Choora fish,Shilo k Dev,tuna
Choora (tuna) is rich in protein and omega-3, but may carry harmful substances. Learn its health benefits, risks, and safe ways to eat it.Samakalika Malayalam

ചൂര കഴിക്കാം, അറിഞ്ഞു വേണം

മനുഷ്യരുടെ ആരോ​ഗ്യത്തിന് വേണ്ടുന്ന നിരവധി ഘടകങ്ങൾ ഉള്ള മീനാണ് ചൂര . ഇതേ ചൂര തന്നെ മനുഷ്യന് അപകടമുണ്ടാക്കുന്ന വസ്തുക്കളുടെയും ആവാസ കേന്ദ്രമാണ്. ചൂര മീനിനെ അറിയാം
Published on

ഭക്ഷണത്തിലും രാഷ്ട്രീയമുണ്ടെന്ന് ഓർമ്മപ്പെടുത്തുന്ന അഭിപ്രായങ്ങൾ പലപ്പോഴും ഉയർന്നു കേൾക്കാറുണ്ട്. കുറച്ചുനാൾ മുൻപ് ‘ബീഫ് ‘ ആയിരുന്നു വിഷയം; ഇപ്പോൾ ‘ചൂരയും’. പിണറായി ചൂര കഴിച്ചോ കഴിച്ചില്ലയോ എന്നതാണ് ചൂരയുടെ പേരിലുള്ള രാഷ്ട്രീയ പുകിലുകൾ. എന്നാൽ, ചൂരയുടെ സ്ഥിതിയെന്താണ്? ചൂര കാണുന്നതുപോലൊരു മീനാണോ? ഒരേസമയം ചൂര ആരോ​ഗ്യദായിനിയും അപകടകാരിയും ആണ്. കടലിലെ വേട്ടക്കാരനായ മത്സ്യമാണ് ചൂര. കരയിൽ എത്തുമ്പോൾ രുചിയോടെ തീൻമേശയിലുമെത്തും. അതിനുമപ്പുറമാണ് ചൂരയുടെ വിശേഷങ്ങൾ

Choora fish,Shilo k Dev,tuna
'പിണറായി വിജയന് സാധാരണ മീന്‍ പോരാ, എ ക്വാളിറ്റി ഫസ്റ്റ് ക്ലാസ് മീന്‍ വേണം'; ദിവാകരന് ഓര്‍മ്മക്കുറവെന്ന് വി ശിവന്‍കുട്ടി

മലബാറുകാരും ചൂരയും

നമ്മുടെ പല സംസ്ഥാനങ്ങളുടേയും ഭക്ഷണക്രമത്തിൽ മീനിന് ചെറുതല്ലാത്ത സ്ഥാനമുണ്ട്. പ്രത്യേകിച്ച് കേരളം, തമിഴ്നാട്, ഗോവ, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ഒഡീഷ തുടങ്ങിയ തീരദേശ സംസ്ഥാനങ്ങളിൽ. ചൂര, സൂത, കേര, കുടുക്ക, വെള്ളച്ചൂര, നെയ്മീൻചൂര, കേരച്ചൂര, കുടുത, മഞ്ഞത്തുമ്പൻ, വലിയകണ്ണൻ, ചില്ലൻ ചൂര, മഞ്ഞച്ചൂര, കണ്ണൻച്ചൂര എന്നിങ്ങനെ പ്രാദേശികമായി പല പേരുകളിൽ അറിയപ്പെടുന്ന ട്യൂണ (Tuna) മിതമായ വിലയിൽ ലഭിക്കുന്ന പോഷകസമൃദ്ധമായ മീനാണ്.

എണ്ണമയമുള്ള മത്സ്യവിഭാഗത്തിൽപ്പെടുന്ന ചൂരമീനിന് നമ്മുടെ ഭക്ഷണക്രമത്തിൽ വലിയ സ്ഥാനമാണുള്ളത്. ലഭ്യതയനുസരിച്ച് പ്രാദേശികമായി ഉപഭോഗം കൂടുവാനും കുറയുവാനുമുള്ള സാധ്യതയുണ്ടെന്നു മാത്രം.കേരളത്തിൽ, തിരുവനന്തപുരം നിവാസികൾക്ക് മറ്റുള്ള ജില്ലകളിലുള്ളവരെ അപേക്ഷിച്ച് ചൂരമീനിനോട് കൂടുതൽ ആഭിമുഖ്യമുണ്ടെന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല. എന്നാൽ,മലബാറുകാ‍ർക്ക് ചൂര (സൂത) മീനിനോട് അത്ര പ്രിയമില്ല. അതിന് പ്രത്യേകിച്ച് ശാസ്ത്രീയമായി വിശദീകരണങ്ങളൊന്നുമില്ല.

പ്രാദേശികമായി തെക്കൻ കേരളത്തിലെ തീരമേഖലയിലേതു പോലെയുള്ള ലഭ്യത മലബാറിൽ ഈ മീനിനില്ല. മത്തി, അയക്കൂറ, കല്ലുമ്മക്കായ, കൂന്തൽ, മാന്തൽ, അയല,സ്രാവ്,വേളൂരി, പുതിയാപ്ലകോര തുടങ്ങിയവയാണ് മലബാറിൽ ഏറെ പ്രിയം നേടിയ മീനുകൾ. പിന്നെ ചൂരയിൽ തന്നെ വ്യത്യസ്ത രുചിയുള്ള മീനുകൾ ഉണ്ട്. ചിലയിനം ചൂരകൾക്ക് ചെറിയൊരു കയ്പ് ഉണ്ടാകും. കറിവച്ചാലും അത് പൂ‍ർണ്ണമായും മാറില്ല. അതൊരു കാരണമാകാം. ഇതേ ട്യൂണ തന്നെ വിദേശങ്ങളിൽ പലയിടത്തും പ്രധാനപ്പെട്ട മത്സ്യമാണ്. ട്യൂണ സാൻഡ്‌വിച്ചും മറ്റും ഇഷ്ടവിഭവങ്ങളായ പല സ്ഥലങ്ങളും ലോകത്തുണ്ട്. പക്ഷേ, അതിന് ഉപയോഗിക്കുന്ന ചൂരയുടെ ഇനം പ്രധാനമാണ്.

സാഷിമി, സുഷി, സ്റ്റീക്കുകൾ തുടങ്ങിയവ പാകം ചെയ്യുവാനും സംസ്കരിച്ച് കയറ്റുമതി ചെയ്യുന്നതിനും ചൂര ധാരാളമായി ഉപയോഗിച്ചുവരുന്നു. കറിവെയ്ക്കുവാനും വറുത്തുകഴിക്കുവാനും ഏറെ രുചികരമായ ചൂരയ്ക്ക് തീരപ്രദേശങ്ങളിൽ പൊതുവിൽ ധാരാളം ആരാധകരുമുണ്ട്.

Choora fish,Shilo k Dev,tuna
സ്കൂളുകളിലും കോർപ്പറേറ്റ് ഓഫീസുകളിലും മാനസിക സമ്മര്‍ദം സൃഷ്ടിപരമായ കഴിവിനെ അടിച്ചമർത്തുന്നതെങ്ങനെ?

ചൂരയുടെ ഗുണങ്ങൾ

ചൂരയുടെ ഉറച്ചമാംസഘടനയും കടുംചുവപ്പ് അല്ലെങ്കിൽ പിങ്കുനിറവും കാരണം "സ്റ്റീക്ക്ഫിഷ്" ഇനമായി പാചകമേഖലയിൽ ഇതിനെ അടയാളപ്പെടുത്തുന്നു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ ഭക്ഷ്യ മത്സ്യങ്ങളിൽ ഒന്നാണിത്. പേശികളുടെ വളർച്ചയും പുനരുജ്ജീവനവും സാധ്യമാക്കുന്ന മാംസ്യം അഥവാ പ്രോട്ടീൻ 23 മുതൽ 25 ഗ്രാംവരെ അടങ്ങിയിട്ടുള്ളതാണ് ചൂര.

ഹൃദയത്തിന്റേയും തലച്ചോറിന്റേയും ആരോഗ്യം നിയന്ത്രിക്കുന്ന ഒമേഗ-3ഫാറ്റി ആസിഡുകൾ കൊണ്ടും സമ്പുഷ്ടമാണ് ചൂര. 100 ഗ്രാം ചൂരയിൽ 100 മുതൽ 150 കിലോ കലോറി വരെ ഊർജ്ജം അടങ്ങിയിരിക്കുന്നു എന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്. ചൂരമത്സ്യത്തെ പോഷകസമൃദ്ധമായ പ്രോട്ടീൻ സ്രോതസ്സായിട്ടാണ് കണക്കാക്കുന്നത്.

തലച്ചോറിന്റെ ആരോഗ്യം, നാഡികളുടെപ്രവർത്തനം, ചുവന്ന രക്താണുക്കളുടെ രൂപീകരണം എന്നിവയെ സഹായിക്കുന്ന വിറ്റാമിൻ ബി12 വളരെ ഉയർന്ന അളവിൽ ചൂരമീനിൽ കാണപ്പെടുന്നു. ഉപാപചയത്തെ (Metabolism)സഹായിക്കുന്ന വിറ്റാമിൻ ബി6 ഉം ഭക്ഷണത്തെ ഊർജ്ജമാക്കി മാറ്റുക, ഡി. എൻ. എ. യുടെ പുനരുജ്ജീവനം, ദഹനവ്യവസ്ഥ നിലനിർത്തുക തുടങ്ങി പല ശാരീരിക പ്രവർത്തനങ്ങളേയും സഹായിക്കുന്ന നിയാസിൻ ബി3യും രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനമടക്കമുള്ള പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന ആന്റിയോക്‌സിഡന്റായ സെലേനിയവും ഉയർന്ന അളവിലുണ്ട്.

തൈറോയ്ഡ് ഹോർമോണുകളുടെ പ്രവർത്തനത്തെ സഹായിക്കുന്ന അയോഡിനും എല്ലുകളുടെ ആരോഗ്യത്തേയും രോഗപ്രതിരോധ സംവിധാനത്തേയും നിയന്ത്രിക്കുന്ന വിറ്റാമിൻ ഡിയും മിതമായ അളവിലും ചൂര മീനിലുണ്ട്. സൂക്ഷ്മപോഷകങ്ങളെ അടിസ്ഥാനമാക്കി നോക്കിയാൽ മത്സ്യങ്ങളിൽ ഉന്നതസ്ഥാനീയയാണ് ചൂര.

choora fish, Tuna Fish
ചൂര മീൻ ഷിലോ കെ ദേവ്

പ്രധാന ചൂരയിനങ്ങൾ

വിപണിയിലുള്ള വിവിധയിനം ചൂരകളിൽപ്രധാനപ്പെട്ടവ സ്കിപ്ജാക്ക് (Katsuwonus pelamis), അൽബാകോർ (Thunnus alalunga), യെല്ലോഫിൻ (Thunnus albacares), ബിഗ്ഐ (Thunnus obesus), ബ്ലൂഫിൻ: അറ്റ്‌ലാന്റിക്ക്, പസഫിക്, സതേൺ (Thunnus thynnus / orientalis / maccoyii), വലിയ വാലുള്ളചൂര (Thunnus tonggol), കവകവാ/ചെറിയ ചൂര (Euthynnusaffinis), എന്നിവയാണ്. ഇതിൽ സ്കിപ്ജാക്ക്, യെല്ലോഫിൻ, കവകവാ, എന്നിവയാണ് ഇന്ത്യൻ വിപണിയിൽ കൂടുതലായി ലഭ്യമായവ.

പോഷകസമൃദ്ധമായ ചൂരമീൻ ദിവസേന കഴിക്കാമോ ?

ഭക്ഷണം ഉണ്ടാക്കുന്നതും കഴിക്കുന്നതും പലർക്കും ഇഷ്ടമുള്ള കാര്യങ്ങളാണ്; പ്രത്യേകിച്ച് മീൻ വിഭവങ്ങൾ. കഴിക്കുന്ന ഭക്ഷണം ആരോഗ്യദായകമായിരിക്കണം എന്നുള്ള ആഗ്രഹവും എല്ലാവർക്കുമുണ്ടാകും. വിഷാംശമുള്ള പച്ചക്കറികൾ ഒഴിവാക്കി പലരും നാടൻ പച്ചക്കറികളിലേക്കു മാറിയെങ്കിലും, ദിവസേന കഴിക്കുന്ന മത്സ്യം ആരോഗ്യത്തിന് നല്ലതാണോ എന്ന് എത്ര പേരാണ് ചിന്തിക്കുന്നുണ്ടാകുക?

“നല്ല പെടക്കണ പച്ച മീനാണ്, വാങ്ങിക്കോളൂ”, എന്നു കേൾക്കുമ്പോൾ മീൻ പഴകിയതല്ലെന്നു നോക്കി ഉറപ്പു വരുത്തി വാങ്ങി “ഇന്നു നല്ല ‘പച്ചമീൻ’ കിട്ടി എന്നു സന്തോഷിക്കുന്നവരാണ് നമ്മളിൽ ഏറിയ പങ്കും. ഈ ‘പച്ചമീൻ’ ഇഷ്ടപ്പെട്ട രീതിയിൽ കുടമ്പുളിയിട്ടോ വാളൻപുളിയിട്ടോ അവരവരുടെ രുചിക്കനുസൃതമായി ഉണ്ടാക്കി ആസ്വദിച്ച് കഴിക്കുകയും ചെയ്യും.

Choora fish,Shilo k Dev,tuna
കെ.എ. സെബാസ്റ്റ്യൻ എഴുതിയ കഥ ‘മാസാദ്യം’

എന്നാൽ നാം കഴിക്കുന്ന ഈ ‘പെടക്കണ പച്ച’ മീനിൽ വിഷാംശമുണ്ടെന്നുള്ള വസ്തുത പലർക്കും അറിയില്ല. സമുദ്രഭക്ഷ്യശൃംഖലയിൽ ഉയർന്ന തലത്തിലുള്ള മത്സ്യങ്ങളിൽ വിഷാംശം അധികമാണ്. അവയിൽ ഒന്നാണ് ചൂരമീൻ. അയല ഉൾപ്പെടുന്ന സ്കോംബ്രിഡേ (Scombridae) കുടുംബത്തിന്റെ ഭാഗമായ ചൂരയെ ചെറിയ മത്സ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, മെർക്കുറിയുടെ അളവ് വളരെ കൂടുതലുള്ളതായി ലോകമെമ്പാടുമുള്ള ആരോഗ്യ-ഭക്ഷ്യ സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നു.

സമുദ്രഭക്ഷ്യശൃംഖലയിലെ ഉയർന്നതലത്തിലുള്ള മാംസഭോജികളായ വേട്ടക്കാരാണ് ചൂര മീൻ. ഭക്ഷ്യശൃംഖലയിലെ മുകൾത്തട്ടിലെ വേട്ടക്കാരെന്ന നിലയിൽ, അവ മത്സ്യങ്ങളുൾപ്പെടെ വിവിധതരം ഇരകളെ ഭക്ഷിക്കുന്നു. അങ്ങനെ മറ്റുള്ള ഇരകളിൽ ചെറിയ അളവിൽ കലർന്നിരിക്കുന്ന രാസവസ്തുക്കൾ ഇവയിലേക്ക് സംഭരിക്കപ്പെടുകയും ചെയ്യുന്നു.

ഭക്ഷ്യശൃംഖലയിൽ ഉയർന്നതലത്തിൽ ആയതുകൊണ്ട് ഇവയെ വേട്ടയാടുവാൻ പരിമിതമായ വേട്ടക്കാർ മാത്രമാണ് കടലിലെ ജൈവഭക്ഷ്യശൃംഖലയിൽ ഉള്ളത്. തന്മൂലം ദീർഘകാലം ഇവ ജീവിക്കുകയും ശരീരത്തിൽ ഉയർന്ന അളവിൽ മെർക്കുറിയടക്കമുള്ള രാസവസ്തുക്കൾ ഉണ്ടാകും. അതിനാൽ ‌ ദിവസേന ചൂര കഴിക്കുന്നത് അത്ര നല്ലതല്ല; പ്രത്യേകിച്ച്,ഗർഭിണികൾ, കുട്ടികൾ, സ്ഥിര മത്സ്യാഹാരികൾ തുടങ്ങിയവർ.

choora fish, tuna fish
ചൂര മീൻദീപു ബി പി

നിരോധനമില്ല, നിയന്ത്രണങ്ങളുണ്ട്

ചൂരമീൻ കഴിക്കുന്നത് നിരോധിച്ചിട്ടില്ലെങ്കിലും നിലവിൽ ചില നിയന്ത്രണങ്ങൾ പല രാജ്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. നല്ല ആരോഗ്യമുള്ളവർ പോലും എല്ലാ ദിവസവും ട്യൂണ കഴിക്കുന്നത് ഒഴിവാക്കണം എന്നതാണ് അതിൽ പ്രധാനം. പകരം, ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം ചൂര കഴിക്കാം. ഒരു തവണ കഴിക്കാവുന്നത് നാല് ഔൺസ് (113 ഗ്രാം) മാത്രമായി ഇതിനെ പരിമിതപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, കുറഞ്ഞ അളവിൽ മെർക്കുറിയുള്ള സ്കിപ്ജാക്ക് ട്യൂണ അല്ലെങ്കിൽ സംസ്കരിച്ച് ടിന്നുകളിൽ ലഭ്യമായ ചൂര ഉപയോഗിക്കുകയും അൽബാകോർ (വെള്ള), യെല്ലോഫിൻ, പ്രത്യേകിച്ച് ബിഗ് ഐ ട്യൂണ എന്നിവ പരിമിതപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യണമെന്നും ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കുട്ടികൾ, എന്നിവർ ചൂര ഒഴിവാക്കുന്നതാണ് അഭികാമ്യമെന്നും മാർഗനിർദ്ദേശങ്ങളിൽ പറയുന്നു.

ട്യൂണയുടെ ഉപഭോഗം നിയന്ത്രിക്കുന്നതിനുള്ള മാർഗ നിർദ്ദേശങ്ങൾ പ്രധാനമായും നൽകുന്നത് ലോകാരോഗ്യ സംഘടന (WHO), യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA), എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി (EPA), യൂറോപ്യൻ ഫുഡ് സേഫ്റ്റി അതോറിറ്റി (EFSA), നാഷണൽ ഹെൽത്ത് സർവീസ് (NHS), മറൈൻ സ്റ്റ്യൂവാർഡ്ഷിപ്പ് കൗൺസിൽ (MSC), പ്രാദേശിക ആരോഗ്യ വകുപ്പുകൾ തുടങ്ങിയ ഭക്ഷ്യ സുരക്ഷാ ഏജൻസികളാണ്.

മെർക്കുറി ഉള്ളിലെത്തുന്നത് പ്രധാനമായും ഗുരുതരമായ ഒരു ന്യൂറോടോക്സിക് അവസ്ഥയായ മീഥൈൽ മെർക്കുറി വിഷബാധയ്ക്ക് കാരണമാകുന്നു. തൽഫലമായി, മിനാമറ്റരോഗം, വിറയൽ, അറ്റാക്സിയ, ഓർമ്മക്കുറവ് പോലെയുള്ള ഗുരുതരമായ നാഡീരോഗങ്ങൾ, ഗർഭാവസ്ഥയിലുള്ള കുഞ്ഞുങ്ങളിലെ വികസന കാലതാമസം, വൃക്ക തകരാറുകൾ, രക്തസമ്മർദ്ദം പോലുള്ള പ്രശ്നങ്ങൾ എന്നിവയാണ് ആരോഗ്യപരമായ ആശങ്കകളാകുന്നത്. അതുകൊണ്ട്, ദൈനം ദിന ഭക്ഷണത്തിൽ ചെറുമീനുകൾ ഉൾപ്പെടുത്തുകയും ചൂരയുൾപ്പെടെയുള്ള വലിയ മീനുകൾ പതിവായി ഉപയോ​ഗിക്കുന്നത് ഒഴിവാക്കുകയും ചെയ്യുന്നത് നന്നായിരിക്കും.

Choora fish,Shilo k Dev,tuna
സൂക്ഷ്മജീവികളും നമ്മളും തമ്മില്‍

മത്സ്യസമ്പത്തും മെർക്കുറിയും

ഇന്ത്യയുടെ നീണ്ട തീരപ്രദേശവും വിശാലമായ ഉൾനാടൻ ജലാശയങ്ങളും സമ്പന്നമായ മത്സ്യഭക്ഷണ പാരമ്പര്യങ്ങളും, അവശ്യപോഷകങ്ങളും മത്സ്യത്തെ ഭക്ഷണത്തിന്റെ ഒരു അവിഭാജ്യഘടകമായി മാറ്റുന്നു. എന്നാൽ ഈ പോഷക സമൃദ്ധമായ ചിത്രത്തിനു പിന്നിൽ ആരും കാണാതെ പോകുന്ന ആരോഗ്യപ്രശ്നങ്ങളാണ് ഇന്നുള്ളത്.

രാസമലിനീകരണം ജലാശയങ്ങളെ മലിനമാക്കിക്കൊണ്ടിരിക്കുന്നു. കൽക്കരി അടിസ്ഥാനമാക്കിയുള്ള വൈദ്യുതി ഉൽപ്പാദനം, വ്യാവസായിക ഉദ്‌വമനം, ഖനനം, സംസ്കരിക്കാത്ത മാലിന്യങ്ങളുടെ പുറന്തള്ളൽ, തുടങ്ങിയ മനുഷ്യ പ്രവർത്തനങ്ങളിലൂടെയാണ് മെർക്കുറി പ്രധാനമായും സമുദ്രത്തിലേക്ക് എത്തുന്നത്. ഇങ്ങനെയെത്തുന്ന മെർക്കുറിയെ ബാക്ടീരിയകൾ വളരെ വിഷാംശമുള്ള രൂപമായ മീഥൈൽ മെർക്കുറിയാക്കി മാറ്റുന്നു. ക്രമേണ, ഇത് ഭക്ഷ്യ ശൃംഖലയിൽ എളുപ്പത്തിൽ പ്രവേശിച്ച് ജീവജാലങ്ങളിൽ അടിഞ്ഞുകൂടുകയും ചെയ്യുന്നു.

ഭക്ഷണ ശൃംഖലയിലൂടെ മുകൾ തട്ടിലേക്ക് എത്തുമ്പോൾ മെർക്കുറിയുടെ സാന്ദ്രത വർദ്ധിച്ച് ഇത് ജൈവബൃഹത്കരണത്തിലേക്ക് (Biomagnification) നയിക്കുന്നു. സൂക്ഷ്മതല പ്ലാങ്ക്ടൺ കടൽവെള്ളത്തിൽ നിന്ന് മെർക്കുറി ആഗിരണം ചെയ്യുന്നു. ചെറിയ മത്സ്യങ്ങൾ പ്ലാങ്ക്ടണിനെ ഭക്ഷിക്കുകയും ഉയർന്ന അളവിൽ ശേഖരിക്കുകയും ചെയ്യുന്നു. വലിയ മത്സ്യങ്ങൾ നിരവധി ചെറിയ മത്സ്യങ്ങളെ ഭക്ഷിക്കുകയും അവയുടെ ശരീരത്തിൽ മെർക്കുറിയുടെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ചെറിയ മത്സ്യങ്ങളേയും കണവകളേയും തുടർച്ചയായി ഭക്ഷിക്കുന്ന സജീവ വേട്ടക്കാരാണ് ചൂരമീനുകൾ. ഭക്ഷ്യ ശൃംഖലയിൽ ഉയർന്ന തലത്തിലുള്ള ചൂര, മെർക്കുറി ശേഖരണത്തിലൂടെ കൂടുതൽ അപകടകാരിയാകുന്നു. മറ്റ് ഘനലോഹങ്ങളായ ലെഡ്, കാഡ്മിയം,ആഴ്സനിക്, എന്നിവയും ചൂരയിൽ കാണുന്നുണ്ടെങ്കിലും മെർക്കുറിയാണ് അപകടകരമായ അളവിൽ കാണുന്നത്.

choora fish, tuna fish
ചൂര മീൻ ദീപു ബി പി

ഈ പ്രക്രിയയിൽ ചൂരയുടെ ജീവശാസ്ത്രപരമായ പ്രത്യേകതകൾ നിർണായകമായ പങ്ക് വഹിക്കുന്നു. യെല്ലോഫിൻ, ബിഗെഐ ട്യൂണ, തുടങ്ങി ഇന്ത്യൻ വിപണികളിൽ സാധാരണയായി കാണപ്പെടുന്ന പല ചൂരയിനങ്ങളും വലുതും ദീർഘകാലം ജീവിക്കുന്നതുമായ മത്സ്യങ്ങളാണ്. അവ വർഷങ്ങളോളം ജീവിച്ചേക്കാം, ഈ സമയത്ത് അവയുടെ ശരീരത്തിൽ മെർക്കുറി സ്ഥിരമായി അടിഞ്ഞുകൂടുന്നു. മീഥൈൽ മെർക്കുറി മത്സ്യങ്ങൾക്ക് എളുപ്പത്തിൽ വിഘടിപ്പിക്കാനോ പുറന്തള്ളുവാനോ കഴിയില്ല. തൽഫലമായി, പ്രായമായതും വലുതുമായ ചൂരകളിൽ ഉയർന്ന മെർക്കുറി സാന്ദ്രത കാണപ്പെടുന്നു.

മത്സ്യത്തിന്റെ പേശീകലകളിലും (മാംസത്തിലും) കരൾപോലെയുള്ള ആന്തരാവയവങ്ങളിലുമാണ് മെർക്കുറി അടങ്ങിയിരിക്കുന്നത്. അതുകൊണ്ട് ഇന്ത്യയിലെ പരമ്പരാഗത പാചക രീതികൾ ഉൾപ്പെടെ ഏതുതരത്തിലുള്ള പാചകരീതിയായാലും മെർക്കുറിയുടെ അളവ് കുറയ്ക്കുന്നില്ല. ഇതിനർത്ഥം നന്നായി തയ്യാറാക്കിയ ചൂരവിഭവങ്ങളിൽപോലും മെർക്കുറിയുടെ അംശം പൂ‍ർണ്ണമായും ഇല്ലാതാകുന്നില്ല എന്നതാണ്.

സ്കിപ്ജാക്ക് ട്യൂണ പോലുള്ള ചെറിയ ഇനങ്ങളിൽ സാധാരണയായി ബിഗ്ഐ അല്ലെങ്കിൽ ബ്ലൂഫിൻ പോലുള്ള വലിയ ഇനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ അളവിലാണ് മെർക്കുറി അടങ്ങിയിരിക്കുന്നത്. എന്നിരുന്നാലും, മത്തി, ചാള, നെത്തോലി, പോലെയുള്ള ചെറുമീനുകളെ അപേക്ഷിച്ച് കൂടുതൽ അളവിൽ മെർക്കുറി അടങ്ങിയിട്ടുണ്ട്.

Choora fish,Shilo k Dev,tuna
അഭയജീവിതത്തിന്റെ ആഴം തിരയുമ്പോള്‍

ഇന്ത്യൻ ഭക്ഷ്യസുരക്ഷാനിയമങ്ങളും മാനദണ്ഡങ്ങളും

ഇന്ത്യ വലിയ അളവിൽ സമുദ്രോൽപ്പന്നങ്ങൾ കയറ്റുമതിചെയ്യുന്നതിനാൽ, ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളും അന്താരാഷ്ട്ര മാനദണ്ഡങ്ങളും നിശ്ചയിച്ചിട്ടുള്ള സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കണം. അതായത്, ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ചൂരയുൾപ്പെടെയുള്ള മത്സ്യങ്ങൾ രാജ്യം വിടുന്നതിന് മുമ്പ് മെർക്കുറിയുൾപ്പെടെയുള്ള ഘനലോഹങ്ങളുടെ മലിനീകരണ പരിശോധനയ്ക്കു വിധേയമാകുന്നു.

ഇന്ത്യൻ പ്രാദേശിക വിപണികളിൽ വിൽക്കുന്ന പച്ചമത്സ്യങ്ങളോ, ചൂരമീനോ മറ്റ് മത്സ്യങ്ങളോ വിൽപ്പന കേന്ദ്രത്തിൽ പരിശോധിക്കുന്ന വ്യവസ്ഥാപിതവും രാജ്യവ്യാപകവുമായ നിർബന്ധിത മെർക്കുറി പരിശോധനാ പരിപാടി നിലവിലില്ല.

പകരം, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്ക് മാർക്കറ്റുകളിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുവാനും മലിനീകരണം സംശയിക്കുവാൻ കാരണമുണ്ടെങ്കിൽ പരിശോധനകൾ നടത്തുവാനും കഴിയും. എല്ലാ പ്രാദേശിക വിപണികളിലേയും ദൈനംദിന വ്യാപാരങ്ങളിൽ ഗുണനിലവാരം ഉറപ്പാക്കുവാനുള്ള സുസ്ഥിരമായ ഒരു നടപടിക്രമമല്ല ഇത്.

ചുരുക്കത്തിൽ, കയറ്റുമതി ചെയ്യുന്ന സമുദ്രവിഭവങ്ങളുടെ കാര്യത്തിൽ ഇന്ത്യയിൽ നിയന്ത്രണ ചട്ടക്കൂടുകളും പരിശോധനയും ഉണ്ട്. എന്നാൽ, പ്രാദേശിക വിപണികളിൽ വിൽക്കുന്നതിന് വ്യവസ്ഥാപിതമായ പരിശോധന ഇല്ല. അതുകൊണ്ട് ചൂരപോലെയുള്ള മീനുകൾ കഴിക്കുമ്പോൾ ഒന്നോർക്കുക, “മത്സ്യം മുന്തിയ ഇനം തന്നെ, ഇടയ്ക്കിടെകഴിക്കാം; പക്ഷേ സ്ഥിരമാക്കേണ്ട”.

Summary

Choora (tuna) is rich in protein and omega-3, but may carry harmful substances. Learn its health benefits, risks, and safe ways to eat it.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com