കേരളത്തിൽ വെടിയേറ്റ് മരിച്ച ഏക നിയമസഭാംഗം, അറിയാം നിലമ്പൂരിലെ ആദ്യ എം എൽ എ കുഞ്ഞാലിയെ

കുഞ്ഞാലിയുടെ മരണത്തിന് ശേഷം നിലമ്പൂരിൽ സി പി എമ്മിന് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പരാജയങ്ങളുടെ നീണ്ടനിരയാണുണ്ടായത്. തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ മാത്രമല്ല ആ തിരച്ചടി തുടർന്നത്. 1970 മുതൽ ഇന്ന് വരെയുള്ള കാലയളവിൽ പിന്നെ അരിവാൾ ചുറ്റിക നക്ഷത്രം എന്ന ചിഹ്നത്തിൽ ആ മണ്ഡലത്തിൽ നിന്നും വിജയം കണ്ടിട്ടില്ല.
k kunjali, Nilambur, Nilambur mla 1965,Nilambur by election
Nilambur by election:കെ. കുഞ്ഞാലി നിലമ്പൂരിലെ ആദ്യ എം എൽ എ, ചിത്രം വിക്കിപീഡിയവിക്കിപീഡിയ
Updated on
6 min read

നിലമ്പൂരിൽ 60 വർഷത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തിനിടയിൽ മൂന്നാമത്തെ ഉപതിരഞ്ഞെടുപ്പ് (Nilambur by election) ചൂടിലേക്ക് വീണുകഴിഞ്ഞു. മഴയെയും മറികടന്ന് എൽ ഡി എഫും യു ഡി എഫും തെരഞ്ഞെടുപ്പ് ചൂടേറ്റുവാങ്ങി രം​ഗത്തിറങ്ങിക്കഴിഞ്ഞു. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചുകൊണ്ട് യു ഡി എഫ് മുന്നിലാണ് ഓടുന്നത്. എൽ ഡി എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ബി ജെ പി മത്സരിക്കണമോ വേണ്ടയോ എന്ന ചോദ്യചിഹ്നത്തിൽ ചുറ്റിക്കറങ്ങുന്നു.

നിലമ്പൂരിലെ രാഷ്ട്രീയ കാലാവസ്ഥ ഇങ്ങനെ മാറിവരുമ്പോൾ, ഈ മണ്ഡലം കേരള രാഷ്ട്രീയത്തിൽ രക്തം കൊണ്ടും ത്യാ​ഗം കൊണ്ടും ചരിത്രമെഴുതിയ മണ്ഡലം കൂടിയാണ്. മണ്ഡലത്തി​ന്റെ സാമൂഹിക, സാമ്പത്തിക സമവാക്യങ്ങളും പുറത്തുനിന്നു കാണുന്നത്ര സുതാര്യമല്ല. അവിടുത്തെ ഭൂമിശാസ്ത്രം പോലെ തന്നെ കയറ്റിറക്കങ്ങൾ നിറഞ്ഞതും കണ്ണിൽപെടുന്നതും കാണാതെ പോകുന്നതുമൊക്കെയുണ്ട്.

ഐക്യ കേരള രൂപീകരണ സമയത്ത് നിലമ്പൂർ മണ്ഡലമായി രൂപീകരിച്ചിട്ടില്ലായിരുന്നു. 60 വർഷം മുമ്പ്1965 ലാണ് നിലമ്പൂർ നിയമസഭാ മണ്ഡലമായി മാറിയത്. അതിന് ശേഷം ഈ മണ്ഡലത്തിൽ നടന്ന രണ്ട് ഉപതെരഞ്ഞടുപ്പും കേരളത്തിലെ രാഷ്ട്രീയ ചരിത്രത്തിലെ പ്രധാന സംഭവങ്ങളായി മാറി. 1965ൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥ കലങ്ങിമറിഞ്ഞ നിലയിലായിരുന്നു. രണ്ട് പ്രധാനപാ‍ർട്ടികളായ കമ്മ്യൂണിസ്റ്റ് പാർട്ടിയും കോൺ​ഗ്രസും പിളർപ്പിനെ നേരിട്ട് നിന്ന കാലം. സി പി ഐ പിളരുകയും സി പി ഐ ഉം സി പി എമ്മും രൂപീകരിക്കപ്പെട്ടു. ദേശീയ തലത്തിലായിരുന്നു ഈ പിളർപ്പ്. കോൺ​ഗ്രസിൽ കേരളത്തിലുണ്ടായ പിളർപ്പിനെ തുടർന്ന് കോൺ​ഗ്രസിൽ നിന്ന് പോയ ഒരു വിഭാ​ഗം കേരളാ കോൺ​ഗ്രസ് എന്ന പാർട്ടി രൂപീകരിക്കുകയും ചെയ്ത കാലമാണ്. എല്ലാപാർട്ടികളും സ്വന്തം ശക്തിതെളിയിക്കാനുള്ള മത്സരം മാത്രമല്ല, പിളർപ്പിനെ തുടർന്ന് തങ്ങളുടെ ശക്തി തെളിയിക്കാനുള്ള അവസരമായി നാല് പാർട്ടികളും കണ്ട തെരഞ്ഞെടുപ്പു കൂടിയായിരുന്നു അത്.

അന്ന് നിലമ്പൂരിൽ ആരാകണം സ്ഥാനാർത്ഥി എന്ന കാര്യത്തിൽ സി പി എമ്മിന് ഒട്ടും ആശങ്ക ഉണ്ടായിരുന്നില്ല, ഏറനാട്ടിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കാൻ അക്ഷീണം പ്രയത്നിച്ച തൊഴിലാളി നേതാവ് കരിക്കാടൻ കുഞ്ഞാലി എന്ന കെ. കുഞ്ഞാലിയെ സ്ഥാനാ‍ർത്ഥിയാക്കാൻ സി പി എം തീരുമാനിച്ചു. നാൽപ്പതുകാരനായ കുഞ്ഞാലി പോരാട്ടത്തിനിറങ്ങിയപ്പോൾ അതേ തലമുറയിൽപ്പെട്ട കോൺ​ഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ ഡിസി സി പ്രസിഡ​ന്റുമാരിലൊരാളായി ശ്രദ്ധ നേടിയ ആര്യാടൻ മുഹമ്മദിനെയാണ് കോൺ​ഗ്രസ് രം​ഗത്തിറക്കിയത്. സജീവ രാഷ്ട്രീയ പ്രവർത്തന പാരമ്പര്യമുള്ള ഹമീദലി ഷംനാട് ആയിരുന്നു മുസ്ലിം ലീ​ഗ് സ്ഥാനാർത്ഥി. തീതുപ്പുന്ന പ്രസം​ഗങ്ങളും കോർണർ യോ​ഗങ്ങളുമായി അന്ന് നടന്ന തെരഞ്ഞെടുപ്പിൽ വിജയം കെ. കുഞ്ഞാലിക്കായിരുന്നു. പോൾ ചെയ്തതിലെ ഏകദേശം പകുതിയോളം വോട്ടുകൾ കുഞ്ഞാലിക്കായിരുന്നു. ,7,161 വോട്ടിനാണ് അദ്ദേഹം ജയിച്ചത് .

കുഞ്ഞാലിക്ക് 17,914 വോട്ട് ലഭിച്ചപ്പോൾ തൊട്ടടുത്ത എതിർ സ്ഥാനാർത്ഥിയായിരുന്ന ആര്യാടൻ മുഹമ്മദിന് 10,753 വോട്ടാണ് ലഭിച്ചത്. മൂന്നാമതെത്തിയ മുസ്ലിം ലീ​ഗി​ന്റെ ഹമീദലി ഷംനാടിന് 8,868 വോട്ടും. ആ വർഷം ഒരു പാർട്ടിക്കും ഭൂരിപക്ഷമില്ലാതെ വന്നതിനാൽ നിയമസഭ ചേർന്നില്ല. തുടർന്ന് 1967 ൽ വീണ്ടും തെരഞ്ഞെടുപ്പ് നടന്നു. അന്നും മുഖ്യ എതിരാളികൾ സി പി എമ്മിലെ സഖാവ് കുഞ്ഞാലിയും കോൺ​ഗ്രസിലെ ആര്യാടൻ മുഹമ്മദുമായിരുന്നു. ആ തെരഞ്ഞെടുപ്പിലും വിജയം കുഞ്ഞാലിക്കൊപ്പമായിരുന്നു. മാത്രമല്ല, വോട്ടുവിഹിതവും ഭൂരിപക്ഷവും ഒരുപോലെ വർദ്ധിപ്പിച്ചായിരുന്നു അദ്ദേഹത്തി​ന്റെ രണ്ടാം ജയം. ഭൂരിപക്ഷം ഏഴായിരത്തിൽ നിന്നും 9,789 ആക്കി മാറ്റിയായിരുന്നു നിയമസഭയിലേക്കുള്ള കുഞ്ഞാലിയുടെ രണ്ടാം വരവ്.

ബീഡിതെറുപ്പ്, സൈനിക ജീവിതം, ആദ്യ അറസ്റ്റ്

കരിക്കാടൻ കുഞ്ഞിക്കമ്മദിന്റേയും അമ്പലൻ ആയിഷുമ്മയുടേയും ഏക മകനായി 1924 ൽ കൊണ്ടോട്ടിയിലായിരുന്നു കുഞ്ഞാലിയുടെ ജനനം. കുഞ്ഞാലിയുടെ നന്നേ ചെറുപ്പത്തിൽ തന്നെ പിതാവ് മരണമടഞ്ഞു. പിന്നീട് ആയിഷുമ്മയാണ് മകനെ വളർത്തിയത്. അക്കാലത്ത് കേരളത്തിലെ, പ്രത്യേകിച്ച് മലബാർ ഭാ​ഗത്തെ പ്രധാന തൊഴിലുകളിലൊന്നായിരന്നു ബീഡിതെറുപ്പ്. വീടിനടുത്തുള്ള മുഹമ്മദ് എന്ന പരിചയക്കാരനൊപ്പം ബീഡി തെറുപ്പിൽ കുഞ്ഞാലി സഹായിയായി ചേർന്നു. ഇതുകൊണ്ട് വീട്ടിലേക്ക് ചെറിയൊരു സാമ്പത്തിക സഹായം കൊടുക്കാൻ കുഞ്ഞാലി എന്ന സ്കൂൾ കുട്ടിക്ക് സാധിച്ചു, അതിനപ്പുറം അവിടുത്തെ ചർച്ചകളിൽ നിന്ന് ലോകവിവരവും രാഷ്ട്രീയ കാര്യങ്ങളും മനസ്സിലാക്കാനും സാധിച്ചു. ഇതിനിടയിൽ ലോകരാഷ്ട്രീയവും മാറിമറിയുന്നുണ്ടായിരുന്നു. കുഞ്ഞാലി ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊള്ളുന്നത്.

1943ൽ കുഞ്ഞാലി പട്ടാളത്തിൽ ചേർന്നു വ്യോമസേനയിലായിരുന്നു നിയമനം. കുറച്ചുവ‍ർഷങ്ങൾക്ക് ശേഷം കുഞ്ഞാലിയുടെ കമ്മ്യൂണിസ്റ്റ് പാർട്ടി ബന്ധം മനസ്സിലാക്കിയ ബ്രിട്ടീഷുകാർ കുഞ്ഞാലിയെ പട്ടാളത്തിൽ നിന്നും പിരിച്ചുവിട്ടു. മൂന്ന് വർഷത്തോളം നീണ്ടു നിന്ന സൈനിക സേവനം അവസാനിപ്പിച്ച് തിരിച്ചെത്തിയ കുഞ്ഞാലി, നാട്ടിലെ രാഷ്ട്രീയ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി. വിമുക്തഭടന്മാരെ സംഘടിപ്പിക്കുക, അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻകൈ എടുക്കുക എന്നതായിരുന്നു ഒരു പരിപാടി. ഇത് വളരെയധികം ശ്രദ്ധയാകർഷിച്ച പരിപാടിയായിരുന്നു.

അന്ന് മലാബർ ബ്രിട്ടീഷ് പ്രസിഡൻസിയുടെ കീഴിലായിരുന്നു. അ വിടം ഭരിച്ചിരന്ന മദ്രാസ് ​ഗവർണ്ണർ കൊണ്ടോട്ടി സന്ദർശിച്ചപ്പോൾ ​ഗവർണ്ണർ ​ഗോബാക്ക് എന്ന് വിളിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർ പ്രതിഷേധിച്ചു. ഇതിൽ അറസ്റ്റിലായവരിൽ കുഞ്ഞാലിയുമുണ്ടായിരുന്നു. കുഞ്ഞാലിയുടെ ആദ്യത്തെ അറസ്റ്റായിരുന്നു അത്.

തൊഴിലാളി നേതാവായുള്ള വളർച്ച

മലബാറിൽ മാത്രമല്ല, മം​ഗലാപുരത്തും മൈസൂരിലും പണ്ട് ബീഡികമ്പനികൾ വ്യാപകമായി ഉണ്ടായിയരുന്നു. രണ്ടിടത്തും മലയാളികളായ തൊഴിലാളികളും കന്നഡി​ഗ തൊഴിലാളികളും ഒരുപോലെ ഉണ്ടായിരുന്നു. മൈസൂരിൽ 62 ബീഡി കമ്പനികളാണ് 1940കളിൽ ഉണ്ടായിരുന്നത്. അവിടെ കൂലിക്കൂടുതലിനായി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ സമരം ആരംഭിച്ചു. യൂണിയൻ നേതാവിനെ ​ഗുരുതരമായ ആരോ​ഗ്യ പ്രശ്നങ്ങളോടെ ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നപ്പോൾ ആര് നേതൃത്വം ഏറ്റെടുക്കും എന്ന ചർച്ച ഉയർന്നു വന്നു. അന്ന് കൊണ്ടോട്ടിയിൽ സജീവമായി പ്രവർത്തിച്ചിരുന്ന കുഞ്ഞാലി എന്ന യുവാവിലേക്കാണ് പാർട്ടിയുടെ ശ്രദ്ധ തിരിഞ്ഞത്. കേരളം കണ്ട മികച്ച തൊഴിലാളി നേതാക്കളിലൊരാളിലേക്കുള്ള തുടക്കമായിരുന്നു ആ കാലം. കന്നഡയും മലയാളവും സംസാരിക്കുന്ന രണ്ട് സംസ്കാരങ്ങളും ഉള്ള തൊഴിലാളികൾ. ഇരുകൂട്ടരുടെയും പ്രിയങ്കരനായ തൊഴിലാളി നേതാവായി അധികം വൈകാതെ കുഞ്ഞാലി മാറി.

മൈസൂരിൽ പാർട്ടി എൽപ്പിച്ച ദൗത്യം വിജയകരമായി നിർവഹിച്ച് കുഞ്ഞാലി തിരിച്ചെത്തുമ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധനം നിലവിൽ വന്നു. അറസ്റ്റ്, ജയിൽ എന്നവിയൊക്കെ കഴിഞ്ഞ് നാട്ടിൽ വീണ്ടും സജീവമായി രാഷ്ട്രീയ പ്രവർത്തനം നടത്തുമ്പോഴാണ് പുതിയ ചുമതല കുഞ്ഞാലിയെ തേടി വന്നത്. കിഴക്കൻ ഏറനാട് മേഖലയിൽ പതിനായിരക്കണക്കിന് തൊഴിലാളികളാണ് തോട്ടം മേഖലകളിൽ ജോലി ചെയ്തിരുന്നത്. കണ്ണൂരിലെ പയ്യന്നൂരിൽ നിന്നുള്ള ഈശ്വരൻ നമ്പൂതിരിയായിരുന്നു അവിടെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തൊഴിലാളി സംഘടനയുടെ സംഘാടകൻ. അദ്ദേഹത്തിന് അവിടെ നിന്നും തിരികെ കണ്ണൂരിലേക്ക് പോകേണ്ടി വന്നപ്പോൾ പകരം ആര് എന്ന ചോദ്യത്തിന് കുഞ്ഞാലി എന്ന ഉത്തരമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കുണ്ടായിരുന്നത്.

കേരള, കുണ്ടോട, ആർത്തല, മധുമല, കാട്ടുരയ്ക്കൽ, മുണ്ടേരി, പുല്ലങ്കോട്, ഇടിവണ്ണ തുടങ്ങിയ എസ്റ്റേറ്റുകളിലെ തൊഴിലാളികളായിരുന്നു കരുവാരക്കുണ്ട്, കാളികാവ്,ചോക്കാട്, കരുളായി, നിലമ്പൂ‍ർ, വഴിക്കടവ്, ചുങ്കത്തറ, എടക്കര, മരുത, അമരമ്പലം, പോത്തുകല്ല് തുടങ്ങി പിന്നീട് നിലമ്പൂർ മണ്ഡലത്തി​ന്റെ ഭാ​ഗമായി മാറി പ്രദേശങ്ങളിലെ ജനജീവതത്തിലെ നിർണ്ണായക പങ്ക് വഹിച്ചിരുന്നവർ. എന്നാൽ, ഇവർ പലപ്പോഴും അടിമതുല്യമായാണ് എസ്റ്റേറ്റ് ഉടമകളും അവരുടെ മാനേജർമാരും തോട്ടം സൂപ്രണ്ടുമാരും കൈകാര്യം ചെയ്തിരുന്നത്. കുഞ്ഞാലിയുടെ സജീവമായ ഇടപെടലിലൂടെ എ ഐ ടി യു സി എന്ന കമ്മ്യൂണിസ്റ്റ് പാർട്ടി യൂണിയന് കൂടുതൽ ശക്തി കൈവന്നു. തൊഴിലാളികളുടെ ആവശ്യങ്ങൾക്കായി മുന്നിൽ നിന്ന് വാദിക്കാനും അക്രമിക്കാൻ വരുന്നവരെ എതിരിട്ട് നിൽക്കാനും കുഞ്ഞാലി മുന്നിൽ നിന്നതോടെ ജന്മിമാർക്കും ഉടമകൾക്കും മാത്രമല്ല, അവരുടെ ഇടനിലക്കാർക്കും മറ്റ് ഉദ്യോ​ഗസ്ഥർക്കും തൊഴിലാളികളോടുള്ള സമീപനത്തിൽ മാറ്റം വരുത്തേണ്ടി വന്നു. ഇങ്ങനെ കുഞ്ഞാലിയും എ ഐ ടിയുസിയും ഏറനാട്ടിലെ തൊഴിലാളികളുടെ പ്രതീക്ഷയായി മാറി. എന്താവശ്യത്തിനും സമീപിക്കാവുന്ന നേതാവ് എന്ന നിലയിൽ കുഞ്ഞാലി തൊഴിലാളികൾക്കൊപ്പം നിന്നു. കിഴക്കനേറനാടിനെ മാറ്റിമറിച്ച ഭൂസമരത്തിലും കുഞ്ഞാലിയുടെ പങ്ക് അവിസ്മരണീയമാണ്. ഇങ്ങനെ ജനകീയനായ തൊഴിലാളി നേതാവും രാഷ്ട്രീയ പ്രവർത്തകനുമായി മാറിയ കുഞ്ഞാലി ഏറനാട്ടിലെ വീരനായകനായി.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ സാന്നിദ്ധ്യം

ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷം നടന്ന ആദ്യ പാർലമെ​ന്റ് തെരഞ്ഞെടുപ്പിൽ മലപ്പുറം പാർലമെ​ന്റ് മണ്ഡലത്തിൽ നിന്ന് കുഞ്ഞാലിയെ മത്സരിപ്പിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി തീരുമാനിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിരോധനത്തെ തുടർന്ന ജയിലിലായിരുന്ന കുഞ്ഞാലി മോചിതനായി തൊട്ടുപിന്നാലെയായിരുന്നു തെരഞ്ഞെടുപ്പ്. ഇന്നത്തെ മലപ്പുറം ജില്ലയുടെ ഭൂരിഭാ​ഗം പ്രദേശങ്ങളും ഉൾപ്പെട്ടതായിരുന്നു ആ ലോകസഭാ മണ്ഡലം. 52,000 വോട്ടുകൾ നേടിയെങ്കിലും കുഞ്ഞാലി പരാജയപ്പെട്ടു. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് വർഷം കഴിഞ്ഞപ്പോൾ 1954 ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് തെരഞ്ഞെടുപ്പ് വന്നു. പാർട്ടി ആ തെരഞ്ഞെടുപ്പിലും കുഞ്ഞാലിയോട് മത്സരിക്കാൻ നിർദ്ദേശിച്ചു. ആ തെരഞ്ഞെടുപ്പിലും മത്സരിച്ചുവെങ്കിലും അദ്ദേഹം പരാജയപ്പെട്ടു. എട്ട് വർഷത്തിന് ശേഷം 1963 ൽ എല്ലാ പഞ്ചായത്തുകളിലും തെരഞ്ഞെടുപ്പ് നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. അന്ന് കാളികാവ് പഞ്ചായത്തിലേക്ക് കുഞ്ഞാലി മത്സരിക്കണമെന്നായിരുന്നു പാ‍ർട്ടി തീരുമാനം. അവിടെ വിജയിച്ച കുഞ്ഞാലി, കാളികാവ് പഞ്ചായത്ത് പ്രസിഡ​ന്റായി. അന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയും മുസ്ലിം ലീ​ഗും സഖ്യകക്ഷികളായാണ് മത്സരിച്ചത്.

കുഞ്ഞാലി കാളികാവ് പഞ്ചായത്ത് പ്രസിഡ​ന്റായി ചുമതലയേൽക്കുമ്പോൾ അന്നത്തെ പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസറായിരുന്നത് പിന്നീട് കോൺ​ഗ്രസ് നേതാവും, അതിന് ശേഷം സി പി എം നേതാവും മന്ത്രിയുമൊക്കെയായ ടി കെ ഹംസയായിരുന്നു.

സ്ഥാനാർത്ഥി ജയിലിൽ തെരഞ്ഞെടുപ്പ് ​ജനം ജയിപ്പിച്ചു

സി പി ഐയുടെ പിളർപ്പ് മുർദ്ധന്യത്തിലെത്തി നിൽക്കുന്ന സമയത്തായിരുന്നു ഇന്ത്യ- ചൈന യുദ്ധം. അന്ന് സി പി ഐയുടെ ഡാങ്കേ പക്ഷ നിലപാടുകളോട് വിയോജിപ്പുള്ളവരെ ചൈനീസ് ചാരന്മാരെന്ന് മുദ്രകുത്തി അറസ്റ്റ് ചെയ്ത് ജയിലടച്ചിരുന്നു. ദേശീയ നേതാക്കളും സംസ്ഥാന നേതാക്കളും മാത്രമല്ല, പ്രാദേശിക തലത്തിൽ പ്രവർത്തിച്ചിരുന്നവരും ജയിലിലായിരുന്നു. അങ്ങനെ ജയിലിലടച്ചവരിൽ കുഞ്ഞാലിയും ഉണ്ടായിരന്നു. ജയിലിൽ കിടന്നുകൊണ്ടായിരന്നു 1965 ലെ മത്സരം. കോൺ​ഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിനെ തോൽപ്പിച്ചുകൊണ്ട് കുഞ്ഞാലി ജയിച്ചു. കുഞ്ഞാലി ഉൾപ്പടെ 29 സി പി എമ്മുകാരാണ് ജയിലിൽ കിടന്നുകൊണ്ട് മത്സരിച്ച് ജയിച്ചത്. അത്തവണ ആർക്കും ഭൂരിപക്ഷമില്ലാത്തിതിനാൽ നിയമസഭ ചേർന്നില്ല. ചൈനയുദ്ധ സമയത്ത് രാജ്യരക്ഷാനിയമമനുസരിച്ച് അറസ്റ്റ് ചെയ്തവരെയയൊക്കെ 1966ൽ ജയിൽ മോചിതരാക്കി. 1967 ലെ തെരഞ്ഞെടുപ്പിൽ വീണ്ടും നിലമ്പൂരിൽ കുഞ്ഞാലി ആര്യാടനെ തോൽപ്പിച്ചു.

കുഞ്ഞാലിക്ക് വെടിയേൽക്കുന്നു

കുഞ്ഞാലി കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും തൊഴിലാളിനേതാവുമായി മാറിയതിനൊപ്പം മിക്കവാറും തോട്ടങ്ങളിലെ ശക്തമായ തൊഴിലാളി സംഘടനയായി എ ഐ ടിയുസി യും മാറിയിരന്നു. സി പി ഐ പിളരുകയും സി പി ഐയും സി പി എമ്മും രൂപീകരിക്കപ്പെടുകയും ചെയ്തുവെങ്കിലും കുറേക്കാലം കൂടി ഒറ്റ തൊഴിലാളി സംഘടന മാത്രമേ രണ്ട് പാർട്ടികൾക്കും കൂടി ഉണ്ടായിരുന്നുള്ളു. കുഞ്ഞാലിയുടെ കൊലപാതകത്തിന് ശേഷമാണ് സി ഐ ടി യു എന്ന സംഘടന രൂപം കൊള്ളുന്നതും. അതുകൊണ്ട് തന്നെ സി പി എമ്മായിരിക്കുമ്പോഴും കുഞ്ഞാലി എ ഐ ടി യു സിയുടെ നേതാവായിരുന്നു.

കുഞ്ഞാലിയുടെ പല യാത്രകൾക്കിടയിലും അദ്ദേഹത്തിന് വെടിയേറ്റോ എന്ന് അന്വേഷിച്ചുകൊണ്ട് കോഴിക്കോടുള്ള മാതൃഭൂമി, ദേശാഭിമാനി ഓഫീസുകളിൽ ഫോണുകൾ എത്തുകയും അവർ സിപി എമ്മി​ന്റെ നിലമ്പൂരിലെ പാർട്ടി ഓഫീസിൽ വിളിച്ച് അന്വേഷിക്കുകയും ചെയ്ത സംഭവങ്ങളുണ്ടായിട്ടുണ്ട്. പലതവണ ഈ സംഭവം ആവർത്തിച്ചപ്പോൾ പാർട്ടി കുഞ്ഞാലിയുടെ സുരക്ഷയ്ക്ക് വേണ്ടി പല നടപടികളും സ്വീകരിച്ചു. എന്നാൽ കുഞ്ഞാലി അതെല്ലാം അവ​ഗണിച്ച് മുന്നോട്ട് പോകുകയാണ് ഉണ്ടായത്. അക്കാലത്ത്, ചുള്ളിയോട് എസ്റ്റേറ്റിൽ ഐ എൻ ടി യു സി, എ ഐ ടി യു സി യൂണിയനുകൾ തമ്മിൽ ചില്ലറ അസ്വാരസ്യങ്ങളുണ്ടായി. അതിൽ ഇടപെടാനുള്ള ചുതമല കുഞ്ഞാലിക്ക് നൽകേണ്ടെന്നായിരുന്നു പാർട്ടി തീരുമാനം. സംഘർഷമുള്ള സ്ഥലത്തേക്ക് അദ്ദേഹം പോകേണ്ടതില്ല എന്ന മുൻകരുതലായിട്ടായിരുന്നു അത്. 1969 ജൂലൈ 26 നായിരുന്നു ചുുള്ളിയോടുള്ള തൊഴിലാളികളെ കാണാൻ കുഞ്ഞാലിക്ക് പകരം മറ്റൊരു നേതാവിനെ പാർട്ടി അയച്ചത്.

എന്നാൽ അവിടുത്തെ വിവരങ്ങളറിയാനുള്ള ആ​​ഗ്രഹം നിമിത്തം കുഞ്ഞാലി സന്ധ്യയോടെ അങ്ങോട്ടേക്ക് പോയി. അവിടെ എത്തി പാർട്ടി ഓഫീസിൽ ഉള്ളവരുമായി സംസാരിച്ച് രാത്രി പുറത്തിറങ്ങുമ്പോൾ എതിർവശത്ത് കോൺ​ഗ്രസ് ഓഫീസിൽ ആര്യാടൻ മുഹമ്മദ് അടക്കമുള്ളവർ ഉണ്ട്. കുഞ്ഞാലി ജീപ്പിനടുത്തേക്ക് നടക്കുമ്പോൾ കോൺ​ഗ്രസ് ഓഫീസിൽ നിന്ന് പാർട്ടി ഓഫീസ് ഭാ​ഗത്തേക്ക് ആരോ ടോർച്ച് തെളിച്ചു. ആരെടാ എന്ന് ചോദിച്ചു കൊണ്ട് കുഞ്ഞാലി അങ്ങോട്ട് നീങ്ങിയതും കോൺ​ഗ്രസ് ഓഫീസി​ന്റെ ഭാ​ഗത്ത് നിന്നും വെടി പൊട്ടി.നെഞ്ചിൽ വെടിയേറ്റ കുഞ്ഞാലി നിലത്തേക്ക് വീണു. അവിടെ നിന്ന് ജീപ്പിൽ അദ്ദേഹത്തെ നിലമ്പൂർ പ്രാഥമികാരോ​ഗ്യ കേന്ദ്രത്തിലേക്കും അവിടെ നിന്ന് മഞ്ചേരി ആശുപത്രിയിലേക്കും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റി, അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. തുടർന്ന് ആരോ​ഗ്യനില മെച്ചപ്പെട്ടുവരുന്ന സൂചനകൾ കാണിച്ചു. എന്നാൽ രാത്രിയോടെ കുഞ്ഞാലിയുടെ ആരോ​ഗ്യനില മോശമാകുകയും അടുത്ത ദിവസം ജൂലൈ 28 ന് നിര്യാതനായി.

ഈ കേസിൽ ആര്യാടൻ മുഹമ്മദ് കേസിൽ പ്രതിയായി. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ ആര്യാടൻ മുഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. വിചാരണക്കൊടുവിൽ പ്രതിയല്ല എന്ന് കണ്ട് കോടതി നിരുപാധികം വിട്ടയച്ചു. കുഞ്ഞാലിയുമായി പക ഉണ്ടായിരുന്ന ഗോപാലൻ എന്നയാളാണ് കുഞ്ഞാലിയെ വെടിവച്ചത് എന്ന് പിന്നീട് പറയപ്പെട്ടു.എന്നാൽ ഇയാളെ പൊലീസ് പ്രതിചേർത്തിരുന്നില്ല 1971 ഫെബ്രുവരി 12ന് ​ഗോപാലൻ കൊല്ലപ്പെട്ടു. ഈ കേസിൽ സി പി എമ്മുകാരണ് പ്രതികളായത്.

കുഞ്ഞാലിയുടെ മരണ ശേഷം നിലമ്പൂർ രാഷ്ട്രീയത്തിലെ നിറംമാറ്റം

കുഞ്ഞാലി ത​ന്റെ നാൽപ്പത്തിയഞ്ചാം വയസ്സിൽ കൊല്ലപ്പെടുമ്പോൾ ഏറനാട്ടിലെ വീരനായകനായിരുന്നു. ആ വീരനായകത്വം അക്കാലത്ത് തന്നെ അദ്ദേഹത്തിന് ജനമനസ്സുകളിൽ ഇടം നൽകി കൊടുത്തിരുന്നു. കേരളത്തിലെ രാഷ്ട്രീയ ചരിത്രത്തിൽ എതിരാളികളുടെ പകയിൽ കൊല്ലപ്പെട്ട ആദ്യത്തെ എം എൽ എ ആണ് കുഞ്ഞാലി. ഒരു ജനപ്രതിനിധി കൊല്ലപ്പെട്ടതിനെ തുടർന്ന് ആദ്യമായി ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നതും നിലമ്പൂരിലാണ്. കുഞ്ഞാലിയുടെ മരണത്തിന് ശേഷം1970 ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺ​ഗ്രസിലെ എം പി ​ഗം​ഗാധരനാണ് ജയിച്ചത്. അതിന് 1970 ൽതന്നെ നടന്ന പൊതുതെരഞ്ഞെടുപ്പിലും എം പി ​ഗം​ഗാധരൻ ജയിച്ചു. 1977 ൽ ആര്യാടൻ മുഹമ്മദ് മൂന്നാമത്തെ മത്സരത്തിൽ ആദ്യമായി നിലമ്പൂരിൽ നിന്നും ജയിച്ചു. 1980 കോൺ​ഗ്രസ് പിളർന്ന് കോൺ​ഗ്രസ് യു രൂപീകരിച്ചപ്പോൾ അതിനൊപ്പം നിന്ന ആര്യാടൻ മുഹമ്മദ് ആദ്യ ഇ കെ നായനാ‍ർ മന്ത്രിസഭയിൽ അം​ഗമായി. അതേ തുടർന്ന് നിലമ്പൂരിൽ എം എൽ എ ആയ സി ഹരിദാസ് രാജിവെക്കുകയും ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ മുഹമ്മദ് മത്സരിക്കുകയും ചെയ്തു. സി പി എമ്മി​ന്റെയും സി പി ഐയുടെയും പിന്തുണയോടെ ആര്യാടൻ നിലമ്പൂരിലെ രണ്ടാമത്തെ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചു.

കുഞ്ഞാലിയുടെ രക്തസാക്ഷിത്വത്തിന് ശേഷം നിലമ്പൂരിൽ സി പി എമ്മിന് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പരാജയങ്ങളുടെ നീണ്ടനിരയാണുണ്ടായത്. തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ മാത്രമല്ല ആ തിരച്ചടി തുടർന്നത്. 1970 മുതൽ ഇന്ന് വരെയുള്ള കാലയളവിൽ പിന്നെ അരിവാൾ ചുറ്റിക നക്ഷത്രം എന്ന ചിഹ്നത്തിൽ ആ മണ്ഡലത്തിൽ നിന്നും വിജയം കണ്ടിട്ടില്ല. സി പി എം പാർട്ടി സ്ഥാനാ‍ർത്ഥികളെയും സ്വതന്ത്രരെയും നിർത്തി നടത്തിയ പല പരീക്ഷണങ്ങൾക്കൊടുവിലാണ് 2016ൽ പി വി അൻവർ ജയിച്ചത്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും പാർട്ടി ചിഹ്നത്തിൽ സി പി എം ഈ ഉപതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുകയാണ്.

മരണത്തിന് ശേഷം രാഷ്ട്രീയത്തിനപ്പുറത്തേക്ക്

കുഞ്ഞാലി വെടിയേറ്റ് മരിച്ചിട്ട് വർഷങ്ങൾക്കിപ്പിറവും അദ്ദേഹം പല നിലകളിൽ ഓ‍ർമ്മിക്കപ്പെടുന്നു. അദ്ദേഹത്തി​ന്റെ ജീവിതത്തെ ആസ്പദമാക്കി ബഷീർ ചുങ്കത്തറ എഴുതിയ പോരാളി സഖാവ് കുഞ്ഞാലിയുടെ ജീവിത കഥ, തീക്കാറ്റുപോലൊരു ജീവിതം എന്ന ഹംസ ആലുങ്കൽ എഴുതിയ കുഞ്ഞാലിയുടെ ലഘു ജീവിതം. അദ്ദേഹത്തി​ന്റെ ജീവിതം ആസ്പദമാക്കിയ കഥാപ്രസം​ഗം, ഹംസ ആലുങ്കൽ എഴുതിയ ഇൻക്വിലാബ് എന്ന നോവൽ എന്നിവയൊക്കെ കേരളത്തിലെ സാഹിത്യ സാംസ്കാരിക ചരിത്രത്തിൽ കുഞ്ഞാലിയെ അടയാളപ്പെടുത്തി. പരേതനായ തിരക്കഥാ കൃത്ത് ടി എ റസാഖ്, കുഞ്ഞാലിയെ നായകനാക്കി ഒരു സിനിമ ചെയ്യാൻ ആലോചിച്ചിരുന്നു. ആ ചിത്രം ചെയ്യാൻ മമ്മൂട്ടി സമ്മതിച്ചിരുന്നതായി റസാഖിനെ ഉദ്ധരിച്ച് ബിജു ഇബ്രാഹിം റസാഖിനെ കുറിച്ചുള്ള സ്മരണികയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പൂർണ്ണ സമയ രാഷ്ട്രീയക്കാരനായിരുന്ന ഒരു മനുഷ്യൻ ത​ന്റെ പ്രവർത്തനങ്ങളിലൂടെ താനൊരിക്കലും ഇടപെടാതിരുന്ന മേഖലകളിലേക്ക് കൂടി പടർന്നു കയറി അപൂർവ്വം മലയാളി രാഷ്ട്രീയക്കാരിലൊരാൾ കൂടിയാണ് കുഞ്ഞാലി.

അവലംബം :

തീക്കാറ്റുപോലൊരു ജീവിതം- ഹംസ ആലുങ്കൽ

പോരാളി സഖാവ് കുഞ്ഞാലിയുടെ ആത്മകഥ - ബഷീർ ചുങ്കത്തറ

ഏറനാടി​ന്റെ വീരപുത്രൻ

പത്രവാർത്തകൾ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com