പിളര്‍പ്പിലും വളര്‍ന്ന ബിഹാറിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എവിടെ? ലിബറേഷന്‍ വിഴുങ്ങിയോ അണികളെ?
തീവ്രവര്‍ഗ സംഘര്‍ഷങ്ങളുടെ വിളനിലമാണ് ബിഹാര്‍. വീരന്മാരുടേയും ശക്തരായ യോദ്ധാക്കളുടേയും നാടായിട്ട് മഹാഭാരതത്തില്‍ വിവരിക്കപ്പെടുന്ന നാടായ അംഗദേശം ഇന്നത്തെ ഈ ബിഹാറിലാണ്. ഭഗല്‍പൂരിനടുത്തെവിടെയോ ഉള്ള ചമ്പ ആയിരുന്നത്രേ അംഗദേശത്തിന്റെ രാജധാനി. വരേണ്യജാതികളാല്‍ അപമാനിക്കപ്പെടുകയും അധികാരത്തിന് പുറത്തുനിര്‍ത്തുകയും ചെയ്യപ്പെട്ടവര്‍ അധികാരം കയ്യാളാന്‍ നിയോഗിക്കപ്പെട്ടതിന്റെ കഥ മഹാഭാരതത്തിലുമുണ്ട്. അംഗദേശം കര്‍ണനു സമ്മാനിക്കുക വഴി ഒരു രാഷ്ട്രീയസഖ്യമാണ് സുയോധനന്‍ ഉണ്ടാക്കിയതെങ്കിലും കര്‍ണനെ അംഗരാജ്യത്തിന്റെ അധിപനാക്കി വാഴിച്ച കഥ വായിക്കുമ്പോള്‍ സുയോധനന് കയ്യടിക്കാന്‍ തോന്നും. സൂര്യപുത്രനായിട്ടും സൂതപുത്രനെന്നതായിരുന്നു അപമാനഹേതു. ഹസ്തിനപുരിയിലെ രാജധാനിയില്‍ അപമാനശരങ്ങളേറ്റ് അസ്തപ്രജ്ഞനായി നിന്ന കര്‍ണന്‍ യഥാര്‍ത്ഥത്തില്‍ സൂതപുത്രന്‍ തന്നെയായിരിക്കാം. എന്നാല്‍, അധിരഥപുത്രനും പാണ്ഡവര്‍ക്കും കൗരവര്‍ക്കും സഹോദരനാണ് എന്നും മഹാഭാരതത്തിലുണ്ട്. പറയിപെറ്റ പന്തിരുകുലംപോലെ ജാതിഭേദങ്ങളെ മറികടക്കാനുള്ള മോഹം പ്രതിഫലിപ്പിക്കുന്ന ഒരാഖ്യാനമായിരിക്കണം ആ ഭ്രാതൃപദവിയും. അംഗരാജ്യത്തെ അധിപനായിരുന്നിട്ടും പിന്നാക്കക്കാരനെന്ന പേരില്‍ പിന്നീടും അപമാനിക്കപ്പെടുന്നുണ്ട് രാധേയന്‍. പാഞ്ചാല രാജധാനിയായ ദ്രുപദന്റെ കൊട്ടാരത്തില്‍ ദ്രൗപദിയുടെ സ്വയംവരവേളയില്‍ വെച്ച്. ''മഹത്തുക്കളുടേയും നദികളുടേയും ഉദ്ഭവസ്ഥാനം ആരും അന്വേഷിച്ചു പോകാറില്ലെന്ന'' സുയോധനന്റെ പ്രതികരണമൊന്നും അവിടെ വിലപ്പോകുന്നില്ല. പിതാവായ സൂര്യനില്‍നിന്നുള്ള കവചകുണ്ഡലങ്ങളൊന്നും അയാള്‍ക്ക് ഒരുകാലത്തും രക്ഷയാകുന്നില്ല.
രാഷ്ട്രീയ ശകുനിമാരുടെ ചൂതുകളിയില്‍ സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന ദരിദ്ര നാരായണന്മാരുടെ കഥ എന്നും അങ്ങനെയാണ്. തന്ത്രപരമായ സഖ്യങ്ങളിലും സോഷ്യല്‍ എന്‍ജിനീയറിംഗുകളിലും കരുവാക്കപ്പെട്ടാല്‍പോലും നിര്‍ണായക സന്ദര്‍ഭങ്ങളില്‍ അവര്‍ പുറത്തുനിര്‍ത്തപ്പെടും. ദ്രൗപദിയെ വേള്‍ക്കാന്‍ യോഗ്യനല്ലെന്ന് വിധിക്കപ്പെടും. ഇന്ദ്രപ്രസ്ഥത്തില്‍ അധികാരത്തിന്റെ ആരൂഢമേറുന്നതിനുള്ള യുദ്ധത്തില്‍ തേരുതെളിക്കാനുള്ള ഇടം മാത്രമേ എന്നും നല്‍കപ്പെടാറുള്ളൂ. വിശ്വസാഹോദര്യം ആഘോഷിച്ച ഒരു മതത്തില്‍ വിശ്വസിച്ചവരായിരുന്നു മുഗള ഭരണാധികാരികള്‍. അവരുടെ ഭരണക്രമത്തില്‍പോലും ഇക്കൂട്ടര്‍ക്ക് അധികാരങ്ങളുണ്ടായിരുന്നില്ല. പ്രധാനമായും തുറാനികളും ഇറാനികളും വടക്കും വടക്കുപടിഞ്ഞാറും കുടിയേറിയ സത്രപികളുടെ പിന്മുറക്കാരായ രജപുത്രരും മറാഠകളും അശ്രഫികളെന്ന ഗണത്തില്‍പ്പെടുന്ന ഇന്ത്യന്‍ മുസ്ലിങ്ങളും പദവികളത്രയും കൈവശമാക്കിയിരുന്നു. ധനകാര്യമന്ത്രിപദംപോലെയുള്ള ഉയര്‍ന്ന സ്ഥാനങ്ങള്‍ ബ്രാഹ്മണര്‍ക്കായിരുന്നു കിട്ടിയിരുന്നത്. സ്വാതന്ത്ര്യാനന്തരം, രാം മനോഹര്‍ ലോഹ്യ പ്രതിനിധാനം ചെയ്തതരം സോഷ്യലിസമായിരുന്നു സാമൂഹിക ശാക്തീകരണത്തിന്റെ ദര്‍ശനമായത്. ഉന്നത വിദ്യാഭ്യാസം നേടാന്‍ ഭാഗ്യം സിദ്ധിച്ചവരും സമത്വപൂര്‍ണമായ ഒരു നവസാമാജികത സ്വപ്നം കണ്ടവരുമായ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലെ നെഹ്‌റുവടക്കമുള്ള ഒരുപിടി വാമപക്ഷ രാഷ്ട്രീയക്കാരും ലെനിന്റെ ശബ്ദം പ്രതിദ്ധ്വനിപ്പിക്കുകയും ഏറ്റുപാടുകയും ചെയ്ത വോള്‍ഗാനദിയേയും യാങ്‌സിയേയുംപോലെ ഗംഗയിലും മനുഷ്യവിമോചന മുദ്രാവാക്യങ്ങള്‍ തരംഗിതമാകുമെന്ന് മോഹിച്ച ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരും കാണാന്‍ മടിച്ച ഒരു യാഥാര്‍ത്ഥ്യമായിരുന്നു ലോഹ്യ കണ്ടത്. ലോഹ്യയുടെ തൃണമൂല രാഷ്ട്രീയം പിന്നെയൊരു കാലം യാദവ രാഷ്ട്രീയക്കാരായ ശിഷ്യന്മാര്‍ ഏറ്റെടുക്കുകയും ചെയ്തു. നെഹ്‌റുവിന്റെ നിതാന്ത വിമര്‍ശകനായിരുന്നു ലോഹ്യ. സ്വാധീനശക്തിയുള്ള ഒരു സോഷ്യലിസ്റ്റ് ചിന്തകനും. സാമൂഹികനീതിക്കുവേണ്ടി വാദിച്ച ലോഹ്യ സാമൂഹികാസമത്വം ശാശ്വതീകരിക്കുന്ന 'കോണ്‍ഗ്രസ് സിസ്റ്റത്തി'ന്റേയും പാര്‍ട്ടിയുടെ ആധിപത്യത്തിന്റേയും ഉറച്ച എതിരാളിയുമായിരുന്നു. താഴ്ന്ന ജാതിക്കാരെ യാദവര്‍, കുര്‍മി, കോയിരി തുടങ്ങിയ പിന്നാക്ക വിഭാഗങ്ങളെ ഒരുമിപ്പിക്കാനും ശാക്തീകരിക്കാനുമുള്ള അദ്ദേഹത്തിന്റെ വാദങ്ങളാണ് പില്‍ക്കാലത്ത് യാദവ നേതാക്കള്‍ ഉയര്‍ന്നുവരുന്നതിനുള്ള സൈദ്ധാന്തിക അടിത്തറ നല്‍കിയത്. ദലിതരും പിന്നാക്കക്കാരും ദരിദ്രരുമായ മനുഷ്യരുടെ മോചനപ്രതീക്ഷയ്ക്ക് മണ്ഡല്‍ രാഷ്ട്രീയ കാലത്ത് പിന്‍ബലമായ യാദവരാഷ്ട്രീയം മനുവാദികള്‍ക്കും കോണ്‍ഗ്രസ് ദേശീയവാദികള്‍ക്കും പകരംവെച്ച 'ജനതാബദലി'ന്റെ ഭാഗമായിരുന്നു. എന്നാല്‍, പരസ്പരമുള്ള അധികാര പോരാട്ടങ്ങളില്‍, ദ്വാരകാപുരിയും യാദവകുലവും കണക്കേ പില്‍ക്കാല യാദവ രാഷ്ട്രീയവും തകര്‍ന്നടിയുകയായിരുന്നു.
മണ്ഡല്‍ രാഷ്ട്രീയം ശക്തിപ്പെട്ട തൊണ്ണൂറുകളില്‍ ഇതേ കാലത്താണ്, ബിഹാറില്‍ തീവ്രഇടതുപക്ഷം ദലിതരെ സായുധരാക്കി ശാക്തീകരിക്കുന്നത്. സ്വാതന്ത്ര്യസമര കാലത്ത് അനുശീലന്‍ സമിതിയിലും പിന്നീട് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും മനുഷ്യമോചന സ്വപ്നങ്ങളുടെ തീവ്രതയാല്‍ പ്രചോദിപ്പിക്കപ്പെട്ട് ഉയര്‍ന്നുവന്ന രണ്ടു നേതാക്കളായ അമൂല്യസെന്നും കനയ്യ ചാറ്റര്‍ജിയും ചന്ദ്രശേഖര്‍ ചാറ്റര്‍ജിയും സ്ഥാപിച്ച മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്റര്‍ ഭൂപ്രഭു ചൂഷണത്തിനെതിരെ ചെറുത്തുനില്‍ക്കാന്‍ ദലിതരെ പ്രേരിപ്പിച്ചു. ജനകീയ ഗറില്ലാ യുദ്ധതന്ത്രത്തില്‍ വിശ്വസിച്ച അവര്‍ ചാരുംമജുംദാറിന്റെ ഉന്മൂലന സിദ്ധാന്തത്തിലല്ല, മറിച്ച് മര്‍ദിതരെ ആയുധമണിയിക്കുന്നതിലായിരുന്നു വിശ്വസിച്ചിരുന്നത്. ജാതിയും വര്‍ഗവും 'ഇഴ പിരിച്ചെടുക്കാന്‍ പ്രയാസമുള്ള' ബിഹാറിന്റെ ചരിത്രത്തില്‍ ഈ സമരങ്ങള്‍ രക്തരൂഷിതമായ അദ്ധ്യായങ്ങളെഴുതിച്ചേര്‍ക്കുകയാണ് ഉണ്ടായത്. '80-കളില്‍ രൂപീകരിക്കപ്പെട്ട ഭൂപ്രഭുക്കളുടെ സായുധ സംഘടനയായ സണ്‍ലൈറ്റ് സേനയും '90-കളില്‍ സജീവമായിരുന്ന രണ്‍വീര്‍ സേനയും നൂറുകണക്കിന് ദലിതരേയും ദരിദ്രരേയും കൊന്നൊടുക്കി. '95-നും 2000-നുമിടയില്‍ 27 ദലിത് കൂട്ടക്കൊലകളാണ് ബിഹാറില്‍ അരങ്ങേറിയത്. അപ്പോഴൊക്കെയും ദലിത് - ഭൂരഹിത കര്‍ഷക പ്രതിരോധങ്ങളുടെ കുന്തമുനയായി വര്‍ത്തിച്ചത് മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്ററും സി.പി.ഐ.എം.എല്‍ - ലിബറേഷനുമായിരുന്നു. ധന്‍ബാദില്‍ ക്രൂരചൂഷണത്തിനിരയായിരുന്ന ഖനിത്തൊഴിലാളികളുടെ പ്രതിരോധത്തിനു മാര്‍ക്‌സിസ്റ്റ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയും.
ബിഹാറില്‍, ഇന്നും ജാതിയും വര്‍ഗവും ഇഴപിരിച്ചെടുക്കാന്‍ പ്രയാസമാണ്. ജീവിതത്തിന്റേയും അവസരങ്ങളുടേയും സമസ്തമേഖലകളേയും നിര്‍ണയിക്കുന്ന വിധത്തില്‍ ജാതിയും വര്‍ഗവും അഭേദ്യമായി ഇഴചേര്‍ന്ന ഒന്നാണ് എല്ലാക്കാലത്തും ബിഹാറിലെ സാമൂഹിക ഘടന. 2023-ലെ ജാതി സെന്‍സസ് പ്രകാരം ജനസംഖ്യയില്‍ ഭൂരിപക്ഷവും അങ്ങേയറ്റം പിന്നാക്കാവസ്ഥയിലുള്ള (EBC) വിഭാഗങ്ങളാണ്. 36 ശതമാനം. മറ്റു പിന്നാക്ക വിഭാഗങ്ങള്‍ (OBCs) 27 ശതമാനവും പട്ടികജാതിക്കാര്‍ ഏകദേശം 20 ശതമാനവും പട്ടികവര്‍ഗക്കാര്‍ 1.7 ശതമാനവും വരും. 15.5 ശതമാനം മാത്രമാണ് മുന്നാക്ക ജാതിക്കാര്‍. ബ്രാഹ്മണര്‍, ഭൂമിഹാര്‍, രാജ്പുത്, കായസ്ഥര്‍ തുടങ്ങിയ ജാതികള്‍ ഈ വിഭാഗത്തിലാണ്. ഭൂരിഭാഗം കാര്‍ഷിക സമ്പത്തും നിയന്ത്രിക്കുന്നത് മുന്നാക്കക്കാരായ ഭൂവുടമകളാണ്. ആകെയുള്ള കുടുംബങ്ങളില്‍ രണ്ടു ശതമാനത്തില്‍ താഴെയാണെങ്കിലും ഭൂമിയും വിഭവങ്ങളും അനുപാതരഹിതമായി ഇവരാണ് ഇപ്പോഴും കൈവശം വെച്ചിരിക്കുന്നത്. മധ്യവര്‍ഗമെന്ന് വിശേഷിപ്പിക്കാവുന്ന പ്രാദേശിക കര്‍ഷകരും ചെറുകിട കൃഷിക്കാരും യാദവര്‍, കുര്‍മി, കുശ്വാഹ തുടങ്ങിയ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവരാണ്. ഇതിനു വിപരീതമായി, ഗ്രാമീണ കുടുംബങ്ങളില്‍ ഏകദേശം 60 ശതമാനം ഭൂരിപക്ഷവും ഭൂരഹിതരായ തൊഴിലാളികളോ ദേഹാദ്ധ്വാനം ആവശ്യപ്പെടുന്ന ജോലിയില്‍ ഏര്‍പ്പെടുന്നവരോ ആണ്. ഇവര്‍ പ്രധാനമായും അങ്ങേയറ്റം പിന്നാക്കാവസ്ഥയിലുള്ള ഇബിസിക്കാര്‍, എസ്.സി, മഹാദലിത് വിഭാഗങ്ങള്‍ എന്നിവയില്‍നിന്നുള്ളവരാണ്. ഈ വിഭാഗമാണ് ബിഹാറിലെ അടിസ്ഥാന തൊഴിലാളിവര്‍ഗത്തെ രൂപപ്പെടുത്തുന്നത്. മണ്ഡല്‍ കാലഘട്ടത്തിനുശേഷം പിന്നാക്കക്കാരുടേയും അതിപിന്നാക്കാവസ്ഥയിലുള്ളവരുടേയും രാഷ്ട്രീയമായ അധീശത്വ ശ്രമങ്ങള്‍ വര്‍ദ്ധിച്ചുവെന്നത് വാസ്തവമാണ്. എങ്കിലും സമ്പത്ത് ഇപ്പോഴും ഉന്നതരില്‍ അതിരൂക്ഷമായി കേന്ദ്രീകരിച്ചിരിക്കുന്നു. ബിഹാറിലെ സാമൂഹിക ശ്രേണി ചരിത്രപരമായ ജാതിപരമായ സവിശേഷാധികാരങ്ങളുടേയും നിലനില്‍ക്കുന്ന വര്‍ഗാധിഷ്ഠിത അസമത്വങ്ങളുടേയും മൂര്‍ച്ചയേറിയ പ്രതിഫലനമായി ഇപ്പോഴും തുടരുന്നു.
ശരിക്കും പറഞ്ഞാല്‍ ഇടതുപക്ഷ രാഷ്ട്രീയം ആഴത്തില്‍ വേരോടിയിരുന്ന ഒരു സംസ്ഥാനമായിരുന്നു ബിഹാര്‍. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാലത്തുതന്നെ. 'ബൂത്ത് പിടിത്തം' എന്ന കല രാജ്യത്ത് ആദ്യമായി പ്രയോഗിക്കപ്പെടുന്നത് ബിഹാറില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഉയര്‍ത്തിയ വെല്ലുവിളി നേരിടാനായിരുന്നെന്ന് ഓര്‍ക്കണം. ബഗുസെരായിയിലെ റാചിയാരി ഗ്രാമത്തില്‍. കമ്യൂണിസ്റ്റ് നേതാവ് ചന്ദ്രശേഖര്‍ സിങ്ങിന് തെരഞ്ഞെടുപ്പു പ്രചരണത്തില്‍ മുന്‍തൂക്കം ലഭിച്ചതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ സര്‍യുഗ് പ്രസാദ് സിങ്ങിന് ജയിക്കാന്‍ ബൂത്ത് പിടിത്തത്തെ ആശ്രയിക്കേണ്ടിവന്നു. മേല്‍ജാതിക്കാരായ ഭൂമിഹാറുമാര്‍ അവരുടെ സ്ഥാനാര്‍ത്ഥിക്കുവേണ്ടി യാദവ സമുദായക്കാരായ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി ബൂത്തുകള്‍ പിടിച്ചെടുക്കുകയായിരുന്നു. അക്കാലത്ത് സി.പി.ഐയായിരുന്നു ബിഹാറില്‍ മുഖ്യപ്രതിപക്ഷം. പിളര്‍പ്പിനുശേഷവും സി.പി.ഐ, സി.പി.എം എന്നീ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കാര്യമായി തെരഞ്ഞെടുപ്പ് നേട്ടവും സംസ്ഥാനത്ത് ഉണ്ടാക്കാനായിരുന്നു. 1960-കളിലും '70-കളിലുമെല്ലാം നിരവധി പ്രദേശങ്ങള്‍ ചെങ്കോട്ടകളായി പരിവര്‍ത്തിപ്പിക്കാനായി. ലോകത്തെവിടേയും എന്നപോലെ, കര്‍ഷക പ്രക്ഷോഭങ്ങളിലൂടേയും തൊഴിലാളി യൂണിയന്‍ മുന്നേറ്റങ്ങളിലൂടെയുമാണ് സി.പി.ഐ ജനകീയ അടിത്തറ ഉറപ്പിച്ചത്. ഭൂപരിഷ്‌കരണം, തൊഴിലാളികളുടെ അവകാശങ്ങള്‍ എന്നിവയായിരുന്നു പ്രധാന മുദ്രാവാക്യങ്ങള്‍. ചമ്പാരണ്‍, മിഥില തുടങ്ങിയ പ്രദേശങ്ങളിലെ ജമീന്ദര്‍മാര്‍ക്കെതിരായുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അവര്‍, സഹജാനന്ദ് സരസ്വതി, കാര്യാനന്ദ് ശര്‍മ, ഭോഗേന്ദ്ര ഝാ, ഇന്ദ്രദീപ് സിന്‍ഹ തുടങ്ങിയ കരുത്തരായ നേതാക്കളേയും സംഭാവന ചെയ്തിട്ടുണ്ട്.
പിളര്‍പ്പാണ് ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്ക് മുഖ്യഘടകങ്ങളിലൊന്നായി മിക്കപ്പോഴും എടുത്തുപറയാറുള്ളത്. എന്നാല്‍, പിളര്‍പ്പിനുശേഷം ബിഹാര്‍പോലുള്ള സംസ്ഥാനങ്ങളില്‍ അതിന്റെ ഇലക്ടറല്‍ സാന്നിദ്ധ്യം വര്‍ദ്ധിക്കുകയാണ് ഉണ്ടായത്. 1972-ലെ ബിഹാര്‍ അസംബ്ലി തെരഞ്ഞെടുപ്പില്‍ 36 സീറ്റുകള്‍ സി.പി.ഐക്ക് ലഭിച്ചെങ്കില്‍ 18 സീറ്റുകള്‍ സി.പി.എമ്മിനും ലഭിച്ചിട്ടുണ്ട് എന്നാണ് ചരിത്രം. എന്നാല്‍, പിന്നീടങ്ങോട്ട് ഇടതുപക്ഷ പാര്‍ട്ടികളുടെ ചരിത്രം രാഷ്ട്രീയമായ തകര്‍ച്ചയുടേതാണ്. പടവലങ്ങപോലെ വളര്‍ന്നു ഈ പാര്‍ട്ടികള്‍ എന്നായിരിക്കും വിമര്‍ശകര്‍ക്ക് പറയാനുണ്ടാകുക. ചരിത്രം അനസ്യൂതമായ ഒരു പ്രവാഹമല്ലല്ലോ. വളഞ്ഞും പുളഞ്ഞും പലതായി പിരിഞ്ഞും ഒഴുകുന്ന ഒരു മഹാനദിയല്ലേ അത്? ബിഹാറില്‍ മാത്രമല്ല, സി.പി.ഐയും സി.പി.ഐ.എമ്മും തളര്‍ന്നിട്ടുള്ളത് എന്നും സമാധാനിക്കാം.
എന്നാലും ബിഹാറില്‍ പഴയ ഇടതുപക്ഷം തകര്‍ന്നപ്പോള്‍ മറ്റൊരു ഇടതുപക്ഷ പാര്‍ട്ടി ശക്തമായ സാന്നിദ്ധ്യമറിയിച്ച് വളര്‍ന്നുവരുന്നു എന്നത് ശ്രദ്ധേയമാണ്. സി.പി.ഐ.എം.എല്‍ - ലിബറേഷന്‍ എന്ന പാര്‍ട്ടിയാണത്. മുന്‍കാലങ്ങളില്‍ സി.പി.ഐയുടെ ശക്തമായ സ്വാധീനമുണ്ടായിരുന്ന പ്രദേശങ്ങളിലെ പുതിയ തലമുറ ലിബറേഷന്‍ എന്ന സംഘടനയോടാണ് ആഭിമുഖ്യം കാണിക്കുന്നത്. ജെ.എന്‍.യു വിദ്യാര്‍ത്ഥിയൂണിയന്‍ പ്രസിഡന്റായിരുന്നയാളും രക്തസാക്ഷിയുമായ ചന്ദ്രശേഖര്‍ പ്രസാദ് ആദ്യകാലത്ത് എ.ഐ.എസ്.എഫ് പ്രവര്‍ത്തകനായിരുന്നു. പരമ്പരാഗതമായി ഇടതുപക്ഷ രാഷ്ട്രീയത്തെ പിന്തുണച്ച കുടുംബത്തില്‍ നിന്നുമുള്ള ആളുമായിരുന്നു.
വളര്‍ന്നുവന്ന ജാതിരാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ ഭൂമിഹാറുകളാലും ഇതര സവര്‍ണജാതിക്കാരാലും നയിക്കപ്പെട്ട സി.പി.ഐയെ കയ്യൊഴിഞ്ഞ പിന്നാക്ക - ദലിത് വിഭാഗങ്ങളില്‍പ്പെട്ട അണികളേറെയും ക്രമേണ വന്നുചേര്‍ന്നത് സി.പി.ഐ.എം.എല്‍ ലിബറേഷനിലാണ്. '90-കളില്‍ ഇന്ത്യന്‍ പീപ്പ്ള്‍സ് ഫ്രണ്ട് (IPF) എന്ന പേരില്‍ ഒരു മുന്നണി സംഘടന രൂപീകരിച്ച് സി.പി.ഐക്കും സി.പി.ഐ.എമ്മിനും എ.കെ. റോയ് നയിച്ച മാര്‍ക്‌സിസ്റ്റ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിക്കുമൊപ്പം ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ഒരു സീറ്റ് നേടുകയും ഭൂമി പിടിച്ചെടുക്കല്‍പോലുള്ള പാര്‍ലമെന്റേതര സമരങ്ങളില്‍ പങ്കാളികളാകുകയും ചെയ്ത സി.പി.ഐ.എം.എല്‍ - ലിബറേഷന്‍ അധികം വൈകാതെ ഐ.പി.എഫിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നേരിട്ട് സജീവമാകുകയും ചെയ്തു. മഹാഗഡ്ബന്ധന്റെ ഭാഗമായി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐയും സി.പി.എമ്മും ആറ് സീറ്റുകള്‍ നേടിയപ്പോള്‍ 12 സീറ്റുകള്‍ ലിബറേഷന് നേടാനായി. ജാതി - വര്‍ഗയാഥാര്‍ത്ഥ്യങ്ങളോടെ കൂട്ടിയിണക്കി കാണാന്‍ ശ്രമിച്ചതിന്റെ പ്രതിഫലനം കൂടിയാണ് ആ പാര്‍ട്ടിയുടെ ബിഹാറിലെ വളര്‍ച്ച. ആനുഷംഗികമായി പറയട്ടെ, ആദര്‍ശധീരനായ കമ്യൂണിസ്റ്റ് എ.കെ. റോയ് നയിച്ച മാര്‍ക്‌സിസ്റ്റ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ലിബറേഷനില്‍ ലയിച്ചു. രണ്ടുതവണ ലോകസഭാംഗവും എന്‍ജിനീയറിങ് ബിരുദധാരിയുമായിരുന്ന റോയ് മരിക്കുമ്പോള്‍ ഒരു റാഡോ വാച്ചും 3000 രൂപയുടെ ബാങ്ക് ബാലന്‍സുമാണത്രേ സ്വന്തമായി അദ്ദേഹത്തിനുണ്ടായിരുന്നത്.
Communist parties in Bihar , growth and decline
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

