

കോട്ടയം: മലരിക്കല്‍ ആമ്പല്‍പ്പാടം കാണാനെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ലൈഫ് ജാക്കറ്റ് ഉറപ്പാക്കും. ടൂറിസ്റ്റുകളെ കൊണ്ടുപോകുന്ന വള്ളങ്ങളുടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. ഊഴ അടിസ്ഥാനത്തില്‍ വള്ളങ്ങള്‍ ക്രമീകരിക്കും. വള്ളങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ യൂണിഫോം ധരിക്കണമെന്നും തീരുമാനമായിട്ടുണ്ട്.
ഗ്രാമപ്പഞ്ചായത്ത്, മലരിക്കല്‍ ടൂറിസം സൊസൈറ്റി, ജെ. ബ്ലോക്ക്, തിരുവായ്ക്കരി പാടശേഖര സമിതികള്‍ എന്നിവര്‍ ചേര്‍ന്നാണ് തീരുമാനങ്ങളെടുത്തത്. മലരിക്കല്‍ ടൂറിസം സോണില്‍ വാഹനഗതാഗതം ക്രമീകരിക്കും. ടൂറിസ്റ്റുകള്‍ കാഞ്ഞിരംപാലം കടന്ന് മലരിക്കല്‍ ജങ്ഷനില്‍ എത്തി തിരിച്ചുപോകുന്ന വിധം പാര്‍ക്കിങ് നിര്‍ബന്ധമാക്കി. സ്വകാര്യ പാര്‍ക്കിങ് കേന്ദ്രങ്ങള്‍ ഫീസ് നല്‍കി ഉപയോഗിക്കാം. വീതികൂട്ടിയ ടൂറിസം റോഡ് ഭാഗത്ത് വ്യാപാരസ്ഥാപനങ്ങള്‍ അനുവദിക്കില്ല.
മലരിക്കല്‍ ആമ്പല്‍ ടൂറിസം കര്‍ഷകര്‍ക്ക് വരുമാനം നല്‍കുന്ന മാതൃകയാക്കാനും തീരുമാനമുണ്ട്. തിരുവാര്‍പ്പ് ഗ്രാമപ്പഞ്ചായത്തിലെ ജെ- ബ്ലോക്ക്, തിരുവായ്ക്കരി പാടശേഖരസമിതികളും, ഈപാടശേഖരങ്ങളില്‍ വളര്‍ന്ന ആമ്പലുകള്‍ക്കിടയില്‍ സഞ്ചാരികളെ വള്ളങ്ങളില്‍ എത്തിക്കുന്നവരും ചേര്‍ന്നാണ് ധാരണയുണ്ടാക്കിയത്.
ടൂറിസം സീസണ്‍ കഴിയുന്നതോടെ വള്ളങ്ങളുടെ ഉപയോഗത്തിൽ കേടുപാട് സംഭവിച്ച വരമ്പുകള്‍ നന്നാക്കാനും പാടശേഖരങ്ങളുടെ പുറംബണ്ടുകള്‍ ശക്തിപ്പെടുത്താനും തുക കര്‍ഷകര്‍ക്ക് ഉപയോഗിക്കാം. വള്ളങ്ങള്‍ അതത് പാടശേഖരസമിതികളുമായി ചേര്‍ന്ന് സഞ്ചാരികള്‍ക്കായി കടവുകള്‍ ക്രമീകരിക്കുന്നതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
