കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച നോവലുകളിലൊന്നാണ് ‘തപോമയിയുടെ അച്ഛൻ.’ ഒരിന്ത്യൻ എപ്പിക് തലത്തിലേയ്ക്കുയർന്ന ഈ കൃതിയുടെ രചനാപശ്ചാത്തലം കൊൽക്കത്ത, മുംബൈ, ഡൽഹി തുടങ്ങിയ നഗരങ്ങളാണ്. ജ്ഞാനഭാരവും മുംബൈയുടെ പശ്ചാത്തലത്തിലാണ്. കഥകളിലും ഇന്ത്യൻ നഗരങ്ങൾ പശ്ചാത്തലമാകുന്നുണ്ട്. ആഖ്യാനസ്ഥാനത്ത് മലയാളിയാണ്. വിശാലമായ ഇന്ത്യൻ ഭൂമികകൾ കഥാപശ്ചാത്തലമാക്കുന്ന ഈ പ്രവണതയെ, മാറ്റത്തെ ഒന്നു വിശദീകരിക്കാമോ?
ഈ അഭിപ്രായത്തിനു വളരെ നന്ദി. നമ്മുടെ നോവലുകളിൽ മുന്‍പും കേരളത്തിന്റെ ഭൂമികയെ മറികടന്നുള്ള രചനകൾ വന്നിട്ടുണ്ടല്ലോ. എന്റെ കാര്യത്തിൽ 2015-ൽ കേരളം വിട്ടുപോകുന്ന സാഹചര്യമുണ്ടായി. മൂന്നു വലിയ നഗരങ്ങളിൽ താമസിക്കാനും ജോലി ചെയ്യാനുമൊക്കെ സാധിച്ചു. ആ ഒരു വ്യത്യാസമാണ് പിന്നീടുള്ള കഥകളിലും നോവലിലും വരുന്നത്. അപരിചിതമായ സ്ഥലങ്ങൾ കണ്ണാടികൾപോലെയാണ്. നമ്മുടെത്തന്നെ അനുഭവങ്ങളെ വ്യത്യസ്തമായ രീതിയിൽ അവ മാറ്റി പ്രതിഫലിപ്പിക്കുന്നു. പല നിറങ്ങളിൽ, രൂപങ്ങളിൽ. അതൊരു വലിയ സ്വാതന്ത്ര്യമാണ്. പക്ഷേ, അത് നമുക്കുള്ളിൽ ലയിച്ചുചേർന്നിരിക്കണം എന്നുമാത്രം. ഷെർലക് എന്ന കഥയെഴുതുമ്പോൾ എം.ടിയുടെ സാഹിത്യഭൂമികയിൽ വന്ന ഉയരം ശ്രദ്ധേയമായിരുന്നു. ‘കാർമെൻ’ എന്ന കഥ കഥകളിക്കാരനെക്കുറിച്ച്, സർവ്വസാധാരണമായ പ്രണയഭംഗത്തെക്കുറിച്ചാണ് പറയുന്നതെന്നുണ്ടെങ്കിലും വെനീസിലും വാരണാസിയിലുമുള്ള ലൊക്കേഷനുകൾ അതിനെ എത്ര വ്യത്യസ്തമായ തലത്തിലേയ്ക്കു മാറ്റി എന്നു നോക്കുക.
മനുഷ്യന്റെ ജീവിതസമസ്യകളുടെ വിശദീകരണം തേടുന്ന കൃതികൾ, ദാർശനികമാനമുള്ള വാക്കുകളിലൂടെ, സാധാരണ മനുഷ്യന്റെ ദുരിതഭാരങ്ങളുടെ പശ്ചാത്തലത്തിൽ ആനന്ദാണ് മലയാള സാഹിത്യത്തിനു പരിചിതമാക്കിയത്. ‘അഭയാർത്ഥികൾ’, ‘മരുഭൂമികൾ ഉണ്ടാകുന്നത്’ എന്ന കൃതികൾ ഓർക്കാം. ബോംബെയുടെ പശ്ചാത്തലത്തിൽ എഴുതിയ ‘ജ്ഞാനഭാരത്തിൽ’, ‘ആൾക്കൂട്ടത്തിലൂടെ’ പരിചയപ്പെട്ട ബോംബെയെക്കുറിച്ച് താങ്കൾ ഓർമ്മിക്കുന്നുമുണ്ട്. ‘തപോമയിയുടെ അച്ഛൻ’ എഴുതുമ്പോൾ മലയാളത്തിലേയോ ലോകസാഹിത്യത്തിലേയോ ഏതെങ്കിലും എഴുത്തുകാർ, സംഭവങ്ങൾ ആശയപരമായി പ്രചോദിപ്പിച്ചിട്ടുണ്ടോ?
ജ്ഞാനഭാര’ത്തിന്റെ രചനാകാലത്തുതന്നെ മനസ്സിലുണ്ടായിരുന്ന പ്രമേയമായിരുന്നു തപോമയിയുടേത്. അഞ്ചു വർഷംകൂടി കഴിഞ്ഞാണ് അതെഴുതുന്നത് എന്നുമാത്രം. പ്രശ്നം, അതെഴുതാൻ പോന്ന ഒരു തുടക്കം അത്രയും കാലം കിട്ടിയില്ല എന്നുള്ളതായിരുന്നു. ഒരു കൃതിയും ഭാവനകൊണ്ടുമാത്രം സാധ്യമാവുന്ന ഒന്നല്ല എന്നറിയാമല്ലോ. ഇത്രയും കാലത്തെ വായന, ജീവിതാനുഭവങ്ങൾ, കണ്ടുമുട്ടിയ മനുഷ്യർ, സന്ദർശിച്ച, ജീവിച്ച ഇടങ്ങൾ ഇവയെല്ലാം പല അളവുകളിൽ ഒരു രചനയുടെ പിറകിലുണ്ടാവും. ‘തപോമയിയുടെ അച്ഛനിൽ’ വളരെക്കാലം മുന്‍പ് ആലോചിച്ചുവെച്ച, എഴുതാൻ സാധിക്കാതിരുന്ന ഒരു പ്രമേയത്തിന്റെ സാക്ഷാൽക്കാരമുണ്ട്. അതിന്റെ കേന്ദ്രതന്തുതന്നെയാണ് ഈ നോവലിലും സൂക്ഷിച്ചിട്ടുള്ളത്. അന്നത്തേതിൽനിന്നും ഒട്ടുമാറിയ ജീവിതപരിസരങ്ങളും തിരിച്ചറിവുകളും അതിനെ ഇപ്പോഴുള്ള രീതിയിലാക്കി മാറ്റി എന്നു പറയണം. ഈ നോവലിനുവേണ്ടി കുറച്ചൊക്കെ ഗവേഷണം വേണ്ടിവന്നിട്ടുണ്ട്. എന്നാൽ, അതൊക്കെ പലതരം ചരിത്രപുസ്തകങ്ങളോ രേഖകളോ ഒക്കെയായിരുന്നു. സാഹിത്യകൃതികളല്ല. പിന്നെ, രചനാവേളയിൽ സാന്ദോർ മറായിയുടെ ‘എംബേഴ്‌സ്’ എന്ന നോവൽ വായിച്ചിരുന്നു എന്നോർക്കുന്നു. അതാവട്ടെ, വളരെ മുന്‍പ് ഞാൻ വായിച്ച് ലേഖനമെഴുതിയിട്ടുള്ള പുസ്തകമാണ്. ജീവിതബന്ധങ്ങളുടെ ആഴം കാണിച്ചുതരുന്ന ഒരു നോവലാണ് അത്. തപോമയിയുടെ പ്രമേയവുമായി അതിനു ചേർച്ചയൊന്നുമില്ല. പക്ഷേ, മനുഷ്യർ തമ്മിലുള്ള സംഘർഷങ്ങളുടെ ഗന്ധകപ്പുരപോലെ അതിന്റെ താളുകൾ നിശ്ശബ്ദതയിൽ നിലകൊള്ളുന്നതു കാണാം.
യുദ്ധവും പ്രകൃതിക്ഷോഭങ്ങളും ആട്ടിപ്പായിക്കുന്ന അഭയാർത്ഥികളുടെ ജീവിതദുരന്തങ്ങളുടെ മഹാഖ്യായികയാണ് അതിവൈകാരികതയുടെ കലർപ്പില്ലാതെ ‘തപോമയിയുടെ അച്ഛനി’ലൂടെ പുറത്തുവന്നത്. ആഴമില്ലാത്ത സന്തോഷങ്ങൾ നൽകുന്ന കൃതികൾ സാമൂഹ്യമാധ്യമങ്ങളിലൂടെ ആഘോഷിക്കപ്പെടുന്ന ഇക്കാലത്ത് തപോമയിയുടെ അച്ഛനെപ്പോലുള്ള ആഴമുള്ള ഒരു കൃതി എഴുതുന്നതിനു പിന്നിലെ തീരുമാനങ്ങളും നിശ്ചയബോധ്യങ്ങളും വിപണി നൽകുന്ന സമ്മർദ്ദങ്ങളും പങ്കുവയ്ക്കാമോ?
എഴുത്തിന്റെ ഗൗരവം നമ്മൾ ചെറുപ്പത്തിലേ ആർജ്ജിക്കുന്നതാണ്. അത്തരം കൃതികളേ നമ്മെ വായനയിലും ആകർഷിക്കുന്നുള്ളൂ. അതുകൊണ്ട് ഒരു ഫീച്ചർ വായിക്കുമ്പോഴും അതിനുള്ളിൽ സന്നിഹിതമായിട്ടുള്ള ജീവിതത്തിന്റെ കനവും ആഴവുമാണ് നോക്കുന്നത്. ഒന്നിനേയും വിധി കല്പിക്കുന്നതിലും ആരേയും വിധിക്കുന്നതിലും കാര്യമില്ല. സന്ദർഭങ്ങളെ പല കോണുകളിൽനിന്നും മനസ്സിലാക്കാൻ ശ്രമിക്കുകയാണ് വേണ്ടത്. ‘തപോമയിയുടെ അച്ഛനി’ൽ ഉറഞ്ഞുകൂടുന്ന കുറ്റബോധത്തിന് ഒരു പരിഹാരവുമില്ല. ഇരുട്ടുനിറഞ്ഞ ഒരു കോടതിമുറിയിൽ അകപ്പെട്ടതുപോലെ അയാൾ സ്വയം വിചാരണ ചെയ്തുകൊണ്ടേയിരിക്കും. അത്തരം ആശയങ്ങളെ കഥയും നോവലുമാക്കുക എന്നതാണ് എന്റെ എക്കാലത്തേയും രീതി. വിപണി വരുന്നത് എഴുത്തിനു ശേഷമല്ലേ? വ്യാപാരത്തെ തള്ളിക്കളയേണ്ടതൊന്നുമില്ല. നല്ലതിനേയും വിപണിക്കു മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. ഇക്കാലത്ത് അതിനൊക്കെ കൂടുതൽ സാധ്യതകളുണ്ട്. എങ്കിലും വിപണി ഒരു മാനദണ്ഡമല്ല എന്നു പറയാറുണ്ട്. ശരിയാണത്.
ഇ. സന്തോഷ് കുമാറിനെ വായിക്കുന്നവർ, വാക്കുകളുടെ ചാരുതകളിലല്ല മൂർച്ചയേറിയ പ്രമേയത്തിൽത്തന്നെയാകും തങ്ങിനിന്നുപോകുക. എന്നാൽ, ‘തപോമയിയുടെ അച്ഛനി’ൽ, ഭാഷ കവിതയാകുന്ന നിരവധി മുഹൂർത്തങ്ങളുണ്ട്. ഗോപാൽ ബറുവയുടെ ഡയറിക്കുറിപ്പുകൾ കവിതകളായിത്തന്നെയാണ് എഴുതപ്പെട്ടവയെന്നു തോന്നും. അപൂർവ്വ ശോഭയുള്ള വരികളിലേയ്ക്ക് എത്തിച്ചേർന്നതെങ്ങനെയാണ്?
നല്ല വാക്കുകൾക്കു നന്ദി. ഓരോ സന്ദർഭത്തിനും അതിന് അനുസൃതമായൊരു ഭാഷ സ്വയം രൂപപ്പെട്ടുവരികയാണ് ചെയ്യുക. രൂപത്തിലോ എഴുത്തിലോ വലിയ പരീക്ഷണങ്ങൾക്കു നില്‍ക്കാത്ത ഒരാളാണ് ഞാൻ. അത് എന്റെ വഴിയല്ലെന്നു കരുതുന്നു. അതേസമയം ഭാഷയുടെ ചാരുതകൾ സാക്ഷാൽക്കരിക്കാൻ ശ്രമിക്കുന്ന രചനകൾ മുന്‍പും ഞാൻ എഴുതിയിട്ടുണ്ട്. വാക്കുകൾ, കുന്നുകൾ നക്ഷത്രങ്ങൾ, ചിദംബര രഹസ്യം എന്നീ ചെറുനോവലുകളിൽ അത്തരമൊരു ഭാഷ ഇതിൽക്കൂടുതൽ കാണാം. അന്ധകാരനഴിയിലും പലപ്പോഴും അങ്ങനെയുണ്ട്. ലളിതമായ പദങ്ങളുടെ ഇണക്കം, ദൃശ്യസാധ്യതയുള്ള കല്പനകൾ ഇവയൊക്കെ പ്രമേയവുമായി ബന്ധപ്പെട്ട് തനിയേ വരുന്നതാണ്.
താങ്കളുടെ രചനകളിൽ പൊതുവെ ആലങ്കാരികമായ ആർഭാടം കുറവാണ് എന്നു പറഞ്ഞുവല്ലോ. ഇത്തരം കാര്യങ്ങൾ ഉപയോഗിക്കുമ്പോഴും ജൈവബിംബങ്ങളും ജൈവികമായ ഉപമകളും തെരഞ്ഞെടുക്കുന്നതിൽ ഒരു പ്രത്യേക ശ്രദ്ധ പുലർത്തുന്നതായി തോന്നിയിട്ടുണ്ട്. ഉദാഹരണമായി അഭയാർത്ഥികളെ വേരുറയ്ക്കാത്ത ജലസസ്യത്തോടാണ് തപോമയിയുടെ അച്ഛനിൽ ഉപമിച്ചിരിക്കുന്നത്. എഴുത്തിലെ ഇത്തരം തെരഞ്ഞെടുപ്പുകളെക്കുറിച്ച് പറയാമോ?
ഓരോ മനുഷ്യനും ഒരു പ്രത്യേകരീതിയിലാണ് ഒരു സന്ദർഭത്തെ മനസ്സിലാക്കുക. കാഴ്ചയിലുമുണ്ടാവും ഒരു വ്യതിരിക്തത. ബിംബങ്ങളൊക്കെ അത്തരം കാഴ്ചകളുടെ പരിണതിയാണ്. മനപ്പൂർവ്വം അതിനു ശ്രമിച്ചാൽ കൃത്രിമമായിപ്പോകും. സുന്ദർബൻസിൽ പോയപ്പോഴാണ് ജലത്തിൽ വേരുറപ്പിച്ചു പിടിച്ചുനില്‍ക്കാൻ ശ്രമിക്കുന്ന ജലസസ്യങ്ങളെ കാണുന്നത്. അവിടത്തെ ഗ്രാമീണരുടെ ജീവിതത്തിനും ആ സ്വഭാവമുണ്ട്. ഒട്ടേറെ പ്രളയങ്ങൾ, കൊടുങ്കാറ്റുകൾ, വന്യജീവികളുമായുള്ള സംഘർഷം: അവരും തങ്ങളുടെ ജീവിതം വേരുറപ്പിക്കാൻ ശ്രമിക്കുന്നത് അതീവലോലമായ ചില ഊന്നുകളിൽ പിടിച്ചുനിന്നുകൊണ്ടാണ്. അഭയാർത്ഥികളുടെ കാര്യം കുറേക്കൂടി സങ്കീർണ്ണമാണെന്നു തോന്നുന്നു.
വാർദ്ധക്യാവസ്ഥയിലുള്ളവരുടെ ജീവിതം ആവിഷ്‌കരിക്കുന്ന കൃതികളാണ് ‘ജ്ഞാനഭാര’വും ‘തപോമയിയുടെ അച്ഛനും.’ പാറപ്പുറത്തിന്റെ ‘അരനാഴികനേരം’ ഒരു വൃദ്ധന്റെ വീക്ഷണത്തിലൂടെ, പല തലമുറകളുടെ കഥ പറയുകയായിരുന്നു. മുട്ടയോളം വലിപ്പമുള്ള ധാന്യമണികളിലെ ഉമ്മയെ ഓർക്കുന്നു. വാർദ്ധക്യാവസ്ഥയിലുള്ളവരുടെ ജീവിതം ഇന്ന് സാഹിത്യത്തിൽ അനുതാപത്തോടെ എഴുതപ്പെടുന്നുണ്ടോ?
എത്രമേൽ കറുപ്പിച്ചാലും ആവുംവിധം മിനുക്കിയാലും കസർത്തെടുത്താലും ഒടുവിൽ നമ്മെത്തേടിയെത്താൻ പോകുന്ന നിശ്ചിതത്വത്തിന്റെ പേരാണ് വാർദ്ധക്യം. ലോകം വയസ്സു ചെന്നവരുടേതുകൂടിയാണ്. ഓർമ്മകൾ പോയി, വെറും കൂടുകൾപോലെ നിലകൊള്ളുന്ന മനുഷ്യരെ ആവിഷ്‌കരിക്കാതെ ഇനി സാഹിത്യത്തിനു മുന്നോട്ടുപോവുക സാധ്യമല്ല. അങ്ങനെ എത്രയോ വലിയ രചനകൾ ഉണ്ടായിട്ടുണ്ട്, ഉണ്ടാവുന്നുണ്ട്. പ്രായംചെന്ന കുറേ മനുഷ്യരുമായുള്ള ഇടപെടലുകളിൽനിന്നാണ് ഈ പറയുന്ന രചനകളിലെ കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുള്ളത്. അവരോടു സംസാരിക്കുമ്പോൾ കടന്നുപോയ വലിയൊരു കാലത്തോടു മുഖാമുഖം നില്‍ക്കുന്നതുപോലെ തോന്നും. ഭൂഗുരുത്വം ഇരട്ടിക്കും. എൻ.എസ്. മാധവന്റെ ‘മഞ്ഞപ്പതിറ്റടി’ എന്ന കഥ ഓർമ്മവരുന്നു. വാർദ്ധക്യത്തിന്റെ കവാടം കടന്ന് അനതിവിദൂരമായ മരണത്തിലേയ്ക്ക് ദൃഷ്ടിയൂന്നുന്ന ഒരു ചിത്രകാരന്റെ കഥയാണത്. എല്ലാവർക്കും വേണ്ടിയുള്ള ഒരു ചുവരെഴുത്തായിട്ടാണ് സൂക്ഷ്മവായനയിൽ ആ കഥ അനുഭവപ്പെടുക.
എല്ലാ മനുഷ്യരും മൊബൈൽ ഫോണുകളും കുത്തി എത്രനേരം വേണമെങ്കിലും പാഴാക്കിക്കോളും എന്ന വിമർശനം ‘തപോമയിയുടെ അച്ഛനി’ൽ കാണാം. സാങ്കേതികവിദ്യയുടെ മടിത്തട്ടിൽ പിറന്നുവീഴുന്നവരാണല്ലോ പുതിയ തലമുറ. അവരുടെ സർഗ്ഗാത്മകജീവിതത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത്? അവരുടെ പ്രണയങ്ങളും ഇച്ഛകളും താല്പര്യങ്ങളും താങ്കളുൾപ്പെടെയുള്ള മുതിർന്ന എഴുത്തുകാർക്ക് മലയാള സാഹിത്യത്തിൽ ഫലപ്രദമായി ആവിഷ്‌കരിക്കാൻ കഴിഞ്ഞിട്ടുണ്ടോ? അവർക്കിടയിൽനിന്നും ഉയർന്നുവരുന്ന എഴുത്തുകാർക്ക് സാധിക്കുന്നതായി തോന്നിയിട്ടുണ്ടോ?
പുതിയ തലമുറയെക്കാൾ മൊബൈൽ ഫോൺ ലഹരിക്ക് അടിമപ്പെട്ടു ജീവിക്കുന്നത് മധ്യവയസ്കരായ ഞങ്ങളാണെന്നു തോന്നുന്നു. പുതിയ കുട്ടികൾ അവരുടെ കാര്യങ്ങൾ അതിലൂടെ നടത്തുന്നുണ്ട്, വായിക്കുന്നുണ്ട്. അതേസമയം, നമ്മുടെ തലമുറ സോഷ്യൽ മീഡിയയിൽ പ്രതിബിംബം നോക്കിക്കൊണ്ടേയിരിക്കുന്ന നാർസിസിറ്റുകളായി മാറിയിട്ടുണ്ടെന്ന ഒരാത്മവിമർശനം ഉന്നയിക്കട്ടെ. സ്വന്തം കാര്യങ്ങളെക്കുറിച്ചുള്ള നമ്മുടെയത്രയും ഉല്‍ക്കണ്ഠ പുതിയ തലമുറയ്ക്കില്ല. അവർ അതാതു കാലങ്ങളിൽ ജീവിക്കുന്നു. നമുക്കു ഭൂതകാലത്തിന്റെ മാറാപ്പുകൾ കയ്യൊഴിയാനോ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ മാറ്റിവയ്ക്കാനോ സാധിക്കുന്നില്ല എന്നു തോന്നിയിട്ടുണ്ട്. നാം എപ്പോഴും ക്യാമറയ്ക്കു മുന്നിലെന്നപോലെ അഭിനയിക്കാൻ ശ്രമിക്കുന്നു. മറ്റുള്ളവരുടെ ഇടങ്ങളിലേയ്ക്ക് എത്തിനോക്കുന്നു. പുതിയ കുട്ടികൾ കുറേക്കൂടി സ്വതന്ത്രരാണ്. അവർക്ക് ആരെയും ബോധ്യപ്പെടുത്തേണ്ടതില്ലെന്നു തോന്നുന്നു. ചെറിയ വിമർശനങ്ങളിലൊന്നും അവർ വാടുകയില്ല.
പുതിയ തലമുറയുടെ ജീവിതത്തെ ആസ്പദമാക്കുന്ന രചനകൾ എനിക്ക് എഴുതേണ്ടിവന്നിട്ടില്ല. അതിന്റെ സമയമാവുമ്പോൾ സാധിക്കുമായിരിക്കും. എന്നാൽ, അത്ഭുതകരമായ എഴുത്തുകൾ പുതിയ തലമുറയിൽനിന്നുതന്നെ വരുന്നുണ്ട്. അവ പ്രകാശിപ്പിക്കാൻ പോന്ന ഇടങ്ങൾ നമ്മൾ അവർക്കു നല്‍കുന്നുണ്ടോ എന്നു പരിശോധിക്കണം. പ്രസിദ്ധീകരണങ്ങൾ മാത്രമല്ല, സാഹിത്യോത്സവങ്ങളിൽ, ചർച്ചകളിൽ, വേദികളിലൊക്കെ ചെറുപ്പക്കാർക്ക് സ്ഥലം അനുവദിക്കാത്ത സാഹചര്യങ്ങളുണ്ട്. ഇനി അങ്ങനെ അനുവദിച്ചില്ലെങ്കിൽക്കൂടിയും അവരുടെയിടയിൽനിന്നും വലിയ രചനകൾ ഉണ്ടാവുമെന്നുതന്നെയാണ് എന്റെ പ്രതീക്ഷ. ഇപ്പോൾത്തന്നെ അതിന്റെ വലിയ സൂചനകളുണ്ടായിട്ടുണ്ട്.
ഏറ്റവും നല്ല വായനക്കാരാണ് നല്ല എഴുത്തുകാരെല്ലാം. നല്ല വായനക്കാർ എഴുതുന്നതുപോലെ വായിക്കണമെന്നാണ് വിർജീനിയ വൂൾഫിനെപ്പോലുള്ളവരുടെ അഭിപ്രായം. താങ്കളുടെ വായനയുമായി ബന്ധപ്പെട്ട താല്പര്യങ്ങളും കാഴ്ചപ്പാടുകളും വ്യക്തമാക്കാമോ? റെയ്‌മണ്ട് കാർവർ എന്ന എഴുത്തുകാരൻ താങ്കളുടെ രചനകളിൽ സുപ്രധാനമായ സ്ഥാനത്ത് ഒന്നിലധികം പ്രാവശ്യം പരാമർശിക്കപ്പെട്ടിട്ടുണ്ട്. പ്രിയപ്പെട്ട എഴുത്തുകാരനാണോ? റെയ്‌മണ്ട് കാർവറെക്കുറിച്ച് പറയാമോ?
ഒരു അക്കാദമിക്കിന്റെ വായനയല്ല എന്റേത്. പണ്ടൊക്കെ ചില എഴുത്തുകാരുടെ എല്ലാ രചനകളും തേടിപ്പിടിച്ചു വായിക്കുമായിരുന്നു. ഇപ്പോൾ കുറച്ചൊക്കെ വായിക്കുന്നു. ഏറിയ കൂറും നമ്മുടെ രചനയ്ക്ക് ആവശ്യമായതു വായിക്കുന്നു. പലപ്പോഴും നോൺഫിക്ഷൻ വായിക്കുന്നുണ്ട്. പക്ഷേ, എന്തുകൊണ്ടാണെന്നറിയില്ല, അവയെ ഞാനെന്റെ വായനകളുടെ കൂട്ടത്തിൽ കണക്കാക്കാറില്ല. ഫിക്ഷനും കവിതയും വായിക്കുകയാണെങ്കിൽ അതു വായനയായി പരിഗണിക്കും. കവിത കുറവാണ്. ഈയിടെ വീണ്ടും ചിലതെല്ലാം വായിക്കാൻ ശ്രമിക്കുന്നുണ്ട്.
50 വയസ്സുവരെ മാത്രം ജീവിച്ച, ജീവിതത്തിന്റെ ഭൂരിഭാഗവും ദുരിതത്തിൽ കഴിഞ്ഞ മഹാപ്രതിഭയായിരുന്നു റെയ‌്മണ്ട് കാർവർ. ചെഖോവിനെപ്പോലെ, ഹെമിംഗ്‌വേയെപ്പോലെ അസാമാന്യനായ ഒരു കഥാകാരൻ. പത്തോ എഴുപതോ കഥകളും കുറച്ചു കവിതകളും മാത്രമേ അദ്ദേഹത്തിന് എഴുതാൻ കഴിഞ്ഞിട്ടുള്ളൂ. മദ്യാസക്തിയും അതുമായി ബന്ധപ്പെട്ട രോഗങ്ങളും അദ്ദേഹത്തെ ദുരിതത്തിലേക്കും ഒരുപക്ഷേ, മരണത്തിലേയ്ക്കും നയിച്ചു. 20-ാം നൂറ്റാണ്ടിലെ കഥയിലെ വലിയൊരു കാലത്തിന്റെ പേരാണ് റെയ്‌മണ്ട് കാർവർ. അങ്ങനെ ഒറ്റവാക്യത്തിൽ ഒതുക്കാവുന്നതല്ല അദ്ദേഹത്തിന്റെ ലോകം. കാർവറെക്കുറിച്ച് കൂടുതൽ എഴുതാനുണ്ട്.
ഇരുട്ടിന്റെ മറയുണ്ടാവുന്നതുവരെ സ്ത്രീകൾ മൂത്രമൊഴിക്കാൻപോലും പോകാതെ കാത്തിരിക്കുന്നു എന്ന് അഭയാർത്ഥികളുമായി ബന്ധപ്പെട്ട് ‘തപോമയിയുടെ അച്ഛനി’ൽ പറയുന്നുണ്ട്. അഭയാർത്ഥിയായ പർവീണയുടേയും അവളുടെ അമ്മയുടേയും കഥ ചെറിയ തോതിൽ കടന്നുവരുന്നുമുണ്ട്. സ്ത്രീജീവിതകേന്ദ്രിതമായി അഭയാർത്ഥി പ്രശ്നങ്ങൾ ആവിഷ്‌കരിക്കുന്ന രചനകൾ പുറത്തുകൊണ്ടുവരുന്നത്, ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും ക്രൂരമായ മനുഷ്യാവകാശലംഘനങ്ങളുടെ ആവിഷ്‌കരണങ്ങളാകുമെന്നത് തീർച്ചയായ കാര്യമാണ്. അത്തരം ലോകം എഴുത്തിൽ കടന്നുവരുന്നതിനെക്കുറിച്ച്?
ഇന്ത്യയിലും പുറത്തുമായി ചില അഭയാർത്ഥി ക്യാമ്പുകൾ സന്ദർശിക്കാനുള്ള അവസരങ്ങളുണ്ടായിട്ടുണ്ട്. ചിലരോടു സംസാരിച്ചു, അവരുടെ ജീവിതത്തെ അറിഞ്ഞു. ഭൗതികസാഹചര്യങ്ങളിൽ വലിയ വ്യത്യാസമുള്ളപ്പോൾപ്പോലും അഭയമന്വേഷിച്ചുവരുന്ന, തുടരുന്ന മനുഷ്യരുടെ ജീവിതം ഏതൊക്കെയോ നിലയിൽ സമാനമാണെന്നു കണ്ടു. അതിനേക്കുറിച്ചും വായിക്കുകയും ചില ഡോക്യുമെന്ററികൾ കാണുകയും ചെയ്തിട്ടുണ്ട്. നോവൽ എഴുതിത്തീർന്നതിനുശേഷമാണ് ദില്ലിയിൽ റോഹിങ്ക്യൻ അഭയാർത്ഥികളുടെ ക്യാമ്പ് പോയി കാണുന്നത്. എഴുതിയതുപോലെത്തന്നെ അതീവ ദയനീയമാണ് അവിടത്തെ സാഹചര്യങ്ങൾ. സ്വാഭാവികമായും സ്ത്രീകളും കുട്ടികളും കൂടുതൽ കഷ്ടപ്പെടുന്നുണ്ടാവുമല്ലോ. പ്രാണരക്ഷയ്ക്കുവേണ്ടിയാണ് മനുഷ്യരധികവും അഭയാർത്ഥികളാവുന്നത്. ജീവൻ നിലനിർത്താനായി ഏതു പ്രതികൂല സാഹചര്യങ്ങളിലും അവർക്കു കഴിയേണ്ടിവരുന്നു. ലോകരാഷ്ട്രീയത്തിലെ ഗതിവിഗതികളുടേയും മതഭ്രാന്തിന്റേയും അധികാരമത്സരങ്ങളുടേയും ഇരകളാണ് ഇവരെല്ലാം. ഇപ്പോൾ വരുന്ന കാലാവസ്ഥാ അഭയാർത്ഥികളെ വേറെ കാണണം. അതിനു പിന്നിലും രാഷ്ട്രീയവും സാമ്പത്തികവുമായ ഘടകങ്ങളുണ്ട് എന്നിരിക്കിലും. ഇനിയുള്ള കാലത്ത് ഇത്തരം പ്രമേയങ്ങൾ ഫിക്ഷനിൽനിന്ന് ഒഴിവാക്കുക സാധ്യമല്ല. കാരണം നമ്മുടെയെല്ലാം ജീവിതത്തിന്റെ ഭാഗമായിത്തീർന്നു ഈ കുടിയേറ്റങ്ങൾ, സഞ്ചാരങ്ങൾ. ഘടനയിലും സൗകര്യങ്ങളിലും ചില മാറ്റങ്ങൾ കാണാം, പക്ഷേ, നാടുവിട്ടുപോക്ക് എന്ന സംഗതിയിൽനിന്നുളവാകുന്ന പതർച്ചകൾക്കു സാദൃശ്യമുണ്ട്.
ഡൊണാൾഡ് ട്രമ്പിനെപ്പോലുള്ള ഭരണാധികാരികളുടെ വരവ് അഭയമന്വേഷിക്കുന്നവരുടേയും കുടിയേറ്റക്കാരുടേയും മനസ്സിൽ കൂടുതൽ നിസ്സഹായത സൃഷ്ടിക്കും എന്നു തോന്നുന്നു. ട്രമ്പിനെ സംബന്ധിച്ച് ലോകം വലിയൊരു റിയൽ എസ്റ്റേറ്റായിട്ടാണ് തോന്നുന്നത്. ഗ്രീൻലന്റിന്റെ കാര്യത്തിലും പനാമയുടെ കാര്യത്തിലും ഇപ്പോൾ ഗാസയിലെ മനുഷ്യരെ പസഫിക് ദ്വീപുകളിലേക്കു കൊണ്ടുപോകണം എന്നു പറയുന്നതിലുമൊക്കെ ഒരു റിയൽറ്ററുടെ ദൃഷ്ടി കാണാം. നമ്മുടെ നാട്ടിലെ മനുഷ്യർ ഇക്കാര്യത്തിൽ പലപ്പോഴും ട്രമ്പിനു കയ്യടിക്കുന്നതിൽ വൈരുദ്ധ്യമുണ്ട്. അറുപതുകളിൽ കള്ളലോഞ്ചു കയറി ഗൾഫിൽ പോയി കേരളം കരുപ്പിടിപ്പിച്ചതിന്റെ സാഹചര്യം നമ്മൾ പെട്ടെന്നു മറക്കുന്നു. ഒരുതരത്തിൽ സാമ്പത്തികരംഗത്തു നടന്ന നവോത്ഥാനമായിരുന്നു അത്. ഞാൻ ഗ്രീൻ ബുക്സിന്റെ സ്ഥാപകനായിരുന്ന കൃഷ്ണദാസിന്റെ ‘ദുബായ്‌പുഴ’ എന്ന നോവൽ ഓർക്കുന്നു, ‘പത്തേമാരി’ എന്ന സിനിമ ഓർക്കുന്നു.
മനുഷ്യരെ മനുഷ്യരാക്കി മാറ്റിനിർത്തുന്നത് തലച്ചോറല്ല, ഹൃദയമാണെന്നു ഞാൻ വിശ്വസിക്കുന്നു എന്ന് തപോമയി പറയുന്നുണ്ട്. ജ്ഞാനഭാരത്തിൽ മനുഷ്യന്റെ വ്യഥകൾക്ക് സ്ഥാനമില്ലാത്ത വിജ്ഞാനത്തെ വിമർശിക്കുന്നുണ്ട്. വായനാവ്യായാമം എന്ന രൂക്ഷമായ പ്രയോഗം തന്നെ കാണാം. അന്ധകാരനഴിയിലും പ്രസ്ഥാനങ്ങളുടേയും സൈദ്ധാന്തിക പ്രയോഗങ്ങളുടേയും യാന്ത്രികതയെ വിമർശിക്കുന്നതു കാണാം. എഴുത്തിലും വായനയിലും ജീവിതത്തിലും പുലർത്തേണ്ട അടിസ്ഥാന സമീപനത്തെക്കുറിച്ചാണോ താങ്കൾ ഇവിടെയെല്ലാം പറയുന്നത്?
മനുഷ്യപ്പറ്റില്ലാത്തവരുടെ പാണ്ഡിത്യംകൊണ്ടെന്തു കാര്യം? ഏറ്റവും ഉന്നതമായ ശിരസ്സുകളിൽനിന്നും വിധ്വംസകമായ ആശയങ്ങളും പ്രമേയങ്ങളും പുറത്തുവരുന്നു. അവ ക്രൗര്യത്തോടെ പ്രയോഗിക്കപ്പെടുന്നു. തലച്ചോറിനുമേൽ ഹൃദയാലുത്വത്തിന്റെ ഒരു നിയന്ത്രണം (regulation) ആവശ്യമുണ്ടെന്നാണ് എന്റെ വിശ്വാസം. നിർമ്മിതബുദ്ധിയുടെയൊക്കെ കാലത്ത് വിശേഷിച്ചും.
താങ്കളുടെ അതിമനോഹരമായ രചനയാണ് ‘വാക്കുകൾ’ എന്ന ചെറുനോവൽ. ഡബ്ബിംഗ് ആർട്ടിസ്റ്റായ നായികയ്ക്ക്, കഠിനമായ ജീവിതാനുഭവങ്ങളുടെ ആഘാതംമൂലം വാക്കുകൾ നഷ്ടമാകുന്ന അവസ്ഥ-മൂകയായി മാറുന്ന അവസ്ഥ-ഒന്നിലധികം തവണ അനുഭവപ്പെടുന്നുണ്ട്. മുൻഭർത്താവ് മരിച്ചു എന്നറിയുന്ന അവസരത്തിലാണ് ഒരു പ്രാവശ്യം ശബ്ദം തിരിച്ചുകിട്ടുന്നത്. ജീവിതത്തിലെ അധികാര പ്രയോഗങ്ങളെല്ലാം വാക്കുകൾ നഷ്ടമാക്കുന്ന അവസ്ഥയായി വിശദീകരിക്കുന്നതു കാണാം. യുദ്ധം പൊതുവെ നിശ്ശബ്ദരായിരുന്ന മനുഷ്യരെ കൂടുതൽ നിശ്ശബ്ദരാക്കുന്ന കാര്യമാണെന്ന വിമർശനം ‘തപോമയിയുടെ അച്ഛനി’ൽ കാണാം. ‘തപോമയിയുടെ അച്ഛനി’ലെ സുമനയുടേയും പർവീണയുടേയും വാക്കുകളിലെ റോസ്‌ലിന്റേയും നിശ്ശബ്ദതയ്ക്ക് ആൺകോയ്മയുടേതായ മറ്റൊരു മാനംകൂടിയുണ്ട്. അധികാരങ്ങൾ അടിച്ചേല്പിക്കുന്ന നിശ്ശബ്ദതകൾക്കെതിരെ വാക്കുകൾകൊണ്ടു നടത്തുന്ന സമരമാണോ എഴുത്ത്?
മനുഷ്യമനസ്സിന്റെ ആഴം അളക്കുക വയ്യ. പുറത്തേയ്ക്ക് ഒന്നും പ്രസരിപ്പിക്കാനാവാത്ത വസ്തുക്കൾ പോലെ ചിലപ്പോൾ അതിനെ ഇരുട്ടു ബാധിക്കുന്നു. അപ്പോൾ തോന്നും ഏറ്റവും വാചാലമായ അവസ്ഥ മൗനമാണെന്ന്. ‘വാക്കുകളിൽ’ അതു സൂചിപ്പിക്കുന്നുണ്ട്, പലപ്പോഴും വിയോജിപ്പുകൾക്കല്ല, നിശ്ശബ്ദതകൾക്കാണ് കൂടുതൽ പ്രഹരശേഷിയുള്ളതെന്ന്. ഈ പറയുന്ന കഥാപാത്രങ്ങളുടെ നിർമ്മിതിയിൽ മൗനത്തിനു വലിയ പ്രാധാന്യമുണ്ട്. വാക്കുകൾ തിരിച്ചുപിടിക്കാനായി റോസിലിൻ എന്ന കഥാപാത്രത്തിനു തന്റെ ഭൂതകാലത്തിന്റെ ചില കെട്ടുപാടുകൾ അഴിച്ചുകളയേണ്ടതുണ്ടായിരുന്നു. അവയിൽ തമ്പാൻ എന്ന കഥാപാത്രവുമായുള്ള ബന്ധത്തിൽ വരുന്ന ചില വിള്ളലുകളുണ്ട്. അവ സൃഷ്ടിക്കുന്നതിൽ അവൾക്കു തന്നെയുള്ള വിഹിതത്തെക്കുറിച്ചുള്ള കുറ്റബോധമുണ്ട്. തപോമയിയിലെ അഭയാർത്ഥികളായി വരുന്ന സുമനയിൽനിന്നും പർവീണയിൽനിന്നും അവരുടെ ദേശം മാത്രമല്ല, ജീവിതത്തിലെ ബന്ധങ്ങളും മുറിച്ചുമാറ്റപ്പെട്ടിരിക്കുന്നു. അവരിൽനിന്നും പുറത്തുവരാവുന്ന വാക്കുകൾക്കു പരിമിതിയുണ്ട്. സ്നേഹം നഷ്ടപ്പെടുന്നവർക്ക് സ്വന്തമെന്നു പറയാവുന്ന വാക്കുകളും ഭാഷയും ഒപ്പം നഷ്ടപ്പെടുന്നു.
ദുരന്തപര്യവസായിയായ പ്രമേയങ്ങളോട് ആഭിമുഖ്യം പുലർത്തുന്ന മനസ്സായിരുന്നിട്ടും രാഷ്ട്രീയം ആക്ഷേപഹാസ്യ രീതിയിൽ എഴുതിയ നോവലാണ് ‘തങ്കച്ചൻ മഞ്ഞക്കാരൻ.’ ഈ കൃതി ‘മദനോത്സവം’ എന്ന പേരിൽ സിനിമയാക്കപ്പെട്ടിട്ടുമുണ്ട്. ജനാധിപത്യത്തെ വിമർശനപരമായി വീണ്ടെടുക്കാൻ ഉദ്ദേശിച്ച് രചിക്കപ്പെട്ട ഈ കൃതിയെക്കുറിച്ച് പറയുമോ?
ഇത് ആക്ഷേപഹാസ്യം എന്ന നിലയിൽ രചിക്കപ്പെട്ട കൃതിയാണെന്നുണ്ടെങ്കിലും മഞ്ഞക്കാരന്റെ ഭാഗത്തുനിന്നു നോക്കിയാൽ അതിനൊരു ദുരന്തപൂർണ്ണമായ അവസാനമാണുള്ളത്. ജനാധിപത്യവ്യവസ്ഥയിൽ വോട്ടുചെയ്യാൻ മാത്രമുള്ള ലഘുവായ അവകാശങ്ങളുള്ള ഒരു മൂന്നാംലോക പൗരനാണ് അയാൾ. അധികാരരാഷ്ട്രീയ പ്രക്രിയയുടെ നിസ്സഹായനായ ഇര. അയാളുടെ ദുരന്തത്തിന്റെ ചിത്രീകരണവുമായിട്ടാണ് കഥ അവസാനിക്കുന്നത്. സിനിമ അതിനെ ഉപജീവിച്ച് എടുത്ത മറ്റൊരു മാധ്യമത്തിലെ സൃഷ്ടിയാണ്. അതിൽ എന്റെ പങ്ക് ഇല്ലെന്നുതന്നെ പറയാം. സിനിമയ്ക്ക് എഴുതാനുള്ള സ്കിൽസെറ്റുള്ള ആളല്ല ഞാൻ. അതു സംവിധായകന്റേയും മറ്റു പ്രവർത്തകരുടേയും സംയുക്തമായ പ്രവർത്തനങ്ങളുടെ ഫലമാണല്ലോ. മറ്റൊരു കാര്യം പറയാം: ഒരു രഹസ്യം. സാഹിത്യത്തിലൂടെ വീണ്ടെടുക്കാവുന്ന ഒന്നല്ല മൂല്യബോധമുള്ള ജനാധിപത്യം. അതിനു മറ്റനേകം ഘടകങ്ങൾ ഒത്തുവരണം. കലാകാരന്മാർക്ക് ഒരു ദൃക്‌സാക്ഷിയുടെ പങ്കേ ഉള്ളൂ, പരമാവധി ഒരു സഞ്ജയന്റെ റോൾ. നിരീക്ഷണവും റിപ്പോർട്ടിങ്ങും.
അനുഭവങ്ങളുടെ സൂക്ഷ്മശ്രേണികളിൽനിന്നു വർത്തമാനകാലത്തെക്കുറിച്ചുള്ള ആഴമേറിയ ഉൾക്കാഴ്ചകൾ പങ്കുവയ്ക്കാനാണ് ഇ. സന്തോഷ് കുമാർ ശ്രമിച്ചുപോന്നിട്ടുള്ളത് എന്ന് എൻ. ശശിധരൻ വിലയിരുത്തിയിട്ടുണ്ട്. ഏറ്റവും മികച്ച കഥകളായ ‘ഗാലപ്പഗോസ്’, ‘മൂന്നു വിരലുകൾ’, ‘മുട്ടയോളം വലുതായ ധാന്യമണികൾ’, ‘നീചവേദം’ തുടങ്ങിയതുപോലുള്ള കഥകളിലേയ്ക്ക് എത്തിച്ചേർന്നതെങ്ങനെയാണ്?
ഈ കഥകൾക്കെല്ലാം പിറകിൽ വലിയ കഥകളുണ്ട്. അതു വിവരിക്കുക ഈ അഭിമുഖത്തിന്റെ വിസ്തൃതിയെ ഇനിയും കൂട്ടാനിടയുണ്ടെന്നു തോന്നുന്നു. ‘ഗാലപ്പഗോസ്’ എന്റെ ഏറ്റവും ആദ്യകഥകളിലൊന്നാണ്, എറണാകുളത്തെ ഒരു ലോഡ്ജിലിരുന്ന് ഒറ്റയടിക്ക് എഴുതിയത്. അതിനു പിന്നിൽ ബാല്യകാലമുണ്ട്, അതിലെ കാഴ്ചകളുണ്ട്, ‘ഏകാന്തതയുടെ 100 വർഷങ്ങൾ’ എന്ന വലിയ കൃതിയുടെ വായന തന്ന ആവേശമുണ്ട്. മൂന്നു വിരലുകൾ ഒരു കലാകാരന്റെ സൗന്ദര്യത്തെക്കുറിച്ചുള്ള ഉല്‍ക്കണ്ഠയും അതിനെ സ്വന്തമാക്കി നിർത്താനുള്ള (possessiveness) അഭിനിവേശവുമാണ്. മൂന്നു വിരലുകളിലെ പ്രമേയം പല രീതിയിൽ പിൽക്കാലത്തും ഞാൻ ഉപയോഗിക്കുന്നുണ്ട്. ‘പച്ചകുത്തുന്നവൾ’ പോലുള്ള കഥ ഉദാഹരണം. ‘മുട്ടയോളം വലുപ്പമുള്ള ധാന്യമണികൾ’, അക്കാലത്ത് ടോൾസ്‌റ്റോയിയുടെ ചില നീതിസാരകഥകളുടെ സമകാലിക വായനാശ്രമത്തിന്റെ ഭാഗമാണ്. ആധുനിക ജീവിതത്തിലെ അരികുവല്‍ക്കരണവും തീവ്രവാദത്തോടുള്ള ഭീതിയും അതിലെ വാസ്തവികതയുമെല്ലാം ആ രചനയ്ക്കു പിന്നിൽ കാണാം. ‘നീചവേദം’ 1997-ൽ ആദ്യമായി കൊൽക്കത്തയിൽ പോയപ്പോഴുള്ള ഒരനുഭവമാണ്. അന്നു വളരെ വൈകി, പാതിരാത്രിയോടടുത്താണ് വണ്ടി ഹൗറ സ്റ്റേഷനിലെത്തുന്നത്. പക്ഷേ, കഥയിലെ ഭൂമിക കൊൽക്കത്തയല്ല, ഉത്തരേന്ത്യയിലെ പേരു പറയാത്ത ഒരു പട്ടണമായി. ആ യാത്രയിൽ ഒരപരിചിതനായ യാത്രക്കാരൻ ഉന്നയിച്ച ചോദ്യം, അതായത് ‘ഗാന്ധിയൻ സന്മാർഗ്ഗം’ വായിച്ചിട്ട് ഈ കെട്ടകാലത്ത് എങ്ങനെ ജീവിക്കും എന്നത്, അന്നത്തെ ഉത്തരേന്ത്യൻ രാഷ്ട്രീയ പശ്ചാത്തലത്തിലേയ്ക്കു മാറ്റി നോക്കുകയായിരുന്നു. അരികുവല്‍ക്കരിക്കപ്പെട്ട ഒരു ജനത വലിയ തോതിൽ ഹിംസയെക്കുറിച്ച് ആലോചിക്കുമ്പോഴും തികച്ചും സാത്വികമായ രീതിയിൽ പ്രവർത്തിക്കുന്നതിന്റെ ചിത്രീകരണമാണ് ‘നീചവേദം.’ ഇതാണ് ഈ കഥകളുടെ ചുരുക്കം.
ജീവിതത്തിലെ ദുഃഖാനുഭവങ്ങളെ ചിത്രീകരിക്കുന്നതിലൂടെയാണ് ഒരെഴുത്തുകാരൻ പരീക്ഷിക്കപ്പെടുന്നത് എന്നു വിശ്വസിക്കുന്നുവെന്നു പറഞ്ഞിട്ടുള്ള എഴുത്തുകാരനാണല്ലോ. ‘ജ്ഞാനഭാര’വും ‘തപോമയിയുടെ അച്ഛനും’ മലയാള ഭാഷയ്ക്ക് നൽകപ്പെട്ട ദാർശനിക വ്യക്തതയുള്ള ദുഃഖഭാരമേറിയ കൃതികളാണ്. കദനഭാരം നിറഞ്ഞ കാലവും അനുഭവങ്ങളും എങ്ങനെയാണ് എഴുത്തിന്റെ ശക്തിയാകുന്നത്?
എല്ലാ സന്തുഷ്ടകുടുംബങ്ങളും ഒരേപ്പോലെയാണ്; സങ്കടപ്പെടുന്ന ഓരോ കുടുംബത്തിന്റേയും കഥകൾ വ്യത്യസ്തമാണെന്നല്ലേ ‘അന്ന കരിനീന’യിലെ പ്രാരംഭവാക്യം? എഴുത്തിന് ആഴവും ഭാരവും കൈവരുന്നത് ദു:ഖഭരിതമായ സന്ദർഭങ്ങളെ ആവിഷ്‌കരിക്കാൻ ശ്രമിക്കുമ്പോഴാണ്. അതാണ് അനുഭവം. ഹാസ്യത്തിനുപോലും മഹത്വം കൈവരുക, അതു വേദനയിൽനിന്നും ഉരുവം കൊള്ളുമ്പോഴാവണം. പരാജയവും ആത്മപീഡനവും നിസ്സഹായതയുമൊക്കെയാണ് കലയുടെ ഇന്ധനം. പാടുകൾ മാഞ്ഞാലും ഓർമ്മകളിലെ വ്രണം ഉണങ്ങാതെ നില്‍ക്കും. അതിനു വൈയക്തികമായ മുറിവുകൾതന്നെ വേണമെന്നില്ല.
മനുഷ്യർ നക്ഷത്രശോഭയാർജ്ജിക്കുന്ന അനുഭവമാണ് പ്രണയത്തിന്റേത്. പ്രണയത്തിന്റെ അതീവ മനോഹാരിത പകരാൻ പറ്റുന്ന കൃതികൾ താങ്കൾ എഴുതിയിട്ടില്ല. പലതിലും ജീവിതത്തിന്റെ പാരുഷ്യത്താൽ പ്രണയം വറ്റിപ്പോയ അവസ്ഥയുടെ വിവരണമാണ് കാണുന്നത്. ‘വാക്കുകൾ’ എന്ന കൃതിയാണ് ഇക്കാര്യത്തിൽ വ്യത്യസ്തമെന്നു തോന്നുന്നു. അധികം വ്യക്തമാക്കാത്ത, ചാരുതയേറിയ ഒരു സ്ത്രീപുരുഷ ബന്ധത്തിന്റെ മായക്കാഴ്ചകൾ ആ കൃതിയിലുണ്ട്. തപോമയിയുടെ അച്ഛന്റെ ഓർമ്മകളിൽ അത്തരമൊന്ന് തിളയ്ക്കുന്നുണ്ട്. എന്നാൽ, സുമനയിൽ അതില്ലതാനും. ഇക്കാലത്ത് ചിരിക്കുക എന്നതുപോലും വലിയ കാര്യമല്ലേ എന്ന ചോദ്യം പല തലങ്ങളിൽ താങ്കളുടെ കൃതികൾ ഉയർത്തുന്നുണ്ട്. ഈ കാലത്ത് പ്രണയവും അങ്ങനെയാണെന്നാണോ?
റെയ്നര്‍ മാരിയ റിൽക്കേയുടെ ‘യുവകവിക്കുള്ള കത്തുകളിൽ’ ഒരു കാര്യം പറയുന്നുണ്ട്. “പ്രണയകാവ്യങ്ങൾ അരുത്; അവയുടെ നിർമ്മിതി കഠിനമാണ്. പ്രണയകാവ്യങ്ങളുടെ ശ്രേഷ്ഠമായൊരു പാരമ്പര്യം സമൃദ്ധമായി ഉണ്ടെന്നിരിക്കെ, അത്തരം കാവ്യങ്ങളുടെ സ്വതന്ത്രമായൊരു സൃഷ്ടി സാധ്യമാകുന്നതിന് ഏറ്റവും പക്വവും ഉന്നതവുമായ സർഗ്ഗശേഷി ആവശ്യമുണ്ട്.” അത്തരം ഉദാത്തമായൊരു സർഗ്ഗാത്മകതയുടെ ഊർജ്ജം ഇനിയും സംഭരിക്കാനായിട്ടില്ല എന്നേ എന്റെ കാര്യത്തിൽ പറയാനുള്ളൂ. അതുകൊണ്ട് മുറിഞ്ഞുപോയ പ്രണയങ്ങളെ ആവിഷ്‌കരിക്കാനാണ് ഇപ്പോൾ എന്റെ ശ്രമം.
പിന്നെ, അത്രയും സഫലമായ പ്രണയാനുഭവം-അങ്ങനെയൊന്നുണ്ടോ? ഇക്കാര്യത്തിൽ ഒരു സന്ദേഹി എന്റെയുള്ളിലുണ്ട്. പ്രണയവും ഉടുപ്പുകൾപോലെ മുഷിയുന്നു എന്ന തോന്നലാണ് കഥകളിൽ പ്രവർത്തിക്കുമ്പോൾ എന്റെ സന്ദേഹം. അങ്ങനെയല്ലാത്ത പ്രണയങ്ങളെ ഭാവിയിൽ ആവിഷ്‌കരിക്കാൻ കഴിയുമായിരിക്കും. അറിഞ്ഞുകൂടാ. ചില കൃതികൾക്കു ശ്രമിച്ചിരുന്നു, പ്രമേയം പ്രണയങ്ങളായതുകൊണ്ടാവാം, അവയെല്ലാം പാതിവഴിയിൽ നിന്നുപോയി. എപ്പോഴെങ്കിലും പൂർത്തിയാക്കാൻ കഴിയുമായിരിക്കും: ഒരു ചെറിയ നെരിപ്പോടിനടുത്തിരുന്നു തീ കായുന്ന എന്റെയുള്ളിലുള്ള ആ സ്വാർത്ഥനായ മനുഷ്യൻ അതിന് അനുവദിക്കുമെന്നുണ്ടെങ്കിൽ.
ഇപ്പോൾ സൂചിപ്പിച്ച റിൽക്കയുടെ ‘യുവകവിക്കുള്ള കത്തുകൾ’ എന്ന കൃതി താങ്കൾ വിവർത്തനം ചെയ്തിട്ടുണ്ട്. ഈ കൃതിക്ക് മലയാളത്തിൽ വേറെയും വിവർത്തനങ്ങൾ കണ്ടിട്ടുണ്ട്. റിൽക്കെയുടെ കൃതി വിവർത്തനം ചെയ്യാനുള്ള സാഹചര്യം വ്യക്തമാക്കാമോ?
28 കൊല്ലം മുന്‍പ് 1997-ലാണ് ഞാൻ ആ വിവർത്തനം ചെയ്യുന്നത്. അന്ന് കഥകളൊക്കെ വാരികകളിലേയ്ക്കയച്ചാൽ മടങ്ങിവരുമല്ലോ. അതിൽ വലിയൊരു അപകർഷം തോന്നാറുണ്ട്. രചനകൾ ആളുകളെ കാണിക്കാനുള്ള മടി. വിവർത്തനമാവുമ്പോൾ മറ്റൊരാളുടെ രചനയല്ലേ, ആളുകൾ പരിഹസിക്കില്ലല്ലോ എന്ന ഉറപ്പിൽനിന്നും തുടങ്ങിയതാണ്. എല്ലാ പരിമിതികൾക്കുള്ളിലും ആ വിവർത്തനം നല്ലതായിരുന്നു എന്നു തോന്നുന്നു. ഒരു തെറ്റ് അതിന്റെ തുടക്കത്തിൽത്തന്നെ വന്നുപോയിട്ടുണ്ട്. വലിയൊരു കവിയെക്കുറിച്ചുള്ള അറിവില്ലായ്മകൊണ്ട്. അതെല്ലാം പരിഹരിച്ച് പുതുതായി അതൊന്നുകൂടി വിവർത്തനം ചെയ്യണമെന്നാണ് ആഗ്രഹം. കേരളത്തിലെ പുതിയ എഴുത്തുകാരും മികച്ച വായനക്കാരും ആ കത്തുകൾ വായിക്കുകയാണെങ്കിൽ നന്നായി.
വിവർത്തനം മൂലകൃതിയുടെ മാറ്റൊലിയാണ്; പുനർനിർമ്മിതിയാണ് എന്നാണ് വാൾട്ടർ ബെഞ്ചമിൻ പറയുന്നത്. ഇന്ന് മലയാളത്തിൽ ശ്രദ്ധിക്കപ്പെടുന്ന കൃതികളെല്ലാം വ്യാപകമായി ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്യപ്പെടുന്നതായിക്കാണാം. സ്വന്തം കൃതികളുടെ വിവർത്തനങ്ങളെ എങ്ങനെ കാണുന്നു? അവയുടെ ദൗത്യം എന്താണെന്നാണ് കരുതുന്നത്?
ഇനിയും കൂടുതൽ വിവർത്തനങ്ങൾ വരണം. നമുക്കു മികച്ച കൃതികളുണ്ട്. മുന്‍പിറങ്ങിയവയും ഇപ്പോൾ വരുന്നവയും. അവയൊക്കെ ലോകത്തിനു മുന്നിൽ വരുന്നതു നല്ലതല്ലേ? പരിമിതി എന്താണെന്നുവച്ചാൽ നമുക്കു വളരെ കുറച്ചു വിവർത്തകരാണുള്ളത്. അവരുടെ എണ്ണത്തിന്റെ എത്രയോ ഇരട്ടി കൃതികൾ എല്ലാ വർഷവും ഉണ്ടാവുന്നു. അതുകൊണ്ട് വിവർത്തകരുടെ കൈകളിൽ അടുത്ത കുറെ വർഷത്തേയ്ക്കെങ്കിലുമുള്ള രചനകൾ ബാക്കിയുണ്ടാവും എന്നാണ് എന്റെ വിചാരം. അതെന്തായാലും മലയാളത്തിൽനിന്നും ധാരാളം വിവർത്തനങ്ങൾ വരുകയും അവയെല്ലാം വലിയ പുരസ്കാരങ്ങൾ നേടുകയോ ചുരുക്കപ്പട്ടികകളിൽ വരുകയോ ഒക്കെ ചെയ്യുന്നത് ആശാവഹമായ കാര്യമാണ്. അത് സർക്കാർ തലത്തിൽപ്പോലും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ടെന്നു തോന്നുന്നു. സാമ്പത്തികമായി വരുമാനം ലഭിക്കാൻ പോന്ന ഒരു തൊഴിൽ എന്ന നിലയിൽ വിവർത്തനം മാറുകയാണെങ്കിൽ കൂടുതൽ പ്രതിഭകൾ ഈ രംഗത്തേയ്ക്കു വരും. വിശേഷിച്ചും ഇംഗ്ലീഷിൽ നല്ല പരിജ്ഞാനമുള്ള കുട്ടികളുടെ ഒരു തലമുറ ഇപ്പോൾ ഉയർന്നുവരുന്നുണ്ട്. അവർ നല്ല വായനക്കാരുമാണ്. ഇപ്പോഴുള്ള നമ്മുടെ മികച്ച വിവർത്തകരുടെ പങ്കാളിത്തത്തോടെ സർവ്വകലാശാലാതലത്തിൽ വിവർത്തനത്തിനുള്ള ചില കോഴ്‌സുകൾ തുടങ്ങുന്നതു നന്നായിരിക്കും. പ്രസാധകർ, സന്നദ്ധസംഘങ്ങൾ, സാംസ്കാരിക വകുപ്പ്, ഏതു ഭാഗത്തുനിന്നായാലും പരിഭാഷയ്ക്ക് കൂടുതൽ സഹായസഹകരണങ്ങൾ എത്തിക്കേണ്ടതുണ്ട്.
ഇംഗ്ലീഷിൽ എന്റെ രണ്ടു കൃതികളാണ് വന്നിട്ടുള്ളത്. ഇപ്പോഴുള്ള ‘ട്രാൻസ്‌ലേഷൻ ബൂം’ വരുന്നതിനു മുന്‍പാണ് ‘അന്ധകാരനഴി’ വിവർത്തനം പ്രസിദ്ധീകരിക്കുന്നത്. പിന്നെ 10-11 കഥകൾ ചേർത്ത് ഒരു സമാഹാരവും. കുറച്ചുനേരത്തേ ബസ് പിടിച്ചു എന്നു തോന്നിയിട്ടുണ്ട്.
മലയാളത്തിൽ ഏറ്റവും അധികം സ്വാധീനിച്ചിട്ടുള്ള എഴുത്തുകാരൻ ആരാണ്?
അങ്ങനെ ഒരാളില്ല, പലർ... എല്ലാ നല്ല രചനകളും എന്നെ സ്വാധീനിക്കുന്നു. അവ വീണ്ടും വായിക്കാൻ ശ്രമിക്കുന്നു. ഏറ്റവും പഴയ രചനകൾ മുതൽ ഇപ്പോൾ സജീവമായിക്കൊണ്ടിരിക്കുന്ന പുതിയ കഥാകൃത്തുക്കളുടെ തലമുറവരെ എന്റെ രചനകളുടെ പൈതൃകമാണ്. വായനയിൽ പലപ്പോഴും അവയ്ക്കൊപ്പം ഓടിയെത്താൻ പറ്റുന്നില്ല എന്നു തോന്നാറുണ്ട്. നൂറുകണക്കിനു രചനകൾ ഇറങ്ങിക്കൊണ്ടേയിരിക്കുന്നു. നമ്മളും എഴുതിക്കൊണ്ടിരിക്കുകയും അതിനുവേണ്ടി പണിയെടുക്കുകയും ചെയ്യുന്നതിനാൽ പല രചനകളും വായിക്കാനാവാതെ ബാക്കിനില്‍ക്കുന്നു.
തകഴിയുടെ ‘അവനു കിട്ടിയ നിധി’, ഉറൂബിന്റെ ‘അന്നത്തെ കൂലി’ തുടങ്ങിയ കഥകളിലെ ദളിതരായ തൊഴിലാളികൾ, യജമാനന്മാരോട് അന്തമില്ലാത്ത വിധേയത്വവും ഭയഭക്തിബഹുമാനങ്ങളും ചോദ്യമില്ലാത്ത അനുസരണവും പുലർത്തുന്നവരാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, ടി.കെ.സി. വടുതലയുടെ കഥകളിലെ തൊഴിലാളികളായ ദളിത് കഥാപാത്രങ്ങൾ നിബന്ധനയില്ലാതെ വിശ്വസ്തതയും വിധേയത്വവും അനുസരണയും പ്രകടിപ്പിക്കുന്നവരല്ല. ‘ജ്ഞാനഭാര’ത്തിലെ കൈലാസ് പാട്ടീലും ‘തപോമയിയുടെ അച്ഛനി’ലെ ഗോപാൽ ബറുവയും തങ്ങളുടെ മുതലാളിമാരോട് അങ്ങേയറ്റം ഭക്തിയും ബഹുമാനവും പുലർത്തുന്നവരായി അനുഭവപ്പെട്ടു. അവർ രണ്ടുപേരും നല്ല സൗകര്യമുള്ള വീട്ടിൽ ജീവിക്കുന്നവരാണ്; അതും സ്വന്തം യജമാനന്മാർ സംരക്ഷിക്കണമെന്ന കരാറിൽ വാടകയില്ലാതെ താമസിക്കാൻ നൽകിയ വീടുകളിൽ. ഈ രണ്ടു കഥാപാത്രങ്ങളും മേലാള സൗഹാർദ്ദപരമായി സൃഷ്ടിക്കപ്പെട്ടവയാണെന്നു നിരീക്ഷിച്ചാൽ?
അതൊരു നല്ല നിരീക്ഷണമാണ്. തകഴി കുട്ടനാടിന്റെ, ഒരുപക്ഷേ, കേരളത്തിന്റെ ചരിത്രം എഴുതുകയായിരുന്നു. അദ്ദേഹത്തിനു സമൂഹത്തിൽ തീർച്ചയായും ചില മേൽക്കൈകൾ ഉണ്ടായിരുന്നു എന്നതു സത്യമാണ്. വടുതലയുടെ കഥകൾ സ്വന്തം പിടച്ചിലിന്റെ ആവിഷ്‌കാരങ്ങൾ കൂടിയാവുമല്ലോ. കാർവർ ഒരു കഥ അവസാനിപ്പിക്കുന്നത് ‘ആത്മകഥകൾ പാവപ്പെട്ടവന്റെ ചരിത്രമാണ്’ എന്നു പറഞ്ഞുകൊണ്ടാണ്. അതുകൊണ്ട് ടി.കെ.സിയുടെ കഥ ആത്മവേദനകളിൽനിന്നും നിവർന്നുനിന്നവന്റെ ചരിത്രം പറഞ്ഞു. അതിന്റെയർത്ഥം തകഴിയുടെ ദൗത്യം വേറെയായിരുന്നു. ചരിത്രത്തെ അതിന്റെ സമഗ്രതയിൽ പറയാൻ ഉദ്യമിച്ച ഉന്നതനായ കലാകാരനായിരുന്നു തകഴി. തനിക്കു കിട്ടിയ മേൽക്കൈകൾ അദ്ദേഹം നന്നായി ഉപയോഗിച്ചു എന്നും പറയാം.
‘ജ്ഞാനഭാര’ത്തിലും തപോമയിയിലും താങ്കൾ കണ്ടെത്തിയ ഈ സാമ്യം എന്നെ അത്ഭുതപ്പെടുത്തുന്നു. ഞാൻ അക്കാര്യം ആലോചിച്ചിരുന്നില്ല. ശരിയാണ്. രണ്ടു കഥാപാത്രങ്ങൾക്കും അവരുടെ സാഹചര്യത്തിൽ വലിയ തണലുകൾ ആവശ്യമുണ്ടായിരുന്നു. വലിയ പ്രതാപങ്ങളുടെ അഹന്തയോ ധാർഷ്ട്യമോ ഇല്ലാത്ത നല്ല മനുഷ്യരാണ് അവരെ കൂടെ നിർത്തിയത്. അരികിൽ ചേർത്തുനിർത്താൻ പോന്ന ഒരു ജ്യേഷ്ഠവൃക്ഷത്തെ ആരാണ് ആഗ്രഹിക്കാത്തത്? വിശേഷിച്ചും സർവ്വതും തകർന്നുതരിപ്പണമായി പൊള്ളുന്ന വെയിലിൽ ഉരുകിനില്‍ക്കുന്ന ആളുകളാവുമ്പോൾ...
പ്രായോഗികമതികളാണ് പലപ്പോഴും താങ്കളുടെ രചനകളിലെ സ്ത്രീകൾ. ജ്ഞാനഭാരത്തിലെ മാധവി നൂറുകണക്കിന് ഉടുപ്പുകൾ താൻ വർഷത്തിൽ തുന്നുന്നത് ഇഷ്ടപ്പെട്ടിട്ടല്ല എന്നും ഇതൊരു ജോലിയല്ലേ ഇഷ്ടപ്പെട്ടിട്ടായിരുന്നെങ്കിൽ വർഷത്തിൽ ഒന്നോ രണ്ടോ മാത്രമേ താൻ തുന്നിക്കൊടുക്കുകയുള്ളൂ എന്നും പറയുന്നുണ്ട്. അതുകൊണ്ട് കുറ്റവാളിയാണോ കള്ളപ്പണക്കാരനാണോ എന്നു നോക്കാതെ ഡോക്ടർ ചികിത്സിക്കുകയും വക്കീൽ കേസ് ഏറ്റെടുക്കുകയും ചെയ്യണമെന്ന അഭിപ്രായക്കാരിയാണ് അവർ. സുമന, ഭർത്താവുമായി എളുപ്പം പൊരുത്തപ്പെടുന്നതു കാണാം. ഭുവൻ ദേശായിയുടെ മകൻ സ്വത്ത് കളഞ്ഞുകുളിക്കുമ്പോൾ മകളായ ജഗദ സ്വത്തുക്കളെല്ലാം സ്വന്തമാക്കാൻ ശ്രമിക്കുന്നു. മാനവരാശിയുടെ മുഴുവൻ വിശപ്പ് മാറ്റുന്ന സംഗതികൾ കവിതയിൽ ഉണ്ട് എന്ന് ശ്രീനിവാസൻ പറയുമ്പോൾ ശകുന്തള, “നിങ്ങൾ എഴുതിയ കവിതയിൽ റേഷൻ പച്ചരി പോലുമില്ല, പിന്നല്ലേ മാനവരാശിക്കു വിശപ്പുമാറ്റാൻ?” എന്നാണ് അന്ധകാരനഴിയിൽ പ്രതികരിക്കുന്നത്. ഇത്രമാത്രം പ്രായോഗികമതികളാണോ സ്ത്രീകൾ?
വലിയ പ്രായോഗികമതികളായ സ്ത്രീകളുണ്ട് എന്നതാണ് സത്യം. തീരെ ദുർബ്ബലരായ, മാധവിക്കുട്ടി ഒരിക്കൽ പറഞ്ഞതുപോലെ കൊച്ചുകുട്ടികൾ മൂത്രമൊഴിക്കുന്നതുപോലെ നിരന്തരം കരഞ്ഞുകൊണ്ടിരിക്കുന്ന സ്ത്രീകൾ സീരിയലുകളിലും ജനപ്രിയകഥകളിലും മാത്രമേ കാണൂ എന്നു തോന്നുന്നു. ഞാൻ ജീവിതത്തിൽ പരിചയപ്പെട്ട, തീരെ വിദ്യാഭ്യാസം കുറഞ്ഞ ചില സ്ത്രീകൾ പോലും അതിഗംഭീരമായ കഴിവുകളുള്ളവരാണ്. വായനയിലുമതേ. ഏകാന്തതയുടെ നൂറു വർഷങ്ങളിലെ ഉർസുല, ആരോഗ്യനികേതനത്തിലെ അത്തർബൗ, സുന്ദരികളും സുന്ദരന്മാരും എന്നതിലെ ഖദീജ, ആലാഹയുടെ പെൺമക്കളിലെ അമ്മാമ്മ... എത്ര വേണമെങ്കിലുമുണ്ട്, അവർ
അന്ധകാരനഴിയിലെ ഒളിപ്പോരാളി, മനുഷ്യരുടെ സാന്നിധ്യം ആഗ്രഹിക്കുന്ന ഒരാളായിട്ട് അവതരിപ്പിക്കപ്പെടുന്നുണ്ട്. ഒരു ഇഴജന്തുവിനെപ്പോലെ ചുരുണ്ടുകൊണ്ട് എനിക്ക് ഭയമുണ്ട്, എന്റെ ശരീരം എന്നെ വല്ലാതെ പേടിപ്പിക്കുന്നു എന്നു പറയുന്ന, വിപ്ലവപക്ഷത്തു നിൽക്കുന്ന ചിത്രൻ എന്ന കഥാപാത്രത്തെ കാണാം. ശിവനിലും വൈകാരികമായ ചാഞ്ചാട്ടമുണ്ടാകുന്നുണ്ട്. തീവ്ര ഇടതുപക്ഷത്തു നിൽക്കുന്നവർ എങ്ങനെയാണ് അന്ധകാരനഴിയെ കണ്ടത്? പ്രതിവിപ്ലവകൃതിയായിട്ടാണോ?
തീവ്രവിപ്ലവകാരികൾ കാല്പനിക മനസ്സുള്ളവരായിരിക്കും. നേരത്തെ പറഞ്ഞ സ്ത്രീകഥാപാത്രങ്ങളിൽനിന്നും നേരെ എതിർഭാഗത്തു നില്‍ക്കുന്നവർ. അതുകൊണ്ടാണ് ഏകാന്തതയിലെ ഉർസുല ഇഗ്വറാൻ തന്റെ മക്കളടക്കമുള്ള വിപ്ലവകാരികളെ ശകാരിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നത്. ഈ കാല്പനികരിൽനിന്നും പ്രായോഗികമതികളായി ചിലർ അധികാരശ്രേണിയുടെ മുകളിലേക്കെത്തുന്നു. നിർഭാഗ്യവശാൽ മനസ്സാക്ഷിയെ നടുക്കുന്ന കുറ്റകൃത്യങ്ങൾ ചെയ്യാൻ പോന്ന മനസ്സാണ് അങ്ങനെയെത്തുന്നവരിൽ പലർക്കുമുള്ളത്. കാല്പനികരായ സാധുക്കൾ വഴിയിലുപേക്ഷിക്കപ്പെടുകയോ വധിക്കപ്പെടുകയോ ചെയ്യാം. ഫലിതമെന്താണെന്നുവച്ചാൽ, ഒരു ഉറുമ്പിനെപ്പോലും കൊല്ലാൻ മടിയുള്ള കാല്പനിക വിപ്ലവകാരികൾ, ഒരുപക്ഷേ, ധാർമ്മികമായി ശരിയെന്നു തോന്നുന്ന ഒരു ലക്ഷ്യത്തിനു വേണ്ടിയാണെങ്കിലും നടുക്കുന്ന കുറ്റകൃത്യങ്ങൾ ചെയ്യുന്ന മനുഷ്യരെ സ്തുതിച്ച് കവിതയെഴുതിയെന്നിരിക്കും. ആരാധിച്ചെന്നിരിക്കും. ഞാൻ സുഹൃത്തുക്കളോട് എപ്പോഴും പറയാറുള്ളതുപോലെ ലോകത്തെ ഏറ്റവും ഭീകരപ്രസ്ഥാനങ്ങളേയും അവയുടെ നേതാക്കളേയും താലോലിക്കുന്നത് ഇവരായിരിക്കും. ആലോചിച്ചു നോക്കൂ, അതല്ലേ സ്ഥിതി? ദാഹം മാറാൻ ചുരുങ്ങിയത് ഫ്യുരിഡാൻ വേണം എന്നതാണ് ഈ കാല്പനികരുടെ അവസ്ഥ. ആദിമകാലത്തെ തീവ്രവാദികൾ അത്തരം ആരാധനയുടെ മുൻപന്തിയിലുണ്ടാവും. സ്വാഭാവികമായും അവർ അന്ധകാരനഴിയെപ്പോലെ ഒരു രചനയെ എതിർത്തെഴുതും. ഞാൻ അതിൽ ആഹ്ലാദിക്കുന്നു. കാരണം, അങ്ങനെ എതിർപ്പു കിട്ടുക എന്നതുതന്നെയാണ് അതിൽ പറയാൻ ശ്രമിച്ച പ്രമേയത്തിന്റെ വിജയവും. അതൊരു പ്രതിവിപ്ലവകൃതിയാണെന്നു പറയുന്നുണ്ടെങ്കിൽ കൂടുതൽ സന്തോഷിക്കുന്നു. കാരണം ചരിത്രത്തിൽ ഈ പറയുന്ന വിപ്ലവവും പ്രതിവിപ്ലവവും തമ്മിൽ കാര്യമായ വ്യത്യാസമൊന്നും നമുക്ക് അനുഭവപ്പെട്ടിട്ടില്ല. ഭീകരതയ്ക്കു നിറമില്ല. എങ്കിലും ഞാൻ ആ കാല്പനികരെ സ്നേഹിക്കുന്നുണ്ട്. അവരുടെ മനസ്സ് വളരെ നല്ലതാണ്. സ്നേഹംകൊണ്ട് അന്ധരായിപ്പോയ മനുഷ്യരാണവർ.
സാഹിത്യത്തേയും സാഹിത്യകാരേയും ഇത്രയും അപമിത്തീകരിക്കുന്ന മറ്റൊരു എഴുത്തുകാരനുണ്ടോ എന്നു സംശയമാണ് എന്നു പല രചനകളിലൂടേയും കടന്നുപോകുമ്പോൾ തോന്നിയിട്ടുണ്ട്. സാഹിത്യകാരൻപോലും, എടാ പോമറേനിയൻ പട്ടിക്കുഞ്ഞേ നീയൊക്കെ എന്താണ് എഴുതുന്നത്? എഴുതാൻ മാത്രം നിനക്കൊക്കെ എന്താണുള്ളത്? വല്ലവനും എഴുതിവച്ചതിന്റെ എച്ചിലോ? അതല്ലെങ്കിൽ ആരെങ്കിലും ഭോഗിക്കുന്നത് ഒളിച്ചുനിന്നു കണ്ടതിന്റെ വിവരണമോ? എന്നു ‘മൂന്നു വിരലുകൾ’ എന്ന കഥയിൽ എഴുതുന്നുണ്ട്. നുണകളെപ്പോലും വിശ്വസനീയമായ രീതിയിൽ അവതരിപ്പിക്കാൻ കഴിയുമോ എന്നാണ് കഥാകൃത്തുക്കൾ നോക്കിക്കൊണ്ടിരിക്കുന്നത് എന്ന് ‘ജ്ഞാനഭാര’ത്തിൽ കാണാം. എഴുത്ത് അടിസ്ഥാനപരമായി പ്രത്യയശാസ്ത്രപരമായ നിർമ്മിതിയാണെന്ന ധാരണയാണോ ഇത്തരം ഓർമ്മപ്പെടുത്തലുകൾക്കു പിന്നിലെ പ്രചോദനം?
എഴുത്തുകാർക്ക് സ്വന്തമായി ഒരു ലോകം സൃഷ്ടിക്കാൻ സാധിക്കും എന്നതു നിഷേധിക്കുന്നില്ല. എന്നാലും പ്രമേയത്തിന്റെ ഒരു തീപ്പൊരി കിട്ടിക്കഴിഞ്ഞാൽ സാഹിത്യരചന ഒരു വലിയ നിർമ്മിതി തന്നെയല്ലേ? പ്രയത്നംകൊണ്ടാണ് ആ തീപ്പൊരി ഊതിക്കത്തിക്കുന്നത്. ഗവേഷണം, എഴുത്ത്, മാറ്റിയെഴുത്ത്, എഡിറ്റിംഗ് അങ്ങനെയെത്രയെത്ര പതിവുകൾക്കിടയിലൂടെ കടന്നുപോകുമ്പോഴാണ് ഒരു രചന പൂർത്തിയാവുന്നത്. പലതിലും സിദ്ധിയല്ല, അധ്വാനമാണ് മുന്നിട്ടുനില്‍ക്കുക. എഴുത്തുകാർക്കെല്ലാം ഇക്കാര്യം അറിയാമെന്നാണ് എന്റെ വിചാരം. മറ്റു ക്രിയാത്മകമായ ജോലികളെപ്പോലെത്തന്നെ ഇതും. പിന്നെ കൂടുതൽ പരിഗണന കിട്ടുന്നത് എഴുത്തുകാർ സൂത്രത്തിൽ ആസ്വദിക്കുന്നു എന്നുമാത്രം. ആരാണ് സ്തുതിയും നല്ല കയ്യടിയും ഇഷ്ടപ്പെടാത്തത്?
‘കാക്കരദേശത്തെ ഉറുമ്പുകൾ’ എന്ന പേരിൽ ഒരു ബാലസാഹിത്യ നോവൽ കുട്ടികൾക്കായി താങ്കള്‍ എഴുതിയിട്ടുണ്ടല്ലോ. മലയാളത്തിൽ കുട്ടികൾക്കായി, വായനക്ഷമതയുള്ള , അവരെ മികച്ച ബുദ്ധിയുള്ള, ഭാവനയുള്ള വായനക്കാർ എന്ന നിലയിൽ കണ്ടുകൊണ്ടുള്ള നല്ല ബാലസാഹിത്യ കൃതികൾ വരേണ്ടതല്ലേ?
കുട്ടികൾക്കായി എഴുതേണ്ടത് വളരെ ആവശ്യമാണ്. അത് വെറും ‘കുട്ടിസാഹിത്യ’മാവാതിരിക്കാൻ ശ്രദ്ധിക്കണം എന്നു കരുതുന്നു. അങ്ങനെ ചെയ്യുന്നവർ കുട്ടികളെ വിലകുറച്ചു കാണുന്നവരാണ്. ചെറുപ്പത്തിൽ കുട്ടികൾ നുണ പറയുന്നതു കണ്ടിട്ടില്ലേ? ഭാവനയുടെ കുബേരന്മാരാണ് കുഞ്ഞുങ്ങൾ. ടോൾസ്‌റ്റോയിയും ടാഗോറും അടക്കമുള്ള വലിയ എഴുത്തുകാർ കുട്ടികൾക്കുവേണ്ടി ധാരാളം എഴുതിയിട്ടുണ്ട്. തന്റെ ഓരോ വലിയ സിനിമയ്ക്കു ശേഷവും സത്യജിത് റേ കുട്ടികൾക്കുവേണ്ടി എഴുതാനും വരയ്ക്കാനും പോകുമായിരുന്നു. നമ്മുടെ എഴുത്തുകാരും അക്കാര്യത്തിൽ ശ്രദ്ധിക്കണം.
ഞാൻ മൂന്നു കൃതികൾ എഴുതിയിട്ടുണ്ട്. ‘കാക്കരദേശത്തെ ഉറുമ്പുകൾ’, ‘പക്ഷികൾ നിറങ്ങളെക്കുറിച്ചു തർക്കിക്കുന്നു’, ‘ലോകത്തിലേക്കും വെച്ച് ഏറ്റവും ഭംഗിയുള്ള വസ്ത്രം നെയ്തെടുക്കുന്ന തുന്നൽക്കാരിയുടേയും അതണിയാൻ കാത്തിരിക്കുന്ന രാജകുമാരിയുടെയും കഥ.’ ഈ കൃതികളിൽ ആളുകൾ വിവക്ഷിക്കുന്ന കുട്ടിത്തത്തിൽനിന്നും മുന്നോട്ടുപോവുന്ന പ്രമേയങ്ങളാണുള്ളതെന്നാണ് എന്റെ വിചാരം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates