vellappally natesan: 'മലപ്പുറം ആരുടെയും സാമ്രാജ്യമല്ല, ലീഗ് മത പാര്‍ട്ടി തന്നെ'; ഒരു വാക്കു പോലും പിന്‍വലിക്കാന്‍ തയ്യാറല്ല: വെള്ളാപ്പള്ളി

വിവാദ മലപ്പുറം പരാമര്‍ശത്തില്‍ വിശദീകരണവുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍
Vellappally clarifies controversial malappuram remark
വെള്ളാപ്പള്ളി നടേശന്‍വിഡിയോ സ്ക്രീൻഷോട്ട്
Updated on
2 min read

മലപ്പുറം: വിവാദ മലപ്പുറം പരാമര്‍ശത്തില്‍ വിശദീകരണവുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തന്റെ പ്രസംഗത്തിന്റെ ഒരു ഭാഗം അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുകയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. താന്‍ പറഞ്ഞതില്‍ നിന്ന് ഒരു വാക്കു പോലും പിന്‍വലിക്കാന്‍ തയ്യാറല്ലെന്നും വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

'ഞാന്‍ എന്താണ് പറഞ്ഞത്. മലപ്പുറത്ത് സാമൂഹിക നീതി ഇല്ല എന്ന് പറഞ്ഞു. സത്യമല്ലേ. രാഷ്ട്രീയ നീതി ഇല്ല, വിദ്യാഭ്യാസ നീതി ഇല്ല, സാമ്പത്തിക നീതി ഇല്ല. ഞാന്‍ ഒരു സമുദായത്തെയും എതിര്‍ത്തിട്ടില്ല. മുസ്ലീമിനെ ഞാന്‍ എതിര്‍ത്തിട്ടില്ല. അവരോട് വിദ്വേഷം പറഞ്ഞില്ല. ഒരു വിദ്വേഷവും ഒരു സമുദായത്തോടും പറയാതെ മലപ്പുറം ഒരു പ്രത്യേക സമുദായം സംസ്ഥാനമാക്കി വച്ചിരിക്കുന്നു എന്നാണ് പറഞ്ഞത്. അവിടെ ഈഴവര്‍ക്ക് ഒരു ശ്മശാനം പോലുമില്ല. അടിമകളാണ് അവിടെ ഈഴവര്‍. എന്തുകൊണ്ട് ഉടമകള്‍ ആകാന്‍ സാധിക്കുന്നില്ല. കാരണം നമ്മുടെ തന്നെ കുറവാണ് എന്ന് ഞാന്‍ അവിടെ പറഞ്ഞു. മറ്റുള്ളവര്‍ ഒന്നായി നില്‍ക്കുന്നു. ഒന്നായി നിന്ന് നന്നായി. നമ്മുക്ക് എന്തുകൊണ്ട് ഒന്നായിക്കൂടേ എന്ന് പറയുന്നത് വര്‍ഗീയതയാണോ? '- വെള്ളാപ്പള്ളി ചോദിച്ചു.

'അവിടെയെല്ലാം ലീഗ് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുമ്പോള്‍ ഇപ്പുറത്തുള്ള മഹാഭൂരിപക്ഷത്തുള്ളവര്‍ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നില്ല. ഛിന്നഭിന്നമായി നില്‍ക്കുന്നു. ഛിന്നഭിന്നമാക്കാന്‍ നമ്മളെയല്ലേ സാധിക്കൂ.ഇതെല്ലാം തുറന്നുപറഞ്ഞാല്‍ ഞാന്‍ വര്‍ഗീയവാദിയാണോ? ഞാന്‍ സാമൂഹിക നീതിക്ക് വേണ്ടി പറഞ്ഞ വാക്കുകള്‍ അല്ലാതെ ഞാന്‍ ഒരു മുസ്ലീം വിരോധിയുമല്ല. എന്നെ മുസ്ലീം വിരോധിയാക്കി ആണിയടിക്കുകയാണ്. പറഞ്ഞ വാക്കില്‍ നിന്ന് ഒരു വാക്ക് പോലും പിന്‍വലിക്കാന്‍ ഞാന്‍ തയ്യാറല്ല. ആരെയും പ്രകോപിപിപ്പിക്കാന്‍ അല്ല. മതസൗഹാര്‍ദ്ദമാണ് ഞങ്ങളുടെ ലക്ഷ്യം. മതവിദ്വേഷം ഞങ്ങളുടെ മുദ്രാവാക്യമല്ല. എസ്എന്‍ഡിപി യോഗത്തിന്റെ മുദ്രാവാക്യമല്ല. സോദര ചിന്തയില്ലാണ് എസ്എന്‍ഡിപി പ്രവര്‍ത്തിച്ചിട്ടുള്ളത്. സോദര ചിന്തയില്‍ ജീവിക്കുന്ന ഞങ്ങളെ ചൂഷണം ചെയ്ത് നമ്മുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയാണ്. അധികാര സ്ഥാനങ്ങളില്‍ നിന്ന് ആട്ടിയോടിപ്പിക്കുന്ന സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നത്. അത്തരം ഒരു അവസ്ഥ മലപ്പുറത്ത് ഉണ്ടായാല്‍ അത് തുറന്നുപറഞ്ഞാല്‍ ജാതിയല്ല, നീതിക്ക് വേണ്ടിയുള്ള യാചനയാണ്.'- വെള്ളാപ്പള്ളി പറഞ്ഞു.

'മുസ്ലീങ്ങളില്‍ ഒരുപാട് നല്ല ആളുകളുണ്ട്. എന്നാല്‍ ലീഗില്‍ നിന്ന് നീതി ലഭിക്കുന്നില്ല. അവര്‍ അധികാരത്തില്‍ കയറിയിട്ട് എന്തുതന്നു? ഒന്നിച്ച് പോയതല്ലേ? അധികാരം നഷ്ടപ്പെട്ടവര്‍ അടുത്ത തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സമുദായത്തെ കടന്നാക്രമിക്കാന്‍ ശ്രമിക്കുമ്പോള്‍ അത് തിരിച്ചറിയാന്‍ നമുക്ക് സാധിക്കണം. മലപ്പുറം ആരുടെയും സാമ്രാജ്യമല്ല. എല്ലാവരുടെയും കൂടി സാമ്രാജ്യമാണ്. മലപ്പുറത്ത് 56 ശതമാനം മുസ്ലീങ്ങളാണ്. ജില്ലയില്‍ എയ്ഡഡ് കോളജുകള്‍ ഒട്ടുമിക്കതും അനുവദിച്ചിരിക്കുന്നത് മുസ്ലീം സമുദായത്തിനാണ്. മലപ്പുറം ജില്ലയില്‍ എസ്എന്‍ഡിപിക്ക് ഒറ്റ എയ്ഡഡ് കോളജ് പോലും ഇല്ല. ഉള്ള ഒരു അണ്‍ എയ്ഡഡ് കോളജിനെ എയ്ഡഡ് കോളജ് ആക്കി മാറ്റണമെന്ന് പറഞ്ഞിട്ടു പോലും നടപടി ഉണ്ടായില്ല. 56 ശതമാനം ഉള്ള അവര്‍ ഒന്നിച്ചുനില്‍ക്കുന്നു എന്നതിന്റെ പേരില്‍ അവിടെ വരുന്ന മറ്റു 44 ശതമാനക്കാരെ അടിച്ചമര്‍ത്തി കൊണ്ട് എല്ലാം 56 ശതമാനക്കാരന്‍ മേധാവിത്വം സൃഷ്ടിച്ച് കൊണ്ടുപോകുന്നത് എപ്പോഴും നല്ലതല്ല.'- വെള്ളാപ്പള്ളി ഓര്‍മ്മിപ്പിച്ചു.

'അപ്പോഴാണ് ജാതി ചിന്ത ഉണ്ടാവുന്നത്. ജാതി ചിന്ത ഉണ്ടാവുന്നത് എപ്പോഴാണ് നീതി നിഷേധിക്കപ്പെടുമ്പോഴാണ്. ജാതി ചിന്ത ഇല്ലാതിരിക്കാന്‍ എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കണം. മലപ്പുറത്തായാലും ആലപ്പുഴയിലായാലും ജനസംഖ്യ ആനുപാതികമായി നീതി ഉറപ്പാക്കണം. ആലപ്പുഴയില്‍ മഹാഭൂരിപക്ഷവും ഈഴവരാണ്. എന്നിട്ടും ഒരു എംഎല്‍എ മുസ്ലീമല്ലേ? എംപിയായിരുന്നത് മുസ്ലീം സമുദായത്തില്‍ നിന്നല്ലേ. നമുക്ക് ആര്‍ക്കെങ്കിലും എതിര്‍പ്പ് ഉണ്ടായിട്ടുണ്ടോ? എതിര്‍ത്ത് എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ? എന്തുകൊണ്ട് മലപ്പുറത്ത് ഈ സംസ്‌കാരം മുസ്ലീങ്ങള്‍ക്ക് സ്വീകരിച്ചുക്കൂടാ. എന്തുമാത്രം എസ്എന്‍ഡിപിക്കാര്‍ മലപ്പുറത്ത് ഉണ്ട്. പത്തു പഞ്ചായത്ത് മെമ്പര്‍ സ്ഥാനം ഈഴവര്‍ക്ക് കൊടുത്തൂടേ. മലപ്പുറത്ത് ഹിന്ദു ഭൂരിപക്ഷമുള്ള അഞ്ചു നിയോജക മണ്ഡലമുണ്ട്. അവിടെ ഏതെങ്കിലും ഒരു വാര്‍ഡിലേക്ക് ലീഗിന്റെ സ്വന്തം സ്ഥാനാര്‍ഥിയായി ഒരു ഹിന്ദുവിനെ നിര്‍ത്തിക്കൂടേ. ഇതെല്ലാം പറയുന്നത് മതസൗഹാര്‍ദ്ദത്തിന് വേണ്ടിയാണ്.നീതി നിഷേധിക്കപ്പെടുമ്പോള്‍ ജാതി ചിന്ത ഉണ്ടാവും. ഇത് ഒഴിവാക്കാന്‍ തുല്യ നീതി ഉറപ്പാക്കണം.'- വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

'മതേതരത്വം വാ തോരാതെ പറഞ്ഞത് കൊണ്ട് കാര്യമില്ല. ലീഗ് ഒരു മത പാര്‍ട്ടിയാണ് എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. മുസ്ലീം ലീഗ് എന്നാല്‍ മുസ്ലീം കൂട്ടായ്മയാണ്. ആ കൂട്ടായ്മ നല്ലതാണ്. അവരുടെ കാര്യത്തില്‍ ഒന്നായെങ്കില്‍ അവര്‍ നന്നാകും. അത് മുസ്ലീങ്ങളുടെ കൂട്ടായ്മയാണ്. അതിനകത്ത് മതേതരത്വം ഇല്ല. മതേതരത്വം ഉണ്ടായിരുന്നുവെങ്കില്‍ ഒരു എംഎല്‍എയെ നിര്‍ത്തട്ടെ. ഒരു എംപിയെ നിര്‍ത്തട്ടെ. പത്തു പഞ്ചായത്ത് മെമ്പര്‍മാരെ നിര്‍ത്തട്ടെ. ഇതൊന്നും കാണുന്നില്ല. ഇതെല്ലാം പറയുമ്പോള്‍ ഞാന്‍ വര്‍ഗീയവാദിയും അവരെല്ലാം മിതവാദികളുമാണെന്ന് പറയുന്നത് ശരിയല്ല. എല്ലാവരോടും എനിക്ക് പറയാന്‍ ഉള്ളത് ഞാന്‍ ഒരു മതവിദ്വേഷിയല്ല. ക്രിസ്ത്യന്‍ സമുദായത്തെപ്പറ്റിയും ഞാന്‍ പറഞ്ഞിട്ടുണ്ട്.'- വെള്ളാപ്പള്ളി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com