സിഡ്നി: ബിഗ് ബാഷ് ലീഗിൽ (BBL) സിഡ്നി സിക്‌സേഴ്സിനായി കളിച്ചിരുന്ന പാകിസ്ഥാന്റെ സ്റ്റാർ ബാറ്റർ ബാബർ അസം ടീം വിട്ടു. ദേശീയ ടീമിലേക്ക് വിളിച്ചത് കൊണ്ടാണ് ക്ലബ് വിടുന്നത് എന്നാണ് വിശദീകരണം. എന്നാൽ ടീമിൽ വേണ്ടത്ര പരിഗണന ലഭിക്കാത്തതാണ് താരത്തിന്റെ പിന്മാറ്റത്തിൽ എന്നാണ് റിപ്പോർട്ടുകൾ.
“ആദ്യം തന്നെ സിഡ്നി സിക്‌സേഴ്സിനും ടീമിലെ എല്ലാ താരങ്ങൾക്കും കോച്ചുമാർക്കും നന്ദി. ഇവിടെ കഴിഞ്ഞ സമയം ഞാൻ ഏറെ ആസ്വദിച്ചു. പക്ഷേ ഇനി ദേശീയ ടീമിൽ ചുമതലകൾ നിർവഹിക്കേണ്ടതുണ്ട്. അതിനാലാണ് ക്ലബ് വിടുന്നത് " ബാബർ അസം പറഞ്ഞു.
വിവാദങ്ങളോട് പ്രതികരിക്കാൻ താരം തയ്യാറായില്ല. ഇവിടെ നിന്നു ഒരുപാട് നല്ല ഓർമ്മകളും പോസിറ്റീവ് കാര്യങ്ങളും കൊണ്ട് തന്നെയാണ് പോകുന്നത്. പ്രത്യേകിച്ച് സിക്‌സേഴ്സ് ആരാധകർ നൽകിയ പിന്തുണയും പ്രോത്സാഹനവും മനോഹരമായിരുന്നു. എല്ലാവർക്കും നന്ദി പറയുന്നതായും അദ്ദേഹം വ്യക്തമാക്കി.
ലീഗിലെ സിക്‌സേഴ്സും സിഡ്നി തണ്ടറും തമ്മിൽ ഏറ്റുമുട്ടിയ മത്സരത്തിലാണ് ബാബർ അസവുമായി ബന്ധപ്പെട്ട നാടകീയ രംഗങ്ങൾ അരങ്ങേറിയത്. മത്സരത്തിനിടെ ബാബർ ലോങ്-ഓണിലേക്ക് പന്ത് അടിച്ച ശേഷം സിംഗിൾ നേടാൻ ശ്രമിച്ചെങ്കിലും സഹതാരം സ്റ്റീവ് സ്മിത്ത് റൺ എടുക്കാൻ വിസമ്മതിച്ചു. ഇതോടെ ബാബർ അസം അസ്വസ്ഥനായി. തുടർന്ന് അടുത്ത ഓവറിൽ സ്മിത്ത് നാല് സിക്‌സുകൾ പറത്തുകയും ചെയ്തു.
അതിന് പിന്നാലെ അടുത്ത ഓവറിലെ ആദ്യ പന്തിൽ ബാബർ പുറത്തായി. നിരാശനായി ഡ്രസിങ് റൂമിലേക്ക് മടങ്ങിയ ബാബർ ബൗണ്ടറിയിലെ പരസ്യ ബോർഡിൽ ബാറ്റ് കൊണ്ട് അടിച്ചാണ് ദേഷ്യം തീർത്തത്.
ജനുവരി 29 നാണ് പാകിസ്ഥാന്‍റെ ഓസ്‌ട്രേലിയക്കെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര ആരംഭിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates