Life Mission 
News+

ലൈഫ് മിഷൻ നിർത്തലാക്കുമ്പോൾ

ജയപ്രകാശ് ഭാസ്‌കരന്‍

ലൈഫ് പദ്ധതിക്ക് എതിരെ ഭരണതലത്തിൽ ചില ഗുരുതരമായ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. പഞ്ചായത്തുകൾക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാനുള്ള അവകാശം ഇല്ലായിരുന്നു എന്നാണ് അവർ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ഗ്രാമസഭകൾ നേരിട്ട് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്ന പഴയ രീതിയാണ് അഭികാമ്യം എന്ന നിലപാടിനാണ് പ്രാമുഖ്യം ലഭിക്കുന്നത്.

എന്താണ് വസ്തുത ?

ഗ്രാമസഭകൾ ഗുണഭോക്താക്കളെ നേരിട്ട് തിരഞ്ഞെടുക്കുന്ന രീതിയായിരുന്നു ഇവിടെ നിലനിന്നിരുന്നത്.

അതായത് ഒരു വർഷം ഭവന നിർമ്മാണ മേഖലയിൽ ഗ്രാമപഞ്ചായത്തുകൾ ഒരു നിശ്ചിത തുക വകയിരുത്തും . പഞ്ചായത്തുകൾ ഏറ്റെടുക്കുന്ന തനത് ഭവന പദ്ധതികൾക്കുള്ള ധനസഹായ തുകയും ബ്ലോക്ക് പഞ്ചായത്തുകൾ നടപ്പിലാക്കുന്ന ഐഎവൈ പദ്ധതിക്കുമുള്ള ഗ്രാമപഞ്ചായത്ത് വിഹിതവുമായാണ് ഈ തുക വകയിരുത്തുന്നത്.

പൊതുവിഭാഗത്തിന് ഒരു വീട് നിർമ്മിക്കുന്നതിന് 75,000 രൂപ നിലവിൽ ഉണ്ടായിരുന്നപ്പോൾ 30 ലക്ഷം രൂപ വകയിരുത്തിയാൽ 20 വാർഡുകൾ ഉള്ള ഒരു പഞ്ചായത്തിൽ ഒരു വാർഡിൽ രണ്ട് വീട് വീതം ഒരു വർഷം 40 വീടുകൾ അനുവദിക്കാൻ കഴിയുമായിരുന്നു. തനത് വരുമാനമുള്ള പഞ്ചായത്തുകൾ 30 ലക്ഷം രൂപയിൽ 20 ലക്ഷം രൂപ പ്ലാൻ ഫണ്ട് ആയും 10 ലക്ഷം രൂപ ഓൺ ഫണ്ട് ആയും വകയിരുത്തും.

പട്ടികജാതി വിഭാഗത്തിന് അന്ന് ഒരു ലക്ഷം രൂപയായിരുന്നു സബ്സിഡി. പട്ടികജാതി മേഖലയിൽ 25 ലക്ഷം രൂപ വരെ പ്ലാൻ ഫണ്ടിൽ നിന്നും വകയിരുത്തുന്നതിന് വലിയ ബുദ്ധിമുട്ടുണ്ടാകില്ല. അതുകൊണ്ടുതന്നെ പട്ടികജാതി വിഭാഗത്തിന് ഒരു വാർഡിൽ 2 വീടുകൾ വരെ അനുവദിക്കാൻ കഴിയും. ഇതോടൊപ്പം തന്നെ ഗ്രാമസഭയിൽ നിന്നും തിരഞ്ഞെടുത്ത ഗുണഭോക്താക്കൾക്ക് തന്നെ ഐ എ വൈ പദ്ധതിയിലും വീട് അനുവദിക്കും.

ഇതൊക്കെ കേൾക്കുമ്പോൾ എന്തിനാണ് ലൈഫ് പദ്ധതി , പഴയ രീതി തുടർന്നാൽ മതിയല്ലോ എന്ന് സ്വാഭാവികമായും തോന്നും.

എന്നാൽ വസ്തുത മറ്റൊന്നാണ് പറയുന്നത്.

2009 മുതൽ -2011 വരെ പൊതു വിഭാഗം ഗുണഭോക്‌ളുള്ള ഭവന നിർമ്മാണ ധനസഹായം75,000 രൂപയും പട്ടികജാതി വിഭാഗത്തിന് ഒരു ലക്ഷം രൂപയും ആയിരുന്നു. 2011 സെപ്റ്റംബർ 15 ന് ഉമ്മൻചാണ്ടി സർക്കാർ എല്ലാ വിഭാഗം ഗുണഭോക്താക്കൾക്കുമുള്ള ഭവന നിർമ്മാണ ധനസഹായം 2 ലക്ഷം രൂപയായി ഉയർത്തി. ക്രമേണ പട്ടികജാതി വിഭാഗത്തിൻ്റേത് മൂന്നുലക്ഷം രൂപയായും ഉയർത്തി.

അതോടെ കഥ മാറി. ഗ്രാമപഞ്ചായത്തുകൾക്ക് തനത് ഭവന പദ്ധതികൾ നടപ്പിലാക്കാൻ ആകാത്ത അവസ്ഥയായി. എങ്ങനെയൊക്കെ ശ്രമിച്ചാലും ഒരു വാർഡിൽ ഒരു വീട് പോലും കൊടുക്കാനാകാത്ത അവസ്ഥയായി. 2011 മുതൽ 2016 വരെ ഗ്രാമപഞ്ചായത്തുകൾ സ്വന്തമായി ഏറ്റെടുത്ത് നൽകിയ വീടുകളുടെ എണ്ണം പരിശോധിച്ചാൽ ഇത് മനസ്സിലാകും. മിക്ക പഞ്ചായത്തുകളും ഭവന പദ്ധതികൾ ഏറ്റെടുത്തിട്ടില്ല. ഇക്കാലയളവിൽ കേന്ദ്രവിഷ്കൃത പദ്ധതിയായ ഐഎവൈ പദ്ധതിയിലൂടെയാണ് ഭവന നിർമ്മാണ ധനസഹായം നൽകിവന്നത് . 2015 -16 സാമ്പത്തിക വർഷത്തിൽ ഐ എ വൈ പദ്ധതി അവസാനിച്ചു. കേന്ദ്രസർക്കാർ പി എം എ വൈ പദ്ധതി നടപ്പിലാക്കി. അവർക്ക് സ്വന്തമായി ഉണ്ടായിരുന്ന സെക്ക് പട്ടികയിൽ നിന്നായിരുന്നു ഗുണഭോക്താക്കളെ കണ്ടെത്തിയത്. ഒരു പഞ്ചായത്തിൽ തന്നെ പത്തിൽ താഴെ കുടുംബങ്ങൾക്കാണ് പി എം എ വൈ പദ്ധതിയിലൂടെ അന്ന് ധനസഹായം അനുവദിച്ചത്.

അതായത് കേന്ദ്ര ആവിഷ്കൃത പദ്ധതി വഴിയും പഞ്ചായത്തിന്റെ തനത് പദ്ധതി വഴിയും ഭവന നിർമ്മാണ ധനസഹായം അനുവദിക്കാനാകാത്ത ഒരു സാഹചര്യത്തിലാണ് ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വരുന്നതും ലൈഫ് പദ്ധതി പ്രഖ്യാപിക്കുന്നതും .

ഒന്നാം ഘട്ടം എന്ന നിലയിൽ പൂർത്തിയാക്കാതെ കിടന്ന വീടുകൾ പൂർത്തിയായിരിച്ചതിനെ കുറിച്ച് ഇവിടെ പലതവണ എഴുതിയിട്ടുണ്ട്.

ഭവന നിർമ്മാണ ധനസഹായം പൊതു വിഭാഗത്തിന്റേത് രണ്ട് ലക്ഷം രൂപയിൽ നിന്നും പട്ടികജാതി വിഭാഗത്തിൻ്റേത് 3 ലക്ഷം രൂപയിൽ നിന്നുമാണ് 4 ലക്ഷം രൂപയായി വർദ്ധിപ്പിച്ചു.

ഈ സാഹചര്യത്തിൽ ഗ്രാമപഞ്ചായത്തുകൾക്ക് ഒരു തരത്തിലും ഗ്രാമസഭകൾ വഴി തിരഞ്ഞെടുക്കുന്ന ഗുണഭോക്താക്കൾക്ക് ഭവന നിർമ്മാണ ധനസഹായം അനുവദിക്കാനേ കഴിയില്ല. ഒരു പഞ്ചായത്തിൻറെ പദ്ധതി ചിലവ് മുഴുവൻ മാറ്റിവെച്ചാലും വാർഡുകളിൽ. ഒരു വീടു പോലും അനുവദിക്കാൻ കഴിയാത്ത സ്ഥിതിയായി.

അവിടെയാണ് ഒരു വീടിന് ഒരുലക്ഷം രൂപ വീതം സംസ്ഥാന സർക്കാർ ബജറ്റ് വിഹിതമായി ഉൾപ്പെടുത്തുമെന്നും 220,000 രൂപ സംസ്ഥാന സർക്കാർ തന്നെ ലോണെടുത്ത് നൽകുമെന്നും ലൈഫ് പദ്ധതിയിലൂടെ പ്രഖ്യാപിക്കുന്നത്. അവശേഷിക്കുന്ന 80000 രൂപ ഗ്രാമ - ബ്ലോക്ക്- ജില്ലാ പഞ്ചായത്ത് വിഹിതമായി കണ്ടെത്താൻ കഴിയും . ലോൺ തുക പഞ്ചായത്തുകളുടെ പ്ലാൻ ഫണ്ട് വിഹിതത്തിൽ നിന്നും വർഷംതോറും ഡിഡക്റ്റ് ചെയ്യുകയും പലിശ സർക്കാർ തന്നെ അടയ്ക്കുകയും ചെയ്യും .

അതായത് ഗ്രാമപഞ്ചായത്തുകൾക്ക് ഒരുതരത്തിലും ഒരാൾക്ക് പോലും വീടു കൊടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ നിന്നാണ് നൂറുകണക്കിന് മനുഷ്യർക്ക് വീട് കൊടുക്കാൻ കഴിയുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയത്.

ഗ്രാമസഭകളിൽ അപേക്ഷ കൊടുത്ത് ഗുണഭോക്താക്കളെ കണ്ടെത്തുന്ന രീതി ഉപേക്ഷിക്കപ്പെട്ടു എന്നതാണ് ഇവിടെ വന്ന മറ്റൊരു മാറ്റം.

യഥാർത്ഥത്തിൽ എന്താണ് ഇവിടെ നടന്നുവന്നിരുന്നത്. ഒരോ വർഷവും ഗ്രാമസഭയിലേക്ക് ഓരോ വാർഡിൽ നിന്നും കുറഞ്ഞത് 50 പേരെങ്കിലും വീടിന് അപേക്ഷിക്കും . അതിൽ പല രീതിയിൽ പഞ്ചായത്ത് മെമ്പർമാർക്ക് താല്പര്യമുള്ള ഒന്നു രണ്ടുപേർ പട്ടികയിൽ ആദ്യ പേരുകാരായി ഉൾപ്പെടും.

പല രീതിയിൽ എന്നു പറയുമ്പോൾ തെറ്റായി കാണണ്ട . വീടുകളുടെ ദുരവസ്ഥയെക്കുറിച്ച് നിരന്തരമായി പരാതി പറഞ്ഞിരുന്നവർ , തെരഞ്ഞെടുപ്പു കാലത്ത് സഹായിച്ചവർ, അടിയുറച്ച പാർട്ടിക്കാർ അങ്ങനെ പല ഘടകങ്ങൾ ഇതിൽ കടന്നുവരുന്നത് സ്വാഭാവികമാണ്. ഗ്രാമസഭകൾ കൂടി ലിസ്റ്റ് അംഗീകരിക്കുമെന്നല്ലാതെ ഒരു ഘട്ടത്തിലും പ്രയോറിറ്റി മാറ്റാൻ ഗ്രാമസഭകൾക്ക് കഴിയാറില്ല. അങ്ങനെയാണ് അതിന്റെ സംഘാടകരീതി. എന്നാൽ മലപ്പുറം ജില്ലയിലെ ചില പ്രദേശങ്ങളിൽ ഇന്നെ ആളിനെക്കാൾ മറ്റേയാൾക്കാണ് അർഹത എന്ന് ആളുകൾ തുറന്നുപറയുകയും പ്രയോറിറ്റി മാറ്റാൻ ശ്രമിക്കുകയും ചെയ്യുന്നത് കണ്ടിട്ടുണ്ട്. ഭൂരിപക്ഷം പ്രദേശങ്ങളിലും മറ്റുള്ളവരുടെ വെറുപ്പ് സമ്പാദിക്കാതിരിക്കാൻ ആളുകളിൽ മിണ്ടാതിരിക്കും.

ഒരു സാമ്പത്തിക വർഷം മൂന്നാമതായി വരുന്ന ആൾ ആ വർഷം വീട് ലഭിച്ചില്ലെങ്കിൽ അടുത്തവർഷം ഒന്നാമതായി വരുമെന്ന് പ്രതീക്ഷിക്കാൻ കഴിയില്ല. അടുത്തവർഷം താൽപര്യങ്ങൾ വീണ്ടും മാറും. ഈ യാഥാർത്ഥ്യത്തെ ആർക്കും നിഷേധിക്കാൻ കഴിയില്ല.

ഇതു മനസ്സിലാക്കിയത് കൊണ്ടാകാം വീടില്ലാത്തവരുടെ പട്ടിക തയ്യാറാക്കാൻ കുടുംബശ്രീയുടെ സഹായത്തോടെ ഒരു സർവ്വേ നടത്തി. അങ്ങനെ കണ്ടെത്തിയ കുടുംബങ്ങളെ പഞ്ചായത്ത് തലത്തിലുള്ള ഉദ്യോഗസ്ഥന്മാർ വീടുകളിൽ എത്തി പരിശോധിച്ചു അർഹതയുള്ളവരുടെ പട്ടിക തയ്യാറാക്കി. അവിടെയും പരാതിയുള്ളവർ ബ്ലോക്ക് തലത്തിലെ പരിശോധനയ്ക്ക് അപ്പീൽ നൽകും. പിന്നെയും പരാതിയുള്ളവർ ജില്ലാ കളക്ടർക്ക് പരാതി നൽകും. ഈ പരാതികൾ എല്ലാം പരിശോധിച്ചതിനുശേഷമാണ് അന്തിമ പട്ടിക തയ്യാറാക്കുന്നത്. കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സോഫ്റ്റ്‌വെയർ ജനറേറ്റ് ചെയ്യുന്ന ഒരു മുൻഗണനാ പട്ടികയാണ് ലഭിക്കുന്നത്.

മാനദണ്ഡങ്ങളൊക്കെ പാലിക്കപ്പെടുമെങ്കിലും അതൊരു വിവേകരഹിത സംവിധാനമാണ്. ഒരു വീട്ടിൽ വിധവയും അതുകൂടാതെ 80 വയസ്സിന് മുകളിൽ പ്രായമുള്ള ഒരു അംഗവും ഉണ്ടെങ്കിൽ അവർ പ്രയോറിറ്റിയിൽ മുന്നിലെത്തും . എന്നാൽ അവർ കുടുംബവീട്ടിൽ

വലിയ ബുദ്ധിമുട്ടില്ലാതെ കഴിയുന്നവരായിരിക്കും. സ്വന്തമായി റേഷൻ കാർഡ് ഉള്ള ആ കുടുംബം സിസ്റ്റം പരിശോധിക്കുമ്പോൾ ബന്ധു വീട്ടിൽ ആശ്രിതരായി കഴിയുന്ന ആളായിരിക്കും. എന്നാൽ മേൽപ്പറഞ്ഞ ഘടകങ്ങൾ ഒന്നുമില്ലാതെ തന്നെ അങ്ങേയറ്റം ബുദ്ധിമുട്ടി വാടകവീട്ടിൽ കഴിയുന്ന ഒരു കുടുംബംപട്ടികയിൽ താഴെയായി പോകും.

മറിച്ചും സംഭവിക്കാം. ആദ്യം പറഞ്ഞതുപോലെ ഒരു കുടുംബം അത്യാവശ്യം വാടക കൊടുത്ത് താമസിക്കുകയായിരിക്കും. നിലവിൽ വാടക കൊടുക്കാൻ ഉള്ള ശേഷിയും ഉണ്ടായിരിക്കും. എന്നാൽ കൂടുതൽ ദുരിത പൂർണമായി സാഹചര്യത്തിൽ കഴിയുന്ന , മുൻഗണന നിശ്ചയിക്കുന്ന പരമ്പരാഗത ക്ലേശ ഘടകങ്ങൾ ഇല്ലാത്ത കുടുംബം പട്ടികയിൽ താഴെയാകും.

അന്തിമ പട്ടിക തയ്യാറാക്കിയതിനുശേഷം ഗ്രാമസഭയുടെ അംഗീകാരം നേടിയെടുക്കുകയാണ് ചെയ്യുന്നത്. ഗ്രാമസഭയ്ക്ക് പ്രയോറിറ്റി പുതുക്കി നിശ്ചയിക്കാൻ കഴിയും. എന്നാൽ തൊട്ടാൽ പൊള്ളുന്ന കാര്യമായതുകൊണ്ട് ആരും അതിനു ധൈര്യപ്പെടില്ല. പട്ടിക അംഗീകരിക്കുകയായിരിക്കും പതിവ് .

ഗ്രാമപഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിൽ വാർഡ് വികസന സമിതി കൂടി പ്രയോറിറ്റി നിശ്ചയിക്കുമ്പോൾ അത് നീതിപൂർവ്വം നടത്തിയാൽ യഥാർത്ഥ ആവശ്യക്കാരൻ ഒരു പക്ഷേ ആദ്യ പേരുകാരായി വന്നേക്കാം. ഇത് എത്രത്തോളം സംഭവിക്കുമെന്ന് കണ്ടറിയണം.

ഇവിടെ പ്രയോറിറ്റി സിസ്റ്റം ജനറേറ്റ് ചെയ്യുന്ന രീതി അവലംബിക്കണമോ പഴയതുപോലെ ഗ്രാമസഭ തന്നെ തീരുമാനിക്കണമോ എന്ന് പുതിയ സർക്കാരിന് തീരുമാനിക്കാം.

റേഷൻ കാർഡ്

ഒരു റേഷൻ കാർഡിൽ ഉൾപ്പെട്ടവരെ ഒരു കുടുംബമായി കാണുന്ന രീതിയോട് വ്യക്തിപരമായി യോജിപ്പില്ല. ഒരു അടുക്കളയിൽ പാചകം ചെയ്തു കഴിക്കുന്ന രക്തബന്ധം ഉള്ളവരെയാണ് ബിപിഎൽ സർവ്വേക്കായി സർക്കാർ നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം കുടുംബമായി പരിഗണിക്കാവുന്നത്.

അതായത് റേഷൻ കാർഡ് കുടുംബത്തെ നിർണയിക്കുന്നതിനുള്ള ഒരു മാനദണ്ഡമായി സ്വീകരിക്കപ്പെടുന്നത് അർഹതയുള്ളവരെ അകറ്റി നിർത്തുന്നതിന് കാരണമാകും എന്ന വിമർശനം ഇവിടെ നിലനിൽക്കുന്നു.

റേഷൻ കാർഡിന് പകരം ബിപിഎൽ കോൺസെപ്റ്റ് പ്രകാരം ഒരു അടുക്കളയിൽ പാചകം ചെയ്തു കഴിക്കുന്നവരെ കുടുംബമായി പരിഗണിച്ചുകൊണ്ട് ഭവന നിർമ്മാണ ധനസഹായം പുനക്രമീകരിക്കണം എന്ന ആവശ്യം പരിഗണിക്കപ്പെടാവുന്നതാണ്.

ഇതിൻ്റെ ഗുണദോഷങ്ങൾ പരിശോധിക്കപ്പെടണം.

നിലവിൽ ഒന്നിച്ച് താമസിക്കുന്ന കുടുംബങ്ങളെ വിഘടിക്കുന്നതിനോട് ലൈഫ് പദ്ധതിക്ക് താല്പര്യം ഇല്ല. അത് മാർഗരേഖയിൽ തുറന്നുപറയുന്നുണ്ട്.

ഉദാഹരണത്തിന് അച്ഛനും അമ്മയും വിവാഹിതരായ രണ്ടു മക്കളും ഒന്നിച്ച് ഒരു വീട്ടിൽ താമസിച്ചു വരികയാണ്. നിലവിൽ താമസിക്കുന്ന വീട് ഇളയ മകന് ലഭിക്കാനാണ് സാധ്യത. മൂത്ത മകന് തൊട്ടടുത്ത് 5 സെൻറ് വസ്തു നൽകിയിട്ടുണ്ട്. സർക്കാർ വീട് നൽകുന്നു എന്നറിയുമ്പോൾ മൂത്തമകൻ വീടിന് അപേക്ഷിക്കും.

ലൈഫ് പദ്ധതിയുടെ മാർഗ്ഗരേഖ പ്രകാരം ആ കുടുംബം പാർപ്പിട പ്രശ്നം നേരിടുന്നില്ല. കൂടുതൽ സൗകര്യാർത്ഥം ആണ് അവർ പുതിയ വീടിന് അപേക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു റേഷൻ കാർഡിൽ ഉൾപ്പെട്ട ആ കുടുംബത്തിന് ഒരു വീട് അനുവദിക്കാൻ പാടില്ല എന്നാണ് ലൈഫ് മിഷൻ പറയുന്നത്. എന്നാൽ മൂത്തമകൻ വാടകയ്ക്ക് താമസിക്കുകയും സ്വന്തമായി റേഷൻ കാർഡ് എടുക്കുകയും ചെയ്താൽ അവർ പരിഗണിക്കപെടാം . ഭവന പദ്ധതിയിൽ അപേക്ഷിക്കാൻ വേണ്ടി തന്ത്രപരമായി ഇങ്ങനെ മാറി താമസിക്കുന്നവർ ഒരുപക്ഷേ ലിസ്റ്റിൽ ഉൾപ്പെടാം എന്ന അപകടമുണ്ട്:

എന്നാൽ മറ്റൊരു വീട് വയ്ക്കാനുള്ള സാമ്പത്തികശേഷിയില്ലാത്തതു കൊണ്ട് മാത്രം കുടുംബ വീട്ടിൽ ബുദ്ധിമുട്ടി കഴിയുന്നവർ ഒരു റേഷൻ കാർഡിൽ ഉൾപ്പെട്ടു പോയതിനാൽ അനർഹരാകുന്ന സാഹചര്യമുണ്ട്. ഇങ്ങനെയുള്ളവർക്ക് വേണ്ടി റേഷൻ കാർഡ് മാനദണ്ഡം ഒഴിവാക്കിയാൽ അനർഹരായ ഒട്ടേറെ പേർ കടന്നുകൂടും എന്നാണ് ലൈഫ് മിഷൻ മനസ്സിലാക്കിയിരിക്കുന്നത്.

അതുകൊണ്ടുതന്നെ ഓരോ തവണ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് മുമ്പും കുടുംബത്തിന് സ്വന്തമായി റേഷൻ കാർഡ് നേടിയെടുക്കുന്നതിനുള്ള സമയ പരിധി നീട്ടാറുണ്ട്. ഇന്ന തീയതിക്ക് മുമ്പ് സ്വന്തമായി റേഷൻ കാർഡ് എടുത്ത കുടുംബം എന്ന് മാർഗരേഖയിൽ പറയാറുണ്ട്.

അതായത് സ്വന്തമായി റേഷൻ കാർഡ് ഉള്ളതും റേഷൻ കാർഡിൽ ഉൾപ്പെട്ട ആരുടെ പേരിലും വാസയോഗ്യമായ വീടില്ലാത്തവരെ ആദ്യം ഷോർട്ട് ലിസ്റ്റ് ചെയ്യും .ആ പട്ടികയിൽ കുടിലുകളിലും പുനരുദ്ധാരണ സാധ്യതയില്ലാത്ത വിധം ജീർണ്ണോന്മുഖമായ വീടുകളിലും വാടക വീടുകളിലും താമസിക്കുന്നവരെയാണ് പാർപ്പിട പ്രശ്നം നേരിടുന്നവരായി ലൈഫ് മിഷൻ പരിഗണിക്കുന്നത്. മറ്റുള്ളവർ കുടുംബ പ്രശ്നം ആണ് നേരിടുന്നതെന്നും കുടുംബപ്രശ്നം പരിഹരിക്കൽ ലൈഫ് മിഷന്റെ ഉത്തരവാദിത്തം അല്ലെന്നും ലൈഫ് മിഷൻ പറയുന്നു.

കുടിലുകളിൽ താമസിക്കുന്നവർക്കും വാടകവീടുകളിൽ താമസിക്കുന്നവർക്കും റേഷൻ കാർഡ് ലഭിക്കുന്നതിന് ഇപ്പോൾ കാലതാമസം ഇല്ല. അതുകൊണ്ടുതന്നെ കുടുംബത്തെ നിർണയിക്കാൻ റേഷൻ കാർഡ് മാത്രമാണ് ശരിയായ മാർഗം എന്ന് ലൈഫ് മിഷൻ പറയുന്നു.

എന്നാൽ പട്ടികജാതിക്കാർക്കും മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും റേഷൻ കാർഡ് നിബന്ധന ബാധകമല്ല എന്നും ലൈഫ് മിഷൻ പറയുന്നു.

ഒരു കാര്യം കൂടി പറയണം പുനരുദ്ധാരണ സാധ്യതയില്ലാത്ത വിധം ജീർണിച്ച വീടുകൾ കണ്ടെത്തുന്നതിൽ ഉദ്യോഗസ്ഥന്മാരുടെ സെൻസിബിലിറ്റി ഒരു പ്രശ്നമായി മാറാറുണ്ട്. ചിലർ കല്ലുകൊണ്ട് നിർമ്മിച്ച ഭിത്തിയുള്ള എല്ലാ വീടുകളെയും പുനരുദ്ധാരണ സാധ്യതയുള്ള വീടുകളായി കണ്ട് ഒഴിവാക്കും. ചില വിവേകപൂർവം ഈ അധികാരം വിനിയോഗിക്കും. തൊട്ടടുത്ത വാർഡുകളിൽ സർവ്വേ നടത്തുന്നവർ സ്വീകരിക്കുന്ന സമീപനങ്ങൾ വ്യത്യസ്തമാണെങ്കിൽ അത് വൻ പരാതിക്ക് കാരണമാകും. ഇതിൻ്റെയെല്ലാം പഴി കേൾക്കേണ്ടിവരുന്നത് പഞ്ചായത്ത് മെമ്പർക്കും പ്രാദേശിക രാഷ്ട്രീയ പ്രവർത്തകർക്കും ആണ്.

പാർപ്പിടപ്രശ്നം നേരിടുന്ന കുടുംബങ്ങളെ കണ്ടെത്തി മുൻഗണന നിശ്ചയിക്കുമ്പോൾ ഗ്രാമസഭകൾക്കും വാർഡ് വികസന സമിതിക്കും നീതിപൂർവ്വകമായി ഇടപെടാൻ കഴിയുമെങ്കിൽ അതായിരുന്നു ഏറ്റവും ഉത്തമമായ മാർഗം. അല്ലാത്തപക്ഷം നിലവിലുള്ള ലൈഫ് മാനദണ്ഡങ്ങൾ യാന്ത്രികമാണെങ്കിലും തുടരുന്നതായിരിക്കും അഭികാമ്യം.

When the life mission is discontinued

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്നെ ജിഹാദി എന്ന് വിളിച്ചു, മതതീവ്രവാദിയാക്കി, അവിഹിതമുണ്ടെന്ന് പറഞ്ഞു പരത്തി'; ടിനി ടോമിനെതിരെ അൻ‍സിബ

ഇങ്ങനെ ഒരു ആക്ഷനുണ്ടോ?ക്രുനാല്‍ പാണ്ഡ്യയുടെ ബൗളിങ് കണ്ട് ഞെട്ടി; ആക്ഷനില്‍ സംശയം പ്രകടിപ്പിച്ച് കാവ്യ മാരന്‍, വിഡിയോ

ചിയ സീഡ്സോ ഫ്ലാക്സ് സീഡ്സോ, ഏതാണ് കൂടുതൽ ആരോഗ്യകരം?

'ശ്വേത മേനോനെ നോക്കുകുത്തി ആക്കി ഇരുത്തിയിരിക്കുന്നതല്ല, ഒരാളെ മാത്രം കീറി മുറിക്കാൻ സമ്മതിക്കില്ല'; ടിനിയെ പിന്തുണച്ച് പ്രിയങ്ക

'ബംഗാളിലേത് വലിയ കൊള്ള എന്നാണ് രാഹുല്‍ പറഞ്ഞത്; രത്തന്‍ ഖേല്‍ക്കറിന്റെ നിയമനം ഗൗരവമുള്ള പ്രശ്‌നം'

SCROLL FOR NEXT