Digital World Risks,K-Pop
Digital World Risks: Protecting Your Child's Mental Health in the Age of K-Pop Fandom.samakalika Malayalam

കുട്ടികൾ കൊറിയൻ സംസ്കാരത്തിന്റെ ആരാധകരാണോ? അവരുടെ മാനസിക വളർച്ചയിൽ നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇന്ന് കുട്ടികളെയും യുവാക്കളെയും ഏറെ ആകർഷിക്കുന്നതും അവരിൽ സ്വാധീനം ചെലുത്തുന്നതുമായി കഴിഞ്ഞു കൊറിയൻ സാംസ്കാരിക രംഗം. ഇത്തരം സ്വാധീനങ്ങൾ സൃഷ്ടിക്കുന്ന മാനസിക ആരോഗ്യ പ്രശ്നങ്ങളുടെ കാരണങ്ങളെ കുറിച്ച് അറിയാം.
Published on

നിങ്ങൾ ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടില്ലാത്ത ഒരു സംസ്കാരത്തോടും, പോയിട്ടില്ലാത്ത ഒരു നാടിനോടും, പരിചയപ്പെട്ടിട്ടില്ലാത്ത ആളുകളോടും നിങ്ങൾക്ക് തോന്നുന്ന ഇഷ്ടം നിങ്ങളുടെ സ്വഭാവത്തെയും തീരുമാനങ്ങളെയും ജീവിതത്തെ പോലും സ്വാധീനിക്കുന്നത് ഒന്ന് ആലോചിച്ചു നോക്കൂ.

ഇന്ന് നമ്മുടെ കുട്ടികൾക്കും യുവാക്കൾക്കും കൊറിയൻ സംസ്കാരം—ഓൺലൈൻ ഗെയിമുകൾ, കെ‑പോപ്പ്, കൊറിയൻ ഡ്രാമകൾ—ഒരു അത്ഭുത ലോകമാണ്. ദൂരെയുള്ള ആ ലോകത്തെ അവർ അത്രമേൽ സ്നേഹിക്കുന്നു. എന്നാൽ ഈ ഇഷ്ടം ഒരു പരിധി വിടുമ്പോൾ വലിയ അപകടമായി മാറുന്നു. ഗാസിയാബാദിൽ കൊറിയൻ ഗെയിമിന് അടിമയായി മൂന്ന് സഹോദരിമാർ ജീവനൊടുക്കിയത് ഇതിന് ഉദാഹരണമാണ്. നേരിട്ട് കണ്ടിട്ടുപോലുമില്ലാത്ത ഒരു സംസ്കാരത്തോട് നമ്മുടെ കുട്ടികൾക്ക് ഇത്രയധികം ഭ്രാന്തമായ ആവേശം തോന്നുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

Digital World Risks,K-Pop
കുറ്റബോധത്തിന്റെ കവിത

മനശ്ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, കൗമാരകാലം എന്നത് ഓരോ കുട്ടിയും തന്റെ വ്യക്തിത്വം അന്വേഷിക്കുന്ന സമയമാണ്. ഈ പ്രായത്തിൽ സ്നേഹവും അംഗീകാരവും കണ്ടെത്താനുള്ള അവരുടെ ശ്രമം വീടിനോ സ്കൂളിനോ ഉള്ളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല. സ്ക്രീനുകളിലൂടെയും ഇന്റർനെറ്റിലൂടെയും അത് ലോകം മുഴുവൻ വ്യാപിക്കുന്നു. കൊറിയൻ മ്യൂസിക് വീഡിയോകളിലെ തിളക്കവും, ഡ്രാമകളിലെ വൈകാരികതയും, ഗെയിമുകളുടെ ആകർഷണീയതയും കുട്ടികൾക്ക് തങ്ങളുടെ വിരസമായ ജീവിതത്തിൽ നിന്നുള്ള ഒരു വലിയ മാറ്റമായി തോന്നുന്നു. പലപ്പോഴും സങ്കടങ്ങളിൽ നിന്നും മാനസിക സമ്മർദ്ദങ്ങളിൽ നിന്നുമുള്ള ഒരു ഒളിച്ചോട്ടമായി (Escape) കുട്ടികൾ ഈ ലോകത്തെ ഉപയോഗിക്കുന്നു.

ഗാസിയാബാദിലെ ആ സഹോദരിമാർ തങ്ങൾ “കൊറിയൻ രാജകുമാരികൾ” ആണെന്ന് വിശ്വസിക്കാൻ തുടങ്ങിയത് ഈ അവസ്ഥയുടെ തീവ്രത വ്യക്തമാക്കുന്നു. അവിടെ യാഥാർത്ഥ്യവും സ്വപ്നലോകവും തമ്മിലുള്ള അതിർവരമ്പുകൾ പാടെ ഇല്ലാതായി. ഇന്ത്യയിലുടനീളം ഇത്തരത്തിൽ വിദേശ വ്യക്തിത്വങ്ങൾ സ്വീകരിക്കുകയും, ഭാഷ അനുകരിക്കുകയും, യഥാർത്ഥ ജീവിതത്തേക്കാൾ വലിയ ലോകമാണ് 'ഫാൻ ഗ്രൂപ്പുകൾ' എന്ന് വിശ്വസിക്കുകയും ചെയ്യുന്ന കുട്ടികൾ ഏറെയാണ്.

പലപ്പോഴും മാതാപിതാക്കൾ ഇതിനെ ആദ്യം കൗതുകമായും പിന്നീട് ഒരു ആശങ്കയായുമാണ് കാണുന്നത്. എങ്കിലും, ഇതിൽ ഒളിഞ്ഞിരിക്കുന്ന അപകടസാധ്യതകളെക്കുറിച്ച് പലർക്കും ഇപ്പോഴും കൃത്യമായ ധാരണയില്ല എന്നതാണ് സത്യം.

Digital World Risks,K-Pop
കുട്ടികളിലും കൗമാരക്കാരിലും യുവാക്കളിലും കുറ്റവാസന; എന്താണ് ഇതിനു കാരണം? എന്താണ് ഇതിനു പരിഹാരം?

ആവർത്തിക്കുന്ന ദുരന്തം

ഗാസിയാബാദ് ദുരന്തം ഒറ്റപ്പെട്ട സംഭവം അല്ല. 2017‑ൽ ഇന്ത്യയിൽ ബ്ലൂ വെയിൽ ചലഞ്ച് വ്യാപകമായി പടർന്നു. അപകടകരമായ പ്രവർത്തനങ്ങളിലേക്ക് കുട്ടികളെ പ്രേരിപ്പിച്ച ഈ ഗെയിം നിരവധി ആത്മഹത്യകൾക്ക് കാരണമായി. അതേ കാലത്ത് മോമോ ചലഞ്ച് എന്ന മറ്റൊരു വൈറൽ ഭീഷണിയും കുട്ടികളെ ഭയപ്പെടുത്തുകയും അപകടത്തിലാക്കുകയും ചെയ്തു.

2019‑ൽ PUBG താൽക്കാലികമായി ഇന്ത്യയിൽ നിരോധിക്കപ്പെട്ടു. കുട്ടികൾ ഭക്ഷണം ഒഴിവാക്കുകയും, ഉറക്കം നഷ്ടപ്പെടുകയും, പഠനത്തിൽ പിന്നാക്കം പോകുകയും, ചിലപ്പോൾ പണം മോഷ്ടിച്ച് ഗെയിമിനായി ചെലവഴിക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഈ സംഭവങ്ങൾ എല്ലാം ഒരേ മാതൃകയാണ് കാണിക്കുന്നത്: ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ കൗതുകത്തെയും മനശ്ശാസ്ത്രപരമായ ദൗർബല്യങ്ങളെയും ഉപയോഗിച്ച് കുട്ടികളെ പിടിച്ചിരുത്തുന്നു.

Digital World Risks,K-Pop
എഐയുടെ ബലിപീഠത്തിൽ അ‍ർപ്പിക്കുന്ന അറിവുകൾ

ഇന്ത്യയിലെ കൊറിയൻ തരംഗം

കൊറിയൻ സംസ്കാരത്തോടുള്ള ഈ അമിത ആകർഷണം—'ഹല്ല്യു വേവ്' (Hallyu Wave)—ഇന്ന് ഇന്ത്യയിൽ വലിയൊരു ചലനമായി മാറിയിരിക്കുകയാണ്. ബി ടിഎസ് (BTS), ബ്ലാക്ക്പിങ്ക് (Blackpink) തുടങ്ങിയ കെ-പോപ്പ് ബാൻഡുകൾക്ക് ഇന്ത്യയിൽ ലക്ഷക്കണക്കിന് ആരാധകരുണ്ട്.

നെറ്റ്ഫ്ലിക്സ് പോലുള്ള പ്ലാറ്റ്‌ഫോമുകളിലൂടെ കൊറിയൻ ഡ്രാമകൾ ഇന്ന് ഓരോരുത്തുരുടെ കൈവെള്ളയിൽ എത്തിക്കഴിഞ്ഞു. കൊറിയൻ ഭക്ഷണം, ചർമ്മസംരക്ഷണം (Skincare), ഫാഷൻ എന്നിവയ്ക്കെല്ലാം ഇന്ന് വൻ പ്രചാരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സാംസ്കാരികമായ ഇത്തരം കൈമാറ്റങ്ങൾ ലോകത്തെക്കുറിച്ചുള്ള അറിവ് വർദ്ധിപ്പിക്കുമെങ്കിലും, ഇതിനോടുള്ള അന്ധമായ ആരാധന പലപ്പോഴും അപകടകരമാണ്. കുട്ടികൾ തങ്ങളുടെ പഠനം, കുടുംബബന്ധങ്ങൾ, സ്വന്തം വ്യക്തിത്വം എന്നിവ മറന്ന് ഈ വിദേശ സംസ്കാരിക സ്വപ്നലോകത്ത് ജീവിക്കാൻ തുടങ്ങുമ്പോൾ അത് വലിയ ദുരന്തങ്ങളിലേക്കാണ് വഴി തുറക്കുന്നത്.

Digital World Risks,K-Pop
ഈജിയന്‍ മിത്തുകളും മീശ വിറപ്പിക്കുന്ന തത്വജ്ഞാനികളും

മാനസികാരോഗ്യത്തിന്റെ വശം

ഡിജിറ്റൽ അടിമത്തം സ്ക്രീൻ സമയം മാത്രമല്ല; അത് മനസ്സിൽ ഉണ്ടാക്കുന്ന സ്വാധീനമാണ്. ഗെയിമുകളും ആരാധക സമൂഹങ്ങളും ഉടൻ ലഭിക്കുന്ന സന്തോഷവും അംഗീകാരവും നൽകുന്നു. എന്നാൽ, അതിരുകടന്നാൽ അത് ആശങ്ക, മാനസിക സമ്മർദ്ദം, വ്യക്തിത്വ ആശയക്കുഴപ്പം എന്നിവയ്ക്ക് കാരണമാകും.

കുട്ടികൾ ഉറക്കം നഷ്ടപ്പെടുകയും, ശ്രദ്ധ കുറയുകയും, പഠനത്തിൽ പിന്നാക്കം പോകുകയും ചെയ്യുന്നു. അവർ കുടുംബത്തെയും സുഹൃത്തുക്കളെയും വിട്ട്, വെർച്വൽ സമൂഹങ്ങളിൽ മാത്രം മുഴുകുന്നു. ഗാസിയാബാദിലെ സഹോദരിമാർ ഒരുമിച്ച് ഭക്ഷണം കഴിക്കുകയും, ഉറങ്ങുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു—അവരുടെ ലോകം പൂർണ്ണമായും അടച്ചുപൂട്ടപ്പെട്ടിരുന്നതിന്റെ തെളിവ്.

“ഡിജിറ്റൽ ഉപയോഗ നിയന്ത്രണമാണോ അതോ ഗെയിമിലെ ടാസ്കിന്റെ ഫലമാണോ ഇതിന് കാരണമായതെന്ന് അറിയില്ല .ഓൺലൈൻ അടിമത്തമുള്ള കുട്ടികളാണതെന്ന് ഉറപ്പാണ് .വർഷങ്ങളായി ഈ കുട്ടികൾ ഡിജിറ്റൽ അടിമത്തത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു .സ്‌കൂളിൽ പോക്ക് പോലും അവതാളത്തിലായിരുന്നു എന്നും .എന്നിട്ടും ഇത് പരിഹരിക്കാനുള്ള ഇടപെടലുകൾ ഉണ്ടാകാതെ പോയത് എന്തുകൊണ്ടാണ് ?” കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ സീനിയർ സൈക്യാട്രിസ്റ്റ് ഡോ. സി.ജെ. ജോൺ ചോദിക്കുന്നു.

Digital World Risks,K-Pop
സംഗീതം കൊണ്ടും സമൂഹത്തെ പുതുക്കിപ്പണിയാൻ കഴിയും

“അമിതമായ ഗെയിമിങ് മൂലം ഉണ്ടാകുന്ന ആദ്യകാല മാനസിക പ്രത്യാഘാതങ്ങളിൽ ഒന്നാണ് വികാര നിയന്ത്രണത്തിലെ അസന്തുലിതാവസ്ഥ. അതുപോലെ അധിക ഗെയിമിങ് ആശങ്കയും മനോവിഷാദവും വർധിപ്പിക്കാനും കാരണമാകാം. പല ഗെയിമുകളും മത്സരവും പ്രകടന സമ്മർദ്ദവും സ്ഥിരമായ മുന്നിലേക്കുള്ള ലക്ഷ്യങ്ങളും ഉൾപ്പെടുന്നവയാണ്.

ചില കുട്ടികൾക്ക്, പ്രത്യേകിച്ച് വൈകാരികമായി ദുർബലരായവർക്കും സാമൂഹികമായി ഒറ്റപ്പെട്ടവർക്കും, ഗെയിമിൽ പരാജയപ്പെടുക, കൂട്ടുകാരെക്കാൾ പിന്നിലാകുമോ എന്ന ആശങ്ക എന്നിവ ഭയം, സമ്മർദ്ദം, നിരാശ, എന്നിവയ്ക്ക് കാരണമാകാം. കാലക്രമേണ ഇത് യഥാർത്ഥ ജീവിതത്തിലേക്ക് കടന്നുകയറി സ്വയംബോധത്തെയും ആത്മവിശ്വാസത്തെയും ബാധിക്കാം,” എന്ന് ബെംഗളുരൂ ആസ്റ്റർ ആർ വി ആശുപത്രിയിലെ സൈക്യാട്രി ആൻഡ് കൗൺസിലിങ് സർവീസസ് വിസിറ്റിങ് കൺസൾട്ടന്റ് ഡോ. മുരളി കൃഷ്ണ പറയുന്നു.

ബ്ലൂ വെയിൽ പാഠം

ബ്ലൂ വെയിൽ ചലഞ്ച് ഇന്ത്യയ്ക്ക് ഒരു കഠിന പാഠം നൽകി: ജാഗ്രതയും ബോധവൽക്കരണവും നിർണായകമാണ്. സ്കൂളുകൾ ക്യാമ്പെയ്‌നുകൾ നടത്തി, മാതാപിതാക്കളോട് കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടു, സർക്കാർ മുന്നറിയിപ്പുകൾ നൽകി.

എന്നാൽ, ഒരു ദശാബ്ദം കഴിഞ്ഞിട്ടും സമാനമായ ദുരന്തങ്ങൾ ആവർത്തിക്കുന്നു. ഇത് ഡിജിറ്റൽ സാക്ഷരതയിലും, മാതാപിതാക്കളുടെ പങ്കാളിത്തത്തിലും, നയപരമായ നിയന്ത്രണങ്ങളിലും ഉള്ള പോരായ്മകളെ സൂചിപ്പിക്കുന്നു.

Digital World Risks,K-Pop
അവരും മനുഷ്യരാണ്, ഈ ‘അമ്മയുടെ’ കുട്ടികളാണ്

ദേഷ്യത്തിലൂടെയും ഉൾവലിയുന്നതിലൂടെയും കുട്ടികൾ പറയാൻ ശ്രമിക്കുന്നത് ഇവയാകാം

ഇത്തരം ദുരന്തങ്ങൾ തടയാൻ കൂട്ടായ ശ്രമം ആവശ്യമാണ്. മാതാപിതാക്കൾ കുട്ടികളുമായി തുറന്ന് സംസാരിക്കണം. സ്കൂളുകൾ ഡിജിറ്റൽ സാക്ഷരത പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം. മാനസികാരോഗ്യ സഹായം എല്ലാവർക്കും എപ്പോഴും ലഭ്യമാകണം. മുന്നറിയിപ്പ് ലക്ഷണങ്ങൾ തിരിച്ചറിയാൻ സാമൂഹികമായ സഹകരണം ഉണ്ടാകണം.

“ഓൺലൈൻ ഉപയോഗത്തിനുള്ള നിയമങ്ങളും , സമയ നിയന്ത്രണവും, ഉള്ളടക്കങ്ങളിലുള്ള ജാഗ്രതയുമൊക്കെ ഒരു നിഷ്ഠ പോലെ വീടുകളിൽ നടപ്പിലാക്കേണ്ടതുണ്ട്. എന്നാലേ ഇത്തരം അഡിക്ഷനുകളിലേക്ക് കുട്ടികൾ പോകുന്നത് കാലേകൂട്ടി കണ്ടെത്താനും ഇടപെടാനും കഴിയൂ .കുറ്റകരമായ ഒരു അശ്രദ്ധയോ ഉദാസീനതയോ ഈ കാര്യത്തിൽ പല വീടുകളും പുലർത്തുന്നുണ്ട് .കുട്ടികൾ വല്ലാതെ പെട്ട് കഴിഞ്ഞിട്ട് തിരുത്താൻ പറ്റില്ല .നേരത്തെ തിരിച്ചറിയാൻ സാധിക്കുന്ന നിലയിൽ മോണിറ്ററിങ് വേണം .കൃത്യമായ ഓൺലൈൻ പരിധികൾ ഗാർഹിക സംസ്കാരമായി മാറ്റിയാൽ മാത്രമേ അതിന്‌ കഴിയുകയുള്ളൂ. മുതിർന്നവർ മാതൃക കാട്ടുകയും വേണം.” ഡോ. ജോൺ അഭിപ്രായപ്പെടുന്നു.

Digital World Risks,K-Pop
യുദ്ധം എന്നും 'നമ്മുടെ ശരി'യും 'അവരുടെ തെറ്റും' തമ്മിലാണ്, എന്നെ കൊല്ലുന്നത് എന്തിന് ?

മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കും ചെയ്യാവുന്ന കാര്യങ്ങൾ:

• പ്രായത്തിന് അനുയോജ്യമായ രീതിയിൽ സ്ക്രീൻ സമയം നിശ്ചയിക്കുകയും കൃത്യമായ ദിനചര്യകൾ പാലിക്കുകയും ചെയ്യുക.

• കായിക വിനോദങ്ങൾ, ഹോബികൾ, കുടുംബാംഗങ്ങളുമായുള്ള ഇടപഴകലുകൾ എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ആരോഗ്യകരമായ ഒരു ജീവിതരീതി പ്രോത്സാഹിപ്പിക്കുക.

• കുട്ടികൾ കളിക്കുന്ന ഗെയിമുകൾ നിരീക്ഷിക്കുകയും അവരുടെ ഓൺലൈൻ അനുഭവങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കുകയും ചെയ്യുക.

• പെരുമാറ്റത്തിലെ മാറ്റങ്ങൾ, ഉറക്കക്കുറവ്, അല്ലെങ്കിൽ പഠനത്തിലുള്ള താല്പര്യക്കുറവ് തുടങ്ങിയ മുന്നറിയിപ്പ് സൂചനകൾ ശ്രദ്ധിക്കുക.

• മാനസികമോ പെരുമാറ്റപരമോ ആയ മാറ്റങ്ങൾ തുടരുകയാണെങ്കിൽ വിദഗ്ദ്ധ സഹായം തേടുക

“പ്രധാനമായും, അമിതമായ ഗെയിമിങ് പലപ്പോഴും പ്രശ്നങ്ങളുടെ മൂലകാരണമല്ല, മറിച്ച് പ്രതിസന്ധികളെ അതിജീവിക്കാനുള്ള ഒരു മാർഗമായാണ് (coping mechanism) കുട്ടികൾ ഉപയോഗിക്കുന്നത്. പഠനഭാരം, കളിയാക്കലുകൾ, കുടുംബപ്രശ്നങ്ങൾ അല്ലെങ്കിൽ മാനസികമായ വിഷമങ്ങൾ എന്നിവ അനുഭവിക്കുന്ന കുട്ടികൾ അതിൽ നിന്നുള്ള ഒരു വിടുതലായി ഗെയിമുകളെ അഭയം പ്രാപിച്ചേക്കാം. ഇത്തരം അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ, സ്ക്രീൻ സമയം മാത്രം നിയന്ത്രിക്കുന്നത് ഫലപ്രദമാകില്ല,” ഡോ. മുരളി കൃഷ്ണ ചൂണ്ടിക്കാട്ടുന്നു.

“പലപ്പോഴും കുട്ടികൾ നന്നായി പഠിക്കുന്നില്ല എന്ന പരാതിയുമായാണ് മാതാപിതാക്കൾ ഞങ്ങളുടെ അടുത്ത് വരുന്നത് . തുടർച്ചയായ തെറപ്പി സെഷനുകൾക്ക് ശേഷമാണ് പ്രശ്നത്തിന്റെ ആഴം ഞങ്ങൾക്ക് മനസ്സിലാകുന്നത്—മാതാപിതാക്കൾ തിരിച്ചറിയാൻ വൈകിപ്പോയ പല ഗൗരവകരമായ കാര്യങ്ങളും അവിടെയുണ്ടാകും. സ്വന്തം കുട്ടി കടന്നുപോകുന്ന മാനസികാവസ്ഥയെക്കുറിച്ച് തങ്ങൾക്ക് ഒന്നുമറിയില്ലായിരുന്നു എന്ന് തിരിച്ചറിയുമ്പോൾ പല മാതാപിതാക്കളും പൊട്ടിക്കരയാറുണ്ട്. ദേഷ്യത്തിലൂടെയോ, ഉൾവലിയലിലൂടെയോ, അല്ലെങ്കിൽ ധിക്കാരത്തിലൂടെയോ ഒക്കെ തങ്ങളെ സഹായിക്കണമെന്ന് ആ കുട്ടി ഉറക്കെ വിളിച്ചുപറയുകയായിരുന്നു എന്ന് അവർ അപ്പോഴാണ് മനസ്സിലാക്കുന്നത്.”തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈക്കോളജിസ്റ്റും സോഷ്യൽ വർക്കറുമായ അൻസൺ പി ഡി. അലക്സാണ്ടർ വിശദീകരിക്കുന്നു

Digital World Risks,K-Pop
സാഹിത്യവും ശാസ്ത്രവും പറയുന്ന ഉറക്കത്തിന്റെ രഹസ്യം

കണക്കുകളും പഠനങ്ങളും പറയുന്ന വസ്തുതകൾ

🔴കുട്ടികളിലെ ആത്മഹത്യ: 2023-ൽ, 18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ആത്മഹത്യാ നിരക്കിൽ മുൻവർഷത്തെ അപേക്ഷിച്ച് 5.68% വർദ്ധനവുണ്ടായി.

🔴വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ: 2023-ൽ വിദ്യാർത്ഥികളുടെ ആത്മഹത്യ എക്കാലത്തെയും ഉയർന്ന നിരക്കായ 13,892-ൽ എത്തി. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇതിൽ 64.9% വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

🔴 മാനസിക പ്രശ്നങ്ങളുടെ തുടക്കം: ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയുടെ (2026) പുതിയ കണ്ടെത്തലുകൾ പ്രകാരം, ഇന്ത്യയിലെ മാനസികരോഗങ്ങളിൽ 60 ശതമാനവും 35 വയസ്സിന് താഴെയുള്ളവരിലാണ് കണ്ടുവരുന്നത്. ഇതിൽ 34.6 ശതമാനവും 14 വയസ്സിന് മുൻപേ തുടങ്ങുന്നതായും കാണുന്നു.

🔴പ്രധാന കാരണങ്ങൾ: രാജ്യത്തെ ആകെ ആത്മഹത്യകളിൽ ഏകദേശം 50 ശതമാനവും കുടുംബപ്രശ്നങ്ങളും അസുഖങ്ങളും (മാനസികാരോഗ്യ പ്രശ്നങ്ങൾ ഉൾപ്പെടെ) മൂലമാണ് സംഭവിക്കുന്നത്.

🔴ഡിജിറ്റൽ അഡിക്ഷൻ: ഇന്ത്യൻ കൗമാരക്കാർക്കിടയിലെ മാനസിക സമ്മർദ്ദത്തിനും ഉറക്കമില്ലായ്മയ്ക്കും പ്രധാന കാരണം 'ഡിജിറ്റൽ അഡിക്ഷൻ' (ഗെയിമിങ്ങും സോഷ്യൽ മീഡിയയും) ആണെന്ന് 2025-ലെ ഇക്കണോമിക് സർവേ ചൂണ്ടിക്കാണിക്കുന്നു.

🔴കേരളത്തിലെ സ്ഥിതി: തെക്കൻ കേരളത്തിലെ 60 ശതമാനത്തിലധികം കൗമാരക്കാർ വിഷാദരോഗവും ഉൽക്കണ്ഠയും കൊണ്ട് ബുദ്ധിമുട്ടുന്നതായി 'കനൽ ഇന്നൊവേഷൻ' എന്ന എൻ ജി ഒ നടത്തിയ പഠനം വ്യക്തമാക്കുന്നു.

🔴ആഗോള റിപ്പോർട്ട്: ലോകാരോഗ്യ സംഘടനയും (WHO) യൂണിസെഫും (UNICEF) ചേർന്ന് 2024-ൽ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം, ലോകമെമ്പാടുമുള്ള 10-നും 19-നും ഇടയിൽ പ്രായമുള്ള ഏഴ് കുട്ടികളിൽ ഒരാൾക്ക് വീതം മാനസികാരോഗ്യ പ്രശ്നങ്ങളുണ്ട്. ഉത്കണ്ഠ, വിഷാദം, പെരുമാറ്റ വൈകല്യങ്ങൾ എന്നിവയാണ് ഇതിൽ പ്രധാനമായും കണ്ടുവരുന്നത്.

Digital World Risks,K-Pop
കുറ്റവാസനയും കുറ്റവാളിയും: ഒരു ജീവശാസ്ത്ര ജനിതക അന്വേഷണം

ആ വലിയ ചോദ്യം

ഇന്ത്യയിലെ കൊറിയൻ സംസ്കാരത്തോടുള്ള ആകർഷണം, യുവാക്കളുടെ വ്യക്തിത്വം ആഗോളമായി മാറുന്നതിന്റെ ഭാഗമാണ്. കുട്ടികൾക്ക് ഇന്ന് കെ‑പോപ്പ് താരങ്ങളോടും ബോളിവുഡ് താരങ്ങളോടും ഒരുപോലെ ആരാധനയുണ്ട്.

എന്തുകൊണ്ട് കുട്ടികൾ നേരിട്ട് അനുഭവിച്ചിട്ടില്ലാത്ത സംസ്കാരങ്ങളോടും അതിരുകടന്ന ആകർഷണം കാണിക്കുന്നു? ഉത്തരമുണ്ട്: ഡിജിറ്റൽ സ്വാധീനം. സ്ക്രീനുകൾ അകലെയുള്ള ലോകങ്ങളെ അടുത്തുള്ളതായി അനുഭവമുണ്ടാക്കുന്നു. സോഷ്യൽ മീഡിയ ട്രെൻഡുകൾ. കൗമാരക്കാർ, അവരുടെ വ്യക്തിത്വാന്വേഷണത്തിൽ, ഗ്ലാമറസായോ ശക്തമായോ തോന്നുന്ന വ്യക്തിത്വങ്ങൾ സ്വീകരിക്കുന്നു. എന്നാൽ, അത് അടിമത്തമായി മാറുമ്പോൾ അപകടകരമാണ്.

ഗാസിയാബാദിലെ സഹോദരിമാരുടെ മരണം ഡിജിറ്റൽ അടിമത്തത്തിന്റെ അപകടങ്ങളെ ഓർമ്മപ്പെടുത്തുന്നു. എന്നാൽ, ബഹുസ്വരമായ സാംസ്കാരിക ധാരകൾ ദുരന്തത്തിലേക്ക് നയിക്കേണ്ടവയല്ല. അവ കൂടുതൽ വികാസം പ്രാപിക്കാൻ ഓരോ വ്യക്തിയെയും സഹായിക്കേണ്ടതാണ്. അത് അടിമത്തത്തിലേക്ക് പോകാതിരിക്കണം. അതിനായി കൂടുതൽ ബോധവൽക്കരണം, മാതാപിതാക്കളുടെ പങ്കാളിത്തം, മാനസികാരോഗ്യ പിന്തുണ എന്നിവ സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുത്താതെ തന്നെ ലോകസംസ്കാരങ്ങളെ ആസ്വദിക്കാൻ കുട്ടികളെ പ്രാപ്തരാക്കാൻ സഹായകരമാകും.

Summary

How the digital world and K-Pop fandom influence children's dreams and mental well-being. Learn key signs and tips for supporting healthy mental growth.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com