Flower and vegetable exports from Kerala to Europe face disruption due to the impact of the ongoing war. Samakalika Malayalam
News+

യൂറോപ്പിലെ മലയാളികളെയും കേരളത്തിലെ കയറ്റുമതിക്കാരെയും തമിഴ്നാട്ടിലെ കർഷകരെയും വലയ്ക്കുന്ന യുദ്ധം

കേരളത്തിൽ നിന്നു യൂറോപ്പിലേക്കുള്ള പൂക്കളുടേയും പച്ചക്കറികളുടേയും വിതരണം തടസ്സപ്പെടുത്തി യുദ്ധം

രാജേഷ് രവി

യുദ്ധങ്ങളിൽ നിന്ന് ദൈവങ്ങൾ പോലും ഒഴിവാക്കപ്പെടുന്നില്ല. അടുത്തയിടവരെ, എല്ലാ ദിവസവും രാവിലെ തിരുവനന്തപുരത്ത് നിന്ന് പറന്നുയർന്ന് പ്രഭാതത്തിൽ ദുബൈയും സായന്തനത്തിൽ യൂറോപ്പിനേയും ഭക്തിനി‍ർഭരമാക്കുന്നത് കേരളത്തിൽ നിന്നുള്ള പൂക്കളായിരുന്നു.

ലണ്ടനിലേയും പാരീസിലേയും ക്ഷേത്രങ്ങളിലേക്ക് ഇവിടെ നിന്നെത്തുന്ന മുല്ലപ്പൂക്കളും കൂവളത്തിലകളും കൊണ്ട് ആചാരബദ്ധമായ ചടങ്ങുകളും പൂജകളും നടന്നിരുന്നു.

ഇന്ന്, അതേ പൂക്കൾക്ക്, ഇരട്ടി ചരക്കു കൂലി കൊടുത്താലും സമയബന്ധിതമായി എത്തിക്കുമെന്ന് ഉറപ്പില്ലാതെ ബെംഗളൂരുവിലൂടെ ഒന്നു വഴിമാറി സഞ്ചരിക്കേണ്ടി വരുന്നു.

ഈ പ്രതിസന്ധിയുടെ പ്രത്യേകത എന്താണ്?

പശ്ചിമേഷ്യയിലേക്കും തിരിച്ചുമുള്ള വ്യാപാരം സ്തംഭിച്ചിട്ടില്ല. മറിച്ച് പശ്ചിമേഷ്യൻ കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്ന ഇന്ത്യൻ ചരക്ക് ഗതാഗതത്തിന്റെ ജീവശ്വാസമായ ട്രാൻസ്ഷിപ്പ്മെന്റ് ( കയറ്റിറക്കുമതി സംവിധാനങ്ങൾ) ഗുരുതരമായ പ്രശ്നങ്ങൾ നേരിടുന്നു. പതിറ്റാണ്ടുകളായി, ഇന്ത്യൻ കയറ്റുമതിക്കാർ കടൽ, വ്യോമ ചരക്കുഗതാഗതത്തിനായി ഗൾഫ് ഗേറ്റ്‌വേകളെയാണ് ആശ്രയിക്കുന്നത്. ഇപ്പോൾ, പ്രധാന കേന്ദ്രങ്ങൾ രാഷ്ട്രീയ സംഘർഷങ്ങളിൽ കുടുങ്ങിക്കിടക്കുന്നു. ഇതര മാർഗ്ഗങ്ങൾ പരിമിതവും ചെലവേറിയതും ബുദ്ധിമുട്ടുള്ളതുമാണ്.

ഈ പ്രത്യാഘാതം എല്ലാ മേഖലകളിലും ദൃശ്യമാണ്. യൂറോപ്പ്, യുഎസ്, കാനഡ എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകുന്ന പഴങ്ങൾ, പച്ചക്കറികൾ, പൂക്കൾ, പെട്ടെന്ന് കേടുവരുന്ന പലചരക്ക് സാധനങ്ങൾ എന്നിവ ലക്ഷ്യ സ്ഥാനത്ത് എത്താൻ കാലതാമസം നേരിടുന്നു.

ചരക്ക് ചെലവുകൾ വർദ്ധിക്കുന്നു, ചില സന്ദർഭങ്ങളിൽ കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യതയും ഉണ്ട്. മുമ്പ് രാത്രികാലത്തുപോലും സുഗമമായി നടന്നിരുന്ന ചരക്കുനീക്കം ഇപ്പോൾ സങ്കീർണ്ണവും കൈകാര്യം ചെയ്യാൻ പ്രയാസകരവുമായ പ്രശ്നമായി മാറിയിരിക്കുന്നു.

തിരുവനന്തപുരം ആസ്ഥാനമായുള്ള കൃഷ്ണ ട്രേഡേഴ്‌സിനെപ്പോലെ മറ്റാർക്കും പുതിയ വെല്ലുവിളികളെക്കുറിച്ച് പറയാൻ കഴിയില്ല. 45 വർഷത്തിലേറെയായി ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന ഈ സ്ഥാപനം വിദേശത്തുള്ള ഇന്ത്യാക്കാർക്ക് വേണ്ടുന്ന പച്ചക്കറികൾ, പഴങ്ങൾ, ക്ഷേത്രങ്ങളിലേക്കു വേണ്ട പൂക്കൾ, തുളസി, കൂവളം തുടങ്ങിയവ എന്നിവ വിതരണം ചെയ്യുന്നു. ഇപ്പോൾ ബർമിങ്ഹാമിൽ ചില്ലറ വിൽപ്പന ശാല (റീട്ടെയിൽ ഔട്ട്‌ലെറ്റ്) നടത്തിക്കൊണ്ട് കേരളത്തിന്റെ തനിമ പ്രതീക്ഷിക്കുന്ന പ്രവാസികൾക്ക് ആവശ്യമായ വസ്തുക്കൾ അവിടെ എത്തിക്കുന്നു. ഫ്രാൻസിൽ അവിടെയുള്ള ഏജൻസി വഴിയാണ് ഇത് നൽകുന്നതെന്ന് കൃഷ്ണ ട്രേഡേഴ്‌സിന്റെ മനോജ് രവീന്ദ്രനാഥ് പറഞ്ഞു.

കൊച്ചിയിൽ നിന്നോ തിരുവനന്തപുരത്ത് നിന്നോ യൂറോപ്പിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ഇല്ലാത്തത് ഗുരുതരമായ . ഇപ്പോൾ ഞങ്ങൾ പുതിയ ചരക്കുകൾ ബെംഗളൂരുവിലേക്ക് ട്രക്കിലെത്തിച്ചതിനുശേഷം പിന്നീട് അയയ്ക്കണം. ചരക്കുകൂലി ഏകദേശം ഇരട്ടിയായി, കാർഗോ (ചരക്കിനുള്ള) സ്ഥലവും പരിമിതമാണ് എന്ന് മനോജ് രവീന്ദ്രനാഥ് പറഞ്ഞു.

എയർ ഇന്ത്യക്ക് കൊച്ചിയിൽ നിന്ന് ലണ്ടിനിലേക്ക് നേരിട്ട് പോകുന്ന വിമാനം ഉണ്ടായിരന്നത് കഴിഞ്ഞ വർഷം നിർത്തലാക്കി. യാത്രക്കാരും കാർഗോയും നിറഞ്ഞു പോയിരുന്ന ആ വിമാനം നിർത്തിയത് എന്തിനാണ് എന്നറിയില്ല. അതോടുകൂടി കേരളത്തിൽ നിന്ന് മിഡിൽഈസ്റ്റ് വഴി മാത്രമേ യൂറോപ്പിലേക്ക് കാർഗോ എത്തിക്കാൻ പറ്റുകയുള്ളൂ എന്ന അവസ്ഥ വന്നു.

ഇപ്പോഴത്തെ അവസ്ഥയിൽ ബെംഗളുരൂ വഴി കാർഗോ അയക്കാൻ ബുക്കിങ്ങിന് ശ്രമിക്കുന്നു. പക്ഷേ, നടക്കുന്നില്ല. അവിടെ ജനറൽ കാർഗോ തന്നെ ധാരാളമുണ്ട്. അതിന് രണ്ട് കാരണങ്ങളാണ് ഉള്ളത് ഒന്ന് പഴം, പച്ചക്കറി തുടങ്ങിയവയുടെ കാർഗോയ്ക്ക് റിബേറ്റ് ഉണ്ട്. അതിനാൽ സ്വാഭാവികമായി അതെടുക്കാൻ ബെംഗളുരൂ പോലെ ജനറൽ കാർഗോ ധാരാളം ഉള്ള സ്ഥലങ്ങൾ മടികാണിക്കും. കേരളത്തിലെ പ്രധാന കാർഗോ പഴം, പച്ചക്കറി, പൂക്കൾ എന്നിവയാണ്. രണ്ടാമത്തേത് ഇന്നത്തെ സാഹചര്യത്തിൽ പെട്ടെന്ന് കേടുവരുന്ന (പെരിഷബിൾ) സാധനങ്ങൾ കാർഗോ ആയി സ്വീകരിക്കാൻ കമ്പനികൾ മടിക്കുന്നു എന്നതാണ്.

ആഴ്ചയിൽ അഞ്ച് ടൺവരെ പഴം,പച്ചക്കറി, പൂക്കൾ എന്നിവ അയച്ചിരുന്നവരാണ്. സംഘർഷം ആരംഭിച്ച ശേഷം ഒരു ടൺ പോലും അയച്ചിട്ടില്ല. നിലവിൽ കാർഗോ നിരക്കും വർദ്ധിപ്പിച്ചിട്ടുണ്ട്. രണ്ടിരട്ടിയോളം ആണ് ഇപ്പോൾ വർദ്ധിപ്പിച്ചിരിക്കുന്ന തുക. അദ്ദേഹം ചൂണ്ടിക്കാണിച്ചു.

യുഎഇ, ഖത്തർ, ബഹ്‌റൈൻ, കുവൈത്ത്, ഇറാഖ്, ഇറാൻ തുടങ്ങിയ രാജ്യങ്ങൾ അവരുടെ വ്യോമാതിർത്തി താൽക്കാലികമായി അടയ്ക്കുകയോ നിയന്ത്രണം ഏർപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെന്ന് ആഗോള ഷിപ്പിങ് പ്രമുഖരായ മെഴ്‌സ്‌ക് അവരുടെ ഏറ്റവും പുതിയ അറിയിപ്പിൽ വ്യക്തമാക്കിയത്. ഇന്ത്യ ഉപഭൂഖണ്ഡത്തിനും (ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക) യുഎഇ, ബഹ്‌റൈൻ, ഖത്തർ, ഇറാഖ്, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലെ അപ്പർ ഗൾഫ് മാ‍ർക്കറ്റുകൾക്കും (ദമ്മാം, ജുബൈൽ) ഇടയിലുള്ള എല്ലാ പുതിയ ബുക്കിങ്ങുകളും ഞങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു. എന്നും അറിയിപ്പിൽ പറയുന്നു.

വ്യോമയാന ബന്ധത്തെയും ഈ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. മിഡിൽ ഈസ്റ്റിന്റെ ചില ഭാഗങ്ങളിൽ ഉയർന്നുവരുന്ന സാഹചര്യം കണക്കിലെടുത്ത്, ഈ മേഖലയിലേക്കും തിരിച്ചുമുള്ള എല്ലാ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവച്ചതായി എയർ ഇന്ത്യ കാർഗോ റിപ്പോർട്ട് ചെയ്തു, ഇത് മറ്റ് മേഖലകളിലും താൽക്കാലിക തടസ്സങ്ങൾക്ക് കാരണമായി.

കയറ്റുമതിക്കാർ ഇതിനകം തന്നെ ചരക്കുകൾ നീക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, അനിശ്ചിതത്വം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. തേങ്ങാ ഉൽപ്പന്നങ്ങളുടെ പ്രമുഖ വിതരണക്കാരിൽ ഒരാളായ മെഴുക്കുക്കാട്ടിൽ മിൽസിലെ ഉബൈസ് അലിയുടെ 15 കണ്ടെയ്‌നറുകൾ കടൽ മാർഗങ്ങളിലും തുറമുഖങ്ങളിലും ട്രാൻസ്‌ഷിപ്പ്മെന്റ് ടെർമിനലുകളിലും കുടുങ്ങിക്കിടക്കുകയാണ്, ഡെലിവറി സമയക്രമത്തെക്കുറിച്ച് വ്യക്തതയില്ല. അദ്ദേഹത്തിന്റെ കമ്പനി തേങ്ങാപ്പൊടി, ഉണക്കിയ തേങ്ങ, എണ്ണ എന്നിവ പ്രധാനമായും പശ്ചിമേഷ്യയിലേക്കും അയർലൻഡ്, സ്കോട്ട്‌ലൻഡ് പോലുള്ള സ്ഥലങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നു.

കേരളത്തിലെയും ഇന്ത്യയിലെയും വിദ്യാർത്ഥികളുടെയും നഴ്‌സുമാരുടെയും ആശ്രിതരായ കുടുംബാംഗങ്ങളുടെയും കുടിയേറ്റത്തിലൂടെ രൂപപ്പെട്ട വിദേശ മാ‍ർക്കറ്റുണ്ട്. അതിനാൽ തന്നെ വിദേശത്ത് റീട്ടെയിൽ സ്റ്റോറുകളും റസ്റ്റോറന്റുകളും തുറക്കുന്നതിലേക്കു നയിച്ചു. കേരളത്തിലും മലയാളികൾക്കും പ്രിയങ്കരമായ അരി, പച്ചക്കറികൾ, വാഴയില, ചിപ്‌സ്, വെളിച്ചെണ്ണ, തേങ്ങാ പേസ്റ്റ്, ഉണക്കിയ തേങ്ങ, തുടങ്ങിയ പ്രത്യേക ഉൽപ്പന്നങ്ങളുടെ ആവശ്യകത ഈ ഒന്നാം തലമുറ ചില്ലറ വ്യാപാരികൾ വർധിപ്പിക്കുന്നു.

പരമ്പരാഗത വിപണികളെ അപേക്ഷിച്ച് വളർന്നുവരുന്ന ഈ പുതിയ വിപണികളിലേക്കുള്ള കയറ്റുമതിയിൽ കുത്തനെ വർധനവുണ്ടായിരുന്നതായും ഉബൈസ് അലി ചൂണ്ടിക്കാട്ടി.

പശ്ചിമേഷ്യൻ ഇടനാഴിയിലൂടെ ചരക്ക് ഗതാഗതം തടസ്സപ്പെട്ടതിനാൽ ബദൽ മാർഗങ്ങൾ കണ്ടെത്താൻ കയറ്റുമതിക്കാർ ബുദ്ധിമുട്ടുകയാണെന്ന് പാലാട്ട് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ തോംസൺ സിറിൽ പറഞ്ഞു. പ്രഭാതഭക്ഷണത്തിനുള്ള പൊടികൾ, അച്ചാറുകൾ മുതൽ ജാം, സ്ക്വാഷുകൾ, മസാലകൾ വരെ ഏകദേശം 200 ഉൽപ്പന്നങ്ങൾ അദ്ദേഹത്തിന്റെ കമ്പനി പശ്ചിമേഷ്യ, യൂറോപ്പ്, തുടങ്ങി ഇന്ത്യൻ പ്രവാസികൾ കൂടുതലുള്ള സ്ഥലങ്ങളിലേക്ക് അയയ്ക്കുന്നു. “ഓപ്പറേറ്റർമാർ ഇപ്പോൾ റിസ്ക് സർചാർജ് ആവശ്യപ്പെടുന്നു. ഏറ്റവും കൂടുതൽ ഏലം കയറ്റുമതി ചെയ്യുന്നവരിൽ ഞങ്ങളും ഉൾപ്പെടുന്നു, അതും കുടുങ്ങിക്കിടക്കുന്നു. ഞങ്ങളുടെ മിക്ക ചരക്ക് നീക്ക മാർഗ്ഗങ്ങളും പശ്ചിമേഷ്യ വഴിയാണ്, കൊളംബോ വഴി വളരെ അപൂർവമായി മാത്രമേ വരുന്നുള്ളൂ. ഞങ്ങളുടെ ആറ് കണ്ടെയ്‌നറുകൾ ഇതിനകം തന്നെ കടലിലാണുള്ളത്. ഇപ്പോൾ മറ്റ് വഴികൾ കണ്ടുപിടിക്കേണ്ടതുണ്ട്. ചെലവുകൾ വർദ്ധിക്കും. എല്ലാം അനിശ്ചിതത്വത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വർദ്ധിക്കുന്ന അനിശ്ചിതത്വം

യൂറോപ്പ്, അമേരിക്ക, കാനഡ എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകുന്ന പഴങ്ങൾ, പച്ചക്കറികൾ, പൂക്കൾ, പെട്ടെന്ന് കേടുവരുന്ന പലചരക്ക് സാധനങ്ങൾ എന്നിവ എത്തിച്ചേരുവാൻ കാലതാമസം നേരിടുന്നു, ചരക്കയയ്ക്കുന്നതിനുള്ള ചെലവ് വർദ്ധിക്കുന്നു, ചില സന്ദർഭങ്ങളിൽ ചീത്തയാകുവാനുമുള്ള സാധ്യതയും ഉണ്ട്.

യുഎഇ, ഖത്തർ, ബഹ്‌റൈൻ, കുവൈത്ത്, ഇറാഖ്, ഇറാൻ, എന്നിവർ അവരുടെ വ്യോമാതിർത്തി താൽക്കാലികമായി അടയ്ക്കുകയോ നിയന്ത്രണമേർപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. ഇത് ഈ വ്യാപരമേഖലയിൽ അനിശ്ചിതത്ത്വത്തിലേക്ക് നയിച്ചിരിക്കുകയാണ്.

