തിരുവനന്തപുരം: അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ ഇന്നലെ സൂപ്പര്‍ സണ്‍ഡേയായിരുന്നു. 3 വ്യത്യസ്ത സ്‌റ്റേഡിയങ്ങളില്‍ അരങ്ങേറിയ 3 ഏകദിന പോരാട്ടങ്ങളില്‍ പിറന്നത് 6 സെഞ്ച്വറികള്‍! ഇതില്‍ മൂന്നെണ്ണം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണെങ്കില്‍ രണ്ടെണ്ണം അങ്ങകലെ ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബര്‍ഗില്‍. ഒന്ന് ലണ്ടനിലും.
ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക- ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്- ശ്രീലങ്ക പോരാട്ടങ്ങളിലാണ് 6 സെഞ്ച്വറികള്‍ കണ്ടത്. വെസ്റ്റ് ഇന്‍ഡീസിന്റെ ജസ്റ്റിന്‍ ഗ്രീവ്‌സ് കന്നി ഏകദിന സെഞ്ച്വറി അടിച്ചപ്പോള്‍ പിന്നാലെ ബാറ്റെടുത്ത ഇന്ത്യക്കായി ഇതിഹാസ താരം വിരാട് കോഹ്‌ലി 55ാം സെഞ്ച്വറി തൂക്കി. ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണ് ശതകം നേടിയ മറ്റൊരു താരം. ഗില്ലിന്റെ പത്താം ഏകദിന സെഞ്ച്വറിയാണ് കാര്യവട്ടത്ത് പിറന്നത്.
ഓസ്‌ട്രേലിയക്കെതിരായ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലറും ക്യാപ്റ്റന്‍ ടെംബ ബവുമയുമാണ് സെഞ്ച്വറി സ്വന്തമാക്കിയത്. ഓസ്‌ട്രേലിയന്‍ ഓപ്പണര്‍മാരായ ട്രാവിസ് ഹെഡിനും ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷിനും 16 റണ്‍സിലാണ് സെഞ്ച്വറി നഷ്ടമായത്. ഇരുവരും ഈ മത്സരത്തില്‍ 84 റണ്‍സ് വീതമാണ് അടിച്ചത്.
ഇംഗ്ലണ്ട് ഓപ്പണര്‍ ടോം ബാന്‍ഡന്‍ ആണ് ശതകം കടന്ന മറ്റൊരു താരം. താരത്തിന്റെ കന്നി ഏകദിന സെഞ്ച്വറി കൂടിയാണിത്.
കാര്യവട്ടത്ത് ഇന്ത്യ- വിന്‍ഡീസ് ബാറ്റര്‍മാര്‍ ചേര്‍ന്നു 595 റണ്‍സാണ് മൊത്തം അടിച്ചത്. ജൊഹന്നാസ് ബര്‍ഗില്‍ ദക്ഷിണാഫ്രിക്ക- ഓസ്‌ട്രേലിയ ബാറ്റര്‍മാര്‍ ചേര്‍ന്ന് 666 റണ്‍സും ബോര്‍ഡില്‍ ചേര്‍ത്തു. ഇംഗ്ലണ്ട് ശ്രീലങ്ക പോരാട്ടത്തില്‍ ഇംഗ്ലണ്ട് 355 റണ്‍സ് അടിച്ചു. എന്നാല്‍ ശ്രീലങ്കയ്ക്ക് 132 റണ്‍സ് മാത്രമാണ് നേടായനായത്. ഈ മത്സരത്തില്‍ 487 റണ്‍സാണ് മൊത്തം പിറന്നത്.
ജസ്റ്റിന്‍ ഗ്രീവ്‌സ്
ഇന്ത്യക്കെതിരായ പോരാട്ടത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു ഇറങ്ങിയ വിന്‍ഡീസിനായി ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. ജസ്റ്റിന്‍ ഗ്രീവ്‌സ് തന്റെ കന്നി സെഞ്ച്വറിയുമായി പോരാട്ടം ഇന്ത്യന്‍ ക്യാംപിലേക്ക് നയിച്ചു. താരം 108 പന്തില്‍ 12 ഫോറുകള്‍ സഹിതം 101 റണ്‍സെടുത്തു. വിന്‍ഡീസ് 295 റണ്‍സാണ് ഇന്ത്യയ്ക്ക് മുന്നില്‍ ലക്ഷ്യം വച്ചത്.
ശുഭ്മന്‍ ഗില്‍
296 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്കായി ഗില്‍- രോഹിത് ശര്‍മ ഓപ്പണിങ് മികച്ച തുടക്കമാണ് നല്‍കിയത്. രോഹിത് 32 റണ്‍സില്‍ പുറത്തായെങ്കിലും ഒരറ്റത്ത് പിടിച്ചു നിന്ന ഗില്‍ 108 പന്തില്‍ 13 ഫോറും ഒരു സിക്‌സും സഹിതം 110 റണ്‍സെടുത്താണ് മടങ്ങിയത്.
വിരാട് കോഹ്‌ലി
ഇന്ത്യന്‍ ജയം അനായാസമാക്കിയ സെഞ്ച്വറിയാണ് കോഹ്‌ലി കാര്യവട്ടത്ത് അടിച്ചത്. വെറും 88 പന്തില്‍ 9 സിക്‌സും 11 ഫോറും സഹിതം 139 റണ്‍സുമായി കോഹ്‌ലി പുറത്താകാതെ നിന്നു. ഒപ്പം ഏകദിനത്തില്‍ അതിവേഗം 15,000 റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡും ഇന്ത്യന്‍ ഇതിഹാസം സ്വന്തമാക്കി. അവസാന രണ്ട് പന്തുകളും സിക്‌സര്‍ പറത്തി കോഹ്‌ലി ഇന്ത്യയെ ജയത്തിലെത്തിച്ചു.
ടെംബ ബവുമ
ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ പ്രോട്ടീസ് അടിച്ചെടുത്തത് 9 വിക്കറ്റ് നഷ്ടത്തില്‍ 365 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍. ക്യാപ്റ്റന്‍ ടെംബ ബവുമ കരിയറിലെ ആറാം ഏകദിന സെഞ്ച്വറി തൂക്കി ഒരറ്റത്ത് നിന്നു. താരം 116 പന്തില്‍ 10 ഫോറും 2 സിക്‌സും സഹിതം 103 റണ്‍സടിച്ചു.
ഡേവിഡ് മില്ലര്‍
ഒരറ്റത്ത് ബവുമ ചെറുത്തു നിന്നപ്പോള്‍ അഞ്ചാമനായി എത്തിയ മില്ലര്‍ തല്ലിത്തകര്‍ക്കാനുള്ള മൂഡിലായിരുന്നു. താരം 93 പന്തില്‍ 12 ഫോറും 9 സിക്‌സും സഹിതം 142 റണ്‍സെടുത്തു. താരത്തിന്റെ എട്ടാം ഏകദിന സെഞ്ച്വറിയാണ് ജൊഹന്നാസ്ബര്‍ഗില്‍ പിറന്നത്. മത്സരത്തില്‍ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഓസ്‌ട്രേലിയ പൊരുതി വീണു. അവരുടെ പോരാട്ടം 333 റണ്‍സില്‍ അവസാനിച്ചു. ദക്ഷിണാഫ്രിക്ക 32 റണ്‍സിന് മത്സരം ജയിക്കുകയും ചെയ്തു. ജയത്തോടെ 3 മത്സരങ്ങളടങ്ങിയ പരമ്പര പ്രോട്ടീസ് 2-0ത്തിന് ഉറപ്പിക്കുകയും ചെയ്തു.
ടോം ബാന്‍ഡന്‍
ശ്രീലങ്കക്കെതിരെ 105 പന്തില്‍ 16 ഫോറും 5 സിക്‌സും തൂക്കി 126 റണ്‍സടിച്ചാണ് ബാന്‍ഡന്‍ കന്നി ഏകദിന സെഞ്ച്വറിയില്‍ എത്തിയത്. താരത്തിന്റെ മികവില്‍ ഇംഗ്ലണ്ട് 355 റണ്‍സ് ബോര്‍ഡില്‍ ചേര്‍ക്കുകയും ചെയ്തു. എന്നാല്‍ ലങ്കന്‍ പോരാട്ടം വെറും 29.1 ഓവറില്‍ 132 റണ്‍സില്‍ അവസാനിച്ചു. ഇംഗ്ലണ്ടിന് 223 റണ്‍സിന്റെ കൂറ്റന്‍ ജയം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates