Arun AjiKumar
Arun AjiKumar Samakalika malayalam

'സി​ഗരറ്റ് പിടിക്കാൻ പോലും അറിയില്ല, എന്നിട്ടും ഞാൻ അറിയാമെന്ന് പറ‍ഞ്ഞു; പ്രണവ് ചിൽ ആണ്': ഡീയസ് ഈറെ വിശേഷങ്ങളുമായി അരുൺ അജികുമാർ

പോസ്റ്റർ ഡിസൈനർ എന്നതിനപ്പുറം 'ഡീയസ് ഈറെ' എന്ന ചിത്രത്തിലൂടെ മികച്ച അഭിനേതാവ് കൂടിയാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് അരുൺ ഇപ്പോൾ.
Published on

"അവന്റെ കുഞ്ഞമ്മേടെ ഏസ്തെറ്റിക്..." ഇന്ന് മലയാള സിനിമാ ഇൻഡസ്ട്രിയിൽ അറിയപ്പെടുന്ന പോസ്റ്റർ ഡിസൈനിങ് കമ്പനിയായ 'ഏസ്തെറ്റിക് കുഞ്ഞമ്മ'യുടെ സോഷ്യൽ മീ‍ഡിയ പേജിലെ ബയോയിലുള്ള വാക്കുകൾ ഇങ്ങനെയാണ്.

ആവേശം, ഭ്രമയു​ഗം, ലോക, ഡീയസ് ഈറെ തുടങ്ങി മലയാളത്തിലെ സൂപ്പർ ഹിറ്റ് സിനിമകളുടെയെല്ലാം യൂണിക് പോസ്റ്ററുകൾക്ക് പിന്നിൽ‌ പ്രവർ‌ത്തിച്ചത് 'ഏസ്തെറ്റിക് കുഞ്ഞമ്മ'യായിരുന്നു.

കൊച്ചി ഇടപ്പള്ളി സ്വദേശിയായ അരുൺ അജികുമാറാണ് 'ഏസ്തെറ്റിക് കുഞ്ഞമ്മ'യുടെ സ്ഥാപകൻ.

പോസ്റ്റർ ഡിസൈനർ എന്നതിനപ്പുറം 'ഡീയസ് ഈറെ' എന്ന ചിത്രത്തിലൂടെ മികച്ച ഒരു അഭിനേതാവ് കൂടിയാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് അരുൺ ഇപ്പോൾ.

'ഡീയസ് ഈറെ'യിലെ കിരൺ എന്ന കഥാപാത്രം മാത്രം മതിയാകും അരുണിലെ നടനെ എക്കാലവും മലയാളികൾക്ക് ഓർത്തിരിക്കാൻ.

'ഡീയസ് ഈറെ'യിലെ അനുഭവങ്ങളും തന്റെ പുത്തൻ സിനിമാ വിശേഷങ്ങളുമൊക്കെ അരുൺ അജികുമാർ സമകാലിക മലയാളത്തോട് പങ്കുവയ്ക്കുന്നു.

ഭൂതകാലം, ഭ്രമയു​ഗം എന്നീ സിനിമകൾക്ക് ശേഷം രാ​​ഹുൽ സദാശിവനൊപ്പം അരുൺ പ്രവർത്തിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഡീയസ് ഈറെ. പോസ്റ്റർ ഡിസൈനിങ്ങിൽ നിന്ന് അഭിനയത്തിലേക്ക്. എങ്ങനെയാണ് ഡീയസ് ഈറെയുടെ ഭാ​ഗമാകുന്നത് ?

കുറച്ച് വർഷങ്ങളായിട്ട് എനിക്ക് രാഹുലേട്ടനെ (രാഹുൽ സദാശിവൻ) അറിയാം. ഭൂതകാലത്തിലും ഭ്രമയു​ഗത്തിലുമൊക്കെ അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. രാഹുൽ സദാശിവൻ എന്ന ഡയറക്ടറെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അദ്ദേഹം ഇങ്ങനെയൊരു സിനിമ ചെയ്യുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നു.

നിന്നെ മനസിൽ കണ്ടു കൊണ്ട് ഞാനൊരു സാധനം എഴുതിയിട്ടുണ്ടെന്നും ഒന്ന് ഓഡിഷൻ ചെയ്ത് നോക്കണമെന്നും അദ്ദേഹം ഒരു ദിവസം എന്നോട് പറഞ്ഞു. അതൊക്കെ കഴിഞ്ഞു പിന്നെ സ്ക്രിപ്റ്റും കാര്യങ്ങളുമൊക്കെ തന്നു. സ്ക്രിപ്റ്റ് വായിക്കുന്ന സമയത്ത് ഞാൻ നേരിട്ട് കണ്ടിട്ടുള്ള ചില കാര്യങ്ങളൊക്കെ അദ്ദേഹത്തോട് പറഞ്ഞു. അതുകേട്ടപ്പോൾ അദ്ദേഹം ഭയങ്കര ആവേശത്തിലായി. എന്നാൽ, പിന്നെ നമുക്ക് ചെയ്ത് നോക്കാം എന്ന് പറഞ്ഞു. അങ്ങനെയാണ് ഞാൻ 'ഡീയസ് ഈറെ'യിലേക്ക് വരുന്നത്.

Arun AjiKumar
Arun AjiKumar ഇൻസ്റ്റ​ഗ്രാം

'കിരൺ' എന്ന കഥാപാത്രത്തിനായി എന്തൊക്കെ തയ്യാ‌റെടുപ്പുകളാണ് ഉണ്ടായിരുന്നത് ?

രാഹുൽ സദാശിവൻ എനിക്ക് എന്റെ സ്വന്തം ചേട്ടനെപ്പോലെയാണ്. അദ്ദേഹം എനിക്ക് ഒരുപാട് ഉപദേശങ്ങളും പ്രചോദനവുമൊക്കെ നൽകാറുണ്ട്. ഞങ്ങളുടെ കരിയറിൽ തന്നെ മികച്ച പടങ്ങൾ തന്നിട്ടുള്ള ഒരാള് കൂടിയാണ്. എനിക്ക് ഈ കഥാപാത്രത്തിലേക്ക് കണക്ട് ആയ ഒരു സംഭവമുണ്ട്. ഞാൻ പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് എന്റെ ഒരു സുഹൃത്തിന്റെ അച്ഛൻ മരിച്ചിരുന്നു.

ആ സമയത്ത് അവനെ കാണാൻ ഞാൻ അവരുടെ വീട്ടിൽ പോയിരുന്നു. അവിടെ വച്ച് അവൻ പെരുമാറിയ രീതി, കണ്ട കാഴ്ചകളൊക്കെ എന്നെ ഈ സിനിമയിൽ നന്നായി സ​ഹായിച്ചിട്ടുണ്ട്. സ്ക്രിപ്റ്റ് വായിച്ചപ്പോൾ ഞാൻ ഈ സംഭവം രാഹുലേട്ടന്റെ അടുത്ത് പറഞ്ഞിരുന്നു. ശരിക്കും സ്ക്രിപ്റ്റിൽ ആ സീൻ വളരെ വ്യത്യസ്തമായിരുന്നു. ഒരു മരണവീട്ടിൽ ചെന്നപ്പോൾ എന്റെ സുഹൃത്ത് ഫുട്ബോൾ തട്ടുന്നതൊക്കെ കണ്ടു, ഇങ്ങനെയാണ് അവൻ അന്ന് ചെയ്തത് എന്നൊക്കെ പറഞ്ഞ് ഞാൻ ആ രം​ഗങ്ങൾ അദ്ദേഹത്തെ അഭിനയിച്ച് കാണിച്ചു.

അതുകൊള്ളാം, നീ അതുതന്നെ പിടിച്ചോ എന്ന് ചേട്ടൻ പറഞ്ഞു. നിനക്ക് ഇഷ്ടമുള്ളതൊക്കെ ചെയ്തോ, ഫുട്ബോളൊക്കെ നമുക്ക് കൊണ്ടുവരാം എന്ന് പറഞ്ഞു. എനിക്ക് ഒരു ഫ്രീ സ്പേയ്സ് തന്നെ അദ്ദേഹം തന്നു. കഥാപാത്രത്തിന് എന്താണ് വേണ്ടതെന്ന കാര്യം അ​ദ്ദേഹത്തിന് കൃത്യമായി അറിയാം.

ഈ കഥാപാത്രത്തിന്റെ മാനസികാവസ്ഥ എന്താണ്, അവൻ എന്തൊക്കെയാണ് ഒളിപ്പിച്ചു വയ്ക്കുന്നത്, അവന്റെ പ്രശ്നങ്ങളെന്താണ്, അവന് ഉറങ്ങാൻ പറ്റുന്നില്ല, അവൻ കണ്ടു കൊണ്ടിരിക്കുന്ന കാര്യങ്ങൾ, അവന്റെ ചുറ്റിലുമുള്ള ആളുകൾ, അവർ അവനെ പ്രഷർ ചെയ്യുന്നത്, ഇരിക്ക് നിൽക്ക് കരയ് എന്നൊക്കെ പറയുന്നത് അങ്ങനെ എല്ലാ കാര്യങ്ങളും അദ്ദേഹം എന്നോട് വ്യക്തമായി പറഞ്ഞു തന്നു. അതുകൊണ്ട് എനിക്ക് കുറച്ചു കൂടി ഈസിയായി കാര്യങ്ങൾ.

Arun AjiKumar
Arun AjiKumar ഇൻസ്റ്റ​ഗ്രാം

ഡീയസ് ഈറെയുടെ പോസ്റ്ററുകളും അല്പം വ്യത്യസ്തമാണല്ലോ. സിം​ഗിൾ ഫെയ്സുകൾ അതുപോലെ കളർ ടോൺ ഇതൊന്നും മുൻപ് കണ്ടിട്ടുള്ള രീതികളേ അല്ല. പോസ്റ്റർ ഡിസൈനിങ്ങിനെക്കുറിച്ച് ?

ആദ്യം ഞങ്ങൾ മറ്റൊരു കളർ ടോൺ ആയിരുന്നു നോക്കിയത്. ഭയം, രക്തം അങ്ങനെ ചില കാര്യങ്ങൾ വന്നപ്പോഴാണ് ചുവപ്പ് ഉപയോ​ഗിക്കാമെന്ന് കരുതിയത്. സിനിമയിലെ ക്ലിപ്പുകൾ ആണെങ്കിലും ചുവപ്പ് ആണ്. ചുവപ്പ് മാത്രമല്ല, ചെറിയൊരു നീല കളറും കൂടി ചേർത്തിട്ടുണ്ട്. പോസ്റ്ററുകളിൽ എല്ലാം ഒരേ ഒരു കാരക്ടറിനെ മാത്രമേ നമ്മൾ കാണിച്ചിട്ടുള്ളൂ.

കാണുമ്പോൾ ആളുകൾക്ക് കുറച്ച് ബോറടിച്ചാലും വിഷ്വലി വ്യത്യസ്തമായിരിക്കണം, അല്ലെങ്കിൽ ഒരു കഥ പറയാൻ പറ്റണം. ആളുകളിലേക്ക് ആ ഒരു ഭയം കൊണ്ടുവരാനും കഥാപാത്രങ്ങളുടെ വ്യത്യാസം കാണിക്കാനുമൊക്കെയാണ് അങ്ങനെ ചെയ്തത്. പിന്നെ ഒരു ബ്രാൻഡ് സെറ്റ് ചെയ്യുക എന്നൊരു ഉദ്ദേശ്യം കൂടിയായിരുന്നു അത്.

ഇമോഷണലി കുറേ ലെയറുകളുള്ള ഒരു കഥാപാത്രം കൂടിയാണ് കിരൺ. ഈ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ ചാലഞ്ചിങ് ആയി തോന്നിയോ?

ഇത്തരമൊരു കഥാപാത്രം ചെയ്യണമെന്ന് എനിക്ക് നല്ല ആ​ഗ്രഹമുണ്ടായിരുന്നു. എനിക്കിപ്പോഴാണ് അങ്ങനെയൊരു സ്പെയ്സ് കിട്ടുന്നത്. രാഹുലേട്ടനും ഒരു ​ഗംഭീര നടനാണ്. എനിക്ക് പലതും അദ്ദേഹം അഭിനയിച്ച് കാണിച്ചൊക്കെ തന്നിരുന്നു. എല്ലാവർക്കും അദ്ദേഹം അഭിനയിച്ചു കാണിച്ചു കൊടുക്കും. അദ്ദേഹത്തിന് എല്ലാ കാര്യത്തിലും നല്ല വ്യക്തതയുണ്ട്. എനിക്ക് ശരിക്ക് പറഞ്ഞാൽ തുടക്കത്തിൽ നല്ല പേടിയുണ്ടായിരുന്നു.

'നിനക്ക് കരയാൻ അറിയാമോ?' എന്ന് രാഹുലേട്ടൻ എന്നോട് ചോദിച്ചു. 'ഞാൻ കരയാം ചേട്ടാ' എന്ന് മറുപടി പറ‍ഞ്ഞു. അടുത്ത ചോദ്യം 'സി​ഗരറ്റ് വലിക്കാൻ അറിയുമോ' എന്നായിരുന്നു. ഞാൻ പുകവലിക്കുന്ന ആളല്ല. എനിക്ക് സി​ഗരറ്റ് പിടിക്കാൻ പോലും അറിയില്ല. പക്ഷേ ഞാൻ അറിയാം എന്ന് കള്ളം പറ‍ഞ്ഞു. പിന്നെ ഓഫിസിലും സുഹൃത്തുക്കളോടുമൊക്കെ ചോദിച്ച് സി​ഗരറ്റ് എങ്ങനെയാണ് പിടിക്കുന്നത് എന്നൊക്കെ പഠിച്ചു. ആ പുകവലിക്കുന്ന സീനിലാണ് ഞാൻ ആദ്യമായി സി​ഗരറ്റ് വലിച്ചു നോക്കുന്നത്.

ആ സീൻ കഴിഞ്ഞപ്പോൾ ആദ്യം എനിക്ക് ചെറിയ സംശയമുണ്ടായിരുന്നു, ശരിക്കും ഓക്കെയാണോ എന്നൊക്കെ. കാരണം, ഇവൻ ആദ്യമായി വലിക്കുന്നതാണെന്ന് കാണുന്ന ആളുകൾക്ക് തോന്നരുതല്ലോ. പിന്നെ സിനിമ റിലീസായി കഴിഞ്ഞപ്പോൾ കുറേ പേർ വന്നു എന്നോട് പറഞ്ഞു, 'എടാ നീ വലിക്കുന്നത് കണ്ടാലറിയാം നീ ഒരു ചെയിൻ സ്മോക്കർ ആണെന്നൊക്കെ'.

Arun AjiKumar
Arun AjiKumar ഇൻസ്റ്റ​ഗ്രാം

അപ്പോൾ ഞാൻ പറയും, 'അല്ല ചേട്ടാ ഞാൻ ആദ്യമായിട്ടാണെന്ന്'. ഞാൻ ശരിക്കും എല്ലാ ദിവസവും സി​​ഗരറ്റ് ചുണ്ടിലും കയ്യിലുമൊക്കെ വച്ച് സെറ്റിൽ പ്രാക്ടീസ് ചെയ്യുമായിരുന്നു. ഷൂട്ട് ചെയ്യുമ്പോൾ മാത്രമാണ് ഞാനത് കത്തിച്ച് വലിച്ചു നോക്കുന്നത്. അതെനിക്ക് വളരെ ചാലഞ്ചിങ്ങും ആയിരുന്നു അതുപോലെ പുതിയൊരനുഭവവും ആയിരുന്നു. അതുകൊണ്ട് ഞാൻ വളരെ ആവേശത്തിലായിരുന്നു.

വളരെ കുറച്ചു രം​ഗങ്ങളെ ഡീയസ് ഈറെയിൽ അരുണിനുള്ളൂ. അത് മുഴുവൻ പ്രണവിനൊപ്പമുള്ള കോമ്പിനേഷൻ രം​ഗങ്ങളുമാണ്. പ്രണവിനൊപ്പമുള്ള അനുഭവം?

പ്രണവ് ചേട്ടനൊപ്പം വളരെ നല്ല അനുഭവമായിരുന്നു. എപ്പോൾ റിഹേഴ്സലിന് വിളിച്ചാലും വരും. എനിക്ക് കുറേ പേടിയും സംശയങ്ങളുമൊക്കെ ഉണ്ടായിരുന്നു. അതുകൊണ്ട് ഞാനെപ്പോൾ വിളിച്ചാലും അദ്ദേഹം എന്റെ കൂടെ റിഹേഴ്സലിന് വരും, നമുക്ക് ഇങ്ങനെ ചെയ്തു നോക്കാം എന്നൊക്ക പറയും. ഫ്രീ ടൈം കിട്ടുമ്പോഴൊക്കെ ഞങ്ങൾ മാറി നിന്ന് ഡയലോ​ഗ് പറഞ്ഞു നോക്കും. ഭയങ്കര ഒരു 'ചിൽ' മനുഷ്യനാണ് പ്രണവ് മോഹൻലാൽ.

ലുക്ക് ടെസ്റ്റിനായിരുന്നു ഞാൻ ആദ്യമായി അദ്ദേഹത്തെ കാണുന്നത്. പിന്നെ അദ്ദേഹത്തെ കൊണ്ട് ഫോട്ടോഷൂട്ട് ചെയ്യിപ്പിച്ചു. പോസ്റ്ററിന്റെ ഫോട്ടോഷൂട്ടിന് വേണ്ടി ഞാനദ്ദേഹത്തെ ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്. പക്ഷേ അദ്ദേഹം എത്ര വേണമെങ്കിലും പണി എടുക്കാൻ റെഡിയായിട്ടുള്ള അടിപൊളി മനുഷ്യനാണ്, വളരെ ശാന്തനും. സെറ്റിലാണെങ്കിൽ ഏതെങ്കിലും ഒരു മൂലയിൽ വളരെ ശാന്തമായിട്ട് അദ്ദേഹം ഇരിക്കുന്നുണ്ടാകും.

പിന്നെ ഞാൻ അങ്ങോട്ട് ചെന്നിട്ട്, 'ചേട്ടാ ഈ കഥയൊന്ന് പറഞ്ഞു തരുമോ', 'ട്രിപ്പ് എവിടെയൊക്കെ പോയിട്ടുണ്ട്' എന്നൊക്കെ ചോദിക്കും. നമ്മളുമായി സംസാരിച്ച് തുടങ്ങിയാൽ പിന്നെ അദ്ദേഹം കഥ പറഞ്ഞു കൊണ്ടിരിക്കും. ആരെയും ശല്യപ്പെടുത്താതെ സമാധാനപരമായി ഇരിക്കുന്ന ഒരാളാണ് അദ്ദേഹം. ഭയങ്കര ഹാപ്പിയാണ് എപ്പോഴും. നമ്മളിങ്ങനെ 'ചിൽ' ആയിട്ട് ഇരുന്നാൽ മതി എന്നാണ് ഞാൻ അദ്ദേഹത്തിൽ നിന്ന് പഠിച്ച ഒരു പാഠം.

അദ്ദേഹം ഡീയസ് ഈറെയിലും എന്നോട് ഇങ്ങനെ പറയുന്നുണ്ട്, 'കിരൺ ചിൽ' എന്ന്. എനിക്ക് തോന്നുന്നത് നമ്മൾ വളരെ ചിൽ ആയിരുന്നിട്ട്, പണി എടുക്കേണ്ട സമയത്ത് പണി എടുത്താൽ മതി. അതിനുള്ള റിസൽറ്റ് ഉറപ്പായും കിട്ടും. ഓവർ ടെൻഷനടിച്ചൊന്നും ഇരിക്കണ്ട. ഡീയസ് ഈറെ പ്രീമിയർ ഷോയിൽ വച്ച് പ്രണവ് ചേട്ടനെ കണ്ടപ്പോൾ ടെൻഷനുണ്ടോയെന്ന് അദ്ദേഹത്തോട് ഞാൻ ചോദിച്ചു.

അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു, 'ഇല്ല, എന്തിനാ ടെൻഷൻ' എന്ന്. രാഹുലേട്ടനോടും ഞാൻ ചോദിച്ചു, 'ചേട്ടാ ടെൻഷൻ ഉണ്ടോ'യെന്ന്. അദ്ദേഹവും ചോദിച്ചു, 'എന്തിനെന്ന്'. മൊത്തത്തിൽ നോക്കിയപ്പോൾ എനിക്ക് മാത്രമേ ഉള്ളൂ ടെൻഷൻ. അങ്ങനെ നോക്കുമ്പോൾ നമ്മൾ എപ്പോഴും 'ചിൽ' ആയിരിക്കുക, ചെയ്യാനുള്ള കാര്യങ്ങൾ ചെയ്യുക എന്നാണ് പ്രധാനമായും അദ്ദേഹത്തിൽ നിന്ന് പഠിക്കാൻ കഴിഞ്ഞത്.

ഡീയസ് ഈറെ റിലീസിന് ശേഷം ഇൻഡസ്ട്രിയിൽ നിന്ന് ആരെങ്കിലുമൊക്കെ വിളിച്ച് അഭിനന്ദിച്ചിരുന്നോ?

ഒരുപാട് പേര് എന്നെ സിനിമ കണ്ടതിന് ശേഷം വിളിച്ചിരുന്നു. എല്ലാവരോടും നന്ദിയുണ്ട്. വിനീത് ശ്രീനിവാസൻ, അൻവർ റഷീദ് അങ്ങനെ എനിക്ക് ഇഷ്ടമുള്ള ഒരുപാട് പേര് എന്നെ സിനിമ കണ്ടു എന്ന് പറഞ്ഞ് വിളിച്ചു. വലിയ സന്തോഷമുണ്ട് അതിൽ.

ഡീയസ് ഈറെ രണ്ടാം ഭാ​ഗം വരുന്നുണ്ടോ?

അടുത്ത ഭാ​ഗത്തെ കുറിച്ചുള്ള ചർച്ചകളൊന്നും നടന്നിട്ടില്ല. ഇനി അഥവാ ഉണ്ടെങ്കിലും ഞാനതിൽ കാണില്ലല്ലോ, ഞാൻ കിടപ്പിൽ അല്ലേ...

ലോകയുടെ പോസ്റ്ററുകൾ ആദ്യം മുതലേ എല്ലാവരും ശ്രദ്ധിച്ചിരുന്നു. അതുപോലെ ചിത്രത്തിന്റെ 100 കോടി 200 കോടി കളക്ഷൻ പോസ്റ്ററുകളും. ലോക പോസ്റ്റർ ഡിസൈനിങ്ങിനെക്കുറിച്ച്?

ഛായാ​ഗ്രഹകൻ നിമിഷ് രവിയാണ് എന്നെ ലോകയിലേക്ക് കൊണ്ടുവരുന്നത്. നിമിഷേട്ടൻ ശരിക്കും എന്റെ ഒരു മെന്റർ കൂടിയാണ്. തുടക്കം മുതൽ നമ്മുടെ പല കാര്യങ്ങളിലും ഉപ​ദേശം നൽകുകയും നല്ല പ്രൊജക്ടുകൾ തരുകയും അതുപോലെ എനിക്കെന്തെങ്കിലും സംശയം വന്നാൽ എപ്പോൾ വേണമെങ്കിലും വിളിക്കാൻ പറ്റുന്ന ഒരു മെന്റർ ആണ് നിമിഷേട്ടൻ, രാഹുലേട്ടനെ പോലെ തന്നെ. അങ്ങനെയൊരു പടത്തിൽ വർക്ക് ചെയ്യുമ്പോൾ നമുക്ക് ഭയങ്കര ഫ്രീഡം ഉണ്ടാകും.

ഡൊമിനിക് ഏട്ടനും നിമിഷേട്ടനും എന്തു വേണമെങ്കിലും കാണിച്ചോ ക്വാളിറ്റി ഉണ്ടായാൽ മതിയെന്ന സ്പെയ്സിലാണ് നമ്മളെ നിർത്തുന്നത്. നമുക്ക് പ്രൊഡക്ഷൻ സൈഡിൽ നിന്നും നല്ല സപ്പോട്ട് ആയിരുന്നു. പിന്നെ ഷൂട്ടിനൊക്കെ ടെസ്റ്റ് ഷൂട്ട് വയ്ക്കുക, ഫോട്ടോഷൂട്ടിന് ടെസ്റ്റ് ഷൂട്ട് വയ്ക്കുക എന്നൊക്കെ പറയുമ്പോൾ, എന്ത് ചെയ്യാനും റെഡിയാണ് അവർ. അതിന്റെ റിസൽറ്റാണ് നമ്മൾ ചെയ്തിരിക്കുന്ന എല്ലാം.

നമ്മുടെ ടീമും ഭയങ്കര ആവേശത്തിലായിരുന്നു. ഓരോ പടവും കിട്ടുമ്പോഴാണല്ലോ നമുക്ക് പരീക്ഷിക്കാൻ പറ്റുക. നമ്മുടെ ടീമിലെ എല്ലാവരും, എടുത്തു പറയുകയാണെങ്കിൽ ഏസ്തെറ്റിക് കുഞ്ഞമ്മയുടെ കോ ഫൗണ്ടർ കൂടിയായ ദീപക് അങ്ങനെ എല്ലാവരും അടിപൊളിയാണ്. ഞാൻ ഒന്നും പറഞ്ഞില്ലെങ്കിൽ പോലും എന്താണ് വേണ്ടതെന്ന് അവർക്കറിയാം. മനസറിഞ്ഞ് ചെയ്യും അവർ.

101 കോടിയുടെയും 200 കോടിയുടെയുമൊക്കെ പോസ്റ്റർ അവർ തന്നെ ഇരുന്ന് കൺസെപ്റ്റ് ഒക്കെ ഉണ്ടാക്കി ഇങ്ങോട്ട് പറഞ്ഞതാണ്. പിന്നെ അത് നിമിഷേട്ടനോട് പറഞ്ഞു. അപ്പോൾ അവർ ഭയങ്കര ഹാപ്പിയായിരുന്നു അതിൽ. എല്ലാം അങ്ങനെ ഒരു ​ഗ്രൂപ്പ് എഫർട്ടിൽ, ഒരു വൈബിൽ സംഭവിച്ചതാണ്.

Arun AjiKumar
Arun AjiKumar ഇൻസ്റ്റ​ഗ്രാം

പടക്കളത്തിലെ നകുലിൽ നിന്ന് ഡീയസ് ഈറയിലെ കിരണിലേക്ക് വരുമ്പോൾ എന്ത് വ്യത്യാസമാണ് തോന്നുന്നത് ?

'പടക്കള'ത്തിൽ എനിക്കൊരു മുഴുനീള കഥാപാത്രമാണ്. കുറച്ച് ഫൺ ആൻ ഈസി ​ഗോയിങ് ആണ് ആ കഥാപാത്രം. ആ സിനിമയിലെ നാല് പേരും ഇൻട്രോവെർട്ട് ആണ്, പഠിക്കാൻ മാത്രം കഴിവുള്ള നാല് പേർ. നമുക്കതിന്റേതായ അടികൾ കിട്ടുന്നുണ്ട്. ഞങ്ങളൊന്നിലും എഫ്കട്ഡ് അല്ല. നമ്മൾ ചിൽ ആണ്. പക്ഷേ നമ്മൾ നാല് പേരും നമ്മുടെ കംഫർട്ട് സോണിൽ ഭയങ്കര ഫൺ ആണ്.

അതുകൊണ്ട് തന്നെ ആ കഥാപാത്രത്തിനായി എനിക്ക് മാനസികമായ തയ്യാറെടുപ്പുകളൊന്നും ആവശ്യമില്ലായിരുന്നു. അതെനിക്കൊരു വെക്കേഷൻ മൂഡ് ആയിരുന്നു. സന്ദീപ്, അരുൺ പിന്നെ ഞാൻ മൊത്തം ഫൺ ആയിരുന്നു. അവധി ആഘോഷത്തിനിടെ അഭിനയിക്കുന്നു എന്ന രീതിയായിരുന്നു അവിടെ. കോളജിലേക്ക് തിരിച്ചു പോകുന്നു എന്നൊക്കെ നമ്മൾ പറയാറില്ലേ അതു തന്നെ.

'ഡീയസ് ഈറെ'യിലേക്ക് വന്നപ്പോൾ, ഈ കാരക്ടറിന് ഇത്ര വെയ്റ്റ് ഉണ്ട്, ആ കഥാപാത്രം സംസാരിക്കേണ്ട ചില കാര്യങ്ങളുണ്ട്, ഇവൻ കാരണം എഫക്ട് ആകുന്ന ഒരു കഥാപാത്രവുമുണ്ട്. അത്ര ലെയേഴ്സ് ഉണ്ട് അതിന്. ഒരു അഭിനേതാവ് എന്ന നിലയിൽ എനിക്ക് കിട്ടിയ ഭാ​ഗ്യമാണത്. കിരൺ എന്ന കഥാപാത്രം ചെയ്യുമ്പോൾ ഒരുപാട് തയ്യാറെടുപ്പുകൾ ആവശ്യമായിരുന്നു. എല്ലാ സെറ്റിലും ഞാൻ വളരെ ആക്ടീവായി സംസാരിക്കുന്ന ഒരാളാണ്.

എനിക്ക് സംസാരിക്കാൻ ഭയങ്കര ഇഷ്ടമാണ്. പക്ഷേ ഡീയസ് ഈറെയുടെ സെറ്റിൽ ഞാൻ മിണ്ടാതെ മൂലയ്ക്ക് പോയി ഇരിക്കും. രാഹുലേട്ടനൊക്കെ വന്നിട്ട് ആദ്യമൊക്കെ എന്താടാ മിണ്ടാത്തത് എന്നൊക്കെ ചോദിക്കുമായിരുന്നു. പിന്നെ അദ്ദേഹം തന്നെ പറയും 'കാരക്ടർ പിടിച്ച് ഇരുന്നോ' എന്നൊക്കെ. ഞാൻ എന്നെ പരാമവധി ക്ഷീണിതനാക്കിയിരുന്നു. സെറ്റിൽ ആരോടും മിണ്ടാതെ, ഞാൻ എന്നെ തന്നെ വളരെയധികം ഫ്രസ്ട്രേറ്റഡ് ആക്കി.

അങ്ങനെയൊരു അവസ്ഥ വന്നാൽ എന്ത് ചെയ്യുമെന്നൊക്കെ ഞാൻ കുറേ ചിന്തിച്ചിട്ടുണ്ടായിരുന്നു. കുറേ ഡാർക്ക് ആയിട്ടാണ് ഞാൻ ആ സ്പെയ്സിൽ പോയി നിൽക്കുന്നത്. അങ്ങനെ പിന്നെ ഓട്ടോമാറ്റിക് ആയിട്ട് ശരീരമൊക്കെ വിറയ്ക്കാൻ തുടങ്ങി, പിന്നെ സംസാരിക്കുമ്പോഴൊന്നും ഒരു ശക്തിയും ഉണ്ടാകില്ല. ഉള്ളിൽ എനിക്കൊരു ആങ്സൈറ്റി ഉണ്ടായി. അതൊക്കെ ശരിക്കും ആ കഥാപാത്രം നന്നാകാൻ സഹായിച്ചിട്ടുണ്ട്. ഭയങ്കരമായിട്ട് മാനസികമായി തയ്യാറെടുത്തത് 'ഡീയസ് ഈറെ'യ്ക്ക് വേണ്ടിയാണ്. 'പടക്കളം' എനിക്കൊരു തെറാപ്പി പോലെയായിരുന്നു, ഒരു സുഖം. അടിപൊളി മൂഡായിരുന്നു.

ഡീയസ് ഈറെ സ്ക്രിപ്റ്റ് മുഴുവൻ അറിയാമായിരുന്നതു കൊണ്ട് ഡിസൈനിങ്ങിലും കുറച്ചു കൂടി കാര്യങ്ങൾ എളുപ്പമായി. 28 ദിവസമായിരുന്നു സിനിമയുടെ മൊത്തം ഷൂട്ട്. എനിക്ക് ശരിക്കും ആറ് ദിവസത്തെ ഷൂട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

പൃഥ്വിരാജ്- വൈശാഖ് കൂട്ടുകെട്ടിന്റെ ഖലീഫയിലും പോസ്റ്റർ ഡിസൈനിങ് ചെയ്യുന്നുണ്ട്. ഖലീഫയുടെ വിശേഷങ്ങൾ ?

ഖലീഫയുടെ ഷൂട്ട് നടന്നു കൊണ്ടിരിക്കുകയാണ്. ഞങ്ങളതിന്റെ പിന്നണിയിലുള്ള കാര്യങ്ങളൊക്കെ ചെയ്യുന്നു. ഒരുപാട് കാര്യങ്ങളൊന്നും നമുക്കിപ്പോൾ പറയാൻ പറ്റില്ല. 2022 ൽ ഖലീഫയ്ക്ക് വേണ്ടി ഫോട്ടോഷൂട്ട് ചെയ്തിരുന്നു. ആ സമയത്ത് പൃഥ്വിരാജിനെ കാണാനൊക്കെ പറ്റി. പിന്നെ മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് പടം തുടങ്ങുന്നത്.

Arun AjiKumar
കൊറിയൻ സ്കിൻ കെയർ മാജിക് അഥവാ, ജെൻ സി വളർത്തിയ 'സൗന്ദര്യ മാർക്കറ്റ്'

സിനിമയിലേക്കുള്ള വരവ് എങ്ങനെയായിരുന്നു ?

ഞാൻ മൂന്നാം ക്ലാസ് മുതൽ നാടകം പഠിക്കുന്നുണ്ടായിരുന്നു. ഏകദേശം 12 വർഷത്തോളം നാടകം പഠിച്ചിട്ടുണ്ട്. കുറച്ചുനാൾ ഞാൻ ലോകധർമി നാടകവീട്ടിലുണ്ടായിരുന്നു. ചിൽഡ്രൻസ് തിയറ്ററിന് വേണ്ടി ഓൾ ഇന്ത്യ ലെവലിലൊക്കെ ആക്ടീവായിരുന്നു. സീരിയസ് ആയിട്ടല്ല ഞാൻ അത് അന്ന് ചെയ്തു കൊണ്ടിരുന്നത്. ഒരു ഫൺ ആക്ടിവിറ്റി പോലെയാണ് കണ്ടിരുന്നത്.

പിന്നീടാണ് ഞാൻ തിരിച്ചറിഞ്ഞത്, ഒരു അഭിനേതാവായും ഒരു വ്യക്തിയായും എന്നെ രൂപപ്പെടുത്തിയത് ആ അന്തരീക്ഷമായിരുന്നുവെന്ന്. എനിക്കൊരു വ്യക്തിത്വമുണ്ടായതുമൊക്കെ നാടകത്തിൽ നിന്ന് ആണ്. കോളജിൽ പഠിച്ചു കൊണ്ടിരുന്ന സമയത്ത് ഒന്ന് രണ്ട് നാടകങ്ങളൊക്കെ ‍ഞാൻ സംവിധാനം ചെയ്തിട്ടുണ്ട്. വലിയ ധാരണ ഇല്ലെങ്കിലും അഭിനയിക്കാനുള്ള കൊതി കൊണ്ട് സംവിധാനം ചെയ്തതാണ് അതൊക്കെ. ഒരുപാട് ഷോർട്ട് ഫിലിമുകളിലും ഞാൻ അഭിനയിച്ചിട്ടുണ്ട്. കുറേ നാൾ ഷോർട്ട് ഫിലിംസിന്റെ പൂരമായിരുന്നു.

മലയാളത്തിൽ ഒരു വിധം പ്രശസ്തരായവർക്കൊപ്പമെല്ലാം അരുൺ പ്രവർത്തിച്ചു കഴിഞ്ഞു. മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പവും. ആ അനുഭവങ്ങൾ ?

മമ്മൂക്കയേയും ലാലേട്ടനെയും എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഭ്രമയു​ഗം ചെയ്യുന്ന സമയത്ത് മമ്മൂക്കയുടെ മാജിക് കണ്ട് അമ്പരന്നിരുന്നിട്ടുണ്ട്. ആ സമയത്ത് ഞാൻ സെറ്റിലൊക്കെ എപ്പോഴും കയറി ഇറങ്ങി നടക്കുമായിരുന്നു. മമ്മൂക്ക അഭിനയിക്കുന്നത് കാണാനൊക്കെ. കുറച്ച് കഴിഞ്ഞപ്പോൾ സെറ്റിൽ നിന്ന് എല്ലാവരും എന്നെ ഓടിച്ചു. 'നീ പോയി നിന്റെ പണി ചെയ്യടാ' എന്നൊക്കെ എല്ലാവരും പറയും.

Arun AjiKumar
ഉമ്മൻചാണ്ടിയുടെ ഉപമയും കോൺ​ഗ്രസ്സി​ന്റെ കയറ്റിറക്കങ്ങളും

പിന്നെ ഡൊമിനിക് ആൻഡ് ദ് ലേഡീസ് പഴ്സിലും മമ്മൂക്കയ്ക്കൊപ്പം ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. എപ്പോഴെങ്കിലും അദ്ദേഹത്തിന്റെ ഒരു കോൾ വന്നാൽ ഓടാൻ ഞാൻ റെഡിയാണ്, ആ മൈൻഡിലാണ്. ലാലേട്ടന്റെ കൂടെ ഒരു പരസ്യത്തിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. ലാലേട്ടനിൽ നിന്ന് കിട്ടിയ അനുഭവവും പറഞ്ഞറിയിക്കാനാകാത്തതാണ്.

Arun AjiKumar
Arun AjiKumar ഇൻസ്റ്റ​ഗ്രാം

പ്രണവിന്റെ ഡീയസ് ഈറെയുടെ ഒരു പോസ്റ്റർ അദ്ദേഹത്തിന് ഞാൻ കാണിച്ചു കൊടുത്തിരുന്നു. 'ആഹാ മോനേ പൊളി' എന്നാണ് ആ പോസ്റ്റർ കണ്ട ശേഷം ലാലേട്ടൻ എന്നോട് പറഞ്ഞത്. നമ്മളെ ഭയങ്കര കംഫർ‌ട്ട് ആക്കുന്ന ആളാണ് ലാലേട്ടൻ. ഇവരെപ്പോലെയുള്ള ലെ‍ജൻ‌ഡ്സിനൊപ്പം നിൽക്കാൻ കഴിഞ്ഞത് തന്നെ എന്റെ വലിയ സന്തോഷമാണ്.

ഏസ്തെറ്റിക് കുഞ്ഞമ്മയുടെ പുതിയ പ്രൊജക്ടുകൾ? ഒപ്പം അരുണിന്റെയും?

പാട്രിയറ്റ് ആണ് ഇനി വരാനുള്ള ചിത്രം. ​ഗംഭീര അനുഭവമായിരുന്നു അത്. ഞാൻ ഷൂട്ടിങ് സെറ്റിലൊക്കെ ഇടയ്ക്ക് പോകുമായിരുന്നു. അതിന്റെ ഷൂട്ട് നടന്നു കൊണ്ടിരിക്കുകയാണ്. ഫോട്ടോഷൂട്ടുകളൊക്കെ ചെയ്യണം. മഹേഷേട്ടൻ എനിക്ക് ഇഷ്ടമുള്ള ഒരു സംവിധായകനാണ്. ഞാൻ അദ്ദേഹത്തിന്റെ വലിയൊരു ആരാധകനാണ്. നിവിൻ പോളി ചിത്രം 'സർവം മായ' ആണ് ഞാൻ അഭിനയിച്ചതിൽ ഇനി പുറത്തുവരാനുള്ള ചിത്രം. നിവിനുമായി കോമ്പിനേഷനുമുണ്ട്.

കുടുംബത്തിൽ നിന്നുള്ള പിന്തുണ ?

വീട്ടിൽ എല്ലാവരും ഒപ്പമുണ്ട്. അച്ഛൻ മോഡേൺ ബ്രെഡിലാണ് ജോലി ചെയ്യുന്നത്. അമ്മ യോ​ഗ ടീച്ചറാണ്. അനിയത്തി എംഎ വിദ്യാർഥിനിയാണ്. അവർ നൽകുന്ന സപ്പോട്ട് വളരെ വലുതാണ്. അവരാണ് എന്റെ വിമർശകർ. മോശം ആണെങ്കിൽ, എവിടെയാണ് പ്രശ്നമായത് എന്നൊക്കെ എടുത്ത് പറയും. നല്ലതാണെങ്കിൽ വലുതായി ഒന്നും പറയില്ല, എന്നാലും 'കുഴപ്പമില്ല, നന്നാകുന്നുണ്ട്' എന്ന് പറയും. എന്നെ ചെറുപ്പം മുതൽ നാടകത്തിനൊക്കെ ചേർത്തതും എല്ലാ കാര്യങ്ങൾക്കും കൊണ്ടു നടന്നതുമൊക്കെ അച്ഛനാണ്. അത്രയും സപ്പോർട്ട് ആണ് അവർ.

Summary

Dies Irae fame Arun Ajikumar talks about his upcoming projects and career.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com