ഇന്ത്യൻ രാഷ്ട്രീയത്തിലും കേരള രാഷ്ട്രീയത്തിലും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി (Mamata Banerjee) ചില ചലനങ്ങൾ സൃഷ്ടിക്കാറുണ്ട്. എപ്പോഴാണ് എങ്ങനെയാണ് എന്നത് ആണ് പ്രശ്നം.മമതയുടെ സാന്നിദ്ധ്യം കേരള രാഷ്ട്രീയത്തിൽ സജീവമായിചർച്ച ചെയ്യപ്പെട്ടത് നന്ദിഗ്രാം സിംഗൂർ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു.മലയാളത്തിലെ മാധ്യമങ്ങളൊക്കെ ആ വിഷയം സമഗ്രമായി റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് അവിടെ ഭരിച്ചിരുന്ന സിപി എമ്മിലെ ഭരണവുമായി ബന്ധപ്പെട്ട് കേരളത്തെ ബന്ധപ്പെടുത്തുന്നതിനും സി പി എമ്മിന് സ്വാധീനമുള്ള രണ്ട് സംസ്ഥാനങ്ങളുടെ അവസ്ഥ വിലയിരുത്തലുമൊക്കെ അതിൽ കടന്നുവന്നിരുന്നു.
ദേശീയ തലത്തിൽ മന്ത്രിയായും പ്രതിപക്ഷത്തെ പ്രധാന ശക്തിയായും ഒക്കെ മമത പലവേഷങ്ങളിൽ നിറഞ്ഞു നിന്നു. എന്നാലിപ്പോൾ മമതയെടുത്ത രാഷ്ട്രീയക്കളി ഇങ്ങ് കേരളത്തിൽ പ്രതിഫലിക്കുന്നത് മറ്റൊരു രീതിയിലാണ്. ഇത്തവണ സി പി എമ്മിനെ അല്ല അത് ബാധിക്കുക, യു ഡി എഫിലാകും അതിന്റെ അനുരണനങ്ങൾ സൃഷ്ടിക്കുക. കോൺഗ്രസുമായി മമതയക്ക് നല്ലബന്ധമല്ലെങ്കിലും കോൺഗ്രസിലേക്കും യു ഡി എഫിലേക്കും മമതയിലൂടെ പാലമിട്ടവർക്ക് അതൊരു പാരയായിത്തിരാം എന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
ബംഗാളിലെ ദിഘയിൽ ക്ഷേത്രം നിർമ്മിക്കാനുള്ള മമതയുടെ നീക്കങ്ങൾ തുടക്കം മുതൽ തന്നെ വിമർശനങ്ങളേറ്റുവാങ്ങിയിരുന്നു. ദിഘയിൽ പുതുതായി ഉദ്ഘാടനംചെയ്ത ജഗന്നാഥ ക്ഷേത്രത്തിൽ, 2015-ൽ പുരിയിൽ സൂക്ഷിച്ചിരുന്ന ദാരു (മഹാഗണി)വിൽ ദേവതകളെ കൊത്തിയെടുത്തതും, ദേവാലയത്തിന് ജഗന്നാഥ ധാം എന്ന് നാമകരണം ചെയ്തതും വിവാദം സൃഷ്ടിച്ചു.
പ്രശസ്തമായ കടൽത്തീര വിനോദസഞ്ചാര കേന്ദ്രമായ പുർബ മേദിനിപൂർ ജില്ലയിലെ തീരദേശ പട്ടണമായ ദിഘയിൽ അക്ഷയ തൃതീയ ദിനത്തിൽ ഒരു ജഗന്നാഥ ക്ഷേത്രം,പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഉദ്ഘാടനം ചെയ്തത്. തൃണമൂൽ കോൺഗ്രസിന്റെ (ടിഎംസി) "അയോധ്യ നിമിഷം" എന്നാണ് ഏപ്രിൽ 30 ന് ക്ഷേത്രം ഉദ്ഘാടനം ചെയ്ത സംഭവത്തെ രാഷ്ട്രീയ നിരീക്ഷകർ വിശേഷിപ്പിക്കുന്നത്. മുർഷിദാബാദിലെ വർഗീയ കലാപത്തിന് ശേഷം മമത ബാനർജി സർക്കാരിനെതിരെ രംഗത്തിറങ്ങിയ ബിജെപിയെ അയോധ്യാനിമിഷം കൊണ്ട് മമത പ്രതിസന്ധിയിലാക്കി എന്ന് കരുതുന്നവരുമുണ്ട്. മുസ്ലീങ്ങളെ പ്രീണിപ്പിക്കുന്ന രാഷ്ട്രീയം ബിജെപിയുടെ ആക്രമണത്തിന് ഇരയാകുന്ന ഈ സമയത്ത്, രാഷ്ട്രീയമായി നേട്ടമുണ്ടാക്കാൻ അവർ പ്രതീക്ഷിക്കുന്നു. എന്നാൽ നീക്കം ഫലം ചെയ്യുമോ എന്ന ചോദ്യം ഉയരുന്നു. ഇത് ഭക്തിയുടെ അടിസ്ഥാനത്തിലല്ല, ടൂറിസം ലക്ഷ്യമിട്ടുള്ളതാണെന്ന ബി ജെ പി വിമർശനം മറികടക്കാൻ മമതയ്ക്ക് ആകുമോ എന്നതാണ് മറ്റൊരു വിഷയം.
അയോധ്യയിൽ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ബി ജെ പിയുടെ ഗിമ്മിക്കാണ് എന്നായിരുന്നു അന്ന് മമതയുടെ നിലപാട്. സർക്കാർ പണം ചെലവഴിച്ച് ആരാധനാലയം നിർമ്മിക്കുകയും അത് ഭരണാധികാരി ഉദ്ഘാടനം ചെയ്യുന്നതും വിമർശനവിധേയമായത് ആദ്യമായി ബാബറി മസ്ജിദ് പൊളിച്ചിടത്ത് രാമക്ഷേത്രം നിർമ്മിച്ച് ഉദ്ഘാടനം നടപ്പോഴായിരുന്നു. ബംഗാളിൽ മുർഷിദാബാദ് കലാപവും മുസ്ലിം പ്രീണനം എന്ന ബി ജെപി ആരോപണവും ശക്തമായതോടെ മമത, താൻ ഉയർത്തിപ്പിടിച്ച സെക്യുലർ രാഷ്ട്രീയത്തെ മാറ്റിവച്ച് ക്ഷേത്ര രാഷ്ട്രീയത്തിലേക്ക് നീങ്ങുകയായിരന്നു. മമതയുടെ നീക്കം ദീർഘവീക്ഷണമില്ലാത്തതാണെന്ന വിമർശനം മമത അനുകൂലികളിൽ നിന്നു തന്നെ ഉയർന്നു കഴിഞ്ഞു. മമതയെ അനുകൂലിച്ചിരുന്ന ബംഗാളിലെ മാധ്യമ , അക്കാദമിക് രംഗങ്ങളിൽ നിന്നുള്ളവർ സർക്കാർ നേരിട്ട് പണം ചെലവഴിച്ച് ആരാധനാലയങ്ങൾ നിർമ്മിക്കുന്നത് അപകടരമായ പ്രവണതയാണെന്ന് ചൂണ്ടിക്കാട്ടി.
മമതയുടെ ക്ഷേത്ര നിർമ്മാണം ചില പ്രധാന ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ഏറ്റവും ശക്തയായ മതേതരവാദിയായാണ് മമത അറിയപ്പെടുന്നത്. ബി ജെപിയുമായി കൂട്ടുച്ചേർന്ന് 1999 ൽ കേന്ദ്ര മന്ത്രിസഭയിൽ മന്ത്രിയായ ചരിത്രമുണ്ടെങ്കിലും മമതയുടെ മതനിരപേക്ഷ വാദത്തിന് എക്കാലത്തും അംഗീകാരം കിട്ടിയിരുന്നു. എന്നാൽ ആ അംഗീകാരമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. ഇതിന് പ്രധാനമായും കാരണമാകുന്നത്, സർക്കാർ ഫണ്ട് ഉപയോഗിച്ച് ക്ഷേത്രം നിർമ്മിച്ചുവെന്നതും മുഖ്യമന്ത്രി അതിന്റെ ഉദ്ഘാടക ആയി എന്നതുമാണ്. ഈ ചോദ്യങ്ങൾ ബംഗാളിൽ മാത്രമല്ല, ബി ജെ പി ഒഴികെ മമതയുമായി ബന്ധമുള്ള അല്ലെങ്കിൽ മമതയെ അനുകൂലിക്കുന്നവർക്കിടയിലും എതിർക്കുന്നവർക്കിടയിലും ഒരുപോലെ ഉയർന്നു വന്നിട്ടുണ്ട്. മമതയുടെ ഈ തീരുമാനം ബി ജെ പി സർക്കാരിന്റെ നിലപാടുകളെ അനുകൂലിക്കുന്നതാണെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്.
മമതയുടെ കാര്യം നേരത്തെയാണെങ്കിൽ ബംഗാളിലും ചുറ്റുവട്ടത്തും കറങ്ങി തിരിഞ്ഞ് നിൽക്കുന്നതായിരുന്നുവെങ്കിൽ ഇന്നിപ്പോൾ കേരളത്തിനും അതിലൊരു പങ്കുണ്ടാകുന്നുണ്ട്. ഈ ചോദ്യങ്ങളൊക്കെ ഇവിടെയും ഉയർന്നു വരുന്നു. എപ്പോൾ വേണമെങ്കിലുും പ്രഖ്യാപിക്കപ്പെടാവുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മമതയുടെ അയോധ്യ നിമിഷം എങ്ങനെ പ്രതിഫലിക്കുമെന്നാണ് കേരളം രാഷ്ട്രീയം കാത്തിരിക്കുന്നത്. സിപി എം സ്വതന്ത്രനായി മത്സരിച്ച് രണ്ട് തവണ ജയിച്ച പി വി അൻവർ ഭരണകക്ഷിയോട് ഇടഞ്ഞ് എം എൽ എ സ്ഥാനം രാജിവച്ചതിനെ തുടർന്ന് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ളത്.
എൽ ഡി എഫിൽ നിന്നും ഇറങ്ങിയ അൻവർ സ്വന്തം സ്ഥാനാർത്ഥിയെ നിർത്താതെ യു ഡി എഫിനെ അതായത് കോൺഗ്രസ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാനാണ് സാധ്യത. കോൺഗ്രസിന്റേതാണ് സ്ഥാനാർത്ഥിയെങ്കിലും യു ഡി എഫിലെ ഘടകകക്ഷിയായ ലീഗാണ് അവിടുത്തെ പ്രധാന പാർട്ടി. മുസ്ലിം ലീഗും അൻവറും തമ്മിൽ പണ്ട് മുതലേ നല്ലനിലയിലല്ല പോകുന്നത്. മാത്രമല്ല, ലീഗിനെ അടിക്കാൻ എപ്പോഴും വടി വെട്ടിവച്ചിട്ടുള്ള ജമാ അത്തെ ഇസ്ലാമിയും വെൽഫെയർ പാർട്ടിയും ഇവിടെ യു ഡി എഫ് സ്ഥാനാർത്ഥിയെ നിശ്ചയിക്കാനായി അൻവറിനെ പോലെ ശ്രമിക്കുന്നുവെന്ന പരാതിയും ലീഗുകാർക്കിടയിലുണ്ട്. അങ്ങനെയൊക്കെ കലങ്ങി മറിഞ്ഞ് കിടക്കുന്ന സമയത്താണ് മമതയുടെ ബംഗാൾ രാഷ്ട്രീയം കേരളത്തിൽ പ്രസക്തമാകുന്നത്.
എൽ ഡി എഫ് വിട്ട് ഡി എം കെയിൽ ചേരാൻ പിവി അൻവർ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല. ഡി എം കെ എന്നൊരു സംഘടനയൊക്കെയുണ്ടാക്കി ഏതാനും ദിവസങ്ങൾ അൻവർ കാലക്ഷേപം ചെയ്തു. പിന്നീട് തൃണമൂലിൽ ചേർന്ന് സംസ്ഥാന നേതാവായി. സർക്കാർ പണം കൊണ്ട് ക്ഷേത്രം നിർമ്മിക്കുക എന്നതിനെ കോൺഗ്രസ് തള്ളിപ്പറയാൻ സാധ്യയില്ലങ്കിലും ലീഗിനും മറ്റ് മുസ്ലിം സംഘടനകൾക്കും അതുൾക്കൊള്ളാൻ ബുദ്ധിമുട്ടാകും. അതുകൊണ്ടു തന്നെ തൃണമൂൽ കോൺഗ്രസ് നേതാവായ അൻവറിനെ കൂട്ടി ഒരു തിരഞ്ഞെടുപ്പ് നീക്കത്തിനിറങ്ങുന്നത് ലീഗിന് അപകടകരമാകാം എന്നതാണ് നിലവിലെ സ്ഥിതി.
അൻവറിനെ ഒപ്പം കൂടി കുളത്തിൽ ചാടാൻ ലീഗ് ഒരുങ്ങില്ലെന്ന് കരുതാം, പരസ്യമായി അൻവർ ബന്ധം ലീഗിന് ദോഷം ചെയ്തേക്കാം അതുകൊണ്ട് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വന്നാൽ പി വി അൻവറോ അതോ തൃണമൂൽ കോൺഗ്രസ് നേതാവ് അൻവറോ എന്ന ചോദ്യം യു ഡി എഫിന് മുന്നിൽ ഉയരാം. തൃണമൂലിൽ നിന്നുകൊണ്ടുള്ള അൻവറിന്റെ പിന്തുണ യു ഡി എഫിന് ദോഷം മാത്രമേ ചെയ്യുകയുള്ളൂ എന്നാണ് ലീഗുമായി ബന്ധപ്പെട്ടവരുടെ വിലയിരുത്തൽ. പ്രതീക്ഷയർപ്പിക്കുന്ന ഒരു പിടിച്ചെടുക്കൽ മമത കാരണം നഷ്ടമാകുമോ എന്ന ആശങ്കയിലാണ് നിലമ്പൂരിൽ യു ഡി എഫ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