അബുദാബി: ടെസ്റ്റ് ക്രിക്കറ്റില്‍ പുതിയ റെക്കോര്‍ഡ് സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍. സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് റാഷിദ് ഖാന്‍ അപൂര്‍വ നേട്ടത്തിന് ഉടമയായത്. 21ാം നൂറ്റാണ്ടില്‍ ഒറ്റ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ഓവര്‍ പന്തെറിഞ്ഞെ ബൗളര്‍ എന്ന റെക്കോര്‍ഡാണ് റാഷിദ് ഖാന്‍ നേടിയത്. അബുദാബിയില്‍ സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ 99.2 ഓവറാണ് റാഷിദ് ഖാന്‍ പന്തെറിഞ്ഞത്.
ഒന്നാം ഇന്നിങ്‌സില്‍ 36.3 ഓവറും രണ്ടാം ഇന്നിങ്‌സില്‍ 62.5 ഓവറുമാണ് റാഷിദ് ഖാന്‍ ബൗള്‍ ചെയ്തത്. ആദ്യ ഇന്നിങ്‌സില്‍ നാലും രണ്ടാം ഇിന്നിങ്‌സില്‍ ഏഴും വിക്കറ്റുകളും താരം നേടി. ആകെ 99.2 ഓവറുകളാണ് താരം രണ്ടിന്നിങ്‌സിലുമായി എറിഞ്ഞു തീര്‍ത്തത്.
21ാം നൂറ്റാണ്ടില്‍ ഒരു ടെസ്റ്റ് പോരാട്ടത്തില്‍ ഏറ്റവും കൂടുതല്‍ പന്തുകളെറിഞ്ഞതിന്റെ റെക്കോര്‍ഡ് ഓസ്‌ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിനാണ്. 2002ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പോരാട്ടത്തില്‍ രണ്ടിന്നിങ്‌സിലുമായി വോണ്‍ 98.0 ഓവറാണ് പന്തെറിഞ്ഞത്. ഇതാണ് റാഷിദ് മറികടന്നത്. ഈ പട്ടികയില്‍ 2001, 2003 വര്‍ഷങ്ങളില്‍ ഇംഗ്ലണ്ടിനെതിരെ 97.0, 96.0 ഓവറികള്‍ വീതം എറിഞ്ഞ് മുത്തയ്യ മുരളീധരന്‍ മൂന്നാമത് നില്‍ക്കുന്നു. 94 ഓവര്‍ എറിഞ്ഞ ഓസീസ് സ്പിന്നര്‍ നതാന്‍ ലിയോണ്‍ നാലാം സ്ഥാനത്ത്.
നിലവില്‍ ഒരു ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ഓവര്‍ എറിഞ്ഞതിന്റെ റെക്കോര്‍ഡ് ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്റെ പേരിലാണ്. 1998ല്‍ ഓവലില്‍ ഇംഗ്ലണ്ടിനെതിരെ മുരളി എറിഞ്ഞു തീര്‍ത്ത 113.5 ഓവറാണ് ടെസ്റ്റ് ക്രിക്കറ്റിലെ റെക്കോര്‍ഡ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates