

ആഫ്രിക്കൻ സാവന്നയിലെ വെയിലേറ്റുനിൽക്കുന്ന പുൽക്കാട്ടിൽ നേരിയ ഒരനക്കം. വേട്ടക്കാരൻ സിംഹമാണ്. ഉയരമുള്ള പുല്ലിൽ പതിയിരുന്ന് സിംഹം കുനിഞ്ഞ് ലക്ഷ്യത്തിലേക്ക് കണ്ണുകൾ ഉറപ്പിക്കുന്നു, അവിടെയുള്ള ഗസീൽ എന്നയിനം ചെറിയ മാൻ ഞൊടിയിടയിൽ അപകടം തിരിച്ചറിയുന്നു-പുല്ലിൽ ഒരു മിന്നായം കാറ്റിൽ ഒരു ചെറുമാറ്റം. ഒരു നിമിഷംകൊണ്ട്, മാനിന്റെ ‘സിമ്പതെറ്റിക് നാഡീവ്യൂഹം’ പ്രവർത്തിക്കുന്നു. അഡ്രിനാലിൻ കുതിച്ചുയരുന്നു. പേശികൾ മുറുകുന്നു ഹൃദയമിടിപ്പ് വർദ്ധിക്കുന്നു. മടിച്ചുനിൽക്കാതെ ഇടംവലം വെട്ടിച്ച് ജീവനുംകൊണ്ട് ഓടിരക്ഷപ്പെടാൻ നോക്കുന്നു. വേണ്ടിവന്നാൽ അതിജീവനത്തിനായുള്ള അവസാന പോരാട്ടത്തിൽ അത് ശക്തനായ സിംഹത്തെ ചവിട്ടുകയോ തലകൊണ്ട് ഇടിക്കുകയോ ഒക്കെ ചെയ്തേക്കാം.
ഇത് പ്രകൃതിയിൽ കാണുന്ന ‘അതിജീവന ചോദന’ അഥവാ സർവൈവൽ മോഡിന്റെ ഉദാഹരണമാണ്. മനുഷ്യർ ഉൾപ്പെടെ മിക്ക മൃഗങ്ങളുടേയും ജൈവികതയിൽ ഉൾച്ചേർന്ന പ്രാക്തനവും സഹജവുമായ പ്രതികരണം.
ഇനി ഒരു ആധുനിക ട്വിസ്റ്റ് സങ്കല്പിക്കുക:
മുപ്പതുകളിലെത്തിയ ഒരു സ്ത്രീ, നിർണായകമായ ഒരു ഉദ്യോഗ ഇന്റർവ്യൂവിന് എത്താൻ വൈകി ഗതാഗതക്കുരുക്കിൽ കുടുങ്ങി തന്റെ കാറിൽ ഇരിക്കുന്നു. നോട്ടിഫിക്കേഷനുകൾ വന്നുകൊണ്ടിരിക്കുന്നു, ഹൃദയം പടപടാ മിടിക്കുന്നു, മനസ്സ് കൈവിട്ടു പായുന്നു. അവിടെങ്ങും ഒരു സിംഹവുമില്ലെങ്കിലും അവളുടെ ശരീരം പ്രതികരിക്കുന്നത് അങ്ങനെയൊരു സന്ദർഭംപോലെ തന്നെയാണ്. ഭീഷണി ശാരീരികമല്ല-സാമൂഹികമോ സാമ്പത്തികമോ അസ്തിത്വപരമോ ആണ്. എന്നാൽ, ഫൈറ്റ് ഓർ ഫ്ലൈറ്റ് (Fight or flight) എന്ന സവിശേഷ പ്രതികരണം മേല്‍പ്പറഞ്ഞ ഉദാഹരണത്തിലെ മാനിനെപ്പോലെത്തന്നെയാണ്. അവളുടെ ശരീരവ്യവസ്ഥകൾ സമ്മർദത്താൽ ഹൈജാക്ക് ചെയ്യപ്പെടുന്നു: ഇടുങ്ങിയ കാഴ്ച, ആഴമില്ലാത്ത ശ്വാസം, പ്രശ്നപരിഹാരത്തിനു കഴിയാതാവൽ എന്നിങ്ങനെ. ഏതെങ്കിലും സന്ദർഭത്തിൽ ഇങ്ങനെ തോന്നിയതായി ഓർമ വരുന്നുണ്ടോ?
അതുതന്നെ, അതിജീവന മോഡ് ആളെ ഏറ്റെടുത്തിരിക്കുന്നു. നമ്മുടെ പരിതസ്ഥിതികൾ നല്ലവണ്ണം പരിണമിച്ചിട്ടുണ്ടെങ്കിലും സമ്മർദ പ്രതികരണങ്ങൾ അത്രകണ്ട് പരിണമിച്ചിട്ടില്ല. അതിപ്പോഴും ഒന്നുകിൽ അതിജീവനക്രമം അല്ലെങ്കിൽ സർഗാത്മക/സുരക്ഷിത ക്രമം (ക്രിയേറ്റീവ് മോഡ്) എന്നിവയിലേതെങ്കിലും ഒന്ന് പാലിക്കാൻ നോക്കി വലയുന്നുണ്ട്.
ടോഫ്ളറിന്റെ ‘ഫ്യൂച്ചർ ഷോക്ക്’
ശരിക്കും കാട്ടിലെ അനിശ്ചിത സാഹചര്യങ്ങളിൽ സ്വയരക്ഷയ്ക്കുവേണ്ടിയുള്ള അതീവ ജാഗരൂകതയോടുകൂടിയ അതിജീവനക്രമവും; ഇരപിടിയന്മാരും മറ്റ് അപകടങ്ങളുമില്ലാത്ത നേരത്ത് സാധാരണ ജീവിതം നയിക്കാനുള്ള വിശ്രമ/പചന വേളകളും (rest and digest) തമ്മിലുള്ള സംതുലനത്തിലാണ് ജീവജാലങ്ങൾ കഴിഞ്ഞുപോരുന്നത്. എന്നാൽ, കുറഞ്ഞ കാലയളവിൽത്തന്നെ മനുഷ്യകുലം എത്തിച്ചേർന്നിരിക്കുന്ന സാങ്കേതിക, യന്ത്രവല്‍കൃത, നിർമിതബുദ്ധി-സങ്കേതങ്ങൾ വല്ലാതെ നിറഞ്ഞ പുതിയ ദിനങ്ങളിൽ മേല്‍പ്പറഞ്ഞ സംതുലനം കാര്യമായി തകരാറിലാവുന്നുണ്ട്. ഈ അവസ്ഥയെയാണ് ആൽവിൻ ടോഫ്ലർ എന്ന അമേരിക്കൻ ഭവിഷ്യവാദ ശാസ്ത്രകാരൻ ‘ഫ്യൂച്ചർ ഷോക്ക്’ എന്ന് 1970-ൽത്തന്നെ വിശേഷിപ്പിച്ചത്.
മാറ്റം നേരിടുന്ന സാഹചര്യത്തിൽ, വ്യക്തിയുടെ മാത്രമല്ല, സമഗ്രമായ നാഡീവ്യൂഹവും അതിനാൽ പ്രതികരണ രീതികളും സന്തുലനം പാലിക്കാൻ ബുദ്ധിമുട്ടുന്നുണ്ട്. ഈ ലേഖനം എങ്ങനെ ഇത് സംഭവിക്കുന്നു എന്നതിനെക്കുറിച്ചുള്ള അന്വേഷണമാണ്.
ആധുനിക മനുഷ്യന്റെ ആരോഗ്യം, പെരുമാറ്റം, സർഗാത്മകത എന്നിവയിൽ പുതിയ കാലത്തിന്റെ മുഖമുദ്രയെന്നു തോന്നിപ്പോകുന്ന ഒഴിവാക്കാനാവാത്ത സമ്മർദത്തിന്റേയും അതിജീവനക്രമത്തിന്റേയും വ്യാപകമായ സ്വാധീനത്തിലേക്ക്, സമീപകാലത്തെ ഗവേഷണങ്ങൾ ശ്രദ്ധക്ഷണിക്കുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള ഭീഷണികൾ നേരിടാനുള്ള ഒരു ഒത്തുപോകൽ അഥവാ അഡാപ്റ്റീവ് (Adaptive) പ്രതികരണമായി ഉത്ഭവിച്ച, ആട്ടോണമസ് നാഡീവ്യവസ്ഥയിൽ വേരൂന്നിയ ‘പോരാട്ടം-അല്ലെങ്കിൽ-ഓടിരക്ഷപ്പെടൽ അതുമല്ലെങ്കിൽ മരവിച്ചു നിൽക്കൽ’ (Fight, flight or freeze) എന്നീ അതിജീവന രീതികൾ-ആധുനിക കാലത്തെ മനുഷ്യർക്ക് ഒരു സ്ഥിരമായ അവസ്ഥയായി മാറിയിരിക്കുന്നു. ‘ചത്തത്പോലെ കിടന്നേക്കാം’ എന്നു കളിയായി പറഞ്ഞതാണെങ്കിലും മേല്‍പ്പറഞ്ഞ ‘freeze’ അവസ്ഥയാണ്.
സ്കൂൾ സംവിധാനങ്ങൾ മുതൽ കോർപ്പറേറ്റ് മേഖലകൾ വരെയുള്ള ഇടങ്ങളിൽ ഉയർന്ന മാനസിക സമ്മർദങ്ങളുമായുള്ള ദീർഘകാല സമ്പർക്കം സൃഷ്ടിപരമായ കഴിവിനെ അടിച്ചമർത്തുകയും ശരീരത്തിന്റെ ആകെയുള്ള ആരോഗ്യാവസ്ഥയെ ബാധിക്കുകയും വൈകാരിക നിയന്ത്രണത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു, രോഗാതുരതയിലേയ്ക്കുള്ള ജൈവിക പാതകളെ ഉണർത്തിവിടുന്നു. അതിജീവനക്രമത്തിൽ മാത്രം ഊന്നിക്കൊണ്ടുള്ള ജീവിതത്തിന്റെ ശാരീരികവും സാമൂഹികവുമായ സാംസ്കാരിക പ്രത്യാഘാതങ്ങൾ ഈ ലേഖനം പരിശോധിക്കുന്നു, മാറുന്ന പ്രകൃതി, പരിസ്ഥിതി വ്യവസ്ഥകൾ, സമകാലിക മനുഷ്യസമൂഹങ്ങൾ, കേരളം പോലുള്ള പ്രദേശങ്ങളിലെ യുവാക്കളുടെ ദുരിതങ്ങൾ എന്നിവതമ്മിലുള്ള സമാനതകളും ബന്ധങ്ങളും തിരയുന്നു.
ഇന്ത്യയിൽ, അതിജീവനരീതി ഉദ്യോഗസ്ഥ സമൂഹത്തിന്റെ നിശ്ശബ്ദ സംസ്കാരമായും യുവതലമുറയുടെ അദൃശ്യഭാരമായും മാറിയിരിക്കുന്നു. 84 ശതമാനം ജീവനക്കാരും ഉല്‍ക്കണ്ഠയും തളർച്ചയും റിപ്പോർട്ട് ചെയ്യുമ്പോൾ, 25 വയസ്സിനു താഴെയുള്ള പലരും നിരന്തരമായ സമ്മർദത്തിൽ ജീവിക്കുന്നു; സമൂഹമാകട്ടെ, അതിജീവിച്ചുകൊണ്ടുതന്നെ കഷ്ടിച്ച് കൂടിനിൽക്കുന്നു. ഏകാന്തത, ക്ഷീണം, ഉറക്കക്കുറവ്, അടിച്ചമർത്തപ്പെട്ട സർഗാത്മകത എന്നിവയാണ് ഈ ചക്രത്തിന്റെ മുഖമുദ്രകൾ. ഈ കാലാവസ്ഥയിൽ, ദുരന്തം ഒരു ഒറ്റപ്പെട്ട സംഭവമല്ല, മുന്നറിയിപ്പു കൂടിയാണ്. കേരളത്തിൽനിന്നുള്ള ലഹരി ഉപയോഗ, മാനസികാരോഗ്യ റിപ്പോർട്ടുകളുമായി ചേർത്തുവെച്ചാലും ഇതേ പാറ്റേൺ തന്നെയാണ് കാണാൻ കഴിയുന്നത്. ആഗോളസമൂഹം മുഴുവനും അനുഭവിച്ച് അറിഞ്ഞതാണ് കൊവിഡ് കാലത്തിന്റെ അതിജീവന പിരിമുറുക്കം. അത് തരണം ചെയ്തോ ഇപ്പോൾ ഏത് അവസ്ഥയിലാണ് എന്നതിനെക്കുറിച്ച് നമുക്ക് അത്രയൊന്നും അറിയുകയുമില്ല. എന്നാലോ ഇക്കാലത്ത് ആവശ്യത്തിലധികമായി കണ്ണിൽപ്പെടുന്ന വിവരങ്ങളും ‘ഡൂം സ്‌ക്രോളിങ്’ എന്നറിയപ്പെടുന്ന അന്തംവിട്ട സോഷ്യൽ മീഡിയ ബ്രൗസിങും ചേർന്ന് സർവൈവൽ മോഡിലുളള ഉപഭോക്തൃത്വമാണ് നടക്കുന്നത്. വിശ്രാന്തിയുമല്ല, സർഗാത്മകതയുമല്ല,
നിലനിൽപ്പിനായുള്ള തുടർച്ചയായ പോരാട്ടങ്ങളിൽനിന്ന് സുരക്ഷിതത്വത്തിലേക്ക് മാറുന്നത് എങ്ങനെയെന്നും ക്ഷേമാവസ്ഥയിലേക്കും സർഗാത്മക, സുസ്ഥിര രീതികളിലേക്കും ഉള്ള സ്വാഭാവിക സംക്രമണം എങ്ങനെ പുനഃസ്ഥാപിക്കാമെന്നും നാം കണ്ടെത്തേണ്ടതാണ്- വ്യക്തിഗത ആശ്വാസം മാത്രമല്ല, സാമൂഹിക പുനരുജ്ജീവനത്തിനുള്ള ഒരു ബ്ലൂപ്രിന്റ് വാഗ്ദാനം കൂടിയാണ് ഇത്തരമൊരു വെളിപ്പെടൽ.
നിലനില്പിനു ഭീഷണിയുണ്ടാകുമ്പോൾ എന്ത് സംഭവിക്കും?
മനുഷ്യന്റെ നാഡീവ്യൂഹം സെൻട്രൽ, പെരിഫെറൽ എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ പെരിഫെറൽ നാഡീവ്യൂഹത്തിന്റെ ഒരു വിഭാഗമാണ് ആട്ടോണോമസ് നാഡികൾ. അവയുടെ അവാന്തര വിഭാഗങ്ങളായ സിമ്പതെറ്റിക് & പാരാ സിമ്പതെറ്റിക് നാഡീവ്യൂഹങ്ങളാണ് യഥാക്രമം അതിജീവന (Survival), സർഗാത്മക (Rest & Digest/Creative) പ്രവർത്തനങ്ങൾക്ക കാരണമാകുന്നത്. അപായസമാനമായ അവസ്ഥ തിരിച്ചറിയുന്നതോടെ താഴെ പറയുന്ന പ്രക്രിയകൾ സംഭവിക്കുന്നു
1) ശരീരത്തിന്റെ ‘സ്‌ട്രെസ് സർക്യൂട്ട്’ പ്രവർത്തിക്കുന്നു. അതായത്, മസ്തിഷകത്തിന്റെ അമിഗ്ഡാല എന്ന ഭാഗം, ഹൈപ്പോതലാമസ് പിറ്റ്യൂട്ടറി അഡ്രീനൽ (HPA) ആക്സിസിനെ പ്രവർത്തനക്ഷമമാക്കുന്നു, ഇത് നിമിഷങ്ങൾക്കുള്ളിൽ അഡ്രിനാലിൻ, കോർട്ടിസോൾ എന്നീ ഹോർമോണുകൾ പുറപ്പെടുവിക്കുന്നു. വേഗത്തിലുള്ള ശ്വസനവും ഹൃദയമിടിപ്പും കൂടിയ രക്തസമ്മർദവും കൃഷ്ണമണിയുടെ വികാസംകൊണ്ട് സൂക്ഷ്മമായ കാഴ്ചയും ഉണ്ടാവാൻ പെട്ടെന്നുള്ള അഡ്രിനാലിൻ സാന്നിധ്യം കാരണമാക്കുന്നു. ഒപ്പം ശരീരത്തിലെ ഗ്ലൂക്കോസ് കൂടുകയും പ്രതിരോധത്തിന് ആവശ്യമുള്ള ഉയർന്ന ഊർജം കൈവരുകയും ദഹനംപോലെയുള്ള പ്രവർത്തനങ്ങളിലേക്കുള്ള രക്തയോട്ടം കുറയുകയും ചെയ്യുന്നു. ഈ ഉടനടി പ്രവർത്തനങ്ങൾ ശരീരത്തെ വേഗത്തിലുള്ള പ്രതികരണത്തിനായി സജ്ജമാക്കുന്നു.
2) കോർട്ടിസോൾ പ്രതികരണം (നിതാന്ത ജാഗ്രത) രക്തത്തിലെ ഗ്ലൂക്കോസ് വർദ്ധിപ്പിക്കുകയും അപായാവസ്ഥയിൽ അത്യാവശ്യമല്ലാത്ത പ്രവർത്തനങ്ങൾ പ്രതിരോധശേഷി, ദഹനം, പുനരുല്പാദനം എന്നിവ അടക്കിവയ്ക്കുകയും ചെയ്യുന്നു. ഇത് തുടക്കത്തിൽ ഊർജദായകമാണ്, പക്ഷേ, തുടർന്നാൽ ഉപാപചയ തടസ്സത്തിലേയ്ക്ക് നയിക്കുന്നു. എത്ര സൂക്ഷ്മമായാണ് ഈ വ്യവസ്ഥ ഞൊടിയിടയിൽ പ്രതിരോധസജ്ജമാക്കുന്നത്. അപകടാവസ്ഥ തരണം ചെയ്തു കഴിയുമ്പോൾ ‘വീണ്ടെടുക്കൽ’ (Restorative) അഥവാ സർഗാത്മക (creative mode) അവസ്ഥയിലേയ്ക്ക് വ്യക്തി(കൾ) മാറേണ്ടതാണ്. എന്നാൽ, അപായസൂചനയും അതിനോടുള്ള ഈ ഉടനടി പ്രതികരണവും തുടർന്നുകൊണ്ടിരുന്നാൽ നാഡീവ്യവസ്ഥയുടെ സമതുലിതാവസ്ഥ പ്രശ്നത്തിലാവുന്നു.
3) നാഡീവ്യവസ്ഥാപരവും മനഃശാസ്ത്രപരവുമായ പരിണതഫലങ്ങൾ കോർട്ടിസോളിന്റെ തുടർച്ചയായ സാന്നിധ്യംകൊണ്ട് തലച്ചോറിന്റെ ഘടനയിലും പ്രവർത്തനത്തിലും തന്നെ മാറ്റങ്ങൾ ഉണ്ടാവുന്നുണ്ട്. ഓർമശക്തിക്ക് നിർണായകമായ ഹിപ്പോകാമ്പസിനെ ദുർബലപ്പെടുത്തുകയും കാര്യനിർവഹണ നിയന്ത്രണം നടത്തുന്ന പ്രീഫ്രോണ്ടൽ കോർട്ടെക്സിനെ ചുരുക്കുകയും ന്യൂറോണുകളെ ക്ഷയിപ്പിക്കുകയും വൈകാരിക പ്രതിപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന അമിഗ്ഡാലയെ വലുതാക്കുകയും ചെയ്യുന്നു. പോരേ പൂരം!
ചിന്താശേഷിയിലും മാനസികാവസ്ഥയിലും ഉണ്ടാകുന്ന ദുർബലത, പിന്നീട് ഉല്‍ക്കണ്ഠ, വിഷാദം, മനസ്സിനു വഴക്കമില്ലായ്മ, തീരുമാനങ്ങളെടുക്കാനുള്ള ബുദ്ധിമുട്ട് എന്നിവയിലേയ്ക്ക് നയിക്കുന്നു. ദീർഘകാല സമ്മർദം നാഡീക്ഷയത്തിനും (neurodegeneration) നാഡീ വാർദ്ധക്യത്തിനും കാരണമാകാം.
4) ശാരീരികവും ആരോഗ്യപരവുമായ മറ്റ് അനന്തരഫലങ്ങൾ: രക്താതിമർദം നീണ്ടുനിന്നാൽ ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിക്കും.
അമിതമായ കോർട്ടിസോൾ, ആന്തരാവയവങ്ങളിൽ കൊഴുപ്പ് അടിഞ്ഞുകൂടൽ, ഇൻസുലിൻ റെസിസ്റ്റൻസ്, ഉയർന്ന കലോറി ഭക്ഷണങ്ങളോടുള്ള ആർത്തി, പേശീനഷ്ടം എന്നിവയ്ക്ക് കാരണമാവുന്നു-ഇത് അമിതവണ്ണവും ടൈപ്പ് 2 പ്രമേഹ സാധ്യതയും വർദ്ധിപ്പിക്കുന്നു.
വിട്ടുമാറാത്ത സമ്മർദം രോഗപ്രതിരോധശേഷിയെ അടിച്ചമർത്തുന്നു, രോഗശാന്തി വൈകിപ്പിക്കുന്നു, അണുബാധകൾക്കും ആട്ടോ ഇമ്മ്യൂൺ ഇൻഫ്ലമേറ്ററി സൈക്കിളുകൾക്കും സാധ്യത വർദ്ധിപ്പിക്കുന്നു. ഇനി ദഹനവ്യവസ്ഥയുടെ ആരോഗ്യത്തെക്കുറിച്ചാണെങ്കിൽ ദീർഘകാല സമ്മർദം പോഷകങ്ങളുടെ ആഗിരണവും കുടൽ മൈക്രോബയോട്ടയേയും തടസ്സപ്പെടുത്തുന്നു, കുടൽ ചോർച്ച (‘ലീക്കി ഗട്ട്’) വർദ്ധിപ്പിക്കുന്നു, കൂടാതെ ഇൻഫ്ലമേറ്ററി ബവൽ സിൻഡ്രോം തുടങ്ങിയ രോഗങ്ങളിലേയ്ക്ക് നയിക്കുകയും ചെയ്യാം
ഉയർന്ന കോർട്ടിസോൾ, ഓസ്റ്റിയോപൊറോസീനും വിട്ടുമാറാത്ത പേശി പിരിമുറുക്കത്തിനും വേദനയ്ക്കും ബലഹീനതയ്ക്കും കാരണമാകുന്നു. കോർട്ടിസോൾ കൂടുന്നത് ചർമത്തിലെ ചുളിവുകൾ, അകാല വാർദ്ധക്യം (കൊളാജൻ നഷ്ടം), മുഖത്തെ വീക്കം, ഹോർമോൺ അസന്തുലിതാവസ്ഥ എന്നിവയ്ക്ക് കാരണമാകും. കൂടാതെ സർക്കേ ഡിയൻ താളം തെറ്റിക്കുന്നു, ഇത് ഉറക്കമില്ലായ്മ അല്ലെങ്കിൽ മോശം ഉറക്കത്തിനു കാരണമാകുന്നു, ഇത് മറ്റ് എല്ലാ ലക്ഷണങ്ങളേയും വഷളാക്കുന്നു.
തീർച്ചയായും സമ്മർദം നേരിടാനുള്ള നാഡീ പ്രവർത്തനങ്ങൾ മനുഷ്യനിൽ മറ്റു ജീവികളെ അപേക്ഷിച്ച് അല്പംകൂടി പരിണാമവിധേയമായിട്ടുണ്ട്. ഭാവിയിൽ ഉണ്ടാകാനിടയുള്ള ഭീഷണി, ഏറ്റുമുട്ടലുകൾ എന്നിവ ഉൾപ്പെടെയുള്ള സങ്കീർണമായ സിമുലേഷനുകൾക്ക് കഴിവുള്ള ഭാവനാ സംവിധാനം മനുഷ്യനുണ്ട്. പരിതസ്ഥിതികൾ മാറ്റുന്നതിലൂടെയും സാമൂഹിക സഖ്യങ്ങൾ രൂപപ്പെടുത്തുന്നതിലൂടെയും ഭീഷണി കുറയ്ക്കാനുള്ള കഴിവ്, അതിജീവനതന്ത്രങ്ങളെ ഉപയോഗിക്കാനുള്ള വഴക്കം, അപായസമയത്ത് ഉതകുന്ന സാമൂഹിക പിന്തുണ, യുക്തിസഹമായി വിവരങ്ങൾ ബന്ധിപ്പിക്കാനുള്ള കഴിവ് ഇതൊക്കെ മനുഷ്യനു തീർച്ചയായും മറ്റു ജീവികളെക്കാൾ കൂടുതൽ തന്നെയാണ്. എന്നാൽ, ഇത്തരം ‘അടിയന്തര ആപത്ത് നേരിടൽ’ പദ്ധതികൾ നിരന്തരം ഉണ്ടാക്കുകയും പ്രാവർത്തികമാക്കിക്കൊണ്ടിരിക്കുകയും ചെയ്താൽ മുന്നേ പറഞ്ഞതുപോലെ വൈകാരികസമ്മർദവും അതേത്തുടർന്നുള്ള ശാരീരിക രോഗാവസ്ഥകളിലും എത്തിച്ചേരും.
സർഗാത്മക അഥവാ വീണ്ടെടുക്കൽ അവസ്ഥ അതിജീവന മോഡിന്റെ വിപരീതമാണ്. തലച്ചോറും ശരീരവും സുരക്ഷിതവും ഊർജസ്വലവുമായി അനുഭവപ്പെടുന്ന ഈ സ്ഥിതിയിൽ, നമുക്ക് സർഗാത്മകത, പ്രശ്നപരിഹാരം, സഹാനുഭൂതി തുടങ്ങിയ സ്വാഭാവിക രീതികളിൽ മുഴുകാൻ സാധിക്കും. സർഗാത്മക മോഡിലേയ്ക്ക് മാറുന്നതിന്, തലച്ചോറിനും നാഡീവ്യവസ്ഥയ്ക്കും സുരക്ഷയുടെ സൂചന നൽകേണ്ടതുണ്ട്. സ്റ്റീഫൻ പോർജസിന്റെ പോളിവാഗൽ സിദ്ധാന്തം ഇതിനെ ‘സുരക്ഷയുടെ ന്യൂറോസെപ്ഷൻ’ എന്നു വിശദീകരിക്കുന്നു-നമ്മുടെ നാഡീവ്യൂഹം അബോധപൂർവം നമ്മുടെ പരിസ്ഥിതിയെ നിരീക്ഷിക്കുന്നുണ്ട്. പക്ഷികളുടെ പാട്ട് പോലുള്ള സൂചനകൾ നമ്മുടെ തലച്ചോറിനോട് പറയുന്നു: “ഇപ്പോൾ വിശ്രമിക്കുന്നതിൽ കുഴപ്പമില്ല.” പ്രകൃതിദത്ത ശബ്ദദൃശ്യങ്ങളെക്കുറിച്ചുള്ള പഠനങ്ങളിൽ പക്ഷികളുടെ പാട്ട് ഉല്‍ക്കണ്ഠ കുറയ്ക്കുകയും ചിന്താശക്തി മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്നു കണ്ടെത്തിയിട്ടുണ്ട്, പ്രത്യേകിച്ച് നഗരവാസികളിൽ. അതുപോലെ മഴപെയ്യുന്ന ശബ്ദം, കാറ്റിൽ ഇലകൾ അനങ്ങുന്ന ശബ്ദം, നെരിപ്പോട് കത്തുമ്പോൾ ഉള്ള ചെറിയ പൊട്ടൽ ശബ്ദം ഇതൊക്കെ സുരക്ഷയുടെ പ്രതീതി നൽകുന്നതായി നമുക്കറിയാം, പരിണാമദശകളോട് ചേർത്തുവെച്ച് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടും ഉണ്ട്. ജലശബ്ദങ്ങൾ ഹൃദയമിടിപ്പിന്റെ വേഗം കുറയ്ക്കുകയും ആൽഫാ മസ്തിഷ്‌ക തരംഗങ്ങളെ സുഗമമാക്കുകയും സര്‍ഗാത്മകയ്ക്ക് അനുകൂലമായ ‘ഫ്ലോ’ അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു. തീകായലിന്റെ ശബ്ദങ്ങൾ കൂടിയിരിക്കൽ കഥപറച്ചിൽ തുടങ്ങിയ സാമൂഹ്യ ബന്ധങ്ങളെ മാത്രമല്ല, വാഗസ് നാഡിയുടെ സ്വാസ്ഥ്യത്തേയും പരിപാലനം ചെയ്യുന്നു.
മൃഗങ്ങളിലെ സർഗാത്മകത
രസകരമെന്നു പറയട്ടെ, ഭീഷണമല്ലാത്ത നേരത്തുള്ള ‘സർഗാത്മകത’ അഥവാ വീണ്ടെടുക്കൽ രീതികൾ മൃഗങ്ങളിലുമുണ്ട്. അവ ചിത്രം വരക്കുകയോ മറ്റോ ചെയ്യണമെന്നില്ല, പകരം, പരിസ്ഥിതി സുരക്ഷിതമാണെന്നു തോന്നുമ്പോൾ അല്പം പര്യവേഷണം, കളി, ചുറ്റുപാടിനോട് പൊരുത്തപ്പെടൽ എന്നിവയൊക്കെയാണ്. ഉദാഹരണത്തിന് ചിമ്പാൻസികളും ഡോൾഫിനുകളും കളി, ഉപകരണ ഉപയോഗം, സാമൂഹിക പരിചരണം എന്നിവയിൽ ഏർപ്പെടുന്നു- അതിജീവനത്തിനല്ല, മറിച്ച് ജിജ്ഞാസ, ബന്ധങ്ങൾ ഊട്ടിയുറപ്പിക്കൽ, പര്യവേഷണം, നവീകരണം എന്നീ പ്രവണതകൾ പൂർത്തീകരിക്കാൻ വേണ്ടി. ഭീഷണിയില്ലാത്തപ്പോൾ പക്ഷികൾ വിപുലമായ കൂടുകൾ നിർമിക്കുകയോ സങ്കീർണമായ ഗാനങ്ങൾ ആലപിക്കുകയോ ചെയ്യുന്നു. ചെന്നായ്ക്കൾ അല്ലെങ്കിൽ സിംഹങ്ങൾപോലുള്ള വേട്ടക്കാർ ‘വിനോദ-വേട്ടകൾ’ ചെയ്ത് പിന്തുടരൽ പരിശീലിക്കുന്നു.
“Why zebras don’t get ulcers” (സീബ്രകൾക്ക് അൾസർ വരാത്തത് എന്തുകൊണ്ട്) എന്ന പുസ്തകത്തിൽ, പ്രശസ്ത ന്യൂറോശാസ്ത്രജ്ഞനായ റോബർട്ട് സപോൾസ്‌കി ശ്രദ്ധേയമായ ഒരു ഉദാഹരണം ഉപയോഗിക്കുന്നുണ്ട്: “ഒരു സീബ്രയെ ഒരു സിംഹം പിന്തുടരുമ്പോൾ, അതിന്റെ സമ്മർദ പ്രതികരണം അതിനെ അതിജീവിക്കാൻ സഹായിക്കുന്നു-എന്നാൽ, പിന്തുടരൽ അവസാനിച്ചു കഴിഞ്ഞാൽ, സീബ്രയുടെ ശരീരം ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ സന്തുലിതാവസ്ഥയിലേയ്ക്ക് മടങ്ങുന്നു. അതിനെ ഏതാണ്ട് പിടികൂടിയ സിംഹത്തെക്കുറിച്ച് അത് ആകുലപ്പെടുകയോ അടുത്ത ആക്രമണത്തെക്കുറിച്ച് വിഷമിക്കുകയോ ചെയ്യുന്നില്ല. പൂർണമായും പുനഃസജ്ജമാക്കാനുള്ള ഈ കഴിവാണ് അതിജീവന അവസ്ഥയുടെ കാര്യത്തിൽ കാട്ടിലെ മൃഗങ്ങളെ മനുഷ്യരിൽനിന്നു വേർതിരിക്കുന്നത്, മനുഷ്യൻ, യഥാർത്ഥ അപകടം കടന്നുപോയതിനുശേഷവും പലപ്പോഴും സാങ്കല്പിക ഭീഷണികളിൽ മാനസികമായി കുടുങ്ങിക്കിടക്കുന്നു. ശാന്തതയിലേയ്ക്കുള്ള സീബ്രയുടെ സഹജമായ തിരിച്ചുവരവ് ചില സന്ദര്‍ഭങ്ങളിലെങ്കിലും നമുക്കു പഠിക്കാൻ കഴിയുന്ന ഒരു സ്വാഭാവിക വീണ്ടെടുക്കൽ താളത്തെ ചിത്രീകരിക്കുന്നു-പ്രത്യേകിച്ച് ഒരു പ്രതിപ്രവർത്തന, അതിജീവന മാനസികാവസ്ഥയിൽനിന്നു കൂടുതൽ അടിസ്ഥാനപരവും സൃഷ്ടിപരവുമായ ജീവിതരീതിയിലേയ്ക്ക് മാറാൻ ശ്രമിക്കുമ്പോൾ.
സമ്മർദമില്ലാത്ത അവസ്ഥകളിൽ ഭക്ഷണം, സുരക്ഷ, സമയം എന്നിവ ഉള്ളപ്പോൾ മാത്രമേ ഈ സ്വഭാവരീതികൾ സംഭവിക്കൂ. പ്രകൃതി ശാന്തമാകുമ്പോൾ, നമുക്കു സുരക്ഷിതത്വം തോന്നും, സുരക്ഷിതത്വം തോന്നുമ്പോൾ, നമ്മുടെ മസ്തിഷ്‌കം സങ്കല്പിക്കാനും സൃഷ്ടിക്കാനും ആശയങ്ങളെ ബന്ധിപ്പിക്കാനും ചിന്തിക്കാനും പ്രചോദനം നേടും. ഇത് ഒരു കാവ്യസങ്കല്പമല്ല-ഫിസിയോളജി അഥവാ ശരീരശാസ്ത്രപരമായ സത്യമാണ്.
സർഗാത്മകത മനുഷ്യരിൽ
മനുഷ്യർക്ക് സുരക്ഷിതത്വം, സൗഹൃദം, “ആരും തന്നെ വിധിക്കാൻ പോവുന്നില്ല” എന്ന ഉറപ്പ് എന്നിവ തോന്നുമ്പോഴാണ് സർഗാത്മക അവസ്ഥ അനുഭവപ്പെടുന്നത്. ചില ഉദാഹരണങ്ങൾ: പുതിയ സംഗീതം സൃഷ്ടിക്കുന്ന സംഗീതകാരൻ, ഗ്രാഫിക് കഥ പറച്ചിലിൽ മുഴുകിയിരിക്കുന്ന ഡിസൈനർ, തന്റെ പരീക്ഷണശാലയിൽ പരീക്ഷണങ്ങൾ നടത്തുന്ന ശാസ്ത്രജ്ഞ, ലെഗോ യൂണിറ്റുകൾകൊണ്ട് ഒരു ലോകം തന്നെ നിർമിക്കുന്ന കുട്ടി, അല്ലെങ്കിൽ കടലാസ് വഞ്ചിയോ വിമാനമോ നിർമിക്കുന്ന കുട്ടി, പരിസരം മറന്നിരുന്ന് എഴുതുന്ന സാഹിത്യകാരൻ, വിമർശനത്തെ ഭയക്കാതെ പരസ്പരം ആശയങ്ങൾ കൈമാറുന്ന ഒരു സംഘം മനുഷ്യർ... ഇവരൊക്കെ സർഗാത്മകാവസ്ഥയുടെ സ്വാതന്ത്ര്യം അനുഭവിക്കുന്നവരാണ്. ഈ ആളുകൾ react അഥവാ പ്രതിപ്രവർത്തനം ചെയ്യുകയല്ല, അവർ സൃഷ്ടിക്കുകയാണ്. അവരുടെ പ്രീഫ്രോണ്ടൽ കോർട്ടെക്സ് പൂർണമായും പ്രവർത്തിക്കുകയാണ്. അവരുടെ ‘സമ്മർദം നേരിടൽ സംവിധാനങ്ങൾ’ ശാന്തമാണ്. അവർ തുറന്നു സംവേദനം ചെയ്യുന്നവരും ഊർജസ്വലരുമാണ്. എന്തിന്, നിങ്ങളുടെ സുഹൃത്തിനെ കണ്ട്, രണ്ട് വാക്ക് സംസാരിച്ചു കഴിയുമ്പോൾ തോന്നുന്ന ആ ആശ്വാസംപോലും അതിജീവനാവസ്ഥയിൽനിന്നു സർഗാത്മകതയിലേയ്ക്കു കടക്കുന്നതിന്റെ ഉദാഹരണങ്ങളാണ്.
ശാരീരിക മാറ്റങ്ങൾ
ഒരാൾ അതിജീവന മോഡിൽനിന്ന് (പോരാട്ടം, ഓടിരക്ഷപ്പെടൽ, അല്ലെങ്കിൽ മരവിച്ചു പോവൽ) സൃഷ്ടിപരമായ മോഡിലേക്ക് (സുരക്ഷ, തുറന്ന മനസ്സ്, ജിജ്ഞാസ) മാറുമ്പോൾ, ശരീരം നാഡീവ്യവസ്ഥയുടെ ആധിപത്യം, ഹോർമോൺ സന്തുലിതാവസ്ഥ, തലച്ചോറിന്റെ പ്രവർത്തനം എന്നിവയിൽ ഗണ്യമായ മാറ്റത്തിനു വിധേയമാകുന്നു.
1. നാഡീവ്യവസ്ഥയുടെ മാറ്റം: അതിജീവന മോഡ് സിംപതെറ്റിക് നാഡീവ്യവസ്ഥയാൽ നയിക്കപ്പെടുന്നു: ഇതു ശരീരത്തെ വേഗത്തിൽ പ്രതികരിക്കാൻ സജ്ജമാക്കുന്നു (പോരാടുകയോ ഓടിപ്പോകുകയോ ചെയ്യുക); മറിച്ച് ശാന്തമായ ബന്ധത്തേയും സാമൂഹിക ഇടപെടലിനേയും നിയന്ത്രിക്കുന്ന പാരാ സിംപതെറ്റിക് നാഡീവ്യൂഹം, പ്രത്യേകിച്ച് വാഗസ് നാഡിയുടെ വെൻട്രൽ വാഗൽ ശാഖയാണ് സൃഷ്ടിപരമായ അവസ്ഥയെ പിന്തുണയ്ക്കുന്നത്.
2. ഹോർമോൺ മാറ്റങ്ങൾ: കോർട്ടിസോൾ (സ്‌ട്രെസ് ഹോർമോൺ) അളവ് കുറയുന്നു. ഓക്സിടോസിൻ (ബന്ധങ്ങളുടേയും വിശ്വാസത്തിന്റേയും ഹോർമോൺ), സെറോടോണിൻ (മൂഡ്‌നിയന്ത്രകം) എന്നിവ വർദ്ധിക്കുന്നു. പര്യവേഷണപരവും സൃഷ്ടിപരവുമായ അവസ്ഥകളിൽ ഡോപാമൈൻ വർദ്ധിക്കുന്നു, ജിജ്ഞാസയും അതിനുള്ള ഫലം കണ്ടെത്തലും ശക്തിപ്പെടുന്നു. ഈ ഹോർമോൺ മാറ്റങ്ങൾ അക്ഷരാർത്ഥത്തിൽ നിങ്ങളുടെ തലച്ചോറിന്റെ പ്രീഫ്രോണ്ടൽ കോർട്ടെക്സിനെ തുറക്കുന്നു, ഇത് ആസൂത്രണം, പ്രശ്നപരിഹാരം, സഹാനുഭൂതി, സർഗാത്മകത, തീരുമാനമെടുക്കൽ എന്നിവയ്ക്ക് വഴിതെളിക്കും ഉത്തരവാദിയാണ് (ഉയർന്ന സമ്മർദ സമയത്ത് ഈ പ്രവർത്തനങ്ങൾ നടക്കുകയില്ല അല്ലെങ്കിൽ മന്ദഗതിയിലാകും).
3. തലച്ചോറിന്റെ പ്രവർത്തനത്തിലെ മാറ്റങ്ങൾ: സർവൈവൽ മോഡ് അമിഗ്ഡാലയിലെ (ഭയ കേന്ദ്രം) പ്രവർത്തനം വർദ്ധിപ്പിക്കുന്നു, അതേസമയം പ്രീഫ്രോണ്ടൽ കോർട്ടെക്സിലേയും ഹിപ്പോകാമ്പസിലേയും (യുക്തി, ഓർമ, പഠനം) പ്രവർത്തനം കുറയ്ക്കുന്നു. സൃഷ്ടിപരമായ മോഡിൽ, അമിഗ്ഡാല പ്രവർത്തനം ശാന്തമാകുന്നു, അതേസമയം ഡിഫോൾട്ട് മോഡും മറ്റ് നിർവാഹക നാഡീവ്യൂഹങ്ങളും സജീവമാകുന്നു-പൂർണചിത്രത്തെക്കുറിച്ചു ചിന്തിക്കാനുള്ള മനസാന്നിധ്യം, ഭാവനാത്മകമായ പ്രശ്നപരിഹാരം, വൈകാരിക വഴക്കം, ഓർമകളെ വീണ്ടെടുക്കലും സംയോജനവും ഇവയൊക്കെ സാധ്യമാകുന്നു.
മൈൻ ക്രാഫ്റ്റും സൃഷ്ടിയുടെ ആനന്ദവും
ഭാവനാ സ്വാതന്ത്ര്യത്തിനും സൃഷ്ടിപരതയ്ക്കും മനുഷ്യജീവിതത്തെ എത്ര കണ്ട് സ്വാധീനിക്കാനാവും എന്നതിനു രസകരവും ചിന്തോദ്ദീപകവുമായ ഉദാഹരണമാണ് മൈൻക്രാഫ്റ്റ് എന്ന സോഫ്റ്റ്‌വെയർ ഗെയിം.
2009-ൽ മാർക്കസ് പെർസൺ വികസിപ്പിച്ചെടുത്ത മൈൻക്രാഫ്റ്റ്, ഭാവനാസ്വാതന്ത്ര്യം, സർഗാത്മകത, പര്യവേഷണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ഓപ്പൺ-എൻഡ് സാൻഡ്ബോക്സ് ഗെയിമായിട്ടാണ് രൂപകല്പന ചെയ്തത്. അതിന്റെ കാതലായ ഭാഗത്ത് കളിക്കാർക്ക് നിർമിക്കാനും ഖനനം ചെയ്യാനും കരവിരുത് കാട്ടാനും അതിജീവിക്കാനും കഴിയുന്ന ഒരു ലോകവുമായി സംവദിക്കാൻ കഴിയും. ഇതിൽ രണ്ട് പ്രാഥമിക മോഡുകൾ ആണുള്ളത്. നമ്മൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ക്രിയേറ്റീവ് അഥവാ സർഗാത്മക മോഡ്, ഇവിടെ കളിക്കാർക്ക് പരിധിയില്ലാത്ത അടിസ്ഥാന വിഭവങ്ങളുണ്ട്, ഭീഷണികളുമില്ല, ഭാവനയും നിർമിതിയുംകൊണ്ട് ആവോളം ആഘോഷിക്കാം; രണ്ടാമത്തേത് സർവൈവൽ മോഡാണ്, അതിൽ വിഭവങ്ങൾ ശേഖരിക്കുകയും ആരോഗ്യവും വിശപ്പും കൈകാര്യം ചെയ്യുകയും പാരിസ്ഥിതിക അപകടങ്ങളെ അഭിമുഖീകരിക്കുകയും ചെയ്യണം, പോരെങ്കിൽ വിമർശനാത്മക ചിന്തയും ചെറുത്തുനില്പും മുഖ്യം. തുറന്ന സർഗാത്മകതയും സമ്മർദത്തിൻ കീഴിലുള്ള പ്രശ്നപരിഹാരവും തമ്മിലുള്ള ഈ സന്തുലിതാവസ്ഥ മൈൻക്രാഫ്റ്റിനെ ഒരു ഗെയിം എന്നതിനെക്കാൾ നല്ലൊരു പരിശീലനക്കളരിയായി മാറ്റുന്നുണ്ട്. സ്ഥല വ്യാപ്തി സംബന്ധമായ (Spatial) യുക്തി, ആസൂത്രണം, സഹകരണം, ഡിജിറ്റൽ സാക്ഷരത എന്നിവ വളർത്തിയെടുക്കുന്നതിന് ഇത് വിദ്യാഭ്യാസരംഗത്ത് വ്യാപകമായി ഉപയോഗിച്ചു വരുന്നു. ഭാവനാ സ്വാതന്ത്ര്യത്തിനും സർഗാത്മകതയ്ക്കും ഉള്ള ഊന്നലാണ് ഈ ഉദാഹരണത്തിന്റെ പ്രസക്തി. സർവൈവൽ മോഡിൽപോലും പ്രശ്നപരിഹാരം, റിസോഴ്സ് മാനേജ്മെന്റ്, തന്ത്രപരമായ ആസൂത്രണം എന്നിവയിലൂടെ സർഗാത്മകത പ്രയോഗിക്കാൻ കഴിയും. ഒരു ആന്തരിക പ്രതിഫല സംവിധാനത്തിലാണ് മൈൻ ക്രാഫ്റ്റ് പ്രവർത്തിക്കുന്നത്: നിശ്ചിത ലെവലുകൾക്കോ ബാഹ്യ പ്രതിഫലങ്ങൾക്കോ പകരം അർത്ഥവത്തായ എന്തെങ്കിലും നിർമിക്കുന്നതിൽനിന്നോ ഗെയിമിൽ പ്രാവീണ്യം നേടുന്നതിൽനിന്നോ പുതിയ എന്തെങ്കിലും കണ്ടെത്തുന്നതിൽനിന്നോ കളിക്കാർക്ക് ആഴത്തിലുള്ള നേട്ടബോധം അനുഭവപ്പെടുന്നു. ഈ സ്വയംഭരണവും സ്വയം നിയന്ത്രിത മുന്നേറ്റവും കഴിവ്, ജിജ്ഞാസ, നിയന്ത്രണം എന്നീ ശക്തമായ മനുഷ്യ പ്രേരക ഘടകങ്ങളെ സ്വാധീനിക്കുന്നു: ആർക്കിടെക്ചർ, കോഡിംഗ് എന്നിവ മുതൽ ചരിത്രം വരെ പഠിപ്പിക്കാൻ ക്ലാസ്‌മുറികളിൽ ഇത് ഉപയോഗിക്കുന്നു-കൃത്യമായി പറഞ്ഞാൽ ഇത് കളിക്കാരെ അവരുടെ സ്വന്തം ലക്ഷ്യങ്ങൾ രൂപകല്പന ചെയ്യാനും പര്യവേഷണം ചെയ്യാനും സൃഷ്ടിക്കാനും അനുവദിക്കുന്നു.
അതിജീവന മോഡിന്റെ ആവേശവും ഉത്തേജനവും കടമെടുക്കുന്നു; പക്ഷേ, യഥാർത്ഥ ജീവിതത്തിലെ മാനസിക പ്രവർത്തനത്തെ തകരാറിലാക്കുന്ന വിട്ടുമാറാത്തതും അനിയന്ത്രിതവുമായ സമ്മർദത്തെ അരിച്ചുമാറ്റുന്നു. ഇത് അതിജീവനത്തെ സുരക്ഷിതവും ആകർഷകവുമായ വെല്ലുവിളിയാക്കി മാറ്റുന്നു, ചുരുക്കത്തിൽ അതിജീവനക്കളരിയിലും സർഗാത്മകത പാലിക്കാൻ പരിശീലിപ്പിക്കുന്നു
ജീവിതക്ലേശങ്ങളെ അതിജീവിച്ചവർ
അങ്ങേയറ്റത്തെ വൈകാരിക ക്ലേശം, ആഘാതം, ദാരിദ്ര്യം അല്ലെങ്കിൽ ഒറ്റപ്പെടൽ എന്നിവ അനുഭവിച്ചുകൊണ്ടാണ് പല മഹാപ്രതിഭകൾ അവരുടെ ഏറ്റവും ആഴമേറിയ കലാസൃഷ്ടികൾ സാക്ഷാല്‍ക്കരിച്ചിരിക്കുന്നത്. ചിത്രകാരിയായ ഫ്രിഡ കഹ്ലോ മാരകമായ ഒരു ബസ് അപകടത്തിനുശേഷം വിട്ടുമാറാത്ത ശാരീരിക വേദനയിൽ ജീവിച്ചു, വന്ധ്യത, പ്രക്ഷുബ്ധമായ വിവാഹം, രോഗം എന്നിവയുമായി മല്ലിട്ടു. അവരുടെ ചിത്രങ്ങൾ ട്രോമയെ നേരിടുന്നതിനും അസ്തിത്വ സ്ഥിരീകരണത്തിനുമുള്ള മാർഗമായി മാറി. വിൻസെന്റ് വാൻഗോഗ്, നമുക്കറിയാവുന്നതുപോലെ കഠിനമായ മാനസിക രോഗത്തോടും ദാരിദ്ര്യത്തോടും പോരാടി. 2,000-ത്തിലധികം കലാസൃഷ്ടികൾ സൃഷ്ടിച്ചു, അവയിൽ പലതും തീവ്രമായ മാനസിക അസ്വസ്ഥതയുടെ വേളകളിലായിരുന്നു. ചിത്രരചന അദ്ദേഹത്തിനു വൈകാരിക നങ്കൂരവും ജീവിതത്തിന് അർത്ഥവും ആയിരുന്നു എന്ന് അദ്ദേഹത്തിന്റെ കത്തുകൾ സൂചിപ്പിക്കുന്നു. കവിയും നോവലിസ്റ്റുമായ സിൽവിയ പ്ലാത്ത് തീവ്ര വിഷാദവും ആത്മഹത്യാ ചിന്തയുമായി മല്ലിട്ടിരുന്നു. വൈകാരിക തകർച്ചയുടെ സമയത്താണ് ബെൽ ജാർ തുടങ്ങിയ ശക്തമായ രചനകൾ സംഭവിച്ചത്. സംഗീതജ്ഞനായ ലുഡ്വിഗ് വാൻ ബീഥോവൻ ബധിരനായി; പക്ഷേ, മാസ്റ്റർപീസ് രചിക്കുന്നത് തുടർന്നു. നിരാശയോട് പോരാടി, പക്ഷേ, ആന്തരിക അസ്വസ്ഥതകളെ ഘടനാപരമായ സൃഷ്ടിയിലേയ്ക്ക് നയിക്കാൻ സംഗീതം ഉപയോഗിച്ചു.
പലപ്പോഴും സൃഷ്ടിപരമായ പ്രവർത്തനം വൈകാരികമായ അമിതഭാരങ്ങൾ കുറയാനും ഭയം, സങ്കടം, വേദന എന്നീ ദുരിതാനുഭവങ്ങൾ ജീവന് അനുകൂലമായ തരത്തിൽ രൂപാന്തരപ്പെടാനും കാരണമാകാറുണ്ട്. അനുഭവത്തെ പ്രതീകാത്മകവും ആഖ്യാനപരവുമായ ആവിഷ്‌കാരത്തിലൂടെ ഏകീകരിക്കാൻ മസ്തിഷ്‌കം ശ്രമിക്കുന്നു. കല, സംഗീതം, എഴുത്ത് എന്നിവ വ്യക്തികളെ പാരാസിംപതെറ്റിക് പാതകളിലേയ്ക്ക് അതായത് സുരക്ഷിതത്വത്തിലേയ്ക്ക് അഥവാ വൈകാരിക ‘സുഖപ്പെടലിലേയ്ക്ക്’ എത്താൻ സഹായിക്കുന്നു, ന്യൂറോസയൻസ് അനുസരിച്ച് ലിംബിക് ദുരിതങ്ങളെ കഥനം, പ്രതീകാത്മകത, സൗന്ദര്യാത്മക ചിത്രീകരണം എന്നീ സങ്കേതങ്ങളിലൂടെ പ്രീഫ്രോണ്ടൽ കോർട്ടെക്സിലേയ്ക്ക് കൊണ്ടുവരുന്നു. ഇതിലൂടെ വ്യക്തിയും വ്യഥയും സംയമനത്തിലും പൊരുത്തപ്പെടലിലും എത്തിച്ചേരുന്നു അഥവാ എത്തിച്ചേരാവുന്നതാണ്. ഇതിന് സൈക്കോ ന്യൂറോബയോളജിയിൽ സർഗാത്മക അന്തർദർശനത്തിൽനിന്നുള്ള ‘ടോപ്ഡൗൺ റെഗുലേഷൻ’ എന്നു പറയും.
2022-ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനാർഹയായ ആനി എർണോയുടെ ആത്മകഥാഖ്യാനങ്ങളിലെ ‘ഓർമകളുടെ അപനിർമാണ’ രീതി മേല്‍പ്പറഞ്ഞ ടോപ് ഡൗൺ റെഗുലേഷനു നിദാനമാകാം, ആ വിഷയത്തിൽ പഠനങ്ങൾക്കായി കാത്തിരിക്കുന്നു.
സർവൈവൽ സിനിമകൾ
സർവൈവൽ ത്രില്ലർ സിനിമകൾ കാണാൻ നമ്മിൽ പലർക്കും ഇഷ്ടമാണ്; സർവൈവൽ-ത്രില്ലർ സിനിമകളിൽ, കാഴ്ചക്കാർക്ക് ശാരീരികമായി സുരക്ഷിതരായിരിക്കുമ്പോൾത്തന്നെ ഭയം, സസ്‌പെൻസ്, ശാരീരിക ഉണർവ് എന്നിങ്ങനെ ഒരു അഡ്രിനാലിൻ കുതിപ്പ് ലഭിക്കുന്നു. എക്സൈറ്റേഷൻ-ട്രാൻസ്ഫർ സിദ്ധാന്തമനുസരിച്ച്, സസ്‌പെൻസ് സമയത്ത് പിരിമുറുക്കവും ഉല്‍ക്കണ്ഠയും വർദ്ധിക്കുകയും ഭീഷണി പരിഹരിച്ചുകഴിഞ്ഞാൽ അത് ഉല്ലാസത്തിലേക്കും വൈകാരിക വിടുതലിലേക്കും മാറുകയും ചെയ്യുന്നു. പരിണാമപരവും മനഃശാസ്ത്രപരവുമായ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് ഹൊറർ, അതിജീവന ഫിക്ഷൻ എന്നിവ സുരക്ഷിതമായ സ്ഥലത്ത് ഭീഷണികൾക്കായി മാനസികമായി തയ്യാറെടുക്കാൻ നമ്മെ അനുവദിക്കുന്നു പ്രതിരോധശേഷിയും വികാരവിരേചനവും പ്രോത്സാഹിപ്പിക്കുന്നു.
ഭയം അവസാനിച്ചതിനുശേഷം, അതു നേരിടുന്നതിനുള്ള ശരീരസംവിധാനങ്ങൾ പുനഃസജ്ജമാക്കുന്നു, ഇത് നിരവധി കാഴ്ചക്കാർക്ക് തുടർച്ചയായ സമ്മർദത്തിനുപകരം ആശ്വാസവും ഉന്മേഷവും നൽകുന്നു. അടുത്തിടെ ഇറങ്ങിയ മഞ്ഞുമ്മൽ ബോയ്‌സ്, ആടുജീവിതം, ടേക്ക് ഓഫ് തുടങ്ങിയ മലയാള സിനിമകളും ഗ്രാവിറ്റി, 127 Hours, Martian തുടങ്ങിയ ഹോളിവുഡ് സിനിമകളും ഇത്തരുണത്തിൽ ഓർക്കാവുന്നതാണ്.
അതിജീവനത്തിന്റേയും സൃഷ്ടിപരതയുടേയും ജീവശാസ്ത്രം ഒരു സാർവത്രിക സത്യം വെളിപ്പെടുത്തുന്നു: നമ്മുടെ ശരീരങ്ങളും മനസ്സുകളും അതിജീവനത്തിനും സർഗാത്മകതയ്ക്കും സജ്ജമാണ്, ഈ രണ്ടവസ്ഥകളുടേയും സംതുലനം തന്നെയാണ് അഭികാമ്യം. ഈ അവസ്ഥകൾക്കു പിന്നിലെ ശാസ്ത്രം മനസ്സിലാക്കുന്നതിലൂടെ, പലപ്പോഴും അമിതസമ്മർദം തോന്നുന്ന ഒരു ലോകത്ത് നമുക്ക് സന്തുലിതാവസ്ഥ വീണ്ടെടുക്കാൻ കഴിയും. പ്രകൃതിയിൽനിന്ന് നമുക്ക് ഒരു സൂചന എടുക്കാം: അപായ സാഹചര്യങ്ങളെ അതിജീവിക്കുകതന്നെ വേണം പക്ഷേ, കഴിയുമ്പോഴെല്ലാം സർഗാത്മകമായിരിക്കുക. മനഃപൂർവമായ പരിശീലനങ്ങളിലൂടെ നമുക്ക് ഗിയർ മാറ്റാൻ കഴിയും, സംഗീതം കേൾക്കുക, പാടുക, ചിത്രം വരയ്ക്കുക, എഴുതുക അല്ലെങ്കിൽ പ്രകൃതിയിൽ നടക്കുകപോലും ചെയ്യുന്നത് കോർട്ടിസോൾ കുറയ്ക്കുകയും പാരാസിംപതിറ്റിക് സിസ്റ്റത്തെ സജീവമാക്കുകയും ചെയ്യുന്നു. കുഞ്ഞുങ്ങളെ സ്കൂളിൽ സുംബാ പഠിപ്പിക്കുന്നതും അവരുടെ സ്വാഭാവിക സർഗാവസ്ഥയെ ഉദ്ദീപിപ്പിക്കും. ഇത്തരം സ്വയം പുതുക്കൽ പ്രവർത്തനങ്ങളിൽ സ്വന്തം ആരോഗ്യ പരിരക്ഷയും ഉൾപ്പെടും! സ്‌ക്രീൻ സമയം കുറയ്ക്കുക, വിശ്രാന്തിയിലിരിക്കാൻ അല്പം സമയം കണ്ടെത്തുക ഇതൊക്കെത്തന്നെ ആധുനിക ജീവിതത്തിന്റെ സമ്മർദങ്ങളിൽനിന്ന് സർഗാത്മകതയെ വീണ്ടെടുക്കുന്നു. വീണ്ടും പറയട്ടെ ഇത് ശാസ്ത്രസത്യമാണ്, കാവ്യഭാവനയല്ല!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates