kt jaleel
പിണറായി വിജയന്‍ - കെടി ജലീല്‍ഫയല്‍

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ ആര്‍എസ്എസ് വിരുദ്ധതയ്ക്ക് ഒന്നാം റാങ്ക് പിണറായിക്ക്; മലപ്പുറം കുട്ടിപാകിസ്ഥാന്‍ എന്നുപറഞ്ഞില്ലേ?; ജലീലിന്റെ പ്രസംഗത്തില്‍ ബഹളം

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നുവരെ ഏതെങ്കിലും ആര്‍എ്‌സ് എസ് പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ടോ?
Published on

തിരുവന്തപുരം: മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരെ ജനസംഘത്തിനൊപ്പം ചേര്‍ന്ന് കുട്ടിപ്പാക്കിസ്ഥാന്‍ എന്നു മുദ്രാവാക്യം വിളിച്ചത് ആരാണെന്ന കെടി ജലീലിന്റെ ചോദ്യത്തെ തുടര്‍ന്ന് നിയമസഭയില്‍ ബഹളം. ഇക്കാര്യം സഭാരേഖകളില്‍നിന്നു നീക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. പരിശോധിക്കാമെന്ന് സ്പീക്കര്‍ പറഞ്ഞു.

കെടി ജലീല്‍ അതേ ആരോപണം ആവര്‍ത്തിച്ചപ്പോള്‍ വീണ്ടും ബഹളമുണ്ടായി. സിഎച്ച് മുഹമ്മദ് കോയയുടെ പഴയകാല പ്രസംഗം ചൂണ്ടിക്കാട്ടിയ ജലീല്‍, പികെ ബഷീര്‍ അതൊന്നും വായിച്ചിട്ടുണ്ടാകില്ലെന്നു പറഞ്ഞത് ബഷീറിനെ ചൊടിപ്പിച്ചു. പിന്നാലെ പികെ ബഷീര്‍ ക്ഷുഭിതനായി. ഇതോടെ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് സ്പീക്കര്‍ ജലീലിനോടു പറഞ്ഞു. അണ്‍പാര്‍ലമെന്ററി ആയ വാക്കുകള്‍ രേഖകളില്‍നിന്ന് ഒഴിവാക്കുമെന്ന് സ്പീക്കര്‍ പറഞ്ഞു.

ആര്‍എസ്എസുകാരുടെ ബൈബിളായ ഗോള്‍വാള്‍ക്കാറുടെ വിചാര ധാരയില്‍ അവരുടെ പ്രധാന എതിരാളികളായ മതവിഭാഗങ്ങളായി പറയുന്നത് മുസ്ലീങ്ങളെയും ക്രൈസ്തവരെയുമാണെന്ന് ജലില്‍ പറഞ്ഞു. രാഷ്ട്രീയ എതിരാളികള്‍ ഒരേ ഒരുവിഭാഗത്ത മാത്രമാണ് പറയുന്നത്. അത് കമ്യൂണിസ്റ്റുകാരാണ്. അത്തരത്തിലുള്ള കമ്യൂണിസ്റ്റുകാരുമായി ആര്‍എസ്എസ് ബന്ധം എന്നുപറയുന്നത് എത്രമാത്രം അബദ്ധജഡിലാണ്.

മലപ്പുറം രൂപീകരണവുമായി ബന്ധപ്പെട്ട് ജനസംഘം ഉയര്‍ത്തിയ മുദ്രാവാക്യം മോലോട്ട് നോക്കൂ പള്ളികള്‍, മുന്നിലേക്ക് നോക്കൂ പള്ളികള്‍, പിന്നിലോട്ട് നോക്കൂ പള്ളികള്‍, എല്ലായിടത്തേക്ക് നോക്കിയാലും പള്ളികള്‍; അങ്ങനെ പള്ളികളുള്ള ജില്ല എന്തിന് എന്നായിരുന്നു. ആ ജനസംഘത്തിനൊപ്പം നിന്ന് ഇനി എന്തിന് ഒരുപാകിസ്ഥാന്‍ എന്നു ചോദിച്ച് കൂടെ നിന്നവരാണ് കോണ്‍ഗ്രസുകാര്‍. മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരെ കുട്ടി പാകിസ്ഥാന്‍ എന്നുവിളിച്ചത് ആരാണെന്നും ജലീല്‍ ചോദിച്ചു. മലപ്പുറം ജില്ല രൂപികരിക്കപ്പെടുകയും പാകിസ്ഥാന്‍ കപ്പല്‍ താനൂര്‍ കടക്കുകയും ചെയ്താല്‍ ആ കപ്പല്‍ എത്തുക അറബിക്കടലിന്റെ വിരിമാറിലൂടെയായിരിക്കും. ആ കപ്പലിനെ വെടിവച്ച് ഇടാനാന്‍ ഇന്ത്യയുടെ നാവികപ്പടയ്ക്ക് കഴിയില്ലെങ്കില്‍ അത് പിരിച്ചുവിടാന്‍ പണ്ഡിറ്റ് ജി തയ്യാറാവണമെന്നാണ് അന്ന് സിച്ച് മുഹമ്മദ് കോയ പറഞ്ഞത്.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വന്നപ്പോള്‍ മലബാറിലെ അലിഗഡ് എന്നാണ് പറഞ്ഞത്. 1921ലെ മലബാര്‍ കലാപത്തെ വര്‍ഗീയ ലഹളയാക്കി ചിത്രികരിച്ചത് ആരാണ്. മലബാര്‍ കലാപത്തെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമല്ലെന്ന് 1972 വരെ പറഞ്ഞത് കോണ്‍ഗ്രസാണ്. ജനസംഘത്തിന്റെ കൂടെനിന്ന് മലപ്പുറത്തിന്റെ ഉള്ളടക്കത്തെയും സംസ്‌കാരത്തെയുംഎതിര്‍ത്തത് കോണ്‍ഗ്രസാണ്.

ഈ സഭയില്‍ ആര്‍എസ്എസിന് അനൂകൂലമായ പട്ടികയെടുത്താല്‍ ആരാണ് മുന്നില്‍ നില്‍ക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നുവരെ ഏതെങ്കിലും ആര്‍എ്‌സ് എസ് പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ടോ. ഗോള്‍വാള്‍ക്കറുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുത്ത് പ്രതിപക്ഷനേതാവ് തൊഴുത് നിന്നില്ലേ?. ആര്‍എസ്എസ് വിരുദ്ധര്‍ ആരാണെന്ന് ചോദിച്ചാല്‍ ഉത്തരം ഒന്നേയുള്ളു അത് കമ്യൂണിസ്റ്റുകാരാണ്. ഒരു നേതാവേയുള്ളു. ആര്‍എസ്എസ് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന് അവാര്‍ഡ് കൊടുക്കുകയാണെങ്കില്‍ അത് വാങ്ങാന്‍ അര്‍ഹതയുള്ള ഒരു നേതാവേയുളളൂ. അത് പിണറായി വിജയനാണെന്നും ജലീല്‍ പറഞ്ഞു

ഇഎംഎസ് മുഖ്യമന്ത്രിയായത് കൊണ്ടാണ് മലപ്പുറം ജില്ല രൂപീകരണത്തില്‍ പങ്കാളിയാകാന്‍ ലീഗിന് കഴിഞ്ഞതെന്ന് എംബിരാജേഷ് പറഞ്ഞു. മലപ്പുറം ജില്ലാ രൂപീകരണത്തിന് എതിരായി വഴിക്കടവില്‍നിന്ന് ആരംഭിച്ച കോണ്‍ഗ്രസ് ജാഥയുടെ നേതാവ് ആര്യാടനായിരുന്നു. വിജെടി ഹാളില്‍ മലപ്പുറം ജില്ലയ്‌ക്കെതിരെ കണ്‍വെന്‍ഷന്‍ നടന്നു. അത് ഉദ്ഘാടനം ചെയ്തത് എബി വാജ്‌പേയാണെന്നും രാജേഷ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com