വിക്കറ്റ് നേട്ടമാഘോഷിക്കുന്ന കമ്മിൻസ് (Pat Cummins)  X
Sports

ലോര്‍ഡ്‌സില്‍ കമ്മിന്‍സിന്റെ പന്തുകള്‍ തീ തുപ്പി, തപ്പിത്തടഞ്ഞ് ദക്ഷിണാഫ്രിക്ക; വെറും 138 റണ്‍സില്‍ ഓള്‍ ഔട്ട്!

ആറ് വിക്കറ്റുകള്‍ പിഴുത് ഓസ്‌ട്രേലിയന്‍ നായകന്‍

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് (Pat Cummins) മാരക പേസുമായി കളം വാണപ്പോള്‍, ലോര്‍ഡ്‌സില്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ തകര്‍ന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് 212 റണ്‍സില്‍ അവസാനിപ്പിച്ച് ബൗളര്‍മാര്‍ നല്‍കിയ മേല്‍ക്കൈ മുതലാക്കാന്‍ പ്രോട്ടീസ് ബാറ്റര്‍മാര്‍ക്ക് സാധിച്ചില്ല. അവരുടെ ഒന്നാം ഇന്നിങ്‌സ് പോരാട്ടം വെറും 138 റണ്‍സില്‍ അവസാനിച്ചു. ഓസ്‌ട്രേലിയക്ക് ഒന്നാം ഇന്നിങ്‌സില്‍ 74 റണ്‍സിന്റെ നിര്‍ണായക ലീഡ്.

കമ്മിന്‍സ് വെറും 28 റണ്‍സ് മാത്രം വഴങ്ങി 6 വിക്കറ്റുകളാണ് പിഴുതത്. മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും ജോഷ് ഹെയ്‌സല്‍വുഡ് ഒരു വിക്കറ്റും സ്വന്തമാക്കി. കേശവ് മഹാരാജ് റണ്ണൗട്ടായി. പേസര്‍മാരുടെ പറുദീസയായി ലോര്‍ഡ്‌സ് മൈതാനം മാറം. രണ്ട് ദിവസത്തിനിടെ വീണ 20ല്‍ 17 വിക്കറ്റുകളും പേസര്‍മാര്‍ സ്വന്തമാക്കി.

ഓസീസിനെ 212 റണ്‍സില്‍ പുറത്താക്കി ബാറ്റിങ് തുടങ്ങിയ ദക്ഷിണാഫ്രിക്ക 4 വിക്കറ്റ് നഷ്ടത്തില്‍ 43 റണ്‍സെന്ന നിലയിലാണ് ഒന്നാം ദിനം അവസാനിപ്പിച്ചത്. ആദ്യ ദിനത്തില്‍ 30 റണ്‍സിനിടെ നാല് വിക്കറ്റുകള്‍ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായിരുന്നു. പിന്നീട് ക്രീസില്‍ ഒന്നിച്ച ക്യാപ്റ്റന്‍ ടെംബ ബവുമയും ഡേവിഡ് ബഡിങ്ഹാമും ചേര്‍ന്നു കൂടുതല്‍ നഷ്ടങ്ങളില്ലാതെയാണ് ഒന്നാം ദിനം അവസാനിപ്പിച്ചത്.

രണ്ടാം ദിനത്തിലെ ആദ്യ സെഷനിലും ഇരുവരും കരുതലോടെ നീങ്ങി. സ്‌കോര്‍ 94ല്‍ നില്‍ക്കെ കമ്മിന്‍സാണ് ഈ കൂട്ടുകെട്ട് പൊളിക്കുന്നത്. കമ്മിന്‍സ് ബവുമയെ മടക്കി. ബവുമ- ബെഡിങ്ഹാം സഖ്യം അഞ്ചാം വിക്കറ്റില്‍ 64 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. ഒന്നാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയുടെ മികച്ച കൂട്ടുകെട്ടും ഇതുതന്നെ.

ബഡിങ്ഹാമാണ് ടോപ് സ്‌കോറര്‍. താരം 111 പന്തില്‍ 45 റണ്‍സെടുത്തു. ബവുമ 84 പന്തില്‍ 36 റണ്‍സും കണ്ടെത്തി. 16 റണ്‍സെടുത്ത റിയാന്‍ റിക്കല്‍ടന്‍, 13 റണ്‍സെടുത്ത കെയ്ല്‍ വരെയ്ന്‍ എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.

ആദ്യം ബാറ്റിങിന് ഇറങ്ങിയ ഓസീസിനെ ഒന്നാം ഇന്നിങ്‌സില്‍ കഗിസോ റബാഡയാണ് വെള്ളം കുടിപ്പിച്ചത്. പ്രോട്ടീസിനായി റബാഡ 5 വിക്കറ്റുകളും മാര്‍ക്കോ യാന്‍സന്‍ 3 വിക്കറ്റുകളും നേടി. ശേഷിച്ച രണ്ട് വിക്കറ്റുകള്‍ സ്പിന്നര്‍മാരായ കേശവ് മഹാരാജും എയ്ഡന്‍ മാര്‍ക്രവും നേടി.

മറുപടി പറയാനിറങ്ങിയ ദക്ഷിണാഫ്രിക്ക ഒരു ഘട്ടത്തില്‍ 30 റണ്‍സ് ചേര്‍ക്കുന്നതിനിടെ 4 വിക്കറ്റുകള്‍ നഷ്ടപ്പെട്ട് പരുങ്ങിയിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്സല്‍വുഡ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. ആദ്യ ദിനത്തില്‍ വീണ 14ല്‍ 12 വിക്കറ്റുകളും പേസ് ബൗളര്‍മാര്‍ സ്വന്തമാക്കി

ഒന്നാം ഇന്നിങ്സില്‍ ഓസീസിനായി ബ്യു വെബ്സ്റ്ററും മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും അര്‍ധ സെഞ്ച്വറികള്‍ നേടി. മറ്റാരും കാര്യമായി പൊരുതിയില്ല. വെബ്സ്റ്റര്‍ 72 റണ്‍സും സ്മിത്ത് 66 റണ്‍സും കണ്ടെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

കെയ്ന്‍ വില്യംസണ്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

SCROLL FOR NEXT