Jina Mahsa Amini became a global symbol of women’s rights after her death following detention by Iran’s morality police. Samakalika Malayalam
News+

ജിന മഹ്സ അമിനി: ഇറാ​ന്റെ ചരിത്രം, മരണം കൊണ്ട് മാറ്റിയെഴുതുന്ന "കുർദിഷ് പെൺകുട്ടി"

മതകാര്യ പൊലീസ് നടപടിയെ തുടർന്ന് മരണമടഞ്ഞ ജിന മഹ്സ അമിനി കു‍ർദിഷ് പെൺകുട്ടി സ്ത്രീ സ്വാതന്ത്യ സമര പ്രക്ഷോഭ ചരിത്രത്തിലെ പ്രധാന ഏടായി മാറിയിരിക്കുന്നു. ഇറാനിലും ലോകമെമ്പാടും ഇന്ന് ച‍ർച്ച ചെയ്യുന്ന ആ പേരിനെ കുറിച്ച്

സമകാലിക മലയാളം ഡെസ്ക്

പശ്ചിമേഷ്യൻ സംഘ‍ർഷങ്ങൾക്കിടയിൽ സോഷ്യൽ മീഡിയിയലും അല്ലാതെയും വ്യാപകമായി ച‍ർച്ച ചെയ്യപ്പെടുന്ന ഒരു പേരുണ്ട് മഹ്സ അമിനി. ഖമനേനി കൊല്ലപ്പെട്ടു എന്ന വാ‍ർത്ത വന്നതോടെ ഈ പേര് സജീവമായി ഉയ‍ർന്നുവരുകയായിരുന്നു. കഴിഞ്ഞ മൂന്ന് വ‍ർഷത്തിലേറെയായി ഇറാനിലെ തെരുവകളിലും, യൂറോപ്യൻ രാജ്യങ്ങളിലുമുൾപ്പടെ ലോകത്തെമ്പാടും ഉയരുന്ന പേരും ചിത്രവുമാണിത്.

യു എസ്- ഇസ്രയേൽ സംഖ്യത്തി​ന്റെ ഇറാൻ ആക്രമണത്തി​ന്റെ പശ്ചാത്തലത്തിൽ ലോകമെമ്പാടും ഇപ്പോൾ വീണ്ടും ചർച്ച ചെയ്യപ്പെടുന്ന പേരാണ് മഹ്സ അമിനി. ഇറാനിൽ കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി നീണ്ടു നിൽക്കുന്ന പ്രതിഷേധക്കൊടുങ്കാറ്റ് വിതച്ച് കടന്നുപോയ തെന്നലാണ് ജിന മഹ്സ അമിനി ഇരുപതുകാരി. 1978-79 ലെ ഇറാനിയൻ വിപ്ലവത്തിന് ശേഷം, ഇറാൻ കണ്ട അപൂർവവും ശക്തവുമായ പ്രതിഷേധത്തിലേക്ക് ജനങ്ങളെ നയിക്കുകയും അതിലേക്ക് ലോക ശ്രദ്ധ പിടിച്ചെടുക്കുകയും ചെയ്തത് ജിന മഹ്സ അമിനി എന്ന പേരിലൂടെയാണ്.

ജിന മഹ്സ് അമിനി, ഇരുപതുകളുടെ തുടക്കത്തിലായിരുന്ന പാട്ടുപാടുകയും നൃത്തം ചെയ്യുകയും മനോഹരമായി പുഞ്ചിരിക്കുകയും ചെയ്തിരുന്ന ഈ കു‍ർദിഷ് പെൺകുട്ടി, ഇന്ന് ലോകത്തില്ല. 15 വ‍ർഷം മുമ്പ് 2010-11 ൽ മുല്ലപൂ വിപ്ലവത്തിന് തിരികൊളുത്തിയ 26 വയസ്സുകാരനായ മുഹമ്മദ് ബൊഅ്സീസിയുടെ മരണത്തി​ന്റെ ഓർമ്മകളെ വീണ്ടും കൊണ്ടുവരുന്നതാണ് മൂന്ന് വർഷമായി ഉയർന്നു കേൾക്കുന്ന ജിന മഹ്സ അമിനിയുടെ പേര്. രണ്ട് പേരും അതത് രാജ്യങ്ങളിലെ ( ടുണീഷ്യ, ഇറാൻ) ഭരണകൂട ഇടപെടലി​ന്റെ ഇരകളായിരുന്നു.

ടുണീഷ്യയിൽ തെരുവിൽ പഴക്കച്ചവടം നടത്തിയിരുന്ന മൊഹമ്മദ് ബൊഅ്സീസി സർക്കാർ നടപടികൾ കാരണം ജീവിതം അസഹ്യമായപ്പോൾ സ്വയം ജീവനൊടുക്കുകയായിരുന്നു. ഇതാണ് മുല്ലപൂ വിപ്ലവത്തിന് തുടക്കം കുറിച്ച പ്രത്യക്ഷ സംഭവമായി മാറിയത്. ശിരോവസ്ത്രം ശരിയായ രീതിയിൽ ധരിച്ചില്ല എന്ന പേരിൽ ഇറാൻ മതകാര്യ പൊലീസ് അറസ്റ്റ് ചെയ്ത ജിന എന്ന കുർദിഷ് യുവതി പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് കുഴഞ്ഞു വീഴുകയും മരണത്തിന് കീഴടങ്ങുകയും ചെയ്തത്.

ജിന മഹ്സ അമിനി മരണത്തിലൂടെ ചരിത്രമാകുക മാത്രമല്ല, ചരിത്രത്തെ മാറ്റിയെഴുതുക കൂടെയാണ്. 23 വയസ് തികയാൻ അഞ്ച് ദിവസങ്ങൾ ബാക്കി നിൽക്കെയാണ് സ്വപ്നങ്ങൾ ബാക്കിയാക്കി ജിന മഹ്സ അമിനി ലോകത്തോട് വിടപഞ്ഞത്. പക്ഷേ, ജിനയുടെ സ്വപ്നങ്ങൾക്ക് ലോകം ചിറക് കൊടുത്തപ്പോൾ ഇറാനിൽ പ്രതിഷേധ തീ ആളിക്കത്തി. ഭരണകൂടം സ്വന്തം ജനങ്ങൾക്ക് നേരെ വെടിയുതിർത്തും ജയിലറകൾ തുറന്നും അടിച്ചമർത്തൽ നയം തുടർന്നു. അതുകൊണ്ടൊന്നും ഇന്നും അവസാനിക്കാതെ അവിടുത്തെ പ്രതിഷേധങ്ങൾ ഉയർന്നു കൊണ്ടിരിക്കുന്നു.

മുഹമ്മദ് ബൊഅ്സീസി

ഇറാനിൽ വസ്ത്ര നിയമങ്ങൾ തിരിച്ചുവന്ന വഴി

ഷാ ഭരണകൂടത്തെ പുറത്താക്കിക്കൊണ്ടുള്ള ഇറാനിയൻ വിപ്ലവത്തെ തുട‍ർന്ന് അധികാരം പിടിച്ചെടുത്ത മതവാദികൾ, ഇറാനെ മതരാജ്യമാക്കി മാറ്റി കർശനമായ നിയന്ത്രണങ്ങൾ സ്ത്രീകൾക്ക് മേൽ നടപ്പാക്കിയത്. 1979 ലെ വിപ്ലവത്തെ തുട‍ർന്ന് അധികാരത്തിലേറിയ മതഭരണകൂടം അധികം വൈകാതെ ഹിജാബ് നി‍ർബന്ധമാമാക്കി. തലമുടി മുഴുവൻ മറയ്ക്കണമെന്ന നിയമം ക‍ശനമാക്കി. സ്ത്രീകൾ അയഞ്ഞ വസ്ത്രങ്ങൾ മാത്രമേ ധരിക്കാവൂ എന്നും നിയമം ശക്തമാക്കി. ഇത് ലംഘിക്കുന്നവരെ മതപൊലീസ് അറസ്റ്റ് ചെയ്യുകയും ശിക്ഷാനടപടികൾക്ക് വിധേയാരാക്കുകയും ചെയ്തു.

ഇൻഷുറൻസ് ഉദ്യോ​ഗസ്ഥനായ അംജദ് അമിനിയുടെ മകളാണ് ജിന എന്ന കുർദിഷ് പേരിൽ അറിയപ്പെടാൻ ആ​ഗ്രഹിച്ചിരുന്ന മഹ്സ അമിനി. വിദേശത്ത് പഠിക്കാൻ പോകാനായി പാസ്പോർട്ടിന് വേണ്ടി പേർഷ്യൻ പേര് സ്വീകരിക്കുകയായിരുന്നു ജിന.

