സി പി എമ്മി​ന്റെയും മുസ്ലിം ലീ​ഗ​ന്റെയും "കുട്ടി", കോൺ​ഗ്രസി​ന്റെയും ജനസംഘത്തി​ന്റെയും "കുട്ടിപാകിസ്ഥാൻ", മലപ്പുറം ജില്ലയുടെ കഥ ഇതാണ്

1969 ജൂൺ 16 നാണ് മലപ്പുറം ജില്ല രൂപീകരിക്കുന്നത്. രൂപീകരിച്ച് അഞ്ചരപ്പതിറ്റാണ്ട് കഴിഞ്ഞിട്ടും ആ ജില്ലയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് വിരാമമില്ല. കേരളം രൂപീകരിച്ചപ്പോഴുണ്ടായിരുന്നതിനേക്കാൾ ഒമ്പത് ജില്ലകൾ കേരളത്തിൽ പുതുതായി വന്നു. എന്നാൽ എന്തുകൊണ്ടാണ് മലപ്പുറം ജില്ലാ രൂപീകരണം മാത്രം അന്നുമിന്നും വിവാദങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്.
Malappuram, Malappuram Distrcit History, Malappuram District controversy
Malappuram: മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് നിന്നുള്ള ഒരു ദൃശ്യം: Express Photo By E GokulExpress Photo By E Gokul
Updated on
9 min read

ഒരു ജില്ലയുടെ രൂപീകരണം ജില്ലയുടെ മാത്രമല്ല, സംസ്ഥാനത്തി​ന്റെയും അതിരുകൾ കടന്ന് വിവാദത്തിന് തിരികൊളുത്തിയ ചരിത്രമാണ് മലപ്പുറത്തി​ന്റേത് (Malappuram). അതിന് മുമ്പും അതിന് ശേഷം കേരളത്തിലോ ഒരുപക്ഷേ ഇന്ത്യയിലോ അങ്ങനെയൊരു വിവാദം ഉണ്ടായിട്ടില്ല. രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് അതിന് മുമ്പും ശേഷവും വിവാദങ്ങളുടെ കേന്ദ്രമാണ് ആ ജില്ല. കേരളത്തിലെ പത്താമത്തെ ജില്ലയായിട്ടാണ് മലപ്പുറം രൂപീകരിക്കപ്പെടുന്നത്. 1969 ജൂൺ 16 നാണ് മലപ്പുറം ജില്ല രൂപീകരിക്കുന്നത്. രൂപീകരിച്ച് അഞ്ചരപ്പതിറ്റാണ്ട് കഴിഞ്ഞിട്ടും ആ ജില്ലയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് വിരാമമില്ല. കേരളം രൂപീകരിച്ചപ്പോഴുണ്ടായിരുന്നതിനേക്കാൾ ഒമ്പത് ജില്ലകൾ വർദ്ധിച്ചു. എന്നാൽ എന്തുകൊണ്ടാണ് മലപ്പുറം ജില്ലാ രൂപീകരണം മാത്രം അന്നുമിന്നും വിവാദങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്.

ഒരു ജില്ലയുടെ രൂപീകരണം എന്നത് ദേശീയ തലത്തിൽ വിവാദമാകുകയും വ‍ർ​ഗീയ വിദ്വേഷം പടർത്തുന്ന രീതിയിൽ പ്രചരിപ്പിക്കയും ചെയ്യപ്പെട്ട ചരിത്രം കൂടെയാണ് മലപ്പുറത്തിന് നേരിടേണ്ടി വന്നത്. അന്ന് നേരിട്ട ആ അവസ്ഥ ഇന്നും മലപ്പുറത്തിനെതിരായ കെട്ടുകഥകളും വ്യാജപ്രചാരണങ്ങളും നടത്തുന്നത് ഇന്നും തുടർന്നുകൊണ്ടേയിരിക്കുന്നു എന്നതുകൊണ്ടു തന്നെ മലപ്പുറം സംബന്ധിച്ച ഏതൊരു കാര്യവും വസ്തുതാപരമായി പരിശോധിക്കപ്പെടേണ്ടതുമുണ്ട്. മലപ്പുറം ജില്ലാ രൂപീകരണ പ്രഖ്യാപനം വന്നപ്പോങ, അതിനെതിരെ പെട്ടെന്നുണ്ടായ എതിർപ്പല്ല എന്നതാണ് വസ്തുത. അതിന് മുമ്പ് തന്നെ തുടങ്ങിയ ഒരു നീക്കം പതുക്കെ പതുക്കെ പാരമ്യത്തിലെത്തുകയായിരുന്നു എന്നതാണ് വസ്തുത. കേരളത്തിലെ നിയമസഭയിലെയും പുറത്തെയും പ്രസം​ഗങ്ങളും രേഖകളും പരിശോധിക്കുമ്പോൾ ഈ കാര്യം വ്യക്തമാകും. ഇതിൽ മതപരമായ എതിർപ്പുമായും കുട്ടിപ്പാക്കിസ്ഥാൻ വാദവുമായും കോൺ​ഗ്രസും ജനസംഘവും ഒക്കെ രം​ഗത്തുവന്നപ്പോൾ മറ്റ് പലരും സ്വന്തം പാർട്ടിക്കുള്ളിലെ വിയോജിപ്പുകളോടുള്ള എതിർപ്പിനുള്ള മറയാക്കി. മറ്റ് ചിലർ തങ്ങളുടെ നിലപാടുകളും പഴയകാലത്ത് നിന്നുള്ള മാറ്റത്തെ അം​ഗീകരിക്കാനുള്ള വൈമന്യസവും ആയിരുന്നു അടിസ്ഥാനമെന്നുമുള്ള വിലയിരുത്തലുകൾ ഉണ്ടായിട്ടുണ്ട്.

കേരളത്തിലെ ജില്ലകൾ രൂപം കൊണ്ടത് ഇങ്ങനെ

ഐക്യ കേരളം രൂപപ്പെട്ട സമയത്ത് കേരളത്തിലുണ്ടായിരുന്നത് ആകെ അഞ്ച് ജില്ലകളാണ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ, മലബാ‍ർ. ഇതിൽ മലബാ‍ർ എന്നത് ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസ് സ്റ്റേറ്റി​ന്റെ ഭാ​ഗമായ പ്രദേശങ്ങളാണ്. തെക്കൻ ക‍ർണ്ണാടകത്തിലെ കാസർകോട് താൂലൂക്ക് കൂടെ ഉൾപ്പെടുത്തിയാണ് മലബാർ ജില്ല രൂപീകരിച്ചത്. തിരുവനന്തപുരത്ത് നിന്നുള്ള തെക്കൻ തിരുവിതാംകൂർ എന്നറിയപ്പെടുന്ന നാഞ്ചിനാട്,കന്യാകുമാരി എന്നീ പ്രദേശങ്ങൾ തമിഴ് നാടിനോട് ചേ‍ർത്തതിന് ശേഷമുള്ളതാണ് ഐക്യ കേരളത്തിലെ തിരുവനന്തപുരം ജില്ല. ഇങ്ങനെ ഉണ്ടായിരുന്ന കേരളമാണ് ഇന്ന് 14 ജില്ലകളായി രൂപപ്പെട്ടത്. മലപ്പുറം രൂപീകരിക്കുന്നതിന് മുമ്പ് മലബാർ ജില്ല വിഭജിച്ചാണ് കണ്ണൂർ, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകൾ രൂപീകരിച്ചു. തൃശൂർ, കോട്ടയം ജില്ലകൾ വിഭജിച്ച് എറണാകുളം രൂപീകരിച്ചു. കൊല്ലം കോട്ടയം ജില്ലകൾ വിഭജിച്ച് ആലപ്പുഴ ജില്ലയും രൂപീകരിച്ചു ഇതിൽ പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകൾ 1957 ജനുവരിയിലും ആലപ്പുഴ 1957 ഓ​ഗസ്റ്റിലും എറണാകുളം 1958 ഏപ്രിലിലുമാണ് രൂപീകരിച്ചത്. 1958 ആയപ്പോൾ മലബാ‍ർ ജില്ല മാറി പകരം വന്ന മൂന്ന് ജില്ലകളും എറണാകുളവും ആലപ്പുഴയും, തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ എന്നിങ്ങനെ ഒമ്പത് ജില്ലകളുള്ള സംസ്ഥാനമായി മാറി കേരളം.

മലപ്പുറം ജില്ലാ രൂപീകരണത്തിന് പിന്നിലെ ചരിത്രം

എന്നാൽ ഭൂമിശാസ്ത്രപരമായി പല പ്രദേശങ്ങളിലും വികസന പ്രവർത്തനങ്ങൾക്കും ജനങ്ങളുടെ ആവശ്യങ്ങൾക്കും മറ്റും ബുദ്ധിമുട്ട് അനുഭവപ്പെടുക എന്നത് തുടർന്നുകൊണ്ടേയിരുന്നു. ഇതിന് പരിഹാരമെന്ന നിലയിലാണ് കേരളത്തിലെ രണ്ട് പ്രദേശങ്ങളിൽ പുതിയ ജില്ലകൾ എന്ന ആവശ്യമുയർന്നത്. അതിൽ ആദ്യത്തെ ആവശ്യം ഉയർന്നത് മലബാറിൽ നിന്നായിരുന്നു. വിശാലമായ കോഴിക്കോട്, പാലക്കാട് ജില്ലകൾ വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണം എന്ന ആവശ്യം മുന്നോട്ട് വച്ചത് പാങ്ങിൽ കുറുവ പഞ്ചായത്ത് പ്രസിഡ​ന്റായിരുന്ന പി കെ ബാപ്പൂട്ടിയാണ്. അദ്ദേഹം ഇത് മുന്നോട്ട് വെക്കുന്നതിന് പ്രധാനകാരണം ജനങ്ങൾ നേരിട്ടിരുന്ന അസൗകര്യമായിരുന്നു. പഞ്ചായത്ത് പ്രസിഡ​ന്റ് എന്ന നിലയിൽ അദ്ദേഹത്തിന് ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങളുമായി ഇടപഴകുമ്പോൾ അവർ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് കൂടുതൽ അറിയാമായിരുന്നു എന്നത് ഇതിന് കാരണമായിട്ടുണ്ടാകാം.

വള്ളുവനാട്, ഏറനാട് താലൂക്കുകളുടെ സാമ്പത്തിക, സാമൂഹിക പിന്നാക്കവസ്ഥ പരിഹരിക്കുന്നതിനായി പുതിയൊരു റവന്യൂ ജില്ല രൂപീകരിക്കേണ്ടതി​ന്റെ ആവശ്യകത നിയമസഭയിൽ ചൂണ്ടിക്കാട്ടിയത് 1960 ൽ മങ്കടയിൽ നിന്നുള്ള മുസ്ലീംലീ​ഗ് എം എൽ എ ആയിരുന്ന പി. അബ്ദുൾ മജീദാണ്. എന്നാൽ, ആ ആവശ്യത്തിനോട് സർക്കാ‍ർ അന്ന് അനുകൂലമായി പ്രതികരിച്ചില്ല. പിന്നീട്, പല കേന്ദ്രങ്ങളിൽ നിന്നായി ഈ ആവശ്യം ഉയർന്നുകൊണ്ടേയിരന്നു. ഈ ആവശ്യത്തിന് പിന്നീട് ജീവൻ വെക്കുന്നത് 1968 ലാണ്. കേരളത്തിൽ സി പിഎം നേതൃത്വത്തിലുള്ള സപ്തകക്ഷി മുന്നണി ഭരിക്കുന്ന കാലം. മുസ്ലിം ലീ​ഗും സിപി ഐയും എല്ലാം ഒരു മുന്നണിയിൽ ഭരണത്തിലുണ്ട്. 1968ൽ കോഴിക്കോട് നടന്ന മുസ്ലീം ലീ​ഗ് സംസ്ഥാന സമ്മേളനത്തിൽ മലപ്പുറം ജില്ല രൂപീകരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം അം​ഗീകരിച്ചു. ഏറനാട്, തിരൂ‍ർ, പൊന്നാനി, പെരിന്തൽമണ്ണ താലൂക്കുകൾ ചേർത്തുകൊണ്ട് ജില്ല രൂപീകരിക്കണമെന്നാണ് പ്രമേയത്തിൽ ആവശ്യപ്പെട്ടത്.

മലപ്പുറം എന്ന ജില്ലയ്ക്ക് വേണ്ടി മാത്രമല്ല ഇതേസമയം തന്നെ, മലനാട് എന്ന ജില്ലയ്ക്ക് വേണ്ടിയുള്ള ആവശ്യവും ഉയർന്നു വന്നു. എന്നാൽ, മലനാടിനെ സംബന്ധിച്ചിടത്തോളം, നിയമസഭയ്ക്കുള്ളിലെ ചർച്ചകൾ ഒരു ജില്ലാ രൂപീകരണത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ, ഉണ്ടെങ്കിൽ അതി​ന്റെ ആസ്ഥാനം എവിടെ എന്ന ചോദ്യത്തിൽ അവസാനിച്ചു. സഭയ്ക്ക് പുറത്തുള്ള പൊതു പ്രസ്താവനകളെ സൂചിപ്പിക്കുന്ന ചോദ്യങ്ങളും അനുബന്ധ ചോദ്യങ്ങളും പരിശോധിക്കുമ്പോൾ, മലനാടിനെ സംബന്ധിച്ചിടത്തോളം പുതിയ ജില്ലയുടെ ആസ്ഥാനവുമായി ബന്ധപ്പെട്ട് അത് തൊടുപുഴയാണോ മൂവാറ്റുപുഴയാണോ എന്നതിൽ കേന്ദ്രീകരിച്ചായിരുന്നു എന്ന് കാണാൻ കഴിയും, ഈ ജില്ലയുമായി ബന്ധപ്പെട്ട ഇക്കാര്യം നേരിട്ട് ഉന്നയിക്കുന്നതിൽ അം​ഗങ്ങൾ ശ്രമിച്ചതായി കണ്ടതുമില്ല.

P Abdul Majeed
മലപ്പുറം ജില്ല രൂപീകരിക്കണമെന്ന ആവശ്യം നിയമസഭയിൽ ആദ്യമായി ഉന്നയിച്ച പി അബ്ദുൾ മജീദ് http://www.niyamasabha.org/

മലപ്പുറം നിയമസഭയിലെ ചോദ്യങ്ങളും ചർച്ചകളും

മണലൂരിൽ നിന്നുള്ള കോൺഗ്രസ് എം‌എൽ‌എയായിരുുന്ന എൻ.ഐ. ദേവസ്സിക്കുട്ടി 1968 ജനുവരി 22 ന് നിലവിലുള്ള കോഴിക്കോട്, പാലക്കാട് ജില്ലകൾ വേർപെടുത്തി ഒരു പുതിയ ജില്ല രൂപീകരിക്കണമെന്ന് മുസ്ലീം ലീഗിൽ നിന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യം ഉന്നയിച്ചു. ആ സമയത്ത് മുസ്ലിം ലീ​ഗ് അങ്ങനെയൊരാവശ്യം സർക്കാരിന് മുന്നിൽ സംഘടനാപരമായി ഔദ്യോ​ഗികമായി വച്ചിട്ടുണ്ടായിരുന്നില്ല. ഇക്കര്യം മറുപടിയിൽ റവന്യൂ മന്ത്രി കെ ആർ ​ഗൗരിയമ്മ വ്യക്തമാക്കി.

മഞ്ചേശ്വരത്തെ സ്വതന്ത്ര എംഎൽഎയായിരുന്ന കെ.എം. ഭണ്ഡാരി , "സംസ്ഥാനത്ത് ഒരു പ്രത്യേക മുസ്ലീം ഭൂരിപക്ഷ ജില്ല രൂപീകരിക്കാൻ ഏതെങ്കിലും വ്യക്തിയിൽ നിന്നോ രാഷ്ട്രീയ പാർട്ടിയിൽ നിന്നോ അഭ്യർത്ഥനകൾ ലഭിച്ചിട്ടുണ്ടോ" എന്ന് സർക്കാരിനോട് ചോദിച്ചു.

ഇതിന് മുഖ്യമന്ത്രിയായിരുന്ന ഇ എം എസ് നൽകിയ മറുപടി മതപരമായ ജനസംഖ്യയുടെ അടിസ്ഥാനത്തിലല്ല ജില്ലയുടെ ആവശ്യമെന്ന കാര്യത്തെ വിശദമാക്കുന്നു. എന്താണ് അതി​ന്റെ അടിസ്ഥാനമെന്നും പുതിയ ജില്ല രൂപീകരിക്കാൻ പരി​ഗണിക്കേണ്ട മാനദണ്ഡങ്ങൾ നിർവചിക്കുന്നതിനുള്ള അടിസ്ഥാന രേഖയായും ഈ മറുപടി മാറി.

1968-ൽ നിയമസഭയുടെ രണ്ടാം സെഷനിൽ, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളുടെ ഭാഗങ്ങളും, എറണാകുളം, കോട്ടയം എന്നീ ജില്ലകളുടെ ഭാഗങ്ങളും ഉൾപ്പെടെ രണ്ട് പുതിയ ജില്ലകൾ രൂപീകരിക്കാൻ സർക്കാർ തത്വത്തിൽ തീരുമാനിച്ചിട്ടുണ്ടെന്ന് ഒരു ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകി. പുതിയ ജില്ലകളെ അനുകൂലിച്ചിരുന്ന കേരള കോൺഗ്രസിലെ കെ.എം.മണിയും കെ.എം.ജോർജും ഇത് സംബന്ധിച്ച ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.

കോൺ​ഗ്രസി​ന്റെ മണലൂ‍ർ എം എൽ എ ആയിരുന്ന എൻ.ഐ. ദേവസ്സിക്കുട്ടി 1968 ഒക്ടോബർ 29-ന് വീണ്ടും ജില്ലയെ കുറിച്ചുള്ള ചോദ്യം ഉന്നയിച്ചു. തന്റെ നേരത്തെ ചോദിച്ചിരുന്ന ചോദ്യത്തെ ഒന്നു കൂടി പുതുക്കി ജില്ലയെക്കുറിച്ചുള്ള ചോദ്യങ്ങളിൽ ഒരു പുതിയ വാചകം ചേർത്തു. "നിലവിലുള്ള ജില്ലകളെ വിഭജിക്കുന്നതിൽ സർക്കാരിന് എന്ത് പരിഗണനയാണ് ഉണ്ടായിരുന്നത്" എന്നും "ഈ വിഭജനത്തിന്റെ ഫലമായി സർക്കാരിന് മേലുള്ള സാമ്പത്തിക ഭാരം ഉയരുമോ എന്നും സർക്കാർ അത് കണക്കിലെടുത്തിട്ടുണ്ടോ എന്നും" അദ്ദേഹം മുഖ്യമന്ത്രിയോട് ചോദിച്ചു. സാധാരണ​ഗതിയിൽ ഇത്തരം ചോദ്യങ്ങൾ ഉന്നയിക്കുന്ന റവന്യൂ മന്ത്രിയോടായിരിക്കും എന്നാൽ ഇത് ഉന്നയിച്ചത്, ഇതിൽ പരി​ഗണന എന്ന വാക്ക് ഉപയോ​ഗിച്ചു കൊണ്ട് രാഷ്ട്രീയ രം​ഗത്ത് കൂടുതൽ പ്രാധാന്യമുള്ള ചോദ്യമാക്കി ദേവസ്സിക്കുട്ടി ഇത് മാറ്റി എന്നത് കാണാൻ കഴിയുമെന്ന് ഈ വിഷയത്തെ കുറിച്ച് പഠിച്ചിട്ടുള്ളവർ ചൂണ്ടിക്കാണിക്കുന്നു.

"ഭരണ സൗകര്യത്തിനായി" ജില്ലകൾ പുനഃക്രമീകരിക്കേണ്ടത് ആവശ്യമാണെന്ന് സർക്കാർ കരുതുന്നുവെന്ന് മുഖ്യമന്ത്രി ഇ എം എസ് ദേവസ്സിക്കുട്ടിയുടെ ചോദ്യത്തിന് നൽകിയ ഉത്തരത്തിൽ വ്യക്തമാക്കി.

NI Devassy Kutty, Malappuram District, Congress,
മലപ്പുറം ജില്ലാ രൂപീകരണവുമായി ബന്ധപ്പെട്ട് ചോദ്യം ഉന്നയിച്ച് കോൺഗ്രസ് മണലൂർ എം എൽ എ ആയിരുന്ന എൻ ഐ ദേവസ്സിക്കുട്ടിhttp://www.niyamasabha.org/

ഇതിൽ അവസാനിച്ചില്ല ചോദ്യങ്ങൾ. കാസർഗോഡ് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന സ്വതന്ത്രനായ യു.പി. കുനികുല്ലയ്യ,1968 നവംബർ 4-ന് , “പുതിയ ജില്ലകൾക്കായി അധിക ചെലവ് വഹിക്കാൻ സർക്കാരിന്റെ സാമ്പത്തിക സ്ഥിതി സുരക്ഷിതമാണോ?” എന്ന് ചോദിച്ചു. കൂടുതൽ ചോദ്യങ്ങളിലൂടെ അദ്ദേഹം ആരോപണങ്ങൾ വിപുലപ്പെടുത്തി : “നിർദ്ദിഷ്ട മലപ്പുറം ജില്ല മുസ്ലീങ്ങളുടെ പ്രയോജനത്തിനാണെന്ന് മുസ്ലീം ലീഗ് നേതാക്കൾ വിവിധ പ്രസ്താവനകൾ നടത്തിയിട്ടുണ്ടെന്ന് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ”; “പുതിയ ജില്ലകളുടെ രൂപീകരണം ഭരണപരിഷ്കാര സമിതിയുടെ ശുപാർശകൾക്കനുസൃതമായട്ടല്ലെന്ന് സർക്കാർ മനസ്സിലാക്കിയിട്ടുണ്ടോ”; “ജില്ലകൾ രൂപീകരിക്കാൻ തീരുമാനിക്കുന്നതിന് മുമ്പ് സംസ്ഥാനത്തെ ജനങ്ങളുടെ അഭിപ്രായം സർക്കാർ അന്വേഷിച്ചിട്ടുണ്ടോ”; “അത്തരം ജില്ലകളുടെ രൂപീകരണം സംസ്ഥാനത്തെ സമാധാനത്തിനും സമാധാനത്തിനും അപകടമുണ്ടാക്കുമെന്നും ഭിന്നതയ്ക്ക് കാരണമാകുമെന്നും സർക്കാർ മനസ്സിലാക്കിയിട്ടുണ്ടോ”. മുഖ്യമന്ത്രിയോടുള്ള ഈ ചോദ്യങ്ങളിൽ ഭാവിയിലേക്കുള്ള മരുന്ന നിറച്ച ചോദ്യങ്ങളായിരുന്നു.

"ഭരണപരമായ നേട്ടവും വികസന പദ്ധതികൾ വേഗത്തിൽ നടപ്പിലാക്കാനുള്ള സാധ്യതയും" പരിഗണിച്ച് പുതിയ ജില്ലകൾ രൂപീകരിക്കുന്നത്, "പൂർണ്ണമായും ഭരണപരമായ ഈ വിഷയത്തിൽ ജനങ്ങളുടെ അഭിപ്രായം ആരായേണ്ടത് ആവശ്യമാണെന്ന് സർക്കാർ കരുതുന്നില്ല" എന്നായിരുന്നു മുഖ്യമന്ത്രി ഇ എം എസ്സി​ന്റെ മറുപടി.

അക്കാലത്ത് സി പി എമ്മിനോട് ഇടഞ്ഞുനിന്നിരുന്ന കെ പി ആർ ഗോപാലൻ ( അധികം വൈകാതെ അദ്ദേഹം സിപി എം വിട്ട് പുതിയ പാർട്ടി രൂപീകരിച്ചു) പുതിയ ജില്ലാ രൂപീകരണം സംസ്ഥാനത്തെ ഐക്യത്തോടെയുള്ള സാമുദായിക ബന്ധങ്ങളെ തകർക്കുന്നതിലേക്ക് നയിച്ചാൽ സർക്കാരിന് ഉത്തരവാദിത്തമുണ്ടോ എന്ന് ചോദിച്ചു. ഒരു കമ്മീഷന്റെ ആവശ്യകത വീണ്ടും ഉന്നയിച്ചു. അത് സർക്കാർ നിരസിച്ചു. 1968 നവംബർ 6-ന് ജില്ലാ വിഷയം ചർച്ച ചെയ്യുന്നതുമായി ബന്ധപ്പെട്ട് ക്രമപ്രശ്നം ഉന്നയിക്കാൻ കെ പി ആർ ഗോപാലൻ ശ്രമിച്ചു. പെറ്റീഷൻ കമ്മിറ്റിയുടെ പരിഗണനയ്ക്ക് വച്ചിരിക്കുന്നതിനാൽ ജില്ലാ വിഷയം സഭയിൽ ഉന്നയിക്കുന്നത് ശരിയാണോ എന്ന് അദ്ദേഹം ചോദിച്ചു. കഴിഞ്ഞ ദിവസം ജില്ലയെക്കുറിച്ചുള്ള പരാമർശങ്ങൾ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സഭയിലെ ഒരു പ്രശ്നം അടിച്ചമർത്താൻ ഒരു ഹർജി ദുരുപയോഗം ചെയ്യപ്പെടും, ഹർജി സമർപ്പിക്കുന്നതിന് മുമ്പ് സർക്കാർ ഈ വിഷയത്തിൽ ഒരു തീരുമാനത്തിലെത്തിയിരുന്നു. എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടി സർക്കാർ ഈ ആവശ്യങ്ങൾ നിരാകരിച്ചു.

KPR Gopalan, CPM, freedom fitghter
കെ പി ആർ ഗോപാലൻ http://www.niyamasabha.org/

ഗവർണറുടെ നയപ്രഖ്യാപനത്തിലെ മലപ്പുറം ജില്ലയും നന്ദി പ്രമേയ ചർച്ചയിലെ ഇടപെടലുകളും

1969 ജനുവരി 3 ന് നടന്ന ആദ്യ സമ്മേളനത്തിൽ ഗവർണറുടെ നയ പ്രഖ്യാപന പ്രസംഗത്തിൽ പുതിയ ജില്ലകളെ കുറിച്ചുള്ള കാര്യം ഇങ്ങനെ വ്യക്തമാക്കി "ഭരണപരമായ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും പിന്നാക്ക പ്രദേശങ്ങളിൽ ശ്രദ്ധ ചെലുത്തുന്നതിനും, എന്റെ സർക്കാർ രണ്ട് പുതിയ ജില്ലകൾ രൂപീകരിക്കാനും താലൂക്കുകളെയും കമ്മ്യൂണിറ്റി വികസന ബ്ലോക്കുകളെയും ഭരണ യൂണിറ്റുകളായി സംയോജിപ്പിക്കാനും തീരുമാനിച്ചു"

ഇതേ തുടർന്ന് 1969 ജനുവരി 6, 8, 9 തീയതികളിൽ നടന്ന നയപ്രഖ്യാപന പ്രസം​ഗത്തിനുള്ള നന്ദി പ്രമേയം അവതരിപ്പിച്ച കണ്ണൂരിൽ നിന്നുള്ള മുസ്ലീം ലീഗ് അംഗം ഇ.അഹമ്മദോ ചർച്ച അവസാനിപ്പിച്ച മുഖ്യമന്ത്രിയോ അവരുടെ പ്രസംഗങ്ങളിൽ ജില്ലയെക്കുറിച്ച് പരാമർശിച്ചില്ല. ഗവർണറുടെ പ്രസംഗത്തെക്കുറിച്ചുള്ള ചർച്ചയിലാണ് പുതിയ ജില്ലകളുടെ പ്രശ്നം കടന്നുവന്നത്. പി എസ് പി അംഗമായിരുന്ന ജോസഫ് ചാഴിക്കാട്ട് ജില്ലയെ എതിർത്തു.

പിന്നോക്കാവസ്ഥയുടെ അടിസ്ഥാനത്തിൽ ജില്ലകൾ രൂപീകരിച്ചാൽ, കൂടുതൽ അർഹതയുള്ള തലശ്ശേരി (തലശ്ശേരി) പോലുള്ള മറ്റ് മേഖലകളുണ്ടെന്ന് പ്രതിപക്ഷ നേതാവായ കെ. കരുണാകരനും സി പി എം നേതാവ് കെ.പി.ആർ. ഗോപാലനും വാദിച്ചു. സ്വന്തം പാർട്ടി വിപ്ലവ പാതയിൽ നിന്ന് വ്യതിചലിച്ച് മലപ്പുറത്തെ ജനങ്ങളെ അടിമകളാക്കാൻ ശ്രമിക്കുന്നുവെന്ന് കെ.പി.ആർ. ഗോപാലൻ ആരോപിച്ചു .

Joseph Chazhikkattu, PSP
മലപ്പുറം ജില്ലയെ എതിർത്ത് നിയമസഭയിൽ സംസാരിച്ച പി എസ് പി നേതാവ് ജോസഫ് ചാഴിക്കാട്ട്http://www.niyamasabha.org/

കെ. കരുണാകരന്റെ ആരോപണം വിപരീത സ്വഭാവമുള്ളതായിരുന്നു. ഒരു ജില്ല രൂപീകരിച്ചാൽ ഒരു സമൂഹത്തെ സഹായിക്കുമെങ്കിൽ ഒരു പ്രശ്നവുമില്ല, എന്നാൽ മുഖ്യമന്ത്രി ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാട് മാപ്പിള കലാപ അനുഭവത്തെ കമ്മ്യൂണിസ്റ്റ് ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കാൻ ശ്രമിക്കുകയാണെന്ന് കരുണാകരൻ ആരോപിച്ചു.

മലപ്പുറം ജില്ലയ്ക്ക് പിന്തുണ നൽകുന്നതിൽ പി.എസ്. ശ്രീനിവാസൻ, പി.എം. അബൂബക്കർ, പി. ഗോവിന്ദ പിള്ള, എം. ഹക്കിംജി സാഹിബ് എന്നിവർ മുന്നിൽ നിന്നു. 1921-ലെ മാപ്പിള കലാപത്തിന്റെയും പ്രദേശത്തിന്റെ പിന്നാക്കാവസ്ഥയുടെയും ഓർമ്മകൾ സമർത്ഥമായി കോർത്തിണക്കിക്കൊണ്ടാണ് പി എസ് ശ്രീനിവാസൻ പ്രസംഗിച്ചത്. , അദ്ദേഹം പറഞ്ഞു, "ഞാൻ ഈ സ്ഥലത്തേക്ക്- മലപ്പുറം-പോയിട്ടുണ്ട്. അവിടത്തെ റോഡുകൾ! മാപ്പിള കലാപ സമയത്ത് അവ നിർമ്മിച്ചതാണ്, അങ്ങനെ സൈന്യത്തിന് വന്ന് അവിടെയുള്ള ആളുകളെ കൊല്ലാൻവേണ്ടി. ആ പ്രദേശം അവികസിതമാണ്. അവിടെ താമസിക്കുന്ന ഭൂരിപക്ഷം ആളുകളും മുസ്ലീങ്ങളാണ് എന്നതുകൊണ്ട് മാത്രം ഒരു പുതിയ ജില്ല രൂപീകരിക്കാനുള്ള തീരുമാനത്തിലെ ബഹളം എനിക്ക് മനസ്സിലാകുന്നില്ല"

കോൺഗ്രസ് സർക്കാരുകൾ ഭരിക്കുന്ന മഹാരാഷ്ട്രയിലും ആന്ധ്രയിലും യഥാക്രമം പുതിയ താലൂക്കുകളും ജില്ലകളും രൂപീകരിക്കാനുള്ള തീരുമാനങ്ങളും, നാഗാലാൻഡ്, മിസോലാൻഡ്,ഹരിയാന എന്നീ പുതിയ സംസ്ഥാനങ്ങൾ രൂപീകരിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനങ്ങളും അബൂബക്കർ ഉദ്ധരിച്ചു. ജില്ലാ രൂപീകരണത്തിന് മതമോ ജാതിയോ പരിഗണിക്കുന്നില്ലെന്നും മുസ്ലീങ്ങൾ ഭൂരിപക്ഷമായതിനാൽ ഒരു ജില്ലയെ എതിർക്കുന്നതിലൂടെ കോൺഗ്രസ് ഫലത്തിൽ ജനസംഘമായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.

K Karunakaran, Congress, Leader
നിയമസഭയിൽ മലപ്പുറം ജില്ലാരൂപീകരണത്തെ എതിർത്ത് സംസാരിച്ച കോൺഗ്രസ് നേതാവ് കെ കരുണാകരൻExpress phots

മലപ്പുറത്തെ ജനങ്ങളുടെ ചരിത്രം അറിയുന്ന ആർക്കും അവരെ അടിമകളാക്കാൻ കഴിയുമെന്ന് വിശ്വസിക്കാൻ കഴിയില്ലെന്ന് ഹക്കിംജി സാഹിബ് കെ.പി.ആർ. ഗോപാലനോട് മറുപടി പറഞ്ഞു.

പി ഗോവിന്ദ പിള്ള ചരിത്രവും വർത്തമാന സാചര്യങ്ങളും ഉദ്ധരിച്ചായിരുന്നു പ്രസം​ഗിച്ചത്. കോൺഗ്രസിന്റെ കീഴിൽ മുസ്ലീങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ എടുത്തുപറഞ്ഞു, കഴിഞ്ഞ 150 വർഷമായി മലപ്പുറത്തെയും അയൽ പ്രദേശങ്ങളിലെയും ജനങ്ങൾ അടിച്ചമർത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. അടിമത്തത്തിന്റെ ചങ്ങലകൾ പൊട്ടിക്കാൻ കഴിയാതെ, കഴിഞ്ഞ 150 വർഷമായി അവർ പ്രതിഷേധിക്കുകയും അതിന്റെ ഫലമായി അവർക്ക് വളരെയധികം കഷ്ടപ്പെടേണ്ടി വരികയും ചെയ്തു. ഈ രാജ്യത്ത് ഏകദേശം 80 മാപ്പിള കലാപങ്ങൾ ഉണ്ടായിട്ടുണ്ട്. അതിന്റെ ചരിത്രം എല്ലാവർക്കും അറിയാം. കോൺഗ്രസ് സർക്കാർ വന്നപ്പോഴും പ്രതീക്ഷയ്ക്ക് വകയില്ലായിരുന്നു. 1958 വരെ അവരുടെ പള്ളികൾ നന്നാക്കാനുള്ള അവകാശം പോലും കോൺഗ്രസ് അവർക്ക് നൽകിയില്ല. അതുപോലെ, മാപ്പിള നിയമത്തിലെ ദോഷകരമായ വ്യവസ്ഥകൾ റദ്ദാക്കാൻ പോലും കോൺഗ്രസ് തയ്യാറായില്ല. ഇപ്പോൾ, ന്യൂനപക്ഷ താൽപ്പര്യങ്ങളോട് അനുകമ്പയുള്ള ഒരു സർക്കാർ നിലവിൽ വരുമ്പോൾ, പ്രദേശത്ത് മുസ്ലീം ഭൂരിപക്ഷം ഉള്ളതുകൊണണ്ട് മാത്രം നീതി തടയരുതെന്ന് തീരുമാനിച്ചു, അതിനാൽ അവിടെ ഒരു ജില്ല രൂപീകരിക്കാൻ തീരുമാനിച്ചു. വളരെക്കാലമായി അവർ കഷ്ടപ്പെടുന്നുണ്ടെങ്കിലും, അവിടെ മുസ്ലീം ഭൂരിപക്ഷം ഉള്ളതിനാൽ മാത്രം കോൺഗ്രസ് ജില്ലയെ എതിർക്കുന്നതിൽ അതിശയിക്കാനില്ല. കാരണം കോൺഗ്രസ് ഭരണത്തിൻ കീഴിൽ പല സംസ്ഥാനങ്ങളിലും ന്യൂനപക്ഷങ്ങൾക്കെതിരെ നിയമനടപടികളാണ് എടുക്കുന്നത്. എന്ന് അദ്ദേഹം വിശദീകരിച്ചു.

P GovindaPillai, CPM,
മലപ്പുറം ജില്ലയുടെ ആവശ്യകതയെ കുറിച്ച് നിയമസഭയിൽ പ്രസംഗിച്ച പി ഗോവിന്ദപിള്ളExpress Photo Rajeev Prasa

സഭയ്ക്ക് പുറത്തെ സമരം

സഭയ്ക്ക് പുറത്ത് നേരത്തെ തന്നെ അന്നത്തെ കോൺ​ഗ്രസ് നേതാവായിരുന്ന എ സി ഷൺമുഖദാസും സി പി എം നേതാവായിരുന്ന ചാത്തുണ്ണിമാസ്റ്ററും ഉൾപ്പടെ നിരവധി പ്രമുഖരായ രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ മലപ്പുറം ജില്ലയ്ക്ക് വേണ്ടി വാദിച്ചിരുന്നുവെന്ന് മുസ്ലിം ലീ​ഗി​ന്റെ കേരളത്തിലെ ചരിത്രമെഴുതിയ എൻ പി ചേക്കുട്ടി രേഖപ്പെടുത്തുന്നുണ്ട്.

