കുറ്റബോധത്തിന്റെ കവിത
കണ്ണൂർ ജില്ലയിലെ പിണറായി ഗ്രാമത്തിൽ വണ്ണത്താൻ കണ്ടി വീട്ടിൽ സൗമ്യയുടെ 12 വയസ്സായ മകൾ വയറുവേദനയെത്തുടർന്ന് മരണപ്പെട്ടു. ഛർദിയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെത്തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്‌പിറ്റലിൽ വച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ടു ഐശ്വര്യ. അകാലത്തിൽ സംഭവിച്ച അസ്വാഭാവിക മരണം ആണെങ്കിലും പ്രത്യേകിച്ച് എന്തെങ്കിലും സംശയങ്ങൾ ഇല്ലാത്തതുകൊണ്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയോ പോസ്റ്റുമോർട്ടം നടത്തിക്കുകയോ ചെയ്തില്ല. 2018 ജനുവരി മാസത്തിലായിരുന്നു ആ മരണം.
ഏതാണ്ട് ഒരു മാസം കഴിഞ്ഞപ്പോൾ ഇതേ രോഗലക്ഷണങ്ങളെത്തുടർന്ന് ഐശ്വര്യയുടെ മുത്തശ്ശി കമല ചികിത്സയിലിരിക്കെ ആശുപത്രിയിൽവച്ച് മരണപ്പെടുന്നു. കമലയുടെ മരണം 2018 മാർച്ച് മാസം അഞ്ചാം തീയതിയായിരുന്നു. ഇക്കാര്യത്തിന് അസ്വാഭാവിക മരണത്തിനുള്ള കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയെങ്കിലും പ്രത്യേകിച്ച് എന്തെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ആന്തരിക അവയവങ്ങളുടെ രാസപരിശോധന ഫലം കെമിക്കൽ എക്‌സാമിനേഷൻ ലബോറട്ടറിയിൽനിന്നും ലഭിക്കാൻ കാലതാമസം എടുക്കും.
തുടർച്ചയായ രണ്ടു മരണങ്ങളുടെ ഞെട്ടലിൽനിന്ന് മോചിതരാകുന്നതിനു മുന്നേത്തന്നെ മൂന്നാമതൊരു മരണം കൂടി വീട്ടിൽ തന്നെ നടന്നത് നാട്ടുകാർക്ക് അമ്പരപ്പ് ഉളവാക്കി. ഇത്തവണ മരണം തേടിയെത്തിയത് ഗൃഹനാഥനായ കുഞ്ഞിക്കണ്ണനെ ആയിരുന്നു. സമാനമായ രോഗലക്ഷണങ്ങളോടെയാണ് ഏപ്രിൽ മാസം പതിമൂന്നാം തീയതി കമലയുടെ ഭർത്താവ് കുഞ്ഞിക്കണ്ണനും മരിച്ചത്. ചുരുങ്ങിയ കാലത്തിനുള്ളിൽ ഒരു വീട്ടിൽ നടന്ന തുടർച്ചയായ മൂന്ന് മരണങ്ങൾ നാട്ടുകാരെ ഞെട്ടിച്ചു. മൂന്നാമത്തെ മരണത്തോടുകൂടി ഗൗരവതരമായ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് നാട്ടുകാർ സംഘടിച്ചു. അവർ ഉന്നത ഉദ്യോഗസ്ഥരെ കണ്ട് പരാതി ബോധിപ്പിച്ചു.
ആ കുടുംബത്തിലെ മരണങ്ങളുടെ രഹസ്യശൃംഖല ഗ്രാമത്തിൽ സംശയത്തിന്റെ നിഴലുകൾ വീഴ്‌ത്തി. ദുരൂഹസാഹചര്യത്തിൽ മൂന്ന് ജീവനുകൾ നഷ്ടപ്പെട്ടിരിക്കുന്നു. ഈ ദുരന്തങ്ങളെ ആരോ ഇരുട്ടിന്റെ മറവിൽനിന്ന് നിയന്ത്രിച്ചിരുന്നോ എന്ന് ഗ്രാമവാസികൾ ആലോചിച്ചു. ഇനിയും ജീവനുകൾ നഷ്ടപ്പെട്ടേക്കാം എന്ന കടുത്ത ആശങ്ക ഗ്രാമത്തിൽ ആകെ വ്യാപിച്ചു. നാട്ടുകാരിൽ ഉണ്ടാക്കിയ ഭയവും ദുരൂഹതയും പരസ്പര അവിശ്വാസവും പൊലീസിനു കൂടി കനത്ത വെല്ലുവിളികൾ ഉയർത്തി.
കമലയുടേയും കുഞ്ഞിക്കണ്ണന്റേയും മരണം അലൂമിനിയം ഫോസ്‌ഫേറ്റ് എന്ന എലിവിഷം വയറ്റിൽ ചെന്നാണ് എന്ന് രാസപരിശോധനയിൽ കണ്ടെത്തി. ചെറിയ കുട്ടി ഉൾപ്പെടെ മൂന്നുപേർ എലിവിഷം കഴിച്ച് ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും നിലവിലില്ല. അവശേഷിക്കുന്നത് സൗമ്യ എന്ന സ്ത്രീ മാത്രം.
അവരും എന്തോ അസുഖം പറഞ്ഞ് തലശ്ശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്യപ്പെട്ടിരിക്കുന്നു. ഏതു സമയത്തും അവരും മരിക്കാം എന്ന വാർത്ത നാട്ടുകാരെ അങ്കലാപ്പിലാക്കി. എന്നാൽ, സൗമ്യയെ ചികിത്സിക്കുന്ന ഡോക്ടർമാർക്ക് അവർക്ക് പ്രത്യേകിച്ച് എന്തെങ്കിലും അസുഖം ഉള്ളതായി കണ്ടെത്താൻ കഴിഞ്ഞില്ല.
ആദ്യം മരിച്ച ഐശ്വര്യയുടെ മരണത്തിനു കൂടി പുതിയ പരാതി വാങ്ങി കേസ് രജിസ്റ്റർ ചെയ്തു. മരണങ്ങളെക്കുറിച്ച് പല കഥകളും നാട്ടിൽ പ്രചരിക്കാൻ തുടങ്ങി. ഒരു കുടുംബത്തിലെ മൂന്നുപേർ നാലുമാസത്തിനിടെ ദുരൂഹസാഹചര്യത്തിൽ മരിച്ച വീട്ടിലെ അവശേഷിക്കുന്ന ഒരേയൊരാൾ സൗമ്യ. സ്വാഭാവികമായും മറ്റുള്ളവരുടെ മരണത്തിന്റെ പുറകിൽ സൗമ്യയുടെ മേലെ സംശയത്തിന് നിഴലുകൾ പതിയാൻ തുടങ്ങി.
ആശുപത്രിയിൽ വച്ചുതന്നെ സൗമ്യയെ പൊലീസ് ചോദ്യം ചെയ്യാൻ തുടങ്ങി. “എന്റെ അച്ഛനും അമ്മയും മകളുമാണ് മരിച്ചത്. എന്നിട്ടും എന്നെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത് ക്രൂരതയാണ്. ഏതു സമയത്തും ഞാനും മരിച്ചുപോകും” എന്ന് മറുപടി.
ചോദ്യങ്ങൾക്കു നേരെ അതിരൂക്ഷമായ പ്രതികരണങ്ങൾ. ദിവസങ്ങൾ നീണ്ട ചോദ്യം ചെയ്യലുകൾ കഴിഞ്ഞിട്ടും അവരിൽനിന്നും ഒന്നും മനസ്സിലാക്കാൻ കഴിയുന്നില്ല. ഭർത്താവുമായി വേർപിരിഞ്ഞു കഴിയുന്ന സ്ത്രീയാണ്. വഴിവിട്ട ജീവിതമാണെന്ന് നാട്ടുകാർ പരാതി പറയുന്നു. അവരെ മാത്രമേ എല്ലാവർക്കും സംശയമുള്ളൂ. ഈ മരണങ്ങൾ എല്ലാം നടക്കുമ്പോൾ ആ വീട്ടിൽ ഉണ്ടായിരുന്നവരിൽ അവർ മാത്രമേ അവശേഷിക്കുന്നുള്ളൂ. മറ്റാർക്കെങ്കിലും ആ വീട്ടുകാരോട് വെറുപ്പോ വൈരാഗ്യമോ ഇല്ല.
അവരാകട്ടെ, ബോധമനസ്സും ഉപബോധമനസ്സും മണിച്ചിത്രത്താഴ് ഇട്ട് പൂട്ടിയ അവസ്ഥയിൽ. ഒരുപാട് കാലം ആശുപത്രിയിൽവച്ച് ചോദ്യം ചെയ്യാൻ കഴിയില്ല. അവർക്ക് പ്രത്യേകിച്ച് അസുഖവും ഇല്ല. പൊലീസ് സ്റ്റേഷനിൽ അന്യായ തടങ്കലിൽ സൂക്ഷിക്കാനും കഴിയില്ല. സാഹചര്യത്തെളിവുകൾ അവർക്കെതിരെ ആയതിനാൽ വിട്ടയക്കാനും കഴിയില്ല.
തലശ്ശേരി സർക്കിൾ ഇൻസ്‌പെക്ടർ പ്രേമചന്ദ്രനാണ് അന്വേഷണ ഉദ്യോഗസ്ഥൻ. ഒരുപാട് കേസുകൾ അതിവിദഗ്ദ്ധമായി ബുദ്ധിപരമായ നീക്കങ്ങളിലൂടെ തെളിയിച്ച അനുഭവസമ്പത്തുള്ള ഉദ്യോഗസ്ഥനാണ് പ്രേമചന്ദ്രൻ. ഐ.പി.എസ് ഉദ്യോഗസ്ഥയായ ചൈത്ര തെരേസ ജോണാണ് തലശ്ശേരി എ.എസ്.പി. വളരെ സൂക്ഷ്മമായി കാര്യങ്ങൾ വിശകലനം ചെയ്യുന്നതിൽ അവരും പ്രാപ്തി തെളിയിച്ചിട്ടുണ്ട്.
28 വയസ്സിനുള്ളിലുള്ള സൗമ്യയുടെ ജീവിതകഥകൾ എല്ലാം അതിസൂക്ഷ്മമായി അവർ പഠിച്ചു. സ്‌കൂൾ പഠനകാലം മുതലുള്ള അവളുടെ ബന്ധങ്ങളും വിവാഹവും വിവാഹമോചനവും എല്ലാം ഈ പഠനത്തിന്റെ പരിധിയിൽ വന്നു.
ഇൻസ്‌പെക്ടർ പ്രേമചന്ദ്രൻ കാര്യങ്ങളെല്ലാം യഥാസമയം എന്നെയും കൂടി അറിയിക്കുന്നുണ്ടായിരുന്നു. ഞാൻ അന്ന് കണ്ണൂർ അസിസ്റ്റന്റ് കമ്മിഷണറായിരുന്നു. എന്റെ അധികാരപരിധിയിലല്ല സംഭവം. പല കേസുകളും പ്രേമചന്ദ്രനുമൊത്ത് ഒന്നിച്ച് അന്വേഷണം നടത്തിയ അനുഭവത്തിൽനിന്നുമുള്ള വിശ്വാസത്തിലാണ് അദ്ദേഹം എന്നെ വിളിച്ചുകൊണ്ടിരിക്കുന്നത്.
സൗമ്യയെ തലശ്ശേരി റസ്റ്റ്ഹൗസിലേക്ക് മാറ്റി. അവിടെ ചോദ്യംചെയ്യൽ തുടർന്നു. സൗമ്യ പൊലീസ് കസ്റ്റഡിയിലാണ് എന്നും ആ വീട്ടിൽ നടന്നത് പരമ്പര കൊലപാതകമാണെന്നും പ്രതി സൗമ്യ തന്നെയാണ് എന്ന നിലയിലും വിവിധ ചാനലുകളിൽ വാർത്തകൾ വരാൻ തുടങ്ങി.
എന്നാൽ, അവരെ അറസ്റ്റ് ചെയ്യാൻ പര്യാപ്തമായ തെളിവുകൾ ലഭിച്ചിട്ടില്ല. സംശയത്തിന്റെ പുകമറകൾ നീക്കി പുറത്തുവരേണ്ടതുണ്ട്. അവർ അന്വേഷണവുമായി സഹകരിക്കുന്നില്ല; കണ്ണൂർ ഡി.ഐ.ജി സേതുരാമൻ സാർ എന്നെ വിളിച്ച് തലശ്ശേരി റസ്റ്റ്ഹൗസിലെത്തി സൗമ്യയെ ചോദ്യം ചെയ്യാൻ പറഞ്ഞു. റസ്റ്റ്ഹൗസിൽ എത്തിയപ്പോൾ ചാനൽ കാമറകൾകൊണ്ട് നിറഞ്ഞിരിക്കുന്നു. അതിനകം കേസ് തെളിഞ്ഞുകാണും എന്നു കരുതി.
പക്ഷേ, അന്വേഷണ ഉദ്യോഗസ്ഥരോട് ചോദിച്ചപ്പോൾ തോണി തിരുനക്കര തന്നെ. സൗമ്യയുടെ മനസ്സിന്റെ താക്കോൽ തുറക്കാനുള്ള വഴികൾ കണ്ടെത്തണം. അതില്ലെങ്കിൽ അവരെ വിട്ടയക്കേണ്ടതായി വരും. അന്വേഷണസംഘത്തിൽനിന്നും കഥകളെല്ലാം മനസ്സിലാക്കി. ചോദ്യങ്ങളോട് അവർ കടുത്ത ദേഷ്യത്തോടെയാണ് പ്രതികരിക്കുന്നത്. പൊലീസിന്റെ അവരോടുള്ള പെരുമാറ്റവും നേരത്തെത്തന്നെ കടുപ്പിച്ചിരുന്നു.
ചോദ്യം ചെയ്യുന്ന ആളുടെ സ്വാധീനത്തിന് വഴങ്ങാതെ കടുത്ത പ്രതിരോധശേഷി കുറ്റവാളികൾക്ക് പ്രകടിപ്പിക്കാൻ കഴിയുന്നത് എന്തുകൊണ്ട് എന്ന് മനസ്സിലാക്കണമെങ്കിൽ കുറ്റവാളികളുടെ മനശ്ശാസ്ത്രപരവും സാമൂഹികവുമായ ബൗദ്ധിക പ്രക്രിയകൾ വിശകലനം ചെയ്യേണ്ടതുണ്ട്. അതിന് ചിന്ത, യുക്തി, ഓർമ, ബോധം എന്നിവയുമായി ബന്ധപ്പെട്ട അവരുടെ മാനസികവ്യാപാരങ്ങളെ വിലയിരുത്തേണ്ടതുണ്ട്.
തോമസ് എ. ഹാരിസന്റെ ‘അയാം ഓക്കേ യു ആർ ഒക്കെ’, ജൂലിയസ് ഫാസ്റ്റ്‌ന്റെ ‘ബോഡി ലാംഗ്വേജ്’, ജെറാൾഡ് ആൻഡ് ഹെൻട്രിയുടെ ‘ഹൗ ടു റീഡ് എ പേഴ്‌സൺ ലൈക് എ ബുക്ക്’ തുടങ്ങിയ പുസ്തകങ്ങൾ വായിക്കുന്നത് ഒരു പ്രത്യേക സാഹചര്യത്തിൽ കുറ്റവാളികളുടെ പെരുമാറ്റരീതി മനസ്സിലാക്കുന്നതിന് ഉപകരിക്കും.
ഒരു വ്യക്തിയുടെ ആന്തരിക വികാരമാണ് അവരുടെ സംവേദനത്തിൽ പ്രതിഫലിക്കുന്നത്. അതിൽ ഒരു ഈഗോ സ്റ്റേറ്റ് ഉണ്ട്. ഈഗോ സ്റ്റേറ്റുകളിൽ ചിന്ത, വികാരം, പെരുമാറ്റം എന്നിവ ഉൾപ്പെടുന്നു. പാരന്റെൽ ഈഗോ, അഡൽട്ട് ഈഗോ, ചൈൽഡ് ഈഗോ എന്നീ മാനസികാവസ്ഥകളിൽ ഏതെങ്കിലുമൊന്ന് എല്ലാ മനുഷ്യരും പ്രതിഫലിപ്പിക്കും. അവരുമായുള്ള സംഭാഷണത്തിലൂടെ അതെന്താണെന്ന് മനസ്സിലാക്കേണ്ടതുണ്ട്.
ചോദ്യം ചെയ്യുന്ന മുറിയിൽ ഒരുപാട് ആളുകളുണ്ട്. അവരെ എല്ലാവരേയും പുറത്തേക്ക് അയച്ചു. ചോദ്യം ചെയ്യലിന് വിധേയമാകുന്നത് സ്ത്രീയായതുകൊണ്ട് ഒരു വനിതാപൊലീസിനെ മാത്രം ഇരുത്തി അവരോട് സംസാരിക്കാൻ തുടങ്ങി.
ഞാൻ അവർക്ക് അഭിമുഖമായി ഇരുന്നപ്പോൾ തന്നെ, എന്തെങ്കിലും സംസാരിച്ചു തുടങ്ങുന്നതിനുമുമ്പേ തന്നെ ഒന്നും നടക്കാൻ പോകുന്നില്ല എന്ന തരത്തിലുള്ള അവരുടെ വാക്കുകൾ വന്നു:
“നിങ്ങൾ ആരാണെന്ന് എനിക്കറിയില്ല. പക്ഷേ, കുറേ ദിവസമായി പല ആളുകൾ എന്നെ നിരന്തരം ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ഞാൻ എന്തു തെറ്റാണ് ചെയ്തത്? എന്റെ മകളേയും അച്ഛനേയും അമ്മയേയും കൊല്ലാൻ മാത്രം ഞാനെന്താ മാനസികരോഗിയാണോ?” അവരുടെ അതിരൂക്ഷമായ സംസാരം. കടുത്ത ദേഷ്യം പ്രകടിപ്പിക്കുന്നു. ഞരമ്പുകൾ വലിഞ്ഞുമുറുകി മുഖത്തേക്ക് രക്തം ഇരച്ചുകയറുന്നത് മനസ്സിലാക്കാം.
അവർ പാരന്റ് ഈഗോയിൽ നിന്നുകൊണ്ടാണ് സംസാരിക്കുന്നത്. മാതാപിതാക്കൾ കുട്ടികളോട് പെരുമാറുന്ന രീതിയിലുള്ള ചിന്തയും വികാരങ്ങളും രീതികളുമാണ് പാരന്റ് അല്ലെങ്കിൽ എക്‌സറ്ററോ-സൈകിക് ഈഗോ സ്റ്റേറ്റ്. അധികാരഭാവത്തിലുള്ള സംസാരവും പെരുമാറ്റവും പാരന്റ് ഈഗോ പ്രതിഫലിപ്പിക്കുന്നു. അത്തരം ഈഗോ സ്റ്റേറ്റിന് അനുബന്ധമായ പെരുമാറ്റരീതിയാണ് അവർ പ്രകടിപ്പിക്കുന്നത്. അവർ ഒരു രക്ഷിതാവിനെപ്പോലെ ചോദ്യകർത്താവിനെ വിലയിരുത്തുകയാണ്. വിമർശിക്കുകയാണ്.
ആ ഘട്ടത്തിൽ കുറ്റകൃത്യങ്ങളെ സംബന്ധിച്ച് നേരിട്ട് ചോദ്യങ്ങൾ ഉന്നയിക്കുന്നതിൽ അർത്ഥമില്ല. യാതൊരു പ്രതിരോധവും ഇല്ലാത്ത നിഷ്‌കളങ്കമായ ചൈൽഡ് ഈഗോ സ്റ്റേറ്റിലേക്ക് അവരെ കൊണ്ടുവരേണ്ടതുണ്ട്. വൈകാരികതയിലൂടെ മാത്രമേ അത് സാധിക്കുകയുള്ളൂ. കുറ്റബോധവും പാപബോധവും ഒക്കെ സൃഷ്ടിക്കുന്നത് അതിനുള്ള ഒരു മാർഗമാണ്.
അവരുടെ ചിന്തയിലും വികാരങ്ങളിലും മകളുടെ ഓർമകൾ തിരികെക്കൊണ്ടുവരാൻ കഴിഞ്ഞാൽ അതിനനുസരിച്ചുള്ള പ്രതികരണങ്ങളും പെരുമാറ്റങ്ങളും അവരിൽനിന്ന് ഉണ്ടാവും. വളരെ ശാന്തനായി ഞാൻ അവരോട് പറഞ്ഞു:
“ഞാൻ മാനസികരോഗിയാണോ എന്നാണ് നിങ്ങൾ എന്നോട് ചോദിച്ചത്. അതെനിക്കറിയില്ല. പക്ഷേ, നിങ്ങൾ കടുത്ത മാനസികവിഷമം അനുഭവിക്കുന്നുണ്ട് എന്ന് ഞാൻ മനസ്സിലാക്കുന്നു. എത്രയോ ദിവസമായി നിങ്ങൾക്ക് ശാന്തമായി ഉറങ്ങാൻ കഴിഞ്ഞിട്ടില്ല. നിങ്ങൾ കൊലപാതകം നടത്തിയോ എന്ന് ഞാൻ ചോദിച്ചിട്ടില്ല. ഉറ്റബന്ധുക്കളുടെ മരണത്തിൽ നിങ്ങൾക്കും ദുഃഖമുണ്ടെന്ന് മനസ്സിലായി. മോളെ... മനസ്സിന്റെ ഭാരം ഇറക്കിവെച്ചാലേ ശാന്തമായി ഉറങ്ങാൻ കഴിയുകയുള്ളൂ.”
എന്റെ വാക്കുകൾ അവരിൽ ചലനങ്ങൾ ഉണ്ടാക്കുന്നതായി ഞാൻ അറിഞ്ഞു. സാവകാശം അവരുടെ മുഖത്തെ ടെൻഷൻ മാറിവരുന്നതും ശാന്തമാകുന്നതും മനസ്സിലാക്കാം.
ഒരു വ്യക്തിയോട് പട്ടിയോട് എന്നപോലെ പെരുമാറിയാൽ അവൻ ക്രമേണ കുരക്കാൻ ശീലിക്കും. സാഹചര്യങ്ങളോടുള്ള പ്രതികരണമാണ് സ്വഭാവം. അവരുടെ പ്രതിരോധം ഒരുപക്ഷേ, ദിവസങ്ങളോളം അവരോട് കാണിച്ചിട്ടുള്ള നെഗറ്റീവായ പെരുമാറ്റത്താൽ കണ്ടീഷൻ ചെയ്യപ്പെട്ടത് ആകാം.
“നിങ്ങൾ എന്താണ് എന്നെ വിളിച്ചത്. മോളെ എന്നോ?”
ആ വാക്ക് വളരെ ആഴത്തിൽ അവരെ സ്‌പർശിച്ചിട്ടുണ്ട്. ക്രമേണ അവരുടെ കണ്ണിൽനിന്നും കണ്ണുനീർ ഒഴുകാൻ തുടങ്ങി. രക്ഷിതാവിനെപ്പോലെ ഞാൻ സംസാരിച്ചപ്പോൾ അവൾ പെട്ടെന്ന് തന്നെ ഒരു കുട്ടിയായി മാറി.
ചൈൽഡ് ഈഗോ സ്റ്റേറ്റിൽ, നിങ്ങൾ നിങ്ങളുടെ ബാല്യകാലത്ത് ചെയ്ത പോലെ ചിന്തിക്കുകയും പെരുമാറുകയും ചെയ്യുന്നു. ഈ അവസ്ഥയും അവളുടെ ഭൂതകാലത്തിൽനിന്നും ഉരുത്തിരിഞ്ഞ് തന്നെ.
“മരിക്കുമ്പോൾ മകൾക്ക് എത്ര വയസ്സുണ്ടായിരുന്നു, അവൾ സുന്ദരി ആയിരുന്നോ?” മകളെക്കുറിച്ചുള്ള ഓർമകൾ ഉണർത്താനുള്ള ചോദ്യങ്ങൾ വീണ്ടും വീണ്ടും ആവർത്തിച്ചു.
അവരുടെ വിവാഹത്തെപ്പറ്റിയും ഭർത്താവിനെപ്പറ്റിയും ചോദിച്ചു. ജീവിതത്തിലെ കഷ്ടപ്പാടുകളെക്കുറിച്ചും ബുദ്ധിമുട്ടുകളെക്കുറിച്ചും അവർ സംസാരിച്ചു. മദ്യപിച്ചെത്തി മർദിക്കുന്ന ഭർത്താവ്, വീട്ടുചെലവിനുള്ള പണം നൽകാത്തതിനാൽ കുട്ടികളെ വളർത്താൻ കഴിയാത്ത സാഹചര്യം. ചില യുവാക്കളുമായി അവൾ ബന്ധം സ്ഥാപിച്ചു.
സാവകാശം അത് വഴിവിട്ടജീവിത രീതിയിലേക്ക് തിരിച്ചു. ഭർത്താവിന്റെ വീട്ടിൽനിന്നും സ്വന്തം വീട്ടിലേക്ക് മടങ്ങി. അവിടെയും തുടർന്നു ഇത്തരം സൗഹൃദങ്ങൾ. വീട്ടിൽ മറ്റാളുകൾ ഉള്ളത് ചില അസൗകര്യങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. അവർ കഥ തുടരുന്നതിനിടയിൽ ചെറിയൊരു വാചകം ഞാൻ പറഞ്ഞു:
“ഇത്തരം സാഹചര്യത്തിൽ മകൾ ഇല്ലാതിരിക്കുന്നതാണ് നല്ലത് എന്ന് തോന്നിപ്പോയി കാണും. അല്ലേ?”
“അങ്ങനെ തോന്നിപ്പോയി” എന്നുത്തരം.
ദിവസങ്ങളായി കേൾക്കാൻ കാത്തിരിക്കുന്ന കുറ്റസമ്മതമാണ് ആ വാക്കുകൾ എന്ന് ഞാൻ തിരിച്ചറിഞ്ഞു. പക്ഷേ, മുഖത്ത് യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ, ഈ വാക്കുകൾ ഞാൻ ശ്രദ്ധിച്ചിട്ടില്ല എന്ന രീതിയിൽ തുടർന്നു സംസാരിച്ചു.
മകളുടെ ഓർമകളിൽനിന്ന് പുറകോട്ടുപോകാൻ പറ്റാത്ത രീതിയിൽ അവളുടെ അവസാന നിമിഷങ്ങളെപ്പറ്റിയും മറ്റും ചോദിച്ചു. അവളുടെ മനസ്സിലെ ദുഃഖവും പാപബോധവും അണപൊട്ടി ഒഴുകി.
സാവകാശം അവൾ കഥകളെല്ലാം പറഞ്ഞു. കറിയിൽ എലിവിഷം കലർത്തി നൽകിയതിന്റെ ഞെട്ടിക്കുന്ന കഥ. അത് അവിടെ അവസാനിച്ചില്ല. അമ്മയ്ക്കും അച്ഛനും ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയ കഥകൾ അവരുടെ നാവിൽനിന്നുതന്നെ വന്നു.
തുടർന്നുള്ള അന്വേഷണത്തിന് ആവശ്യമായിവരുന്ന വിഷപദാർത്ഥം എവിടെനിന്ന് വാങ്ങി എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അവരോട് തന്നെ ചോദിച്ചു മനസ്സിലാക്കി.
എല്ലാ കഥകളും കേട്ടുകഴിഞ്ഞപ്പോൾ അവരുടെ ഉള്ളിലെ കുറ്റബോധം കുറച്ചുകൊണ്ടുവരേണ്ടത് ആവശ്യമാണ് എന്നു തോന്നി. ഇല്ലെങ്കിൽ ചിലപ്പോൾ ആത്മഹത്യയിലേക്കും പോകാം.
സൗമ്യ കുറ്റസമ്മതം നടത്തിയെന്ന് കൂടുതൽ ആളുകളിലേക്ക് വിവരം എത്തിയതോടെ കാര്യങ്ങൾ കൈവിട്ടുപോകുന്ന തരത്തിലുള്ള തിരക്കായി. ടി വി ചാനലുകളിൽ ലൈവ് ടെലിക്കാസ്റ്റിങ് നടന്നുകൊണ്ടിരിക്കുന്നു. അറസ്റ്റ് രേഖപ്പെടുത്തണം. മറ്റ് രേഖകൾ തയ്യാറാക്കണം. തുടർന്ന് വിശദമായി അവരോട് വീണ്ടും സംസാരിക്കാനുള്ള സാഹചര്യം ഇല്ല.
അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടുന്ന അവസരത്തിൽ കൂടുതൽ വിശദമായി അവളോട് സംസാരിക്കാമെന്ന് കരുതി. ജയിലിലെത്തി ഏതാനും ആഴ്ചകൾക്കുള്ളിൽ അവർ ആത്മഹത്യ ചെയ്തു. അവൾ കാണിച്ചത് സമാനതകളില്ലാത്ത ക്രൂരത തന്നെ. എന്നാൽ, അത് കൈകാര്യം ചെയ്യുന്നതിന് പരിഷ്‌കൃത സമൂഹത്തിന് ശാസ്ത്രീയമായ ചില രീതികളുണ്ട്, അതുകൊണ്ടാണ് ജയിലുകളെ കറക്ഷണൽ സർവീസ് കേന്ദ്രം എന്നുകൂടി പറയുന്നത്.
കഥകൾ കേട്ടപ്പോൾ ടോൾസ്റ്റോയിയുടെ റിസറക്ഷൻ എന്ന നോവലിലെ മസ്ലോവ എന്ന നായികയെ ഓർമിപ്പിച്ചു. ചെറിയ പ്രായത്തിൽ നെഹലദോവ എന്ന പ്രഭുകുമാരൻ അവളെ ബലാത്സംഗം ചെയ്യുന്നു. പിന്നീട് എപ്പോഴോ അവൾ വേശ്യാവൃത്തിയിലേക്ക് നീങ്ങുന്നു. ഒരു കൊലപാതകിയായി മാറുന്നു. ആ വിവരം മനസ്സിലാക്കിയ നായകൻ നെഹലദോവ കടുത്ത കുറ്റബോധത്താൽ അവളെ അന്വേഷിച്ചു സൈബീരിയൻ ജയിലുകളിലേക്ക് പോകുന്നു. പാപബോധവും പേറിനടക്കുന്ന ആ മനുഷ്യൻ പിന്നീടുള്ള ജീവിതകാലം ജയിലിൽ അവളെ പരിചരിക്കുന്നതിനായി നീക്കിവെയ്ക്കുന്നു.
നോവലിന്റെ അവസാനം ബൈബിൾ വായനയിലേക്ക് അഭയം കണ്ടെത്തുന്ന നായകൻ. ടോൾസ്റ്റോയി ക്വാട്ട് ചെയ്യുന്ന മത്തായിയുടെ സുവിശേഷത്തിലെ വാചകങ്ങൾ ഓർത്തുപോയി:
“നിങ്ങൾ തിരിഞ്ഞ് ശിശുക്കളെപ്പോലെ ആയിവരുന്നില്ല എങ്കിൽ നിങ്ങൾ സ്വർഗരാജ്യത്തിലേക്ക് പ്രവേശിക്കുകയില്ല. ആകയാൽ തന്നെത്താൻ ശിശുക്കളിലേക്ക് താഴ്‌ന്നവൻ സ്വർഗരാജ്യത്തിൽ ഏറ്റവും വിലപ്പെട്ടവരാണ്.”
“ദൈവനാമത്തിൽ ശിശുവിനെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു.” സൗമ്യയോട് അനുകമ്പയോടെ സംസാരിക്കാൻ തോന്നിയത് അവളുടെ കഥയിൽ ടോൾസ്റ്റോയിയുടെ നായികയെ കണ്ടെത്താൻ കഴിഞ്ഞതുകൊണ്ടാണ്. ആ അനുകമ്പയാണ് അവളെ പാപബോധത്തിലേക്ക് നയിച്ചത്. അവൾ സ്വയം ശിശുവിലേക്ക് മടങ്ങിയവളാണ്. അവൾ സ്വർഗരാജ്യത്തിൽ വിലപ്പെട്ടവൾ ആയിത്തീർന്നിരിക്കുന്നു.
“ആരോടെങ്കിലും കലഹിച്ചാൽ പ്രാർത്ഥനയ്ക്ക് മുന്നേ അവനോട് ഇണങ്ങണം” എന്ന് ബൈബിൾ വാക്യം. നിത്യമായ കലഹങ്ങൾ ഒന്നും അന്വേഷകർക്ക് ഇല്ല.
അവളുടെ ആത്മഹത്യ വിവരം ലഭിച്ചപ്പോൾ വിഷമം തോന്നി. അന്നു രാത്രി തൊട്ട് അവളുടെ എല്ലാ കഥകൾക്കും അതുവരെ ഉണ്ടായിരുന്നതിൽനിന്നും തീർത്തും വ്യത്യസ്തമായ ഒരർത്ഥം കൈവന്നിരിക്കുന്നു.
How Compassion Led to a Confession, former crime branch SP, P P Sadanandan recounts his experience
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