"കുർദിഷ് പെൺകുട്ടി" എന്ന് തന്റെ ഇൻസ്റ്റാഗ്രാം ബയോയിൽ ജിനി സ്വയം വിശേഷിപ്പിച്ചിരിക്കുന്നു, സർവകലാശാലയിൽ ബയോളജി പഠിക്കാൻ ആ​ഗ്രഹിച്ചെത്തിയ, ജിന മഹ്സ് അമിനി, കോഴ്സിലെ ആദ്യ സെമസ്റ്റർ ആരംഭിക്കാൻ ഏഴ് ദിവസം ബാക്കിയുള്ളപ്പോഴാണ് മതപൊലീസിന് മുന്നിൽ കുഴഞ്ഞു വീണ് മരണടഞ്ഞത്.

പാട്ടും നൃത്തവും ഇഷ്ടപ്പെട്ടിരുന്ന ജിന മഹ്സ അമിനിയുടെ ജീവിതത്തെ മരണത്തിലേക്ക് നയിച്ചത് അപ്രതീക്ഷിത സംഭവങ്ങളായിരുന്നു.

Jina Mahsa Amini protest

മരണത്തിലേക്ക് ഒരു പാലം

വടക്കുപടിഞ്ഞാറൻ ഇറാനിലെ നഗരമായ ഉർമിയയിലെ സർവകലാശാലയിൽ രജിസ്റ്റർ ചെയ്യാൻ ജിനി മഹ്സി അമിനിയും കുടുംബം ഒരുമിച്ച് യാത്ര ചെയ്തു. ബയോളജി പഠിക്കാൻ അവിടുത്തെ സ‍ർവകലാശാലയിൽ അപേക്ഷിച്ചിരുന്നു, പ്രവേശന പരീക്ഷകൾക്ക് വളരെ കഠിനമായി പഠിച്ച് ഒടുവിൽ പ്രവേശനം ലഭിച്ചു. ആദ്യ സെമസ്റ്റർ സെപ്റ്റംബർ 23 ന് ആരംഭിക്കും അതിനുള്ള യാത്രയിൽ അവർ തലസ്ഥാനമായ ടെഹ്റാനിൽ എത്തി. ജിനയും കുടുബവും ബന്ധുക്കളും ഒപ്പമുണ്ടായിരന്നു. അവിടെ രണ്ട് പാ‍ർക്കുകളെ ബന്ധിപ്പിക്കുന്ന പ്രശസ്തമായ 270 മീറ്റർ നീളമുള്ള തബിയത്ത് പാലം കാണാൻ അവർ ആഗ്രഹിച്ചു.

സെപ്റ്റംബർ 13 ന് ഉച്ചകഴിഞ്ഞ്, ആ പാലം കാണാൻ അവ‍ർ യാത്ര തിരിച്ചു. തബിയത്ത് പാലത്തിന് വളരെ അകലെയല്ലാത്ത ഹഗാനി സ്റ്റേഷനിൽ, വൈകുന്നേരം 6 മണിക്കും 6:30 നും ഇടയിൽ അവർ സബ്‌വേയിൽ നിന്ന് ഇറങ്ങി. അവിടെ, ജിനയെയും അവളുടെ രണ്ട് കസിൻസിനെയും മതകാര്യ പൊലീസായ ഗഷ്-ഇ-ഇർഷാദ് കസ്റ്റഡിയിലെടുത്തു, "ഇസ്ലാമികമല്ലാത്ത വസ്ത്രം ധരിച്ചു" എന്നായിരുന്നു മതപൊലീസ് അവ‍ർക്ക് എതിരെ ഉന്നയിച്ച ആരോപണം. എന്നാൽ, അവർ ജിന അമിനിയെ മാത്രമേ കൂടെ കൊണ്ടുപോയുള്ളൂ.

ആ പാലം പാർക്കുകളെ മാത്രമല്ല, ജിനയുടെ ജീവിതത്തെയും മരണത്തെയും കൂടെ ബന്ധിപ്പിക്കുന്നതായി മാറി. രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ പൊലീസ് സ്റ്റേഷനിൽ ആംബുലൻസ് എത്തുകയും ജിനയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ആശുപത്രിയിൽ രണ്ട് ദിവസത്തോളം കോമയിൽ കഴിഞ്ഞ ജിന സെപ്റ്റംബർ 16 ന് മരണത്തിന് കീഴടങ്ങി.

മതകാര്യ പൊലീസ് വാദവും, മനുഷ്യാവകാശ പ്രവർത്തകരുടെ തെളിവുകളും

ഇറാനിലെ മതകാര്യ പൊലീസായ ഗഷ്ത്-ഇ-ഇര്‍ഷാദ് കസ്റ്റഡിയിലെടുത്ത ജിന മഹ്‌സ അമീനി,ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിക്കുന്നതെന്നും അത് യുവതിക്കുണ്ടായിരുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണെന്നുമായിരുന്നു പൊലീസ് ഭാഷ്യം.

എന്നാൽ മതകാര്യ പൊലീസിൻ്റെ മർദനമാണ് അമിനിയുടെ മരണകാരണമെന്നാണ് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ പ്രതിനിധികൾ വ്യക്തമാക്കിയത്.ജിനയുടെ മരണത്തെ തുടർന്ന് പുറത്തു വന്ന സ്കാൻ, എക്സറേ തുടങ്ങിയവയിൽ എല്ലിന് പൊട്ടൽ, ഹെമറേജ്, മസ്തിഷ്ക്ക വീക്കം ( സെറിബ്രൽ എഡിമ) എന്നിവ സംഭവിച്ചതായി റിപ്പോ‍ർട്ടുകൾ പുറത്തു വന്നു.

കു‍ർദിഷ് യുവതിയുടെ ദുരൂഹ മരണം ആദ്യം പുറംലോകത്തെ അറിയിച്ചത് മാധ്യമപ്രവര്‍ത്തകയായ നിലൂഫര്‍ ഹമീദിയാണ്. മഹ്‌സയുടെ സംസ്‌കാരചടങ്ങില്‍ പങ്കെടുത്ത് മരണത്തെ പറ്റി ഇലാഹി മുഹമ്മദിയും ലേഖനമെഴുതി. തുടര്‍ന്ന് വാര്‍ത്ത പുറംലോകമറിഞ്ഞതോടെ അമീനിയുടെ മരണത്തില്‍ ഇറാനില്‍ പ്രതിഷേധമാഞ്ഞടിച്ചു. ഇരു മാധ്യമപ്രവർത്തകരെയും തടവിന് ശിക്ഷിക്കുകയായിരുന്നു ഇറാൻ ഭരണകൂടം ചെയ്തത്.

അറസ്റ്റിന് തൊട്ടുമുമ്പ്, സബ്‌വേയിൽ നിന്ന് ഇറങ്ങുന്നതിന് തൊട്ടുമുമ്പ്, ജിന അമിനിയുടെ അവസാന ഫോട്ടോകളിൽ ഒന്ന് എടുത്തു അവൾ മെട്രോയിൽ ഇരുന്ന് കൈയിൽ ഒരു വാട്ടർ ബോട്ടിൽ പിടിച്ച് പുഞ്ചിരിക്കുന്നു. അവൾ നീളമുള്ള, കറുപ്പും വെളുപ്പും നിറമുള്ള ഗൗണും കറുത്ത ശിരോവസ്ത്രവും ധരിച്ചിരിക്കുന്നു. കുറച്ച് മുടിയിഴകൾ മാത്രമേ കാണാൻ കഴിയൂ. ഈ ചിത്രം ജിന മഹ്സ അമിനിയുടെ മരണ ശേഷം

ബന്ധുക്കളിൽ ഒരാൾ ചിത്രം പോസ്റ്റ് ചെയ്തു, ഇങ്ങനെ എഴുതി: "ഇത് ജിന അമിനി, എന്റെ സുന്ദരിയായ കസിൻ. പോലീസ് സ്റ്റേഷനിലേക്ക് മാറ്റുന്നതിന് തൊട്ടുമുമ്പ് സബ്‌വേയിൽ എടുത്തതാണ് ഇത്. ഈ വസ്ത്രത്തിൽ എന്തെങ്കിലും കുഴപ്പമുണ്ടോ? #ജസ്റ്റിസ്."

‌ഇറാനിലെ സഖേസിലെ ജില്ലയായ ഷഹ്രക് ദനേഷ്ഗാഹാണ് ജിനയുടെ ജന്മസ്ഥലം. അവിടെയാണ് പഠിച്ചതും വളർന്നതും. മുത്തച്ഛൻ റഹ്മാൻ ഐലി "ഷ്നെ" എന്ന ഓമനപ്പേരിലാണ് ജിനയെ വിളിച്ചിരുന്നത്. ഇളം കാറ്റ്, തെന്നൽ എന്നൊക്കെയാണ് ആ പേരിന് അർത്ഥം. ജിനയുടെ ശാന്ത സ്വഭാവം കാരണമാണ് ആ പേര് വിളിച്ചതെന്ന് അദ്ദേഹം ഓർമ്മിക്കുന്നു.

ഗൂഗൂഷ് എന്നറിയപ്പെടുന്ന ഫെയ്ഗെ അതാഷിൻ

തെളിഞ്ഞ ആകാശവും പർവതങ്ങൾ പിന്നിൽ മറഞ്ഞിരിക്കുന്ന ദുഃഖവും

ജിനയുടെ മരണം സംഭവിക്കുന്നതിന് ഏതാനും ആഴ്ചയ്ക്ക് മുമ്പ് അമ്മ മകളെ കുറിച്ച്, ഇൻസ്റ്റയിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. ജിന കാമറയിലേക്ക് നോക്കുന്നു, പുഞ്ചിരിക്കുന്നു. പശ്ചാത്തലത്തിൽ കേൾക്കുന്ന ചെയ്യുന്ന ഒരു ഗാനത്തിനൊപ്പം പാടുന്നു: "നിങ്ങൾ ഇവിടെയുള്ളപ്പോൾ, ആകാശം തെളിഞ്ഞുകിടക്കുന്നു," പർവതങ്ങൾക്ക് പിന്നിൽ ദുഃഖം മറഞ്ഞിരിക്കുന്നു." ( "When you are here, the skies are clear,The sadness hides behind the mountains.")

ഈ വരികൾ ഗൂഗൂഷ് എന്നറിയപ്പെടുന്ന ഫെയ്ഗെ അതാഷിൻ എന്ന ഇറാനിയൻ ഗായികയുടേതാണ്. ഇറാനിലെ ഇപ്പോഴത്തെ ഭരണകൂടം അധികാരത്തിലെത്തിയപ്പോൾ ആദ്യം ഇരയായ സ്ത്രീകളിലൊരാളാണ് ​ഗൂ​ഗൂഷ്. 1979-ൽ ഇസ്ലാമിക് റിപ്പബ്ലിക് സ്ഥാപിതമായതിനുശേഷം, അവരുടെ സംഗീതം നിരോധിച്ചു. പാടാനോ അവതരിപ്പിക്കാനോ അവർക്ക് അനുവാദമില്ലായിരുന്നു. 21 വർഷങ്ങൾക്ക് ശേഷം രാജ്യം വിട്ടതിനുശേഷമാണ് അവരുടെ ശബ്ദം വീണ്ടും ലോകം കേട്ടത്.

'ജിന, നിനക്ക് മരണമില്ല. നിന്റെ പേര് ഒരു അടയാളമാണ്'

ജിന അമിനി പാടുകയും നൃത്തം ചെയ്യുകയും ചെയ്യുക മാത്രമല്ല, സ്വന്തമായി ബൂട്ടീക് നടത്തുകയും ചെയ്തിരുന്നു. പ്രധാന കേന്ദ്രങ്ങളിലൊന്നായി അദാമി ഷോപ്പിങ് സെ​ന്ററിലാണ് ജിനയുടെ ബെസ്റ്റ് ബോട്ടിക് പ്രവ‍ർത്തിച്ചത്. ഡ്രൈവിങ് ലൈസൻസ് സ്വന്തമായി ഉണ്ടായിരന്നുവെങ്കിലും അവിവാഹിതയാതിനാൽ പിതാവോ സഹോദരനോ ആണ് ജിന അമിനിയെ ബൂട്ടികിൽ കൊണ്ടുപോയിരുന്നത്. രസരകമായതും ആകർഷകമായതുമായ രീതിയിൽ ത​ന്റ ബൂട്ടികിനെ സോഷ്യൽ മീഡിയയിൽ അവതരിപ്പിക്കുന്ന ജിനുടെ ബെസ്റ്റ് ബൂട്ടീക് ഏറെ ശ്രദ്ധ ആകർഷിച്ചിരുന്നു.

അമിനിയുടെ മരണം ഇറാനിൽ വൻ പ്രക്ഷോഭമായി മാറി. പ്രതിഷേധക്കാരുടെ അന്താരാഷ്ട്ര മുദ്രാവാക്യമായി മാറിയ മൂന്ന് കുർദിഷ് വാക്കുകൾ ഇന്നും ലോകമാകെ തിരയടിക്കുന്നു. "ജിൻ. ജിയാൻ. ആസാദി." ( സ്ത്രീ. ജീവിതം. സ്വാതന്ത്ര്യം- വുമെൻ, ലൈഫ്, ഫ്രീഡം).ഇതേ പ്രസ്ഥാനത്തി​ന്റെ പേരിലാണ് പ്രക്ഷോഭം തുടരുന്നത്. പ്രക്ഷോഭത്തിൽ പങ്കെടുത്തവരിൽ നിരവധി പേർ കൊല്ലപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്തു. ഇന്നും ആ പ്രക്ഷോഭത്തി​ന്റെ തുടർച്ചകൾ ഇറാനിൽ അലകൾ ഉയർത്തുന്നു.

യൂറോപ്യൻ യൂണിയൻ പാർലമെന്റ് ഏർപ്പെടുത്തിയ മനുഷ്യാവകാശത്തിനുള്ള ഉന്നത ബഹുമതിയായ സഖറോവ് പുരസ്കാരം ജിന മഹ്സ അമിനിക്കും ‘വുമെൻ, ലൈഫ്, ഫ്രീഡം’ വനിതാ പ്രസ്ഥാനത്തിനും 2023ൽ ലഭിച്ചു. മനുഷ്യാവകാശങ്ങൾക്കും ചിന്താസ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുന്ന വ്യക്തികളെയും സംഘടനകളെയും ആദരിക്കാനതാണ് ഈ പുരസ്കാരം. സോവിയറ്റ് ഭരണകൂടത്തിനെതിരെ കലഹിച്ച ശാസ്ത്രജ്ഞനും സെക്യുലറിസ്റ്റും നൊബേൽ ജേതാവുമായ ആന്ദ്രേ സഖറോവിന്റെ പേരിൽ യൂറോപ്യൻ പാർലമെന്റ് 1988 ൽ ആരംഭിച്ചതാണ് സഖറോവ് പുരസ്കാരം. അസഹിഷ്ണുതയ്ക്കും മതതീവ്രവാദത്തിനുമെതിരെ പോരാടുന്ന വ്യക്തികൾക്കാണ് ഇത് നൽകുന്നത്.

ജിനയുടെ ശവകുടീരത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: "പ്രിയപ്പെട്ട ജിന, നീ മരിച്ചിട്ടില്ല. നിന്റെ പേര് ഒരു അടയാളമായിരിക്കും." ജിൻ, ജിയാൻ, ആസാദി എന്ന ഇന്നും നിലയ്ക്കാത്ത പ്രക്ഷോഭങ്ങളുടെ തുടർചലനങ്ങളെ അന്വർത്ഥമാക്കുന്നു ആ വാക്കുകൾ .

Jina Mahsa Amini’s death after Iran’s morality police detention sparked nationwide protests and became a global symbol of women’s freedom.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുഎസ്-ഇസ്രയേല്‍ ആക്രമണം: വിമാന ടിക്കറ്റ് നിരക്കില്‍ വര്‍ധന, ദുബൈ വിമാനത്താവളം തുറക്കും

ആയത്തുല്ല ഖമേനയിയുടെ ഭാര്യയും മരിച്ചു; സ്ഥിരീകരിച്ച് ഇറാന്‍ മാധ്യമങ്ങള്‍

ഇറാൻ ആക്രമണം: യുഎഇയിലെ സ്കൂളുകൾക്കും സർവകലാശാലകൾക്കും മാർച്ച് നാല് വരെ റിമോട്ട് ലേണിങ്

'വിദ്യാഭ്യാസ രംഗത്ത് വലതുപക്ഷത്തിന്റേത് വാചക കസര്‍ത്ത്, കേരളവും ഗുജറാത്തും തമ്മിലുള്ള അന്തരം ഇതിന് ഉത്തരം'

'പാപദോഷങ്ങള്‍ നീക്കി ഐശ്വര്യം'; ഗുരുവായൂരപ്പന്‍ സ്വര്‍ണപഴുക്കാമണ്ഡപത്തില്‍ എഴുന്നള്ളി, ഭക്തിസാന്ദ്രം

SCROLL FOR NEXT