മിക്കി മൗസ് പ്ലാന്റ് 
News+

ചുവടുറപ്പിക്കുന്ന ഡാന്‍സിങ്ങ് മൗസ്

ഷിലോ കെ ദേവ്‌

മിക്കി മൗസ് എല്ലാവര്‍ക്കും സുപരിചിതമായ കാര്‍ട്ടൂണ്‍ കഥാപാത്രമാണ്. 1928-ല്‍ വാള്‍ട്ട് ഡിസ്നിയും ഉബ് ഐവര്‍ക്സും ചേര്‍ന്ന് സൃഷ്ടിച്ച കാര്‍ട്ടൂണ്‍ കഥാപാത്രമായ മിക്കി മൗസ് ലോകപ്രശസ്തമായ ആനിമേറ്റഡ് കഥാപാത്രങ്ങളില്‍ ഒന്നാണ്. അപ്പോള്‍ മിക്കി മൗസ് പ്ലാന്റോ? ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള മിക്കി മൗസ് പ്ലാന്റ് (Mickey Mouse Plant) അഥവാ ഓക്‌ന സെറുലേറ്റ (Ochna serrulata) പൂന്തോട്ടങ്ങള്‍ക്ക് പ്രിയങ്കരമായ ഒരു അലങ്കാര കുറ്റിച്ചെടിയാണ്. മിക്കി മൗസ് എന്ന കാര്‍ട്ടൂണ്‍ കഥാപാത്രവുമായി കാഴ്ചയില്‍ സാമ്യമുള്ള ഫലങ്ങളാണ് ഈ സസ്യത്തിന് മിക്കി മൗസ് പ്ലാന്റ് എന്ന പേര് ലഭിക്കാന്‍ കാരണമായത്.

മിക്കി മൗസ് പ്ലാന്റ്, മിക്കി മൗസ് ബുഷ്', മിക്കി മൗസ് ട്രീ, ബേര്‍ഡ്‌സ് ഐ ബുഷ്, കാര്‍ണിവല്‍ ഓക്‌ന, സ്‌മോള്‍-ലീവ്ഡ് ഓക്‌ന, ഡാന്‍സിംഗ് മൗസ് പ്ലാന്റ് എന്നിങ്ങനെ പ്രാദേശികമായി പല പേരുകളിലും ഈ ചെടി അറിയപ്പെടുന്നു. കടുംചുവപ്പ് അല്ലെങ്കില്‍ ചുവപ്പ് കലര്‍ന്ന ഓറഞ്ച് നിറത്തിലുള്ള വിദളങ്ങളോടു ചേര്‍ന്ന് കറുത്ത നിറത്തിലുള്ള ചെറിയ പഴങ്ങള്‍ കാണപ്പെടുന്നു. ഈ രൂപഘടന പ്രശസ്ത കാര്‍ട്ടൂണ്‍ കഥാപാത്രമായ 'മിക്കി മൗസി'ന്റെ മുഖത്തോടും ചെവികളോടും സാമ്യമുള്ളതിനാലാണ് ഇതിന് 'മിക്കി മൗസ് പ്ലാന്റ്' എന്ന് പേര് വന്നത്. ഇതിലെ പഴങ്ങള്‍ക്ക് പക്ഷിയുടെ കണ്ണിനോട് സാമ്യമുള്ളതിനാലാണ് 'ബേര്‍ഡ്‌സ് ഐ ബുഷ്' എന്നും ഇതിനെ വിളിക്കുന്നത്.

മിക്കി മൗസ് പ്ലാന്റ്

മനുഷ്യര്‍ ഈ ചെടിയെ ലോകമെമ്പാടുമുള്ള ഉഷ്ണമേഖലാ, ഉപോഷ്ണമേഖലാ പ്രദേശങ്ങളിലേക്ക് ഒരു അലങ്കാര സസ്യമായി പരിചയപ്പെടുത്തി. പരിചയപ്പെടുത്തിയ പരിതസ്ഥിതികളില്‍ പുനരുല്‍പ്പാദിപ്പിക്കാനും പടര്‍ന്നുപിടിക്കാനുമുള്ള കഴിവ് ചില പ്രദേശങ്ങളില്‍ ഇതിനെ അപകടകാരിയായ അധിനിവേശ സസ്യമായി മാറ്റിയിരിക്കുന്നു.

അറിയണം മിക്കി മൗസ് എന്ന അലങ്കാരച്ചെടിയെ

'മിക്കി മൗസ് പ്ലാന്റ്' ഓക്‌നേസി (Ochnaceae) സസ്യകുടുംബത്തിലെ ഓക്‌ന (Ochna) ജനുസ്സില്‍ ഉള്‍പ്പെടുന്നു. ഈ നിത്യഹരിത കുറ്റിച്ചെടിയുടെ ശാസ്ത്രീയ നാമം ഓക്‌ന സെറുലേറ്റ (Ochna serrulate) എന്നാണ്. നിത്യഹരിതവും ബഹുവര്‍ഷിയുമായ ഒരു ചെറിയ കുറ്റിച്ചെടിയാണ് ദക്ഷിണാഫ്രിക്ക സ്വദേശിയായ മിക്കി മൗസ് പ്ലാന്റ്. സാധാരണയായി 1 മുതല്‍ 2 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഈ സസ്യം അനുകൂല സാഹചര്യങ്ങളില്‍ ഏകദേശം 3 മീറ്റര്‍ വരെ ഉയരം വയ്ക്കുകയും ചിലപ്പോള്‍ ഒരു ചെറിയ മരമായി മാറുകയും ചെയ്യുന്നു. ധാരാളം ശാഖകളോട് കൂടി വളരുന്ന ഈ ചെടിക്ക് ഇടതൂര്‍ന്ന ഇലച്ചാര്‍ത്താണുള്ളത്. പച്ച ഇലകളും ആകര്‍ഷകമായ മഞ്ഞപ്പൂക്കളും ഇവയുടെ പ്രത്യേകതയുള്ള ഫലങ്ങളുമാണ് ഈ ചെടിയെ വേറിട്ടു നിര്‍ത്തുന്നത്.

ഈ ചെടിയുടെ മരം പോലുള്ള പ്രധാന തണ്ടില്‍ നിന്നു ധാരാളം ശാഖകളുണ്ടാകുന്നു. ഇളം ചെടികളില്‍ തണ്ടും ശാഖകളും സാധാരണയായി നേര്‍ത്തതാണ്. ഇളം ശാഖകള്‍ക്ക് പച്ച അല്ലെങ്കില്‍ വെങ്കല നിറമായിരിക്കും; അവ മൂപ്പെത്തുമ്പോള്‍ ക്രമേണ തവിട്ടുനിറമായി മാറുന്നു. മൂപ്പെത്തിയ ശാഖകളുടെ പുറം പരുക്കനായിരിക്കും; അതില്‍ ലെന്റിസെല്‍സ് എന്നറിയപ്പെടുന്ന നിരവധി ചെറുതും ഇളം നിറമുള്ളതുമായ പാടുകള്‍ കാണപ്പെടുന്നു. പുറംതൊലി സാധാരണയായി തവിട്ടുനിറമുള്ളതും താരതമ്യേന മിനുസമാര്‍ന്നതുമാണെങ്കില്‍ ഉള്‍ഭാഗത്തെ തടി ചുവപ്പ് കലര്‍ന്നതാണ്.

മിക്കി മൗസ് പ്ലാന്റ്

മിക്കി മൗസ് പ്ലാന്റിന് വികസിച്ചതും കാഠിന്യമേറിയതുമായ തായ്-വേരുപടലമാണുള്ളത്. ഇത് ചെടിയെ മണ്ണില്‍ ഉറപ്പിച്ചുനിര്‍ത്തുകയും ഒരു ബഹുവര്‍ഷ കുറ്റിച്ചെടിയായി വളരാന്‍ സഹായിക്കുകയും ചെയ്യുന്നു. സാധാരണയായി ഇതിനൊരു പ്രധാന തായ് വേരും അതില്‍ നിന്ന് പടരുന്ന പാര്‍ശ്വവേരുകളും കാണപ്പെടുന്നു. ഇവയിലൂടെ ചെടിക്ക് വെള്ളവും ആവശ്യമായ പോഷകങ്ങളും ആഗിരണം ചെയ്യാന്‍ സാധിക്കുന്നു. വിവിധതരം മണ്ണുകളില്‍ വേരുറപ്പിക്കാന്‍ ഈ വേരുപടലം സഹായിക്കുന്നു. ചെടി വളരുംതോറും വേരുപടലം കൂടുതല്‍ വിപുലമാവുകയും ചെടിക്ക് ആവശ്യമായ സ്ഥിരത നല്‍കിക്കൊണ്ട് അതിന്റെ ഇടതൂര്‍ന്നതും ശാഖോപശാഖകളുള്ളതുമായ ചെടിയെ താങ്ങിനിര്‍ത്തുകയും ചെയ്യുന്നു. മിതമായ ജലക്ഷാമം നേരിടുന്ന ഘട്ടങ്ങളില്‍ ചെടിയെ അതിജീവിക്കാന്‍ സഹായിക്കുന്നതിലും അനുയോജ്യമായ സാഹചര്യങ്ങളില്‍ ചെടി വേരുപിടിച്ചു വളരുന്നതിനും പുനരുജ്ജീവിക്കുന്നതിനും ഈ വേരുപടലം നിര്‍ണായക പങ്കുവഹിക്കുന്നു.

ഇലകള്‍ ലളിതവും ശാഖകളില്‍ ഒന്നിടവിട്ട് ക്രമീകരിച്ചിരിക്കുന്നവയുമാണ്. ഇവയ്ക്ക് ഇടുങ്ങിയ ദീര്‍ഘവൃത്താകൃതിയോ ദീര്‍ഘചതുരാകൃതിയോ ആണുള്ളത്. സാധാരണയായി 2മുതല്‍ 6 സെന്റീമീറ്റര്‍ വരെ നീളവും 0.6 മുതല്‍ 2 സെന്റീമീറ്റര്‍ വരെ വീതിയുമുള്ള ഇവയുടെ വലിപ്പം വളരുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് വ്യത്യാസപ്പെടാം. പൂര്‍ണ്ണവളര്‍ച്ചയെത്തിയ ഇലകളുടെ ഉപരിതലം മിനുസമുള്ളതും രോമങ്ങളില്ലാത്തതും തിളക്കമുള്ളതും കടും പച്ച നിറത്തിലുള്ളതുമാണ്. എന്നാല്‍ ഇളം ഇലകള്‍ ഇളം പച്ചയോ അല്ലെങ്കില്‍ ചുവപ്പ് കലര്‍ന്ന വെങ്കല നിറത്തിലോ കാണപ്പെടുന്നു. ഇലകളുടെ അരികുകളില്‍ ചെറിയതും കൂര്‍ത്തതുമായ നിരവധി പല്ലുകള്‍ പോലെയുള്ള ഭാഗങ്ങളുണ്ട്. ഈ സവിശേഷതയാണ് ഈ സസ്യത്തിന് 'സെറുലേറ്റ' (serrulata) എന്ന ശാസ്ത്രീയ നാമം ലഭിക്കാന്‍ കാരണം. ഇലകളില്‍ ഒരു പ്രധാന മധ്യഞരമ്പും അതില്‍ നിന്ന് ശാഖകളായി പിരിഞ്ഞ് ഒരു വല പോലെ കാണപ്പെടുന്ന പാര്‍ശ്വഞരമ്പുകളും ഉണ്ട്.

മിക്കി മൗസ് പ്ലാന്റ്

ഇവയുടെ പൂക്കള്‍ ആകര്‍ഷകവും, കടും മഞ്ഞ നിറമുള്ളതും സുഗന്ധമുള്ളവയുമാണ്. ഇവയ്ക്ക് ഏകദേശം 2 മുതല്‍ 3 സെന്റീമീറ്റര്‍ വരെ വ്യാസമുണ്ടാകും. ഇലകളുടെ കക്ഷങ്ങളില്‍ നിന്നോ ചെറിയ പാര്‍ശ്വ ശാഖകളില്‍ നിന്നോ ഉണ്ടാകുന്ന ചെറിയ തണ്ടുകളിലാണ് ഇവ സാധാരണയായി ഒറ്റയ്‌ക്കോ അപൂര്‍വ്വമായി ജോഡികളായോ കാണപ്പെടുന്നത്. ഓരോ പൂവിലും സാധാരണയായി വിടര്‍ന്നുനില്‍ക്കുന്ന അഞ്ച് വീതിയേറിയ മഞ്ഞ ദളങ്ങളും അഞ്ച് പച്ച വിദളങ്ങളും മധ്യഭാഗത്തുള്ള ജനിയെ ചുറ്റിനില്‍ക്കുന്ന ധാരാളം മഞ്ഞ കേസരങ്ങളും ഉണ്ടായിരിക്കും. ഇവ ഉഭയലിംഗ പുഷ്പങ്ങളാണ്; അതായത്, ഒരേ പൂവില്‍ തന്നെ ആണ്‍, പെണ്‍ പ്രത്യുല്‍പാദന അവയവങ്ങള്‍ കാണപ്പെടുന്നു.

വിദളങ്ങള്‍ തുടക്കത്തില്‍ പച്ചനിറത്തിലായിരിക്കുമെങ്കിലും ഫലം വളരുന്നതിനനുസരിച്ച് അവ വലുതാവുകയും ചുവപ്പ് നിറത്തിലേക്ക് മാറുകയും ചെയ്യുന്നു. കാലാവസ്ഥാ സാഹചര്യങ്ങളും ഭൂമിശാസ്ത്രപരമായ സ്ഥാനവും അനുസരിച്ച് വ്യത്യാസപ്പെടാമെങ്കിലും സാധാരണയായി വസന്തകാലത്തും വേനല്‍ക്കാലത്തുമാണ് ഇവ പൂക്കുന്നത്. തേന്‍ സമ്പുഷ്ടമായ പൂക്കള്‍ തേനീച്ചകള്‍, മറ്റിനം ഈച്ചകള്‍, ചിത്രശലഭങ്ങള്‍, തുടങ്ങി പരാഗണം നടത്തുന്ന പ്രാണികളെ ആകര്‍ഷിക്കുന്നു. പൂക്കളിലെത്തുന്ന ഈച്ചകളും ചിത്രശലഭങ്ങളും പൂമ്പൊടി ഒരു പൂവില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റിക്കൊണ്ട് പരാഗണത്തിന് (cross-pollination) സഹായിക്കുന്നു; ഇത് ബീജസങ്കലനം, ഫലരൂപീകരണം, വിത്തുത്പാദനം എന്നിവയ്ക്ക് വഴിയൊരുക്കുന്നു.

മിക്കി മൗസ് പ്ലാന്റ്

മിക്കി മൗസ് പ്ലാന്റ് എന്നറിയപ്പെടുന്ന ഈ സസ്യത്തിന്റെ ഏറ്റവും സവിശേഷമായ ഘടനാപരമായ പ്രത്യേകത അതിന്റെ ഫലങ്ങളാണ്; ഈ പേര് ലഭിക്കാന്‍ കാരണമായതും ഇവ തന്നെയാണ്. പൂക്കള്‍ വിരിഞ്ഞതിനുശേഷം പുഷ്പദളങ്ങള്‍ക്ക് താഴെയുള്ള വിദളങ്ങള്‍ വലുതാവുകയും മാംസളമായ രൂപം കൈവരിക്കുകയും കടുംചുവപ്പ് അല്ലെങ്കില്‍ ചുവപ്പ് കലര്‍ന്ന ഓറഞ്ച് നിറത്തിലേക്ക് മാറുകയും ചെയ്യുന്നു. വളര്‍ന്നുവരുന്ന ഫലങ്ങള്‍ക്ക് ഇത് ശ്രദ്ധേയമായ ഒരു പശ്ചാത്തലമൊരുക്കുന്നു. ഓരോ പൂവില്‍ നിന്നും ചെറിയ അണ്ഡാകൃതിയിലുള്ളതോ ഗോളാകൃതിയിലുള്ളതോ ആയ ബെറി പഴങ്ങളോട് സാമ്യമുള്ള ഫലങ്ങളുടെ ഒരു കൂട്ടം ഉണ്ടാകുന്നു. സസ്യശാസ്ത്രപരമായി ഇവ 'ഡ്രൂപ്പുകള്‍' (drupes) എന്ന് വര്‍ഗ്ഗീകരിക്കപ്പെടുന്നു. തുടക്കത്തില്‍ പച്ചനിറത്തില്‍ കാണപ്പെടുന്ന ഇവ, പാകമാകുമ്പോള്‍ കറുപ്പ് നിറത്തിലേക്ക് മാറുന്നു. സാധാരണയായി ഒരു കൂട്ടത്തില്‍ 3 മുതല്‍ 6 വരെ ഫലങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും ഇവയുടെ എണ്ണത്തില്‍ വ്യത്യാസം വരാം. കറുത്ത നിറത്തിലുള്ള ഈ ഫലങ്ങള്‍ വലുതായ ചുവന്ന ഭാഗത്തോട് ചേര്‍ന്നുനില്‍ക്കുമ്പോള്‍ പ്രശസ്ത കാര്‍ട്ടൂണ്‍ കഥാപാത്രമായ മിക്കി മൗസിന്റെ മുഖത്തോടും ഉരുണ്ട ചെവികളോടും സാമ്യമുള്ള ഒരു പ്രതിരൂപമായി തോന്നുന്നു. വര്‍ണ്ണാഭമായ ഈ ഫലങ്ങള്‍ പക്ഷികളെയും മൃഗങ്ങളെയും ആകര്‍ഷിക്കുകയും അവയിലൂടെ വിത്തുകള്‍ മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു.

മിക്കി മൗസ് പ്ലാന്റ്

ഓരോ ഫലത്തിലും സാധാരണയായി ഒരു വിത്ത് മാത്രമേ കാണുകയുള്ളൂ; ഈ വിത്ത് ഫലത്തിന്റെ മാംസളമായ ഭിത്തിക്കുള്ളില്‍ അടങ്ങിയിരിക്കുന്നു. ഏകദേശം 8 മില്ലിമീറ്റര്‍ നീളമുള്ള ഇവ താരതമ്യേന ചെറുതും അണ്ഡാകൃതിയിലോ ഗോളാകൃതിയിലോ ഉള്ളവയുമാണ്. പഴുത്ത പഴങ്ങള്‍ പക്ഷികളും മൃഗങ്ങളും ഭക്ഷിക്കുമ്പോള്‍ അവയുടെ വിസര്‍ജ്ജ്യത്തിലൂടെ വിത്തുകള്‍ വിവിധ സ്ഥലങ്ങളിലേക്ക് വ്യാപിക്കപ്പെടുന്നു. അനുകൂലമായ പാരിസ്ഥിതിക സാഹചര്യങ്ങളില്‍ ഈ വിത്തുകള്‍ മുളച്ച് പുതിയ തൈകളായി മാറുകയും അതുവഴി സസ്യത്തിന്റെ സ്വാഭാവിക പുനരുജ്ജീവനത്തിനും വ്യാപനത്തിനും കാരണമാവുകയും ചെയ്യുന്നു. മിക്കി മൗസ് പ്ലാന്റ് പ്രധാനമായും വിത്തുകള്‍ വഴിയാണ് സ്വാഭാവികമായി പ്രജനനം നടത്തുന്നത്. ഈ ചെടി അലങ്കാര ആവശ്യത്തിനായി കൃഷിചെയ്യുമ്പോള്‍ തണ്ടുകള്‍ മുറിച്ചുനട്ടും പുതിയ ചെടികള്‍ വളര്‍ത്താന്‍ സാധിക്കും.

വ്യാപനത്തിന്റെ വഴികള്‍

മിക്കി മൗസ് ചെടി പ്രധാനമായും വിത്തുകള്‍ വഴിയുള്ള ലൈംഗിക പ്രത്യുല്‍പ്പാദനത്തിലൂടെയാണ് പുനരുല്‍പാദനം നടത്തുന്നത്. പക്ഷികളും മൃഗങ്ങളും പഴങ്ങള്‍ ഭക്ഷിക്കുകയും അവയുടെ കാഷ്ഠം വഴി വിത്തുകള്‍ വ്യത്യസ്ത സ്ഥലങ്ങളിലേക്ക് വിതരണം ചെയ്യപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ പൂന്തോട്ടങ്ങളില്‍ നിന്നും കൃഷിയിടങ്ങളില്‍ നിന്നും ഈ സസ്യം മറ്റു പ്രദേശങ്ങളിലേക്കും സമീപത്തുള്ള വനങ്ങളിലേക്കും വഴിയോരങ്ങളിലേക്കും നദീതീരങ്ങളിലേക്കും മറ്റ് പ്രകൃതിദത്തമോ മനുഷ്യ ഇടപെടലുകള്‍ക്ക് വിധേയമായതോ ആയ ആവാസവ്യവസ്ഥകളിലേക്കും വ്യാപിക്കുന്നു.

മിക്കി മൗസ് പ്ലാന്റ്

അനുകൂലമായ പാരിസ്ഥിതിക സാഹചര്യങ്ങളില്‍ വിത്തുകള്‍ മുളച്ച് പുതിയ സസ്യങ്ങളായി വളരുന്നു. ഇത് സ്വാഭാവിക പുനരുജ്ജീവനത്തിനും ഈ സസ്യത്തിന്റെ വ്യാപനത്തിനും സഹായിക്കുന്നു. കൂടാതെ തണ്ടുകള്‍ മുറിച്ചു നട്ട് കായിക പ്രജനനം വഴിയും പുനരുല്‍പ്പാദനം നടത്താം. ജീവികള്‍ വഴിയുള്ള വ്യാപനത്തിന് പുറമേ, ഒഴുകുന്ന വെള്ളം, മലിനമായ മണ്ണ്, പൂന്തോട്ട മാലിന്യങ്ങളുടെ നീക്കം, വിത്തുകള്‍, തണ്ടുകള്‍, മറ്റ് അലങ്കാര സസ്യങ്ങള്‍ എന്നിവയുടെ കൈമാറ്റം, മനുഷ്യന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ എന്നിവ പുതിയ പ്രദേശങ്ങളിലേക്ക് ഇവ എത്തിച്ചേരാന്‍ കാരണമാകുന്നു. വെട്ടിമാറ്റുന്ന തണ്ടുകളും ചെടിയുടെ മറ്റുഭാഗങ്ങളും ഉള്‍പ്പെടെയുള്ള പൂന്തോട്ടാവശിഷ്ടങ്ങളും മണ്ണും അശ്രദ്ധമായി ഉപേക്ഷിക്കുന്നതും ഈ ചെടി പുതിയ സ്ഥലങ്ങളില്‍ വേരുപിടിച്ച് വളരാന്‍ ഇടയാക്കിയേക്കാം.

ഒരിക്കല്‍ ഒരിടത്ത് വേരുറപ്പിച്ചു കഴിഞ്ഞാല്‍ ഈ സസ്യം പ്രധാന തായ് വേരുള്‍പ്പെടെയുള്ള ശക്തമായ ഒരു വേരുപടലം വികസിപ്പിച്ചെടുക്കുന്നു. സസ്യം വെട്ടിമാറ്റപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താലും അവശേഷിക്കുന്ന വേരുകളില്‍ നിന്ന് പുതിയ തണ്ടുകള്‍ മുളച്ച് സസ്യം വീണ്ടും വളരാന്‍ സാധ്യതയുണ്ട്. ഫലപ്രദമായ വിത്തുവിതരണ രീതി, തണലുള്ളതും മനുഷ്യ ഇടപെടലുകള്‍ നടന്നതുമായ സ്ഥലങ്ങളില്‍ വളരാനുള്ള കഴിവ്, കേടുപാടുകള്‍ സംഭവിച്ചാലും വീണ്ടും മുളയ്ക്കാനുള്ള ശേഷി എന്നിവയെല്ലാം ചേര്‍ന്ന്, പുതിയ പ്രദേശങ്ങളില്‍ ഈ സസ്യം നിലനില്‍ക്കാനും അധിനിവേശ സ്വഭാവം (invasive behaviour) കാണിക്കാനും കാരണമാകുന്നു.

മിക്കി മൗസ് പ്ലാന്റ് അപകടകാരിയാകുന്നതെങ്ങനെ

ആകര്‍ഷകമായ മഞ്ഞപ്പൂക്കളും ചുവപ്പും കറുപ്പും കലര്‍ന്ന പ്രത്യേകതരം പഴങ്ങളും കാരണം അലങ്കാരച്ചെടിയായി വ്യാപകമായി വളര്‍ത്തപ്പെടുന്ന മിക്കി മൗസ് പ്ലാന്റ് ഓസ്ട്രേലിയയുടെ കിഴക്കന്‍ ഭാഗങ്ങളിലും ന്യൂസിലാന്‍ഡിലും ഒരു അധിനിവേശ കളയായി (invasive weed) കണക്കാക്കപ്പെടുന്നു. ദക്ഷിണാഫ്രിക്കന്‍ സ്വദേശിയായ ഈ സസ്യം, നട്ടുപിടിപ്പിച്ച ഇടങ്ങളില്‍ നിന്ന് പുറത്തുകടന്ന് പ്രകൃതിദത്തമായ ആവാസവ്യവസ്ഥകളിലും മനുഷ്യ ഇടപെടലുകള്‍ നടന്ന ഇടങ്ങളിലും വേരുറപ്പിക്കാന്‍ കഴിവുള്ളതാണ്.

മിക്കി മൗസ് പ്ലാന്റ്

പക്ഷികളും മൃഗങ്ങളും ഇതിന്റെ മാംസളമായ കറുത്ത പഴങ്ങള്‍ ഭക്ഷിക്കുകയും കാഷ്ഠത്തിലൂടെ വിത്തുകള്‍ വിവിധ സ്ഥലങ്ങളിലെത്തിക്കുകയും ചെയ്യുന്നതാണ് ഇതിന്റെ വ്യാപനത്തിനുള്ള പ്രധാന കാരണം. തണലുള്ള ഇടങ്ങള്‍ ഉള്‍പ്പെടെ അനുകൂല സാഹചര്യങ്ങളില്‍ വിത്തുകള്‍ മുളയ്ക്കുകയും, വനത്തിനുള്ളിലെ അടിത്തട്ടുകള്‍, മഴക്കാടുകളുടെ അതിരുകള്‍, റോഡരികുകള്‍, ജലാശയങ്ങളുടെ തീരങ്ങള്‍ എന്നിവിടങ്ങളില്‍ ഈ ചെടി പടര്‍ന്നുപിടിക്കുകയും ചെയ്യുന്നു.

സൂര്യപ്രകാശമുള്ളിടത്തും ഭാഗികമായി തണലുള്ളിടത്തും വളരാന്‍ കഴിയുന്ന ബഹുവര്‍ഷിയായ ഒരു നിത്യഹരിത കുറ്റിച്ചെടിയാണിത്. ഒരിക്കല്‍ വേരുറപ്പിച്ചു കഴിഞ്ഞാല്‍ ഇത് ഇടതൂര്‍ന്ന കുറ്റിക്കാടുകളായി വളരുകയും സൂര്യപ്രകാശം, വെള്ളം, പോഷകങ്ങള്‍, വളരാനുള്ള സ്ഥലം എന്നിവയ്ക്കായി തദ്ദേശീയ സസ്യങ്ങളുമായി മത്സരിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ ഇടതൂര്‍ന്നു വളരുമ്പോള്‍, തദ്ദേശീയ സസ്യങ്ങളുടെ വളര്‍ച്ചയെയും പുനരുജ്ജീവനത്തെയും ഇത് തടസ്സപ്പെടുത്തുന്നു; കൂടാതെ, വന്യജീവികള്‍ക്ക് ആവശ്യമായ ഭക്ഷണവും ആവാസവ്യവസ്ഥയും കുറയ്ക്കുകയും, പ്രകൃതിദത്തമായ സസ്യസമൂഹങ്ങളുടെ ഘടനയെയും ഘടകങ്ങളെയും മാറ്റിമറിക്കുകയും ചെയ്യുന്നു.

മിക്കി മൗസ് പ്ലാന്റ്

തുടര്‍ച്ചയായ വളര്‍ച്ച, പക്ഷികള്‍ വഴിയുള്ള വിത്തുവിതരണം, വിവിധതരം മണ്ണുകളെ അതിജീവിക്കാനും വ്യത്യസ്ത സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുമുള്ള കഴിവ്, എന്നിവ കാരണം ഈ ചെടി ഒരു പ്രദേശത്ത് പൂര്‍ണ്ണമായി വേരുറപ്പിച്ചു കഴിഞ്ഞാല്‍ അതിനെ നിയന്ത്രിക്കുക എന്നത് വളരെ പ്രയാസകരമാണ്. ഈ ചെടി ഉഷ്ണമേഖലാ, ഉപോഷ്ണമേഖലാ പ്രദേശങ്ങളില്‍, വളരെ വേഗത്തില്‍ പടര്‍ന്നുപിടിക്കാനും അധിനിവേശ സ്വഭാവം കാണിക്കാനും സാധ്യതയുള്ള ഒന്നാണ്. അതിനാല്‍, അധിനിവേശ സസ്യമായി മാറുവാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ഈ സസ്യത്തെ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യേണ്ടതുണ്ട്.

കേരളം പോലുള്ള ഉഷ്ണമേഖലാപ്രദേശങ്ങളിലെ അപകടസാധ്യത

അനുകൂലമായ കാലാവസ്ഥയും പാരിസ്ഥിതിക സാഹചര്യങ്ങളും ലഭിക്കുന്ന ഉഷ്ണമേഖലാ, ഉപോഷ്ണമേഖലാ പ്രദേശങ്ങളില്‍ മിക്കി മൗസ് പ്ലാന്റ് (Ochna serrulata) അധിനിവേശ സ്വഭാവമുള്ള (invasive) സസ്യമായി മാറാന്‍ സാധ്യതയുണ്ട്. കേരളം പോലുള്ള ഈര്‍പ്പമുള്ള പ്രദേശങ്ങളിലെ കാലാവസ്ഥ, കാലവര്‍ഷം, ഉയര്‍ന്ന ഈര്‍പ്പം, അനുയോജ്യമായ ആവാസവ്യവസ്ഥകള്‍ എന്നിവ ഈ ചെടിക്ക് ഇവിടെ വേരുറപ്പിക്കാനും സ്വാഭാവികമായി വളരാനും സഹായകമായേക്കാം.

മാംസളമായ പഴങ്ങളിലുള്ള ധാരാളം വിത്തുകള്‍ വഴി പെരുകാനുള്ള കഴിവാണ് ഇതിന്റെ പ്രധാന അധിനിവേശ സവിശേഷതകളിലൊന്ന്. പക്ഷികളും മൃഗങ്ങളും ഇതിന്റെ പഴങ്ങള്‍ കഴിക്കുകയും കാഷ്ഠത്തിലൂടെ വിത്തുകള്‍ ദൂരസ്ഥലങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഇത് മറ്റു പ്രദേശങ്ങളിലേക്കും ഈ ചെടിയുടെ വിത്തുകള്‍ എത്താനും അവിടെ പുതിയ തൈകള്‍ വളര്‍ന്ന് പടര്‍ന്നു പിടിക്കാനും കാരണമാകുന്നു. വര്‍ഷം മുഴുവനും പച്ചപ്പുള്ള സ്വഭാവം, മരമായി വളരാനുള്ള കഴിവ്, ഭാഗികമായ തണലില്‍ വളരാനുള്ള കഴിവ്, എന്നിവ ഉഷ്ണമേഖലാ പരിസ്ഥിതിയില്‍ ഇവയുടെ നിലനില്‍പ്പിനെ കൂടുതല്‍ സഹായിക്കുന്നു. ഒരിക്കല്‍ ഒരിടത്ത് വേരുറപ്പിച്ചു കഴിഞ്ഞാല്‍ ഇവ ഇടതൂര്‍ന്ന് വളരുകയും സൂര്യപ്രകാശം, വെള്ളം, പോഷകങ്ങള്‍, സ്ഥലം എന്നിവയ്ക്കായി തദ്ദേശീയ സസ്യങ്ങളുമായി മത്സരിക്കുകയും ചെയ്യുന്നു. ഇത് തദ്ദേശീയ സസ്യങ്ങളുടെ പുനരുജ്ജീവനത്തെയും അവിടുത്തെ സസ്യസമൂഹങ്ങളുടെ ഘടനയെയും പ്രതികൂലമായി ബാധിക്കുന്നു.

മിക്കി മൗസ് പ്ലാന്റ്

ഓസ്ട്രേലിയയുടെ ചില ഭാഗങ്ങളില്‍, പ്രത്യേകിച്ച് ക്വീന്‍സ്ലാന്‍ഡ്, ന്യൂ സൗത്ത് വെയില്‍സ് എന്നിവിടങ്ങളില്‍ ഈ ചെടിയുടെ അധിനിവേശ സ്വഭാവം രേഖപ്പെടുത്തിയിട്ടുണ്ട്. അവിടെ ഇവ മഴക്കാടുകളിലും ജലാശയങ്ങളോട് ചേര്‍ന്നുള്ള സസ്യജാലങ്ങള്‍ക്കിടയിലും വനത്തിന്റെ അടിക്കാടായി പടര്‍ന്നുപിടിക്കുകയും തദ്ദേശീയ സസ്യങ്ങളുമായി മത്സരിച്ച് അവയുടെ വളര്‍ച്ചയെ തടയുകയും ചെയ്യുന്നു. കേരളത്തിലും അനുയോജ്യമായ ആവാസവ്യവസ്ഥകളില്‍ ഈ ചെടി സ്വാഭാവികമായി വളരുകയും വ്യാപകമായി പടരുകയും ചെയ്താല്‍ സമാനമായ പാരിസ്ഥിതിക ആഘാതങ്ങള്‍ ഉണ്ടായേക്കാം. അതിനാല്‍, കേരളത്തില്‍ ഈ ചെടി മൂലമുണ്ടാകാന്‍ സാധ്യതയുള്ള പാരിസ്ഥിതിക ഭീഷണി വിലയിരുത്തുന്നതിന് ഇതിന്റെ കൃഷി, ഫലങ്ങള്‍ ഉണ്ടാകുന്നത്, പക്ഷികള്‍ വഴിയുള്ള വിത്തുവിതരണം, പ്രകൃതിദത്ത ആവാസവ്യവസ്ഥകളിലെ വളര്‍ച്ച എന്നിവ നിരീക്ഷിക്കേണ്ടത് പ്രധാനമാണ്.

സ്വദേശവും അധിനിവേശപ്രദേശങ്ങളും

തെക്കന്‍ ആഫ്രിക്കയിലെ ദക്ഷിണാഫ്രിക്ക, എസ്വാറ്റിനി, ലെസോത്തോ എന്നിവിടങ്ങളില്‍ സ്വാഭാവികമായി കാണപ്പെടുന്ന ഒരു സസ്യമാണ് മിക്കി മൗസ് പ്ലാന്റ് എന്നറിയപ്പെടുന്ന ഓക്‌ന സെറുലേറ്റ. ഈ പ്രദേശങ്ങളിലെ വന അതിര്‍ത്തികള്‍, വനപ്രദേശങ്ങള്‍, കുറ്റിച്ചെടികള്‍ നിറഞ്ഞ ഇടങ്ങള്‍, പുല്‍മേടുകള്‍ തുടങ്ങിയ ആവാസവ്യവസ്ഥകളില്‍ ഇവ വളരുന്നു. ആകര്‍ഷകമായ പൂക്കളും സവിശേഷമായ പഴങ്ങളും കാരണം അലങ്കാര സസ്യമായി പല രാജ്യങ്ങളിലേക്കും ഇവയെ കൊണ്ടുവന്നു. എന്നാല്‍, കൃഷിയിടങ്ങളില്‍ നിന്ന് പുറത്തുകടന്ന് ഇവ പലയിടങ്ങളിലും സ്വാഭാവികമായി (naturalised) മാറുകയും, ചിലയിടങ്ങളില്‍ ഒരു പാരിസ്ഥിതിക കളയായി (environmental weed) മാറുകയും ചെയ്തു.

മിക്കി മൗസ് പ്ലാന്റ്

ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലുമാണ് ഇവ പ്രധാനമായും ഒരു പാരിസ്ഥിതിക കളയായി കണക്കാക്കപ്പെടുന്നത്. ഓസ്ട്രേലിയയിലെ വീഡ്സ് ഓസ്ട്രേലിയ (Weeds Australia) എന്ന ദേശീയ വിവരശേഖരത്തില്‍ ഈ ചെടിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്വീന്‍സ്ലാന്‍ഡ്, ന്യൂ സൗത്ത് വെയില്‍സ് എന്നിവിടങ്ങളില്‍ ഈ സസ്യം കുറ്റിക്കാടുകളിലേക്കും മഴക്കാടുകളിലേക്കും ജലാശയങ്ങളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലേക്കും പടര്‍ന്നു കയറുന്ന ഒരു കളയായി രേഖപ്പെടുത്തിയിട്ടുണ്ട്. ന്യൂ സൗത്ത് വെയില്‍സിലെ എന്‍ എസ് ഡബ്ല്യു വീഡ്വൈസ് (NSW WeedWise) ഡാറ്റാബേസില്‍ ഈ ചെടിയെ രേഖപ്പെടുത്തിയിരിക്കുന്നു. ന്യൂസിലന്‍ഡില്‍, ഇവയെ ഔദ്യോഗികമായി ഒരു കളയായി ന്യൂസിലാന്‍ഡ് വീഡ്സ് ഡാറ്റാബേസില്‍ (New Zealand Weeds Database) ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, നാഷണല്‍ പെസ്റ്റ് പ്ലാന്റ് അക്കോര്‍ഡ്' (National Pest Plant Accord(NPPA) പട്ടികയിലും, ഓക്ക്ലാന്‍ഡ്, നോര്‍ത്ത്ലാന്‍ഡ് എന്നിവിടങ്ങളിലെ പ്രാദേശിക കീട നിയന്ത്രണ പരിപാടികളിലും (Regional pest management programmes) ഈ സസ്യം ഉള്‍പ്പെടുന്നു.

നിയന്ത്രണവും പ്രതിരോധവും

മിക്കി മൗസ് പ്ലാന്റ് എന്ന സസ്യം പടര്‍ന്നുപിടിക്കുന്നത് തടയുന്നതിനും നിയന്ത്രിക്കുന്നതിനും അവയെ നേരിട്ട് നീക്കം ചെയ്യുക, പ്രതിരോധ നടപടികള്‍ സ്വീകരിക്കുക, നിരന്തരം നിരീക്ഷിക്കുക എന്നിങ്ങനെയുള്ള വിവിധ മാര്‍ഗ്ഗങ്ങള്‍ സംയോജിപ്പിച്ച് പ്രയോഗിക്കേണ്ടതുണ്ട്. ഈ സസ്യത്തിന് ബലമുള്ള തായ്-വേരുപടലം ഉള്ളതിനാല്‍ ചെടി പിഴുതെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ഈ വേര് എളുപ്പത്തില്‍ ഒടിഞ്ഞുപോകാന്‍ സാധ്യതയുണ്ട്. അവശേഷിക്കുന്ന വേരുകളില്‍ നിന്ന് ചെടി വീണ്ടും വളരാന്‍ സാധ്യതയുള്ളതിനാല്‍ വേരുകള്‍ പൂര്‍ണ്ണമായും നീക്കം ചെയ്തുകൊണ്ട് ഒഴിവാക്കാവുന്നതാണ്. മുഴുവന്‍ ചെടിയും ശ്രദ്ധാപൂര്‍വ്വം വേരുള്‍പ്പെടെ പറിച്ചെടുക്കുകയോ കുഴിച്ചെടുക്കുകയോ ചെയ്യണം.

വിത്തുകള്‍ പാകമാകുന്നതിന് മുന്‍പ് പൂക്കളും കായ്കളും നീക്കം ചെയ്യുക, പഴുത്ത പഴങ്ങള്‍ ശേഖരിച്ച് സുരക്ഷിതമായി നശിപ്പിക്കുക, വിത്തുകളോ ചെടിയുടെ ഭാഗങ്ങളോ അടങ്ങിയ തോട്ടത്തിലെ അവശിഷ്ടങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക എന്നിവയും പ്രതിരോധ നടപടികളില്‍ ഉള്‍പ്പെടുന്നു. പക്ഷികള്‍ വിത്തുകള്‍ പരത്തുന്നതില്‍ വലിയ പങ്കുവഹിക്കുന്നതിനാല്‍ പുതിയ തൈകള്‍ മുളയ്ക്കുന്നുണ്ടോ എന്ന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ കൃത്യമായ നിരീക്ഷണം നടത്തേണ്ടതുണ്ട്. അവശേഷിക്കുന്ന വേരുകളില്‍ നിന്നോ അല്ലെങ്കില്‍ വിത്തുകളില്‍ നിന്നോ ചെടി വീണ്ടും വളരാന്‍ സാധ്യതയുള്ളതിനാല്‍ തുടര്‍ച്ചയായ പരിശോധനകളും തുടര്‍നടപടികളും അത്യന്താപേക്ഷിതമാണ്.

ഇപ്പോള്‍തന്നെ ഈ ചെടി കേരളത്തിലെ പല പൂന്തോട്ടങ്ങളുടെയും ലാന്‍ഡ്‌സ്‌കേപ്പിന്റെയും ഭാഗമായിക്കഴിഞ്ഞു. മാത്രമല്ല, ഓണ്‍ലൈന്‍ അടക്കമുള്ള നേഴ്‌സറികളില്‍ ഇത് ലഭ്യവുമാണ്. കേരളത്തിലെ ചൂടുള്ള താപനിലയും ഉയര്‍ന്ന ഈര്‍പ്പവും കാലാനുസൃതമായ മഴയും അനുകൂലമായ വളര്‍ച്ചാ സാഹചര്യങ്ങള്‍ നല്‍കുന്നതിനാല്‍ മിക്കി മൗസ് പ്ലാന്റിന്റെ അധിനിവേശ സാധ്യത തള്ളിക്കളയാന്‍ ആവില്ല. അതിനാല്‍ ഈ ചെടിയെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കേണ്ടത് അനിവാര്യമാണ്. ഈ ചെടികളുടെ വ്യാപനം തടയുന്നതിന് നേരത്തെയുള്ള കണ്ടെത്തലും തുടര്‍ച്ചയായ നിരീക്ഷണവും അനിവാര്യമാണ്.

Ochna serrulata known as the bird's eye bush, Mickey mouse plant or Mickey Mouse bush due to the plant's ripe blackfruit, which upside down resembles the ears of Mickey Mouse, and bright-red sepals, which resembles his trousers is an ornamental garden plant in the family Ochnaceae which is indigenous to South Africa

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മണ്ഡല പുനര്‍നിര്‍ണ്ണയ ബില്‍ ജനാധിപത്യത്തിന് ഭീഷണി; ലക്ഷ്യം സംവരണം അട്ടിമറിക്കല്‍; ഭൂരിപക്ഷം ലഭിക്കില്ല; ഖാര്‍ഗെ

ഒന്നാം സമ്മാനം 25 കോടി; ക്രിസ്മസ്- പുതുവത്സര ബമ്പര്‍ ലോട്ടറി വില്‍പ്പനയ്ക്ക്, 7,66,992 സമ്മാനങ്ങള്‍

'ഞാന്‍ വാങ്ങിയതില്‍ ഏറ്റവും വില കൂടിയ സമ്മാനം'; പൂര്‍ണിമയെ ഞെട്ടിച്ച് പ്രാര്‍ത്ഥന; മനം നിറച്ച് വിഡിയോ

402 കിലോമീറ്റര്‍ റേഞ്ച്, മിനി കൂപ്പറിന്റെ ഇലക്ട്രിക് കാര്‍ വിപണിയില്‍; 53.90 ലക്ഷം രൂപ വില

പച്ചക്കറികള്‍ക്കൊപ്പം മഞ്ഞളും വളര്‍ത്താം; വീട്ടിലേക്കുള്ളത് ഗ്രോബാഗില്‍ കൃഷി ചെയ്യാം