ഈ കോലാഹലങ്ങൾ നടക്കുമ്പോൾ ജില്ലാ രൂപീകരണത്തിനായി അന്നത്തെ സീനിയ‍ർ ഐ എ എസ് ഉദ്യോ​ഗസ്ഥനായിരുന്ന എൻ കാളീശ്വരനെ സർക്കാർ നിയോ​ഗിച്ചു. അദ്ദേഹം 1969 ൽ മേയ് അഞ്ചിന് റിപ്പോർട്ട നൽകി. മുഖ്യമന്ത്രി ഇ എം എസ്, റവന്യൂ മന്ത്രി കെ ആ‍ർ ​ഗൗരിയമ്മ, വിദ്യാഭ്യാസ മന്ത്രി സി എച്ച് മുഹമ്മദ് കോയ എന്നിവരായിരുന്നു ഇത് സംബന്ധിച്ച മന്ത്രിസഭാ ഉപസമിതിയിലെ അം​ഗങ്ങൾ. നൽകിയ റിപ്പോർട്ട് പ്രകാരം 1969 ജൂൺ 16ന് മലപ്പുറം ജില്ല രൂപീകരിച്ചു.

ഇതേ സമയം തന്നെ ജനസംഘം ( ബി ജെ പിയുടെ പഴയ രൂപം) നേതൃത്വത്തിൽ മലപ്പുറം ജില്ലയ്ക്കെതിരെ പ്രക്ഷോഭം ആരംഭിച്ചു. കോൺ​ഗ്രസ് നേതാവും ​ഗാന്ധിയനുമായ കെ. കേളപ്പനെ മുന്നിൽ നിർത്തിയായിരുന്നു കേരളത്തിൽ അവരുടെ സമരം. പഴയ പാകിസ്ഥാൻ വാദത്തോടും മാപ്പിളസ്ഥാന വാദത്തിലെയും പുതിയ രൂപമാണ് മലപ്പുറം ജില്ലയെന്ന് അവർ ആരോപിച്ചു. മലപ്പുറം ജില്ലാ വിരുദ്ധ സമതി എന്നൊരു സംഘടന രൂപീകരിച്ചു. ഇതിൽ പ്രധാനികൾ ജനസംഘവും ചില ഹിന്ദുത്വ സംഘടനകളുമായിരന്നു. അതിൽ കെ കേളപ്പനെ പോലുള്ള കോൺ​ഗ്രസ് നേതാക്കളും പങ്കെടുത്തു. കെ. കേളപ്പനെ രക്ഷാധികാരിയാക്കി. ഒ. രാജ​ഗോപാലായിരുന്നു സംഘടനയുടെ സെക്രട്ടറി. അഡ്വ. കുട്ടിശങ്കരമേനോൻ പ്രസിഡ​ന്റും. പാലക്കാട് സത്യാ​ഗ്രഹം ആരംഭിച്ചു. മാപ്പിളസ്ഥാനോ- മലപ്പുറമോ എന്ന പേരിൽ ലഘുലേഖ പ്രസിദ്ധീകരിച്ചു. അങ്ങനെ ജില്ലയ്ക്കെതിര അതിശക്തമായ ആക്രമണവുമായി ജനസംഘം മുന്നോട്ട് പോയി. ജനസംഘത്തി​ന്റെ പ്രചാരണം കേരളത്തിൽ മാത്രം ഒതുക്കി നിർത്തിയില്ലെന്ന് ഒ. രാജ​ഗോപാൽ ആത്മകഥയിൽ വിശദീകരിക്കുന്നു. അവർ ഡൽഹിയിലും ബോംബെയിലും ഉൾപ്പെടെ എല്ലയിടത്തും പോയി ആളുകളെ കണ്ടു. എം ​ഗോവിന്ദനെ പോലുള്ളവരെ കണ്ടു. എം പി മാരെ കണ്ടു. എം ​ഗോവിന്ദൻ ഉൾപ്പടെയുള്ളവരെ കണ്ട കാര്യവും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. എം ​ഗോവിന്ദനെ പോലുള്ളവർ ഈ നിലപാടിനെ പിന്തുണിച്ചില്ല എന്നത് ചരിത്രം.

ഇതേ സമയം തന്നെ കേരളത്തിലെ കോൺ​ഗ്രസുകാരും മലപ്പുറം ജില്ലയ്ക്കെതിരെ പ്രത്യക്ഷത്തിൽ സമര രം​ഗത്തറിങ്ങി. മലപ്പുറം കുട്ടിപാകിസ്ഥാൻ ആകുമെന്ന വാദത്തിൽ അവരും ഉറച്ചു നിന്നു. അന്ന് കോഴിക്കോട് ഡി സി സി സെക്രട്ടറിയായിരുന്ന ആര്യാടൻ മുഹമ്മദിനായിരന്നു സമര നേതൃത്വം. നിലമ്പൂരിൽ സി പി എമ്മിലെ കെ. കുഞ്ഞാലിയോട് രണ്ടാം മത്സരത്തിലും തോറ്റ് നിൽക്കുകയായിരുന്നു അന്ന് ആര്യാടൻ മുഹമ്മദ്. അദ്ദേഹം ജില്ലാ രൂപീകരണ ദിവസം ഉപവസിച്ചു. കോൺ​ഗ്രസ് നേതാവായിരുന്ന കെ. കേളപ്പനും ജനസംഘം നേതാക്കളും ചേർന്ന് പ്രതിഷേധ ജാഥ നടത്തി. ഉത്തരേന്ത്യയിൽ നിന്നുള്ളവർ വരെ ഈ സമരത്തിൽ പങ്കെടുത്തിരുന്നു. മലപ്പുറവും ഉത്തരേന്ത്യയിലെ ജനങ്ങളും തമ്മിൽ എന്ത് ബന്ധം എന്ന ചോദ്യം ഇപ്പോഴും പ്രസക്തമാകുന്നത് നിലവിൽ മലപ്പുറത്തിനും കേരളത്തിനുമെതിരെ നടക്കുന്ന വിദ്വേഷം നിറഞ്ഞതും തെറ്റായതുമായ പ്രചാരണങ്ങൾ കാണുമ്പോൾ തിരിച്ചറിയാൻ സാധിക്കും. ഇത് ഇന്ന് തുടങ്ങിയ കാര്യങ്ങളല്ല എന്ന്.

മ,മ മലപ്പുറം, ഞ,ഞ ഞങ്ങൾക്ക് വേണ്ട എന്ന മുദ്രാവാക്യവും വിളിച്ച് കുട്ടികളും മുതിർന്നവരും സമരം ചെയ്ത ചരിത്രം പഴയ സി പി ഐ നേതാവും പിന്നീട് മുസ്ലിം ലീ​ഗ് നേതാവും എം എൽ എ യുമായിരുന്ന കെ എൻ എ ഖാദർ ഒരു അഭിമുഖത്തിൽ ഓ‍ർക്കുന്നുണ്ട്. മലപ്പുറം കോട്ടപ്പടിയിൽ നടന്ന സമരത്തിൽ ഉത്തരേന്ത്യക്കാർ മലപ്പുറം ജില്ലക്കെതിരെ സമരം ചെയ്ത കാര്യവും അദ്ദേഹം അതിൽ ഓർമ്മിക്കുന്നുണ്ട്.

k Kelappan, Malppuram, Congress
കെ കേളപ്പൻ

മലപ്പുറം ജില്ലാ രൂപീകരണത്തിന് ശേഷം

മലപ്പുറം ജില്ലയുടെ രൂപീകരണത്തിന് ശേഷം മലനാട് ജില്ല എന്ന ആവശ്യം ഇടുക്കി എന്ന പേരിൽ പുതിയ ജില്ലയായി രൂപീകരിച്ചു. ഇടുക്കി (1972), വയനാട് (1980), പത്തനംതിട്ട (1982), കാസർകോട് (1984) എന്നിവയാണ് കേരളത്തിൽ പിന്നീട് രൂപം കൊണ്ട ജില്ലകൾ. മലപ്പുറമൊഴികെ ഒരു ജില്ലയെ സംബന്ധിച്ചും അവിടുത്തെ മതപരമായ ജനസംഖ്യയുടെ പേരിൽ ആരും എതിർപ്പുമായി മുന്നോട്ട് വന്നിരുന്നില്ല. എന്നാൽ അന്ന് മലപ്പുറത്തെ സംബന്ധിച്ച് ജനംസംഘം ഉന്നയിച്ച ആരോപണങ്ങൾ ഇന്നും പലരൂപങ്ങളിൽ ഇപ്പോഴും പലരും ഉന്നയിക്കുന്നു. ഭരണപരമായ ആവശ്യത്തിനായും വികസനത്തിനും ജനങ്ങളുടെ സൗകര്യത്തിനുമായി രൂപീകരിച്ച ഒരു ജില്ലയുടെ രൂപീകരണം മുതൽ ഇന്ന് വരെ അതിനെ പിന്തുടരുന്ന വർ​ഗീയമായ അധിക്ഷേപം ഒരുപക്ഷേ, ഇന്ത്യയിൽ മറ്റൊരു പ്രദേശത്തിനും നേരിടേണ്ടി വരാത്ത ദുരന്തമാണ്. ജനസംഘം മലപ്പുറത്തിനെതിരെ രം​ഗത്ത് വന്നത് അവരുടെ രാഷ്ട്രീയം ഹിന്ദുത്വത്തിൽ ഊന്നി നിന്ന ഒന്നായതുകൊണ്ടാണ്. അതിൽ അത്ഭുതപ്പെടാനില്ല. എന്നാൽ, ചരിത്രമപരമായി നോക്കിയാൽ കേരളത്തിലെ അന്നത്തെ കോൺ​ഗ്രസ് നേതാക്കളുടെ അടുത്ത അധികാരത്തിലെത്താനുള്ള ശ്രമത്തിൽ സംഭവിച്ച ഒന്നാകാം. പക്ഷേ അത് കേരളത്തി​ന്റെ സോഷ്യൽ ഫാബ്രിക്കിനെ തകർക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷരായ പലരും പല സംഭവങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

സി പി എമ്മിനെ സംബന്ധിച്ചാണെങ്കിൽ രാഷ്ട്രീയമായി കനത്ത തിരിച്ചടിയും നഷ്ടവുമാണ് മലപ്പുറം ജില്ലാ രൂപീകരണം വഴി ഉണ്ടായത്. ജില്ല രൂപീകരിച്ച നാലര മാസത്തിനുള്ളിൽ മുസ്ലീം ലീ​ഗും സി പി ഐയും ആ‍ർ എസ് പിയും പിന്തുണ പിൻവലിക്കുകയും സി അച്യുതമേനോൻ കോൺ​ഗ്രസ് പിന്തുണയോടെ മുഖ്യമന്ത്രിയാവുകയും ചെയ്തു. അതിന് ശേഷവും മലപ്പുറം ജില്ലയിൽ സി പി എമ്മിന് കാര്യമായ വേരോട്ടം ലഭിച്ചതുമില്ല. കൈവശമുണ്ടായിരുന്ന നിലമ്പൂർ മണ്ഡലത്തിലെ ആദ്യ ഉപതെരഞ്ഞടുപ്പിൽ സി പി എം സ്ഥാനാർത്ഥിയായിരുന്ന സി പി അബൂബക്കർ തോൽക്കുകയും ചെയ്തു.

അവലംബം

കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ - ഇ എം എസ്

മുസ്ലിം ലീ​ഗ് കേരള ചരിത്രത്തിൽ - എൻ പി ചേക്കുട്ടി

ജീവിതാമൃതം - ഒ. രാജ​ഗോപാൽ

നിയമസഭയിൽ നിശബ്ദനായി- ആർ പ്രസന്നൻ

മുസ്ലിം ലീ​ഗ് രേഖകൾ

Reading the Malappuram Debate: Postcolonial State and the Ethics of Place-Mohamed Shafeeq K

നിയമസഭാ രേഖകൾ

പത്രവാർത്തകൾ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com