ashes pti
Sports

മെല്‍ബണ്‍, ബൗളര്‍മാരുടെ പറുദീസ; ബോക്‌സിങ് ഡേ ടെസ്റ്റ് 2 ദിവസത്തില്‍ അവസാനിക്കും!

രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയയെ 132ല്‍ ഓള്‍ ഔട്ടാക്കി ഇംഗ്ലണ്ട്

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ആഷസ് പരമ്പരയിലെ ബോക്സിങ് ഡേ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. 42 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഓസീസിന്റെ പോരാട്ടം 132 റണ്‍സില്‍ തീര്‍ത്ത ഇംഗ്ലണ്ട് ജയത്തിലേക്ക് ബാറ്റേന്തുന്നു. 175 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇംഗ്ലീഷ് നിര രണ്ടാം ഇന്നിങ്‌സില്‍ കരുതലോടെ മുന്നോട്ടു പോകുന്നു. രണ്ട് ദിവസം കൊണ്ടു തന്നെ നാലാം ടെസ്റ്റ് അവസാനിക്കുമെന്ന സ്ഥിതിയാണ് നിലവില്‍. ബൗളര്‍മാരുടെ പറുദീസയായി മെല്‍ബണ്‍ പിച്ച് മാറി.

നിലവില്‍ ഇംഗ്ലണ്ട് 2 വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സെന്ന നിലയില്‍. ജയത്തിലേക്ക് അവര്‍ക്ക് ഇനി വേണ്ടത് 98 റണ്‍സ്. കൈയില്‍ 8 വിക്കറ്റുകളുമുണ്ട്. 34 റണ്‍സെടുത്ത ബെന്‍ ഡക്കറ്റ്, 6 റണ്‍സെടുത്ത ബ്രയ്ഡന്‍ കര്‍സ് എന്നിവരാണ് മടങ്ങിയത്. 22 റണ്‍സുമായി സാക് ക്രൗളിയും 9 റണ്‍സുമായി ജേക്കബ് ബേതേലുമാണ് ക്രീസില്‍. ക്രൗളി- ഡക്കറ്റ് ഓപ്പണിങ് സഖ്യം 51 റണ്‍സെടുത്താണ് പിരിഞ്ഞത്.

ഒന്നാം ഇന്നിങ്‌സില്‍ ഓസ്ട്രേലിയ 152 റണ്‍സില്‍ ഓള്‍ ഔട്ടായപ്പോള്‍ ഇംഗ്ലണ്ടിനെ അവര്‍ 110 റണ്‍സിനു പുറത്താക്കി. 42 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഓസ്‌ട്രേലിയ 132ല്‍ എല്ലാവരും പുറത്തായി.

രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് ഓസീസ് ബാറ്റര്‍മാര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 46 റണ്‍സെടുത്ത ട്രാവിസ് ഹെഡാണ് ടോപ് സ്‌കോറര്‍. 24 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, 19 റണ്‍സെടുത്ത കാമറൂണ്‍ ഗ്രീന്‍ എന്നിവരാണ് പിടിച്ചു നിന്ന മറ്റുള്ളവര്‍. കൃത്യമായ ഇടവേളകളില്‍ ഓസീസിനു വിക്കറ്റുകള്‍ നഷ്ടമായതോടെ അവര്‍ പ്രതിരോധത്തിലായി.

ഒന്നാം ഇന്നിങ്‌സില്‍ 5 വിക്കറ്റെടുത്ത ജോഷ് ടോംഗ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി മൊത്തം നേട്ടം ഏഴായി ഉയര്‍ത്തി. ബ്രയ്ഡന്‍ കര്‍സ് നാലും ബെന്‍ സ്‌റ്റോക്‌സ് മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. ഗസ് അറ്റ്കിന്‍സനാണ് ഒരു വിക്കറ്റ്.

ഒന്നാം ഇന്നിങ്സ് തുടങ്ങിയ ഇംഗ്ലണ്ടിനു അതിവേഗമാണ് കാര്യങ്ങള്‍ കൈവിട്ടു പോയത്. സ്‌കോര്‍ ബോര്‍ഡില്‍ 8 റണ്‍സ് എത്തുമ്പോഴേക്കും 3 വിക്കറ്റുകളും 16ല്‍ എത്തിയപ്പോള്‍ നാലാം വിക്കറ്റും നഷ്ടമായി.

പിന്നീട് അഞ്ചാമനായി എത്തിയ ഹാരി ബ്രൂക്കിന്റെ കൂറ്റനടികളാണ് സ്‌കോര്‍ ഈ നിലയ്ക്കെങ്കിലും എത്തിച്ചത്. താരം 34 പന്തില്‍ രണ്ട് വീതം സിക്സും ഫോറും സഹിതം 41 റണ്‍സുമായി മടങ്ങി.

91 റണ്‍സില്‍ 9ാം വിക്കറ്റും നഷ്ടമായ ഇംഗ്ലണ്ടിനെ ഒരറ്റത്ത് പൊരുതി നിന്ന ഗസ് അറ്റ്കിന്‍സനാണ് 100 കടത്തിയത്. താരം 35 പന്തുകള്‍ ചെറുത്ത് 28 റണ്‍സുമായി അവസാന വിക്കറ്റായി മടങ്ങി.

ഓസ്ട്രേലിയയ്ക്കായി മിച്ചല്‍ നെസര്‍ 4 വിക്കറ്റുകള്‍ വീഴ്ത്തി. സ്‌കോട്ട് ബോളണ്ട് 3 വിക്കറ്റുകലും മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റും സ്വന്തമാക്കി. ശേഷിച്ച ഒരു വിക്കറ്റ് കാമറൂണ്‍ ഗ്രീനും പോക്കറ്റിലാക്കി.

നേരത്തെ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് വെറും 152 റണ്‍സില്‍ അവസാനിപ്പിക്കാന്‍ ഇംഗ്ലീഷ് ബൗളര്‍മാര്‍ക്കു സാധിച്ചിരുന്നു. ടോസ് നേടി ബൗളിങെടുത്ത ഇംഗ്ലണ്ട് ഒരു ഓസീസ് ബാറ്ററേയും അധിക നേരം ക്രീസില്‍ നില്‍ക്കാന്‍ അനുവദിച്ചില്ല. 5 വിക്കറ്റുകള്‍ വീഴ്ത്തിയ ജോഷ് ടോംഗിന്റെ ബൗളിങാണ് ബോക്സിങ് ഡേ ടെസ്റ്റില്‍ ഓസീസിന്റെ നടുവൊടിച്ചത്.

എട്ടാമനായി ക്രീസിലെത്തി 35 റണ്‍സെടുത്ത മിച്ചല്‍ നെസറാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ഉസ്മാന്‍ ഖവാജ (29), അലക്സ് കാരി (20) എന്നിവരാണ് പിടിച്ചു നിന്ന മറ്റുള്ളവര്‍.

സ്‌കോര്‍ 27ല്‍ നില്‍ക്കെയാണ് ഓസ്ട്രേലിയയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. ട്രാവിസ് ഹെഡിനെ (12) പുറത്താക്കി അറ്റ്കിന്‍സനാണ് വിക്കറ്റ് വേട്ട തുടങ്ങിയത്. പിന്നീട് കൃത്യം ഇടവേളകളില്‍ ഓസീസിനു വിക്കറ്റുകള്‍ നഷ്ടമായി.

ashes: openers Zak Crawley and Ben Duckett added 51 runs for the first wicket. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അങ്ങനെയൊന്നും ഉദ്ദേശിച്ചിട്ടേയില്ലെന്ന് സച്ചിദാനന്ദന്‍ പറഞ്ഞു'; അനുനയ നീക്കവുമായി സിപിഎം, വീട്ടിലെത്തി കണ്ട് ജില്ലാ സെക്രട്ടറി

'സ്‌കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തും'; ചരിത്രത്തില്‍ ആദ്യമെന്ന് മന്ത്രി

'അന്ന് അട്ടിമറിച്ചു, ഇന്നും യുഎസ്എ പാകിസ്ഥാനെ എട്ടുനിലയിൽ പൊട്ടിക്കും!'

തല്ലി വിറപ്പിച്ച് 'ക്ലിനിക്കല്‍' കിവികള്‍! ജയം 10 വിക്കറ്റിന്

ജപ്തിക്കെത്തിയ ബാങ്ക് ജീവനക്കാര്‍ക്കെതിരെ പ്രതിഷേധം; പെട്രോള്‍ തലയിലൂടെ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കി ഗൃഹനാഥന്‍

SCROLL FOR NEXT