
പിണറായി വിജയൻ നേതൃത്വം നൽകുന്ന എൽ ഡി എഫ് സർക്കാരിന്റെ കാലത്ത് നടക്കുന്ന നാലാമത്തെ ഉപതെരഞ്ഞെടുപ്പാണ് നിലമ്പൂരിൽ ജൂൺ 19 ന് നടക്കുന്നത്. നിലമ്പൂർ മണ്ഡലം രൂപീകരിച്ച ശേഷം ഇതുവരെ രണ്ട് ഉപതെരഞ്ഞെടുപ്പുകൾ ഉൾപ്പടെ 16 തെരഞ്ഞെടുപ്പുകളാണ് ഈ മണ്ഡലത്തിൽ നടന്നിട്ടുള്ളത്. പൊതുവിൽ യു ഡി എഫ് മണ്ഡലം എന്ന് വിശേഷിപ്പിക്കപ്പെടുന്ന നിലമ്പൂരിൽ ആദ്യ തെരഞ്ഞെടുപ്പിൽ വിജയിച്ച കെ. കുഞ്ഞാലി മുതൽ 2021 ലെ തെരഞ്ഞെടുപ്പിൽ വിജയിച്ച പി വി അൻവർ വരെയുള്ളവരുടെ ചരിത്രം മറ്റൊരു കഥ പറയുന്നു.
നിലമ്പൂർ മണ്ഡലം രൂപീകരിച്ച ശേഷം നടക്കുന്ന ആദ്യ പൊതുതിരഞ്ഞെടുപ്പ് 1965 ലായിരുന്നു. ആ തിരഞ്ഞെടുപ്പിൽ കേരളം വലിയ രാഷ്ട്രീയമാറ്റങ്ങളോടെയാണ് നേരിട്ടത്. കേരളത്തിലെ പ്രധാന പാർട്ടികളായ സി പി ഐയും കോൺഗ്രസും പിളർപ്പിനെ നേരിട്ട ശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പായിരുന്നു അത്. പിളർപ്പിനെ തുടർന്ന് സി പി ഐയും സി പി എമ്മും പരസ്പരം മത്സരിച്ച ആദ്യ തവണയുമായിരുന്നു അത്. കോൺഗ്രസിൽ നിന്നും പിളർന്ന ഒരു വിഭാഗം രൂപീകരിച്ച കേരളാ കോൺഗ്രസും മത്സരംഗത്തുണ്ടായ തായിരുന്നു കേരളത്തിലെ പൊതുവിൽ നടന്ന തെരഞ്ഞെടുപ്പു കളുടെ സ്വഭാവം.
ആദ്യ തെരഞ്ഞെടുപ്പിൽ സി പി എമ്മിലെ കെ. കുഞ്ഞാലിയാണ് വിജയം നേടിയത്. കോൺഗ്രസിലെ യുവനേതാവായിരുന്ന ആര്യാടൻ മുഹമ്മദിനെ 7,161 വോട്ടിന് തോൽപ്പിച്ചായിരിന്നു കുഞ്ഞാലിയുടെ ജയം. വോട്ടെണ്ണത്തിൽ മാത്രമല്ല, വോട്ടിങ് ശതമാനത്തിലും കുഞ്ഞാലി, ആര്യാടനേക്കാൾ ബഹുദൂരം മുന്നിലായിരുന്നു. മൊത്തം പോൾ ചെയ്ത വോട്ടിന്റെ 41.83% വോട്ടും കുഞ്ഞാലിക്കായിരുന്നു ലഭിച്ചത്. ബാക്കി വോട്ടുകളിൽ 20.71% വോട്ട് മൂന്നാം സ്ഥാനത്തെത്തിയ മുസ്ലിം ലീഗിലെ ഹമീദലി ഷംനാദിനായിരുന്നു. ആര്യാടന് ലഭിച്ചത് 25.11 % വോട്ട് ആയിരുന്നു. എന്നാൽ അത്തവണ ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ സഭ ചേർന്നില്ല. തുടർന്ന് 1967 ൽ വീണ്ടും പൊതുതെരഞ്ഞെടുപ്പ് നടന്നു. അന്നും വിജയം സി പി എമ്മിനൊപ്പമായിരുന്നു. കുഞ്ഞാലി വീണ്ടും സഭയിലെത്തി. അപ്പോൾ ഭൂരിപക്ഷം വീണ്ടും ഉയർന്നു ഭൂരിപക്ഷം 9,789 ആയപ്പോൾ വോട്ടിങ് ശതമാനം 62.04 ശതമാനമായി. രണ്ടാം സ്ഥാനത്ത് എത്തിയ ആര്യാടനും വോട്ടും വോട്ടിങ് ശതമാനവും വർദ്ധിച്ചു.
1970 ൽ രണ്ട് തെരഞ്ഞെടുപ്പുകൾക്ക് നിലമ്പൂർ സാക്ഷ്യം വഹിച്ചു. കെ. കുഞ്ഞാലി എം എൽ എ ആയിരിക്കെ വെടിയേറ്റ് കൊല്ലപ്പെട്ടു. തുടർന്ന നടന്ന ഉപതിരഞ്ഞെടുപ്പിൽ (Nilambur bypoll) കോൺഗ്രസിലെ എം പി ഗംഗാധരൻ വിജയിച്ചു. കുഞ്ഞാലി വധക്കേസിൽ ആര്യാടൻ പ്രതിയായ സാഹചര്യത്തിലാണ് എം പി ഗംഗാധരൻ മത്സരരംഗത്തേക്ക് എത്തുന്നത്. പിന്നീട് മന്ത്രിസഭ വീണതിനെ തുടർന്ന നടന്ന പൊതുതെരഞ്ഞെടുപ്പിൽ എം പി ഗംഗാധരൻ വീണ്ടും കോൺഗ്രസ് സ്ഥാനാർത്ഥിയായി ജയിച്ചു.
അടിയന്തരാവസ്ഥയെ തുടർന്ന് 1977 ൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച ആര്യാടൻ മുഹമ്മദ് മൂന്നാമൂഴത്തിൽ ഇവിടെ നിന്നും വിജയിച്ചു. 1980 ൽ കഥ വീണ്ടും മാറി ഇടതുപക്ഷത്തോടൊപ്പം മത്സരിച്ച കോൺഗ്രസ് ( യു) സ്ഥാനാർത്ഥിയായ സി ഹരിദാസ് ജയിച്ചു. കോൺഗ്രസിലെ ടി കെ ഹംസയെയാണ് അദ്ദേഹം തോൽപ്പിച്ചത്. എന്നാൽ, ആദ്യ ഇ. കെ നായനാർ മന്ത്രിസഭയിൽ അംഗമായ ആര്യാടന് വേണ്ടി ഹരിദാസ് സ്ഥാനമൊഴിഞ്ഞു. കുഞ്ഞാലി വധക്കേസിൽ ആരോപണവിധേയനായ ആര്യാടൻ ഇടതുപക്ഷ പിന്തുണയോടെ നിലമ്പൂരിന്റെ ചരിത്രത്തിൽ അതുവരെ ഉണ്ടായിരുന്ന ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു. എതിരാളിയായ മുല്ലപ്പള്ളി രാമചന്ദ്രനേക്കാൾ 17,841 വോട്ടിനായിരുന്നു ആര്യാടൻ മുഹമ്മദിന്റെ ഉപതിരഞ്ഞെടുപ്പിലൂടെയുള്ള രണ്ടാം ജയം.
എന്നാൽ, 1982 ആയപ്പോൾ ചിത്രം വീണ്ടും മാറി. ആര്യാടൻ കോൺഗ്രസിനൊപ്പം പോയപ്പോൾ കോൺഗ്രസ് നേതാവായിരുന്ന ടി കെ ഹംസ ഇടതുപക്ഷത്തേക്ക് വന്നു. സി പി എമ്മിന്റെ സ്വതന്ത്രനായി മത്സരിച്ച ഹംസ , ആര്യാടനെ തോൽപ്പിച്ച് നിയമസഭയിലെത്തി. നിലമ്പൂരിലെ 60 വർഷത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായിരന്നു അന്ന് ഹംസയ്ക്ക് കിട്ടിയത്- 1,566 വോട്ട്.
ഈ ജയപരാജയങ്ങളുടെ മാറ്റിമറിച്ചിലിന് അവസാനമാകുന്നത് 1987 ലെ തിരഞ്ഞെടുപ്പോടെയാണ്. ൽ ആര്യാടൻ മുഹമ്മദ്, സിപി എം സ്വതന്ത്രസ്ഥാനാർത്ഥിയായിരുന്ന ദേവദാസ് പൊറ്റക്കാടിനെ തോൽപ്പിച്ചുകൊണ്ട് 1987 ൽ ആര്യാടൻ മുഹമ്മദ് തുടങ്ങിയ വിജയയാത്ര 2011 വരെയുള്ള ആറ് തെരഞ്ഞെടുപ്പുകളിൽ ആവർത്തിച്ചു. 2001 ൽ കോൺഗ്രസ് നൂറ് സീറ്റോടെ അധികാരത്തിലെത്തിയപ്പോഴാണ് നിലമ്പൂരിൽ ഏറ്റവും വലിയ ഭൂരിപക്ഷം ഉണ്ടായത്. അന്ന് ആര്യാടൻ മുഹമ്മദിന് 21,620 വോട്ട് ഭൂരിപക്ഷം ലഭിച്ചു. വി എസ് തരംഗം ആഞ്ഞടിച്ച 2006 ൽ ആര്യാടൻ 18,070 വോട്ടിന് ജയിച്ചു. പക്ഷേ 2011 ആയപ്പോൾ ആര്യാടന്റെ ഭൂരിപക്ഷം മൂന്നിലൊന്നിൽ താഴെയായി കുറഞ്ഞു. 5,598 വോട്ടിനായിരുന്നു ജയം.
തൊട്ടടുത്ത തെരഞ്ഞെടുപ്പായപ്പോഴേക്കും ആര്യാടൻ മുഹമ്മദ് സജീവരാഷ്ട്രീയത്തിൽ നിന്നും പിന്മാറുകയും മകൻ ആര്യാടൻ ഷൗക്കത്ത് കോൺഗ്രസ് സ്ഥാനാർത്ഥിയായി നിലമ്പൂരിലെത്തുകയും ചെയ്തു. സി പി എം സ്വതന്ത്രനായി മത്സരിച്ച പി വി അൻവർ 11,504 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു കൊണ്ട് ഏകദേശം കാൽനൂറ്റാണ്ട് നീണ്ടുനിന്ന കോൺഗ്രസ് വിജയത്തിന് വിരാമമിട്ടു. തൊട്ടടുത്ത തിരഞ്ഞെടുപ്പിലും പി വി അൻവർ വിജയിച്ചു. എന്നാൽ, കേരളത്തിൽ എൽ ഡി എഫ് തരംഗം വീശിയ, തുടർഭരണം ലഭിച്ച തെരഞ്ഞെടുപ്പിൽ അൻവറിന്റെ ഭൂരിപക്ഷം 2,700 മാത്രമായി കുറഞ്ഞു. ഇത് നിലമ്പൂരിലെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ഭൂരിപക്ഷമായിരുന്നു.
നിലമ്പൂർ യു ഡി എഫ് മണ്ഡലമോ 60 വർഷത്തെ ചരിത്രം പറയുന്നത് ഇതാണ്. ഒമ്പത് തവണ യു ഡി എഫും ഏഴ് തവണ എൽ ഡി എഫും വിജയം കണ്ടു. അതായത് പൊതുവിൽ യു ഡി എഫ് മണ്ഡലം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ മണ്ഡലത്തിൽ രണ്ട് വിജയത്തിന്റെ മുൻതൂക്കമാണ് കോൺഗ്രസിനുള്ളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