

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ നാളെ നടത്താൻ നിശ്ചയിച്ചിരുന്ന പ്രിയങ്ക ഗാന്ധിയുടെ പ്രചാരണ പരിപാടികൾ മാറ്റിവച്ചു. ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്ന വിമാനാപകടത്തെ തുടർന്നാണ് പരിപാടി മാറ്റിവച്ചത്. നാളെ നടത്താനിരുന്ന പ്രിയങ്കയുടെ പ്രചാരണ പരിപാടി ഞായറാഴ്ചയിലേക്കാണ് മാറ്റിയത്. യു ഡി എഫ് സ്ഥാനാർത്ഥിയും കെ പി സി സി ജനറൽ സെക്രട്ടറിയുമായ ആര്യാടൻ ഷൗക്കത്തിന്റെ പ്രചാരണത്തിനായി നിലമ്പൂരിൽ എത്താനിരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. നിലമ്പൂർ മണ്ഡലം കൂടി ഉൾപ്പെടുന്ന വയനാട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം പിയാണ് പ്രിയങ്ക.
ഇതേസമയം എൽ ഡി എഫ് സ്ഥാനാർത്ഥിയും സി പി എം സെക്രട്ടേറിയറ്റംഗവുമായ എം സ്വരാജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികൾക്കായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ മുതൽ മൂന്ന് ദിവസം നിലമ്പൂരിലുണ്ടാകും. നിലമ്പൂർ മണ്ഡലത്തിലെ ഏഴ് പഞ്ചയാത്തുകളിലും നടക്കുന്ന തെരഞ്ഞെടുപ്പ് റാലികൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 13ന് ചുങ്കത്തറ, മുത്തേടം പഞ്ചായത്തുകളിലും 14 ന് വഴിക്കടവ്, എടക്കര പഞ്ചായത്തുകളിലും 15 ന് പോത്തുകൽ, കരുളായി, അമരമ്പലം പഞ്ചായത്തുകളിലുമാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് റാലികൾ നടക്കുക
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 19-നാണ് നടക്കുന്നത്.; വോട്ടെണ്ണല്‍ 23ന് നടക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോഴുള്ള രാഷ്ട്രീയസ്ഥിതിഗതികളിൽ വളരെ പെട്ടെന്ന് മാറ്റം വരുന്നതായിരുന്നു നിലമ്പൂരിൽ കണ്ടത്. ആദ്യം യു ഡി എഫിനൊപ്പം നിലകൊണ്ട് നിലമ്പൂരിൽ നിന്ന രാജിവെച്ച എൽ ഡി എഫ് സ്വതന്ത്ര എം എൽ എ ആയിരുന്ന പി വി അൻവർ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സര രംഗത്തെത്തി. അതുപോലെ തന്നെ ആദ്യം മത്സരിക്കുന്നതിൽ നിന്ന് പിന്മാറി നിന്ന ബി ജെ പി അവസാന നിമിഷം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് രംഗത്തെത്തി. യു ഡി എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെതിരെ നിലപാട് എടുത്തിരുന്ന ജമാഅത്തെ ഇസ്ലാമി പിന്തുണയ്ക്കുന്ന വെൽഫെയർ പാർട്ടി കോൺഗ്രസ് സ്ഥാനാർത്ഥിക്ക് പിന്തുണയുമായി എത്തി. വെൽഫെയർ പാർട്ടിയെയും ജമാ അത്തെ ഇസ്ലാമിയെയും ന്യായീകരിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാടിനെതിരെ കത്തോലിക്കാ കോൺഗ്രസ് രംഗത്തു വന്നു. വെൽഫെയർ പാർട്ടിയുമായുള്ള കൂട്ടുകെട്ട് ദുരവ്യാപകമായ ഫലങ്ങളുളവാക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു. ഇതേ സമയം, എൽ ഡി എഫ് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ച് പി ഡി പി രംഗത്തെത്തിയതും വിവാദമായിട്ടുണ്ട്. ഇരുമുന്നണികളും ഈ പാർട്ടികളുടെ പേരിൽ പരസ്പരം കുറ്റാരോപണം നടത്തിയാണ് തെരഞ്ഞെടുപ്പ് പ്രചാരണം മുന്നോട്ട് പോകുന്നത്.
ഇങ്ങനെ വളരെ പെട്ടെന്ന് മാറിമാറിഞ്ഞ സാഹചര്യത്തിലൂടെ തെരഞ്ഞെടുപ്പ് രംഗം കടന്നുപോകുമ്പോഴാണ് പ്രിയങ്ക ഗാന്ധിയും പിണറായി വിജയനും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നിലമ്പൂരിലെത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
