

നിങ്ങളാരാണെന്നു ചോദിച്ചാലെന്തു പറയും? സ്വന്തം പേര് അല്ലെങ്കില്‍ മനുഷ്യന്‍ എന്നൊക്കെയാവും. അല്ലെങ്കില്‍ ''താനാരാണെന്നു തനിക്കറിയാന്മേലെങ്കില്‍ താനെന്നോടു ചോദിക്ക്'' എന്ന ലൈനില്‍ നമ്മുടെ 'തേന്മാവിന്‍ കൊമ്പത്തെ' പപ്പുവിന്റെ ഡയലോഗാവും. എന്നാല്‍, അത്തരമൊരു സ്ഥിതിവിശേഷമാണ് നമ്മുടെ കോശങ്ങളെ സംബന്ധിച്ചിടത്തോളമെങ്കിലോ?
അതായത് നമ്മള്‍ ഈ നമ്മളെന്ന് അഭിമാനിക്കുന്ന മനുഷ്യ ശരീരത്തില്‍ 30 ലക്ഷം കോടി (ട്രില്യണ്‍) കോശങ്ങളുണ്ട്. അതേ ശരീരത്തില്‍ത്തന്നെ അതിലും കൂടുതല്‍, 39 ലക്ഷം കോടി സൂക്ഷ്മജീവികളുണ്ട്. ഇനി പറയാമോ നിങ്ങളാരാണ്?
പാതി മനുഷ്യനും മറുപാതി അദൃശ്യമായ സൂക്ഷ്മാണു സഞ്ചയവും! രോഗാണുക്കളെക്കുറിച്ചല്ല, മനുഷ്യശരീരത്തില്‍ സാധാരണഗതിയില്‍ ജീവിക്കുന്ന ബാക്ടീരിയ, വൈറസ്, ഫംഗസ് തുടങ്ങിയ സൂക്ഷ്മാണുക്കളെ കുറിച്ചാണ്. ഒരാള്‍ കഴിക്കുന്ന ഭക്ഷണമാണ് അയാള്‍ അഥവാ അയാളുടെ ആരോഗ്യം എന്നു കുറച്ചുനാള്‍ മുന്‍പ് വരെ പറഞ്ഞിരുന്നു, എന്നാല്‍, നിങ്ങളിലെ സൂക്ഷ്മജീവികളാണ് നിങ്ങള്‍ എന്ന് ഇപ്പോള്‍ മാറ്റിപ്പറയേണ്ടിയിരിക്കുന്നു. മനുഷ്യകോശങ്ങളെക്കാള്‍ കൂടുതല്‍ സൂക്ഷ്മാണുക്കളാണ് ശരീരത്തിലെന്നു കേട്ട് പേടിക്കണ്ട! സൂക്ഷ്മജീവികളായതുകൊണ്ടുതന്നെ മനുഷ്യശരീരത്തിന്റെ 2-3 ശതമാനം ഭാഗമേ ഇവരുള്ളൂ. അതും കൂടാതെ നമ്മുടെ രണ്ടാം തലച്ചോറ് എന്നറിയപ്പെടുന്ന ദഹനവ്യവസ്ഥയുമായി വളരെയടുത്ത ബന്ധം സ്ഥാപിച്ചു കഴിഞ്ഞിട്ടുള്ള ഈ സൂക്ഷ്മാണു സേന, മനുഷ്യന്റെ ഉപാപചയം, രോഗപ്രതിരോധം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലെല്ലാം തന്നെ കാതലായ ഇടപെടല്‍ നടത്തുന്നുണ്ട്. ഗൃഹിയായ മനുഷ്യന് ഉപയോഗകരമായ രീതിയില്‍ത്തന്നെ. എന്താണ് പറഞ്ഞത്? രണ്ടു തലച്ചോറുകളുണ്ടെന്നോ? ഒന്ന് തലയില്‍, ഒന്ന് വയറ്റില്‍! അതേക്കുറിച്ചും കൂടിയാണ് പറഞ്ഞുവരുന്നത്.
ദഹനേന്ദ്രിയ വ്യവസ്ഥയെ രണ്ടാം മസ്തിഷ്‌കം എന്നു പറയുന്നത് കൗതുകകരവും അതുപോലെ പ്രാധാന്യമേറിയതുമായ വസ്തുതയാണ്. ഗട്ട് ഫീലിംഗ്, ബട്ടര്‍ഫ്‌ലൈസ് ഇന്‍ മൈ സ്റ്റൊമക്ക്, ഭയസംഭ്രമങ്ങളില്‍ വയറ്റില്‍ തോന്നുന്ന വല്ലായ്ക ഇതൊക്കെ വയറ്റില്‍ അഥവാ ദഹനേന്ദ്രിയത്തോടനുബന്ധിച്ചുള്ള നാഡീവ്യൂഹത്തിന്റെ ബാഹുല്യവും അതുകൊണ്ടു അനുഭവവേദ്യമാകുന്ന സംവേദനങ്ങളേയും സൂചിപ്പിക്കുന്നു. കുടലുകളിലുള്ള സൂക്ഷ്മാണുക്കളും അവ നിര്‍മ്മിക്കുന്ന ചില തന്മാത്രകളും തലച്ചോറിനോട് നാഡികള്‍ വഴി സമ്പര്‍ക്കം പുലര്‍ത്തുകയും മനുഷ്യന്റെ പല ജീവസന്ധാരണ പ്രവര്‍ത്തനങ്ങളേയും സ്വാധീനിക്കുകയും ചെയ്യുന്നുണ്ട്. നാഡികള്‍ വഴിയുള്ള ഈ സംവേദനപ്രക്രിയയില്‍ ദഹനേന്ദ്രിയവ്യൂഹം പ്രധാന പങ്കുവഹിക്കുന്നു. മൈക്രോബയോട്ട* എന്നു വിളിക്കുന്ന ഈ സൂക്ഷ്മാണുക്കള്‍ വ്യക്തിയുടെ മാനസികാരോഗ്യത്തിലും സ്വഭാവരീതികളിലും വരെ സ്വാധീനം ചെലുത്തുന്നു എന്നു ശാസ്ത്രലോകം മനസ്സിലാക്കിയത് സമീപകാലത്താണ്.
ദഹനേന്ദ്രിയ- മസ്തിഷ്‌ക ബന്ധം
സൂക്ഷ്മാണുക്കളുടെ ഇടപെടലിനെക്കുറിച്ച് വിശദീകരിക്കും മുന്‍പ് ഗട്ട് ബ്രെയിന്‍ ആക്‌സിസ് എന്ന ദഹനേന്ദ്രിയ-മസ്തിഷ്‌ക ബന്ധത്തെ ശാസ്ത്രലോകം എങ്ങനെ കണ്ടെത്തി എന്നറിയണ്ടേ? യാദൃച്ഛികതയും ശാസ്ത്രകൗതുകവും നിറഞ്ഞൊരു ചരിത്രകഥയാണത്. വര്‍ഷം 1822-ല്‍ അമേരിക്കയിലെ മിഷിഗണ്‍ പ്രവിശ്യയില്‍ വെച്ച് അലക്‌സിസ് സെന്റ് മാര്‍ട്ടിന്‍ എന്ന യുവ നാവികന് അബദ്ധത്തില്‍ വെടിയേറ്റു. അദ്ദേഹത്തിന്റെ ശ്വാസകോശം, കുടല്‍ എന്നിവയിലടക്കം പരിക്കേറ്റു. ഭാഗ്യത്തിന് ആ പ്രദേശത്തുണ്ടായിരുന്ന ഡോക്ടര്‍ വില്യം ബ്യൂമോണ്ട് എന്ന ഭിഷഗ്വരന്‍ അലക്‌സിസിനെ ചികിത്സിച്ചു മുറിവ് ഭേദമാക്കി. എന്നാല്‍, വയറ്റിനുള്ളില്‍ സംഭവിക്കുന്നതൊക്കെയും കാണാന്‍ സാധിക്കുന്ന തരത്തില്‍ ഒരു ചെറു ദ്വാരം അഥവാ ഫിസ്റ്റുല അലക്‌സിസിന്റെ ശരീരത്തില്‍ അവശേഷിച്ചു. ഭക്ഷണം കഴിക്കാനോ മറ്റു ദൈനംദിന പ്രവൃത്തികള്‍ക്കോ വിഘാതം ഉണ്ടാക്കാത്തവിധം ആ ചെറിയ 'ജനാല' അലക്‌സിസിന്റെ ഉദരഭാഗത്ത് നിലനിന്നു. ഗവേഷണ കുതുകിയായ ബ്യൂമോണ്ട് എന്ന അപ്പോത്തിക്കിരിയാകട്ടെ, ഈ അവസരം നഷ്ടപ്പെടുത്താതെ വയറ്റിലെത്തുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്കു സംഭവിക്കുന്ന മാറ്റങ്ങള്‍, ദഹനപ്രക്രിയ, ദഹന രസങ്ങള്‍, അവയുടെ രാസഘടനകള്‍ എന്നു തുടങ്ങി അസംഖ്യം പരീക്ഷണനിരീക്ഷണങ്ങള്‍ അലക്‌സിസിന്റെ വയറ്റിലെ 'ജനാല' വഴി നടത്തി. ഒട്ടനവധി കണ്ടെത്തലുകള്‍ക്കൊപ്പം, അലക്‌സിസിന്റെ മാനസികനില ദഹനപ്രക്രിയയെ ബാധിക്കുന്നതായി ഡോ. ബ്യൂമോണ്ട് കണ്ടെത്തി. 1833 ആയപ്പോഴേക്കും അലക്‌സിസ് കാനഡയിലേയ്ക്ക് തിരിച്ചുപോയി തന്റെ പരിശോധനയും വ്യാപാരവും മറ്റും തുടര്‍ന്നു. മേല്‍പ്പറഞ്ഞ പരീക്ഷണങ്ങളില്‍നിന്നുള്ള കണ്ടുപിടുത്തങ്ങള്‍ നിമിത്തമായി ദഹനേന്ദ്രിയത്തിന്റെ അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയ ഡോ. ബ്യൂമോണ്ട്, ഗ്യാസ്ട്രിക് ഫിസിയോളജിയുടെ പിതാവ്, ഗ്യാസ്‌ട്രോ എന്ററോളജിയുടെ പ്രാഥമിക സ്ഥാപകരില്‍ ഒരാള്‍ എന്നീ നിലകളില്‍ അറിയപ്പെടുന്നു. മസ്തിഷ്‌കവും ദഹനേന്ദ്രിയവും തമ്മിലുള്ള ആശയവിനിമയത്തെ അടിസ്ഥാനമാക്കിയുള്ള ഗട്ട്-ബ്രെയിന്‍-ആക്‌സിസ് അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്.
ദഹനേന്ദ്രിയ-മസ്തിഷ്‌ക ബന്ധത്തെ വ്യക്തമാക്കുന്ന ചില രസകരമായ ഉദാഹരണങ്ങള്‍ ദൈനംദിന ജീവിതത്തില്‍ തന്നെയുണ്ട്. സ്‌നിക്കേഴ്സ് എന്ന ചോക്ലേറ്റ്-നിലക്കടല ബാറിന്റെ ടെലിവിഷന്‍ പരസ്യം ഓര്‍ക്കുന്നുണ്ടോ. ചിരിച്ചുകളിച്ചിരുന്ന ചങ്ങാതി വിശപ്പിന്റെ മൂര്‍ദ്ധന്യത്തില്‍ സിനിമാ നടി രേഖയായി മാറുന്നത്? പുതിയ പരസ്യത്തില്‍ സോനം കപൂറാണെന്നേയുള്ളൂ. വിശപ്പിന്റെ വിളി വയറ്റില്‍നിന്നു തലച്ചോറില്‍ എത്തുമ്പോള്‍ ആളുടെ സ്വഭാവം മാറും എന്നത് തന്നെ കാര്യം. ഭക്ഷണം കിട്ടിയതോടെ കക്ഷി അടങ്ങുന്നുമുണ്ട്. ഉല്‍ക്കണ്ഠ, ഭയം, ആഹ്ലാദം എന്നീ തോന്നലുകള്‍ ഉണ്ടാവുമ്പോള്‍ത്തന്നെ വയറ്റില്‍ അതിന്റെ പ്രതിധ്വനികള്‍ ഉണ്ടാവുന്നുണ്ട്. കാപ്പി അല്ലെങ്കില്‍ ചായ കുടിച്ചാല്‍ ചിലര്‍ക്ക് ശുചിമുറിയില്‍ പോകാന്‍ തോന്നുന്നത് കഫീന്‍ തന്മാത്രകള്‍ വിരേചനത്തിനുള്ള 'തോന്നല്‍' ഉണ്ടാക്കുന്നത്, അഥവാ കുടലിലുള്ള 'മസ്തിഷ്‌ക'വുമായി സംവേദനം നടത്തുന്നതുകൊണ്ടാണ്. അതുപോലെ, വയറുനിറയെ ഭക്ഷണം കഴിച്ചാല്‍ ക്ഷീണം/ഉറക്കം വരുന്നത്, വൈകാരിക സമ്മര്‍ദ്ദം കൂടുമ്പോള്‍ ഓക്കാനം വരുന്നത്, പരീക്ഷയെക്കുറിച്ചോ മറ്റോ ഉള്ള ഉല്‍ക്കണ്ഠ കാരണം വയറു വേദന, വയറിളക്കം എന്നിവ ഉണ്ടാവുന്നത് ഇതെല്ലം തന്നെ ദഹനേന്ദ്രിയ-മസ്തിഷ്‌ക സംവേദനത്തിന്റെ ഉദാഹരണങ്ങളാണ്.
ഏതാണ്ട് 500 മില്യണ്‍ നാഡികളുണ്ട് നമ്മുടെ ദഹനേന്ദ്രിയത്തില്‍ അഥവാ രണ്ടാം മസ്തിഷകത്തില്‍. ഈ നാഡികള്‍ പല കൈവഴികളിലൂടെ യഥാര്‍ത്ഥ മസ്തിഷ്‌കവുമായി ബന്ധപ്പെട്ടിരിക്കുന്നു. ദഹനേന്ദ്രിയവും തലച്ചോറും തമ്മിലുള്ള ആശയവിനിമയം പ്രധാനമായും നടക്കുന്നത് 'വാഗസ്' എന്ന വന്‍നാഡിയിലൂടെയാണ്. ഗട്ട് ബ്രെയിന്‍ ആക്‌സിസിന്റെ ഇന്റര്‍നെറ്റാണ് വാഗസ് നാഡി എന്നു വേണമെങ്കില്‍ പറയാം. ദഹനേന്ദ്രിയ കോശങ്ങള്‍ നിര്‍മ്മിക്കുന്ന നാഡീ സന്ദേശവാഹക രാസ തന്മാത്രകള്‍ വഴിയാണ് ഈ ആശയവിനിമയം സാധ്യമാകുന്നത്. ഹാപ്പിനെസ്സ് ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന സെറോടോണിന്‍, ഉത്സാഹകാരണമായ ഡോപ്പാമിന്‍, ഉല്‍ക്കണ്ഠ, വിഷാദം എന്നീ അവസ്ഥകളുടെ നിയന്ത്രകവുമായ ഗാമ അമിനോ ബ്യൂട്ടിരിക് ആസിഡ് (GABA ) തുടങ്ങിയ തന്മാത്രകളെ ദഹനേന്ദ്രിയ കോശങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. ഈ രാസഘടകങ്ങള്‍ മാനസിക വൈകാരിക അവസ്ഥകളെ മാത്രമല്ല, മറ്റു ഉപാപചയ, രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളേയും ബാധിക്കുന്നുണ്ട്. എന്നാല്‍, അതിലും എത്രയോ മടങ്ങ് അധികമാണ് ദഹനേന്ദ്രിയത്തിലെ സൂക്ഷ്മജീവി സമൂഹം നിര്‍മ്മിക്കുന്ന ഇതേ തന്മാത്രകള്‍!
ഇവിടെനിന്ന് കഥ ചെറുതായൊന്നു മാറുന്നുണ്ട്. അതായത്, കുടലില്‍ വസിക്കുന്ന ട്രില്യണ്‍ കണക്കിനുള്ള സൂക്ഷ്മജീവികള്‍ പുറപ്പെടുവിക്കുന്ന മേല്‍പ്പറഞ്ഞ സിഗ്നലിങ് തന്മാത്രകളുടെ സന്ദേശം, വാഗസ് നാഡി വഴി തലച്ചോറിലെത്തുകയും അവിടെനിന്നു വ്യക്തിയുടെ മാനസിക, ശാരീരിക ആരോഗ്യത്തിനും സന്തുലിതാവസ്ഥയ്ക്കും ഉതകുന്ന തരത്തില്‍ ഉപാപചയ-വൈകാരിക-സഹജ പ്രക്രിയകളായി പ്രകടമാവുകയും ചെയ്യുന്നു. ഇങ്ങനെ സങ്കീര്‍ണ്ണവും പരസ്പര ബന്ധിതവുമായ പ്രവര്‍ത്തനരീതിയാണ് സൂക്ഷ്മജീവി-ദഹനേന്ദ്രിയ-മസ്തിഷ്‌ക കൂട്ടുകെട്ടിന്റേത് (മൈക്രോബയോട്ട-ഗട്ട്-ബ്രെയിന്‍ ആക്‌സിസ്). ഓര്‍ത്തുനോക്കിയാല്‍ എന്തൊരത്ഭുതമാണ്. പരിണാമചക്രത്തിലെത്തന്നെ ഏറ്റവും ഇങ്ങേയറ്റത്തെ കണ്ണിയായ മനുഷ്യജീവിയുടെ ജീവല്‍പ്രക്രിയയുടെ പ്രധാന ഭാഗങ്ങള്‍ നിയന്ത്രിക്കാന്‍ കൂട്ടാളികളായി വലിയൊരു സംഘം സൂക്ഷ്മജീവികള്‍ ഗൃഹിയായ മനുഷ്യന്റെ ഉള്ളില്‍ത്തന്നെ തമ്പടിച്ചിരിക്കുന്നു. ഇതില്‍നിന്നും സൂക്ഷ്മജീവികള്‍ക്ക് എന്താണ് കിട്ടുന്നത്? സംശയമെന്ത്: ജീവിച്ചു പെറ്റുപെരുകാനിടവും പോഷണവും (മനുഷ്യക്കൂട്ടത്തിലേയ്ക്കു പകര്‍ന്നുകൊണ്ട് സാമ്രാജ്യ വൈവിധ്യ സമൃദ്ധിയുടെ ഉറപ്പാക്കലുകളും) വംശത്തിന്റെ നിലനില്‍പ്പും!
അങ്കലാപ്പ് തോന്നുന്നുണ്ടോ? പരിണാമത്തിന്റെ ഇന്നത്തെ അവസ്ഥയില്‍നിന്നുകൊണ്ട് ഈ ചിത്രത്തെ സൂക്ഷ്മദര്‍ശിനിയില്‍ കൂടി കാണാന്‍ ശ്രമിക്കുന്നതുകൊണ്ടാണ്. ജീവന്റെ ഉല്പത്തിയും പരിണാമവും പരിശോധിച്ചാല്‍, ആദ്യമുണ്ടായത് സൂക്ഷ്മജീവികളാണല്ലോ. പരിണാമപ്രക്രിയ പ്രോട്ടോസോവകളും ഏകകോശജീവികളും ബഹുകോശജീവികളും കടന്ന് സസ്തനികളും മനുഷ്യനുമായപ്പോഴും ഈ സൂക്ഷ്മജീവികള്‍ അവരുടേതായ സഹവര്‍ത്തിത്വത്തോടെ കൂടെ പോരുന്നുണ്ടായിരുന്നു! അതായത് ബൃഹത്തായ ഒരു സഹ-പരിണാമം സംഭവിച്ചുകൊണ്ടേയിരുന്നു, ഇപ്പോഴും തുടരുന്നു! അങ്ങനെയാണ് ഈ ലക്ഷോപലക്ഷം മൈക്രോബയോട്ട നമ്മുടെ ദഹനേന്ദ്രിയ വ്യൂഹത്തില്‍ സഹജീവനം നടത്തിപ്പോരുന്നത്. വയറ്റില്‍ മാത്രമാണോ അപ്പോള്‍ സൂക്ഷ്മജീവികള്‍ ഉള്ളത്? സ്വാഭാവികമായും തോന്നാവുന്ന സംശയമാണ്. ഉദരം കൂടാതെ വായ, ത്വക്ക്, നാസാദ്വാരങ്ങള്‍, ശ്വാസനാളം, മൂത്രനാളി, ജനനേന്ദ്രിയങ്ങള്‍, ചെവികള്‍, കണ്ണുകള്‍ തുടങ്ങി എല്ലാ ശരീരഭാഗങ്ങളിലും കൂടാതെ ശരീരത്തില്‍നിന്നു പുറംതള്ളുന്ന വിസര്‍ജ്ജ്യങ്ങളിലും ധാരാളം സൂക്ഷ്മജീവികള്‍ വസിക്കുന്നുണ്ട്. ആരോഗ്യ സന്തുലനത്തെ സംബന്ധിച്ച് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നതും അതുകൊണ്ടുതന്നെ. കഴിഞ്ഞ ഇരുപതോളം വര്‍ഷമായി കൂടുതല്‍ ഗവേഷണഫലങ്ങള്‍ പുറത്തു വന്നിട്ടുള്ളതുമായ മേഖലയാണ് ഇവിടെ ചര്‍ച്ചചെയ്യുന്ന സൂക്ഷ്മജീവി-ദഹനേന്ദ്രിയ-മസ്തിഷ്‌ക ബന്ധം (അതുപോലെ മനുഷ്യനു മാത്രമല്ല, മറ്റു ജീവികള്‍ക്കും അവരുടേതായ മൈക്രോബയോട്ട അഥവാ സൂക്ഷ്മജീവി സമൂഹം കൂടെയുണ്ട്). അയര്‍ലന്റ്, കോര്‍ക്ക് യൂണിവേഴ്സിറ്റിയിലെ ന്യൂറോ സയന്‍സ് പ്രൊഫസറായ ജോണ്‍ ക്രയന്‍ പറയുന്നത്: ''വൈദ്യശാസ്ത്രം പലപ്പോഴും ശാരീരിക പ്രവര്‍ത്തനങ്ങളെ വിഭാഗീകരിച്ചു കാണുന്നു. പരിണാമഗതിയില്‍ മനുഷ്യനേക്കാള്‍ എത്രയോ മുന്‍പ് ഉണ്ടായവയാണ് സൂക്ഷ്മാണുക്കള്‍. അവ ആദ്യകാലം തൊട്ടേ നമ്മുടെ കൂടെ ഉണ്ടായിരുന്നിരിക്കാം, ആരോഗ്യ സംതുലനത്തില്‍ പങ്കുവഹിച്ചിരിക്കാം, കാലം ചെല്ലുംതോറും അവര്‍ തമ്മിലുള്ള സഹജീവനം കൂടുതല്‍ മെച്ചപ്പെട്ടിരിക്കാം. അതിനാല്‍ത്തന്നെ ഈ സൂക്ഷ്മജീവികളെക്കുറിച്ച് പഠിച്ച് ആരോഗ്യ പരിപാലനത്തിന് ഉപകരിക്കുംവിധം ചികിത്സാരീതികള്‍ കണ്ടെത്തേണ്ടതാണ്'' എന്നാണ്.
നിങ്ങളുടെ മൈക്രോബയോട്ട
അതിരിക്കട്ടെ. എവിടെനിന്നാണ് ജനിച്ചുവീഴുമ്പോള്‍ തൊട്ട് നമുക്ക് ഈ സൂക്ഷ്മജീവിക്കൂട്ടത്തെ കിട്ടുന്നത്? ജനനപ്രക്രിയയില്‍ത്തന്നെ അമ്മയില്‍നിന്നു സൂക്ഷ്മാണുക്കളെ കിട്ടുന്നു. പിന്നീട് മുലപ്പാലില്‍നിന്ന്, ഭക്ഷണത്തില്‍നിന്ന്, പരിസ്ഥിതിയില്‍നിന്ന്, മണ്ണില്‍നിന്ന്, വെള്ളത്തില്‍നിന്ന് അങ്ങനെയങ്ങനെ. അതോടൊപ്പം ഗൃഹിയായ വ്യക്തിയുടെ ജീവിതശൈലി, ഭക്ഷണരീതികള്‍, ജനിതക വ്യക്തിത്വം, ജീവിക്കുന്ന ഇടം, അയാള്‍ കഴിക്കുന്ന മരുന്നുകള്‍, പ്രായം തുടങ്ങിയ ഘടകങ്ങള്‍ അയാളിലെ സൂക്ഷ്മജീവിക്കൂട്ടത്തിന്റെ അനന്യമായ ചേരുവയെ നിര്‍ണ്ണയിക്കുന്നുണ്ട്. ഒരു വ്യക്തിയുടെ ജീനോമിക് ഫിംഗര്‍പ്രിന്റ് എന്നു പറയുന്നതുപോലെ വ്യതിരിക്തമാണ് അയാളുടെ 'മൈക്രോബയോം വ്യക്തിത്വവും.'
മൈക്രോബയോട്ടയിലെ അസന്തുലിതാവസ്ഥകള്‍ കാരണം പരീക്ഷണ മൃഗങ്ങളിലും മറ്റു ചില വന്യമൃഗങ്ങളിലും സാമൂഹികമോ ആശയവിനിമയപരമോ സമ്മര്‍ദ്ദഹേതുവായുള്ളതോ ആയ സ്വഭാവ വ്യതിയാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്രകാരമുള്ള അസന്തുലിതാവസ്ഥയെ ഡിസ്-ബയോസിസ് (Dysbiosis) എന്നു പറയുന്നു. കൗതുകകരമായ പല നിരീക്ഷണങ്ങളും മൃഗങ്ങളുടെ മൈക്രോബയോട്ടയും ആരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഉണ്ടായിട്ടുണ്ട്. പുളിപ്പിച്ച അഥവാ ഫെര്‍മെന്റഡ് ഭക്ഷണം കഴിച്ച പരീക്ഷണ ജന്തുക്കളില്‍ സാമൂഹിക ഉല്‍ക്കണ്ഠ അഥവാ സോഷ്യല്‍ ആംഗ്‌സൈറ്റി കുറയുന്നതായി കാണപ്പെട്ടു. കുടലില്‍ ഷോര്‍ട്ട് ചെയിന്‍ ഫാറ്റി ആസിഡ് നിര്‍മ്മിക്കാന്‍ കഴിവുള്ള ബാക്റ്റീരിയകള്‍ ഉള്ള പരീക്ഷണ എലികള്‍, ഒരു സൂക്ഷ്മജീവിയും ഉദരത്തില്‍ ഇല്ലാത്ത എലികളേക്കാള്‍ ഊര്‍ജ്ജസ്വലരായും ആരോഗ്യമുള്ളവരായും കാണപ്പെട്ടപ്പോള്‍, രണ്ടാമത്തെ വിഭാഗം എലികള്‍ വിഷാദം, ഉല്‍ക്കണ്ഠ, അനാരോഗ്യം എന്നീ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു. സമ്മര്‍ദ്ദത്തിനടിപ്പെട്ട ജീവികളില്‍ അനാരോഗ്യകരമായ സൂക്ഷ്മജീവികള്‍ പെരുകി ആരോഗ്യം തന്നെ അവതാളത്തിലാകുന്നതായും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
മൈക്രോബയോട്ടയുടെ പ്രവര്‍ത്തനരീതികളെക്കുറിച്ച് ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ അധികവും മൃഗങ്ങളിലാണ് നടത്തപ്പെട്ടിട്ടുള്ളത്. ശാരീരിക, മാനസിക, വൈകാരിക, പെരുമാറ്റ പ്രതികരണങ്ങളെക്കുറിച്ച് വിശദവും ദീര്‍ഘവുമായ ക്ലിനിക്കല്‍ പഠനങ്ങള്‍ മനുഷ്യരില്‍ നടത്തിയശേഷമാണ് മേല്‍പ്പറഞ്ഞ സൂക്ഷ്മജീവികളെ ലൈസന്‍സ് ഉള്ള മരുന്നിനായി ഉള്‍പ്പെടുത്താനാവുക. എന്നാല്‍, പല രോഗങ്ങള്‍ക്കും ഉപചികിത്സ എന്ന നിലയില്‍ പ്രോബയോട്ടിക്കുകള്‍ എന്നറിയപ്പെടുന്ന സൂക്ഷ്മജീവി സപ്ലിമെന്റുകള്‍ ഉപയോഗിക്കാറുണ്ട്. ഉപയോഗിക്കാവുന്നതാണുതാനും.
ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം (IBS) ദഹനേന്ദ്രിയ സൂക്ഷ്മജീവികളുടെ അസന്തുലിതാവസ്ഥ കാരണം ഗട്ട് ബ്രെയിന്‍ ആക്‌സിസില്‍ തലച്ചോറിലേയ്ക്കും കുടലിലേയ്ക്കുമുള്ള സിഗ്‌നല്‍ സംവേദനം തകരാറിലാവുന്നതാണ് പ്രധാന കാരണം എന്നു കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. ലക്ഷണ ചികിത്സകള്‍ക്കൊപ്പം പ്രോബയോട്ടിക്കുകള്‍ എന്നറിയപ്പെടുന്ന ഉപകാരികളായ ബാക്റ്റീരിയകള്‍ കൊണ്ടുള്ള അനുബന്ധ ചികിത്സ ഫലപ്രദമാണ്.
പാര്‍ക്കിന്‍സണ്‍ രോഗം-ആല്‍ഫാ സിന്യുക്ലിന്‍ എന്ന പ്രോട്ടീന്‍ അളവിലധികം മസ്തിഷത്തില്‍ അടിയുകയും നാഡീക്ഷയം മൂലം ഡോപ്പാമിന്‍ ഉല്പാദനം കുറഞ്ഞുപോകുകയും ചലനവും പിന്നീട് ഓര്‍മ്മയും കുറഞ്ഞുപോവുകയുമാണ് രോഗലക്ഷണങ്ങള്‍. ജെയിംസ് പാര്‍ക്കിന്‍സണ്‍ 1817-ല്‍ ഈ രോഗം കണ്ടുപിടിക്കുമ്പോള്‍ത്തന്നെ രോഗഹേതു ഉദരസംബന്ധിയാകാം എന്നു പ്രവചിച്ചിരുന്നു. ഈ നൂറ്റാണ്ടിലെ പഠനങ്ങളില്‍നിന്നു തെളിയുന്നത് രോഗാരംഭത്തിന് 20 വര്‍ഷം മുന്‍പേത്തന്നെ മലബന്ധംപോലുള്ള ലക്ഷണങ്ങള്‍ ഉണ്ടാകാം എന്നതാണ്. ഈ രോഗത്തില്‍ ഉദരത്തിലെ സൂക്ഷ്മജീവികളുടെ പങ്കിനെക്കുറിച്ചും സൂക്ഷ്മജീവികളെക്കൊണ്ടുള്ള ചികിത്സയെക്കുറിച്ചുമുള്ള ഗവേഷണം പുരോഗമിക്കുന്നുണ്ട്.
ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍ (ASD), അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍ (ADHD), എമൈലോട്രോപ്പിക് ലാറ്ററല്‍ സ്‌ക്ലീറോസിസ് (ALS) എന്നീ രോഗങ്ങള്‍ക്ക് മൈക്രോബയോട്ട സംബന്ധമായ കാരണങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. തന്മൂലം ആരോഗ്യം വീണ്ടെടുക്കുന്നതിനു സൂക്ഷ്മജീവികള്‍ക്കു പങ്കുണ്ടെന്നും.
പ്രോബയോട്ടിക്കുകളും പ്രീബയോട്ടിക്കുകളും
പ്രോബയോട്ടിക് എന്നാല്‍, തത്സമയ സൂക്ഷ്മാണുക്കള്‍, സൂക്ഷ്മാണുക്കളുടെ ഒരു കള്‍ച്ചര്‍ അല്ലെങ്കില്‍ സൂക്ഷ്മാണുക്കള്‍ അടങ്ങിയ ഭക്ഷ്യോല്പന്നം എന്നു പറയാം, ഇത് ഉപകാരികളായ ഗട്ട് മൈക്രോബയോട്ടയെ നിലനിര്‍ത്താനോ പുനഃസ്ഥാപിക്കാനോ സഹായിക്കുന്നു. പ്രോബയോട്ടിക്‌സ് ഒരു ഭക്ഷണമായോ ഭക്ഷണ സപ്ലിമെന്റായോ കഴിക്കാം. ഇവ ശരിയായ ദഹനത്തേയും ശരീരത്തിന്റെ രോഗപ്രതിരോധ ശക്തിയേയും പിന്തുണയ്ക്കുന്നു. തൈര്, കെഫിര്‍, മീസോ (സോയാബീനില്‍നിന്നുള്ള), ഉപ്പിലിട്ടത് തുടങ്ങിയവയില്‍ ധാരാളം പ്രോബയോട്ടിക്കുകള്‍ അഥവാ ഗുണകരമായ സൂക്ഷ്മജീവികള്‍ അടങ്ങിയിരിക്കുന്നു. ലാക്ടോബാസിലസ്, ബിഫിഡോ ബാക്റ്റീരിയം, സക്കാറൊമൈസസ് ബൗലാര്‍ഡി തുടങ്ങിയവ സാധാരണയായി ഉപയോഗത്തിലുള്ള പ്രോബയോട്ടിക്കുകളാണ്.
പ്രീബയോട്ടിക് എന്നറിയപ്പെടുന്ന ഘടകങ്ങള്‍, പ്രോബയോട്ടിക് സൂക്ഷ്മജീവികള്‍ക്കുള്ള ഇന്ധനമാണ്. ഇവയില്‍ ദഹനേന്ദ്രിയത്തിനു ദഹിപ്പിക്കാനാവാത്ത നാരുകള്‍ ഉള്‍പ്പെട്ട ഭക്ഷ്യജന്യ കണികകളാണുള്ളത്. വാഴപ്പഴം, മറ്റു പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍, തവിടോടുകൂടിയ ധാന്യങ്ങള്‍, മില്ലെറ്റുകള്‍ എന്നിവയെല്ലാം പ്രീബയോട്ടിക്കുകളുടെ കലവറയാണ്.
പ്രോബയോട്ടിക്കുകളും പ്രീബയോട്ടിക്കുകളും യഥാവിധി ഉപയോഗിക്കുന്നത് ആരോഗ്യത്തിനു നല്ലതാണെന്നത് ഇതിനകം സ്വീകാര്യമായിട്ടുണ്ട്. യാക്കുള്‍ട്ട്, കിംച്ചി തുടങ്ങി പലയിനം പ്രോബയോട്ടിക്കുകള്‍ വിപണിയിലുണ്ടുതാനും. നമ്മുടെ സാധാരണ ജീവിതത്തില്‍ ഉള്‍പ്പെട്ടിരുന്നതും ഇപ്പോഴുമുള്ളതുമായ തൈര്, മോര്, പഴഞ്ചോറ്, ഉപ്പിലിട്ടത് ഇവയൊക്കെത്തന്നെ ഒന്നാന്തരം പ്രോബയോട്ടിക് സ്രോതസ്സുകളാണ്. മുന്‍കാല ബോളിവുഡ് അഭിനേത്രിയായിരുന്ന നീതു സിംഗ് (ഋഷി കപൂറിന്റെ പത്‌നിയും രണ്‍ബീര്‍ കപൂറിന്റെ മാതാവുമായ) താനുപയോഗിക്കുന്ന കിടിലന്‍ പ്രോബയോട്ടിക്കിനെക്കുറിച്ച് അടുത്തിടെ പറയുകയുണ്ടായി. കേട്ടുവന്നപ്പോള്‍ നമ്മുടെ നാടന്‍ പഴങ്കഞ്ഞിയാണ് സംഗതി! നാട്ടിലിപ്പോള്‍ ഗൃഹാതുരത്വംകൊണ്ട് വീണ്ടും പ്രചാരം നേടിയ പഴങ്കഞ്ഞിയുടെ യാഥാര്‍ത്ഥ ഗുണം പ്രീ-പ്രോബയോട്ടിക് സമൃദ്ധിയാണെന്നു മറക്കേണ്ട കേട്ടോ.
പച്ചക്കറികള്‍ കൂടുതലടങ്ങിയ എന്നാല്‍, അധികം പ്രോസസ്സ് ചെയ്യാത്തതും ധാരാളം പ്രോ-പ്രീ ബയോട്ടിക്കുകള്‍ അടങ്ങിയതുമായ ഇന്ത്യന്‍ ഭക്ഷണരീതി ശരിക്കും ആരോഗ്യകരമാണ്. പല രാജ്യങ്ങളിലെ ജനതയുടെ ഗട്ട് മൈക്രോബയോട്ടയെ വിശകലനം ചെയ്തപ്പോള്‍ അമേരിക്കന്‍, യൂറോപ്യന്‍ തുടങ്ങി പ്രോസസ്സ് ചെയ്ത ഭക്ഷണം കൂടുതല്‍ കഴിക്കുന്നവരില്‍ ഗട്ട് മൈക്രോബയോട്ടയുടെ വൈവിധ്യവും അവ നല്‍കുന്ന രോഗപ്രതിരോധ ശക്തിയും കുറവാണെന്നു കണ്ടെത്തപ്പെട്ടിട്ടുണ്ട്. ധാരാളം ക്രൂഡ് ഫൈബര്‍ അടങ്ങിയ മെഡിറ്ററേനിയന്‍ ഭക്ഷണം സന്തുലിത ഗട്ട് മൈക്രോബയോട്ടയ്ക്ക് ഏറ്റവും യോജിച്ചതാണെന്നും.
പ്രോബയോട്ടിക്കുകള്‍ ആരോഗ്യത്തിനും മരുന്നിനും
പ്രോബയോട്ടിക്കുകള്‍ ഡിപ്രഷന്‍, ആംഗ്‌സൈറ്റി (ഉല്‍ക്കണ്ഠ), IBS പോലുള്ള ആട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ തുടങ്ങിയവയുടെ കാഠിന്യം കുറയ്ക്കാനും സുഗമമായ ആരോഗ്യാവസ്ഥയ്ക്കും വേണ്ടി ഭക്ഷണത്തിന്റെ ഭാഗമോ സപ്ലിമെന്റോ ആയാണ് ഇപ്പോള്‍ ഉപയോഗിക്കപ്പെടുന്നതെങ്കിലും ചില രോഗങ്ങള്‍ക്ക് ഈ സൂക്ഷ്മജീവികള്‍ മരുന്നുതന്നെയാണ്. വൗസ്റ്റ് അഥവാ SER 109 എന്നത് FDA 2023-ല്‍ അംഗീകരിച്ച ലൈവ് സൂക്ഷ്മജീവി സ്പോറുകളാണ്. ക്ലോസ്ട്രീഡിയം ഡെഫിസില്‍ എന്ന രോഗാണുഹേതുവായുണ്ടാകുന്ന മാരകമായ ഉദരരോഗം ആന്റിബയോട്ടിക് ചികിത്സയ്ക്കുശേഷം വീണ്ടും വരാതിരിക്കാനുള്ള ഫലപ്രദമായ ചികിത്സയാണിത്.
മേല്‍പ്പറഞ്ഞ പല രോഗാവസ്ഥകള്‍ക്കും പ്രതിവിധിയായി ഫീക്കല്‍ മൈക്രോബയോട്ട ട്രാന്‍സ്പ്ലാന്റ് (FMT) അഥവാ മലം 'മാറ്റിവയ്ക്കല്‍' എന്ന ചികിത്സാരീതി കാര്യമായ ഫലം കണ്ടിട്ടുണ്ട്. ആരോഗ്യകരമായ ഗട്ട് മൈക്രോബയോട്ടയുടെ സ്രോതസ്സായി ആരോഗ്യമുള്ള ഒരാളുടെ മലം, രോഗമുള്ള ആളിന്റെ വന്‍കുടലിലേക്കു മാറ്റിവയ്ക്കുന്നതാണ് ഈ ചികിത്സ. ഇത് മറ്റു പല രീതികളെക്കാളും വളരെ എളുപ്പത്തില്‍ ഫലപ്രദമാവുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വരുംകാലത്ത് ഓരോ രോഗാവസ്ഥയ്ക്കും അല്ലെങ്കില്‍ പ്രത്യേക ശാരീരിക, ഉപാപചയ, മാനസിക, വൈകാരിക അവസ്ഥയ്ക്ക് അനുപൂരകമായ സൂക്ഷ്മാണുക്കളെ മരുന്നായി ഉപയോഗിക്കാന്‍ തന്നെയാണ് ശാസ്ത്രം തുനിയുന്നത്.
സഹപരിണാമത്തിന്റേയും സഹജീവനത്തിന്റേയും ഏറ്റവും മികച്ച ഉദാഹരണമായ ഗട്ട് മൈക്രോബയോട്ടയെക്കുറിച്ചുള്ള അടിസ്ഥാന അറിവുകള്‍, ജനിതക വിവരങ്ങള്‍, പരിണാമ രീതികള്‍, മനുഷ്യന്റെ മാത്രമല്ല, മറ്റു പക്ഷിമൃഗാദികളുടേയും വൃക്ഷലതാദികളുടേയും ദൈനംദിന ജീവിതത്തില്‍ ഈ സൂക്ഷ്മജീവികള്‍ക്കുള്ള അനിഷേധ്യമായ പങ്ക്, ഓരോ ജൈവാവസ്ഥയ്ക്കും പിന്നില്‍ എങ്ങനെ ഇവ പ്രവര്‍ത്തിക്കുന്നു, എന്തുകൊണ്ട് നമ്മുടെ നാഡീവ്യൂഹം സൂക്ഷ്മജീവികളുടെ സന്ദേശങ്ങള്‍ സ്വീകരിച്ച് സ്വന്തം രീതികളില്‍ മാറ്റം വരുത്തുന്നു എന്നിങ്ങനെ ഒട്ടേറെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടി ലോകമെമ്പാടും ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തില്‍ നടക്കുന്ന ഹ്യൂമന്‍ മൈക്രോബയോം പ്രൊജക്റ്റ് (HMP), മെറ്റാജിനോമിക്‌സ് ഓഫ് ദി ഹ്യൂമന്‍ ഡൈജസ്റ്റീവ് ട്രാക്ട് കണ്‍സോര്‍ഷ്യം, യൂറോപ്പ് (Meta HiT) എന്നീ ബൃഹദ് പദ്ധതികള്‍ ഈ ലക്ഷ്യത്തിലേയ്ക്കുള്ള പരിശ്രമങ്ങളാണ്.
ഇത്ര പ്രധാനമാണ് ഗട്ട് മൈക്രോബയോട്ട എങ്കില്‍ എങ്ങനെയാണ് ഒരു ഹെല്‍ത്തി ഗട്ട് മൈക്രോബയോട്ട നമുക്കുള്ളില്‍ പരിപാലിക്കുക?
ഉത്തരമുണ്ട്! ധാരാളം നാരുകളടങ്ങിയ പച്ചക്കറികളും തവിടുമാറ്റാത്ത ധാന്യങ്ങളും ഉള്ള ഭക്ഷണം കഴിക്കുക. പ്രോസസ്സ് ചെയ്തതോ അധികം ശുദ്ധീകരിച്ച പഞ്ചസാര തുടങ്ങിയവയുള്ളതോ ആയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക, ആഴ്ചയില്‍ ഒരു 30 തരം വിവിധ പച്ചക്കറികളും പഴങ്ങളും കഴിക്കാമെങ്കില്‍ വളരെ നല്ലത്. ആരോഗ്യകരമായ പ്രോട്ടീന്‍, കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. ഭക്ഷണം മാത്രമല്ല, ഈ സൂക്ഷ്മജീവികളെ നമ്മുടെ ശരീരത്തില്‍ ഹാപ്പിയായി നിലനിര്‍ത്താന്‍ വേണ്ടത്. ആരോഗ്യകരമായ ദിനചര്യ, പാകത്തിന് ഉറക്കം, ആവശ്യത്തിനു വ്യായാമം എന്നിവയും നല്ല ഗട്ട് മൈക്രോബയോട്ടയുടെ നിലനില്‍പ്പിന് ആവശ്യമാണ്.
ഇതിപ്പോള്‍ മാതാപിതാക്കള്‍ കുട്ടികളോട് പറയുന്നതുപോലെയാണല്ലോ എന്നു തോന്നാം. എന്നാല്‍, നമ്മുടെ ദിനചര്യയില്‍ ഈ ഓരോ ഘടകവും ആരോഗ്യകരമായ ദഹനേന്ദ്രിയ സൂക്ഷ്മജീവികളുടെ നിലനില്‍പ്പിന് ആവശ്യമാണെന്നു ശാസ്ത്രപരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. തുടര്‍ച്ചയായി ഒരാള്‍ ഉറക്കം നഷ്ടപ്പെടുത്തിയാല്‍ ഉണര്‍ന്നിരിക്കുന്ന സമയത്തു കൂടുതല്‍ പ്രവര്‍ത്തനോന്മുഖം ആയിരിക്കുന്ന സൂക്ഷ്മജീവികള്‍ പെരുകും. ഉറക്കത്തേയും അനുബന്ധ പ്രവൃത്തികളേയും സഹായിക്കുന്ന സൂക്ഷ്മജീവികള്‍ കുറയും. വ്യക്തിക്ക് ഉറങ്ങാന്‍ പ്രയാസമാകും-ഇത് ചെറിയൊരുദാഹരണം മാത്രം. ഇപ്രകാരം നമ്മള്‍ കാരണം മാറുന്ന നമ്മുടെ ആന്തര പരിസ്ഥിതിയുടെ മറ്റേ പകുതി നമ്മുടെ ഈ സൂക്ഷ്മജീവി സ്‌നേഹിതര്‍ അവരുടെ കണക്കുകൂട്ടലനുസരിച്ച് മാറ്റിപ്പണിയും. അതുകൊണ്ടു സ്വയം ശ്രദ്ധിക്കുക.
പിന്നെ എപ്പോഴെങ്കിലും ഏകാന്തത അനുഭവപ്പെട്ടാല്‍ ഓര്‍ക്കുക, നിങ്ങള്‍ ഒറ്റയ്ക്കല്ല, അഹോരാത്രം നിങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചുകൊണ്ട് നിങ്ങളുടെകൂടെ ഒരു വലിയ ബറ്റാലിയന്‍ സൂക്ഷ്മജീവികളുണ്ട്!?
.......................................................
*(മൈക്രോബയോട്ട, മൈക്രോബയോം എന്നീ വാക്കുകള്‍ ഒരേ അര്‍ത്ഥത്തില്‍ ഉപയോഗിച്ചു കാണുന്നുണ്ടെങ്കിലും അവ വ്യത്യസ്തമാണ്. മൈക്രോബയോട്ട എന്നത് പലതരം സൂക്ഷ്മജീവികളെ കുറിക്കുന്നതിനുള്ള സര്‍വ്വനാമവും മൈക്രോബയോം എന്നത് ഈ ജീവികളുടെ ജനിതക ഘടനയടക്കമുള്ള മുഴുവന്‍ ജൈവതന്മാത്രകളേയും പരാമര്‍ശിക്കുന്ന പദവുമാണ്).
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates