
കേരള രാഷ്ട്രീയത്തിൽ ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയ മണ്ഡലമാണ് നിലമ്പൂർ. ഇതുവരെ രണ്ട് ഉപതെരഞ്ഞെടുപ്പുകളാണ് അവിടെ നടന്നത്. ഇപ്പോൾ നടക്കുന്നത് മൂന്നാമത്തേതും. ഒന്നാമത്തേയും മൂന്നാമത്തെയും ഉപതെരഞ്ഞെടുപ്പുകൾ (Nilambur by election) വലിയ രാഷ്ട്രീയ കോലാഹലത്തിന് വഴിയൊരുക്കിയതാണെങ്കിൽ രണ്ടാമത്തേത്, അങ്ങനെയായിരുന്നില്ല. ഒരു തെരഞ്ഞെടുപ്പും ദിവസങ്ങൾക്കുള്ളിൽ രാജിയും പിന്നീട് ഉപ തെരഞ്ഞെടുപ്പുമായി മാറിയ ഒന്നായിരുന്നു അത്. 1980 ലായിരുന്നു ആ സംഭവങ്ങളൊക്കെ അരങ്ങേറിയത്.
രാഷ്ട്രീയ രംഗം കലുഷിതമായിരുന്ന 1980 കളുടെ തുടക്കത്തിൽ തന്നെ കേരളത്തിലും അതിന്റെ അലയൊലികൾ ഉണ്ടായി. ദേശീയ തലത്തിൽ കോൺഗ്രസിൽ ഉണ്ടായ പിളർപ്പിൽ കോൺഗ്രസ് ഐ യും കോൺഗ്രസ് (യു) വും ഉണ്ടായ ശേഷമുള്ള തെരഞ്ഞെടുപ്പായിരുന്നു അത്. കേരളത്തിൽ യു വിഭാഗം എ ഗ്രൂപ്പ് ആന്റണി കോൺഗ്രസ് എന്നൊക്കെ പിന്നീട് അറിയപ്പെട്ടു. അപ്പോൾ കോൺഗ്രസിൽ മാത്രമായിരുന്നില്ല പിളർപ്പ്, കേരളാ കോൺഗ്രസ് (എം) , കേരളാ കോൺഗ്രസ് (ജെ) കേരളാ കോൺഗ്രസ് ( ബി) എന്നിങ്ങനെ മൂന്ന് ഭാഗമായിരുന്നു. ഓൾ ഇന്ത്യാ മുസ്ലിം ലീഗ്, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എന്നിങ്ങനെ ലീഗും രണ്ട് പാർട്ടികളായിരുന്നു.
സി പി എം നേതൃത്വം നൽകിയ മുന്നണിക്കൊപ്പമായിരുന്നു കോൺഗ്രസ് യു, സി പി ഐ, കേരളാ കോൺഗ്രസ് (എം), ആർ എസ് പി, കേരളാ കോൺഗ്രസ് (ബി), ഓൾ ഇന്ത്യ മുസ്ലിം ലീഗ് എന്നീ പാർട്ടികൾ. കോൺഗ്രസ് ഐ നേതൃത്വം കൊടുത്ത മുന്നണിയിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലിഗ്, കേരളാ കോൺഗ്രസ് (ജെ), പ്രജാസോഷ്യലിസ്റ്റ് പാർട്ടി, ജനാതാപാർട്ടി ( നാഷണലിസ്റ്റ്) എൻ എസ് എസ് പിന്തുണച്ച എൻ ഡി പി, എസ് എൻ ഡി പി പിന്തുണച്ച എസ് ആർ പി എന്നിവർ ഭാഗമായി. അങ്ങനെ ഇന്ന് കാണുന്നത് പോലെയോ, അതിന് മുമ്പ് കാണാതിരുന്നതുമായ രാഷ്ട്രീയ മുന്നണി സംവിധാനമാണ് 1980 ലെ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഏറ്റുമുട്ടിയത്. അതുവരെ ശത്രുക്കളായിരുന്നവർ മിത്രങ്ങളായി, ഒന്നിച്ചു നടന്നവർ പരസ്പരം പോരടിച്ചു. അങ്ങനെ അപ്രതീക്ഷിതമായ മാറ്റങ്ങൾ.
1980 ൽ ആദ്യം പ്രഖ്യാപിക്കപ്പെട്ടത് ലോകസഭാ തെരഞ്ഞെടുപ്പായിരുന്നു. അന്ന് പൊന്നാനി മണ്ഡലത്തിൽ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് നേതാവായ ജി എം ബനാത്ത് വാലയ്ക്കെതിരെ കോൺഗ്രസ് യു വിന് സീറ്റ് നൽകി. ആര്യാടൻ മുഹമ്മദ് അവിടെ നിന്നും മത്സരിച്ചു. അതേസമയം നിലമ്പൂരിൽ നിന്ന് നിയമസഭയിലേക്ക് നടന്ന മത്സരത്തിൽ കോൺഗ്രസ് ( യു )വിനാണ് മുന്നണി സീറ്റ് നൽകിയത്. അതിൽ സി. ഹരിദാസ് എന്ന പൊന്നാനിക്കാരനായ യുവനേതാവ് എത്തി. കെ എസ് യുവിലൂടെ രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായ ഹരിദാസ്, 6,423വോട്ടിന് കോൺഗ്രസിലെ ടി കെ ഹംസയെ തോൽപ്പിച്ച് നിയമസഭയിലെത്തി. പക്ഷേ, ദിവസങ്ങൾക്കുള്ളിൽ സ്വയം രാജിവച്ച് ഒഴിഞ്ഞു.
ആ രാജിയുടെ കഥ ഹരിദാസ് ഓർമ്മിക്കുന്നത് ഇങ്ങനെ - 45 വർഷം മുമ്പുള്ള സംഭവമാണ്. കോൺഗ്രസ് (യു )ക്കാർ കൂടി ഉൾപ്പെട്ടതായിരുന്നു ആദ്യ ഇ കെ നായനാർ മന്ത്രിസഭ. 1980 ൽ മന്ത്രിസഭ രൂപീകരിക്കുമ്പോൾ ഞങ്ങളുടെ പാർട്ടിയിൽ നിന്ന് ആര്യാടൻ മുഹമ്മദിനെ മന്ത്രിയാക്കാൻ തീരുമാനിച്ചു. ആര്യാടൻ പൊന്നാനിയിൽ ലോകസഭയിലേക്ക് മത്സരിക്കാൻ വേണ്ടി മാറിയതിനാലാണ് എന്നോട് നിലമ്പൂരിൽ മത്സരിക്കാൻ പാർട്ടി പറഞ്ഞത്. ഞാൻ അതനുസരിച്ചാണ് മത്സരിച്ചത്. അന്ന് ഞങ്ങളുടെ ചിഹ്നം ചർക്കയായിരുന്നു. ഗാന്ധിയും ഖാദിയും കോൺഗ്രസിനെയയും എല്ലാം ഓർമ്മിപ്പിക്കുന്ന ചർക്ക. ആര്യാടന് ലോകസഭയയിലേക്ക് പൊന്നാനിയിൽ നിന്ന് മത്സരിച്ചുവെങ്കിലും ബനാത്ത് വാലയോട് ജയിക്കാനായില്ല. ആര്യാടൻ വനം, തൊഴിൽ മന്ത്രിയായി. അപ്പോൾ അദ്ദേഹം നിയമസഭാംഗമല്ല. ഞാൻ പാർട്ടിയോട് പറഞ്ഞു, ആര്യാടൻ ജയിച്ച മണ്ഡലത്തിൽ നിന്നാണ് ഞാൻ ജയിച്ചത്. ഞാൻ രാജിവെക്കാം. പാർട്ടി സമ്മതിച്ചു.
അതൊരു ത്യാഗമൊന്നുമായിരുന്നില്ല. അധികാരത്തിന് വേണ്ടിയല്ല ഞാൻ രാഷ്ട്രീയപ്രവർത്തിനിറങ്ങിയത്. ജനങ്ങൾക്കും പാർട്ടിക്കും വേണ്ടിയാണ്. പാർട്ടി ആര്യാടനോട് മന്ത്രിയാകാൻ പറഞ്ഞു, ആര്യാടൻ മന്ത്രിയാകുമ്പോൾ എം എൽ എ അല്ലാതിനാൽ മത്സരിക്കാൻ മണ്ഡലം വേണം. അത് ആര്യാടൻ തന്നെ 1977 ൽ ജയിച്ച മണ്ഡലം ആകുന്നതല്ലേ നല്ലത്. ഞാൻ മാറി, ആര്യാടൻ മത്സരിച്ചു. 1965 മുതൽ അതുവരെ ആ മണ്ഡലം കണ്ട ഏറ്റവും വലിയ ഭൂരിപക്ഷമായ 17,841 വോട്ടിന് ജയിച്ചു. ആര്യാടൻ അന്ന് തോൽപ്പിച്ചത് യൂത്ത് കോൺഗ്രസ് നേതാവായി തിളങ്ങി നിന്ന മുല്ലപ്പള്ളി രാമചന്ദ്രനെയാണ്. 1980 ജനുവരി 25 നാണ് മുഖ്യമന്ത്രിയും എം എൽ എ മാരും സത്യപ്രതിജ്ഞ ചെയ്തത്. തൊട്ടുപിന്നാലെ ആര്യാടനും മന്ത്രിസഭയിലെത്തി. എം എൽ എ ആയി പത്ത് ദിവസം കഴിഞ്ഞപ്പോൾ ഞാൻ രാജിവച്ചു. നിയമസഭയിലെ രേഖകൾ പ്രകാരം ആ രാജി സ്വീകരിച്ചിരിക്കുന്നത് ഫെബ്രുവരി 25 നാണ്.
ഞാൻ എം എൽ എ സ്ഥാനം രാജിവച്ച് നാട്ടിൽ വീണ്ടും സജീവ രാഷ്ട്രീയപ്രവർത്തനത്തിൽ മുഴുകി. അപ്പോൾ രാജ്യസഭയിൽ വന്ന ഒഴിവിൽ എന്നെ തെരഞ്ഞെടുത്തു. അങ്ങനെ 1980 മുതൽ 1986 വരെ ഞാൻ രാജ്യസഭാംഗമായി തുടർന്നു. ഇതിനിടയിൽ കേരളത്തിലെ കോൺഗ്രസ് വീണ്ടും ഒന്നായി. നാട്ടിൽ തിരികെ എത്തിയ ശേഷം രാഷ്ട്രീയപ്രവർത്തനത്തിൽ സജീവമായി തുടർന്നു. 2000 മുതൽ 2005 വരെ പൊന്നാനി മുനിസിപ്പാലിറ്റിയുടെ അധ്യക്ഷനായിരുന്നു.
ഹരിദാസിന്റെ രാഷ്ട്രീയ ഓർമ്മകളിൽ ഇന്നും നീലനിറമുള്ള ഒരു കൊടി പാറിപ്പറക്കുന്നുണ്ട്. രാഷ്ട്രീയത്തിലേക്കുള്ള വഴിയിൽ എങ്ങനെ എത്തി എന്ന് ചോദിച്ചാൽ ഹരിദാസിന്റെ മുറിയിൽ നിന്ന് നിറം നൽകി രൂപകൽപ്പന ചെയ്ത ആ കൊടിയുടെ ചരിത്രത്തിലേക്ക് നീളും കഥ.
1945 ജൂലായ് 15നു മലപ്പുറം ജില്ലയിലെ പൊന്നാനിയിലെ കാലടി പഞ്ചായത്തിലെ പോത്തനൂരിൽ ജനിച്ച ഹരിദാസ് കോഴിക്കോട് ദേവഗിരി, ഗുരുവായൂരപ്പൻ എന്നിവിടങ്ങളിലെ വിദ്യാഭ്യാസകാലത്താണ് രാഷ്ട്രീയ പ്രവർത്തനത്തോട് താൽപ്പര്യം തോന്നുന്നത്. അങ്ങനെയാണ് എറണാകുളം മഹാരാജാസ് കോളജിൽ എത്തിയത്. അക്കാലത്ത് പിന്നീട് വിദ്യാർത്ഥി രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലുമൊക്കെ തിളങ്ങിയ വയലാർരവി, എ.കെ ആന്റണി, ജോർജ് തരകൻ എന്നിവരോടൊപ്പം എറണാകുളം മഹാരാജാസ് കോളജില്‍ വിദ്യാഭ്യാസം പൂർത്തിയാക്കി. ഈ കാലത്താണ് കേരളത്തിലെ കെ.എസ്.യു വിന്റെ രൂപീകരണം. കെ എസ് യു വിന്റെ പതാക മഹാരാജാസ് കോളജ് ഹോസ്റ്റലിൽ ഹരിദാസിന്റെ മുറിയിലിരുന്നാണ് രൂപകൽപ്പന ചെയ്തത്. തുടർന്ന് ഹരിദാസ് മഹാരാജാസിൽ ആർട്സ് ക്ലബ് സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടു. പഠനം കഴിഞ്ഞ് നാട്ടിൽ മടങ്ങിയെത്തിപ്പോൾ യൂത്ത് കോൺഗ്രസ്സിന്റെ മലപ്പുറം ജില്ലയിലെ ആദ്യ പ്രസിഡന്റായി. പിന്നീട് മലപ്പുറം ഡി സി സി പ്രസിഡന്റ് സ്ഥാനം ചെറുപ്പത്തിൽ തന്നെ തേടിവന്നു- ഹരിദാസ് ഓർമ്മിക്കുന്നു.
ഹരിദാസ് ഇന്നും രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമാണ്. കെ പി സി സി അംഗവും ഐ എൻ ടി യു സി സംസ്ഥാന വൈസ്പ്രസിന്റുമാണ്. വർഗീയതയ്ക്കെതിരായ ഏറ്റവും ശക്തമായ നിലപാട് സ്വീകരിച്ച് ഇന്നും വിവിധ വേദികളിൽ പ്രസംഗിക്കുകയും യാത്രകൾ നടത്തുകയും ചെയ്യുന്നുണ്ട്. വർഗീയതയാണ് രാജ്യത്തിന്റെ മുഖ്യശത്രു അതിനെതിരായ നിലപാടാണ് എല്ലാവരും സ്വീകരിക്കേണ്ടതെന്നാണ് - അദ്ദേഹം ആവർത്തിച്ചു പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