ഭരണഘടനയോട് കൂറില്ലാത്ത സംഘടനയെന്ന് ഉമ്മൻ ചാണ്ടി സർക്കാറി​ന്റെ സത്യവാങ്മൂലം; മാറിയോ ജമാ അത്തെ ഇസ്ലാമി

ജമാഅത്തെ ഇസ്ലാമി എന്ന സംഘടനയുടെ ഭരണഘടന ഇന്ത്യൻ ഭരണഘടനയോട് അവഗണന കാണിക്കുകയും ദേശീയ താൽപ്പര്യത്തിനെതിരെ ചിന്തിക്കാൻ അനുയായികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഉമ്മൻചാണ്ടി സർക്കാർ, കേരള ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നുണ്ട്. ഈ സത്യവാങ്മൂലം നൽകുമ്പോൾ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയും കെ എം മാണി നിയമ മന്ത്രിയുമായിരുന്നു. ഇന്നത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അന്ന് ഭരണപക്ഷ എം എൽ എ ആയിരുന്നു.
Jamaat-e-Islami ,oommen chandy
Jamaat-e-Islami : ഉമ്മന്‍ചാണ്ടി ഫയൽ
Updated on

തെരഞ്ഞെടുപ്പു കാലങ്ങളിലും അല്ലാതെയും പലപ്പോഴും ഉയർന്നു വന്ന ചോദ്യങ്ങളിലൊന്നാണ് ജമാ അത്തെ ഇസ്ലാമി മതരാഷ്ട്രവാദികളാണോ അല്ലയോ എന്ന ചോദ്യം. ഈ ചോദ്യത്തിൽ മുന്നണി മാറ്റമൊന്നുമുണ്ടായിട്ടില്ലെന്നാണ് കേരള രാഷ്ട്രീയത്തിലെ അതിവിദൂരമല്ലാത്ത ചരിത്രം പറയുന്നത്. ജമാ അത്തെ ഇസ്ലാമി (Jamaat-e-Islami )ഇന്ത്യൻ ഭരണഘടനയോട് അവ​ഗണന കാണിക്കുകയും ദേശീയതാൽപ്പര്യത്തിനെതിരെ ചിന്തിക്കാൻ അനുയായികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സംഘടനയാണ് എന്ന സത്യവാങ്മൂലം നൽകിയത് കോൺ​ഗ്രസ് സ‍ർക്കാരാണ്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 2014 ജനുവരി 18 ന് യു ഡി എഫ് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

അബ്ദുൾ സമദ് എന്ന വ്യക്തി ഹൈക്കോടതിയിൽ നൽകിയ പൊതുതാൽപ്പര്യ ഹർജിക്ക് മറുപടിയായി സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജമാ അത്തെ ഇസ്ലാമിയുടെ പ്രവർത്തനങ്ങൾ, സാമ്പത്തിക സ്രോതസ്സുകൾ, പ്രത്യയശാസ്ത്രങ്ങൾ എന്നിവയെക്കുറിച്ച് സംസ്ഥാനത്ത് ഉചിതവും നീതിയുക്തവുമായ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു പൊതുതാൽപര്യ ഹർജി.

ജമാഅത്തെ ഇസ്ലാമി എന്ന സംഘടനയുടെ ഭരണഘടന ഇന്ത്യൻ ഭരണഘടനയോട് അവഗണന കാണിക്കുകയും ദേശീയ താൽപ്പര്യത്തിനെതിരെ ചിന്തിക്കാൻ അനുയായികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഉമ്മൻചാണ്ടി സർക്കാർ, കേരള ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നുണ്ട്. ഈ സത്യവാങ്മൂലം നൽകുമ്പോൾ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയും കെ എം മാണി നിയമ മന്ത്രിയുമായിരുന്നു. ഇന്നത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അന്ന് ഭരണപക്ഷ എം എൽ എ ആയിരുന്നു.

ഉമ്മൻചാണ്ടി സ‍ർക്കാർ 2014 ജനുവരിയിൽ നൽകിയ സത്യവാങ്മൂലത്തിലെ പ്രധാന വാചകങ്ങൾ ഇനിയും പറയും വിധമാണ്.

ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറി മേരി ജോസഫ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ, "1957-ൽ പ്രസിദ്ധീകരിച്ച മലയാളത്തിലുള്ള ജമാ അത്തെ ഇസ്ലാമിയുടെ ഭരണഘടന പരിശോധിച്ചുറപ്പിക്കുമ്പോൾ, ദൈവികമല്ലാത്ത ഏതെങ്കിലും സർക്കാർ സംവിധാനത്തിന് കീഴിൽ വഹിക്കുന്ന ഏതെങ്കിലും കുഞ്ചിക സ്ഥാനങ്ങളോ (പ്രധാന സ്ഥാനങ്ങളോ) അതിന്റെ നിയമ നിർമ്മാണ സഭയിലെ അംഗത്വമോ അതിന്റെ കോടതി വ്യവസ്ഥയ്ക്ക് കീഴിലുള്ള ന്യായാധിപസ്ഥാനത്ത് നിയമിക്കപ്പെട്ടവനോ ആണെങ്കിൽ ആ സ്ഥാനം ഉപേക്ഷിക്കണം എന്ന് നിർദ്ദേശിക്കുന്നതായി കാണാം.

അതുപോലെ, അവരുടെ ഭരണഘടന പ്രകാരം 'ഏതെങ്കിലും ദൈവികമല്ലാത്ത സർക്കാർ സംവിധാനത്തിന്റെ ഭാഗമാകുകയോ അതിന്റെ നിയമങ്ങൾ നടപ്പിലാക്കുന്നതിൽ പങ്കുചേരുകയോ ചെയ്താൽ, ആ ഉപജീവനമാർഗത്തിൽ നിന്ന് കഴിയും വേഗം ഒഴിവാകുക' എന്നാണ്. 'നിർബന്ധിതമായ അവസ്ഥയിലല്ലാതെ, കാര്യങ്ങൾ പരിഹരിക്കുന്നതിന് അനിസ്ലാമിക കോടതികളെ സമീപിക്കരുത്' എന്നും പറയുന്നു.

ഈ ദേശവിരുദ്ധ തത്വങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്തുന്നതിലൂടെ, ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങൾക്ക് കീഴിലുള്ള ഏതെങ്കിലും ജോലി നിരസിക്കാൻ ജമാഅത്തെ ഇസ്ലാമി അനുയായികളോട് കർശനമായി നിർദ്ദേശിക്കുന്നു, ഇത് ആത്യന്തികമായി ദേശീയ താൽപ്പര്യത്തിന് വിരുദ്ധമായി ചിന്തിക്കാൻ അനുയായികളെ പ്രോത്സാഹിപ്പിക്കുന്നു.

കൂടാതെ, ജമാഅത്തെ ഇസ്ലാമിയുടെ പ്രവർത്തനങ്ങൾ തുടർച്ചയായും സൂക്ഷ്മമായും നിരീക്ഷിച്ചുവരികയാണെന്നും സർക്കാർ അന്ന് കോടതിയെ അറിയിച്ചു.

"നടത്തിയ അന്വേഷണങ്ങളിൽ ഇതുവരെ ദേശവിരുദ്ധ പ്രവർത്തനങ്ങളൊന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ല, സംഘടനയുടെ (ജമാ അത്തെ ഇസ്ലാമിയുടെ) പ്രവർത്തനങ്ങൾ ദേശവിരുദ്ധമാണെന്ന് കണ്ടെത്തിയാൽ, കേന്ദ്ര സർക്കാരുമായി സഹകരിച്ച് സംഘടനയെ നിരോധിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും," എന്നും സർക്കാർ ബോധിപ്പിച്ചു.

ദേശവിരുദ്ധ പ്രത്യയശാസ്ത്രങ്ങൾ അടങ്ങിയ ജമാ അത്തെ ഇസ്ലാമിയുടെ പ്രസിദ്ധീകരണങ്ങൾ പിടിച്ചെടുത്ത് നിരോധിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിൽ ജമാ അത്തെ ഇസ്ലാമിയുടെ പ്രസിദ്ധീകരണ വിഭാഗമായ ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് പ്രസിദ്ധീകരിച്ച 14 പുസ്തകങ്ങൾ നിരോധിക്കുന്നതിനുള്ള നിയമ നടപടികൾ പുരോഗമിക്കുകയാണെന്നും യു ഡി എഫ് സ‍ർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇത് അന്ന് വിവാദമാകുകയും ചെയ്തിരുന്നു.

സത്യവാങ്മൂലം നൽകുന്നതിന് മുമ്പ് നടന്ന ചില പ്രധാന സംഭവങ്ങൾ

എന്നാൽ, ഈ വിവാദങ്ങളൊക്കെ രൂപപ്പെടുന്നതിന് മുമ്പ് ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഐഡിയൽ ട്രസ്റ്റ് പ്രസിദ്ധീകരിക്കുന്ന ആഴ്ചപ്പതിപ്പിൽ കേരളത്തിലെ രഹസ്യാന്വേഷണ വിഭാഗം 268 പൗരന്മാരുടെ ഇ-മെയിൽ ഐ.ഡി ചോർത്തിയെന്നാരോപിച്ച് 2012 ജനുവരിയിൽ കവർ സ്റ്റോറി വന്നു. ഇതിനെ തുടർന്ന് പത്രാധിപർ ഉൾപ്പടെയുള്ളവരെ പ്രതിയാക്കി ഉമ്മൻ ചാണ്ടി സർക്കാർ കേസെടുത്തിരുന്നു. ഈ കേസ് നിലനിൽക്കുന്ന പശ്ചാത്തലം കൂടെ സത്യവാങ്മൂലം സമർപ്പിക്കുമ്പോൾ സർക്കാരിന് മുന്നിലുണ്ടായിരുന്നു. ഉമ്മൻചാണ്ടി സർക്കാർ മാറുന്നത് വരെ ആ കേസ് തുടർന്നിരുന്നു.

ജമാ അത്തെ ഇസ്ലാമിയുടെ മുൻകൈയിൽ 2011 ലാണ് വെൽഫെയർ പാർട്ടി രൂപീകരിക്കുന്നത്. അവർ രാഷ്ട്രീയ ഇടപെടലുകൾ നടത്താൻ തുടങ്ങുകയും പൊതുവിൽ ദലിത് മുസ്ലീം ഐക്യം എന്നൊക്കെയുള്ള നിലപാടുകളാണ് അവരുടെ രാഷ്ട്രീയ സ്വഭാവമായി എടുത്തു പറയുന്നതെങ്കിലും അവരുടെ ലക്ഷ്യം മുസ്ലിംലീഗിനുള്ള വോട്ട്ബാങ്ക് തന്നെയായിരുന്നു.

ഈ സത്യവാങ്മൂലത്തിന് തൊട്ടുമുമ്പ് നടന്ന രാഷ്ട്രീയ സംഭവവികാസങ്ങൾ ഇങ്ങനെ ഒരു സത്യവാങ്മൂലം നൽകുന്നതിന് സർക്കാരിനെ പ്രേരിപ്പിക്കുന്നതിന് ആക്കം കൂട്ടിയിരിക്കാം എന്നാണ് യു ഡി എഫിലെ ഒരു മുതിർന്ന നേതാവ് സമകാലിക മലയാളത്തോട് പറഞ്ഞത്. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ഏറെ വിവാദമായ അഞ്ചാം മന്ത്രിസ്ഥാനവും താക്കോൽസ്ഥാനവും വിവാദങ്ങൾ ഒന്നിന് പുറകെ ഒന്നായി വന്ന കാലമായിരുന്നു. 2012 ഡിസംബറിൽ ആരംഭിച്ച അഞ്ചാം മന്ത്രിസ്ഥാനം അടുത്തവർഷം തിരുവഞ്ചൂ‍ർ രാധാകൃഷ്ണനെ മാറ്റി രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരവകുപ്പ് കൊടുത്തിട്ടും അവസാനിച്ചില്ല. ഇതേ സമയത്താണ് ജമാ അത്തെ ഇസ്ലാമിക്കെതിരെ ഈ പൊതുതാൽപ്പര്യ ഹ‍ർജി വരുന്നത്. അന്ന് യു ഡി എഫ് സർക്കാ‍ർ കൊടുത്തതാണ് ഇത്. ഇതിൽ നിയമപരമായി തെറ്റുമില്ല. അവരുടെ ഭരണ​ഘടനയിൽ പറഞ്ഞിരിക്കുന്ന കാര്യമാണ് സത്യവാങ്മൂലമായി കൊടുത്തത് അദ്ദേഹം പറഞ്ഞു.

ജമാ അത്തെ ഇസ്ലാമി നടപ്പാക്കിയ ഭരണഘടനാ ഭേദഗതികൾ ഇവയാണ്

ഡിസംബർ 2023ലാണ് ജമാ അത്തെ ഇസ്ലാമി ഭരണഘടന ഭേദ​ഗതി നടത്തിയത് സംബന്ധിച്ച് വിവരം പുറത്തു വന്നത്. ജനാധിപത്യത്തെയും ഇന്ത്യൻ കോടതികളെയും "അനിസ്ലാമികം" എന്ന് മുദ്രകുത്തിയിരുന്ന ജമാഅത്തെ ഇസ്ലാമി, അതിന്റെ അടിസ്ഥാന സ്വഭാവത്തെ പുനർനിർവചിക്കുകയും അതിന്റെ പ്രവർത്തനത്തിൽ ദൂരവ്യാപകമായ സ്വാധീനം ചെലുത്തുകയും ചെയ്യുന്ന നിലയിൽ ഭരണഘടനയിൽ ചില നിർണായക ഭേദഗതികളാണ് കൊണ്ടുവന്നതെന്ന് മാധ്യമ പ്രവർത്തകനായ എം പി പ്രശാന്ത് അന്ന് ഈ നീക്കത്തെ വിലയിരുത്തിയത്.

കോടതിയെയും ജനാധിപത്യത്തെയും സംബന്ധിച്ച് സമീപനങ്ങളിൽ കാതലായ മാറ്റമാണ് അവർ നടപ്പിലാക്കിയത്. "ഒഴിവാക്കാനാവാത്ത സാഹചര്യത്തിലല്ലാതെ അനിസ്ലാമിക കോടതികളെ സമീപിക്കരുതെന്ന്" എന്ന ജമാഅത്ത് അംഗങ്ങളോട് നിർദ്ദേശിക്കുന്ന ഭാ​ഗം "ദീനിന്റെ (ഇസ്ലാമിന്റെ) ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ പാലിക്കുന്നതിൽ ഒരാൾ ജാഗ്രത പാലിക്കുകയും പ്രശ്‌നപരിഹാരത്തിനായി അത്യന്താപേക്ഷിതമാണെങ്കിൽ മാത്രം കോടതികളെ സമീപിക്കുകയും വേണം" എന്ന് ഭേദഗതി ചെയ്തു.

അവിടെ മാത്രമല്ല ജോലി ഉൾപ്പെടയുള്ള ഭാ​ഗത്തും 'ദൈവികമല്ലാത്തത്' എന്ന വാക്ക് നീക്കം ചെയ്താണ് ഭേഗഗതി. "സർക്കാരിൽ ഒരു പദവി വഹിക്കുന്നതോ അതിന്റെ നീതിന്യായ വ്യവസ്ഥയിൽ ഒരു ജഡ്ജിയുടെ പദവി വഹിക്കുന്നതോ അല്ലെങ്കിൽ നിയമസഭയിൽ അംഗമാകുന്നതോ ആയ ഒരാളും സത്യത്തിനും നീതിക്കും എതിരായി പ്രവർത്തിക്കരുത്" എന്ന് മാറ്റിക്കൊണ്ടാണ് പുതിയ ഭേദഗതി.

'ദൈവികമല്ലാത്ത' വ്യവസ്ഥയുടെ ഉപകരണമായി ഉപജീവനമാർഗ്ഗം കണ്ടെത്തുന്ന ഒരാൾ എത്രയും വേഗം ആ സ്ഥാനം ഉപേക്ഷിക്കണമെന്ന് പറഞ്ഞിരുന്നു. ഭേദഗതി ചെയ്ത ഭരണഘടനയിൽ നിന്ന് ഈ വകുപ്പ് പൂർണ്ണമായും നീക്കം ചെയ്തിട്ടുണ്ട്.

പുതിയ വെല്ലുവിളികളെ നേരിടാൻ സംഘടനയെ സജ്ജമാക്കുന്നതിനാണ് ഈ മാറ്റങ്ങൾ കൊണ്ടുവന്നതെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ, പി മുജീബ് റഹ്മാൻ അന്ന് അവകാശപ്പെട്ടു. "ജനാധിപത്യ സംവിധാനത്തിൽ കൂടുതൽ ക്രിയാത്മകമായി ഇടപെടാൻ ഈ മാറ്റങ്ങൾ പ്രാപ്തരാക്കും," . ഇന്നത്തെ ഇന്ത്യയിലെ പ്രതിസന്ധിയെ നിയമപരവും ജനാധിപത്യപരവുമായ മാർഗങ്ങളിലൂടെ ഫലപ്രദമായി നേരിടാൻ കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 2019 ൽ ഭേദഗതികൾ നടപ്പിലാക്കിയെങ്കിലും പുതുക്കിയ രേഖ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നതിൽ കാലതാമസമുണ്ടായതാണെന്നും ജമാ അത്തെ ഇസ്ലാമി കേരള അമീർ അന്ന് പറഞ്ഞിരുന്നു.

ജമാ അത്തെ ഇസ്ലാമി ജനാധിപത്യത്തെ അം​ഗീകരിക്കുന്നതിന് കാരണമായത് വെൽഫെയർ പാർട്ടി രൂപീകരണമാകാൻ സാധ്യതിയില്ലെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. തങ്ങളുടെ ഭരണഘടനയിലെ വാദങ്ങൾ സംഘടനയുടെ നിരോധനത്തിലേക്കോ മറ്റോ നീങ്ങുമോ എന്ന ആശങ്ക ജമാ അത്തെ ഇസ്ലാമിയെ ബാധിച്ചതാകാം ഇതിന് കാരണം. ദേശീയ തലത്തിൽ ബി ജെ പി സർക്കാ‍ർ തുടർച്ചയായി അധികാരത്തിൽ വന്നപ്പോഴായിരുന്നു എന്ന് കരുതുന്നവരുണ്ട്.

അവർ അതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത് ചില വസ്തുതകൾ ഉണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ വാദം അനുസരിച്ച് 2019ൽ അവർ മാറ്റം വരുത്തിയതും അപലോഡ് ചെയ്യാൻ താമസിച്ചതുമാണെങ്കിൽ അതിനും എട്ട് വർഷം മുമ്പ് അവർ വെൽഫെയർ പാർട്ടി രൂപീകരിച്ചിരുന്നു. 2014ൽ കേരളം ഭരിച്ചിരുന്ന യു ഡി എഫ് സർക്കാർ, ജമാഅത്തെ ഇസ്ലാമിയുടെ ജമാ അത്തെ ഇസ്ലാമി ഇന്ത്യൻ ഭരണഘടനയോട് അവ​ഗണന കാണിക്കുകയും ദേശീയതാൽപ്പര്യത്തിനെതിരെ ചിന്തിക്കാൻ അനുയായികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സംഘടനയാണ് എന്ന സത്യവാങ്മൂലം നൽകിയത്. അതിനും അഞ്ച് വർഷത്തിന് ശേഷമാണ് ഇത് ഭേദ​ഗതി ചെയ്തതായി ജമാ അത്തെ ഇസ്ലാമി പോലും പറയുന്നത്.

ജമാ അത്തെ ഇസ്ലാമി 2019 ൽ ഭരണഘടന ഭേദ​ഗതി ചെയ്തു എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അത് 2023 ലാകാനായിരിക്കും സാധ്യതയെന്ന് നിരീക്ഷിക്കുന്നവരുമുണ്ട്. അതിന് കാരണമായി അവർ പറയുന്നത് ബി ജെ പി സർക്കാർ കേന്ദ്രത്തിലെ തുടർഭരണത്തിന് കീഴിലാണ് ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയുള്ള ചാനലിന് വിലക്ക് വന്നത്. സുരക്ഷാ ക്ലിയറൻസ് വിഷയം ഉന്നയിച്ച് 2022 ജനുവരി 31 നാണ് കേന്ദ്ര സർക്കാർ ചാനലിന് വിലക്കേർപ്പെടുത്തിയത്. 2023 ഏപ്രിലാണ് സുപ്രീം കോടതി ചാനലിന് അനുകൂലമായ വിധി പ്രഖ്യാപിച്ചത്.

സംഘടന ആരംഭിക്കുന്ന സമയത്തുണ്ടായിരുന്ന സാമ്പത്തിക അവസ്ഥയിലല്ല ഇന്ന് ജമാ അത്തെ ഇസ്ലാമി കേരളത്തിൽ പ്രവർത്തിക്കുന്നത്. വിവിധ നിലകളിൽ വലിയ ആസ്തിയുള്ള സംഘടനയാണ്. നേരിട്ട് സംഘടനയുടെ പേരിലല്ലെങ്കിലും വിവിധ ട്രസ്റ്റുകളുടെയും മറ്റും പേരിലാണ് ഈ അസ്തികൾ. സ്വാഭാവികമായും ഇതിനെ ആശ്രയിച്ച് ജീവിക്കുന്ന നിരവധി ആളുകളും കുടുംബങ്ങളുമുണ്ട്. അതുകൊണ്ട് തങ്ങളുടെ പഴയകാല നിലപാടുകളിൽ നിന്നുകൊണ്ട് ഇന്നത്തെ രാഷ്ട്രീയ പരിതസ്ഥിതിയിൽ മുന്നോട്ടുപോകുക എന്നത് അപകടകരമാണ് എന്ന തിരിച്ചറിവ് അവർക്കുണ്ടായിട്ടുണ്ട്. അതാകും ഇതിന് കാരണം, ജമാ അത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ഒരു മുൻകാല പ്രവർത്തകൻ സമകാലിക മലയാളത്തോട് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com