കേരളവും തമിഴ്നാടും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ

ഇറാന് നേരെ ആരംഭിച്ച യു എസ്- ഇസ്രയേൽ ആക്രമണവും ഇറാന്റെ തിരച്ചടിയും പശ്ചിമേഷ്യയിൽ സൃഷ്ടിച്ച സംഘ‍ർഷാവസ്ഥയും ആ രാജ്യങ്ങളെ മാത്രമല്ല, ഇങ്ങ് കേരളത്തെയും തമിഴ് നാടിനെയും ബാധിച്ചു തുടങ്ങിയിരിക്കുന്നു.സംഘ‍ർഷ മേഖലയിലെ മലയാളികൾ ഉൾപ്പടെയുള്ളവരുടെ ജീവിതത്തെ മാത്രമല്ല ഇത് ബാധിക്കുന്നത്. മലയാളികളായി അവിടങ്ങളിൽ ജോലി ചെയ്യുന്നവരും മറ്റും നേരിടുന്ന പ്രതിസന്ധികൾ പോലെ കേരളവും തമിഴ് നാടും പ്രതിസന്ധികളെ അഭിമുഖീകരിച്ചു തുടങ്ങിയിരിക്കുന്നു നേരിടുന്നു എന്നതാണ് ഈ അനുഭവങ്ങൾ വ്യക്തമാക്കുന്നത്.

വിദേശ വിപണിയുമായിബന്ധപ്പെട്ടുള്ള വിദേശ നാണ്യ ലഭ്യതയിലെ കുറവ് മുതൽ സാധാരണ ക‍ർഷകരുടെയും തൊഴിലാളികളുടെയും ജീവതത്തെ വരെ ബാധിക്കുന്ന നിലയിലേക്ക് കേരളത്തെയും യുദ്ധം ബാധിച്ചു തുടങ്ങി എന്നതിലേക്കാണ് ഈ കയറ്റുമതിക്കാർ നേരിടുന്ന പ്രതിസന്ധികൾ വിരൽ ചൂണ്ടുന്നത്.

പഴം, പച്ചക്കറി, പൂക്കൾ എന്നിവ തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളിൽ നിന്നാണ് ഞങ്ങൾ എടുക്കുന്നത്. എന്നാൽ, ഇപ്പോൾ നാല് ദിവസത്തിലേറെയായി ഇവ അയക്കാൻ പറ്റാത്തിനാൽ എടുക്കുന്നില്ല. അതിനാൽ അവിടങ്ങളിലെ കർഷകരും മറ്റ് തൊഴിലാളികളും പ്രതിസന്ധിയിലായിരിക്കുയാണെന്ന് മനോജ് രവീന്ദ്രനാഥ് പറഞ്ഞു.

മാർക്കറ്റിൽ സാധനം കുമിഞ്ഞു കൂടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങിയതോടെ വില കുത്തനെ ഇടിഞ്ഞു. നിലിവിലെ സാഹചര്യം തുടർന്നാൽ അവിടുത്തെ കാർഷിക മേഖലയെ ഗുരുതരമായി ബാധിക്കാനുള്ള സാഹചര്യത്തിലേക്ക് നയിച്ചേക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

യുദ്ധ സാഹചര്യം നീണ്ടുനിന്നാൽ കേരളത്തിലെ കയറ്റുമതിയെയും ഇവിടുത്തെ തൊഴിലാളികളെയും തമിഴ്നാട്ടിലേതുപോലെ തന്നെ ബാധിച്ചേക്കാം.

The ongoing war has disrupted the export of flowers and vegetables from Kerala to Europe, affecting farmers, exporters, and supply chains linked to international markets.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാചകവാതക വില കൂട്ടി, ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിപ്പിച്ചത് 60 രൂപ

ഗള്‍ഫ് മേഖലയിലേക്ക് ഇന്ന് 58 വിമാന സര്‍വീസുകള്‍, തിരുവനന്തപുരത്ത് നിന്നുള്ള 21 സര്‍വീസുകള്‍ റദ്ദാക്കി

സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലം, 100 കോടി ചെലവ്; പെരുമ്പളം ദ്വീപ് നിവാസികളുടെ ചിരകാല സ്വപ്‌നം ഇന്ന് യാഥാര്‍ഥ്യമാകും- വിഡിയോ

65,000 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളുടെ വിതരണം ഉടന്‍; അഞ്ചുവര്‍ഷത്തിനിടെ ഏഴു ലക്ഷം കുടുംബങ്ങള്‍ക്ക് കാര്‍ഡ്

അടുക്കള ചെലവ് കൂടും, ഗാര്‍ഹിക സിലിണ്ടറിന് 60 രൂപ കൂട്ടി, പുതുയുഗ യാത്രയ്ക്ക് ഇന്ന് സമാപനം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT