ജവാഹര്‍ലാല്‍ നെഹ്രുവിന്റെ നൂറ്റിമുപ്പതി ഏഴാം ജന്മവാര്‍ഷികം 
News+

നെഹ്രുവിന്റെ 'ഭാഗ്യപരീക്ഷണം': ജനാധിപത്യവും തെരഞ്ഞെടുപ്പും

ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന് തറക്കല്ലിട്ട പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രുവിന്റെ നൂറ്റിമുപ്പതി ഏഴാം ജന്മവാര്‍ഷികം

മഹേന്ദ്രനാഥ് സുധിന്ദ്രനാഥ്

തെരഞ്ഞെടുപ്പ് കമ്മിഷനെ ചുറ്റിത്തിരിഞ്ഞു ഇന്ത്യന്‍ രാഷ്ട്രീയം കലുഷിതമാകുന്ന ഒരു കാലഘട്ടത്തില്‍ ജവാഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മവാര്‍ഷികം കടന്നുപോകുമ്പോള്‍, ഇന്ത്യയിലെ ആദ്യകാല ജനാധിപത്യത്തെയും, പൊതുതിരഞ്ഞെടുപ്പിനെയും രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി എങ്ങനെ നോക്കിക്കണ്ടു എന്നത് വളരെ കൗതുകകരവും, അതേസമയം വിജ്ഞാനദായകമായ ഒരു അനുഭവവും ആയിരിക്കും. ഇന്ത്യ സ്വതന്ത്രയാകുന്നതിനു മുന്‍പ് തന്നെ ഭാരതത്തില്‍ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചിരുന്നു. പ്രത്യേകിച്ചു 1937ലും 1946ലും ഭാരതത്തില്‍ പല പ്രദേശങ്ങളിലും തെരഞ്ഞെടുപ്പുകള്‍ നടന്നിരുന്നു. വരേണ്യതയിലൂന്നിയ ഒരു പ്രക്രിയയായിരുന്നു അത്. വരുമാനത്തിന്റെയും ഭൂനികുതിയുടെയും ഒക്കെ അടിസ്ഥാനത്തില്‍ പൊതുജനങ്ങളെ മാറ്റിനിര്‍ത്തി, ജനസംഖ്യയുടെ കേവലം 14% സമ്മതിദായകരുള്ള ആ തെരഞ്ഞെടുപ്പുകളെ ജനാധിപത്യ പ്രക്രിയ എന്ന് വിശേഷിപ്പിക്കാനാകില്ലെങ്കിലും, അത് സ്വാതന്ത്രാനന്തര ഭാരതത്തിലെ ജനാധിപത്യത്തിലേക്കുള്ള ചവിട്ടുപടികള്‍ ആയിരുന്നു. ബ്രിട്ടീഷ് ഭരണാധികാരികളുടെ താല്‍പര്യങ്ങള്‍ക്കു മുന്‍തൂക്കം നല്‍കുന്ന, മതാടിസ്ഥാനത്തില്‍ മണ്ഡലങ്ങള്‍ നിര്‍ണയിക്കപ്പെട്ട ആ തെരഞ്ഞെടുപ്പുകള്‍ ബ്രിട്ടീഷുകാരുടെ വിഭജിച്ചു ഭരിക്കുക എന്ന സിദ്ധാന്തങ്ങളില്‍ ഊന്നിയുള്ളതും, പില്‍ക്കാല ഇന്ത്യയില്‍ വര്‍ഗീയലഹളകള്‍ക്കു കാരണമായിയെന്നും പറഞ്ഞാല്‍ അതിശയോക്തി ആകില്ല.

നെഹ്റു, ഇന്ദിരാഗാന്ധി

മതാടിസ്ഥാനത്തിലുള്ള മണ്ഡലങ്ങളെ എതിര്‍ക്കുകയും, സാര്‍വത്രിക വോട്ടവകാശം നടപ്പാക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്ത ധിഷണാശാലിയായിരുന്നു പണ്ഡിറ്റ് നെഹ്റു. വിദേശ രാഷ്ട്രതന്ത്രജ്ഞരും രാഷ്ട്രീയവിശാരദന്മാരും ഇന്ത്യയില്‍ അത്തരത്തില്‍ നടക്കുന്ന ജനാധിപത്യ പരീക്ഷണങ്ങളെ പുച്ഛത്തോടെ കണ്ടപ്പോള്‍, നെഹ്രുവിനു ആ വിഷയത്തില്‍ പരിപൂര്‍ണ ബോധ്യങ്ങളുണ്ടായിരുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യം സഫലമാകണമെങ്കില്‍ വിവേചനങ്ങളിലാത്ത ജനാധിപത്യ പ്രക്രിയയില്‍ എല്ലാവരും പങ്കാളികളാകണമെന്നു നെഹ്റു വിശ്വസിച്ചു. സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും ഈറ്റില്ലമായ ഫ്രാന്‍സില്‍ പോലും 1940കള്‍ ആയപ്പോള്‍ മാത്രമാണ് സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ചത്. അതേ സമയം പല യൂറോപ്യന്‍ രാജ്യങ്ങളിലെയും സ്ത്രീകള്‍ വോട്ടവകാശത്തിനായി 1970 വരെ കാത്തിരിക്കേണ്ടി വന്നു. ആ സമയം ആണ് ദാരിദ്ര്യത്തിന്റെയും നിരക്ഷരതയുടെയും മൂര്‍ദ്ധന്യത്തില്‍ ഭാരതം ഇങ്ങനെയൊരു സാഹസത്തിനു മുതിര്‍ന്നത്. പക്ഷെ ഇന്ത്യന്‍ ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ശക്തിയുക്തം നമ്മുടെ സ്ഥാപകനേതാക്കള്‍ ഒത്തുചേര്‍ന്നു.

പാഠം 1: ജനാധിപത്യം

ഭരണഘടന നിര്‍മാണത്തിനടിയില്‍ രാജ്യം തന്നെ വിഭജിക്കപ്പെടേണ്ടി വരികയും, വലിയൊരു ആഭ്യന്തര കലാപവും വര്‍ഗീയ ലഹളകളും ഉണ്ടാവുകയും, അതിലുമുപരി 500ലധികം നാട്ടുരാജ്യങ്ങളായി പിരിഞ്ഞുനില്‍ക്കുകയും ചെയ്യുന്ന സമയത്താണ് ജനാധിപത്യത്തെ കുറിച്ചു ആലോചന നടക്കുന്നത് എന്ന് പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്. ജനാധിപത്യമര്യാദകള്‍ ജനങ്ങളെയും നേതാക്കളെയും പഠിപ്പിക്കാന്‍ മുന്‍കൈ എടുത്തതും പ്രധാനമന്ത്രി തന്നെ ആണ്. ഇന്ത്യയുടെ നാനാഭാഗങ്ങളിലേക്ക് അദ്ദേഹം നടത്തിയ തെരഞ്ഞെടുപ്പ് പര്യടനങ്ങള്‍ ജനാധിപത്യപ്രക്രിയ പഠിപ്പിക്കാനുള്ള മാസ്റ്റര്‍ക്ലാസ്സുകളായിരുന്നു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുകുമാർ സെന്നും സെക്രട്ടറി പി എസ്സ് സുബ്രഹ്മണ്യവും ആദ്യ പൊതുതിരഞ്ഞെടുപ്പിനു വേണ്ടി ഉണ്ടാക്കിയ ബാലറ്റ് പെട്ടികൾ പരിശോധിക്കുന്നു.

