Vaibhav Sooryavanshi Becomes Bihar Captain for SMAT 2026 BCCI
Sports

15കാരന്‍ വൈഭവ് സൂര്യവംശി ക്യാപ്റ്റന്‍; മുഷ്താഖ് അലി ട്രോഫിയില്‍ ബിഹാറിനെ നയിക്കും

സൂരജ് കശ്യപാണ് വൈസ് ക്യാപ്റ്റന്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

പട്‌ന: ഇന്ത്യന്‍ ക്രിക്കറ്റിലെ കൗമാര വിസ്മയം വൈഭവ് സൂര്യവംശിക്ക് പുതിയ ഉത്തരവാദിത്തം. ബിസിസിഐയുടെ ആഭ്യന്തര ടി20 ടൂര്‍ണമെന്റായ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ബിഹാര്‍ ടീമിനെ നയിക്കാന്‍ 15കാരനായ വൈഭവിനെ നിയമിച്ചു. ടൂര്‍ണമെന്റിനുള്ള 17 അംഗ സ്ക്വാഡ് ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചു. സൂരജ് കശ്യപാണ് വൈസ് ക്യാപ്റ്റന്‍.

ഇതാദ്യമായാണ് വൈഭവ് ബിഹാറിന്റെ സീനിയര്‍ ടീമിന്റെ സ്ഥിരം നായകസ്ഥാനത്തെത്തുന്നത്. നേരത്തെ ദുലീപ് ട്രോഫിയില്‍ ഈസ്റ്റ് സോണ്‍ ടീമിനെ നയിച്ചിരുന്നെങ്കിലും അന്ന് നായകന്‍ ഇഷാന്‍ കിഷന്‍ പരിക്കേറ്റ് പിന്മാറിയതിനെ തുടര്‍ന്നായിരുന്നു വൈഭവിന് താല്‍ക്കാലിക ചുമതല ലഭിച്ചത്. ഇപ്പോള്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുഴുവന്‍ സമയ നായകനായാണ് താരം എത്തുന്നത്. 15-ാം വയസ്സില്‍ തന്നെ ഇത്ര വലിയ ഉത്തരവാദിത്തം ലഭിക്കുന്നത് വൈഭവിന്റെ കരിയറിലെ നിര്‍ണായക വഴിത്തിരിവാണ്. ബാറ്റിങ്ങിലെ മികവിനൊപ്പം നേതൃപാടവവും തെളിയിക്കാനുള്ള അവസരമാണ് താരത്തിന് ലഭിച്ചിരിക്കുന്നത്.

വൈഭവിനെ ചെറുപ്രായത്തില്‍ തന്നെ വലിയ ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കുന്നതിനെക്കുറിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അടുത്തിടെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ദുലീപ് ട്രോഫിയില്‍ വൈഭവിനെ വൈസ് ക്യാപ്റ്റനാക്കിയത് അല്‍പം നേരത്തെയായിപ്പോയെന്നായിരുന്നു സച്ചിന്റെ നിരീക്ഷണം. കൂടുതല്‍ റെഡ് ബോള്‍ ക്രിക്കറ്റ് കളിച്ച് ഘട്ടംഘട്ടമായി മുന്നേറണമെന്ന ഉപദേശവും അദ്ദേഹം നല്‍കിയിരുന്നു.

എന്നാല്‍ വൈഭവിന്റെ പ്രതിഭയിലും അനുഭവസമ്പത്തിലും വിശ്വാസമര്‍പ്പിച്ചാണ് ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ പുതിയ ചുമതല നല്‍കിയിരിക്കുന്നത്. ചെറുപ്രായത്തിലും താരം കാഴ്ചവെച്ച പ്രകടനങ്ങളും നേതൃശേഷിയുമാണ് തീരുമാനത്തിന് പിന്നിലെന്നാണ് അസോസിയേഷന്‍ അധികൃതരുടെ നിലപാട്.

നവംബര്‍ 14 മുതല്‍ ഡിസംബര്‍ 6 വരെയാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫി നടക്കുന്നത്. ബിഹാറിന്റെ എല്ലാ മത്സരങ്ങളും ഇന്ദോറിലാണ്. നവംബര്‍ 14ന് സൗരാഷ്ട്രയ്‌ക്കെതിരെയാണ് ടീമിന്റെ ആദ്യ മത്സരം. നവംബര്‍ 16ന് റെയില്‍വേസിനെയും ബിഹാര്‍ നേരിടും. തുടര്‍ന്നുള്ള മത്സരങ്ങളില്‍ വൈഭവ് ടീമിനെ നയിക്കുമോ എന്നതിലും ആകാംക്ഷയുണ്ട്. ദോഹയില്‍ നടക്കുന്ന റൈസിങ് സ്റ്റാര്‍ ഏഷ്യാകപ്പില്‍ പങ്കെടുക്കുന്നതിനായി താരം പിന്നീട് ടീമില്‍ നിന്ന് മാറാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Vaibhav Sooryavanshi Named Bihar Captain for Syed Mushtaq Ali Trophy 2026 at 15

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിബിഎസ്ഇ 10, 12 ബോര്‍ഡ് പരീക്ഷകള്‍ ഫെബ്രുവരി 16 മുതല്‍; ഡേറ്റ് ഷീറ്റ് പുറത്ത്

പുന്നപ്ര-വയലാര്‍ വിവാദം: സിപിഐയുടേത് ആത്മപ്രശംസ; വിമര്‍ശനവുമായി സിപിഎം

എടിഎം മെഷീൻ ഇളക്കി മാറ്റാൻ ശ്രമം, അലാറം ഡൽഹിയിൽ മുഴങ്ങി; കണ്ണൂരിൽ കവർച്ചയ്ക്കെത്തിയ ഇതര സംസ്ഥാനക്കാരൻ പിടിയിൽ

ഊര്‍ജ പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര-സംസ്ഥാന പദ്ധതികള്‍ വേണം; കായംകുളം NTPC നിലയത്തില്‍ സോളാര്‍ വൈദ്യുതി സംഭരണ സംവിധാനം ഒരുക്കണം: കെ സി വേണുഗോപാല്‍

വിഡി സതീശന് പിന്നിൽ ജൂനിയർ നേതാക്കൾ, എക്സൈസ് കമ്മീഷണർ തെറിച്ചു, സുഹൈലിന് ജാമ്യമില്ല; ഇന്നത്തെ 5 പ്രധാന വാർത്തകൾ