കുട്ടികളിലും കൗമാരക്കാരിലും യുവാക്കളിലും കുറ്റവാസന; എന്താണ് ഇതിനു കാരണം? എന്താണ് ഇതിനു പരിഹാരം?

കുട്ടികളിലും കൗമാരക്കാരിലും യുവാക്കളിലും കുറ്റവാസന; എന്താണ് ഇതിനു കാരണം? എന്താണ് ഇതിനു പരിഹാരം?
Updated on
6 min read

ന്റെ പിതൃമാതാവിനേയും അച്ഛന്റെ ജ്യേഷ്ഠനേയും ജ്യേഷ്ഠപത്‌നിയേയും കാമുകിയേയും സ്വന്തം അനുജനേയും നിഷ്ഠുരം ഒരു ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുന്നു! അമ്മയെ ചുറ്റികകൊണ്ട് തലക്കടിച്ച് മൃതപ്രായമാക്കുന്നു! 23 വയസ് മാത്രം പ്രായമുള്ള ഒരു യുവാവിന് ഇത് എങ്ങനെ കഴിയുന്നു? എന്താണ് അയാളുടെ മാനസികാവസ്ഥ? അതിന് എന്താണ് അയാളുടെ ന്യായീകരണം? കുട്ടികളും കൗമാരക്കാരും യുവാക്കളും പ്രതികളായി വരുന്ന ഇത്തരം സംഭവപരമ്പരകളില്‍ അവസാനത്തേത് താമരശ്ശേരിയിലേതാണ്. പ്രൊഫഷണല്‍ കോളേജുകളില്‍ മാത്രമല്ല, സ്‌കൂളുകളിലും ക്രൂരമായി മര്‍ദ്ദിക്കുന്ന തരത്തിലുള്ള റാഗിങ്ങ് സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു... എല്ലാത്തിലും പ്രതികള്‍ കൗമാരക്കാരും യുവാക്കളും.

ചുരുക്കത്തില്‍ കുട്ടികളിലും കൗമാരക്കാരിലും യുവാക്കളിലും കുറ്റവാസനയും അക്രമണോത്സുകതയും ക്രിമിനല്‍ ഗൂഢാലോചനയും അക്രമ പ്രവര്‍ത്തനങ്ങളും വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. കഴിഞ്ഞ രണ്ട് ദശകങ്ങളായി വന്നുകൊണ്ടേയിരിക്കുന്ന സാമൂഹിക മാറ്റമാണിത്. മാതാപിതാക്കളും അദ്ധ്യാപകരും സമൂഹവും നിസ്സഹായരായി നോക്കി നില്‍ക്കേണ്ടിവരുന്നു. എന്താണ് ഇതിനു കാരണം? എന്താണ് ഇതിനു പരിഹാരം? അദ്ധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും ചൂരല്‍വടി തിരികെ നല്‍കിയാല്‍ തീരാവുന്ന പ്രശ്‌നമാണോ ഇത്? മാതാപിതാക്കളും സ്‌കൂളും അദ്ധ്യാപകരും പൊതുസമൂഹവും വിദ്യാര്‍ത്ഥി-യുവജന സംഘടനകളും പൊലീസും ജുഡീഷ്യറിയും ഭരണകൂടവും എല്ലാം കൂട്ടമായി ഈ വിഷയത്തില്‍ ചിന്തിക്കേണ്ടതും ഇടപെടുകയും ചെയ്യേണ്ടതാണ്.

ഇവിടെ ജീവശാസ്ത്രപരവും മാനസികപരവും സാമൂഹികപരവുമായ വിശകലനം നടത്തിക്കൊണ്ട് മാത്രമേ ഇതിന്റെ കാരണങ്ങള്‍ കണ്ടെത്തുന്നതിനും മതിയായ കുടുംബ-സാമൂഹിക ഇടപെടല്‍ നടത്തുന്നതിനു കഴിയുകയുള്ളൂ. മാതൃകാപരമായി ശിക്ഷിച്ചതുകൊണ്ടുമാത്രം ഇത്തരം സംഭവങ്ങള്‍ നിയന്ത്രിക്കുന്നതിനു കഴിയുകയില്ല. ആദ്യം വിഷയത്തെക്കുറിച്ച് വിശദമായ സൈക്കോ സോഷ്യല്‍ വിശകലനം നടത്തി നോക്കിയാല്‍ പുതുതലമുറയില്‍ അക്രമ സ്വഭാവവും കുറ്റവാസനയും വര്‍ദ്ധിച്ചുവരുന്നതിനു ബഹുമുഖമായ കാരണങ്ങളുണ്ടെന്നു കാണാം.

സൃഷ്ടിക്കപ്പെട്ട മത്സരാധിഷ്ഠിത സമൂഹം

ആഗോളീകരണത്തിന്റെ ഭാഗമായി ഇന്നത്തെ സമൂഹത്തിലും കുടുംബത്തിലും കൂടുതല്‍ മത്സരാധിഷ്ഠിതമായ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഇതിനു കഴിഞ്ഞ മൂന്നു ദശകത്തിലേറെ നീളുന്ന ചരിത്രമുണ്ട്. സ്വകാര്യമേഖലയുടെ വികാസം, തൊഴിലിനുവേണ്ടിയുള്ള പരക്കംപാച്ചില്‍, മത്സരം എന്നിവ സമൂഹത്തില്‍ വലിയ തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. പൊതുമേഖലയുടെ ചുരുങ്ങലും സ്വകാര്യ മേഖലയുടെ വികാസവും വലിയ തോതില്‍ ഈ കാലഘട്ടത്തില്‍ നടന്നുകഴിഞ്ഞിട്ടുണ്ട് എന്ന് ഓര്‍ക്കുക. സമൂഹത്തില്‍ സൃഷ്ടിക്കപ്പെട്ട ഈ മത്സരാധിഷ്ഠിത അന്തരീക്ഷം സമൂഹവും കടന്ന് കുടുംബത്തിനുള്ളിലേയ്ക്കും വ്യാപിക്കുകയുണ്ടായി. ഓഫീസ് അസിസ്റ്റന്റിന് ക്ലര്‍ക്കാവണം... ക്ലര്‍ക്കിന് മാനേജരാകണം... അങ്ങനെ നീളുന്നു ലക്ഷ്യങ്ങളും അതു സൃഷ്ടിക്കുന്ന മാനസിക സമ്മര്‍ദ്ദങ്ങളും.

ഒരു കുടുംബത്തില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ ഒരേ പോസ്റ്റിനുവേണ്ടി മത്സരിക്കുന്ന സ്ഥിതി സംജാതമായി. ഈ മത്സരാധിഷ്ഠിത സാഹചര്യം ഒരു കുടുംബത്തിലെ കുട്ടികള്‍ക്കിടയിലുമുണ്ടായി. 15 വര്‍ഷത്തിനു മുന്‍പ് ഒരു എട്ടു വയസ്സുകാരനെ അമ്മ ബിഹേവിയറല്‍ പീഡിയാട്രിക്‌സില്‍ കൊണ്ടുവന്നു. അച്ഛനും അമ്മയും സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഒരു മദ്ധ്യവര്‍ഗ്ഗ കുടുംബം. കുട്ടി എപ്പോഴും 10 വയസ്സുള്ള ചേച്ചിയെ ഉപദ്രവിക്കുന്നു. എനിക്കു ചേച്ചിയെ ഇഷ്ടമല്ലെന്ന് എപ്പോഴും കുട്ടി പറയുന്നു. ഇതിനാണ് അമ്മ കുട്ടിയെ കൊണ്ടുവന്നത്. കുട്ടിയുമായി സ്വകാര്യ മാനസിക വിശകലനം നടത്തിയപ്പോള്‍ കുട്ടി പറഞ്ഞത് ശ്രദ്ധിക്കുക: ''എനിക്ക് ചേച്ചിയെ ഇഷ്ടമല്ല. ചേച്ചി എല്ലാ വിഷയത്തിനും നല്ല മാര്‍ക്കു വാങ്ങിക്കും. അത് എനിക്ക് ഇഷ്ടമല്ല. ചേച്ചിക്കു നല്ല മാര്‍ക്ക് കിട്ടുമ്പോള്‍ അമ്മയും അച്ഛനും ചേച്ചിയെ നോക്കി അതേപ്പോലെ പഠിക്കാന്‍ എന്നോട് പറയും. എനിക്കു ജയിച്ചാല്‍ മതി. കൂടുതല്‍ മാര്‍ക്കു വാങ്ങിക്കാന്‍ കഴിയില്ല. എപ്പോഴും പഠിക്കുന്നത് എനിക്ക് ഇഷ്ടമല്ല. എനിക്കു കളിക്കണം.'' എട്ടു വയസുകാരന്റെ നിഷ്‌കളങ്കമായ മാനസികാവസ്ഥ നോക്കുക. ചുരുക്കത്തില്‍ മത്സരാധിഷ്ഠിത അന്തരീക്ഷം കുടുംബത്തിനുളളില്‍ സഹോദരങ്ങള്‍ തമ്മിലും ആയിക്കഴിഞ്ഞിരിക്കുന്നു. അതാണ് ഇന്നത്തെ പൊതുവായ മത്സരാധിഷ്ഠിത അവസ്ഥ.

പേരന്റിങ്ങില്‍ വന്ന മാറ്റം

ഈ മത്സരാധിഷ്ഠിത സാഹചര്യത്തില്‍ മാതാപിതാക്കള്‍ക്കു കുടുംബം നന്നായി കെട്ടിപ്പടുക്കുന്നതിനോ കുട്ടികളെ ശ്രദ്ധിക്കുന്നതിനോ പരിപാലിക്കുന്നതിനോ അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിനോ അവര്‍ക്കാവശ്യമായ കാര്യങ്ങള്‍ ചെയ്തുകൊടുക്കുന്നതിനോ അവരുമായി ഫലവത്തായി സമയം ചെലവഴിക്കുന്നതിനോ കഴിയാതെ വരുന്നു. ഇത്തരത്തില്‍ ശരിയായ ശിശുസൗഹൃദ പരിപാലനം സാധ്യമാകാതെ വരുന്ന സാഹചര്യമായിട്ടുണ്ട്. അതായത് കുട്ടികളെ ശ്രദ്ധിക്കുന്നതിനും അവരെ ശരിയായി പരിപാലിക്കുന്നതിനും അവരുമൊത്ത് വേണ്ടത്ര സമയം ചെലവഴിക്കാനും കഴിയാതെ വിടവ് കുടുംബങ്ങളില്‍ സംജാതമായി. കുട്ടികള്‍ക്കു വിലകൂടിയ സമ്മാനം വാങ്ങിനല്‍കിയാണ് പേരന്റിങ്ങിലുള്ള ഈ വിടവ് പരിഹരിക്കുന്നതിനു മാതാപിതാക്കള്‍ ശ്രമിച്ചത്. കുട്ടി വാശിപിടിക്കുമ്പോള്‍ എന്തും വാങ്ങിക്കൊടുക്കും. കുട്ടിയുടെ ആവശ്യം ന്യായമോ? ആവശ്യമുള്ളതാണോ? തങ്ങള്‍ക്കത് താങ്ങാന്‍ കഴിയുന്നതാണോ? അതു മാറ്റിവെക്കാന്‍ കഴിയുന്നതാണോ? എന്ന രീതിയില്‍ കുട്ടിയുമായി ഒരു ചര്‍ച്ചയോ കൂടിയാലോചനയോ ഒന്നുമില്ലാതെ അത് ഏതുവിധേനയും സാധിച്ചുകൊടുക്കുന്നു. താന്‍ ആവശ്യപ്പെട്ട ഫുഡ് അമ്മ ഓര്‍ഡര്‍ ചെയ്തു കൊടുക്കാതെ വരുമ്പോള്‍ കുട്ടി അക്രമകാരിയാകുന്നു. ഈ ആക്രമണഘട്ടം പരിഹരിക്കുന്നതിനായി അമ്മ വാങ്ങിനല്‍കുന്നു. ഇത്തരം പേരന്റിങ്ങ് രീതി കുട്ടിയില്‍ അക്ഷമയും അക്രമവാസനയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. താന്‍ ഉദ്ദേശിച്ച കാര്യം നടന്നില്ലെങ്കില്‍ അക്രമണം നടത്തിയാല്‍ മതി, സാധിച്ച് കിട്ടുമെന്ന തെറ്റായ തിരിച്ചറിവിലേയ്ക്ക് കുട്ടിയെത്തുന്നു.

ഇങ്ങനെയാണ് ശൈശവകാലത്തുതന്നെ കുട്ടിയില്‍ അക്രമവാസനയും ആ അക്രമണോത്സുകതയും ആരംഭിക്കുകയും വളര്‍ന്നുവരികയും അക്രമണരീതി തന്റെ ഒരു സ്വഭാവമായി മാറുകയും ചെയ്യുന്നത്. ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും കാര്യത്തില്‍ സ്ഥിതി വ്യത്യസ്തമല്ല. ഏതു വിധേനയും കുട്ടികള്‍ ആവശ്യപ്പെടുന്ന എല്ലാ കാര്യങ്ങളും സാധിച്ചുകൊടുത്തശേഷം അച്ഛന്‍ നടത്തുന്ന ആത്മഗതം ശ്രദ്ധിക്കുക: ''എനിക്കിതൊന്നും കുട്ടിക്കാലത്ത് കിട്ടിയിരുന്നില്ല. ഒന്നുമില്ലാതെ കഷ്ടപ്പെട്ടാണ് ഞാന്‍ വളര്‍ന്നതും പഠിച്ചതും ഈ നിലയിലെത്തിയതും. അതുകൊണ്ട് ഒരു കഷ്ടപ്പാടും അവരെ അറിയിക്കാതെ ഞാന്‍ എന്റെ മക്കളെ വളര്‍ത്തും'' ഇതാണ് പുത്തന്‍ മാതാപിതാക്കളുടെ നിലപാട്. ഈ രീതിയിലുള്ള പേരന്റിങ്ങിനെ അനുവദനീയമായ ശിശുപരിപാലനമെന്ന് വിശേഷിപ്പിക്കാം. ഇതൊട്ടും ആശാസ്യകരമായ ശിശുപരിപാലനരീതിയല്ല. തന്റെ കുടുംബത്തിന്റേയും മാതാപിതാക്കളുടേയും സാമൂഹിക-സാമ്പത്തിക അവസ്ഥ അറിഞ്ഞുതന്നെയാണ് കുട്ടികള്‍ വളരേണ്ടത്. എന്തും സാധിച്ചുകൊടുത്ത് പ്രലോഭിപ്പിച്ച് കുട്ടിയെ വളര്‍ത്തുമ്പോള്‍ അവര്‍ തെറ്റും ശരിയും തങ്ങളുടെ പരിമിതിയും സാധ്യതയും മനസ്സിലാക്കാതെ വളര്‍ന്നുവരും. ചുരുക്കത്തില്‍ വാശിപിടിക്കുമ്പോഴും അക്രമണകാരിയാകുമ്പോഴും അത് ഒഴിവാക്കാനായി കാര്യങ്ങള്‍ സാധിച്ചുകൊടുക്കുന്നതു വഴി കുട്ടികളില്‍ അക്രമണ സ്വഭാവം വളര്‍ന്നുവരും. ഇത് കുറ്റവാസനയുടെ കുഞ്ഞു രൂപമാണെന്ന് അറിയുക. ഇത്തരം സ്വഭാവരീതിയെ ഗൗരവമായി കണ്ട് ആവശ്യമായ ഇടപെടല്‍ ശൈശവകാലത്തുതന്നെ നടത്താന്‍ മാതാപിതാക്കള്‍ക്കു കഴിയണം.

''മാതാപിതാക്കളുടേയും അദ്ധ്യാപകരുടേയും ചൂരല്‍വടി തിരികെ നല്‍കുക. അവര്‍ കുട്ടികളെ നേര്‍വഴിക്ക് നയിച്ചോളും'' ഇത് ഈ ഘട്ടത്തില്‍ സോഷ്യല്‍ മീഡിയയില്‍ വന്നുകൊണ്ടിരിക്കുന്ന ഒരു വാചകമാണ്. കുട്ടികളെ ശിക്ഷിച്ച് അനുസരണ പഠിപ്പിക്കാമെന്ന സിദ്ധാന്തം ആദികാലം മുതല്‍ക്കെ ഉള്ളതാണ്. ഈ സിദ്ധാന്തം ഒട്ടും അംഗീകരിക്കാവുന്നതല്ല. നല്ല അടി കിട്ടി വളരുന്ന കുട്ടികളില്‍ രണ്ട് പ്രശ്‌നങ്ങളാണ് അടി സൃഷ്ടിക്കുന്നത്. ഒന്നുകില്‍ കുട്ടികളില്‍ നല്ല അക്രമണവാസന വളര്‍ന്നുവരും. അല്ലെങ്കില്‍ ഉല്‍ക്കണ്ഠാസ്വഭാവമുള്ള വിധേയത്വമുള്ള കുട്ടിയായി വളര്‍ന്നുവരും. രണ്ടും ദോഷകരം.

കുടുംബങ്ങളില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ഏകാധിപത്യപരമായ ശിശുപരിപാലനവും കുട്ടികളില്‍ കുറ്റവാസനയും ആക്രമണോത്സുകതയും അക്രമവാസനയും സൃഷ്ടിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു. ''നിനക്ക് ഒന്നും അറിയില്ല. നീ കുട്ടിയാണ്. നീ ഞാന്‍ പറയുന്നതുപോലെ കേട്ടാല്‍മതിയെന്ന ഏകാധിപത്യ സ്വഭാവം അവരുടെ ആത്മവിശ്വാസം കുറയ്ക്കും. മാതാപിതാക്കളുമായി സഹകരിക്കുന്ന സ്വഭാവം അവരില്‍ വളരില്ല. പകരം അവരെ എതിര്‍ക്കുന്നതിനുള്ള വാസനയായിരിക്കും വികസിക്കുക.

കുട്ടികളിലെ കുറ്റവാസന

കുട്ടികളിലെ മോഷണസ്വഭാവം, അക്രമസ്വഭാവം, കുറ്റവാസന, ക്രിമിനല്‍ പ്രവണത എന്നിവയെക്കുറിച്ച് 10 വര്‍ഷം മുന്‍പ് ഒരു ഗവേഷണ-പഠനം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.റ്റി ആശുപത്രി പീഡിയാട്രിക്‌സ് ഡിപ്പാര്‍ട്ട്മെന്റിലെ ബിഹേവിയറല്‍ പീഡിയാട്രിക്‌സ് യൂണിറ്റില്‍ നടത്തി. ചികിത്സയ്ക്കായി വന്ന കുട്ടികളില്‍ അക്രമ സ്വഭാവവും മോഷണ സ്വഭാവവും കുറ്റവാസനയും ഉള്ള 300 കുട്ടികളെ തെരഞ്ഞെടുത്താണ് ഗവേഷണം നടത്തിയത്. ഇവിടെ വിവരിക്കുന്ന സ്വഭാവങ്ങളുള്ള കുട്ടികളുടേയും കൗമാരക്കാരുടേയും അവസ്ഥയെ സ്വഭാവ വൈകൃതങ്ങള്‍ എന്നാണ് ആധുനിക ശിശു മാനസികാരോഗ്യ ശാഖയില്‍ വിശേഷിപ്പിക്കുന്നത്. ഏകദേശം 6-10 ശതമാനം വരെ സ്‌കൂള്‍ കുട്ടികളില്‍ സ്വഭാവ വൈകൃതങ്ങള്‍ ഉണ്ടെന്നാണ് ഇത് സംബന്ധിച്ച എപ്പിഡമിയോളജി സൂചിപ്പിക്കുന്നത്. ജീവശാസ്ത്രപരവും മാനസികപരവും സാമൂഹികപരവുമായ കാരണങ്ങള്‍കൊണ്ടാണ് ഒരു കുട്ടിയില്‍ സ്വഭാവ വൈകൃതം ഉണ്ടാകുന്നത്. നേരത്തെക്കൂട്ടി ശൈശവ-കുട്ടി-കൗമാരകാലത്ത് തന്നെ കണ്ടെത്തി മതിയായ മാനസികാരോഗ്യ ചികിത്സ നല്‍കിയാല്‍ ഇത് ഒരു പരിധിവരെ വിജയകരമായി പരിഹരിക്കാന്‍ കഴിയും.

കടുത്ത വാശി, കള്ളം പറയുക, ദേഷ്യം വരുമ്പോള്‍ വീട്ടുസാധനങ്ങള്‍ നശിപ്പിക്കുക, ഉപദ്രവിക്കുക, വളര്‍ത്തുമൃഗങ്ങളോട് ക്രൂരമായി പെരുമാറുന്നതില്‍ സന്തോഷം കണ്ടെത്തുക, വീട്ടിലെ വസ്ത്രങ്ങള്‍ അടക്കം സാധനങ്ങള്‍ എടുത്ത് തീവെച്ച് കളിക്കുക, തീ ആളിക്കത്തുമ്പോള്‍ അതില്‍ ഭ്രാന്തമായ ആനന്ദം കണ്ടെത്തുക, സ്‌കൂളില്‍ പോകാന്‍ മടി, സ്‌കൂളില്‍ അടിയുണ്ടാക്കുക, ഗ്യാങ്ങായി മറ്റു സ്‌കൂളുകളില്‍ പോയി അടിയുണ്ടാക്കുക, സ്‌കൂളിലെ കുട്ടികള്‍ തമ്മിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കു വെളിയില്‍നിന്നു ഗ്യാങ്ങിനെ വരുത്തി കുട്ടികളെ മര്‍ദ്ദിക്കുക, മദ്യം-മയക്കു മരുന്നുപയോഗം, പൈസ മോഷ്ടിക്കുക, ക്ലാസില്‍ മൊബൈലുമായി വന്ന് പെണ്‍കുട്ടികളുടെ സ്വകാര്യ നിമിഷങ്ങളുടെ അടക്കം ഫോട്ടോ എടുത്തു പ്രചരിപ്പിക്കുക, അവരെ പരസ്യമായി ക്ലാസില്‍വെച്ച് ചുംബിക്കുക, പൊലീസ് കേസില്‍പ്പെടുക എന്നിങ്ങനെയായിരുന്നു അവരിലെ സ്വഭാവ വൈകൃതങ്ങള്‍. കുട്ടികളില്‍ 70 ശതമാനവും ആണ്‍കുട്ടികളായിരുന്നു. പെണ്‍കുട്ടികളുടെ വാശി, അക്രമസ്വഭാവം വീട്ടിനുള്ളില്‍ ഒതുങ്ങിനില്‍ക്കുന്നവയായിരുന്നു.

ക്രൂരമായ അക്രമവാസനയുടെ ഒരു കേസ് നോക്കാം. 12 വയസുള്ള ഒരു ആണ്‍കുട്ടി വീട്ടില്‍ പൂച്ചയുടെ വാല്‍പിടിച്ച് ഡോറിന്റെ ഇടയില്‍ വെച്ചശേഷം വാതില്‍ ഇറുക്കി അടച്ചു. പൂച്ച പ്രാണരക്ഷാര്‍ത്ഥം അലറിവിളിച്ചു. അപ്പോള്‍ അമ്മ അവനോട് എന്താണ് പൂച്ച കരയുന്നതെന്നു ചോദിച്ചു. അപ്പോള്‍ കുട്ടി പറഞ്ഞു: ''ആ... എനിക്കറിഞ്ഞുകൂട...'' പൂച്ച പ്രാണരക്ഷാര്‍ത്ഥം കരയുമ്പോള്‍ കുട്ടിക്കു ലഹരിയാണ്. സ്റ്റഡിയിലെ മറ്റൊരു കേസുകൂടി നോക്കാം. ഒരു ആണ്‍കുട്ടി ക്ലാസില്‍വെച്ച് മറ്റൊരു കുട്ടിയെ കല്ലുകൊണ്ട് തലക്കടിച്ച് കൊല്ലുകയുണ്ടായി. തന്റെ അച്ഛനെ പറഞ്ഞതിലെ പ്രകോപനമായിരുന്നു കാരണം. മാനോരോഗ ചികിത്സയില്‍ കുട്ടിയുടെ അവസ്ഥ മെച്ചപ്പെട്ടു.

മാനസികാരോഗ്യ ചികിത്സയും സൈക്കോസോഷ്യല്‍ ഇടപെടലും നല്‍കിയാണ് അവരെ ചികിത്സിച്ചത്. മാതാപിതാക്കള്‍ക്ക് പേരന്റിങ്ങില്‍ പരിശീലനവും നല്‍കി. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ 64 ശതമാനം കുട്ടികളിലും സ്വഭാവ വൈകൃതത്തില്‍ നല്ല മാറ്റം ഉണ്ടായി. ഈ പഠനം സൂചിപ്പിക്കുന്നത് കുറ്റവാസനയുള്ള കുട്ടികളെ നേരത്തെക്കൂട്ടി കണ്ടെത്തി അവര്‍ക്കു മതിയായ മാനസികാരോഗ്യ ഇടപെടല്‍ നല്‍കിയാല്‍ ഭൂരിപക്ഷം കുട്ടികളുടേയും സ്വഭാവവൈകൃതത്തില്‍ മാറ്റം കൊണ്ടുവരാന്‍ കഴിയുമെന്നാണ്. ഈ പഠനം രണ്ട് ഭാഗങ്ങളായി രണ്ട് ജേര്‍ണലുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അഞ്ച് സൈക്കോസോഷ്യല്‍ ഘടകങ്ങളാണ് കുട്ടികളില്‍ സ്വഭാവവൈകൃതം സൃഷ്ടിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുള്ളതെന്നു കണ്ടെത്തി. മദ്യപാനം, ഗാര്‍ഹിക ലഹള, ഗാര്‍ഹിക പീഡനം, അച്ഛനുപേക്ഷിച്ച കുടുംബം, കുടുംബത്തില്‍ മാനസികരോഗത്തിന്റെ പശ്ചാത്തലം എന്നിവയായിരുന്നു അവ. കുട്ടികളെ ക്രൂരമായി അടിച്ച് മര്യാദ പഠിപ്പിക്കാന്‍ ശ്രമിക്കുന്ന കുടുംബാന്തരീക്ഷവും പ്രശ്‌നമായിരുന്നു. ചില കേസുകളില്‍ ആണ്‍കുട്ടികള്‍ അച്ഛനുമായി വഴക്കിട്ട് കുടുംബത്തില്‍നിന്നു പുറത്തായ സാഹചര്യവും ഉണ്ടായിട്ടുണ്ട്. അതേപ്പോലെ ഈ അരക്ഷിതാവസ്ഥ നിറഞ്ഞ കുടുംബാന്തരീക്ഷ ഘടകങ്ങള്‍ മാനസികാരോഗ്യ ചികിത്സവഴി കുട്ടികളില്‍ പുരോഗതി വരുന്നതിനെ തടസ്സപ്പെടുത്തുകയുണ്ടായി എന്നും കണ്ടെത്തുകയുണ്ടായി. ആയുധങ്ങള്‍ ഉപയോഗിച്ച് അക്രമണത്തില്‍ ഏര്‍പ്പെട്ട കട്ടികളിലെ സ്വഭാവവൈകൃതം നല്ല രീതിയില്‍ മെച്ചപ്പെടുകയുണ്ടായില്ല.

സ്‌ക്രീന്‍ അഡിക്ഷന്‍

ശൈശവകാലം മുതല്‍ കുട്ടികള്‍ക്കു മൊബൈല്‍ ഫോണും ടാബും മറ്റും കളിക്കാനായി നല്‍കുന്ന പ്രവണത അനുദിനം വര്‍ദ്ധിച്ചുവരുന്നു. കൊവിഡിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ വിദ്യാഭ്യാസം വ്യാപകമായതോടെ മൊബൈലിന്റെ ഉപയോഗവും കൂടുതല്‍ സാര്‍വ്വത്രികമായി. എല്ലാ സ്‌കൂള്‍ കുട്ടികള്‍ക്കും അത് അനിവാര്യഘടകമായി മാറി. ശൈശവകാലത്ത് കുട്ടിയുടെ തലച്ചോറിന്റെ വളര്‍ച്ചയും വികാസവും അതിവേഗത്തിലാണ് നടക്കുക. മൂന്നു വയസില്‍ തലച്ചോറിന്റെ 80 ശതമാനവും അഞ്ച് വയസ്സില്‍ 90 ശതമാനവും വികാസം പ്രാപിക്കും. ശൈശവകാലഘട്ടത്തില്‍ തലച്ചോറില്‍ അതിവേഗത്തില്‍ ന്യൂറല്‍ നെറ്റ്വര്‍ക്ക് രൂപീകരണം നടക്കും. കുട്ടിയുടെ ആദ്യത്തെ മൂന്നു വയസിലെ ശൈശവ കാലഘട്ടത്തില്‍ ശ്രദ്ധാശേഷിയുടെ ഈ നെറ്റ്വര്‍ക്ക് രൂപീകരണം വളരെ വേഗത്തിലാണ് നടക്കുന്നത്. കുട്ടിയും മാതാപിതാക്കളുമായി നടക്കുന്ന പരസ്പരം ഇടപെടല്‍ പ്രക്രിയ ഈ നെറ്റ്വര്‍ക്ക് രൂപീകരണത്തെ ത്വരിതപ്പെടുത്തും. ഇതു കുട്ടിയുടെ ശ്രദ്ധാശേഷിയെ വികസിപ്പിക്കും. കുട്ടിയുടെ സ്വയം നിയന്ത്രിത അന്വേഷണ പ്രക്രിയ ഇവിടെ പ്രധാനമാണ്. എന്നാല്‍, തലച്ചോറിന്റെ വികാസ പ്രക്രിയ അതിവേഗത്തില്‍ നടക്കുന്ന ഈ ശൈശവകാലത്ത് കുട്ടിക്കു മൊബെല്‍ ഫോണ്‍/ടാബ് എന്നിവ നല്‍കുന്നത് വഴി കുട്ടിയിലെ ശ്രദ്ധാശേഷി കുറയ്ക്കും. ഇതുവഴി കുട്ടിയില്‍ വികൃതിസ്വഭാവം വര്‍ദ്ധിക്കും. കാര്‍ട്ടൂണിന്റേയും വീഡിയോ ഗെയിമിന്റേയും ഉള്ളടക്കം അക്രമിച്ച് കീഴ്പ്പെടുത്തി മുന്നോട്ട് പോവുകയെന്നതാണ്. ഇത് ശൈശവകാലത്തുള്ള കുട്ടിയെ നന്നായി ആകര്‍ഷിക്കും. ചുരുക്കത്തില്‍ കാര്‍ട്ടൂണ്‍/വീഡിയോ ഗെയിം കാണുന്നതു വഴി അക്രമസ്വഭാവം ഉടലെടുക്കുകയും അതു വര്‍ദ്ധിക്കുകയും ചെയ്യും. മാത്രവുമല്ല, ഇത്തരത്തില്‍ വളരുന്ന കുട്ടിക്ക് സംസാരശേഷി കുറവായിരിക്കും. അതുകൊണ്ട് അവര്‍ക്ക് തന്റെ ആഗ്രഹം മറ്റൊരാളോട് പറഞ്ഞ് വാദിച്ച് സമ്മതിപ്പിക്കുന്നതിനുള്ള ശേഷി കുറവായിരിക്കും. പകരം തന്റെ ആഗ്രഹം നടക്കാതെ വരുമ്പോള്‍ കാര്‍ട്ടൂണില്‍/വീഡിയോ ഗെയിമില്‍ കണ്ടപോലെ തനിക്കു പ്രതിസന്ധി സൃഷ്ടിക്കുന്നവരെ ആക്രമിച്ച് കീഴ്പ്പെടുത്തി കാര്യം സാധിച്ച് മുന്നോട്ട് പോകുന്നതിനായിരിക്കും അവര്‍ ശ്രമിക്കുക. മൊബൈല്‍ ഫോണ്‍ തുടങ്ങിയ ഉപകരണങ്ങള്‍ വഴി ആശയവിനിമയം അതിവേഗത്തിലായിട്ടുണ്ട്. ഇതു കുട്ടികളിലും കൗമാരക്കാരിലും അക്ഷമയും എടുത്തുചാട്ടവും സൃഷ്ടിച്ചിട്ടുണ്ട്. ഒന്നിനും ക്ഷമയോട് കാത്തിരിക്കുന്നതിന് അവര്‍ക്കു കഴിയാതെ വന്നിരിക്കുന്നു.

ലഹരി ഉപയോഗം

കുട്ടികളിലും കൗമാരക്കാരിലും യുവാക്കളിലും മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും ഉപയോഗം രണ്ട് ദശകങ്ങളായി വലിയ തോതില്‍ വര്‍ദ്ധിച്ചുവരുന്നുവെന്നാണ് കണക്ക്. തിരുവനന്തപുരം ജില്ലയില്‍ നടപ്പിലാക്കിയ ഉണര്‍വ് കൗമാര സ്‌കൂള്‍ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി ഒരു ക്ലീനിക്ക് പ്രവര്‍ത്തിച്ചിരുന്നു. സ്‌കൂളുകളില്‍നിന്ന് അദ്ധ്യാപകര്‍ റെഫര്‍ ചെയ്തുവരുന്ന കുട്ടികള്‍ക്ക് ശിശു മാനസികാരോഗ്യ സേവനം നല്‍കുന്നതിനാണ് ഈ ക്ലിനിക്ക്. ഒരിക്കല്‍ ഒരു ആറാം ക്ലാസുകാരനെ അവിടെ കൊണ്ടുവന്നു. കുട്ടി രണ്ടാഴ്ചയായി പരസ്പരബന്ധമില്ലാതെ സംസാരിക്കുന്നു, ക്ലാസില്‍ അടങ്ങിയിരിക്കുന്നില്ല, വീട്ടിലും സ്‌കൂളിലും അക്രമകാരിയാവുന്നു. എന്നിങ്ങനെയായിരുന്നു കുട്ടിയുടെ അമ്മയുടെ പരാതികള്‍. കുട്ടിയെ വിശദമായി മനശ്ശാസ്ത്ര വിശകലനം ചെയ്തപ്പോള്‍ കഴിഞ്ഞ രണ്ട്-മൂന്ന് ആഴ്ചകളായി കുട്ടി കഞ്ചാവ് ബീഡി ഉപയോഗിക്കുന്നു. ഹൈസ്‌കൂള്‍ കുട്ടികളുടെ സ്വാധീനത്തില്‍ വഴങ്ങി ചേട്ടന്മാരോടൊപ്പം കൂടിയാണ് കുട്ടി കഞ്ചാവ് വലി തുടങ്ങിയത്. കാര്യങ്ങള്‍ വ്യക്തമായി. കഞ്ചാവ് മൂലമുള്ള സൈക്കോസിസ് ആണ് കുട്ടിക്ക്. ഓരോ പഞ്ചായത്തും തങ്ങളുടെ പരിധിയിലുള്ള സ്‌കൂളുകളിലെ പരിസര പ്രദേശം മയക്കുമരുന്നുകള്‍ ലഭിക്കാത്ത സീറോ സോണായി പ്രഖ്യാപിക്കണം. എങ്കില്‍ മാത്രമേ സ്‌കൂള്‍ കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്നു വിപണനവും ഉപയോഗവും നിയന്ത്രിക്കാന്‍ നമുക്കു കഴിയുകയുള്ളൂ. മയക്ക് മരുന്നുപയോഗം കുറക്കുന്നതിന് ഒരു ഉപാധി Source reduction ആണ്.

മറ്റൊരിക്കല്‍ അഞ്ച് വര്‍ഷത്തിനു മുന്‍പ് ഒരു മെഡിക്കല്‍ പി.ജി സ്റ്റുഡന്റിനെ അയാളുടെ ഡോക്ടറായ അച്ഛന്‍ എന്റെ അടുക്കല്‍ പറഞ്ഞുവിട്ടു. കുട്ടി MDMA ഉപയോഗിക്കുന്നു. പി.ജി അവസാന പരീക്ഷ എഴുതിയില്ല. ഇതായിരുന്നു പരാതികള്‍. കുട്ടി കല്ല്യാണം കഴിച്ചതാണ്. പ്രേമ വിവാഹമായിരുന്നു. പങ്കാളിയും ഡോക്ടര്‍. പങ്കാളി വിഷയം സ്വന്തം മാതാപിതാക്കളോട് പറയാതെ കുട്ടിയുടെ അച്ഛനോട് പറഞ്ഞു. അങ്ങനെ പി.ജിയുടെ അച്ഛന്‍ പറഞ്ഞത് അനുസരിച്ചാണ് അവര്‍ രണ്ടുപേരും കൂടി എന്നെ കാണാന്‍ വന്നത്. മാനസിക വിശകലനത്തില്‍ ''ഞാന്‍ വളരെ കുറച്ച് മാത്രം മയക്കുമരുന്നേ ഉപയോഗിക്കുന്നുള്ളൂ. എനിക്ക് എപ്പോഴും ഉപയോഗിക്കണമെന്നില്ല. എന്റെ കാറിന്റെ ഡിക്കിയില്‍ മരുന്നുണ്ട്'' -പി.ജി പറഞ്ഞു. കൊഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പി നല്‍കവെ ഒടുവില്‍ പി.ജി അതു പൂര്‍ണ്ണമായും ഒഴിവാക്കി നിര്‍ത്താമെന്നു സമ്മതിച്ചു. തീരുമാനത്തിന്റെ ദൃഢത അറിയാന്‍വേണ്ടി ഞാന്‍ ഒരു നിര്‍ദ്ദേശം മുന്നോട്ട്വെച്ചു. ''എങ്കില്‍പ്പിന്നെ കാറിന്റെ ഡിക്കിയില്‍ വെച്ചിരിക്കുന്ന MDMA എടുത്ത് കളയുക...'' ഉടന്‍ വന്നു മറുപടി: ''സാര്‍ അങ്ങനെ ചെയ്യാന്‍ കഴിയില്ല. ഞാന്‍ ഇനി ഉപയോഗിക്കില്ല. പക്ഷേ, അതവിടെ ഇല്ലെങ്കില്‍ എനിക്ക് കോണ്‍ഫിഡന്‍സ് പോകും...'' ഇതാണ് മയക്കുമരുന്നിന് അടിപ്പെട്ട ഒരു മെഡിക്കല്‍ പി.ജിയുടെ അവസ്ഥ. ഇത്തരത്തില്‍ നിരവധി കേസുകള്‍ പ്രസ്താവിക്കാന്‍ സാധിക്കും. ചിലതുമാത്രം ഇവിടെ വിവരിച്ചുവെന്നു മാത്രം.

സിനിമയും വയലന്‍സും

സിനിമകളിലും സീരിയലിലും വര്‍ദ്ധിച്ചുവരുന്ന വയലന്‍സ് കുട്ടികളേയും കൗമാരക്കാരേയും യുവാക്കളേയും നേരിട്ട് സ്വാധീനിക്കും. സൂപ്പര്‍ സ്റ്റാറുകള്‍ തന്നെ അത്തരം സിനിമകളില്‍ നായകനായി അഭിനയിക്കുകയും ചെയ്യുന്നു. നിരവധി കുറ്റകൃത്യങ്ങളിലും കൊലപാതകങ്ങളിലും ഏര്‍പ്പെട്ട ശേഷം ഒരു ശിക്ഷയ്ക്കും വിധേയമാകാതെ രക്ഷപ്പെട്ടുപോകുന്ന നായകന്മാരെക്കൊണ്ടു പുതിയ സിനിമകള്‍ നിറഞ്ഞിരിക്കുന്നു. ഒരു നായകനും കുറ്റകൃത്യത്തിനു പിടിക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നില്ല. കുട്ടികളും കൗമാരക്കാരും യുവാക്കളും മാതൃകയാക്കുന്നത് ഇത്തരം തന്ത്രങ്ങളേയും നായകന്മാരേയുമാണ്.

ഇടപെടല്‍ അനിവാര്യം

സങ്കീര്‍ണ്ണമായ ഈ പ്രശ്‌നത്തിന് എന്താണ് പരിഹാരമെന്ന് ചോദിച്ചാല്‍ നമുക്ക് ഒറ്റവാക്കില്‍ ഉത്തരം പറയുക സാധ്യമല്ല. സ്വഭാവവൈകൃതങ്ങളുടെ കാരണങ്ങള്‍ ബഹുമുഖമായതിനാല്‍ ഈ പ്രശ്‌നത്തിലുള്ള ഇടപെടലും ബഹുമുഖമായിരിക്കണം. ഈ വിഷയത്തെ ഗൗരവമായി കണ്ട് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ട്.

(ലേഖകന്‍ എസ്.എ.ടി ആശുപത്രിയിലെ പീഡിയാട്രിക്‌സ് പ്രൊഫസറും ബിഹേവിയര്‍ പീഡിയാട്രിക്‌സ് യൂണിറ്റ് വിഭാഗം മേധാവിയുമാണ്).

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com