ദൈനംദിന ജീവിത പ്രാരാബ്ധങ്ങളില്‍ പെട്ടുപോകാതെ ദേശീയ അന്തര്‍ദേശീയ വിഷയങ്ങളെ ആഴത്തില്‍ വിശകലനം ചെയ്യാനുള്ള അവസരമായി തെരഞ്ഞെടുപ്പുകള്‍ മാറണമെന്ന് നെഹ്റു അഭിപ്രായപ്പെട്ടു. കുടുംബം, സൗഹൃദം, ജാതി, സമുദായം തുടങ്ങിയ മാനദണ്ഡങ്ങളില്‍ ഒതുങ്ങിക്കൂടാതെ വിശാലമായ ദേശീയ പ്രാധാന്യമുള്ള വിഷയങ്ങള്‍ക്ക് ആകണം വോട്ട് നല്‍കേണ്ടത് എന്നും അദ്ദേഹം ഉപദേശിച്ചു. ഒരു വ്യക്തിക്കും സ്തുതിപാടാതെ, ദേശീയ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിലാണ് നെഹ്രുവിന്റെ ആദ്യ തെരഞ്ഞെടുപ്പ് പ്രസംഗങ്ങള്‍ ശ്രദ്ധ വെച്ചത്. സ്ഥിരതയുടെ പാതയാണോ വിഘടനവാദമാണോ ഇന്ത്യ തെരഞ്ഞെടുക്കേണ്ട പാതയെന്നു തിരിച്ചറിയാന്‍ ആദ്യ തെരഞ്ഞെടുപ്പ് സഹായിക്കുമെന്ന് നെഹ്റു പ്രത്യാശിച്ചു. ജാതീയമായി ചിന്തിച്ചു പരസ്പരം ശിഥിലീകരിക്കുകയാണോ ഒരുമിച്ച് നിന്ന് രാഷ്ട്രനിര്‍മ്മാണം നടത്തുകയാണോ വേണ്ടതെന്നു ജനങ്ങള്‍ തീരുമാനിക്കണമെന്നും അദ്ദേഹം തെരഞ്ഞെടുപ്പിന് മുന്‍പായി ഉപദേശിച്ചു.

ഡല്‍ഹിയില്‍ 1952 ജനുവരി 13നു നടത്തിയ പ്രസംഗത്തില്‍ നയതന്ത്ര പ്രതിനിധികള്‍ അധികമുള്ള ഡല്‍ഹിയില്‍ ജനങ്ങള്‍ തെരഞ്ഞെടുപ്പിനെ നേരിടേണ്ടത് ഐക്യത്തോടെ ആകണമെന്നും, അത് ലോകത്തിനു മുന്നില്‍ ഒരുമിച്ച് മുന്നേറാനുള്ള ഇന്ത്യയുടെ കഴിവിനെ വെളിവാക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു. ആദ്യ പൊതുതെരഞ്ഞെടുപ്പ് ഒരു അത്ഭുതം ആയിരുന്നു. 176 ദശലക്ഷം സമ്മതിദായകര്‍ 4000ത്തോളം സ്ഥാനാര്‍ത്ഥികളെ കേന്ദ്രത്തിലും സംസ്ഥാനത്തിലുമായി തെരഞ്ഞെടുക്കുന്നു എന്നതായിരുന്നു അത്. ബഹുകക്ഷി രാഷ്ട്രീയം നിലവിലുള്ള ഇന്ത്യയില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ബാഹുല്യവും വ്യത്യസ്തത തീര്‍ത്തു. മുതലാളിത്ത പ്രീണനം എന്ന് കോണ്‍ഗ്രസിനെ ഇടതുപക്ഷം വിമര്‍ശിച്ചപ്പോള്‍, മുസ്ലിം പ്രീണനം നടത്തിയെന്ന് വലതുപക്ഷം ആരോപിച്ചു. നെഹ്രുവിന്റെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ വര്‍ഗീയതക്കെതിരെ ഉള്ള പടയൊരുക്കമായി കണ്ടു. മതത്തിന്റെ പേരില്‍ ഒരുവനെ മറ്റൊരുവന്‍ അടിച്ചമര്‍ത്തിയാല്‍ ഭരണത്തലവനെന്ന നിലയിലും, അല്ലാതെയും, തന്റെ അവസാന ശ്വാസം വരെയും അടിച്ചമര്‍ത്തപ്പെട്ടവന്റെ അവകാശത്തിനായി പൊരുതുമെന്നു അദ്ദേഹം ആദ്യ തെരഞ്ഞെടുപ്പിനുമുമ്പ് പ്രഖ്യാപിച്ചു. പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിനുള്ള നെഹ്രുവിയന്‍ ദര്‍ശനം ആയി ആണ് ആദ്യ തിരഞ്ഞെടുപ്പ് പൊതുജന ബോധമണ്ഡലത്തിലും ഏറെക്കുറെ രൂപാന്തരപ്പെട്ടത്.

നെഹ്രുവിന്റെ ആന്തരികമായ ചേതോവികാരങ്ങള്‍ തെരഞ്ഞെടുപ്പിനും മുന്പും ശേഷവും എങ്ങനെ പ്രതിഫലിച്ചു എന്നത് അദ്ദേഹത്തെ സമ്പൂര്‍ണ കൃതികളിലും, സ്വകാര്യ കത്തുകളിലും വളരെ പ്രകടമാണ്. കൂരിരുട്ടിലെ എടുത്തുചാട്ടം എന്നോ ഭാഗ്യപരീക്ഷണമെന്നോ ആണ് അദ്ദേഹം ആദ്യ തെരഞ്ഞെടുപ്പിനെ വിശേഷിപ്പിച്ചത്. ജിബി പന്തിനും വിജയലക്ഷ്മി പണ്ഡിറ്റിനും എഴുതിയ കത്തുകളില്‍ സ്ഥാനാര്‍ഥിത്വത്തിനു വേണ്ടിയുള്ള തമ്മിലടിയും കോണ്‍ഗ്രസ്സിനുള്ളിലെ വിഭാഗീയതയെകുറിച്ചുമൊക്കെ അദ്ദേഹത്തിനുണ്ടായ അലോസരങ്ങളെ പറ്റി വിശദമാക്കുന്നു. തെരഞ്ഞെടുപ്പുകള്‍ക്കായി മൂല്യങ്ങള്‍ അടിയറവു വെക്കുന്നവരെയും അപമര്യാദയായി പൊതുവേദിയില്‍ പെരുമാറുന്നവരെയും അദ്ദേഹം പരസ്യമായി ശാസിച്ചു. സംസ്ഥാനങ്ങളില്‍ ഭരണസംവിധാനം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നിയന്ത്രിക്കാനുള്ള ത്വരയെ അദ്ദേഹം മുളയിലേ നുള്ളി.

നെഹ്രുവിയന്‍ കാലവും, ഇലക്ഷന്‍ കമ്മിഷനും

ഭരണഘടന നിര്‍മാണത്തിനുശേഷം വളരെ വൈകാതെ ഗണിതശാസ്ത്രജ്ഞനും മുന്‍ സിവില്‍ സര്‍വീസ് ഉദ്യാഗസ്ഥനുമായ സുകുമാര്‍ സെന്നിനെ ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചു. തൊട്ടടുത്ത വര്‍ഷം തന്നെ (1951) ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് നടത്തേണ്ട അനിവാര്യതയെ പറ്റി നെഹ്റു മുഖ്യമന്ത്രിമാര്‍ക്കെഴുതുന്ന സ്ഥിരം കത്തില്‍ പ്രതിപാദിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ നിലനില്‍പ്പിനു അത് വളരെ പ്രധാനമാണെന്നും അദ്ദേഹം വിശ്വസിച്ചു. മണ്ഡല നിര്‍ണയത്തിനും, 85% നിരക്ഷരരായ 173 ദശലക്ഷം സമ്മതിദായകരെ രജിസ്റ്റര്‍ ചെയ്യാനും, ഇത്രയും സ്റ്റീല്‍ ബാലറ്റ് പെട്ടി ഉണ്ടാക്കാനും സമയം വിനിയോഗിക്കാതെ തെരഞ്ഞെടുപ്പിലേക്ക് എടുത്ത് ചാടുന്നത് ഭരണപരമായ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് സുകുമാര്‍ സെന്‍ മുന്നറിയിപ്പ് നല്‍കി. തന്റെ രാഷ്ട്രീയ നയം തെരഞ്ഞെടുപ്പ് കമ്മിഷന് മേല്‍ അടിച്ചേല്‍പ്പിച്ചില്ല എന്ന് മാത്രമല്ല, സര്‍ക്കാരില്‍ നിന്ന് യാതൊരു സ്വാധീനവുമേല്‍ക്കാത്ത സ്വതന്ത്ര സംവിധാനമാകണം കമ്മീഷന്‍ എന്ന് നെഹ്റു പിന്നീട് എഴുതുകയും ചെയ്തു.

ജവഹര്‍ലാല്‍ നെഹ്റു

ആദ്യപൊതുതെരഞ്ഞെടുപ്പില്‍ തിരുകൊച്ചി സംസ്ഥാനത്തു 1951 ഡിസംബറില്‍ നടന്ന സംഭവം പ്രത്യേകം പ്രസ്താവ്യമാണ്. പ്രധാനമന്ത്രി നെഹ്റുവിന് പ്രത്യേക പരിഗണന നല്‍കുന്ന ഭരണപരമായ ഉത്തരവുകളോട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നീരസം പ്രകടിപ്പിച്ചു. പ്രധാനമന്ത്രിക്കും കോണ്‍ഗ്രസ് നേതാവിനുമിടയിലുള്ള അതിര്‍വരമ്പ് കൃത്യമായി പാലിക്കപ്പെടേണ്ടതാണെന്നു കമ്മിഷന്‍ ഉറപ്പുവരുത്തി. തെരെഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാടിനെ ശിരസ്സാ വഹിക്കുകയാണ് നെഹ്റു ചെയ്തത്. മാതൃക പെരുമാറ്റ ചട്ടത്തിലേക്കുള്ള ആദ്യ കാല്‍വെപ്പുകളിലൊന്നായി ഈ സംഭവത്തെ കാണാവുന്നതാണ്. തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം 1952 ഫെബ്രുവരി 9നു സുകുമാര്‍ സെന്നിന് എഴുതിയ കത്തില്‍ നെഹ്റു ഇന്ത്യയിലെ നാനാഭാഗത്തുനിന്നും തനിക്കു ലഭിച്ച തെരഞ്ഞെടുപ്പ് ക്രമക്കേടുകളെ കുറിച്ചുള്ള പരാതികള്‍ കൈമാറി. ഉത്തര്‍ പ്രദേശിലെ മീററ്റിലും അലിഗഡിലും നടന്ന ക്രമക്കേടുകള്‍ കമ്മിഷന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും, സ്വതന്ത്ര നടപടിയുണ്ടാകുമെന്ന് പ്രത്യാശിക്കുന്ന ജനാധിപത്യ വിശ്വാസിയെയാണ് 1952 ലെ പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്റുവില്‍ കാണാന്‍ സാധിക്കുന്നത്. നെഹ്റു -സെന്‍ കത്തിടപാടുകള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വത്തിന്റെ നിദര്‍ശനമായി പരിഗണിപ്പെടേണ്ടതാണെന്നു ചരിത്രകാരനായ രാമചന്ദ്ര ഗുഹ അഭിപ്രായപ്പെട്ടിട്ടുണ്ട്.

തെരഞ്ഞെടുപ്പിനുശേഷം ആത്മപരിശോധന

ആദ്യ പൊതുതെതിരഞ്ഞെടുപ്പിനുശേഷം വന്ന ഫലങ്ങള്‍ കോണ്‍ഗ്രസിന് പലയിടത്തും ഉജ്ജ്വല വിജയം സമ്മാനിച്ചെങ്കിലും, നെഹ്റുവിലെ ജനാധിപത്യവാദി ആത്മപരിശോധനയ്ക്കാണ് പ്രാധാന്യം നല്‍കിയത്. പരസ്പരം ചളിവാരിയെറിയുന്ന സമീപകാല രാഷ്ട്രീയത്തിന് മാതൃകയാക്കാവുന്ന നടപടിയാണ് ഇത്. കോണ്‍ഗ്രസ്സിനുള്ളിലെ വര്‍ഗീയവത്ക്കരണത്തെയും രാഷ്ട്രീയക്കാരുടെ അഹന്തയെയും ജനങ്ങളില്‍ നിന്ന് അധികാരത്താല്‍ അകലുന്നതിനെയും അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. ദക്ഷിണേന്ത്യയില്‍ ഏറ്റവും വലിയ കക്ഷി ആണെങ്കിലും, ഉദ്ദേശിച്ച വിജയം കാണാത്തതിന്റെ കാരണങ്ങള്‍ അദ്ദേഹം ആരാഞ്ഞു. ജാതീയമായ ചേരിതിരിവും ഭക്ഷ്യധാന്യ ക്ഷാമവും ഏറ്റവും പ്രധാനമായി ഉത്തരേന്ത്യയില്‍ നിന്ന് നേരിടുന്ന അവഗണനയുമാകാമെന്നു അദ്ദേഹം അനുമാനിച്ചു. രാജസ്ഥാന്‍ അടക്കമുള്ള പ്രദേശങ്ങളിലെ പഴയ നാട്ടുരാജാക്കന്മാരുടെയും ഫ്യൂഡല്‍ മാടമ്പിമാരുടെയും പാര്‍ലമെന്ററി രംഗപ്രവേശത്തെ അദ്ദേഹം ജനാധിപത്യത്തിന്റെ വക്രീകരണമായി കണക്കാക്കി. എന്നിരുന്നാലും സാര്‍വത്രിക വോട്ടവകാശം വിജയമായതിലും തിരഞ്ഞെടുപ്പിലെ രഹസ്യാത്മകത കാത്തുസൂക്ഷിക്കാന്‍ സാധിച്ചതിലും ഉജ്ജ്വലമായ സ്ത്രീപങ്കാളിത്തം ഉറപ്പാക്കാനായതിലും അദ്ദേഹം ചാരിതാര്‍ഥ്യം കണ്ടു.

മഹാത്മാ ​ഗാന്ധിയുടെ വിലാപ യാത്രയിൽ ജവഹർലാൽ നെഹ്റു സംസാരിക്കുന്നു

ചരിത്രകാരന്‍ സലില്‍ മിശ്ര അഭിപ്രായപ്പെട്ടപോലെ ഭാരതത്തിലെ ജനാധിപത്യം ഒരേസമയം അപകടകരമായ അവസ്ഥയിലും സുശക്തമായ അവസ്ഥയിലുമാണ്. ജനാധിപത്യ സംവിധാനങ്ങള്‍ തകരുന്നു എന്ന വാദത്തിനോടൊപ്പം, ജനാധിപത്യം തന്നെയാണ് ഇവിടുത്തെ വ്യവസ്ഥ എന്ന് ഭരണ -പ്രതിപക്ഷ ഭേദമില്ലാതെ ഒരേ സ്വരത്തില്‍ നാം അംഗീകരിക്കുന്നു. ഭാരതത്തിന്റെ സുശക്തമായ ഭാവി ഇവിടുത്തെ സുദൃഢമായ ജനാധിപത്യ പ്രക്രിയയില്‍ അടിസ്ഥാനപ്പെടുത്തിയിരിക്കുകയാണ്. വ്യക്തികള്‍ക്കും, ഹ്രസ്വമായ ലക്ഷ്യങ്ങള്‍ക്കും വേണ്ടിയുള്ളതാകരുത് ജനാധിപത്യ സംവിധാനം എന്നും, അത് പൊതുജനനന്മക്കും, ലോക സമാധാനത്തിനും, രാഷ്ട്രനിര്‍മാണത്തിനും വേണ്ടിയുള്ളതാണെന്നും ജവാഹര്‍ലാല്‍ നെഹ്രുവിന്റെ ജീവിതം നമ്മെ ഓര്‍മിപ്പിക്കുന്നു.

(ന്യൂഡല്‍ഹിയിലെ പ്രധാനമന്ത്രി സംഗ്രഹാലയത്തിലെ പ്രൊജക്റ്റ് അസ്സോസിയേറ്റ് ആണ് ലേഖകന്‍)

Jawaharlal Nehru championed universal adult franchise and parliamentary democracy during India's transition to a republic, serving as the primary architect of the country's democratic framework

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എ' ഗ്രൂപ്പിന് മാത്രമല്ല, കോണ്‍ഗ്രസില്‍ എല്ലാവര്‍ക്കും അതൃപ്തി: എംഎം ഹസന്‍

ഉരുള്‍പ്പൊട്ടല്‍ തകര്‍ത്ത ചൂരല്‍മലയില്‍ പുതിയ പാലം; ചെലവ് 34 കോടി രൂപ, നിര്‍മാണം ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി

ഇനി പലിശയെ കുറിച്ച് ആശങ്ക വേണ്ട!; അറിയാം ഹൈബ്രിഡ് ഹോം ലോണിന്റെ നേട്ടം

15-ാം വയസ്സില്‍ നായകന്‍! ചരിത്രം കുറിച്ച് വൈഭവ്; 'അരങ്ങേറ്റ' മത്സരത്തില്‍ 18ന് പുറത്ത്

ലക്ഷ്യം 10 ശതമാനത്തിലധികം ഇന്ധനക്ഷമത; വരുന്നു ഹോണ്ട സിആര്‍- വിയുടെ ഹൈബ്രിഡ് വേര്‍ഷന്‍, അടുത്ത വര്‍ഷം വിപണിയില്‍