സംഗീതം കൊണ്ടും സമൂഹത്തെ പുതുക്കിപ്പണിയാൻ കഴിയും
മനുഷ്യർ തമ്മിൽ അടിസ്ഥാനപരമായ സാഹോദര്യം ഉണ്ടാകണം എന്ന ഒറ്റ വരിയിൽ പുഷ്പവതിയുടെ കലയും രാഷ്ട്രീയവുമുണ്ട്. “സാഹോദര്യം, സ്നേഹം, സമാധാനം. ജാതി മത കള്ളികൾക്ക് അവിടെ സ്ഥാനമില്ല. അത് യൂണിവേഴ്‌സലായിട്ടുള്ള ഒരു സാഹോദര്യമാണ്. ഇന്ത്യ എന്നോ അമേരിക്ക എന്നോ ഒന്നുമില്ല; അതിർത്തികളില്ല. ചെറിയ ജീവികളല്ലേ മനുഷ്യർ, ഈ പ്രപഞ്ചത്തിൽ; എത്ര നിസ്സാരരായ ആളുകളാണ്. സാഹോദര്യവും സ്നേഹവുമുണ്ടെങ്കിലേ സമാധാനം വരികയുള്ളൂ.” അടിസ്ഥാനപരമായി സാമ്രാജ്യത്വത്തിന് എതിരാണ് എന്റെ രാഷ്ട്രീയം എന്നു കൂടി പറഞ്ഞാണ് അവർ പൂർത്തീകരിക്കുന്നത്.
എല്ലാക്കാലത്തും രാഷ്ട്രീയം വേണ്ടതു തന്നെയാണെങ്കിലും നിലവിലെ ഇന്ത്യൻ സാഹചര്യം കൃത്യമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാനും തുറന്നു പറയാനും നിർബന്ധിക്കുന്നതാണ് എന്നു കരുതുന്നുണ്ടോ. എങ്ങനെയാണ് ആ രാഷ്ട്രീയം സ്വയം നിർണയിക്കുന്നത്?
അതൊരു ഇടതുപക്ഷ നിലപാടാണ്, ഡോ. അംബേദ്കറിന്റെ കാഴ്ചപ്പാട് ഉൾക്കൊള്ളുന്ന തരത്തിലുള്ള ഇടതുപക്ഷ കാഴ്ചപ്പാട്. അംബേദ്കറിനെ മാറ്റിനിർത്തിക്കൊണ്ട് ഒരു ഇടതുപക്ഷ നിലപാട് എനിക്കില്ല. അതിൽത്തന്നെ പല കോൺഫ്ലിക്റ്റ് ഉണ്ടാകുന്നുണ്ട് മനസ്സിൽ. എങ്കിൽപ്പോലും മറ്റു സംഘടനകളെ പരിപോഷിപ്പിക്കുന്ന നിലപാടെടുക്കാൻ എനിക്കു കഴിയാത്തത് ഈ രണ്ടു സംഗതിയും ഉണ്ടെങ്കിലേ ഇവിടെ മനുഷ്യർക്ക് സമാധാനമായിട്ട് ജീവിക്കാൻ പറ്റുകയുള്ളൂ എന്നതുകൊണ്ടാണ്. ഭൂരിപക്ഷ മതരാഷ്ട്രവാദികളാണ് രാജ്യം ഭരിക്കുന്നത്. മതരാഷ്ട്രവാദം തന്നെ ശരിയല്ല. അതിനെ വളർത്തുന്ന ഏതു നിലപാടാണെങ്കിലും അതിനൊപ്പം ഞാൻ നിൽക്കില്ല.
ശ്രീനാരായണഗുരുവിന്റെ വലിയ ആരാധികയും ഗുരുവിന്റെ അദ്ധ്യാപനങ്ങളുടെ അനുയായിയുമാണോ? ഫേസ്ബുക്ക് കവർ ഫോട്ടോപോലും ഗുരുവാണ്. ഗുരുവിനെക്കുറിച്ചു പറയാമോ?
ഗുരു സമബോധത്തിന്റെ ആളാണ്. സമയാണ് അദ്ദേഹത്തിന്റെ ദർശനത്തിന്റെ കാമ്പ്. സമയിൽ അന്യത്വം ഇല്ല. അന്യ എന്നൊരു ഭീതി അതിനില്ല. ഇരുളിലിരിപ്പവനാര്, ചൊൽക നീ എന്ന് അദ്ദേഹത്തിന്റെ കൃതിയിൽത്തന്നെ ചോദിക്കുന്നുണ്ട്. ശ്ലോകമാണ്. അതിൽ അപരത്വം ഇല്ല. പല ഞാനുകളും ചേരുന്ന ഏകമായിത്തീരുന്ന ഒരു ഞാനുണ്ട്. അതിനെയാണ് അദ്ദേഹം അറിവ് എന്ന സങ്കല്പത്തിലേക്കു കൊണ്ടുവരുന്നത്. എത്രയോ മനുഷ്യർ നമ്മളെ കാണുന്നു. അവരുടെ ഉള്ളിലെല്ലാം കുടികൊള്ളുന്ന ഒരു ഞാനുണ്ടല്ലോ. ആ ഞാൻ എല്ലാം ചേരുന്ന വലിയൊരു ഞാനുണ്ട്. ഇമ്മിണി ബല്യ ഒന്ന് ബഷീറിന്റെ കഥയിൽ പറയുന്നതുപോലെ. ബഷീറിന്റെ കഥകൾ വായിക്കുമ്പോൾ വളരെ മിസ്റ്റിക് ആയിട്ടുള്ള ഒരു എഴുത്തുകാരനാണ് എന്ന് തോന്നിയിട്ടുണ്ട്. വലിയ ഒരു ഒന്നിനെ മൊത്തമായി മാലയിൽ കോർത്തപോലെ, ആ ഒരു ത്രെഡ്ഡിൽ പല പല മനോഹരമായ മാലകളും ചേർത്തിട്ടുള്ള ദർശനംപോലെയാണ് ഗുരുവിന്റെ ദർശനം. അത് വളരെ സൗമ്യമാണ്; അതിൽ ഹിംസ ഇല്ല, അപരമത ഹിംസ ഇല്ല, ശ്രേണികൾ തിരിച്ചുള്ള ജാതികൾ ഇല്ല. അദ്ദേഹം എത്ര സൗമ്യമായാണ് ജനങ്ങളോടു സംസാരിച്ചത്. അതിനെ പല തരത്തിൽ വ്യാഖ്യാനിക്കുന്നുണ്ട് പല ആളുകളും. ഓരോരുത്തർക്കും അവരുടെ കാഴ്ചപ്പാടിൽ കാര്യങ്ങളെ കാണാൻ പറ്റും. അദ്ദേഹത്തെ കൂടുതൽ മനസ്സിലാക്കണമെങ്കിൽ ജിജ്ഞാസു ആയിരിക്കണം. അറിവിലേക്കുള്ള ജിജ്ഞാസ. ഇതുവരെ നമ്മൾ മനസ്സിലാക്കുന്നത് അറിവ് എന്നത് പുറത്തുനിന്നുള്ളതായിരിക്കണം എന്നാണ്. പക്ഷേ, മനുഷ്യർക്കെല്ലാം സ്വന്തം ഉള്ളിൽ ഒരുപാട് സഞ്ചരിക്കാനുണ്ട്. ആ സഞ്ചാരത്തിൽനിന്നു കിട്ടുന്ന സത്തയെ തിരിച്ചറിയുക എന്നതാണ്.
ഗുരുവിന്റെ ദർശനങ്ങളേയും എസ്.എൻ.ഡി.പി യോഗത്തെത്തന്നെയും ഇന്നു പ്രതിനിധാനം ചെയ്യുന്ന ചിലർ സമുദായങ്ങൾക്കിടയിൽ ഭിന്നത ഉണ്ടാക്കാൻ മനപ്പൂർവം ശ്രമിക്കുന്നു എന്ന വിമർശനത്തെ എങ്ങനെ കാണുന്നു?
ഞാൻ അതിനോട് വിയോജിപ്പുള്ള ആളാണ്. ഗുരുവിന്റെ ദർശനത്തിനു കടകവിരുദ്ധമായിട്ടാണ് എസ്.എൻ.ഡി.പി യോഗത്തെ നയിക്കുന്ന വെള്ളാപ്പള്ളി നടേശന്റെ അടുത്തകാലത്തെ പല പരാമർശങ്ങളും. അസഹിഷ്ണുത കാണിക്കുന്നതും സംഘപരിവാറിനെ വളർത്തുന്നതുമാണ് ആ നിലപാടുകൾ. അതെന്തുകൊണ്ടാണ് അദ്ദേഹം ചെയ്യുന്നതെന്ന് എനിക്കറിയില്ല; ഞാൻ അതിന് എതിരാണ്.
പാട്ടുകാരിയും മ്യുസിഷ്യനും എന്ന നിലയിൽ മലയാള സിനിമയിലെ കാര്യമെടുത്താൽ ജെൻഡർ, ജാതി ഇതൊക്കെ വലിയ തോതിൽ അവിടെ സ്വാധീനം ചെലുത്തുന്ന ഘടകങ്ങളാണ് എന്ന ആക്ഷേപം മുന്‍പേയുണ്ട്, ഇപ്പോൾ ശക്തമാണ്. അതിൽ മാറ്റത്തിന്റെ സാധ്യതകളോ സൂചനകളോ ഉണ്ടോ?
ജാതിയുടേയും നിറത്തിന്റേയും പേരിലാണ് കൂടുതൽ വിവേചനങ്ങൾ. അതൊരു വിഷയം തന്നെയാണ്. സോഷ്യൽ പ്രിവിലേജ് തന്നെയാണ് അവിടെയും പ്രവർത്തിക്കുന്നത്. എവിടെപ്പോയാലും നമുക്കു മനസ്സിലാക്കാൻ പറ്റുന്നതാണത്. അതായത്, അടിത്തട്ടിൽനിന്നു വന്നിട്ടുള്ള ഒരാൾ എന്ന നിലയ്ക്ക് എനിക്കു മനസ്സിലായിട്ടുള്ളത് എവിടെപ്പോയാലും ഒരു പവർ ഗ്രൂപ്പുണ്ട് എന്നാണ്. ആ പവർ ഗ്രൂപ്പ് കാര്യങ്ങൾ തീരുമാനിക്കുകയും നമ്മളെയെല്ലാം നിസ്സാരരായി കണക്കാക്കുകയും ചെയ്യും. അവരുടെ കോർപ്പറേറ്റ് ബന്ധങ്ങളും അധികാര ബന്ധങ്ങളും വച്ചിട്ട് അവർ കാര്യങ്ങൾ നിശ്ചയിക്കുകയും പ്രവർത്തിക്കുകയും ഞാൻ, അല്ലെങ്കിൽ ഞങ്ങൾ എന്ന രീതിയിൽ എസ്റ്റാബ്ലിഷ് ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്ന കാഴ്ച. ഞാൻ പൊതുവെ അവരെ അവഗണിക്കുന്ന പരിപാടിയാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. അവരെയങ്ങ് അവഗണിക്കും; എന്റെ വഴിയിൽക്കൂടി പോകും. അതേസമയം അവരെയെല്ലാം എതിർത്ത് എതിർത്ത് എതിർത്ത് പോയാൽ നമ്മുടെ എനർജി പോകും. നമ്മുടെ ക്രിയേറ്റീവ് എനർജിയാണ് ഈ പോകുന്നത്. ഒരു മ്യുസിഷ്യൻ എന്ന നിലയിൽ എന്റെ ക്രിയേറ്റീവ് എനർജി പോകും എന്നുള്ളതുകൊണ്ട് ഇപ്പോൾ ഞാൻ അതിനു നിൽക്കാറില്ല. നമ്മൾ സ്വയം ശോഭിക്കാൻ ശ്രമിക്കുക എന്നുള്ളതാണ്. നമ്മുടെ കൺടന്റ് നന്നാക്കുക, കൂടുതൽ നന്നാക്കാൻ നോക്കുക എന്നതാണ്. തീർച്ചയായും ഉള്ളിലുള്ള മൂല്യവത്തായ സംഗതി ഒരുകാലത്ത് എന്തായാലും തിരിച്ചറിയപ്പെടും. അവർ വലിയ ആളുകളാണെന്ന് അവരങ്ങ് നടിച്ചു നടന്നോട്ടെ. ഞാൻ ചെറിയ മീനല്ല എന്നു വിചാരിച്ച് നമ്മളും നടന്നാൽ മതിയല്ലോ. നമ്മൾ പോകുന്ന വഴി നന്നാക്കുക. കൂടുതൽ അന്വേഷണങ്ങൾ നടത്തുകയും അതിൽ എന്തെങ്കിലുമൊക്കെ ചെയ്യാൻ ശ്രമിക്കുകയും ചെയ്യുക. തീർച്ചയായും ജീവിതത്തിൽ പുതിയതായി പലതും വന്നുചേരും. ഇപ്പോൾത്തന്നെ, ‘പ്രകമ്പനം’ എന്ന സിനിമയിലെ പാട്ട്. അത് ഇന്ന് (ജനുവരി 10) റിലീസ് ആണ്. തള്ള വൈബ് എന്നാണ് പേരിട്ടിരിക്കുന്നത്; കോമഡിയായിട്ടാണ് തോന്നിയത്. നന്നായി ആസ്വദിച്ചു പാടിയ പാട്ടാണ്. ഹിറ്റാകാൻ സാധ്യത കൂടുതലുമാണ്. അതുപോലെ നമുക്കുള്ളത് വരും.
സംഗീത നാടക അക്കാദമിയുടെ ഉപാധ്യക്ഷയായിട്ടുപോലും ഈ പറയുന്ന പവർഗ്രൂപ്പിന്റെ ട്രാക്കിൽനിന്നു രക്ഷപ്പെടാൻ കഴിയുന്നില്ല എന്നാണോ?
എല്ലാത്തിലുമുണ്ട് അത്. അക്കാദമിയെ അതിൽനിന്ന് ഒഴിവാക്കുന്നൊന്നുമില്ല. പക്ഷേ, നമ്മൾ ഒരു അധികാരസ്ഥാനത്തിരിക്കുമ്പോൾ ചിലത് പറയേണ്ടിവരും. അതൊക്കെ ആഭ്യന്തര കാര്യങ്ങളാണ്; പുറത്തേയ്ക്കു പറയാൻ പറ്റില്ല, അതു ശരിയല്ല. ഒരു സംഘടനയിൽ ആയാലും അങ്ങനെയാണല്ലോ. അകത്തെ കാര്യങ്ങൾ അകത്തുതന്നെ പരിഹരിക്കാൻ ശ്രമിക്കണം. വിമർശനങ്ങൾ ഉണ്ടെങ്കിൽ അവിടെ പറയണം. പിന്നെ, കമ്മിറ്റികളിൽ ഭൂരിപക്ഷത്തിന്റെ അഭിപ്രായങ്ങളാണല്ലോ നടപ്പാക്കുക. ഭൂരിഭാഗം ചിലപ്പോൾ പവർ ഗ്രൂപ്പായിരിക്കും, നമ്മുടേത് ഒറ്റപ്പെട്ട ശബ്ദമായിരിക്കും. എങ്കിലും ഉന്നയിക്കാതിരിക്കില്ല. സംഗീത നാടക അക്കാദമിയുടെ ഭാഗമായി വന്നതിനുശേഷം നൽകിയ അവാർഡുകൾ നോക്കിയാൽ മനസ്സിലാകും, നമ്മുടെ സാന്നിധ്യംകൊണ്ട് എന്തൊക്കെ മാറ്റങ്ങൾ അവിടെയുണ്ടായി എന്ന്. വളരെ പ്രഗത്ഭരായ, അടിത്തട്ട് വംശത്തിൽനിന്നു വന്നിട്ടുള്ള ആളുകൾ, വലിയ സംഗീതജ്ഞർ ഒക്കെയുണ്ട്. അവരൊക്കെ ഇത്രയും കാലം അവഗണിക്കപ്പെട്ടിരിക്കുകയായിരുന്നു. അവർക്ക് സർക്കാരിന്റെ ആദരം വേണ്ടേ? പ്രാതിനിധ്യം ഉണ്ടാകുമ്പോഴാണ് അത്തരം ആളുകൾക്ക് ഇടങ്ങളുണ്ടാവുക. ജനങ്ങൾ വോട്ട് ചെയ്തു നിയമസഭയിലോ പാർലമെന്റിലോ എത്തിക്കുന്ന നേതാക്കളായാലും അവിടെയും പ്രാതിനിധ്യം ആവശ്യമാണ്. അവിടെയും ഒരു ജാതി സംഘടനയുടെ നിലയിലേക്ക് സഭകൾ പോകാൻ പാടില്ല. ബഹുജനങ്ങൾ എന്നത് പലവിധ മനുഷ്യർ അടങ്ങിയതാണ്. പല തട്ടുകളിൽ, പലതരത്തിലുള്ള സാമൂഹിക വിവേചനങ്ങൾ അനുഭവിച്ച മനുഷ്യരുടെ ഒരു നിര തന്നെയുണ്ട്. ശ്രേണീബദ്ധമായ ജാതിവ്യവസ്ഥ നിലനിൽക്കുന്ന ഒരു രാജ്യം എന്ന നിലയ്ക്ക് ഇവരുടെയൊക്കെ പ്രാതിനിധ്യം ഓരോ തട്ടിലുമുണ്ടെങ്കിൽ മാത്രമേ ഈയൊരു അസമത്വം ഇല്ലായ്മ ചെയ്യാൻ പറ്റുകയുള്ളൂ. അതുകൊണ്ടാണ് നിയമസഭയിലുൾപ്പെടെ മതിയായ പ്രാതിനിധ്യം വേണമെന്നു പറയുന്നത്. മതിയായ പ്രാതിനിധ്യം, ജനസംഖ്യാനുപാതിക പ്രാതിനിധ്യം ഉണ്ടാവുകയാണ് വേണ്ടത്.
അത്തരം പ്രാതിനിധ്യത്തിനുവേണ്ടിയുള്ള ശ്രമങ്ങൾ, ഇടപെടലുകൾ നടന്നിട്ടുണ്ട്, നടക്കുന്നുമുണ്ട്. പക്ഷേ, എത്രത്തോളം അതിനു ഫലമുണ്ടായി. എന്തുകൊണ്ടാണ് വേണ്ടത്ര ഫലം ഉണ്ടാകാതെ പോകുന്നത്?
പവർഗ്രൂപ്പ് അത്ര ശക്തമല്ലേ. നൂറ്റാണ്ടുകളായി അവരുടെ കയ്യിലാണ് അധികാരം. നമുക്ക് അക്ഷരം അറിയാനുള്ള അവകാശമുണ്ടായിട്ട് പതിറ്റാണ്ടുകളല്ലേ ആയിട്ടുള്ളു. അറിവാണ് എല്ലാത്തിന്റേയും അടിസ്ഥാനം. അറിവ് നേടുമ്പോഴാണ് മനുഷ്യർ പ്രബുദ്ധരാകുന്നത്. അധികാര സ്ഥാനങ്ങളിൽ എത്താനും അറിവിന്റെ ആവശ്യമുണ്ട്. അത് ഇന്നർ ആയിട്ടുള്ള അറിവാണെങ്കിലും ബാഹ്യമായിട്ടുള്ള അറിവാണെങ്കിലുമതെ. ബ്യൂറോക്രസിയിലാണെങ്കിലും ഇത്തരത്തിലുള്ള പ്രാതിനിധ്യം വന്നെങ്കിലേ ഭരണ, കാര്യനിർവഹണമെന്നതിലും നല്ലൊരു മാറ്റം ഉണ്ടാവുകയുള്ളൂ.
ദളിതർ ജാതി പറഞ്ഞാൽ അത് അപകർഷതാബോധംകൊണ്ടാണ് എന്നു പരിഹസിക്കുകയും ‘മേൽജാതിക്കാർ’ പറഞ്ഞാൽ അത് ഐഡന്റിറ്റിയാവുകയും ചെയ്യുന്ന രീതി നമ്മുടെ കൺമുന്നിലുണ്ട്. അതിന്റെ നേരിട്ടുള്ള അനുഭവസ്ഥയായിരിക്കുമല്ലോ?
അതെ. പക്ഷേ, അത് ഇപ്പോൾ ഖണ്ഡിച്ചുകൊണ്ടിരിക്കുകയാണ്. അത് അപ്രസക്തമായിക്കൊണ്ടിരിക്കുകയാണ്. അവർ പറയുന്നത് ശരിയല്ല എന്ന് കൃത്യമായി ടി.എസ്. ശ്യാംകുമാറിനേയും സണ്ണി കപിക്കാടിനേയുമൊക്കെപ്പോലുള്ള ആളുകൾ പറയുമ്പോൾ അവർക്ക് മറുപടിയുണ്ടാകുന്നില്ല. അവർ നിശ്ശബ്ദരാക്കപ്പെടുന്നുണ്ട്. അറിവ് നേടിയതുകൊണ്ടാണ് കൃത്യമായി അതു പറയാൻ കഴിയുന്നത്. ഇംഗ്ലീഷ് ആണെങ്കിലും സംസ്‌കൃതം ആണെങ്കിലുമൊക്കെ അധികാര ഭാഷയാണ്. അതിൽ അടിത്തട്ട് മനുഷ്യർ അറിവ് നേടിക്കഴിഞ്ഞാൽ ഇവർക്കൊക്കെ വലിയ ബുദ്ധിമുട്ടാകും. നമ്മൾ പറയുന്നത് സാമൂഹിക സമത്വത്തിനുവേണ്ടിയാണ്. അല്ലാതെ അപകർഷത ഉണ്ടായിട്ടല്ല. സാമൂഹിക സമത്വമാണ് അതിന്റെ ലക്ഷ്യം. അതുണ്ടാകണമെങ്കിൽ ബ്യൂറോക്രസിയിൽ, ഭരണസംവിധാനങ്ങളിൽ പ്രാതിനിധ്യം ഉണ്ടാകണം. എന്നാലേ ഇത് മാറുകയുള്ളൂ. മാറാൻ എളുപ്പമൊന്നുമല്ല.
ഡബ്ല്യു.സി.സി പോലുള്ള ഒരു മൂവ്‌മെന്റിന്റെ പ്രസക്തിയും പ്രാധാന്യവും എത്രത്തോളമാണ്?
തീർച്ചയായും അതു വേണം. മനുഷ്യരെല്ലാം തലച്ചോർ ഉള്ളവർ തന്നെയാണ്. പക്ഷേ, ശരീരത്തിന്റെ പ്രത്യേകതകൾ വെച്ചിട്ടാണ് കാര്യങ്ങൾ നിർണയിക്കുന്നത്. വളരെ ബൗദ്ധികമായി വളർന്ന സ്ത്രീകളാണ് കേരളത്തിലുള്ളത്. അവർക്ക് തുല്യതയുണ്ടാകണം സമൂഹത്തിൽ. അതിൽ എന്താണ് തെറ്റുള്ളത്. ഏതൊരു പൗരനുമുള്ള അവകാശം സ്ത്രീകൾക്കുമുണ്ട്; അത് അവരുടെ ജന്മാവകാശമാണ്, ആരുടേയും ഔദാര്യമല്ല. അത് നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നത് പുരുഷകേന്ദ്രീകൃതമായ ഒരു വർക്കിംഗ് എൻവയോൺമെന്റിൽ സംഭവിക്കുന്ന കാര്യങ്ങളാണ്. അവിടെ സ്ത്രീകളുടെ പ്രാതിനിധ്യം ഉണ്ടാകുന്നത് എങ്ങനെയാണ്? കഴിവുള്ള സ്ത്രീകൾക്ക് അത്തരം ഇടങ്ങളിൽ നിലനിന്നു ജോലി ചെയ്യാനുള്ള സ്‌പെയ്‌സ് ഉണ്ടാകണം. സ്‌പെയ്‌സ് ഉണ്ടാവുക എന്നതാണ് പ്രധാനം. അത് ഇല്ലാതെ വരുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളാണ്.
ഡബ്ല്യു.സി.സി-യുടെ ഭാഗമാണോ?
ഞാൻ അവരുടെ മെമ്പറൊന്നുമല്ല; പക്ഷേ, അവരുടെ വലിയ ഒരു സപ്പോർട്ടറാണ്. ആ സമയത്ത് ഉണ്ടായ ഒരു സാങ്കേതികപ്പിഴവ് കൊണ്ടാണ് മെമ്പറാകാതെ പോയത്. ഫോം പൂരിപ്പിച്ചു കൊടുക്കുന്നതിൽ എന്തോ ഒരു ആശയക്കുഴപ്പമുണ്ടായി. ഞാനതങ്ങ് വിട്ടു. അവരെ സംബന്ധിച്ച്, എന്നെ എപ്പോൾ വേണമെങ്കിലും കിട്ടും. കാരണം, ഞാൻ അതിന്റെ ഉള്ളിലുള്ളതുപോലെത്തന്നെയാണ് പുറത്തും നിൽക്കുന്നത്. അതുകൊണ്ടാണ്. അവർക്കതിൽ ഒരു വിഷയം തോന്നിയില്ലാന്നു തോന്നുന്നു.
ആരാണ് ആ സ്ത്രീ എന്ന് പുഷ്പവതിയെക്കുറിച്ച് ചോദിച്ചത് മലയാളത്തിന്റെ അഭിമാനമായ വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണനാണ്. അദ്ദേഹം മറ്റൊരു തരത്തിൽ സംവിധായകൻ ബിജുവിനേയും ജാതിയുടെ പേരിൽ പ്രതിഭയെ ഇകഴ്ത്തി സംസാരിച്ചിട്ടുണ്ട്. അടൂർ ഈ പറയുന്നത് ഫലത്തിൽ മലയാള സിനിമയുടെ വേറൊരു തരത്തിലുള്ള സ്വരമായി മാറുകയാണോ? ഇടയ്ക്കിടെ സ്വയം തെളിയിക്കേണ്ട അവസ്ഥ അഭിമുഖീകരിക്കുന്നുണ്ടോ?
തീർച്ചായിട്ടും ഉണ്ട് അത്. നമ്മൾ നിരന്തരം, നമ്മൾ ഇന്നതാണെന്ന് പറഞ്ഞുകൊണ്ടേയിരിക്കേണ്ട അവസ്ഥ; മറ്റവർക്ക് അത് ആവശ്യമില്ലാത്ത അവസ്ഥ. കാരണം, അവർ എപ്പോഴും സ്വീകരിക്കപ്പെടുന്ന സാഹചര്യമാണ് പൊതുസമൂഹത്തിലുള്ളത്. അവർ അടക്കി ഭരിച്ചുകൊണ്ടിരുന്ന മേഖലയല്ലേ. അപ്പോൾ, ഇതിനിടയിൽ നമ്മുടേതായ ഒരു പ്രാതിനിധ്യം ഉണ്ടാകുന്നതിലെ അസ്വസ്ഥത. ഒരു സ്റ്റേറ്റിന്റെ വിഭവം, അത് അധികാരമാണെങ്കിലും പണമാണെങ്കിലും പ്രശസ്തിയാണെങ്കിലും അവസരങ്ങളാണെങ്കിലും വിതരണം ചെയ്യപ്പെടുന്നതിൽ ഒരു പ്രാതിനിധ്യമില്ലായ്മ. പ്രാതിനിധ്യമില്ലായ്മ എന്ന വാക്ക് തന്നെയാണ് അവിടെ ഉദ്ദേശിക്കുന്നത്. കാലങ്ങളായി അതിന്റെ ഗുണഭോക്താക്കൾ ഒരു വിഭാഗമായിരുന്നു. ഈ പറഞ്ഞ വിഭവങ്ങളെല്ലാം സവർണ ലോബി കയ്യടക്കിവെച്ചിരിക്കുകയായിരുന്നു. അതിലേക്ക് നമ്മൾകൂടി ചെല്ലുകയാണ്. പൂച്ചയ്ക്കു ഭക്ഷണം കൊടുക്കുമ്പോൾ വേറെ ഏതേലും പൂച്ച വന്നാൽ അടിപിടി കൂടുന്നതുപോലെയാണ് അവരുടെ പെരുമാറ്റം. നമുക്കുകൂടി സർക്കാരായിട്ട് അവസരം തരികയാണ്, ഇവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരണം എന്ന തീരുമാനത്തിൽ. അങ്ങനെ നല്ല ഉദ്ദേശ്യത്തോടെ തീരുമാനിച്ചുണ്ടാക്കിയ ഒരു നയമാണത്. അതിനെയാണ് അദ്ദേഹം തുരങ്കം വെച്ചത്. അതുകൊണ്ടാണ് ഞാൻ എതിർത്തത്. നമ്മുടെ മുന്നോട്ടു പോക്കിന് അതു തടസ്സമാണ്. അതാണ് എതിർക്കാൻ കാരണം. അവസരസമത്വം ഉണ്ടാകുമ്പോൾ ചിലർക്കു സഹിക്കുന്നില്ല. അവിടെപ്പോലും സമത്വം ഉണ്ടായിട്ടില്ല; ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സമത്വത്തിനു വേണ്ടിയുള്ള ഒരു ശ്രമത്തെപ്പോലും അസഹിഷ്ണുതയോടുകൂടി കാണുന്നു. അതു ശരിയല്ല. ആ സ്‌കീമുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ തലത്തിൽ അഴിമതിയുണ്ടെങ്കിൽ അത് അങ്ങനെ അന്വേഷിച്ച് ഇല്ലാതെയാക്കണം. അല്ലാതെ ആ നയത്തെ ഇല്ലാതാക്കുകയല്ല ചെയ്യേണ്ടത്.
അടൂർ പരസ്യമായി പറഞ്ഞു. പരസ്യമായി പറയാതെ തന്നെ ആ അഭിപ്രായമുള്ളവർ വേറെയുമുണ്ട് എന്നാണോ പറയുന്നത്?
അതെ. അതാണ് കയ്യടികളായി അവിടെ കേട്ടത്. ആ കയ്യടിച്ച ആളുകളുടെ പ്രതിനിധിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ശബ്ദം അതിനുപയോഗിച്ചു. ഉപയോഗിച്ച ആളുകളുടെ ശബ്ദം കയ്യടിയായി കേട്ടു. അത്രേയുള്ളൂ.
അടൂരിനെക്കുറിച്ച് എന്താണ് അഭിപ്രായം?
അദ്ദേഹത്തോട് ബഹുമാനക്കുറവൊന്നുമില്ല. നമുക്ക് വളരെ ശ്രേഷ്ഠമായ ഒരു പുരസ്കാരം നേടിത്തന്ന, കേരളത്തിന്റെ ഒരു അഭിമാനസ്തംഭമായി നിൽക്കുന്ന ആളല്ലേ. പിന്നെ, അദ്ദേഹത്തിന്റെ എല്ലാ സിനിമകളും എനിക്ക് ഇഷ്ടമൊന്നുമല്ല. ചില സിനിമകൾ. അദ്ദേഹം വലിയ കഴിവും കാര്യപ്രാപ്തിയുമുള്ള വലിയ സംവിധിയാകനാണ്. അദ്ദേഹത്തെ അളക്കാൻ ഞാൻ അത്ര യോഗ്യതയുള്ള ആളൊന്നുമല്ല. അദ്ദേഹത്തോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ടു മാത്രമാണ് ഞാനെന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുള്ളത്. എന്റെ ഭാഗത്തുനിന്ന് അദ്ദേഹത്തെ വിലകുറച്ചുകൊണ്ടുള്ള ഒരു വാക്കും ഉണ്ടായിട്ടില്ല. പ്രതികരിച്ചത് വിലക്കുറവല്ല; നമ്മുടെ ശബ്ദം അവിടെ കേൾപ്പിക്കുക എന്നുള്ളതാണ്. കാരണം, അത്രയും നിറഞ്ഞ മാധ്യമങ്ങൾക്കു മുന്നിലാണ് അദ്ദേഹം സംസാരിച്ചത്. അപ്പോൾപ്പിന്നെ അവിടെത്തന്നെ ഉത്തരം പറഞ്ഞില്ലെങ്കിൽ ശരിയാകില്ല. ഇടയ്ക്കുകയറി പറഞ്ഞു എന്നൊരു വിമർശനമാണ് എന്നോടുണ്ടായത്. ഞാൻ അദ്ദേഹത്തോട് സ്വകാര്യമായി പറഞ്ഞാൽ അത് ചർച്ച ചെയ്യപ്പെടുമോ? ഇല്ലല്ലോ.
ഹേമാ കമ്മിഷന്റെ കണ്ടെത്തലുകൾ മലയാള സിനിമയിലെ സ്ത്രീകളുടെ ഇടം കൂടുതൽ നന്നാക്കുന്നതിനു കാരണമായിത്തുടങ്ങിയിട്ടുണ്ടോ? മാറ്റമുണ്ടാകുമോ?
സത്യത്തിൽ ഹേമാ കമ്മിഷൻ റിപ്പോർട്ടിന്റെ ഉള്ളടക്കം പുറത്തു വന്നിട്ടുണ്ടോ?
മൊഴി കൊടുത്തവരുടേയും ആരോപണവിധേയരുടേയും പേരുകളും മൊഴികളും ഒഴിവാക്കി ശുപാർശകളാണല്ലോ പുറത്തുവന്നത്?
അതെ. അതിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ തീർച്ചയായും നടപ്പാക്കേണ്ടതു തന്നെയാണ്, അങ്ങനെയുണ്ടെങ്കിൽ. കാരണം, ആ ഫീൽഡിൽ നിൽക്കുന്ന ആൾ എന്ന നിലയിൽ എനിക്കറിയാം എന്തൊക്കെ പ്രശ്നങ്ങൾ അവിടെ ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന്. എന്നെ സംബന്ധിച്ച്, എനിക്കെന്തെങ്കിലും വന്നുകഴിഞ്ഞാൽ ഞാൻ സ്വയമങ്ങ് പരിഹരിക്കുന്ന ആളാണ്. ഞാനപ്പോൾത്തന്നെ അതിനു വേണ്ടത് കൊടുക്കും. പ്രതിക്രിയ ചെയ്യും. അതുകൊണ്ട് എനിക്ക് ഈ അടുത്തകാലത്തൊന്നും അങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടില്ല. അനുഭവങ്ങളെന്നു വെച്ചാൽ, സ്ത്രീ എന്ന നിലയ്ക്കുള്ള ഒരു മിസ്ബിഹേവ്, അതാണ് ഉദ്ദേശിച്ചത്. ഈ പറഞ്ഞതുപോലെ പവർ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളൊക്കെ അതിന്റെ വഴിക്കു നടക്കുന്നുണ്ട്. ഞാൻ അവരെയൊന്നും വലിയ ആൾക്കാരായിട്ടു കാണുന്നില്ല എന്നു പറഞ്ഞല്ലോ. എന്റെ മുന്നിൽ ഈശ്വരൻ മാത്രമേയുള്ളൂ വലിപ്പമുള്ളത്. ആ ഒരു ശക്തിയുടെ മുന്നിൽ വളരെ വിധേയരാണ്; ഞാൻ ആ ഒരു പൊരുളിനെ വിശ്വസിക്കുന്ന ആളാണ്. ആ പൊരുളിനോട് അടിമപ്പെട്ടിട്ടാണ് ഞാനുള്ളത്. വേറെ ആരോടും എനിക്ക് ഒരു അടിമബോധവുമില്ല. ഞാൻ അടിമയാണെങ്കിൽ അത് ദൈവത്തിന്റെ മുന്നിൽ മാത്രമേയുള്ളൂ.
കഴിഞ്ഞ പതിറ്റാണ്ടിനിടയിൽ കേരളം ഒട്ടേറെ പ്രതിസന്ധികളെ അഭിമുഖീകരിക്കുകയും അതിജീവിക്കുകയും ചെയ്തു. ലോകം മുഴുവൻ നേരിട്ട കൊവിഡ് പ്രതിസന്ധിയുടെ ഭാഗമായി, കേരളത്തിൽ മാത്രമായി പ്രളയവും കൊടുങ്കാറ്റും നിപയുമൊക്കെപ്പോലുള്ള വലിയ ബുദ്ധിമുട്ടുകളുമുണ്ടായി. എങ്ങനെ ഓർക്കുന്നു ആ കാലത്തെ?
അതെല്ലാം മറികടന്ന കേരളമാണ്; എത്ര ധീരമായി മറികടന്നു. പക്ഷേ, വളഞ്ഞിട്ടുള്ള ആക്രമണങ്ങൾക്കു കുറവൊന്നുമില്ല. ജനങ്ങൾക്കു മനസ്സിലാകണം; മനസ്സിലായില്ലെങ്കിൽ അനുഭവിക്കും, അത്രേയുള്ളൂ. എല്ലാവരും പരിപൂർണരായി ക്ലിയറാണ് എന്നൊന്നും പറയാൻ പറ്റില്ല. എല്ലാത്തിലുമുണ്ടല്ലോ. ശ്രീനാരായണഗുരുവിന്റെ ‘സദാചാരം’ എന്ന കൃതിയിലുണ്ട്: “നെല്ലിനു നീരു കൊടുക്കുമ്പോൾ പുല്ലിലും ചെന്നുപെടും. എങ്കിലും കല്ലുവച്ച് അടയ്ക്കരുത്” എന്ന്. എന്നുവച്ചാലെന്താണ്. നമ്മൾ വയലിലേക്കു വെള്ളം വിടുമ്പോൾ നെൽകതിരിനൊപ്പം പുല്ലും വളരില്ലേ. എന്നുവച്ച് നമ്മൾ പുല്ല് അവിടെ വളരണ്ട എന്നു പറഞ്ഞ് കല്ലുവച്ച് അടയ്ക്കാൻ പറ്റുമോ? അടച്ചാൽ എന്തു സംഭവിക്കും. നെല്ലും വളരില്ല, പുല്ലും വളരില്ല. പുല്ല് പറിച്ചു കളയുകയാണ് വേണ്ടത്. അല്ലാതെ നല്ല ഒരു സംവിധാനത്തെ ഇല്ലായ്മ ചെയ്യുക എന്നല്ല. വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന സംവിധാനമാണ് സംസ്ഥാന സർക്കാർ. അതിനിടയിൽ ഈ പറഞ്ഞതുപോലെ കളകളുണ്ടാകാം. മനുഷ്യരല്ലേ. അതു പറിച്ചു കളയണം. അതിനുള്ള ഇച്ഛാശക്തിയുണ്ടാകണം നേതൃത്വത്തിന്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പും വരാൻ പോകുന്നതുകൊണ്ട് രാഷ്ട്രീയ ചർച്ചകൾ സജീവമാണ്. ഏതെങ്കിലും തരത്തിൽ അതിന്റെ ഭാഗമാകാറുണ്ടോ?
ഭാഗമാകാറില്ല. പക്ഷേ, മനസ്സിലാക്കും കാര്യങ്ങൾ. മാറിനിന്നു മനസ്സിലാക്കുക എന്നുള്ളതാണ്. നിവൃത്തിയില്ലെങ്കിൽ മാത്രമേ എന്തെങ്കിലും അഭിപ്രായം രേഖപ്പെടുത്താറുള്ളൂ. കാരണമെന്താണെന്നു വെച്ചാൽ ബേസിക്കലി ഞാനൊരു മ്യുസിഷ്യനാണ്. പാട്ടുപാടി, അല്ലെങ്കിൽ പാട്ട് കംപോസ് ചെയ്തൊക്കെയാണ് എന്റെ ജീവിതം. അങ്ങനെയൊക്കെയാണല്ലോ. നമ്മുടെ വഴി മാറിപ്പോകും. പലപ്പോഴും മാറിപ്പോകാവുന്ന സാഹചര്യം ഉണ്ടായിരുന്നു. ഞാൻ അതിനെയൊക്കെ തിരിച്ചുപിടിച്ചതാണ്. കാരണം, ആ വഴിക്കു പോയിക്കഴിഞ്ഞാൽ ഊഷരമായ ഒരു ജീവിതമായിരിക്കും. സമാധാനം എന്നൊരു സംഗതി ഉണ്ടാകില്ല. സംഗീതം എത്രയോ സമാധാനം തരുന്ന ഒരു വഴിയാണ്. കനിഞ്ഞ് അനുഗ്രഹിച്ച് തന്ന് അനുഗ്രഹിക്കപ്പെട്ട ഒരു കഴിവ്. സംഗീതംകൊണ്ട് ചെയ്യാവുന്ന കുറേ കർമങ്ങളുണ്ട്. ആ കർമം ചെയ്യുകയാണ് വേണ്ടത്.
പ്രമുഖ ഗായിക കെ.എസ്. ചിത്ര രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് ഒരു സന്ദർഭത്തിൽ നടത്തിയ അഭ്യർത്ഥനയെക്കുറിച്ച് വിമർശനമുണ്ടായി. അപ്പോൾ അവരെ പിന്തുണച്ച ഗായകൻ പറഞ്ഞത് അവർ 10-40 കൊല്ലമായി വാർത്തകളൊന്നും ശ്രദ്ധിക്കാറില്ല, സംഗീതത്തിൽ മാത്രമാണ് ശ്രദ്ധ എന്നാണ്. അങ്ങനെയൊക്കെ സാധിക്കുമോ? ഏതു കർമത്തിലായിരിക്കുമ്പോഴും നമ്മുടെ ചുറ്റുപാടുമുള്ള സാമൂഹിക ജീവികളെക്കുറിച്ച് ചിന്തിക്കുകയും ഉല്‍ക്കണ്ഠപ്പെടുകയും വേണ്ടിവരില്ലേ?
നേരിട്ടു കണ്ടപ്പോൾ ഞാൻ ചിത്രച്ചേച്ചിയുമായി സംസാരിച്ചിരുന്നു. അവർ അങ്ങനെ ഒരു പ്രസ്ഥാനത്തിൽ വിശ്വസിക്കുന്ന ഒരാളൊന്നുമല്ല എന്നാണ് എന്നോട് പറഞ്ഞത്. അവർ വന്ന് അക്ഷതം കൊടുത്തിട്ട് ഇങ്ങനെ പറയുമോ ചേച്ചീ എന്നു ചോദിച്ചപ്പോൾ പറഞ്ഞതാണ്. എല്ലാവരോടും നന്നായി മാത്രം പ്രതികരിക്കുന്ന ആളാണ്. ഇനിയിപ്പോൾ, ഇടതുപക്ഷ സർക്കാർ വന്നിട്ട് ഇന്നത് പറയൂ എന്നു പറഞ്ഞാൽ ചിലപ്പോൾ അതും പറഞ്ഞൂന്ന് വരും. എന്നോട് സംസാരിച്ചപ്പോൾ എനിക്കു മനസ്സിലായത് അവർക്ക് രാഷ്ട്രീയമില്ല എന്നാണ്. പക്ഷേ, ഇവിടെ അരാഷ്ട്രീയവാദികളാണ് ശരിക്കും ഈ ഹിന്ദുത്വത്തെ വളർത്തുന്നത് എന്നൊരു വിമർശനം എനിക്കുണ്ട്. നമ്മളിങ്ങനെ നിഷ്പക്ഷരാണ് എന്നു പറയുന്നിടത്ത് തീവ്ര വലതുപക്ഷം വളരുന്നു എന്നുള്ളതാണ് സത്യം. അതൊന്നും മനസ്സിലാക്കാനുള്ള ശേഷി അവർക്കില്ലായിരിക്കും. കാരണം, ചിന്തിക്കാൻ നേരമില്ലാത്തവിധം സംഗീതത്തിൽ മുഴുകി ജീവിക്കുകയാണ് അവർ. സിനിമാ സംഗീത മേഖലയിൽ അത്രയ്ക്കും പ്രശസ്തയാണല്ലോ. പക്ഷേ, വളരെ സ്നേഹമുള്ള ആളാണ്. സ്നേഹത്തിനേക്കാൾ ഉപരി, എനിക്കൊരു രാഷ്ട്രീയമുള്ളതുകൊണ്ട് ഞാനെന്റെ നിലപാട് അന്ന് രേഖപ്പെടുത്തിയിരുന്നു. അതുകൊണ്ടാണ് ചേച്ചി എന്നോടത് സംസാരിച്ചത്. വളരെ സ്നേഹപൂർവമാണ് ഞങ്ങൾ അത് ഡിസ്‌കസ് ചെയ്തത്. വിമർശനം എഴുതിയപ്പോഴും അവരോടുള്ള ബഹുമാനത്തിന് ഒരു കുറവുമുണ്ടായിരുന്നില്ല. നമുക്ക് അഭിപ്രായവ്യത്യാസങ്ങൾ രേഖപ്പെടുത്താം; വ്യക്തിയോട് യാതൊരു വിരോധവും കാണിക്കേണ്ടതില്ല. വ്യക്തിയല്ല ആശയമാണ് അവിടെ പ്രധാനം.
അവൾക്കൊപ്പം ക്യാംപെയ്ൻ എത്രത്തോളം ഫലപ്രദമായ സ്ത്രീപക്ഷ ഇടപെടലായി മാറുന്നുണ്ട്. സത്യസന്ധമാണോ അത്?
അതെ. ഞാൻ ഇടപെട്ടിട്ടുള്ള, പങ്കെടുത്ത പരിപാടികൾ സത്യസന്ധമായിരുന്നു. എന്റെ കാര്യം എനിക്കു പറയാൻ കഴിയും. മറ്റുള്ളവരുടെ ഉള്ള് ഞാൻ ചികഞ്ഞുനോക്കിയിട്ടില്ല. അങ്ങനെയൊരു കൂട്ടായ്മ ഉണ്ടായി വരേണ്ടത് വളരെ ആവശ്യമാണ്. കാരണം, നമുക്കൊക്കെ ആത്മവിശ്വാസത്തോടെ തൊഴില്‍രംഗത്ത്, ജീവിക്കാൻ കഴിയണം. അതിനുള്ള ഒരു സാമൂഹിക സാഹചര്യം ഉണ്ടാക്കിയെടുക്കേണ്ടത് നമ്മുടെ ആവശ്യമായി വന്നു. ഇതിൽ മാത്രം ഒതുങ്ങേണ്ടതല്ല. പൊതുവായ എല്ലാ തൊഴിൽ മേഖലയിലും അതുണ്ടാകേണ്ടത് അത്യാവശ്യമാണ്.
പിന്നെ, ആ കുട്ടി എത്ര ധീരമായാണ് അതിനെ നേരിട്ടത്. എത്രമാത്രം വലിയ ട്രോമ അനുഭവിച്ചിട്ടുണ്ടാകും.
ഞാൻ സിനിമയിൽ ആദ്യം പാടിയത് അവൾക്കുവേണ്ടിയിട്ടാണ്: 2002-ൽ ഇറങ്ങിയ ‘നമ്മൾ’ എന്ന സിനിമയിലെ. “കാത്തുകാത്തൊരു മഴയത്ത്” എന്ന പാട്ട് (സംവിധാനം കമൽ, ഗാനരചന കൈതപ്രം, സംഗീതം മോഹൻ സിത്താര). അന്നു മുതൽ കണക്റ്റഡ് ആണല്ലോ. അതുംകൂടിയുണ്ട്. ഇത്തരം ശ്രമങ്ങൾ നമ്മൾക്കുവേണ്ടിയാണല്ലോ. യഥാർത്ഥത്തിൽ ‘അവൾക്കൊപ്പം’ എന്ന് പറയുമ്പോൾ ആ അവൾ ഞാൻ തന്നെയാണ്. അതുകൊണ്ട് നമുക്ക് സത്യസന്ധമായേ പറ്റൂ.
‘സോൾട്ട് ആന്റ് പെപ്പറി’ലെ “ചെമ്പാവ് പുന്നെല്ലിൻ ചോറ്” എന്നു തുടങ്ങുന്ന പാട്ട് 2011-ൽ കേരളത്തിലെ ഏറ്റവും ജനപ്രിയ ഗാനമായിട്ടും അംഗീകാരം കിട്ടിയത് കേരളത്തിൽനിന്നല്ല എന്ന കുറിപ്പ് വായിച്ചിരുന്നു. ആളുകൾ കേൾക്കുന്ന പാട്ട് മാത്രമല്ല, ഇഷ്ടത്തോടെ പാടുന്ന മനോഹരമായ പാട്ടായിട്ടും എന്താണ് സംഭവിച്ചത്?
ആ വർഷത്തെ ഏറ്റവും ജനപ്രിയ ഗാനമായിട്ടുപോലും അതിനൊരു അവാർഡ് തരാൻ സംസ്ഥാന സർക്കാരിനു കഴിഞ്ഞില്ല. ഒന്നാലോചിച്ചു നോക്കൂ, ഇത്രയും ജനപ്രിയമായ ഒരു വേറൊരു ഗാനം അന്നുണ്ടായിരുന്നില്ല, 2011-ൽ. ജനപ്രിയ ഗാനം എന്നുള്ള ടൈറ്റിലിലെങ്കിലും തരാമായിരുന്നു. തന്നില്ല. എന്റെ സ്ഥാനത്ത് വേറെ ഏതെങ്കിലും മുകൾത്തട്ട് സ്ത്രീയാണ് അത് പാടിയതെങ്കിൽ കിട്ടും. അതാണ് ഞാൻ പറഞ്ഞത്, ഇത്തരം അവാർഡ് നിർണയ കമ്മിറ്റികളിലും പ്രാതിനിധ്യം ഉണ്ടാകണം.
ഇപ്പോൾ ആ പ്രാതിനിധ്യം മെച്ചമാണോ?
എന്നു തോന്നുന്നു. നമ്മൾ നിരന്തരമായ വിമർശനങ്ങൾ ഉന്നയിച്ചതുകൊണ്ടാണല്ലോ മാറ്റങ്ങളുണ്ടാകുന്നത്. ഇപ്പോ, വേടനൊക്കെ കിട്ടി. പക്ഷേ, അവിടെപ്പോലും ഒരു ‘പോലും’ ഉണ്ടായി.
കേരളത്തിലെ പുതിയ ജാതി ചർച്ചകൾ കലയും കലാരംഗത്തുള്ളവരുമായി ബന്ധപ്പെട്ടതായി മാറുന്നുണ്ടോ, ഈയിടെയായി?
എന്തിനേറെപ്പറയുന്നു. ഗുരുവായൂരമ്പലത്തിലെ സംഗീതോത്സവത്തിന് ഞാൻ 12-ാം വയസ്സു മുതൽ പാടുന്നതാണ്. ഈ വർഷവും പാടി. ഭക്തിനിറഞ്ഞ ഒരു കീർത്തനം. എന്റെയുള്ളിൽ ഭക്തിയുള്ളതുകൊണ്ടാണ് പാട്ടിലും ഭക്തി വരുന്നത്. അതിന്റെ വീഡിയോ ഞാൻ ഫേസ്ബുക്കിൽ ഇട്ടു. 99.9 പേരും അതിനെ അത്രമേൽ ഇഷ്ടപ്പെട്ടു. അങ്ങനെയുള്ള കമന്റുകൾ വന്നുകൊണ്ടിരിക്കുകയാണ്. അതിനിടയിൽ ഒരു കൃമി, ഒരു സംഘി വന്നിട്ട് ഒരാവശ്യവുമില്ലാതെ വേടനെ അതിൽച്ചേർത്തിട്ട് എന്തൊക്കെയോ പറഞ്ഞു. വേടനും നിങ്ങളും എന്തിനാണ് ജാതി പറയുന്നത് എന്നു തുടങ്ങി, ആ തരത്തിലുള്ള കമന്റ്. അവിടെ എന്താണ് അതിനു പ്രസക്തിയുള്ളത്. ചിലർക്ക് നമ്മൾ സ്വീകരിക്കപ്പെടുന്നത് സഹിക്കാൻ പറ്റുന്നില്ല.
വേടനെതിരായ കേസുകളും അദ്ദേഹത്തിന്റെ പ്രതിഭയുംകൂടി ചേർത്തുപറയുന്നതിൽ, ദിലീപിനോട് ഇല്ലാത്ത ഒരുതരം സഹിഷ്ണുതക്കുറവ് വരുന്നുണ്ടോ സമൂഹത്തിൽ? ദിലീപ് പ്രതിയായിരിക്കുമ്പോൾത്തന്നെ പ്രമുഖ ദൃശ്യമാധ്യമങ്ങളുടെ അതിഥിയായി വന്നിട്ടുണ്ട്. വേടന് കിട്ടിയ, മികച്ച ഗാനരചയിതാവിനുള്ള അംഗീകാരംപോലും അർഹതയില്ലാത്തതാണ് എന്നു പറയുന്ന രീതി. എങ്ങനെ കാണുന്നു?
കേസുകൾ നിയമത്തിനു മുന്നിലിരിക്കുന്ന കാര്യമല്ലേ. അത് അതിന്റെ വഴിക്കു പോകുന്നുണ്ട്. അയാൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തീർച്ചയായും ശിക്ഷിക്കപ്പെടണം. ദളിതനായതുകൊണ്ട് ശിക്ഷിക്കപ്പെടാൻ പാടില്ല എന്നൊന്നും ഒരിക്കലും പറയില്ല. ദളിത് സമൂഹത്തിന്റെ ഇടയിൽ പുരുഷന്റെ മേധാവിത്തപരമായ രീതികൾ എന്താണെന്നും എനിക്കറിയാം. എന്റെ കുടുംബത്തിൽ, എന്റെ രണ്ടു സഹോദരന്മാരിൽനിന്നും ഞാൻ അനുഭവിച്ചിട്ടില്ല. ഒരു വടികൊണ്ടോ ഒരു നുള്ളുകൊണ്ടോ വാക്കുകൊണ്ടോ വേദനിപ്പിച്ചിട്ടില്ല. പക്ഷേ, അച്ഛൻ അമ്മയോട് എങ്ങനെയായിരുന്നു എന്ന് എനിക്കറിയാം. പിന്നെ, നമ്മുടെ സമൂഹത്തിൽ പുരുഷൻ ദളിത് ആണെങ്കിലും മറ്റെന്താണെങ്കിലും സമൂഹത്തിന്റെ ഏതു തട്ടിൽ ഉള്ളവരാണെങ്കിലും ഒരു മേധാവിത്ത സ്വഭാവമുണ്ട്.
വേടന്റെ കാര്യത്തിൽ, അദ്ദേഹം ഉയർത്തുന്ന ഒരു വലിയ പൊളിറ്റിക്സ് ഉണ്ട്. അത് ഇവിടുത്തെ അടിസ്ഥാന വർഗങ്ങൾക്ക് ഏറ്റവും ആവശ്യമുള്ള പൊളിറ്റിക്സാണ്. ആ പൊളിറ്റിക്സിനെ ഏറ്റവും കൂടുതൽ ജനങ്ങളിലേക്ക് വേടന്റെ പാട്ടുകളിലൂടെ എത്തിക്കാൻ കഴിഞ്ഞു. അതുകൊണ്ട്, അദ്ദേഹത്തിന്റെ പാട്ടിന് അംഗീകാരം കൊടുക്കാൻ പാടില്ല എന്ന് എങ്ങനെ പറയാൻ പറ്റും? അദ്ദേഹത്തിന്റെ വരികൾ, സംഗീതം ഇതെല്ലാം വളരെ മൂല്യവത്തായിട്ടുള്ളതാണ്. അതിന് അതിന്റെ വില കൊടുക്കാതിരിക്കാൻ കഴിയില്ല ഇന്നത്തെ സാഹചര്യത്തിൽ.
അവർ എന്റെ ആത്മസഹോദരങ്ങളാണ്, അവർക്കു വേദനിക്കുമ്പോൾ എനിക്കും വേദനിക്കും എന്ന് മാധ്യമങ്ങൾക്കു മുന്നിൽ നടത്തിയ പരാമർശമുണ്ടല്ലോ, അടൂരിന്റെ വിമർശനത്തിന് വിധേയരായവരെക്കുറിച്ച്. അത് ഒരേസമയം വളരെ പൊളിറ്റിക്കലും വൈകാരികവുമായിരുന്നു. എല്ലാവർക്കും പറയാൻ കഴിയുന്നതല്ല. ആ ഒരു രാഷ്ട്രീയ നിലപാട് രൂപപ്പെട്ടതിനേക്കുറിച്ച് പറയാമോ?
ആ രാഷ്ട്രീയം രൂപപ്പെട്ടത് പൊയ്കയിൽ അപ്പച്ചനെ വായിച്ചപ്പോഴാണ്. “കാണുന്നില്ലൊരക്ഷരവും എന്റെ വംശത്തെപ്പറ്റി, കാണുന്നുണ്ടനേക വംശത്തിൻ ചരിത്രങ്ങൾ” എന്ന അദ്ദേഹത്തിന്റെ വരികളാണ് ഞാൻ ആദ്യം വായിച്ചത്. ആ രണ്ടു വരികൾ വായിച്ചപ്പോൾത്തന്നെ എന്റെ ഉള്ളിൽക്കിടന്ന് അത് പിടച്ചു. എന്താ പറയേണ്ടത് എന്നെനിക്കറിയില്ല. ഞാനിവിടിരുന്നു കരഞ്ഞു. രേണുകുമാറിന്റെ ആ പുസ്തകത്തിലെ ആദ്യ വരികൾ അതാണ്. കുറേസമയം ഞാൻ സ്തബ്ധയായി ഇരുന്നുപോയി. ഒരുപാടുകാലം, നമ്മൾ ജീവിച്ച അത്രയും ഞാൻ ഓർത്തുപോയി; ഓരോ അനുഭവങ്ങൾ തലയിൽക്കൂടി മിന്നിമറയുന്ന അനുഭവം. ആ രണ്ടു വരിയിൽത്തന്നെയുണ്ട് കാര്യങ്ങൾ. കാരണം, ജീവിതത്തിൽ നമ്മൾ അനുഭവിച്ച, മുന്നോട്ടു വരാൻ എത്രമാത്രം കുതിപ്പുകൾ ഉണ്ടായിട്ടുണ്ട്. ആ കുതിപ്പുകളിലെല്ലാം എത്രത്തോളം പിന്തള്ളപ്പെട്ടിട്ടുണ്ട്, ജാതിപരമായ എത്രയെത്ര അവഹേളനങ്ങൾ; അതൊക്കെ ഉള്ളിലിങ്ങനെ മിന്നിമറയുകയാണ്.
ഞാൻ പിന്നീടത് കമ്പോസ് ചെയ്ത് പൊതുവേദിയിൽ പാടുമ്പോൾ തൊണ്ട ഇടറുമായിരുന്നു. ഇപ്പോഴാണത് ഓക്കെയായത്, പാടിപ്പാടിപ്പാടിയാണ് അത് ഓക്കെയായത്. അത് പാടുമ്പോൾ വൈകാരികമായ ഒരു വിക്ഷോഭം എന്റെ ഉള്ളിൽ ഉണ്ടാകും. പെട്ടെന്ന് പാട്ട് എന്റെ ചങ്കിൽപ്പിടിക്കുന്ന അനുഭവം. അദ്ദേഹത്തെക്കുറിച്ച് വായിച്ചപ്പോഴാണ് എന്റെ ആത്മസഹോദരങ്ങൾ എന്ന കൺസപ്റ്റിലേക്ക് ഞാൻ വന്നത്. ആ വരികൾ ആദ്യമായി കമ്പോസ് ചെയ്ത് പാടിയത് ഞാനാണ്; ആദ്യമായി വ്യത്യസ്തമായി പാടിയത്; വേടനല്ല. വേടനാണ് പൊയ്കയിൽ അപ്പച്ചനെ ആദ്യമായി പാടിയത് എന്നൊക്കെ പലരും സമൂഹമാധ്യമങ്ങളിലൊക്കെ എഴുതുന്നുണ്ട്. അത് ശരിയല്ല. വേടൻ ആദ്യം കേട്ടത് എന്നിൽ നിന്നാണ്. സംഗീത നാടക അക്കാദമിയിൽ കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഞങ്ങൾ നടത്തിയ ഒരു പരിപാടിയുണ്ടായിരുന്നു. തൃശൂരിൽ അന്നു ഞാൻ പാടുമ്പോൾ കേൾക്കാൻ വേടനുമുണ്ട്. എന്നെ വന്ന് ആദ്യമായി പരിചയപ്പെടുന്നതും അന്നാണ്. അതിനും എത്രയോ കഴിഞ്ഞിട്ടാണ് വേടൻ ആ പാട്ട് പാടുന്നത്.
പൊയ്കയിൽ അപ്പച്ചൻ പാടിവച്ച സ്വന്ത രാഗമുണ്ട്. അത് വളരെ പാത്തോസ് ആയ, സങ്കടം നിറഞ്ഞ ആലാപനമാണത്. അന്നത്തെ കാലത്ത് സങ്കടപ്പെട്ട് അദ്ദേഹം പാടിവച്ചു. സത്യസന്ധമാണല്ലോ ആ വേദന. വേദന എപ്പോഴും വേദനയുടെ ഭാഷയിൽ അല്ലേ പാടാൻ പറ്റുകയുള്ളൂ. അദ്ദേഹത്തിന്റെ വരികൾ ആരെങ്കിലും കമ്പോസ് ചെയ്തു പാടിയിട്ടുണ്ടോ എന്നു നോക്കുമ്പോഴാണ് അദ്ദേഹത്തിന്റെ അനുയായികളായ പ്രത്യക്ഷ രക്ഷാ ദൈവസഭയിലെ (പി.ആർ.ഡി.എസ്) സംഗീതജ്ഞർ പാടിയത് യൂട്യൂബിൽനിന്നു കിട്ടിയത്. ചിലതു കേട്ടപ്പോൾ എല്ലാം ശോകമാണ്. ഇനി അത് ശോകത്തിൽ പാടുകയല്ല വേണ്ടത് എന്നു തോന്നി. ഞാൻ കുറച്ചു നേരത്തോളം ബിബി കിംഗിന്റെ ബ്ലൂസ് കോൺസേർട്ട് കേട്ടു. ഇത് കമ്പോസ് ചെയ്യണമെന്നു തോന്നി. അതിന്റെയൊരു ത്രെഡ് എനിക്കു കിട്ടി. എന്നിട്ട് അതുവെച്ച് കമ്പോസ് ചെയ്തതാണ്. ഉക്കലേലിവെച്ചാണ് ചെയ്തത്. ശ്രുതിയും താളവും ഈ ഉക്കലേലിയിൽത്തന്നെയാണ്. ശ്രുതിയിട്ടു പാടി മൊബൈലിൽ റെക്കോഡ് ചെയ്തത് നേരെ എഫ്ബിയിൽ പോസ്റ്റ് ചെയ്തു. അതങ്ങു വൈറലായീന്നു വെച്ചാൽ ഭയങ്കരമായി വൈറലായി. ആദ്യമായിട്ടാണ് ഇത്തരത്തിൽ ഈ പാട്ട് അവതരിപ്പിക്കപ്പെടുന്നത്. എന്താണ് ഉണ്ടായതെന്നുവെച്ചാൽ, അപ്പച്ചന്റെ പാട്ടുകൾ ഭക്തിയോടുകൂടി കാണുന്നവരിൽനിന്നു പ്രതികരണമുണ്ടായി. അവർക്കതൊരു പ്രാർത്ഥനയാണ്. ഈ രീതിയിൽ ചെയ്തത് അവർക്ക് ഉൾക്കൊള്ളാനായില്ല. വല്ലാത്ത വിമർശനമുണ്ടായി. തിരിച്ച് ഞാനൊരു കല്ല് പോലും എറിഞ്ഞില്ല. ഒരുപാട് കല്ലുകൾ ഇങ്ങോട്ടെറിഞ്ഞു. അതെന്തു കൊണ്ടാണ്? അവർ എന്റെ ആത്മസഹോദരങ്ങളായതുകൊണ്ടാണ്. എന്താണ് തിരിച്ചൊന്നും പറയാത്തതെന്ന് ഇതു കണ്ട, എന്റെ പുരോഗമന ചിന്താഗതിക്കാരായ സുഹൃത്തുക്കൾ പലരും ചോദിച്ചു. അങ്ങനെയെങ്കിലും അവരുടെ ആത്മവിശ്വാസം വർധിക്കുകയാണെങ്കിൽ അതുണ്ടാകട്ടെ എന്നു ഞാൻ പറഞ്ഞു. എനിക്കതിലൊരു വിഷമവുമില്ല. കാരണം, അവരെ വിഷമിപ്പിക്കാൻ എനിക്കു കഴിയില്ല.
അങ്ങനെ, മറ്റു പലരും പൊയ്കയിൽ അപ്പച്ചനെക്കുറിച്ച് എഴുതിയത് വായിച്ചു. വി.വി. സ്വാമി, ഇ.വി. അനിൽകുമാർ, സതീഷ് കിടാരക്കുഴി ഇവരൊക്കെ എഴുതിയ പുസ്തകങ്ങൾ കിട്ടി. വേറെയും പാട്ടുകൾ ചെയ്തു. പുലയനൊരു പള്ളി പറയനൊരു പള്ളി എന്ന ഗാനമൊക്കെ വലിയ ഹിറ്റായി. ആളുകൾ ചോദിച്ച് പാടാൻ പറയുന്ന പാട്ടാണ്. അങ്ങനെയുള്ള പ്രോജക്റ്റുകൾ ചെയ്യാൻ ഇഷ്ടമാണ്. ചുറ്റും ഒരുപാട് അവസരങ്ങളുണ്ട് എന്നു തോന്നാറുണ്ട്. ഇതെല്ലാം ചെയ്യാൻ കാശ് വേണം. സാങ്കേതികമായി കുറേ കാര്യങ്ങൾ ചെയ്യാനുണ്ടല്ലോ. ഓർക്കസ്‌ട്രേഷൻ ചെയ്യണം, കംപ്യൂട്ടർ പ്രോഗ്രാമിങ്ങും മിക്സിങ്ങും കാര്യങ്ങൾ, സ്റ്റുഡിയോ വാടക അങ്ങനെയൊക്കെ കുറേ കാര്യങ്ങൾ. നാരായണഗുരുവിന്റെ കൃതികളായാലും അങ്ങനെ തന്നെയാണ്. ഗുരുവിന്റെ ദാർശനിക കൃതികൾ കമ്പോസ് ചെയ്ത് ഇറക്കുക എന്നത് വലിയ ആഗ്രഹമാണ്. ഗുരുകൃതികളെ ഗുരു ഉദ്ദേശിച്ച അർത്ഥത്തിൽ മനസ്സിലാക്കണമെങ്കിൽ നമ്മുടെ ജീവിതം മുഴുവൻ കൊടുത്താൽപ്പോലും കഴിഞ്ഞെന്നുവരില്ല എന്നാണ് എന്റെ അഭിപ്രായം. നമ്മുടെ പരിമിതമായ അറിവിൽ നിന്നുകൊണ്ട് ചെയ്യാവുന്ന കുറച്ചു കൃതികളെങ്കിലും ചെയ്യണം. ആ ദർശനങ്ങളൊക്കെത്തന്നെ സാമൂഹികമായ ഒരു നവോത്ഥാനത്തിനുവേണ്ടിയാണുള്ളത്. ആത്മോപദേശ ശതകം പ്രത്യേകിച്ചും. അതുപോലെ പൊയ്കയിൽ അപ്പച്ചനെ ചെയ്യണമെന്നുണ്ട്, അദ്ദേഹത്തിന്റെ കൃതികൾ. അതുപോലെ ദാർശനികമായി ആരൊക്കെ ചെയ്തിട്ടുണ്ടോ അതൊക്കെ അന്വേഷിച്ച് കണ്ടെത്തുകയും ചെയ്യണം. ആ വഴിയിൽക്കൂടി നീങ്ങണം. അതാണ് ഞാൻ പൊയ്‌ക്കൊണ്ടിരിക്കുന്നത്. എത്ര വർഷമായെന്നറിയാമോ. കബീർദാസിന്റെ മലയാളം പരിഭാഷ 2003-ൽ ആണ് കമ്പോസ് ചെയ്തത്. അതിന്റെ ഒരു വീഡിയോ യൂട്യൂബിലുണ്ട്; അപരിചതനല്ലോ ജഗദീശ്വരൻ: “ഈ ജഗത്തിൻ ഈശ്വരൻ നിങ്ങൾക്ക് അപരിചിതൻ, അലറിവിളിപ്പതെന്തിന്, ബധിരനോ പ്രഭു, പ്രപഞ്ചനാഥൻ? കാതോർക്കുമെൻ പ്രഭു വെറുമൊരു പുഴുവിന്റെ പദചലനത്തിനു പോലും.” ശ്വാസങ്ങളുടെ ശ്വാസമായ ഈശ്വരനെ എവിടെയും പോയി തിരയേണ്ട കാര്യമില്ല, പള്ളിയിലോ കഅ്ബയിലോ കൈലാസത്തിലോ ഒന്നുമല്ല ഈശ്വരൻ. ഈ സത്യം അറിഞ്ഞുകൊണ്ട് പ്രാർത്ഥിക്കുമ്പോൾ അതൊരു വിഷയമല്ല. പക്ഷേ, ഈ സത്യമറിയാതെ അമ്പലത്തിനുള്ളിലാണ്, പള്ളിയുടെ ഉള്ളിലാണ് ദൈവമിരിക്കുന്നത് എന്നു വരുന്നതാണ് പ്രശ്നം. ദൈവികമായ ആ സത്യത്തെ മനസ്സിലാക്കിക്കൊണ്ട് ഓരോരുത്തരും അവരുടെ രീതിയിൽ പ്രാർത്ഥിച്ചാൽ പ്രശ്നമില്ല. സത്യം അറിയണം.
പാട്ടുകളെക്കുറിച്ച്?
നല്ല പാട്ടുകൾ, ഹിറ്റായി മാറിയ പാട്ടുകൾ പാടാൻ കഴിഞ്ഞു. പുതിയ സിനിമയിലെ പാട്ടിന്റേയും രീതിയും വരികളും സംഗീതവുമൊക്കെ പ്രതീക്ഷ നൽകുന്നതാണ്. “ഒരു മന്ത്രത്തീ തന്ത്രത്തീ കത്തിത്തുടങ്ങീ, ഒരു വമ്പത്തി കൊമ്പത്തി മണ്ണിൽ ഇറങ്ങി...” എന്നു തുടങ്ങുന്ന ഡ്യൂയറ്റാണ്; “കൊഞ്ചൽപ്പാട്ടേ, ചെല്ലക്കുത്തിപ്പൂവേ സ്വപ്നം കണ്ടു പേടിക്കല്ലേ, കരയരുതേ, മുത്തു കലമാനേ മുത്തശ്ശീടെ മോനേ...” എന്നാണ് എന്റെ ഭാഗം തുടങ്ങുന്നത്. കോമഡി കലർന്ന പാട്ടാണ്. തള്ള വൈബ് എന്നു കേൾക്കുമ്പോൾത്തന്നെ മനസ്സിലാകുമല്ലോ.
കബീറിന്റെ പത്തോളം കൃതികൾ ഞാൻ ചെയ്തു. അന്നു മുതൽ തുടങ്ങിയതാണ്. പുഷ്പവതി അത്തരം വർക്കുകൾ ചെയ്താൽ അംഗീകരിക്കപ്പെടില്ല, അതിനൊരു ആദരം കിട്ടില്ല. നേരെ മറിച്ച് ഇതേപോലെ ഒരാശയം വേറേ ആരെങ്കിലുമാണ് പാടിയതെങ്കിൽ, മുകൾത്തട്ടിലുള്ള ഒരാളാണ് പാടിയതെങ്കിൽ അവർക്ക് നല്ല വിസിബിലിറ്റിയും അവാർഡുമൊക്കെ കിട്ടും. ഞാൻ ഈ കണ്ട കാലമായിട്ട് പാടി നടക്കുന്നുണ്ട്, ശ്രീനാരായണഗുരുവിനെ ഒരുപാട് കാലമായി പാടി നടക്കുന്നു. പുഷ്പവതി അതു പാടേണ്ടതാണ്, പാടണം, പാടിക്കോട്ടെ, അതിനിപ്പോഴെന്താ പ്രശ്നം എന്നാണ്. മുകൾത്തട്ടിൽനിന്നുള്ള ഒരാളാണെങ്കിൽ ഹോ, ഇത് മഹാസംഭവമാണ്, കൂടുതൽ വേദികൾ കൊടുക്കണം. അപ്പോഴും അവിടെ വിജയിക്കുന്നത് സവർണ കാഴ്ചപ്പാടാണ്. അവിടേയും ജാതിയാണ് വിജയിക്കുന്നത്. സവർണ ബ്രാഹ്മണിക ജാതിബോധം തന്നെയാണ് അവിടേയും പ്രവർത്തിക്കുന്നത്. കബീർദാസിനെ, നാരായണഗുരുവിനെ, പൊയ്കയിൽ അപ്പച്ചനെ അത്രയും ആത്മീയ ദർശനങ്ങളുൾക്കൊള്ളുന്ന കൃതികളാണ് ഞാൻ കമ്പോസ് ചെയ്തിട്ടുള്ളത്. ഇതിനിടയിൽ, സരോജിനിപ്പിള്ള എന്ന അറിയപ്പെടാത്ത ഒരു അമ്മയുടെ മകൻ തന്ന മനോഹര വരികൾ കമ്പോസ് ചെയ്തു പാടി. അവർ ഇപ്പോഴില്ല. അദ്വൈതപരമായ ദർശനമായിത്തോന്നിയ വരികളാണ്. ആരാലും അറിയപ്പെടാതെ ഒരു കുടുംബിനിയായി ജീവിച്ച സ്ത്രീയാണ്. മരിച്ച ശേഷം മകന് ഡയറിയിൽനിന്നു കിട്ടിയതാണ്. അമ്മ ഇങ്ങനെ എഴുതുമെന്ന് മകന് അറിയില്ലായിരുന്നു. കൊവിഡ് കാലത്ത് ആളുകൾ നിരാശരായിരുന്നപ്പോൾ ബുദ്ധന്റെ വചനങ്ങൾ തേടിപ്പിടിച്ച് കമ്പോസ് ചെയ്തു പാടി. ചെയ്ത വർക്കുകളൊക്കെ സാമൂഹിക നന്മയ്ക്കുവേണ്ടിയാണ്. പക്ഷേ, ഇതൊരിക്കലും ഇവിടുത്തെ അധികാരകേന്ദ്രങ്ങൾ കണ്ടിട്ടില്ല, കണ്ടാലും കണ്ടതായി നടിക്കില്ല. അവിടേയും വിജയിക്കുന്നത് സവർണ ബ്രാഹ്മണിക ബോധം തന്നെയാണ്. അതിനു സവർണരായി ജനിക്കണമെന്നില്ല. ദളിതരുടെ ഉള്ളിൽപ്പോലുമുണ്ട് ആ സവർണ ബ്രാഹ്മണിക ബോധം. കലർന്നുകിടക്കുകയാണ്. പറഞ്ഞിട്ടു കാര്യമില്ല.
കുണ്ഡലിനി പാട്ടാണ് നാരായണഗുരുവിന്റെ ആദ്യം ചെയ്ത വർക്ക്. ആത്മോപദേശക ദശകം, ദൈവദശകം, അനുകമ്പാദശകം, സദാചാരം, ജനനി നവരത്ന മഞ്ചരി, തേവാര പതികം. ഇതൊക്കെ വലിയ കൃതികളാണ്. പൊയ്കയിൽ അപ്പച്ചന്റെ രണ്ടുമൂന്നു കൃതികൾ ചെയ്തിട്ടുണ്ട്. കബീറിന്റെ പത്തോളം ഗാനങ്ങൾ, പിന്നെ പ്രണയഗാനങ്ങളുടെ ഒരു സീരീസ്. പ്രോഡ്യൂസറില്ലാത്തതുകൊണ്ടു ഞാൻ... എന്റെ ഭാഗത്തുനിന്നുള്ള അന്വേഷണമില്ലായ്മയാണ്. ഇതൊക്കെ നമ്മുടെ ആത്മസന്തോഷത്തിനുവേണ്ടിയിട്ടാണ് ചെയ്യുന്നത്. മാധവിക്കുട്ടിയുടെ സമ്പൂർണ കൃതികളിൽനിന്നുള്ള പ്രണയാതുരമായ വരികൾ ഗസലായിട്ട് കമ്പോസ് ചെയ്തു. അങ്ങനെ നാലെണ്ണം. പിന്നെ അറിയാല്ലോ, ശബരിമല ഇഷ്യൂ ഉണ്ടായ സമയത്ത് രണ്ട് ഗാനങ്ങൾ ചെയ്തത്. എത്രയെത്ര മതിലുകൾ തകർത്തെറിഞ്ഞ കേരളം എന്നു തുടങ്ങുന്നതും പൊരുതാൻ ഞങ്ങളീ തെരുവുകളിലുണ്ട് എന്നു തുടങ്ങുന്നതും. വനിതാ മതിലിന് അത് കേരളം മുഴുവൻ അലയടിക്കുകയായിരുന്നു. അതിനു മുന്‍പ് 2016-ൽ കനയ്യകുമാറിനെ അറസ്റ്റ് ചെയ്ത സമയത്താണ് ‘ആസാദീ’ എന്ന പാട്ട് ചെയ്തത്. പിന്നെ, പൗരത്വ ബില്ലിനെതിരെ സമരം ചെയ്ത ജാമിയ മില്ലിയ യൂണിവേഴ്‌സിറ്റിയിലേയും ഡൽഹി യൂണിവേഴ്‌സിറ്റിയിലേയും കുട്ടികളെ അതിക്രൂരമായി മർദിക്കുകയും അവർക്കു നേരെ വെടിവയ്ക്കുകയും ചെയ്തല്ലോ. മൂന്നു പാട്ടുകൾ ആ സമയത്ത് ചെയ്തു. സകലതും ഓർത്തു വയ്ക്കപ്പെടും സകലതിനെക്കുറിച്ചും ഓർത്തുവയ്ക്കപ്പെടും. ആമിർ അസീസ് എഴുതിയ ഗാനം എന്റെ സുഹൃത്ത് ഷമീന ബീഗം മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയതാണ്. കലാപകാരികളെ വസ്ത്രം കണ്ടാൽ തിരിച്ചറിയാം എന്ന് പ്രധാനമന്ത്രി പറഞ്ഞല്ലോ. അതൊരു വല്ലാത്ത ഷോക്കായിരുന്നു, അതു കേട്ടപ്പോൾ. രാജ്യത്തിന്റെ രക്ഷിതാവിന്റെ സ്ഥാനത്തു നിന്നുകൊണ്ട് എങ്ങനെയാണ് സ്വന്തം മക്കളെക്കുറിച്ച് അങ്ങനെ പറയുന്നത്. പ്രധാനമന്ത്രിക്ക് പിതാവിനെപ്പോലെ രാജ്യത്തെ ഓരോ പൗരന്റേയും ഉത്തരവാദിത്തമുണ്ട്. ഇന്ത്യ ഒരു ബഹുസ്വര രാഷ്ട്രമാണ്; ഒരു മതേതര രാജ്യം, പലവിധ സംസ്കാരങ്ങളിലുള്ള ആളുകൾ ജീവിക്കുന്ന രാജ്യം. അങ്ങനെയുള്ള ആളുകളിൽനിന്നു വസ്ത്രം കണ്ടാൽ തിരിച്ചറിയാം എന്നു പറയുന്നത് കടുത്ത വർഗീയ നിലപാടാണല്ലോ. അതുകൊണ്ട് ഞാൻ ആറു മാസമെടുത്ത് ഖുർആൻ വളരെ നിഷ്ഠയോടെ വായിച്ചു. ഷമീന ബീഗം അതിലൊരു പ്രധാനപ്പെട്ട അധ്യായം, അതായത് ഖുർആന്റെ മൂന്നിലൊന്ന് സാരസംഗ്രഹം എന്നു പറയപ്പെടുന്ന, എന്നാൽ, വളരെ ചെറിയ അധ്യായമായ ഇഖ്‌ലാസ് പറയുന്ന ദർശനം ഗാനരൂപത്തിൽ എഴുതിത്തന്നു. ദൈവം ഒന്നാണ് എന്നു ചൂണ്ടിക്കാണിക്കുന്ന ഗാനം. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ഗുരുദർശനവും ഈ ഖുർആൻ അധ്യായത്തിലെ ദർശനവും പറയുന്നത് ദൈവം ഒന്നാണ് എന്നുതന്നെയാണ്. അതിൽ പറയുന്നുണ്ട്, ഈ ജഗത്തിന്റേയും ഈ ജനത്തിന്റേയും ഈ ജന്മത്തിന്റേയും ഈ ജഡത്തിന്റേയും ദൈവം ഒന്നാണ്. പാകിസ്താനിൽ സിയാഉൽഹഖിന്റെ കാലത്ത് ജയിലിൽ അടയ്ക്കപ്പെട്ട സോഷ്യലിസ്റ്റ് കവി ഫായിസ് അഹമ്മദ് ഫായിസിന്റെ, “ഹം ദേഖേംഗേ” എന്നു തുടങ്ങുന്ന ഗാനത്തിന്റെ മലയാളവും ഷമീന ചെയ്തു തന്നു. അങ്ങനെ മൂന്നു പാട്ടുകളാണ് ആ സമയത്ത് ചെയ്തത്. ഇത്തരത്തിൽ എന്റെ സംഗീതത്തെ സാമൂഹിക നന്മയ്ക്കു വേണ്ടീട്ട് ഉപയോഗിക്കുന്നു. അത് ആളുകളുടെ കണ്ണ് തുറപ്പിക്കുന്നുണ്ടോ എന്നറിയില്ല. എനിക്കു ചെയ്യാനുള്ള കാര്യങ്ങൾ ഞാൻ ചെയ്യും. കാരണം, നമ്മൾ ജീവിച്ചിരിക്കുമ്പോൾ ചെയ്യുന്ന കർമമാണ് മരിച്ചുകഴിഞ്ഞാലും നിലനിൽക്കുക. മറ്റുള്ളതൊന്നും നിലനിൽക്കില്ല. മരിച്ചുപോയാലും എന്നെ ഓർക്കാനുള്ള കാര്യങ്ങൾ ഞാൻ ഇപ്രകാരമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. സിനിമാ സംഗീതം അതിന്റെ ഒരു സൈഡ് മാത്രമാണ്. മറ്റുള്ളവരുടെ സങ്കല്പങ്ങളിൽ എന്റെയൊരു ചെറിയ കോൺട്രിബ്യൂഷൻ. ഇതാണ് എന്റെ വഴി. സംഗീതം എന്നു പറയുമ്പോൾ നമ്മൾ സ്വയം നിർമിക്കപ്പെടുന്ന, നമ്മളാൽ നിർമിക്കപ്പെടുന്ന, നമ്മുടെ ജീവിതത്തിൽ നമ്മൾ ഒരുപാട് കേട്ടതിന്റെ ചെറിയ ഒരു അഡാപ്‌റ്റേഷൻ; അതാണ് നമ്മുടെ സൃഷ്ടിയിൽ വരുന്നത്. അത് നല്ല ദർശനങ്ങൾകൊണ്ട് സമൂഹത്തെ പുതുക്കുക എന്നതാണ്.
വളരെ സന്തോഷത്തോടെ മന്ദാകിനി നാരായണന്റെ 100-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമാകുന്നത് കണ്ടു. അവരുടെ രാഷ്ട്രീയത്തോടൊക്കെ ആഭിമുഖ്യമുണ്ടായിരുന്നോ?
അത് പൊളിറ്റിക്കലായിരുന്നില്ല. അവരുടെ പൂർവകാലമെടുക്കുമ്പോൾ നല്ല ഒരു രാഷ്ട്രീയ പ്രവർത്തകയായിരുന്നു. അതിന്റെ താല്പര്യം ജനങ്ങളോടുള്ള സ്വാർത്ഥതയില്ലാത്ത താല്പര്യമായിരുന്നു. അവരുടെ വ്യക്തിജീവിതത്തിലെ എന്തെങ്കിലും മികവിനോ നേട്ടത്തിനോ വേണ്ടിയല്ലല്ലോ മന്ദാകിനി നാരായണനായാലും അജിതയാണെങ്കിലുമൊക്കെ പ്രവർത്തിച്ചത്. അവർ സമൂഹത്തെ നവീകരിക്കാൻ ശ്രമിച്ചവരാണ്. ഒരു നല്ല നാളേയ്ക്കുവേണ്ടി പരിശ്രമിച്ച ആളുകളാണ്; അത് അംഗീകരിച്ചേ പറ്റുകയുള്ളൂ. അവർ വിളിച്ചപ്പോൾ ഞാൻ പോയി. അവരുടെ രാഷ്ട്രീയ വഴിയെന്തോ അതല്ല നോക്കിയത്; ലക്ഷ്യം എന്തായിരുന്നു എന്നാണ്. അതൊരു രാഷ്ട്രീയമായ കൂടിക്കാഴ്ചയായിരുന്നില്ല മന്ദാകിനി നാരായണന്റെ 100-ാം ജന്മവാർഷികം. വളരെ ബഹുമാന്യയായ സ്ത്രീയാണ് അവർ. തീർച്ചയായും ഞാൻ അത് ആദരിക്കുന്നു. പിന്നെ, ഞാൻ പ്രതിഫലം വാങ്ങിയാണ് പാടിയത്. അല്ലാതെ വെറുതേ പോയി പാടിയതല്ല. ഞാനെന്റെ തൊഴിൽ ചെയ്തു, ഒപ്പം അവരോടുള്ള ഐക്യദാർഢ്യവുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

