മക്കായ്: ദക്ഷിണാഫ്രിക്കയെ അവരുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ഏകദിന തോല്‍വിയിലേക്ക് തള്ളിയിട്ട് ഓസ്‌ട്രേലിയ. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ദക്ഷിണാഫ്രിക്ക 2-1നു സ്വന്തമാക്കിയെങ്കിലും അവസാന ഏകദിനത്തില്‍ 276 റണ്‍സിന്റെ ഭീമന്‍ തോല്‍വിയാണ് പ്രോട്ടീസിനു നേരിടേണ്ടി വന്നത്. 243 റണ്‍സിന്റെ തോല്‍വി ഇന്ത്യയോടു നേരിട്ടതായിരുന്നു ദക്ഷിണാഫ്രിക്കയുടെ ഏകദിനത്തിലെ ഏറ്റവും നാണംകെട്ട തോല്‍വി. ആ റെക്കോര്‍ഡാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തത് 431 റണ്‍സ്. മറുപടി പറഞ്ഞ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 24.5 ഓവറില്‍ വെറും 155 റണ്‍സില്‍ അവസാനിച്ചു.
മൂന്ന് കിടിലന്‍ സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയുമാണ് കൂറ്റന്‍ സ്‌കോറിലേക്ക് ഓസീസിനെ നയിച്ചത്. ഓപ്പണര്‍മാരായ ട്രാവിസ് ഹെഡ്, ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ്, വണ്‍ഡൗണ്‍ ഇറങ്ങിയ കാമറോണ്‍ ഗ്രീന്‍ എന്നിവരുടെ ഉജ്ജ്വല ബാറ്റിങാണ് ഭീമന്‍ ടോട്ടലിലേക്ക് അവരെ എത്തിച്ചത്. ഒപ്പം 37 പന്തില്‍ 50 റണ്‍സടിച്ച് അലക്‌സ് കാരിയും ഒപ്പം കൂടി.
കാമറോൺ ഗ്രീനായിരുന്നു കൂട്ടത്തില്‍ കൂറ്റന്‍ അടികളുമയി അതിവേഗം മുന്നേറിയത്. താരം വെറും 55 പന്തില്‍ 8 സിക്‌സും 6 ഫോറും സഹിതം 118 റണ്‍സ് വാരി. താരം പുറത്താകാതെ നിന്നു. 47 പന്തിലാണ് ഗ്രീന്‍ സെഞ്ച്വറി തൊട്ടത്.
ട്രാവിസ് ഹെഡ് 103 പന്തില്‍ 17 ഫോറും 5 സിക്‌സും സഹിതം 142 റണ്‍സ് അടിച്ചു. മിച്ചല്‍ മാര്‍ഷ് 106 പന്തില്‍ 5 സിക്‌സും 6 ഫോറും പറത്തി 100 റണ്‍സിലുമെത്തി. 7 ഫോറുകള്‍ സഹിതമായിരുന്നു കാരിയുടെ ഇന്നിങ്‌സ്. താരവും ഗ്രീനിനൊപ്പം പുറത്താകാതെ ക്രീസില്‍ നിന്നു.
മറുപടി പറയാനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായി. യുവ സ്പിന്നര്‍ കൂപ്പര്‍ കോണോലിയുടെ ഏകദിന കരിയറിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണ് പ്രോട്ടീസിന്റെ പ്രതീക്ഷ അട്ടിമറിച്ചത്.
കോണോലി 6 ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റുകള്‍ സ്വന്തമാക്കി. സേവ്യര്‍ ബാര്‍ട്‌ലെറ്റ്, സീന്‍ അബോട്ട് എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ വീഴ്ത്തി. ആദം സാംപ ഒരു വിക്കറ്റെടുത്തു.
28 പന്തില്‍ 5 സിക്‌സും 2 ഫോറും സഹിതം 49 റണ്‍സെടുത്ത ഡെവാള്‍ഡ് ബ്രെവിസാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. 33 റണ്‍സെടുത്ത ടോണി ഡി സോര്‍സിയാണ് തിളങ്ങിയ മറ്റൊരാള്‍. മാറ്റാരും കാര്യമായി ക്രീസില്‍ നിന്നില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates