

കേരളത്തിൽ പാമ്പുകടിയേറ്റുള്ള മരണങ്ങൾ ഗണ്യമായി കുറയുന്നുണ്ടെങ്കിലും, ഒരു കുഞ്ഞൻ പാമ്പ് ഇപ്പോഴും ആരോഗ്യരംഗത്തിന് വലിയ തലവേദനയാകുന്നു. ഹമ്പ്-നോസ്ഡ് പിറ്റ് വൈപ്പർ (hump nosed pit viper)എന്നറിയപ്പെടുന്ന ‘മുഴമൂക്കൻ കുഴിമണ്ഡലി’ വലുപ്പത്തിൽ ചെറുതാണെങ്കിലും, അതിന്റെ വിഷബാധ കേരളത്തിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്.
കേരളത്തിൽ സാധാരണമായി പരാമർശിക്കപ്പെടുന്ന ‘ബിഗ് ഫോർ’ വിഷപ്പാമ്പുകൾ — അണലി, മൂർഖൻ, വെള്ളിക്കെട്ടൻ, ചുരുട്ടമണ്ഡലി — എന്നിവയ്ക്കൊപ്പമല്ല ഇതിനെ കണക്കാക്കിയിരുന്നത്. എന്നാൽ ‘അത്താഴം മുടക്കാൻ’ മാത്രം പോന്നവനായി ഈ കുഞ്ഞൻ പാമ്പ് കേരളത്തിലെ ആരോഗ്യരംഗത്തെ വെല്ലുവിളിക്കുന്നു.
ഈ പാമ്പിനെ തിരിച്ചറിയാൻ ആ രൂപമാണ് സഹായിക്കുന്നത്. സാധാരണയായി 30 മുതൽ 45 സെ.മീ. വരെ നീളമുള്ള ഈ പാമ്പിന് കട്ടിയുള്ള ശരീരവും വീതിയുള്ള ത്രികോണമുഖവും മുകളിലേക്ക് വളഞ്ഞ മൂക്കും (hump) ആണ് ഉള്ളത്. ആർദ്ര വനങ്ങളിലും മലപ്രദേശങ്ങളിലും പ്ലാന്റേഷനുകളിലും ഇവ കൂടുതലായി കാണപ്പെടുന്നത്, സാധാരണയായി വനത്തിലെ ഇലക്കൂട്ടങ്ങളിലാണ് ഇവയുടെ ഒളിയിടം. രാത്രി സജീവമായ ഇവ ചെറു സസ്തനികൾ, ഉഭയജീവികൾ, മറ്റു ചെറിയ ജീവികൾ എന്നിവയെ ഭക്ഷണമാക്കുന്നു. മുട്ടയിടാതെ കുഞ്ഞുങ്ങളെ നേരിട്ട് പ്രസവിക്കുന്ന (വിവിപാരസ് -viviparous) വിഭാഗത്തിൽപ്പെടുന്നവയാണ്.
ഇലക്കൂട്ടങ്ങൾക്കിടയിൽ പതുങ്ങിയിരിക്കുന്നതിനാൽ പെട്ടെന്ന് ഇവയെ തിരിച്ചറിയാൻ പ്രയാസമാണ്. പ്രകോപിപ്പിക്കപ്പെട്ടാൽ വളരെ വേഗത്തിൽ ആക്രമിക്കുന്ന സ്വഭാവക്കാരാണ് ഇവർ.
“ഹമ്പ്-നോസ്ഡ് പിറ്റ് വൈപ്പർ (മുഴമൂക്കൻ കുഴിമണ്ഡലി) പശ്ചിമ ഘട്ടത്തിന്റെ തെക്കൻ മേഖലയിൽ വരുന്ന കേരളം, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ കാണപ്പെടുന്ന പാമ്പാണ്. എന്നാൽ കേരളത്തിൽ ഒഴികെ മറ്റു സംസ്ഥാനങ്ങളിലെ ജനവാസ മേഖലയിൽ ഇതിനെ അധികം കാണാറില്ല. ഇവിടെ ഈർപ്പമുള്ള പച്ച കാടുകളും, അതിനോട് ചേർന്നുകിടക്കുന്ന വയലുകളിലും തോട്ടങ്ങളിലും ധാരാളം പാമ്പു കടി റിപ്പോർട്ട് ചെയ്യപ്പെടുന്നു,” എന്ന് ഫോറസ്റ് ഡിപ്പാർട്മെന്റിലെ അസിസ്റ്റന്റ് കൺസർവേറ്ററും സർപ്പ (Snake Awareness, Rescue and Protection App) സ്റ്റേറ്റ് നോഡൽ ഓഫീസർ, വൈ മുഹമ്മദ് അൻവർ പറയുന്നു.
പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യത്തിൽ പ്രധാന സാന്നിദ്ധ്യമായ ഈ പാമ്പ്, കേരളത്തിലെ പാമ്പുകടിയേറ്റുള്ള മരണങ്ങളിലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലും ഒരു ഒളിഞ്ഞിരിക്കുന്ന സാന്നിദ്ധ്യമാണ്.
ഇതിൽ ഏറ്റവും ഗൗരവമുള്ള കാര്യം. ഇന്ത്യയിൽ നിലവിൽ ലഭ്യമായ പാമ്പുവിഷത്തിനുള്ള മരുന്ന് (Polyvalent Anti-snake Venom) പ്രധാനമായും ബിഗ് ഫോർ ( 'Big Four' ) ഇനത്തിൽ വർഗീകരിച്ചിട്ടുള്ള പാമ്പുകൾക്കെതിരെയുള്ളതാണ്. മുഴമൂക്കൻ കുഴിമണ്ഡലിയുടെ വിഷത്തിന് ഈ മരുന്ന് ഫലപ്രദമല്ല. അതിനാൽ ഇവയുടെ കടിയേറ്റാൽ ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയാണ് (Symptomatic treatment) നൽകുന്നത്.
കേരളത്തിൽ 120-ലധികം പാമ്പിനങ്ങൾ കാണപ്പെടുന്നു. അവയിൽ പത്ത് എണ്ണത്തിൽ താഴെ മാത്രമാണ് ജീവഹാനി വരുത്തുന്ന വിഷമുള്ളത്. കേരളത്തിൽ ഓരോ വർഷവും ഏകദേശം 3,500 മുതൽ 45,000 വരെ പാമ്പുകടിയേറ്റ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതിൽ ഏകദേശം 30 ശതമാനവും വിഷപ്പാമ്പുകൾ മൂലമുള്ളതാണ്. ഇതിൽ തന്നെ 335-ഓളം കേസുകൾ 'മുഴമൂക്കൻ കുഴിമണ്ഡലി' (Hump-nosed pit viper) കടിയേറ്റവയാണ്. ഈ പാമ്പ് വലുപ്പത്തിൽ ചെറുതാണെങ്കിലും ഇതിന്റെ വിഷം അത്ര ചെറുതല്ല. അതേസമയം കൃത്യസമയത്ത് ശരിയായ ചികിത്സ ലഭിച്ചാൽ പൂർണ്ണമായും ഭേദമാക്കാവുന്നതാണ്.
കടിയേറ്റാൽ വീക്കം, മാംസപേശി നാശം (necrosis), രക്തം കട്ടപിടിക്കാത്ത അവസ്ഥ (coagulopathy), വൃക്കസംബന്ധമായ ഗുരുതര പ്രശ്നങ്ങൾ എന്നിവ ഉണ്ടാകാം. മരണങ്ങൾ കുറവാണെങ്കിലും, ദീർഘകാലത്തേക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ് ഇവയുടെ വിഷം മനുഷ്യ ശരീരത്തിൽ സൃഷ്ടിക്കുന്നത്.
പ്രതിവിഷം ലഭ്യമല്ലാത്ത സാഹചര്യത്തിൽ, ആശുപത്രി സാഹചര്യത്തിൽ ചികിത്സ സങ്കീർണ്ണമാകുന്നു എന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. “ചികിത്സ സങ്കീർണ്ണമാണ്. വിഷം, അണലി (Viper) കടിയേൽക്കുമ്പോൾ സംഭവിക്കുന്നതു പോലെ, രക്തം കട്ടപിടിക്കുന്ന സമയം നീട്ടുന്നു. എന്നാൽ, ഉയർന്ന അളവിൽ പോലും പ്രതിവിഷം ഫലപ്രദമല്ല. ആന്റി-സ്നേക്ക് വിഷം നൽകിയാലും പക്ഷേ അത് ഫലപ്രദമാകില്ല. 20-30 വൈൽസ് കൊടുത്താലും ഫലപ്രദമാകില്ല," എന്ന് മലപ്പുറം എം ഇ എസ് മെഡിക്കൽ കോളേജിലെ ശിശുരോഗ വിഭാഗം പ്രൊഫസർ ഡോ. പുരുഷോത്തമൻ കുഴിക്കത്തുകണ്ടിയിൽ പറഞ്ഞു.
ഉയർന്ന അളവിൽ പോലും ഫലപ്രദമല്ലാത്ത പ്രതിവിഷം നൽകുന്നതിലൂടെ പലപ്പോഴും രോഗികളുടെ ആരോഗ്യത്തിന് ദോഷം സംഭവിക്കുന്നു. ചികിത്സയിൽ സങ്കീർണ്ണതകൾ ഉണ്ടാകുമ്പോൾ പൊതുജനങ്ങളുടെ പ്രകോപനവും മറ്റും ഒഴിവാക്കുന്നതിന് പ്രതിവിഷം നൽകുന്ന പ്രോട്ടോക്കോൾ പാലിക്കേണ്ടി വരുന്നതിനാൽ ഡോക്ടർമാർ അതിലും വലിയ പ്രതിസന്ധിയെയാണ് നേരിടുന്നതെന്ന് വിദഗ്ധർ പറയുന്നു.
ഇന്ത്യയിൽ പാമ്പുകടി എന്നത് വലിയൊരു പൊതുജനാരോഗ്യ വെല്ലുവിളിയായി തുടരുന്നു. പ്രതിവർഷം ഏകദേശം 30–40 ലക്ഷം പാമ്പുകടി സംഭവങ്ങൾ നടക്കുന്നു, ഇതിൽ ഏകദേശം 50,000 പേർ മരിക്കുന്നു — ലോകത്തിലെ മൊത്തം മരണങ്ങളുടെ പകുതിയോളം. എന്നാൽ യഥാർത്ഥ കണക്കുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല, കാരണം പാമ്പുകടിയേൽക്കുന്നവരിൽ ആശുപത്രികളിലേക്കോ ക്ലിനിക്കുകളിലേക്കോ എത്തുന്നത് വളരെ കുറച്ച് ആളുകൾ മാത്രമാണ്. 2016–2020 കാലഘട്ടത്തിലെ സെൻട്രൽ ബ്യൂറോ ഓഫ് ഹെൽത്ത് ഇൻവെസ്റ്റിഗേഷൻ (CBHI) കണക്കുകൾ പ്രകാരം, ഇന്ത്യയിൽ പ്രതിവർഷം ഏകദേശം മൂന്ന് ലക്ഷം പാമ്പുകടിയേറ്റ കേസുകളും ഏകദേശം 2000 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.
കോബ്ര, റസ്സൽസ് വൈപ്പർ, കോമൺ ക്രൈറ്റ്, സോ-സ്കെയിൽഡ് വൈപ്പർ എന്നിവയ്ക്കെതിരെ പ്രവർത്തിക്കുന്ന പ്രതിവിഷം (പോളിവാലന്റ് ആന്റി-സ്നേക്ക് വെനം -ASV) ഏകദേശം 80% കേസുകളിൽ ഫലപ്രദമാണ്. എന്നാൽ, പരിശീലനം ലഭിച്ച മനുഷ്യ വിഭവ ശേഷിയും ആവശ്യമായ ആരോഗ്യ സൗകര്യങ്ങളും ഇല്ലാത്തത് ചികിത്സയ്ക്ക് തടസ്സമാകുന്നു.
ഇപ്പോൾ, തമിഴ്നാട്ടിലെ ഇരുള സ്നേക്ക് ക്യാച്ചേഴ്സ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ശേഖരിക്കുന്ന വിഷം ഉപയോഗിച്ച് ഇന്ത്യയിലെ ആറു പ്രധാന കമ്പനികളാണ് പ്രതിവിഷം (ASV) നിർമ്മിക്കുന്നത്. എന്നാൽ, പ്രദേശവും കാലാവസ്ഥയും അനുസരിച്ച് ഫലപ്രാപ്തിയിൽ വ്യത്യാസങ്ങൾ കാണപ്പെടുന്നു. ഇതിനെ നേരിടുന്നതിനായി, കേരള വനവകുപ്പ് സംസ്ഥാനത്തെ പാമ്പിനങ്ങൾക്ക് അനുയോജ്യമായ പ്രതിവിഷം വികസിപ്പിക്കുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്.
“പ്രതിവിഷം നിർമ്മിക്കാൻ 300 കുതിരകൾ ആവശ്യമാണ്. (കാരണം കുതിരകളിലേക്ക് ചെറിയ അളവിൽ പാമ്പിന്റെ വിഷം കുത്തിവച്ചാണ് പ്രധാനമായും പാമ്പിനെതിരെയുള്ള വിഷം ഉൽപ്പാദിപ്പിക്കുന്നത്, പാമ്പിൻ വിഷം കുത്തിവെക്കുമ്പോൾ കുതിരകളുടെ രോഗപ്രതിരോധ സംവിധാനങ്ങൾ ആന്റിബോഡികൾ ഉൽപ്പാദിപ്പിക്കുന്നു. ഈ കുതിരയുടെ പ്ലാസ്മയിൽ നിന്ന് ഈ ആന്റിബോഡികൾ ശേഖരിച്ച് ലാബിൽ ശുദ്ധീകരിച്ച് പ്രതിവിഷം (ആന്റിവെനം) നിർമ്മിക്കാൻ ഉപയോഗിക്കുന്നു.) ഇതിന് വൻ നിക്ഷേപവും പ്രവർത്തനച്ചെലവും ആവശ്യമാണ്. സാമ്പത്തികമായി പ്രായോഗികമായ മാറ്റിക്കൊണ്ട് പദ്ധതി ആരംഭിക്കുന്നതിന് സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്,” എന്ന് മുഹമ്മദ് അൻവർ പറഞ്ഞു.
പുത്തൂർ മൃഗശാലയിൽ ഇതിനായി സംവിധാനം രൂപീകരിക്കുകയും, പരിശീലനം ലഭിച്ച ജീവനക്കാർ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ പാമ്പുകളിൽ നിന്ന് വിഷം ശേഖരിക്കുകയും ചെയ്യുക എന്നതാണ് പദ്ധതി.
പാമ്പുകടിയേറ്റ മരണങ്ങൾ ഇല്ലാതാക്കുന്നതിനായി പ്രതിവിഷത്തിന്റെ ഉൽപ്പാദനവും വിതരണവും ശക്തിപ്പെടുത്തുകയാണ് മിഷൻ സർപ്പ. അതേസമയം, മിഷൻ നോളജ് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (KFRI), ട്രോപ്പിക്കൽ ബോട്ടാനിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (TBGRI), ഇന്ത്യൻ വന്യജീവി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ സഹകരണത്തോടെ കാലാവസ്ഥാ വ്യതിയാനവും മറ്റ് ഘടകങ്ങളും മൂലം വന്യജീവികളിൽ ഉണ്ടാകുന്ന പെരുമാറ്റ വ്യതിയാനങ്ങളെ പഠിക്കുന്നു.
പാമ്പുകടിയേറ്റ വിഷബാധയെ നിയന്ത്രിക്കുന്നതിനും തടയുന്നതിനുമായി ദേശീയ പ്രവർത്തന പദ്ധതി (NAPSE) രൂപപ്പെടുത്തിയിട്ടുണ്ട്. 2030 ഓടെ മരണങ്ങളും ഇതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളും പകുതിയായി കുറയ്ക്കുക എന്നതാണ് ലക്ഷ്യം. കേരളം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ മരണങ്ങൾ ഇല്ലാതാക്കുക എന്ന ലക്ഷ്യമാണ് മുന്നിൽ കണ്ടിട്ടുള്ളത്.
സംസ്ഥാനത്തെ പാമ്പുകടി മരണങ്ങളുടെ കണക്കുകൾ കുറവുണ്ടായതായി കാണാനാകും.: 2011–12ൽ 84 മരണങ്ങൾ സംഭവിച്ചുവെങ്കിൽ അത് 2023–24ൽ 34 ആയി കുറഞ്ഞു. 2025–26ൽ ഇതുവരെ 18 മരണങ്ങൾ ആണ് റിപ്പോർട്ട് ചെയ്തത്. 2011-12 മുതൽ ഇതുവരെയുള്ള കാലഘട്ടത്തിൽ നൂറിലേറെ മരണങ്ങൾ സംഭവിച്ചത് അഞ്ച് വർഷങ്ങളിലാണ്.
കേരളത്തിലെ ഈ നൂറ്റാണ്ടിലെ പ്രളയം സംഭവിച്ച 2018-19 വർഷത്തിലാണ് ഏറ്റവും കൂടുതൽ പാമ്പുകടി മരണം റിപ്പോർട്ട് ചെയ്തത്. 123 മരണങ്ങളാണ് ആ വർഷം റിപ്പോർട്ട് ചെയ്തത്. 2014–15 , 2016–17 എന്നീ വർഷങ്ങളിൽ 119 മരണം വീതവും 2012–13ൽ 113 ഉം 2013–14 ൽ 110 മരണങ്ങൾ സംഭവിച്ചു.
2024–25 കാലഘട്ടത്തിൽ 19,304 പാമ്പുകളെ രക്ഷപ്പെടുത്തി സുരക്ഷിതമായി വിട്ടയച്ചു.
ഈ പാമ്പിന് ചില സവിശേഷമായ ശാരീരിക പ്രത്യേകതകളുണ്ട്:
മൂക്കിലെ മുഴ: ഇതിന്റെ മൂക്കിന്റെ തുമ്പ് അല്പം മുകളിലേക്ക് ഉയർന്നു നിൽക്കുന്നതിനാലാണ് 'മുഴമൂക്കൻ' എന്ന പേര് വന്നത്.
ത്രികോണാകൃതിയിലുള്ള തല: മറ്റു കുഴിമണ്ഡലികളെപ്പോലെ ഇതിന്റെ തലയും ത്രികോണാകൃതിയിലാണ്.
നിറം: തവിട്ട് അല്ലെങ്കിൽ ചാരനിറത്തിൽ ഇരുണ്ട പാടുകളോട് കൂടിയതാണ് ഇവയുടെ ശരീരം. ഉണങ്ങിയ ഇലകൾക്കിടയിൽ ഇരുന്നാൽ പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ല (Camouflage).
വലുപ്പം: ഇവയ്ക്ക് സാധാരണയായി ഒന്നരയടിയിൽ (30-45 cm) കൂടുതൽ നീളം ഉണ്ടാകാറില്ല. അതിനാൽ പലരും ഇതിനെ അണലിയുടെ കുഞ്ഞാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്.
മുഴമൂക്കൻ കുഴിമണ്ഡലിയുടെ കടിയേറ്റാൽ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം സാധാരണ പ്രതിവിഷം (ആന്റി-വെനം -ASV) ഇതിന് ഫലപ്രദമല്ല എന്നതാണ്. അതിനാൽ ചികിത്സയിൽ ഇനി പറയുന്നവയ്ക്കാണ് മുൻഗണന നൽകുന്നത്:
ആശുപത്രിയിലെ നിരീക്ഷണം: കടിയേറ്റാൽ എത്രയും വേഗം പാമ്പുവിഷ ചികിത്സയ്ക്ക് സൗകര്യമുള്ള (Tertiary care) ആശുപത്രിയിൽ എത്തിക്കണം. കുറഞ്ഞത് 24 മുതൽ 48 മണിക്കൂർ വരെ നിരീക്ഷണം ആവശ്യമാണ്.
രക്തപരിശോധന: രക്തം കട്ടപിടിക്കുന്നുണ്ടോ എന്ന് നോക്കാനുള്ള പരിശോധനകളും (Clotting time), വൃക്കകളുടെ പ്രവർത്തനം അറിയാനുള്ള ക്രിയാറ്റിനിൻ പരിശോധനയും കൃത്യമായ ഇടവേളകളിൽ നടത്തണം.
ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സ (Symptomatic Treatment): കടിയേറ്റ ഭാഗത്തെ വേദന കുറയ്ക്കാനും നീർവീക്കം മാറ്റാനുമുള്ള മരുന്നുകൾ നൽകുന്നു.
ഡയാലിസിസ്: വിഷം വൃക്കകളെ ബാധിച്ച് 'അക്യൂട്ട് കിഡ്‌നി ഇൻജുറി' (Acute Kidney Injury) ഉണ്ടായാൽ താൽക്കാലികമായി ഡയാലിസിസ് വേണ്ടിവന്നേക്കാം.
ആന്റിബയോട്ടിക്കുകൾ: കടിയേറ്റ ഭാഗത്ത് അണുബാധയോ കോശങ്ങൾ നശിക്കുന്ന അവസ്ഥയോ (Necrosis) ഉണ്ടാകാതിരിക്കാൻ ആന്റിബയോട്ടിക്കുകൾ നൽകാറുണ്ട്.
കടിയേറ്റ വ്യക്തിയെ പരിഭ്രമിപ്പിക്കാതെ ശാന്തനായി ഇരുത്തുക.
കടിയേറ്റ ഭാഗം ചലിപ്പിക്കരുത്.
മുറിവിനു മുകളിൽ ബലമായി കെട്ടരുത് (Tourniquet ഒഴിവാക്കുക).
മുറിവായ കീറാനോ വിഷം വായകൊണ്ട് വലിച്ചെടുക്കാനോ ശ്രമിക്കരുത്.
പച്ചമരുന്നുകളോ മന്ത്രവാദമോ തേടി സമയം കളയാതെ ഉടൻ ആശുപത്രിയിൽ എത്തിക്കുക.
ഈ പാമ്പ് വലുപ്പത്തിൽ ചെറുതാണെങ്കിലും ഇതിന്റെ വിഷം നിസ്സാരമല്ല. കൃത്യസമയത്ത് ചികിത്സ ലഭിച്ചാൽ പൂർണ്ണമായും ഭേദമാക്കാവുന്നതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates