ് തകർത്തതിന് ശേഷമാണ് നരസിംഹറാവു സർക്കാർ ആ‍ർ എസ് എസിനെ നിരോധിക്കുന്നത്. 1992 ഡിസംബർ ആറിന്, അയോധ്യയിലെ ബാബറി മസ്ജിദ് തക‍ർത്തതിനെ തുടർന്ന് വന്ന നിരോധനം ആറ് മാസമായിരുന്നു നിലനിന്നത്. പിന്നീട് ആ നിരോധനം പിൻവലിച്ചു.

നിലമ്പൂരിൽ മത്സരിക്കുന്ന എസ് ഡി പി ഐ എന്ന രാഷ്ട്രീയ പാർട്ടി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന പി എഫ് ഐയുടെ പിന്തുണയോടെ രൂപപ്പെട്ട രാഷ്ട്രീയ പാർട്ടിയാണ് പി എഫ് ഐയക്കും അതി​ന്റെ അനുബന്ധ സംഘടനകൾക്കുമാണ്. 2022ലാണ് ഭീകരവാദം, പൊതു ക്രമസമാധാനം തകർക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) ഏർപ്പെട്ടിട്ടുണ്ടെന്ന് കാണച്ചാണ് കേന്ദ്ര സർക്കാർ നിരോധനം നടപ്പാക്കിയത്. പി എഫ് ഐ യുടെ അനുബന്ധ സംഘടനകളായ റീഹാബ് ഇന്ത്യ ഫൗണ്ടേഷൻ (ആർഐഎഫ്), കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്ഐ), ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ (എഐഐസി), നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്‌സ് ഓർഗനൈസേഷൻ (എൻസിഎച്ച്ആർഒ), നാഷണൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, കേരളത്തിലെ റീഹാബ് ഫൗണ്ടേഷൻ എന്നിവയെയും 1967 ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം "നിയമവിരുദ്ധ സംഘടന"യായി പ്രഖ്യാപിച്ചതായി സർക്കാർ അറിയിച്ചു.

വടകര, നാദാപുരം പ്രദേശങ്ങളിലെ സി‌പി‌എമ്മുമായുണ്ടായ തർക്കങ്ങളുടെ പശ്ചാത്തലത്തിലാണ് 1980 കളുടെ അവസാനത്തിൽ നാഷണൽ ഡെവലപ്‌മെന്റ് ഫ്രണ്ട് (എൻ‌ഡി‌എഫ്) രൂപീകരിക്കുന്നതിന് പിന്നിലെ അടിയന്തര കാരണങ്ങളിലൊന്ന് സംഘടനയുടെ സ്ഥാപക ചെയർമാൻ ഇ അബൂബക്കർ അദ്ദേഹത്തി​ന്റെ ആത്മകഥയായ ശിശിര സന്ധ്യകൾ, ഗ്രീഷ്മ മധ്യാഹ്നങ്ങൾ’എന്ന ആത്മകഥയിൽ പറയുന്നു.

വടകരയിലെ സിപിഎം ആക്രമണത്തെ ചെറുക്കുന്നതിനായി കെ.ടി. മമ്മു എന്ന വ്യക്തി മുസ്ലിം ലീ​ഗിന്റെ പിന്തുണയോടെ രൂപീകരിച്ച മുസ്ലീം കൾച്ചറൽ സെന്റർ (എം സി സി) നെ എൻ ഡി എഫി​ന്റെ ആദ്യകാല മാതൃകയായി കണക്കാം. "1993 നവംബർ 14-ന് ഒരു പത്രക്കുറിപ്പിലൂടെയാണ് എൻഡിഎഫ് രൂപീകരണം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.വ്യത്യസ്ത പേരുകളുള്ളതും വ്യത്യസ്ത സ്ഥലങ്ങളിൽ പ്രവർത്തിക്കുന്നതും എന്നാൽ പൊതുവായ ലക്ഷ്യമുള്ളതുമായ സംഘടനകളുടെ ലയനമായിരുന്നു പ്രഖ്യാപനം," അബൂബക്കർ പറയുന്നു.

എൻ ഡി എഫ് ആണ് പിന്നീട് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) ആയി മാറിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com